Aksharathalukal

ഇതു ബന്ധനം

ഇതു ബന്ധനം
............................

(വഴിയിലെ കുട്ടി)

"പോകാം നമുക്കൊരു നീണ്ട യാത്ര,
നാടു തൊട്ടറിയുന്ന പുണ്യ യാത്ര!
നാടിന്റെ ആത്മാവു കണ്ടറിയാൻ
അറിവിന്റെ ഭണ്ഡാരം നോക്കി നില്ക്കാൻ!

പാരസ്പര്യത്തിന്റെ കതിരു തേടി
കാറ്റിന്റെ വെയിലിന്റെ കൈപിടിച്ച്
മഴ നൂലു പൊട്ടിച്ചു തൊപ്പി തീർത്ത്
വെറുതെ നടക്കുന്ന തീർഥയാത്ര!

പുള്ളും കിളികളും പൂവും പഴങ്ങളും
കുശലം തിരക്കുന്ന വീഥിയിലൂടെ നാം
ചിരിച്ചും കളിച്ചും കിതച്ചും കിടന്നും
ദൂരേക്കുപോകുന്ന നല്ല യാത്ര!"

(വീട്ടിലെ കുട്ടി)

ഏറെ കൊതിച്ചു ഞാൻ നിന്റെ കൂടെ
യാത്രയ്ക്ക് ചേരുവാൻ കൂട്ടുകാരാ,
എങ്കിലും വീട്ടിലെ സർവസൈന്യാധിപൻ
എന്നെ വിലക്കുമെന്നുള്ളതു നിശ്ചയം!

എന്നും ശ്രവിച്ചു ഞാൻ ഹിരണ്യാക്ഷ ഗർജനം
എന്നും സഹിച്ചു ഞാൻ നിഷ്ഠൂര മർദനം
തീക്കണ്ണു ജ്വാലയിൽ വറ്റുന്നു തൊണ്ടയും
വേലിക്കകത്താണു ഞാനെന്നെ ദുർബലൻ!

കുട്ടിൽക്കിടക്കുന്ന പക്ഷിപോൽ,
ചില്ലുപാത്രത്തിലെ മീനുപോൽ,
എന്നെത്തളച്ചിട്ടു പീഡാനുഭവത്തിന്റെ
കയ്പുനീർ വറ്റാതെ മോന്തുന്നു നിത്യവും!

ബാലകർക്കുണ്ടേറെ അവകാശമെങ്കിലും
വീടിന്റെയുള്ളിൽ തളച്ചിട്ടിരിക്കയാൽ,
ആരറിയുന്നുണ്ട്? ആർക്കുണ്ടു നൊമ്പരം
ആരുണ്ടു നമ്മുടെ രക്ഷകനാകുവാൻ?