Aksharathalukal

നിലാ പ്രണയം....💙



നാല് വർഷം..... നീണ്ട നാല് വർഷമാണ് എനിക്ക് കാത്തിരിക്കേണ്ടി വന്നത് എല്ലാം മറക്കാനും പൊറുക്കാനും.....

മറക്കാൻ എന്ന് പറയാൻ പറ്റില്ല.... ഓർമ്മകൾക്ക് ഒരിക്കലും മരണമില്ലെന്നല്ലെ...... 

ഏതോ ഒരു നിമിഷം വേദനയോടെ അവൾ വീണ്ടും മൊഴിഞ്ഞു...

കറുപ്പിൽ സ്വർണ്ണ കസവുള്ള സാരിയിൽ അവൾ അതിമനോഹരിയായിരുന്നു..... 

പെണ്ണിനെ വശ്യമായി പകർത്താൻ മറ്റൊരു ഉടയാടകൾക്കും ഇല്ലാത്ത കഴിവ് സാരിക്കുണ്ടെന്ന് അവളോട് താൻ ഇടയ്ക്ക് ഇടക്ക് പറയാറുണ്ടായിരുന്നത് അന്നേരം വേദനയോടെ അയാൾ ഓർത്തു..

നാസിക തുമ്പിൽ പൊടിഞ്ഞ വിയർപ്പുകണങ്ങൾ അവളിലെ മനോഹാരിതയിൽ ലയിച്ചു...

നീണ്ട മുടിയിഴകൾ പാറി ആ കുഞ്ഞ് മുഖത്തെ മറക്കാൻ എന്നപോലെ മുന്നോട്ട് വന്നു കൊണ്ടിരുന്നു....
വലം കയ്യാൽ അവയെ മാടിയൊതുക്കി അവൾ...

പുരികകൊടികൾക്കിടയിലെ ചുവന്ന കുഞ്ഞ് പൊട്ട് എപ്പോഴത്തേയും പോലെ അവളുടെ മുഖകാന്തിക്ക് മാറ്റ് കൂട്ടി....

കരിമഷി എഴുതിയ ആ കൺകോണിൽ നനവ് പടരുന്നത് അയാൾ തിരിച്ചറിഞ്ഞു....

അവളെ സാകൂതം വീക്ഷിച്ചു
എന്തു പറയണമെന്നറിയാതെ നിന്ന അയാളിലേക്ക് അഗ്നി കണക്കെയായിരുന്നു വീണ്ടും അവളുടെ വാക്കുകൾ പാഞ്ഞെതിയത്....

\" ഇനിയൊരു ജന്മം ഉണ്ടങ്കിൽ ഞാൻ നിൻ്റെതായിരിക്കും ഷെഹൻ..... നിൻ്റെ മാത്രം....
ഈ ജന്മം എനിക്കതിനു സാധിക്കില്ല....\"

വാക്കുകൾ അയാളിൽ വല്ലാത്തൊരു ഭാവം നിറയ്ക്കുന്നത് കണ്ടില്ലെന്ന് നടിക്കേണ്ടി വന്നു അവൾക്കപ്പോൾ....

നിലാ.....ഇടർന്ന സ്വരത്തിൽ അയാൾ വിളിച്ചു....

ഇനിയും എന്നെ അങ്ങനെ വിളിക്കരുത് ഷെഹൻ....

ഒരുപക്ഷേ നീ വിളിക്കുമ്പോൾ മാത്രമാണ് നിലാ എന്ന ഈ പേരിന് ഇത്രയും ഭംഗിയുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നത്....

ഈയുള്ളവളിൽ നില ജീവിച്ചിരിപ്പില്ല..... നൈല മാത്രമാണ് ഇന്ന് ഞാൻ.... നൈല മാത്രം....നേർത്ത ശബ്ദത്തിൽ അവള് പറഞ്ഞു.

മുന്നിലെ ഏലതോട്ടത്തിൻ്റെ വഴിത്താരയിൽ കണ്ണും നട്ട് ഞങ്ങളിരിക്കാൻ തുടങ്ങിയിട്ട് നേരമേറെയായി....
വർഷങ്ങൾ കഴിഞ്ഞുള്ള കൂടിക്കാഴ്ച...

ഇരുവർക്കും ഏറെ പ്രിയമുള്ള ഒരിടമാണിത്...
പലപ്പോഴായി ഇവിടെയാണ് കണ്ടുമുട്ടുക...ഇവിടെ വന്നാണ് വിശേഷങ്ങൾ പങ്കു വെക്കുക...

തെല്ലൊരു തേങ്ങലോടെ അവൾ ഓർത്തു...
നിറഞ്ഞു വരുന്ന കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് ആ മര ബെഞ്ചിൽ അവൾ ചാഞ്ഞിരുന്നു....

ഒരിക്കലും ഒന്നാവില്ലെന്നറിഞ്ഞിട്ടും ഞങ്ങൾ പ്രണയിച്ചു....

അല്ലെങ്കിലും പ്രണയിക്കാതിരിക്കാൻ ആവുമായിരുന്നില്ല...അതായിരുന്നല്ലോ സത്യം...

ഷെഹൻ പലവിധ ചിന്തകളിലൂടെ കടന്നു പോയി...

ജാതിയുടേയും മതത്തിൻ്റേയും പേര് പറഞ്ഞു കുടുംബവും സമൂഹവും ഉയർത്തുന്ന ചോദ്യങ്ങൾ അറിയാമായിരുന്നു....

അവയിൽ ഞങ്ങളുടെ പ്രണയം ശിഥിലീകരിച്ചു പോവുമെന്നറിയാമായിരുന്നൂ... 
എന്നിട്ടും ഞങ്ങൾ പ്രണയിച്ചു....
അത്രയേറെ തീവ്രതയിൽ...

താഴ്ന്നതല്ലെങ്കിലും ഇന്നോളം അഭിമാനമുള്ളവരാണ്  അവളുടെ കുടുംബം.... അത് കൊണ്ട് തന്നെ ഒരു അച്ചന് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതായിരുന്നു ഒരു അനാഥനുമായുള്ള മകളുടെ ബന്ധം....

മൂന്നാം വയസ്സിൽ അനാഥനായതാണ്....

പലപ്പോഴായി തൻ്റെ അനാഥത്വം തിരിച്ചറിഞ്ഞിട്ടുണ്ട്....വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുമ്പോൾ...
സഹതാപം നിറഞ്ഞ നോട്ടത്തിലൂടെ...
ആരുമില്ലെന്ന ചിന്തയിലൂടെ....

വിഷാദരോഗത്തിൻ്റെ മൂർദ്ധന്യതയിൽ... ആ അവസ്ഥയുടെ അവസാനത്തിൽ എത്തുമ്പോൾ ഒരാളുടെ സ്നേഹസാമീപ്യം....അല്ലെങ്കിൽ ഒരു വാക്ക്....ഒരു തരി സ്നേഹം അതൊക്കെയായിരുന്നൂ തനിക്ക് വേണ്ടിയിരുന്നത്....

യാദച്ഛികമായി ആണ്  ഹോസ്പിറ്റലിൽ നിന്നും നിലയെ പരിചയപ്പെട്ടത്....
നല്ല സുഹത്തുക്കളായിരുന്നു....
പിന്നീട് ഇഷ്ട്ടം തുറന്ന് പറഞ്ഞതും അവളായിരുന്നു.....

ചിതലരിക്കാത്ത ഓർമ്മകളിൽ അയാൾ ആർദ്രമായി ചിരിച്ചു....

ആഗ്രഹിക്കാൻ അർഹതയുള്ളതിനോടെ തനിക്കെന്നും പ്രിയമുള്ളൂ....

പക്ഷേ അർഹതയില്ലെന്നറിഞ്ഞിട്ടും പ്രണയിച്ചു പോയി....

അവളിലെ പ്രണയിനിക്കും എന്നിലെ പ്രണയത്തിനും അത് മറച്ചു വയ്ക്കാൻ സാധിച്ചില്ല...

എനിക്ക് കാത്തിരിക്കാൻ ഏലതോട്ടത്തിലെ ബെഞ്ചിൽ എപ്പോഴും ഒരാളുണ്ടായിരുന്നു....

\"എൻ്റെ മാത്രം നില....\"

ദിവസങ്ങൾ വർഷങ്ങളിലേക്ക് പരിണമിച്ചു.... ഋതുക്കൾ മാറി...

കാലത്തിൻ്റെ യവനികയിൽ അവർ ഒരുമിക്കുന്നത് പരസ്പരം സ്വപ്നം കണ്ടു....

ഒരിക്കലും മാറാത്ത ഋതുവായി ഞങ്ങളെയുള്ളിൽ പ്രണയം പൂത്തു...

കാവിലെ ഉത്സവത്തിൻ്റെ അന്ന് കൽപ്പടവിലെ ആൽത്തറയിൽ അവളെൻ്റെ നെഞ്ചോരം ചേർന്നിരുന്നു....

അപ്രതീക്ഷിതമായി ആണ് അതുവഴി കടന്നു വന്ന അവളുടെ അച്ചൻ ഞങ്ങളെ കാണാൻ ഇടയായത്....

അവളെ എന്നിൽ നിന്നടർത്തി മാറ്റി അവളുടെ കവിളിലെക്കയാൾ ആഞ്ഞടിച്ചു....അപ്രതീക്ഷിതമായ ആ അടിയിൽ അവളൊന്നു വേച്ചു പോയി..... 
പിടിക്കാനഞ്ഞ തന്നെ തീക്ഷ്ണമായ ഒരു നോട്ടം നോക്കി കൊണ്ട്  അവളുടെ കയ്യിൽ പിടിച്ച് കൊണ്ടയാൾ പാഞ്ഞു പോയി....

അന്നാ ദിനം വരെയായിരുന്നു ആ പ്രണയത്തിന് ആയുസ്സുണ്ടായിരുന്നത്....

അല്ല....അങ്ങനെയല്ല... അവൾ ഇന്നുമെൻ്റെ പ്രണയമാണ്.... പ്രണയിനിയാണ്....

ഭ്രാന്തമായ ചിന്തകളിലൊടുവിൽ അയാൾ ശക്തിയായി തല കുടഞ്ഞു.....

നിലാ..... നേർത്ത ശബ്ദത്തിൽ പ്രണയാതുരമായി അയാൾ വിളിച്ചു....

അവൾ ഒന്നും മിണ്ടിയില്ല... മൗനമായി കൊണ്ട് അയാൾ ആ കൈകളിൽ മൃദുലമായി പിടിച്ചു...

എനിക്ക് സാധിക്കില്ല ഷെഹൻ....വീണ്ടും അവൾ അത് തന്നെ ആവർത്തിച്ചു....

നിലാ.... എനിക്ക് മനസ്സിലാവും തന്നെ... ഞാനൊരിക്കലും നിർബന്ധിക്കില്ല....

അവളുടെ കണ്ണുകൾ പറഞ്ഞിരുന്ന കഥയിലേക്ക് അയാൾ ആഴ്ന്നിറങ്ങി....

അന്ന് അച്ചൻ അവളെ കൊണ്ട് പോയത് വീട്ടിലേക്കായിരുന്നു... കുടുംബത്തിൻ്റെ സൽപ്പേരിന് കളങ്കം ചാർത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല....

ദേഷ്യം തീരുവോളം അവളെ അടിച്ചു..... പുറം ലോകത്തെ കാണാൻ അനുവാദമില്ലാതെ മുറിയിൽ പൂട്ടിയിട്ടു....

തനിക്ക് ഒന്നും അറിയാൻ കഴിഞ്ഞിരുന്നില്ല..

പിറ്റേന്നു നമസ്കാരത്തിനായി പള്ളിയിൽ പോകും വഴി അദ്ദേഹം എന്നെ തടഞ്ഞുനിർത്തി...

അയാൾ പറയുന്നതെന്തും കേൾക്കാൻ താൻ ബാധ്യസ്ഥനായിരുന്നു....
എൻ്റെ പ്രതീക്ഷകൾക്ക് വിപരീതമായി കൈകൾ കൂപ്പി അദ്ദേഹം എൻ്റെ മുന്നിൽ നിന്നു....

\"എനിക്ക് ആകെയുള്ള പെൺതരിയാണ് എൻ്റെ മകൾ നൈല.... ഏതൊരച്ഛനെ പോലെ എനിക്കും ആഗ്രഹമുണ്ട് മകളെ ചേർന്നോരാൾക്ക് കൈ പിടിച്ച് കൊടുക്കാൻ....
നീ അതിന് തടസ്സം നിൽക്കരുത്...\"

ഒരച്ചനെന്ന നിലയിൽ ഇത് ഞാൻ ചെയ്യണം.... 
നാളെ സമൂഹത്തിന് മുന്നിൽ മകളെ നല്ല നിലയിൽ വളർത്താൻ കഴിഞ്ഞില്ലെന്ന പഴി കേൾക്കാൻ നീ ഇടവരുതിക്കരുത്....

നിസ്സഹായാവസ്ഥയിൽ നിന്ന അയാളുടെ കൈകൾ കൂട്ടിപ്പിടിച്ച് കൊണ്ട് താൻ പറഞ്ഞു..

\"എനിക്ക് നിങ്ങളെ മനസ്സിലാക്കാൻ സാധിക്കും..... ഒരച്ചൻ്റെയും അമ്മയുടെയും ശാപവാക്കുകൾ വീണുകൊണ്ട് എനിക്കവളെ സ്വന്തമാക്കേണ്ട..... അവൾ എനിക്ക് വിധിച്ചതല്ലെന്ന് കരുതി ഞാൻ ആശ്വസിച്ചോളം....\"

നാളെ പടച്ചോൻ്റെ കിതാബിൽ അവൾ എനിക്കുള്ള പെണ്ണാകും....എൻ്റെ നല്ല പാതി...

ഞാൻ പറയാം നൈലയോട്..... ഞാൻ പറഞ്ഞാൽ ഉൾകൊള്ളാൻ അവൾക്ക് കഴിയും....

നിറഞ്ഞകണ്ണുകൾ തുടച്ച് കൊണ്ട് അയാൾ തന്നെ ചേർത്തു നിർത്തി ചുമലിൽ തലോടി....

ആ ഇരു നിമിഷം ഒരച്ചൻ്റെ സ്നേഹം താൻ ആസ്വദിച്ചു....

അയാളുടെ കൂടെ വീട്ടിലേക്ക് പോയി നിലയോട് താൻ സംസാരിച്ചു....പോകാൻ നേരം അവളെ ഞാൻ അണച്ചു പിടിച്ചു....ഒരുപക്ഷേ അവസാനമായി....

ആ വീടിൻ്റെ പടിയിറങ്ങുമ്പോൾ നിലയുടെ നെഞ്ച് പിടഞ്ഞുളള കരച്ചിൽ എനിക്ക് കേൾക്കാമായിരുന്നു....

എന്നെ വിട്ട് പോവല്ലേ ഷെഹൻ....നീയില്ലെങ്കിൽ നിലയില്ലാ.... എൻ്റെ പെണ്ണിൻ്റെ വാക്കുകൾ  എൻ്റെ ഹൃദയത്തെ കീറിമുറിച്ച് കൊണ്ടിരുന്നു...

പക്ഷേ ഒന്നും ചെയ്യാൻ തനിക്ക് കഴിയുമായിരുന്നില്ല അവളെ ഓർത്തു വേദനിക്കാനല്ലാതെ....

അന്നാ  വീട്ടുപടിയിൽ ഞാൻ ഉപേക്ഷിച്ചത് എൻ്റെ നിലയെ മാത്രമല്ല.... ചുറ്റിലും നോവ് മാത്രം പൊഴിച്ചു കൊണ്ട് അന്നെൻ്റെ ഹൃദയത്തിലത്രയും തറഞ്ഞു വീണത് പ്രണയത്തിൻ്റെ അഗ്നിശരങ്ങൾ അല്ല.... മറിച്ച് കൈയ്യെത്തിപ്പിടിക്കാൻ കഴിയാതെ പോയ എൻ്റെ ചിറകറ്റ സ്വപ്നങ്ങളായിരുന്നു...

അനാഥാലയത്തിൻ്റെ ഇരുണ്ട മുറിയിൽ കണ്ണീരും കനവും മാത്രം ബാക്കിയായി...
പണ്ട് കിനാവ് പറഞ്ഞതെല്ലാം വെറും പാഴ് വാക്കായിരിക്കുന്നു....

ഇനിയും പിടിച്ച് നിൽക്കാൻ തനിക്ക് കഴിയാത്തത് കൊണ്ടാണ് ഞാൻ ആ പ്രവാസ ജീവിതത്തിലേക്ക് പറന്നത്....

2 വർഷം അവിടെ തന്നെ..... നാട്ടിലേക്ക് വരാൻ തോന്നിയില്ല..... അല്ലെങ്കിലും സ്വന്തമെന്നു പറയാൻ ആരുണ്ട് തനിക്ക് നാട്ടിൽ അതായിരുന്നു അന്നേരത്തെ ചിന്ത....

അന്നൊരു നാൾ അപ്രതീക്ഷിതമായി ആണ് നിലയുടെ അച്ചൻ്റെ ഫോൺ കോൾ തന്നെ തേടിയെത്തിയത്.....

\"പെട്ടെന്നൊന്നു നാട്ടിൽ വരാൻ പറ്റുമോ... നൈലക്ക് ഒന്ന് തന്നെ കാണണം....\"

അടുത്ത ആഴ്ച്ച തന്നെ നാട്ടിൽ എത്തി....

അങ്ങനെയുള്ളതാണീ കൂടിക്കാഴ്ച....

അന്ന് നീ കൂടെ അങ്ങനെ പറഞ്ഞത് തൊട്ട് വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ....ഓർമ്മയിൽ നിന്ന് ചികഞ്ഞെടുത്ത് കൊണ്ട് നില പറഞ്ഞു തുടങ്ങി....

അച്ഛനോടും അമ്മയോടും പൊറുക്കാൻ തനിക്ക് കഴിഞ്ഞില്ല..... ഏതുവിധത്തിലും അവരെ എങ്ങനെ സങ്കടപ്പെടുത്താം എന്നുള്ളതായിരുന്നു പിന്നീട് മുഴുവൻ ഞാൻ ആലോചിച്ചു കൊണ്ടിരുന്നത്.... 

ഒന്നും താങ്ങാൻ കഴിയാതെ വന്നപ്പോൾ പതിയെ എന്നിൽ മാറ്റങ്ങൾ വന്നു തുടങ്ങി.... ഇരുട്ടിൻ്റെ മറവിൽ പൊട്ടിച്ചിരിച്ചും ചില ഓർമ്മകളിൽ അലറി കരഞ്ഞും ഭ്രാന്തിൻ്റെ വക്കിലേക്ക് ഞാൻ വഴുതി....

3 അര വർഷം.....നീണ്ട മൂന്നര വർഷം....ഒരു ഭ്രാന്തിയായി ജീവിച്ചു.....പിന്നിട് ചികിത്സകളും അമ്മയുടെ കണ്ണുനീരും നേർച്ചകളും വഴിപാടുകളും ഫലം കണ്ടു.... വീണ്ടും പുതിയ ജീവിതത്തിലേക്ക്.... ശെരിക്കും ഒരു പുനർജന്മം....

അച്ചൻ്റെ നിർബന്ധം ഒന്നുകൊണ്ട് മാത്രമാണ്  പുതിയൊരു വിവാഹത്തിന് ഞാൻ സമ്മതം അറിയിച്ചത്.....

അദ്ദേഹത്തോടെല്ലാം ഞാൻ തുറന്ന് പറഞ്ഞിരുന്നു....

ഈ വരുന്ന 17 നു വിവാഹമാണ്....
ഞാൻ പറഞ്ഞിട്ടാണ് അച്ചൻ നിന്നെ വിളിച്ചത്...

\"നീ വരണം.... വരും എന്ന് പ്രതീക്ഷിച്ചോട്ടെ...\"

 ഒരുമാത്ര അവൻ്റെ കണ്ണുകൾ കലങ്ങുന്നത് നിലയുടെ മിഴികൾ കണ്ടുപിടിച്ചു...

ഞാൻ വരും തീർച്ച....
ഒരു വരണ്ട പുഞ്ചിരി തൂകി കൊണ്ട് അവളോട് അത് പറയുമ്പോൾ എൻ്റെ ഹൃദയം ആർത്തലക്കുകയായിരുന്നു മറ്റാരും കേൾക്കാതെ....

സമയം ഏറെ വൈകി.... നമുക്ക് പോയാലോ....വീട്ടിൽ ഞാൻ കൊണ്ട് വിടാം...അവളെ വീട്ടിൽ ഇറക്കി അമ്മയെയും അച്ഛനെയും കണ്ടാണ് അന്ന് താൻ തിരിച്ചത്....

ഇന്ന് November 17.... എൻ്റെ നില മറ്റൊരാളുടെത് ആവുന്നത് എനിക്ക് കാണണം....

നേരത്തെ തന്നെ അവിടെ പോയി.... മുഹൂർത്തമായി... താലി ചാർത്തി....ഒരു നുള്ള് സിന്ദൂരം അവളുടെ സീമന്തരേഖയിൽ ചുവന്നു...

 വാരണ്യ മാല കയ്യിൽ പിടിച്ചു കൊണ്ട് അവരിരുവരും പൊട്ടിച്ചിരിക്കുന്നതായിരുന്നു എൻ്റെ ജീവിതത്തിൽ ഞാൻ കണ്ടുള്ളതിൽ വച്ചുള്ള ഏറ്റവും മനോഹരമായ കാഴ്ച...

അത്യാവശ്യം വലിയ ഒരു സമ്മനാപൊതി കൊണ്ട് ആ സ്റ്റേജിലേക്ക് കയറി അവൾക്കായി അത് നൽകുമ്പോൾ എന്തുകൊണ്ടോ എൻ്റെ കൈകൾ ചെറുതായി വിറച്ചുവോ...??!!

അന്നാ പന്തലിൽ നിന്നും ഇറങ്ങുമ്പോൾ മനസ്സുകൊണ്ട് ഒരായിരം മംഗളങ്ങൾ നേർന്ന് കൊണ്ട് അവളുടെ ഓർമ്മകൾക്ക് ഞാൻ അവസാനം വെച്ചു.....

വരും ജന്മം അവൾക്കായി ഞാൻ കാത്തിരിക്കും....എൻ്റെ മഹറിൻ അവകാശി അവൾ മാത്രമാവും.... അവൾ മാത്രം.... പടച്ചവൻ എനിക്ക് വിധിച്ചതാണ് എൻ്റെ നിലയെങ്കിൽ അവൾ എന്നിലേക്ക് തന്നെ തിരികെയെത്തും.....


Anz____Thesniii

നീഹാരമായി....

നീഹാരമായി....

5
1123

ഇന്നീ പന്തലിൽ നിൽക്കുമ്പോൾ മറ്റാരേക്കാളേറെ സന്തോഷവും ഒരു ആത്മസംതൃപ്തിയും എനിക്കുണ്ടായിരുന്നു.ഇടയ്ക്ക് എന്നെ നോക്കിയ അച്ഛൻ്റെ മുഖത്തെ കള്ളച്ചിരി കണ്ട് ഞാൻ കണ്ണിറുക്കി കാണിച്ചു.ഇന്നവളുടെ കല്യാണമാണ്.\"ഒരു കാലത്ത് എൻ്റെ എല്ലാമെല്ലമായിരുന്നവളുടെ....\"ശ്രീനന്ദ... എൻ്റെ മുറപ്പെണ്ണായിരുന്നവൾ.എല്ലാവരും നന്ദാ... എന്ന് വിളിക്കുമ്പോഴും ശ്രീ എന്ന് വിളിക്കാനായിരുന്നു എനിക്കിഷ്ടം.എന്നെക്കാൾ 3 വയസ്സിന് ഇളയവൾ.ചെറുപ്പം തൊട്ടേ \"നിൻ്റെ പെണ്ണ്... അവളെ ആർക്കും കൊടുക്കണ്ട ചേട്ടാ അവൾ നമ്മുടെ ഹർഷനുള്ളതാ...എന്ന അമ്മയിയുടെയും എല്ലാവരുടെയും വാക്ക് കേട്ട് എപ്പോഴോ അവളോട് ഉ