Aksharathalukal

ഇന്നലെയുടെ സിനിമകൾ( ഭാഗം-2) - ജീവിത നൗക(1951)



 ജീവിതനൗകയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്. 1951ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്.

 മലയാള സിനിമ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ ഹിറ്റ് ചലച്ചിത്രം.

 മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർ സ്റ്റാറായി തിക്കുറിശ്ശി  സുകുമാരൻ നായർ ജീവിതനൗകയുടെ വിജയത്തോടെ മാറി.

 തിരുവനന്തപുരത്ത് ഈ ചിത്രം തുടർച്ചയായി 284 ദിവസം പ്രദർശിപ്പിച്ചു.

 കണ്ടവർ കണ്ടവർ വീണ്ടും കാണാനായി തിയേറ്ററിലേക്ക് ഓടിയെത്തി.

 അത്രയേറെ മനോഹരമായിരുന്നു ജീവിതം നൗകയുടെ കഥ.

 തമിഴ് സിനിമയുടെ പ്രചോദനമുൾ കൊണ്ട് അന്നു പുറത്തിറങ്ങിയിരുന്ന മലയാള ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ജീവിത നൗക.

 ഇത് ശരിക്കും മലയാളത്തനിമയുള്ള ചിത്രമായിരുന്നു.
 അതുതന്നെയായിരുന്നു ഓരോ മലയാളിയെയും ഈ ചിത്രം കാണാൻ പ്രേരിപ്പിച്ചതും.

 കെ ആൻഡ് കെ പ്രൊഡക്ഷന്സിന്റെ ബാനറിൽ, കെ വി കോശിയും, കുഞ്ചാക്കോയും ചേർന്നു നിർമ്മിച്ച്, കെ. വെമ്പു സംവിധാനം ചെയ്ത ചിത്രമായിരുന്നു ജീവിത നൗക.

 ഇതിന്റെ കഥാകൃത്ത് മുതുകുളം രാഘവ പിള്ളയായിരുന്നു.

 തിക്കുറിശ്ശി, ബി എസ് സരോജ, പങ്കജവല്ലി, എസ് പി പിള്ള, നാണു കുട്ടൻ  തുടങ്ങിയവർ ആയിരുന്നു അഭിനേതാക്കൾ.

 പാവപ്പെട്ടവളായ ലക്ഷ്മിയും, വിദ്യാസമ്പന്നനായ സോമനും  തമ്മിലുള്ള പ്രണയ വിവാഹവും തുടർന്നുള്ള സംഭവവികാസവുമാണ് ജീവിതനൗകയുടെ ഇതിവൃത്തം.

 താഴ്ന്ന ജാതിക്കാരി ആണ് ലക്ഷ്മി. സമൂഹത്തിന് താഴെ തട്ടിലുള്ള ലക്ഷ്മിയെ വിവാഹം കഴിക്കാൻ സോമന് പ്രതിബന്ധങ്ങൾ ഏറെ ആയിരുന്നു.

\" ജാതി രണ്ടേ ഉള്ളൂ..... സ്ത്രീയും പുരുഷനും..... \"

 സോമൻ ഇങ്ങനെ പറഞ്ഞ് ലക്ഷ്മിയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അന്നത്തെ കാലത്ത് നിലനിന്നിരുന്ന ജാതി വ്യവസ്ഥിതിയുടെ തീവ്രത സംവിധായകൻ പ്രേക്ഷകനു മുന്നിൽ വരച്ചു കാട്ടുന്നു.

 സോമനെ വിവാഹം കഴിച്ചതോടെ ലക്ഷ്മിക്ക് അനുഭവിക്കേണ്ടി വന്നത് നരകയാതനകളായിരുന്നു

 ആ വേദന പ്രേക്ഷകർ ഏറ്റെടുത്തതോടെ മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹിറ്റ് ചലച്ചിത്രം പിറവി കൊണ്ടു.

 സോമൻ എന്ന കഥാപാത്രത്തെ തിക്കുറിശ്ശിയും, അദ്ദേഹത്തിന്റെ സഹോദരൻ രാജു എന്ന കഥാപാത്രത്തെ അന്നത്തെ നാടക രംഗത്തെ പ്രശസ്ത കലാകാരനായിരുന്ന സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതരും അവതരിപ്പിച്ചു.

 രാജുവിന്റെ ഭാര്യ ജാനുവിന്റെ വേഷമിട്ടത് പങ്കജവല്ലിയായിരുന്നു. ക്രൂരയായ ചേട്ടത്തിയമ്മയായി പങ്കജവല്ലി മികച്ച അഭിനയം കാഴ്ചവയ്ക്കുകയും ചെയ്തു.

 ലക്ഷ്മി എന്ന കഥാപാത്രത്തെ ബി.എസ് സരോജ ജീവസുറ്റതാക്കി.

 മലയാളത്തനിമയുടെ ആഘോഷമായിരുന്നു ജീവിതനൗക.

 രണ്ടണ കൊണ്ട് തിയേറ്ററിൽ എത്തിയവർ നിറഞ്ഞ കണ്ണുകളുമായി തിയേറ്ററിൽ നിന്നും പുറത്തിറങ്ങി. ലക്ഷ്മിയുടെ വേദനയും, സോമന്റെ നിസ്സഹായ അവസ്ഥയും പ്രേക്ഷക മനസ്സിനെ വേദനിപ്പിച്ചു.

 മലയാള സിനിമ എന്താണെന്ന് മലയാളിയെ കാണിച്ചുതന്ന ചിത്രമായിരുന്നു ജീവിതനൗക.

 തമിഴിലെ പുരാണ ചിത്രങ്ങൾ മൊഴിമാറ്റം നടത്തി നാടകം പോലെ വെള്ളത്തുണിയിൽ പതിഞ്ഞ കാലത്ത്, സ്വന്തം കുടുംബത്തിലെ എന്തൊക്കെയോ പ്രശ്നങ്ങൾ തിരശ്ശീലയിൽ നിറഞ്ഞാടിയപ്പോൾ സിനിമ എന്തെന്ന് ഓരോ മലയാളിയും തിരിച്ചറിഞ്ഞു.

 തിയേറ്ററിനു മുന്നിലെ ആൾക്കൂട്ടങ്ങൾ മലയാളി ആദ്യം കണ്ടത് ജീവിതനൗകയിലൂടെ ആയിരുന്നു.

 അന്നത്തെ കാലഘട്ടത്തിലെ സാമൂഹിക അന്തരീക്ഷം നിറഞ്ഞുനിന്ന ചിത്രമായിരുന്നു ജീവിത നൗക.

 മലയാളിയുടെ മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന ഒരു പിടി നല്ല ഗാനങ്ങൾ ഉണ്ട് ഈ ചിത്രത്തിൽ.

" അകാലെ ആരു കൈവിടും
  നിൻ താനേ നിൻ സഹായം
  സധീരം തുടരു നിൻ ഗതി
  നീ താനെ നിൻ സഹായം..... "

 ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
 കാലങ്ങൾ കഴിഞ്ഞിട്ടും മലയാളിയുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട് ഈ ഗാനം.
 ഇന്നും ഈ ഗാനം നാം കേൾക്കുമ്പോൾ ഒരു പുതുമ എവിടെയോ അവശേഷിച്ചത് പോലെ നമുക്ക് തോന്നും.

" വന ഗായികയെ വാനിൽ വരു നായികേ... "

 എന്ന ഗാനവും ഈ ചിത്രത്തിൽ ആകെയുള്ള 14 ഗാനങ്ങളിൽ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.

 തീർച്ചയായും ഓരോ മലയാളിയും ഈ ചിത്രം കണ്ടിരിക്കണം.

 ഒരു കാലഘട്ടത്തെ അടുത്തറിയാൻ, ആ കാലഘട്ടത്തിലെ ജീവിതസമ്പ്രദായങ്ങളെ തൊട്ടറിയാൻ ചിലപ്പോൾ നിങ്ങൾക്ക് ഈ ചിത്രത്തിലൂടെ സാധിച്ചു എന്നു വരും.


............................. ശുഭം...............................

ഇന്നലെയുടെ സിനിമകൾ( ഭാഗം-2)- നീലക്കുയിൽ (1954)

ഇന്നലെയുടെ സിനിമകൾ( ഭാഗം-2)- നീലക്കുയിൽ (1954)

0
1062

 1954ൽ പി ഭാസ്കരന്റെയും രാമു കര്യാട്ടിന്റെയും സംവിധാനത്തിൽ, പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് നീലക്കുയിൽ. ഇതിന്റെ കഥ ഉറൂബിന്റെ ആയിരുന്നു. ചന്ദ്രതാരയുടെ ബാനറിൽ ടി കെ പരീക്കുട്ടി ആണ് ഈ ചിത്രം നിർമ്മിച്ചത്. കാലങ്ങൾ കടന്നു പോയാലും നമുക്ക് ഓർത്തിരിക്കാൻ ഒത്തിരി നല്ല ചിത്രങ്ങൾ മലയാള സിനിമ ചരിത്രത്തിൽ ഉണ്ട്. ഓർത്തിരിക്കാൻ ഒന്നുമില്ലാതെ ലാഭം കൊയ്യാൻ വേണ്ടി മാത്രമായി ചിത്രങ്ങൾ പുറത്തുവരുന്ന കാലഘട്ടമാണിന്ന്. ഇതിൽനിന്ന് വ്യത്യസ്തമാണ് പഴയകാല ചിത്രങ്ങൾ. അതുപോലെ ഒരു ചിത്രമാണ് 1954 ലെ മലയാളത്തിലെ മികച്ച ചിത്രത്തിനുള്ള വെള്ളി മെഡൽ  നേടിയ നീലക്കുയി