ഇന്നലെയുടെ സിനിമകൾ ( ഭാഗം-4) - സുകൃതം(1994)
എം ടി വാസുദേവൻ നായരുടെ രചനയിൽ, ഹരികുമാർ സംവിധാനം ചെയ്ത് 1994ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് സുകൃതം.
മനുഷ്യബന്ധങ്ങളെ, സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ ആവിഷ്കരിക്കുകയാണ് എം. ടി ഈ ചിത്രത്തിലൂടെ ചെയ്തിരിക്കുന്നത്.
ജീവിച്ചിരിക്കുമ്പോൾ ചുറ്റുപാടുകളിൽ നിന്നും കിട്ടാത്ത സ്നേഹം, താൻ മരണാസന്നൻ ആണെന്ന് അറിയുമ്പോൾ തന്നെ തേടിയെത്തുന്നത് രക്താർബുദം ബാധിച്ച പത്ര പ്രവർത്തകനായ രവിശങ്കർ കാണുന്നു.
എന്നാൽ ആ രോഗത്തിൽ നിന്നും മുക്തി നേടി വീണ്ടും ജീവിതത്തിലേക്ക് തിരികെ എത്തുമ്പോൾ ചുറ്റുപാടുകളിൽ നിന്നും തന്നെ തേടിയെത്തിയ സ്നേഹം കപടമാണെന്ന് അയാൾ തിരിച്ചറിയുന്നു.
തന്റെ ഭാര്യ പോലും തന്നിൽ നിന്ന് അകലെയാണെന്ന് അയാൾ മനസ്സിലാക്കുന്നു.
" ജീവിതമെന്ന വലിയ നുണ.....
മരണം എന്ന വലിയ സത്യം.... "
അതാണ് ഈ ചിത്രം നമ്മുടെ മുന്നിൽ വരച്ചു കാട്ടുന്നത്.
രവിശങ്കറിന്‍റെ ആത്മനൊമ്പരങ്ങളെ എം ടി വാസുദേവൻ നായർ, പ്രേക്ഷക മനസ്സുകളെ നൊമ്പരപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
തന്റെ മുന്നിലൂടെ കടന്നു പോകുന്നത് എല്ലാം പൊയ്മുഖങ്ങൾ ആണെന്ന് തിരിച്ചറിയുമ്പോൾ അയാൾ തകർന്നു പോവുകയാണ് .
തനിക്ക് തിരിച്ചു നൽകിയ ജീവിതത്തെ, തിരിച്ചെടുക്കാൻ അയാൾ മനസ്സുരുകി പ്രാർത്ഥിക്കുകയാണ്.
ജീവിതത്തേക്കാൾ ഉപരി മരണത്തെ സ്നേഹിക്കാൻ അയാൾ തുടങ്ങുന്നു.
രോഗമെല്ലാം ഭേദമായി തിരികെ ഓഫീസിലേക്ക് തിരിച്ചെത്തുമ്പോൾ, തന്റെ മേശക്കുള്ളിൽ തന്റെ മരണക്കുറിപ്പ് എഴുതി, തയ്യാറാക്കി വച്ചിരിക്കുന്നത് അയാൾ കാണാനിടയാകുന്നു.....
കൈവിട്ടുപോയ സ്നേഹത്തെ ഒരിക്കലും തനിക്ക് തിരിച്ചുപിടിക്കാൻ ആവില്ലെന്ന് അയാൾ തിരിച്ചറിയുന്നു.
ആ തിരിച്ചറിവ് അയാളെ കൊണ്ട് ചെന്നെത്തിക്കുക വീണ്ടും മരണത്തിലേക്കാണ്.....
റെയിൽവേ പാളത്തിലൂടെ നടന്ന്, മരണത്തിന്റെ ആ ഗുഹാമുഖം കടന്ന്, പിറകിൽ നിന്ന് എത്തുന്ന ആ മരണ വണ്ടിയുടെ കാലൊച്ചയിലേക്ക്, അയാൾ ലയിക്കുന്നു.
മരണമെന്ന ആ വലിയ സത്യത്തെ, അയാൾ ആത്മഹത്യയിലൂടെ നേടിയെടുക്കുകയാണ്.
താൻ പരാജയങ്ങളുടെ നായകനാണെന്ന് തിരിച്ചറിയുമ്പോഴാണ് രവിശങ്കർ മരണത്തെ തിരഞ്ഞെടുക്കുന്നത്.
കൈവിട്ടു പോയതിനെ തിരിച്ചുപിടിക്കാൻ അയാൾ പരമാവധി ശ്രമിക്കുന്നുണ്ട്.
പക്ഷേ തന്റെ മരണത്തെ സ്വപ്നം കണ്ടിരുന്നവർ അവരുടെ ജീവിതവുമായി വളരെയേറെ മുന്നോട്ടു പോയിരുന്നു.
ആ തിരിച്ചറിവ് അയാൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
ഇന്ന് ഈ ചിത്രത്തെ നാം കാണുക മലയാളത്തിലെ ലക്ഷണമൊത്ത ഒരു ക്ലാസിക് ചിത്രം ആയിട്ടാണ്.
നാല്പതോളം അവാർഡുകളാണ് ഈ ചിത്രം വാരി കൂട്ടിയത്.
ഒട്ടേറെ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും, ഹരികുമാർ എന്ന സംവിധായകൻ ഈ ഒരൊറ്റ ചിത്രത്തിലൂടെയാണ് അറിയപ്പെടുന്നത്.
ഒഎൻവി എഴുതി , ബോംബെ രവി സംഗീത സംവിധാനം നിർവഹിച്ച മനോഹര ഗാനങ്ങൾ ഉണ്ട് ഈ ചിത്രത്തിൽ.
" എന്നോടൊത്തു ഉണരുന്ന പുലരികളെ.....
" കടലിനഗാധമാം നീലിമയിൽ....... "
എന്നിവ എടുത്തുപറയേണ്ട ഗാനങ്ങളാണ്.
എം ടി വാസുദേവൻ നായർ മലയാളത്തിനു നൽകിയ ക്ലാസിക് ചിത്രം തന്നെയാണ് സുകൃതം.
ഒരു കഥാപാത്രത്തിന്റെ ഉള്ളിലെ വേദനകളെ, അതു പ്രേക്ഷകൻ തിരിച്ചറിയണമെങ്കിൽ, ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്റെ പ്രകടനത്തിലൂടെ അത് സാധിക്കുകയുള്ളൂ.
രവിശങ്കർ എന്ന കഥാപാത്രത്തെ, മമ്മൂട്ടി എന്ന നടൻ നമ്മുടെ മുന്നിൽ അവതരിപ്പിക്കുമ്പോൾ ആ കഥാപാത്രത്തിന്റെ വേദനകളെ, കണ്ടിരിക്കുന്ന ഓരോ മനുഷ്യന്റെയും ഉള്ളുലക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവിടെ മമ്മൂട്ടി എന്ന നടനെ മാറ്റിനിർത്തി രവിശങ്കർ എന്ന കഥാപാത്രത്തെ മാത്രമേ പ്രേക്ഷകന് കാണാൻ സാധിക്കുന്നുള്ളൂ.
1994ലെ ദേശീയ ചലച്ചിത്ര അവാർഡിൽ, മലയാളത്തിലെ മികച്ച ചിത്രമായി സുകൃതം തെരഞ്ഞെടുത്തു.
മമ്മൂട്ടിയെ കൂടാതെ, മനോജ് കെ ജയൻ, ഗൗതമി,ശാന്തികൃഷ്ണ,കവിയൂർ പൊന്നമ്മ, നരേന്ദ്ര പ്രസാദ് തുടങ്ങിയവരാണ് ഇതിലെ അഭി നേതാക്കൾ.
ജീവിതം നൊമ്പരങ്ങളെ പതിഞ്ഞ താളത്തിൽ അവതരിപ്പിച്ച്, ഇരമ്പി പാഞ്ഞു പോകുന്ന ട്രെയിനിന്റെ ശബ്ദത്തിനൊപ്പം മരണമെന്ന വലിയ സത്യത്തെ ഓർമ്മിപ്പിച്ചു കൊണ്ടാണ് ഈ ചിത്രം അവസാനിക്കുന്നത്.
തിരക്കഥയും, അഭിനയ മുഹൂർത്തങ്ങളും, സംവിധാനവും ആണ് ഈ ചിത്രത്തെ ഒരു ക്ലാസിക് തലത്തിലേക്ക് ഉയർത്തിയത്.
കൈവിട്ടുപോയ ജീവിതത്തെ തിരിച്ചുപിടിക്കുന്ന രവിശങ്കർ, അവസാനം ആ ജീവിതത്തെ മരണത്തിനു മുന്നിൽ അടിയറവ് വയ്ക്കുകയാണ്......
കരുത്തുറ്റ ഒരു തിരക്കഥയാണ് ഈ ചിത്രത്തിലേത്......
അവാർഡുകൾ ഈ ചിത്രം വാരി കൂട്ടിയെങ്കിലും, ഒരു അവാർഡ് ചിത്രത്തിന്റേതായ ഈഴച്ചിലൊന്നും ഈ ചിത്രത്തിന് ഇല്ല......
ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറിൽ അറ്റ്ലസ് രാമചന്ദ്രൻ നിർമ്മിച്ച ചിത്രമാണ് സുകൃതം.
സാമ്പത്തികമായി വിജയം വരിച്ച ചിത്രം കൂടിയാണ് സുകൃതം.
ദേശീയ അന്തർദേശീയ തലങ്ങളിൽ മലയാളത്തിന്റെ പെരുമ വിളിച്ചോതിയായ ഈ ചിത്രം ഒരാവർത്തിയെങ്കിലും തീർച്ചയായും കണ്ടിരിക്കണം.....
ജീവിതമെന്നത് വലിയ നുണയും, മരണം എന്നത് വലിയ സത്യവും ആണെന്ന് ഒരിക്കൽ കൂടി മലയാളിയെ ഓർമ്മി പ്പിക്കുകയാണ് ഈ ചിത്രം.
................................... ശുഭം...........................
ഇന്നലെയുടെ സിനിമകൾ( ഭാഗം- 4) - ദൈവത്തിന്റെ വികൃതികൾ ( 1992 )
എം മുകുന്ദന്റെ ഇതേ പേരിലുള്ള പ്രശസ്തമായ നോവലിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ഈ സിനിമ. എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട ഒരു നോവൽ ആയിരുന്നു ഇത്. ഇന്നും ഇതിലെ കഥാപാത്രങ്ങൾ മനസ്സിനുള്ളിൽ മായാതെ കിടക്കുന്നുണ്ട്. ഈ നോവൽ ചലച്ചിത്രം ആക്കിയപ്പോൾ വളരെയേറെ പ്രതീക്ഷയോടെയാണ് ഈ ചിത്രം കണ്ടതും. എന്നാൽ ചിത്രം പൂർണ്ണ സംതൃപ്തി നൽകിയോ എന്ന് ചോദിച്ചാൽ അതിന് ഇല്ല എന്ന ഉത്തരമേ നൽകാൻ ആവൂ. കാരണം നോവൽ നമ്മൾ വായിക്കുമ്പോൾ മയ്യഴിക്കും, അതിലെ കഥാപാത്രങ്ങൾക്ക് ഒപ്പം മറ്റൊരു ദേശത്തിലൂടെ നാം സഞ്ചരിക്കുന്നത് പോലെ തോന്നും. എന്നാൽ സിനിമയിൽ കാലഘട്ടത്തിന് പ്രസക്തി ഇല്ലാത്തതുപോ