Aksharathalukal

മഞ്ചാടിമണികൾ


          +2 പഠന കാലത്ത്  പ്രണയത്തിന്റെ ചുവന്ന മഞ്ചാടിക്കുരുകൾ ഇരു നിറമായ മുഖത്ത്അവിടെവിടെയായി പൊന്തി വന്നു. മഞ്ചാടി മണികൾക്ക് ഉള്ളിൽ പ്രണയത്തിന്റെ ചുവന്ന നീരൊഴുകുകൾ.
 മാസത്തിൽ ചുവന്നു പൂക്കുന്ന ദിനങ്ങളുടെ വരവ് അറിയിച്ചു കൊണ്ടു മാസത്തിൽ പൊട്ടി മുളക്കാൻ തുടങ്ങി. ദേഷ്യത്തോടെ നഖങ്ങൾക്ക് ഇടയിൽ വെച്ചു മെല്ലെയൊന്നു 
 ഞെക്കി മഞ്ചാടി മണികളെ പൊട്ടിച്ചു. മഞ്ചാടി മണിക്കൾ പൊട്ടി അമർന്നു 
അവിടെയൊരു കറുപ്പും കുഴിയും സമ്മാനിച്ചു.
കുഴിയടക്കാൻ രക്തചന്ദനവും മഞ്ഞളും 
അരച്ച് കൈ തേഞ്ഞത് മിച്ചം.
മുഖക്കുരു കൈ കൊണ്ടു തൊടാനും പൊട്ടിക്കാനും പാടില്ലെന്ന നഗ്നന സത്യം തിരിച്ചറിഞ്ഞു.. 


     ഡിഗ്രീക്ക് ക്യാമ്പസ്‌ ലോകത്തേക്ക് ചുവടു വെച്ചതിന്റെ സന്തോഷം കൊണ്ടാണോ എന്തോ മുഖതിന്റെ രണ്ടു സൈഡിൽ വരവ് അറിയിച്ചു കൊണ്ടു ഒരു ഇടവേളക്ക് ശേഷം പിന്നെയും എത്തി.
മുഖത്തേക്ക് നോക്കിയ കളിക്കൂട്ടുകാരൻ സഞ്ജു കളിയാക്കി പറഞ്ഞു.
" ആരോ അന്നെ പ്രേമിക്കുന്നുണ്ട് മോളെ ഇയ്യ്സൂക്ഷിച്ചോ ".
ഇരു നിറവും  എണ്ണ പാത്രത്തിൽ മുക്കി എടുത്ത നീളൻ മുടിയും കമ്പിൽ തുണി ചുറ്റിയ പോലെത്തെ രൂപവും ഉള്ള എന്നോടും പ്രണയമോ..
സന്തോഷത്തിന്റെ പൂത്തിരികൾ മനസിൽ കത്തി തുടങ്ങി.കണ്ണാടിക്ക് മുൻപിൽ അജ്ഞാത കാമുകന് വേണ്ടി സമയം കളഞ്ഞത് മിച്ചം.

" ആരാ ഡീ അന്റെ കള്ള കാമുകൻ "ന്ന് കൂട്ടുകാരികൾ മുഖത്ത് നോക്കി കളിയാക്കി ചോദിച്ചപ്പോൾ ഉണ്ട കണ്ണുകൾ വിടർത്തി ഞാൻ ചുറ്റും തിരഞ്ഞു എന്റെ അജ്ഞാത കാമുകനെ.കള്ള കാമുകൻ വേറെ ആരും അല്ല മുഖത്ത് പൊട്ടി മുളച്ച മഞ്ചാടി മണിക്കൾ ആണെന്ന് തിരിച്ചറിയാൻ അൽപ്പം സമയമെടുത്തു.
മാസമാസം ഫെയർ ലൗലി വാങ്ങി തേച്ചു കുടുംബത്തിനു അതൊരു ബാധ്യതയായി മാറുമെന്ന് പേടിച്ചു നിർത്തി.

      ഒരിക്കൽ കണ്ണിൽ കണ്ണിൽ നോക്കിയിരുന്നപ്പോൾ പ്രണയം പങ്കിട്ടവൻ പറഞ്ഞു.
"എന്റെ പ്രണയത്തിന്റെ അഗ്നിയാണ് അന്റെ മുഖത്ത് മുളച്ചു പൊന്തുന്ന കുരുക്കൾ " ന്ന്. കേട്ടപ്പോൾ നാണം വന്നു അവന്റെ കയ്യിൽ ഒരടി കൊടുത്തു കൊണ്ടു .
" ഇങ്ങനെ ഇയ്യ് ന്നെ സ്നേഹിക്കല്ലേ " ന്ന് പറഞ്ഞു.പ്രണയം പങ്കിട്ടവൻ  പിന്നീട് ഒരുനാൾ വിട പറഞ്ഞ് പോയപ്പോഴും  എന്നേ നോക്കി കൊഞ്ഞനം കുത്തുണ്ടായിരുന്നു മഞ്ചാടി മണികൾ.

    പഠനമൊക്കെ കഴിഞ്ഞു സ്കൂളിൽ ടീച്ചറായപ്പോൾ കുട്ടികൾക്കും നാട്ടിലെ തൊഴിൽ രഹിതർക്കും 
ഞാനൊരു മലർ മിസ്സ്‌ ആയി. അപ്പോഴും പട്ടയം പതിച്ചു കിട്ടിയത് പോലെ എന്റെ മുഖത്തു മഞ്ചാടി മണിക്കൾ അവിടെയിവിടെയായി പൊന്തി വന്നു കൊണ്ടിരുന്നു.

" മിസ്സെ ഞാൻ ഒന്ന് പൊട്ടിച്ചു നോക്കട്ടെ ഈ കുരുനെ "ന്ന് വികൃതി പിള്ളേർ മുഖത്തു നോക്കി ചോദിക്കുമ്പോൾ കണ്ണുരുട്ടി അവരെ പേടിപ്പിച്ചു നിർത്തി.
ഒരിക്കൽ  " ഹോർമോണിന്റെ അതി പ്രസരം കൊണ്ടു ഉണ്ടാവുന്ന കുരുകളെ എന്തിനാ പേടിക്കുന്നെ...   " എന്ന് ഡോക്ടർ ചോദിച്ചപ്പോൾ ഉത്തരം മുട്ടി നിന്നു.
എപ്പോഴൊക്കയോ ഞാനും മഞ്ചാടി മണിക്കളെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.ആരും കാണാതെ ഒളിപ്പിച്ചും പൊന്തി വരുമ്പോൾ തന്നെ ഭസ്മമാക്കിയും കളഞ്ഞിരുന്ന ഞാൻ ആരുടെയോ പ്രണയത്തിന്റെ അവശേഷിപ്പായി അവിടെ കിടക്കട്ടെന്ന് കരുതി.

          വർഷങ്ങൾ കഴിഞ്ഞു.. ഇന്ന് ഇതാ മുഖത്തു ഒരു മഞ്ചാടി മണി  വിരിഞ്ഞു നിൽക്കുന്നു.മുഖത്തെ കുറു നിരകളുടെ തലോടൽ ഏറ്റ് അത് അവിടെ തന്നെ ഇരിക്കട്ടെ..ഇരുപതുകളുടെ അവസാനത്തിൽ എത്തി നിൽക്കുമ്പോൾ ആരുടെയെങ്കിലും 
പ്രണയത്തിന്റെ ഒളിയമ്പുകൾ ആണെങ്കിലോ..



കാളിന്ദി ❤️.