Aksharathalukal

03. ഒരിക്കൽ കൂടി

ഭാഗം : 03

വീടിന്റെ നാല് ചുമരുകൾ മാത്രം കണ്ടു വ്യസനം കൊള്ളുമ്പോൾ പുറത്തേക്കുള്ള യാത്രകൾ മനസ്സിനെ കുളിർമയിലാക്കുന്നു.... സുലൈഖ പുറത്തേക്ക് കണ്ണും നട്ടിരുന്നു... കുറെയേറെ മാറ്റങ്ങൾ വന്നിരിക്കുന്നു... അതെല്ലാം കൗതുകത്തോടെ നോക്കി കാണുകയാണവർ....ലൂക്കയായിരുന്നു കാർ ഓടിച്ചു കൊണ്ടിരുന്നത്... കളിതമാശകളായി കാർ മുൻപോട്ട് പോയി...


\"എങ്ങോട്ടാണ് അച്ചായ പോവുന്നെ...? \"


സോനയുടെ ചോദ്യത്തിന്റെ പര്യവസാനമായി കാർ ഒന്ന് നിന്നു... സോനയെയും മുന്നിൽ നിൽക്കുന്ന വ്യക്തികളെയും മാറി മാറി നോക്കി നിശ്വസിച്ചു...



\"നേരെ പോലീസ് സ്റ്റേഷനിലേക്ക്..\"


മുന്നിൽ നിൽക്കുന്ന പോലീസ്സ് ജീപും പോലീസിനെയും കണ്ടു കൊണ്ടവൻ പറഞ്ഞു...ലൂക്കയുടെ ലൈസൻസിന്റെ കാലവധി കഴിഞ്ഞിട്ടുണ്ടായിരുന്നു...മറ്റെന്തെങ്കിലും പോംവഴി ആലോചിക്കുന്നതിനു മുൻപേ പോലീസ് സൈഡ് ഗ്ലാസിൽ ഒന്ന് മുട്ടി..


\"എന്താടാ.. നിനക്ക് പുറത്തിറങ്ങാൻ ഒരു വെഷമം..? \"


ഗൗരവമൂറുന്ന മുഖത്തോടെ കർക്കശമായികൊണ്ടയാൾ ചോദിച്ചു... ലൂക്ക വേഗം ഡോർ തുറന്നു കൊണ്ടിറങ്ങി... സുലൈഖായുടെ പേടിച്ചരണ്ട മുഖത്തേക്ക് നോക്കി അവൻ കണ്ണുകൾ ചിമ്മി... ആശ്വാസവാക്കുകളെക്കാൾ അവന്റെ കണ്ണുകൾ അവർക്ക് ആശ്വാസമേകിയിരുന്നു...!!

🩷🌸••••••••••••••••••••🌸🩷

ലൂക്ക മേലധികാരിയായ പോലീസിന്റെ അടുത്തേക്ക് നടന്നടുത്തു...ഹെൽമെറ്റ് വെയ്ക്കാത്ത, സീറ്റ്‌ ബെൽറ്റ്‌ ധരിക്കാത്ത, ലൈസൻസ് ഇല്ലാത്ത നിരവധി മനുഷ്യർ അവിടെ നിൽക്കുന്നുണ്ടായിരുന്നു... അതു കൊണ്ട് തന്നെ പോലീസ്സ് അവനോട് ഒരു ഭാഗത്തേക്ക് നീങ്ങി നിൽക്കുവാനായി ആരാഞ്ഞു....


ലൂക്ക തിരക്കൊഴിഞ്ഞ ഇടത് ഭാഗത്തേക്ക് ഒതുങ്ങി നിന്നു..തന്റെ വലതു വശത്തായി ഹിഷാം നീങ്ങി നിന്നു...ഹിഷാമിന്റെ കണ്ണുകൾ പണം വാങ്ങയെടുക്കുന്ന പോലീസിന്റെ മേലെയായിരുന്നു...


\"നിന്റെയടുത്ത് ലൈസൻസ് ഉണ്ടല്ലോ...? അല്ലേ..\" ഹിഷാം ഗൗരവത്തോടെ ചോദിച്ചു...


\"ഉവ്വ്..!! പക്ഷെ കാലാവധി കഴിഞ്ഞോ എന്നൊരു സംശയം..\" ലൂക്ക ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു...


\"നന്നായി... ജനങ്ങളെ എങ്ങനെയൊക്കെ പിഴിയാം എന്നോർത്ത് നിൽക്കുകയാണവർ... തീരുമാനമായി..\"ഹിഷാം പിറുപിറുത്തു കൊണ്ട് പോലീസ്സിനെ എത്തി നോക്കി... തിരക്ക് ഇപ്പോൾ തിരുമെന്ന് തോന്നുന്നില്ല...അത്രയും മനുഷ്യർ അവിടെ നീണ്ടു നിൽക്കുന്നു...


\'നിയമലംഘനം നടപ്പിലാക്കാൻ നിയമം വന്നത് പോലെയാണ്...!! \' ആരോ പിറുപിറുക്കുന്നുണ്ടായിരുന്നു.....


ലൂക്കയുടെ കണ്ണുകൾ വാക മരത്തിന്റെ ചുവട്ടിലിരിക്കുന്ന ആ പെൺകുട്ടിയിലായിരുന്നു...വിടർന്ന കണ്ണുകളോടെ ലൂക്ക അവളെ നോക്കി നിന്നു...അവൾ മറ്റൊരു പെൺകുട്ടിയുടെ തോളിലേക്ക് ഇടയ്ക്കിടെ ചായുന്നു... കൈകൾ കൊണ്ട് സംസാരങ്ങൾക്ക് ആകർഷണം കൂട്ടുന്നു...


\"ഹിഷാമേ... ദേ അവൾ..\" ആവേശത്തോടെ ലൂക്ക അവളെ നോക്കി കൊണ്ട് ഹിഷാമിനോട് പറഞ്ഞു...കണ്ണെടുക്കാതെ അവൻ അവളെ തന്നെ നോക്കി....

\'എന്റെ പ്രിയപ്പെട്ടതെന്തോ അവളുടെ അരികിലുണ്ട്..\'   മനസ്സിന്റെ കോണിൽ നിന്നുമാരോ വിളിച്ചു കൂവുന്നു....


\"ആര്..? \" ഹിഷാമിന്റെ പുരികം ചുളിഞ്ഞു... ലൂക്ക നോക്കുന്ന ഭാഗത്തേക്ക് അവന്റെ കണ്ണുകൾ വ്യതിചലിച്ചു....


\"ശേ..!! നിനക്ക് വേറെ ആരെയും കിട്ടിയില്ലേ..? \" ഹിഷാം വെറുപ്പോടെ മുഖം തിരിച്ചു കൊണ്ട് ലൂക്കയോട് ചോദിച്ചു...ലൂക്കയുടെ കണ്ണുകൾ ചുരുങ്ങി, നെറ്റികളിൽ സംശയത്തിന്റെ അടയാളങ്ങൾ തെളിഞ്ഞു..


\"ഞാൻ അവളെ പറ്റി ചോദിക്കുമ്പോൾ നീയെന്തിനാണ് വെറുപ്പോടെയും അറപ്പോടെയും സംസാരിക്കുന്നത്...?എന്താണ് നിന്റെ പ്രശ്നം...? നീയൊരു മനുഷ്യനെ വെറുക്കെ..? എനിക്കറിയാവുന്ന ഹിഷാമിന് ഒരു മനുഷ്യനെ വെറുക്കുക അസാധ്യമാണ്..\"

ലൂക്ക ഗൗരവത്തോടെ അവനെ നോക്കി കൊണ്ട് ചോദിച്ചു....ഹിഷാമിൽ നിന്നും ഇത്തരത്തിൽ ഒരു പ്രവർത്തനം ഓർത്തിരുന്നില്ല... ഹിഷാം ഒരാളെ വെറുതെ വെറുക്കില്ല.. മുഷിവോടെ സംസാരിക്കുകയില്ല...


ഹിഷാം അവളെ ഇരുത്തി നോക്കി... അവളുറക്കെ പൊട്ടിചിരിക്കുകയായിരുന്നു.... അവളുടെ തോളിൽ ബ്രായുടെ സ്ട്രാപ് കാണാമായിരുന്നു...അവൻ പെട്ടെന്ന് മുഖം വെട്ടിച്ചു...അവളുടെ ചുവന്ന ചായം പൂശിയ ചുണ്ടുകളും വശീകരിക്കുന്ന പുഞ്ചിരിയും ഓർമയിൽ തിളങ്ങി... അതിനോടൊപ്പം വശ്യമായ പുഞ്ചിരിയുള്ള അത്രയും ആകർശന കണ്ണുകളുള്ള മറ്റൊരു വ്യക്തിയുടെ മുഖം കൂടെ തെളിഞ്ഞു..


\"ഹിഷാം..\"

\"എന്റെ ലൂക്ക അവളുടെ അപ്പുറത്തിരിക്കുന്നവളെ കണ്ടോ..? അവൾ വേശ്യയാണ്...\" ഹിഷാം അവളെ ഉറ്റു നോക്കി കൊണ്ട് പറഞ്ഞു...


ലൂക്ക അവളെ തന്നെ ഉറ്റു നോക്കി... അവളുടെ അപ്പുറത്തുള്ള സ്ത്രീയെ കാണാൻ സാധിക്കുന്നില്ല... ഒരു ചുവപ്പ് സാരിയാണ് ധരിച്ചിരിക്കുന്നതെന്ന് മനസ്സിലായി... അവളുടെ  ചുവപ്പ് സാരിയുടെ തുമ്പ് ചെറുതായി പുറത്തു കാണുന്നു... ലൂക്ക ഒന്നും കൂടെ പിന്നിലേക്ക് നീങ്ങി കൊണ്ട് എത്തി നോക്കി... ഇല്ല!! അവളെ കാണുന്നില്ല...കാണാൻ അതിയായി ആഗ്രഹം തോന്നി...!!

എന്തിനാണ് ഹൃദയമേ നീയവളെ  തേടുന്നു...? എന്തിന് ഹൃദയമേ അവളിലേക്ക് ആകർഷിക്കപെടുന്നു..?


\"ദേടാ നിന്നെ വിളിക്കുന്നു....ലൈസൻസില്ലെന്ന് ആദ്യമേ തന്നെ പറയേണ്ട..\" ഹിഷാം അവനെ നോക്കി കൊണ്ട് പറഞ്ഞു.... ലൂക്ക മറുപടിയൊന്നും കൊടുത്തില്ല...മനസ്സിലാകെ ശൂന്യത കൈവരിച്ചിരിക്കുന്നു...


ലൂക്ക എസ് ഐയുടെ അടുത്തേക്ക് നടന്നു... അറവുക്കാരന് പശൂനെ കിട്ടിയ പോലെ അയാൾ ചിരിച്ചു...അയാൾ അവനിൽ നിന്നും പണം വാങ്ങിയെടുത്തു...നിയമത്തിന്റെ പേരിൽ മനുഷ്യനെ ക്രൂഷിക്കുന്നു...ലൂക്ക തിരികെ നടക്കുമ്പോൾ ഹിഷാം അവിടെ തന്നെ നിൽക്കുന്നുണ്ട്... ഇടയ്ക്കിടെ ആ രണ്ടു സ്ത്രീകളെയും അവൻ മാറി മാറി നോക്കുന്നത് കാണാം...


\"ഹിഷാം പോവാം..\" ലൂക്ക അല്പം ഗൗരവത്തോടെ ചോദിച്ചു... ഹിഷമൊന്ന് തലയാട്ടി...ഹിഷാമിന്റെയുള്ളിൽ മറ്റെന്തോ ചിന്തകൾക്ക് സ്ഥാനം കൈവരിച്ചിരിക്കുന്നു..


ലൂക്ക നടക്കുന്നതിനിടെ തിരിഞ്ഞോന്ന് നോക്കി... അവളുടെ മുഖമൊന്നു കാണാൻ തോന്നുന്നു... എന്തിനാണ് അങ്ങനെ തോന്നുന്നതെന്ന് ചോദിച്ചാൽ, കർത്താവ് തോന്നിക്കുന്നു എന്നുള്ള ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളു.... ഒരു കൗതുകം!! ലൂക്ക വീണ്ടും തിരിഞ്ഞു നോക്കി... ഇല്ല!! അവളെ കാണുവാൻ സാധിക്കുന്നില്ല.... അത്രമേൽ കാണാൻ കൊതിക്കുന്ന മുഖം... ആരെന്നോ എന്തെന്നോ അറിയാത്തവളോടുള്ള കൗതുകം...


\"ഹിഷാം, അവളുടെ ഒപ്പമിരിക്കുന്നവളല്ലേ വേശ്യ..? അതിനെന്തിനു നീ അവളോട് ദേഷ്യം കാണിക്കുന്നു.? \" കാറിലേക്ക് കയറാൻ നേരം ലൂക്ക ചോദിച്ചു...


\"നീയത് വിട്ടില്ലേ ലൂക്ക...മുല്ലപ്പൊടിയേറ്റ് കിടക്കും കല്ലിന്നുമുണ്ടൊരു സുഗന്ധം എന്നല്ലേ..? ആരറിഞ്ഞില്ല അവളും ഇതേ പണി ചെയ്യുന്നു എന്ന്...ലക്ഷ്മി ആണത്രേ പേര്... കൂട്ടൊക്കെ അതിന്റെ ഒപ്പം അല്ലേ...\" ആരോടെന്നില്ലാതെ ഹിഷാം പറഞ്ഞു കൊണ്ടിരുന്നു...പക്ഷെ മറ്റെന്തോ ഒന്ന് അവനെ ചുറ്റിക്കുന്നുണ്ട്...


ലക്ഷ്മി..!! അതായിരുന്നു ഇന്നലെ ലൂക്ക കണ്ടവളുടെ നാമം...സ്നേഹിക്കാൻ മാത്രമേ മനുഷ്യന് കാരണങ്ങൾ വേണ്ടാത്തതുള്ളു... വെറുക്കാൻ നൂറായിരം കാരണങ്ങളാണ്... ഒരാളെ വെറുക്കണമെന്ന് നിനച്ചാൽ കാരണങ്ങളുണ്ടാക്കി വെറുക്കാൻ മനുഷ്യനാണോ ഇത്ര പ്രയാസം....?


ലൂക്ക ആലോചനയോടെ കോ ഡ്രൈവറിലേക്കിരുന്നു... അപ്പോഴും ഹിഷാമിന്റെ വാക്കുകളിലായിരുന്നു... അവളുടെ അപ്പുറമുള്ളത് വേശ്യയാണ്...!!


ഹിഷാം പറഞ്ഞത് സത്യമോ മിഥ്യയോ...?വല്ലവരും കേട്ടറിഞ്ഞതാണെങ്കിൽ വിശ്വസിക്കുക എന്നത് തൃപ്തികരമല്ല... മുള്ളും മുനയും വച്ചു നുണകൾ ഓതുവാൻ മനുഷ്യരുടത്ര കഴിവ് മറ്റാർക്കുണ്ട്...?ഇനിയവൾ വേശ്യ ആണെങ്കിൽ തന്നെ എന്തിനവൾ ഇത് ചെയ്യുന്നു..? താല്പര്യപ്രകാരമോ അതോ നിർബന്ധപൂർവ്വമോ..? എന്തായാലും സാഹചര്യമല്ല കാരണം... സാഹചര്യം ഒരു അടവ് മാത്രമാണ്.. രക്ഷപെടാനുള്ള ഏറ്റവും വലിയ അടവിന്റെ പേര് മാത്രമാണ് സാഹചര്യം...


സുലൈഖായുടെ ചോദ്യങ്ങൾ ഒന്നും തന്നെ ലൂക്ക കേട്ടിരുന്നില്ല... അവന്റെ മനസ്സ് അറിയാവുന്നത് കൊണ്ട് ഹിഷാം ലൂക്കയ്ക്ക് തലവേദന ആണെന്ന് കള്ളം പറഞ്ഞു... അതോടെ എല്ലാവരും നിശബ്ദത പാലിച്ചു...

ഇത്തിരി ദൂരം പിന്നിട്ടപ്പോൾ ലൂക്കയുടെ കണ്ണുകൾ വിടരുന്നത് ഹിഷാം ശ്രദ്ധിച്ചു... അവൻ വെറുതെ കണ്ണാടിയിലൂടെ പുറത്തേക്ക്  നോക്കി... അതാ ആ രണ്ടു സ്ത്രീകൾ.. ലക്ഷ്മിയും വേശ്യയും... അതാണവന്റെ മനസ്സിൽ ഉണർന്നത്...എന്തിനവളോട് ഇത്രമേൽ ദേഷ്യമെന്നതിനു ഉത്തരമില്ല... പക്ഷെ എന്തോ ഒന്ന് അവളിൽ നിന്ന പിന്മാറ്റുന്നു...


അവളെ മുഴുവനായി കാണുന്നില്ല... പക്ഷെ അവളുടെ കണ്ണുകൾ മാത്രം കാണാം... വിടർന്ന കണ്ണുകളാണ്..ആ കണ്ണുകൾക്ക് സംസാരിക്കാൻ കഴിവുണ്ടെന്ന് തോന്നി പോയി...ആ കണ്ണുകൾ ഒരു ചുഴിയാണെന്ന് തോന്നി ലൂക്കയ്ക്ക്... ഒരിക്കൽ അതിലകപ്പെട്ടാൽ തിരികെ വരിക അസാധ്യം തന്നെ...അവൻ ഒന്നും കൂടെ അതിലേക്ക് നോക്കി... ദേ അവൾ വീണ്ടും അപ്രത്യക്ഷമായിരിക്കുന്നു....



\"എന്ത് പറ്റി ലൂക്ക..\" ഹിഷാം അരുമയോടെ ചോദിച്ചു...


\"ഒന്നുമില്ല..\"  ലൂക്ക വിശാദം നിറഞ്ഞ ശബ്ദത്തോടെ പറഞ്ഞു...


പിന്നീട് ഹിഷാമൊന്നും ചോദിച്ചില്ല... ലൂക്കയുടെ കണ്ണുകൾ അപ്പോഴും ആ കണ്ണാടിയിലൂടെ പിന്നിലോട്ട് പോയി...ആ ഇരുചക്രം അപ്രത്യക്ഷമായിരിക്കുന്നു... ലൂക്കയ്ക്ക് എന്തെന്നില്ലാതെ സങ്കടവും ദേഷ്യവും ഒരുമിച്ചു വരുന്നുണ്ടായിരുന്നു....


എന്തിനാണ് തന്റെ ഹൃദയമവളെ തേടുന്നത്..? മുഖം കാണാത്ത ആ സ്ത്രീയെ എന്തിനിത്ര തേടുന്നു..? വേശ്യ ആയത് കൊണ്ടോ...? ഉത്തരം കിട്ടാത്ത  ചോദ്യങ്ങളുമായി അവൻ ഉഴറി പോയിരുന്നു... പതിയെ കണ്ണുകളടഞ്ഞു...


                           ✾•••••••••••••••••••••••••✾



ഇടതടവില്ലാത്ത ശബ്ദകോലാഹങ്ങൾ ഉറക്കത്തെ ഭംഗം വരുത്തി...ലൂക്ക കണ്ണുകൾ വലിച്ചു തുറന്നു... മുന്നിൽ കാണുന്ന കടൽതീരം കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്... സ്വബോധം നഷ്ടപ്പെട്ടിരിക്കുന്നു... അപരിചിതമായ ലോകത്തിലെത്തിയത് പോലെ തോന്നുന്നു.. ആ ലോകത്തു താനും മുഖപരിചയമില്ലാത്ത സ്ത്രീയും...\'വേശി \' യെന്ന് അഭിസംബോധന ചെയ്യാൻ എന്തോ മനസ്സ് വിസ്സമ്മതിക്കുന്നു..



\"ഞാൻ ചോദിക്കുന്നതൊന്നും നീ കേൾക്കുന്നില്ലേ..? \" ഹിഷാമിന്റെ അവസാനവാക്കുകൾ മാത്രമാണ് ലൂക്ക ശ്രവിച്ചത്.... ബാക്കിയെല്ലാം കാറ്റിനൊത്തു പോയി മറഞ്ഞിരിക്കുന്നു...


\"സോറി.. ആകെ ഒരു മന്ദപ്പ്.. അതു കൊണ്ട് ശ്രദ്ധിച്ചില്ല..\" ക്ഷമാപണം പോലെ ലൂക്ക മൊഴിഞ്ഞു..


\"ഉം... \" ഹിഷാമെന്തോ അർത്ഥം വച്ചു മൂളുന്നത് പോലെയാണ് ലൂക്കയ്ക്ക് തോന്നിയത്..



\"ഉമ്മയൊക്കെ എവിടെ..? \" നടക്കുന്നതിനിടെ ലൂക്ക ചോദിച്ചു...


\"അവരെയൊക്കെ ട്രെയിൻ കയറ്റി പറഞ്ഞയച്ചു..\" ഹിഷാം നിസ്സാരകണക്കെ പറഞ്ഞു...


അവൻ അമ്പരന്ന് പോയി.. പേരറിയാത്ത വേദന ലൂക്കയിൽ പ്രത്യക്ഷമായി... ശബ്ദങ്ങളൊന്നും ചെവിയിൽ പതിക്കുന്നില്ല... ആകെയൊരു ശൂന്യത അനുഭവപ്പെടുന്നു...


\"ഉമ്മുമ്മയ്ക്ക് ഒരു നെഞ്ച് വേദന... ചെലപ്പോ നാളെയൊ മറ്റനാളെയോ വരുമായിരിക്കും.. നീ നല്ല ഉറക്കത്തിലായിരുന്നു... അതാണ് പിന്നെ നിന്നെ കൂടുതൽ വിളിക്കാതിരുന്നത്..\" തണലത്തു ഇരുന്നു കൊണ്ട് ഹിഷാം പറഞ്ഞു...


\"ഹ്മ്മ...\" ലൂക്ക ഒന്ന് അമർത്തി മൂളി...


ചിന്തകൾ അതിരു കടന്നു... അവ കെട്ടഴിഞ്ഞ പട്ടംപോലെ ദിശയറിയാതെ പറന്നു കൊണ്ടിരിക്കുന്നു... ഹാ കർത്താവേ!! ചിന്തകൾക്ക് എന്തുഭാരമാണ്..തീചൂള പോലെയവ ആളി കത്തുന്നു, അതിലിതാ ഞാൻ വെന്തുരുകുന്നു...


\"നീ ചിന്തിച്ചു കാട് കയറുന്നു ലൂക്ക \" ഹിഷാം മുന്നറിയിപ്പ് നൽകി...


അതേ ചിന്തിച്ചു കാട് കയറുന്നു...അവളാണ് കാരണം.. ആരായിരിക്കുമവൾ...?ശരീരം വിൽക്കുന്നവൾ തന്നെയാണോ...?


\"ലക്ഷ്മിയാണോ നിന്റെ പ്രശ്നത്തിന് കാരണം..? \" ഹിഷാം സംശയത്തോടെ ചോദിച്ചു..



\"ഓ.. അവൾ അല്ല..\" ലൂക്ക നിഷേധാർത്ഥത്തിൽ പറഞ്ഞു...


\"പിന്നെ..? പിന്നെയാരാണ്..? \" ഹിഷാം വീണ്ടും ചോദ്യമെറിഞ്ഞു...


\"അവളുടെ കൂടെ ഉണ്ടായിരുന്നില്ലേ..? അവൾ... അവളാരാണ്....? \" ലൂക്ക കൗതുകത്തോടെ ചോദിച്ചു...


ഹിഷാം തത്സമയം നിശബ്ദനായി.... തന്നെ സംബന്ധിച്ചിടത്തോളം അവൾ വ്യഭിചാരിയാണ്... വ്യഭിചാരം കുറ്റമാണ്... എന്തിനാണ് തന്റെ ശരീരം വിൽക്കുന്നത്...? എത്രയത്രെ മാന്യമായ ജോലികൾ കിടക്കുന്നു... വ്യഭിചരിക്കുന്ന ഒരു പുരുഷനെ സ്ത്രീ സ്വീകരിക്കുമോ..? അതു പോലെ വ്യഭിചരിക്കുന്ന സ്ത്രീയെ പുരുഷൻ സ്വീകരിക്കുമോ..? ആവോ അറിയില്ല..!!എന്ത് തന്നെ ആയാലും താൻ സ്വീകരിക്കില്ല....


\"നിനക്ക് ഞാൻ ചോദിച്ചത് ഇഷ്ട്ടപെട്ടില്ലെങ്കിൽ വിട്ടേക്ക് ഹിഷാം.. ആ പേരിൽ നമ്മൾ തമ്മിൽ സ്വരച്ചേർച്ചയുടെ ആവശ്യമില്ല...\" ലൂക്ക ഹിഷാമിന്റെ തോളിലൂടെ കയ്യിട്ടു കൊണ്ട് പറഞ്ഞു...


\"ഹ്മ്മ്... അവളുടെ പേര് എനിക്കറിയില്ല... അവളുടെ അമ്മ ഒരു വേശ്യ ആയിരുന്നു... അവർക്ക് മണിക്കൂറിനു ഇരുപതിനായിരം രൂപ എന്നതായിരുന്നു കണക്ക്... അങ്ങനെയെതോ ഒരുത്തനിൽ ഉണ്ടായാവളാണ് ഇവൾ... വേശ്യക്ക് ആരെങ്കിലും ജോലി കൊടുക്കുമോ..? പഠിക്കാൻ കൂട്ടാകുമോ..? അവളും അതേ പാത തുടർന്നു എന്നറിഞ്ഞത് നാട്ടുക്കാർ ചേർന്നു ഒരു മന്ത്രിയുടെ ഒപ്പം പിടിച്ചപ്പോഴാണ്... എല്ലാവരുടെ മുൻപിൽ വച്ചവൾ പറഞ്ഞു \'അതേ ഞാൻ വേശ്യ തന്നെയാണ് ..!!വേശ്യയുടെ മകൾ പിന്നെ ഡോക്ടർ ആകുമോ..? അങ്ങനെയാവണമെങ്കിൽ ഇതൊരു ചലച്ചിത്രം ആവേണ്ടിരുന്നു..\' കൂടുതൽ ഒന്നും പറയാതെ അവളും നടന്നകന്നു.... ലക്ഷ്മിയാണ് അവൾക്ക് ഭക്ഷണം എത്തിച്ചു കൊടുക്കാറുള്ളത്.... അതിന് ശേഷം അവളും ചുണ്ടുകളിൽ ചുവപ്പ് ചായം പൂശുന്നത് കാണാം....\" ഹിഷാം പറഞ്ഞു നിർത്തി...


ഇത്തവണ ഹിഷാമിൽ വെറുപ്പ് കാണാനായില്ല... ഒരുതരം അനുകമ്പ, സഹതാപമായിരുന്നു നിലനിന്നിരുന്നത്....ലൂക്ക ഒന്നും പറയാതെ ദൂരേക്ക് കണ്ണു നട്ടിരുന്നു...

\'അതെ ഞാൻ വേശ്യ തന്നെയാണ്... വേശ്യയുടെ മകൾ പിന്നെ ഡോക്ടർ ആകുമോ...? \' അവളുടെ  ചോദ്യം വീണ്ടും ചെവിയിൽ നിന്നാരോ ആവർത്തിക്കുന്നത് പോലെ തോന്നിയവന്....



                     ✾•••••••••••••••••••••••••✾


ചപ്പാത്തിക്ക് മാവ് കുഴക്കുകയായിരുന്നു ലൂക്ക... പള്ളിയിൽ നിന്നു വന്ന ഹിഷാമിന് അത്യാവിശമായി ഹോസ്പിറ്റലിലേക്ക് പോകേണ്ടി വന്നു....


\"ഇവിടെ ആരുമില്ലേ..? \" 


ഒരു പെണ്ണ്ശബ്ദം കേട്ടു കൊണ്ട് ലൂക്ക അടുക്കളയിൽ നിന്നും വന്നു... മുന്നിൽ പാത്രവുമായി നിൽക്കുന്നവളെ കണ്ടു ലൂക്കയുടെ കണ്ണുകൾ വിടർന്നു.. ലക്ഷ്മി..!! അവൻ ആവേശത്തോടെ അവളുടെ അടുക്കലിലേക്ക് തന്നു...


\"ഹിഷാമിക്ക..? \" സംശയത്തോടെ ലക്ഷ്മി ചോദിച്ചു...അവളുടെ കണ്ണുകൾ നാല് പാടും ചുറ്റി തിരിഞ്ഞു..


\"അവനിവിടെയില്ല... ആശുപത്രിയിൽ പോയി..\" അവൻ മറുപടി പറഞ്ഞു...


\"ഇതിത്തിരി ബിരിയാണിയാണ്... കഴിക്കുമോ..? \" ലക്ഷ്മി സംശയത്തോടെ ലൂക്കയെ നോക്കി ചോദിച്ചു...


അതിന്റെ അർത്ഥങ്ങൾ ഒന്നും തന്നെ അവന് മനസ്സിലായില്ല... സംശയത്തോടെയവൻ അവളെയുറ്റ് നോക്കി...


\"ഞാനുണ്ടാക്കിയ ഭക്ഷണം ഹിഷാമിക്ക കഴിക്കില്ല... അതു പോലെയാണോ ചേട്ടനുമെന്ന് ചോദിച്ചത..\" ലക്ഷ്മി അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതിനാൽ പറഞ്ഞു...


\"അങ്ങനെയൊന്നുമില്ല...വിഷമില്ലാത്ത ഭക്ഷണം കഴിക്കും...തന്റെ കൂട്ടുകാരിയെവിടെ..? \" ആകാംഷയോടെ ലൂക്ക ലക്ഷ്മിയോട് ചോദിച്ചു... അവൾ അവനെ തന്നെ നോക്കി നിന്നു....


  തുടരും......!!


💔അഗ്നിയാമി 💔