Aksharathalukal

അറിവിന്റെ മാദക കൂൺ (ഭക്തിയുടെ വൈരുദ്ധ്യാത്മകത)


അറിവിന്റെ മാദക കൂൺ

(ഭക്തിയുടെ വൈരുദ്ധ്യാത്മകത)


Part 1



നിലത്ത് വീണുകിടന്ന മാമ്പഴം കൈയ്യിലെടുത്ത് അവൻ തിരിച്ചു മറിച്ചും നോക്കി, താഴെവീണ മാമ്പഴം കട്ടെടുത്ത അവനെ നോക്കി മരക്കൊമ്പിലിരുന്ന കാക്ക കൊതിക്കാണിച്ച് കണ്ണുരുട്ടി. 

മാമ്പഴത്തിൽ കാക്കകൊക്കുരുമ്മി ക്ഷതമേറ്റതു കണ്ടപ്പോൾ അവന്റെ കണ്ണുകൾ കൂടുതൽ വിടർന്നു. പറവ കൊത്തിയ ബാക്കിയിൽ അവന്റെ ചിറിയമർന്നു. അവന്റെ തലയ്ക്കു മുകളിൽ മറ്റൊരു ജീവി കൊതിയോടെ നോക്കിയിരിക്കുന്നത് അവനറിഞ്ഞില്ല.

വിശപ്പടങ്ങും മുമ്പ് താഴെ വീണുപോയ മാമ്പഴം മറ്റൊരു രൂപം തിന്നുതീർക്കുന്നതു കണ്ട് ശാപവാക്കുകൾ പൊഴിച്ചുകൊണ്ട് കാക്ക പറന്നു പോയി.

കൊതിതീരും മുമ്പ് മാമ്പഴം അണ്ടിയായി രൂപം വച്ച് പല്ലിലുരഞ്ഞപ്പോൾ അവൻ അലസമായി നിറയെ കായ്ച്ചു നിൽക്കുന്ന മരക്കൊമ്പിലേക്കു നോക്കി. അവന്റെ വിശപ്പ് തീയായി വയറിൽ കത്തി. കൈയിലിരുന്ന പാളപ്പാത്രത്തിലെ ജലം മാവിന്റെ മൂട്ടിലൊഴിച്ച് അവൻ തിരികെ നടന്നു. പോകുന്ന വഴിയിലെല്ലാം മരച്ചുവടുകളിൽ ഞെട്ടറ്റുവീണതും പക്ഷികൾ കൊത്തിയിട്ടതുമായ ഫലങ്ങൾക്കായി അവന്റെ കണ്ണുകൾ അലഞ്ഞു. 

വിളഞ്ഞു നിന്ന ചെറിപഴത്തിലേക്കവന്റെ കണ്ണുകൾ ആർത്തിപൂണ്ടു തൊട്ടു. ചെറിയൊരു കാറ്റിൽ അതു ഞെട്ടറ്റു വീണെങ്കിൽ, എന്നാശിച്ചു. ഇല്ല, കാറ്റിന്റെ ആരവമില്ല. തന്റെ വിശപ്പറിയുന്നവരായാരുമില്ല. വയറ്റിലാളിയ തീയണക്കാൻ അവന്റെ കൈവിരലുകൾ ചെറിപ്പഴത്തിൽ ചെന്ന് തൊട്ടു എന്ന് തോന്നിയപ്പോൾ കൈ പിൻവലിച്ചു.

യജമാനന്റെ കണ്ണുകൾ അദൃശ്യമായി എല്ലായിടത്തുമുണ്ട്. എല്ലാം കാണുന്നുമുണ്ട്.

നദിക്കരയിലെ പുൽത്തകിടിയിൽ അവൻ വെറുതെ ഇരുന്നു ക്ഷീണം തീർക്കാനായി. കാലടികൾ കുറച്ച് മാത്രമേ വേണ്ടു നദിയിലിറങ്ങാൻ. വയ്യ, കാലുകൾ ചലിക്കുന്നില്ല. അവനിരുന്നു, അവശനായി.

തീയാളികത്തിയ വയറുമായി വേച്ച് വേച്ച് നദിയിലേക്കു അവൻ നിരങ്ങിനീങ്ങി. വെള്ളം കൈകളിൽ കോരിയെടുത്ത് നാവുനനച്ചിറക്കി. തീയണഞ്ഞു, ക്ഷീണവും പതിയെ വിട്ടകലുന്നു.

ചെയ്തുതീർക്കാനുള്ള കാർത്തവ്യങ്ങളുടെ ബോധം കർമ്മനിരതനാക്കി. വെള്ളം നിറച്ചപാത്രവുമായി അവൻ സ്ട്രാബെറി തോട്ടത്തിലേക്ക് നടന്നു. അതിന്റെ ഭാരം അവനെ വീണ്ടും ക്ഷീണിപ്പിക്കുന്നു. ഉദരാഗ്നി വീണ്ടും പുകഞ്ഞു കത്തുന്നു. ചുറ്റിനും കാണുന്ന മധുര ഫലങ്ങൾ അവന്റെ കണ്ണുകളുടെ വിശപ്പടക്കി. വയറിന്റെ തീ ആളിക്കത്തിച്ചു.

അസഹനീയമായ വിശപ്പ് അവനെ കൈകളിൽ താങ്ങിയ ഭാരമുപേക്ഷിച്ച് മരച്ചുവട്ടിലെത്താൻ പ്രേരിപ്പിച്ചു.

എല്ലാം കാണുന്ന കണ്ണുകൾ ചുറ്റും നിന്നു അവന്റെ പുറം പൊളിക്കുന്നതായി അവനു തോന്നി. വണ്ടിയിൽ കെട്ടിയ കാളപോലെ വിശപ്പയവിറക്കി അവൻ ആ ഭാരവും പേറി പതുക്കെ നടന്നു. 

മുഴുത്തു പഴുത്ത സ്ട്രാബെറി പഴം ചുവന്നു തുടുത്തു നിൽക്കുന്നത് ദൂരെ നിന്നു തന്നെ അവൻ കണ്ടു. ആ കാഴ്ച അവന്റെ ആർത്തിയെ കത്തിച്ചു. അടുത്തെത്തുംതോറും അതാളിക്കത്തി. അരികിലെത്തുംതോറും അവന്റെ കണ്ണുകൾ ആ പഴത്തിന്റെ മൂപ്പറിയാൻ ശ്രമിച്ചു. അതിൽ കറുത്ത പാടുകൾ  ഉണ്ടോ എന്ന് നോക്കി അവന്റെ കണ്ണുകൾ പരതി. 

പുഴുവരിക്കുന്ന വിളഞ്ഞ സ്ട്രാബെറി താഴെ വീഴുന്ന കാഴ്ച മനപായസത്തിൽ കലക്കിയവൻ കുടിച്ചു.

അരികിലെത്തിയപ്പോൾ കീടം തിന്നുതുടങ്ങിയ സ്ട്രാബെറി കണ്ട് അത് താഴെ വീണെങ്കിലെന്നാശിച്ച് പരവശനായി അവൻ നിന്നു. ഞെട്ട് അരിച്ചുതിന്നു വിശപ്പടക്കുന്ന പുഴുവിനെ നോക്കി അവൻ ആർത്തിപൂണ്ടു.  ഞെട്ടറ്റു താഴെവീഴുന്നതുവരെ 'കീടമേ നിന്റെ വിശപ്പു ഉടൻ ശമിക്കല്ലേ' എന്നവൻ മനസ്സിൽ പറഞ്ഞു. 

വയറു നിറഞ്ഞ പുഴു അവന്റെ പ്രാർത്‌ഥന നിരസിച്ച് ഇലക്കൂട്ടിൽ പോയി വിശ്രമിച്ചു.

അവൻ അസഹനീയമായ വിശപ്പിനാൽ ഒരടി മുന്നോട്ടു വക്കാനാവാതെ നിന്നുപോയി. ഒട്ടിയ വയറിനു ഇരുവശവും നിറഞ്ഞ വെള്ളത്തൊട്ടി ഏന്തിയ എല്ലുന്തിയ കൈകൾ പരമ ദാരിദ്ര്യത്തിന്റെ അവശേഷിപ്പായി  തൂങ്ങി നിന്നു. അക്കാഴ്ച കണ്ട് ഫലവൃക്ഷങ്ങൾ ശ്വാസം പിടിച്ചു നിന്നു.

രാവന്തിയോളം താൻ നനച്ച് വളർത്തിയ മരങ്ങൾ മുഴുത്ത ഫലങ്ങൾ കാട്ടി തന്നെ പരിഹസിക്കുന്നോയെന്നു അവൻ ശങ്കിച്ചു. അന്നേരം കൂമ്പിയ പൂക്കൾ അവക്കിടയിൽ നിന്നവന്റെ വേദനയോടൊപ്പം ചേർന്നു.

ഇരുകൈകളിലും വെള്ളവുമായി തളർന്നു നടക്കുന്നതിനിടയിൽ മരച്ചുവട്ടിൽ ഒരു ആപ്പിൾ കിടക്കുന്നതവൻ കണ്ടു. അവൻ വിശപ്പുമറന്നു വേഗത്തിൽ പാഞ്ഞു. ഒടിയെത്തിയതിന്റെ കിതപ്പ് മാറുന്നതിനു മുമ്പ് തന്നെ അവന്റെ മനസ്സ് കിതച്ചു. ആ ആപ്പിൾ ഒരു കേടുമില്ലാതെ ശുദ്ധമായിരിന്നു. തിരിച്ചും മറിച്ചും നോക്കി. പാടുകളൊന്നുമില്ലാത്ത സമ്പൂർണ്ണ സൃഷ്ടിയായിരുന്നു.

അതവന് നിശിദ്ധമായ പഴമായിരിന്നു, അവനു ഭക്ഷിക്കാൻ അനുവാദമില്ലാത്തതായിരിന്നു.

കൈകൾ കൊണ്ട് മുറുകെ പിടിച്ചു അതവൻ മുഖത്തിനു വിപരീതമായി നീട്ടി. വിശപ്പിന്റെ വിളിയെ കേൾക്കാതിരിക്കാൻ ആ വിശുദ്ധ ഭോജനം കണ്ണുകളിൽ നിന്നകറ്റാൻ ശ്രമിച്ചു. യജമാനന്റെ കല്പനകൾ അവന്റെ മനസ്സിൽ ജ്വലിച്ചു നിന്നു.

അന്നേരം വിശപ്പിന്റെ തീ യജമാനകോപത്തിന്റെ ആജ്ഞാശക്തിയിൽ ലയിച്ചു പോകുന്നതവനറിഞ്ഞു.

നീട്ടിപ്പിടിച്ച കൈകളിൽ ആപ്പിളുമായി തോട്ടത്തിന്റെ നടുവിലേക്ക് വേഗത്തിൽ നടന്നു. വിശപ്പിന്റെ തളർച്ച അപ്പോഴവൻ മറന്നുപോയി. ആജ്ഞാനുവർത്തനം അവന്റെ സിരകളിൽ ത്രസിച്ചു.

യജമാനകോപം അവന്റെ കൺമുമ്പിൽ വഴിനക്ഷത്രമായി വിളങ്ങി നിന്നു.

ആ തോട്ടത്തിലെ ഏറ്റവും വലിപ്പമുള്ള ഒരു വിശുദ്ധമരത്തിന്റെ ശിഖരത്തിൽ തൂക്കിനിർത്തിയിരുന്ന ഭീമാകാരമായ നിക്ഷേപസഞ്ചിയിൽ അതവൻ നിക്ഷേപിച്ചു. കൈകൾ നെഞ്ചോട് ചേർത്ത് അവൻ ക്ഷമാപണം നടത്തി. യജമാനന് അവകാശപ്പെട്ട പരിശുദ്ധ ഭക്ഷണം ഒരു നിമിഷത്തേക്കെങ്കിലും ആർത്തിയോടെ താനാഗ്രഹിച്ചതിനു മാപ്പിരന്നു.  യജമാനനുള്ളത് താനാഗ്രഹിക്കാൻ പാടില്ല. അത് കല്പനയാണ്.

അനുസരണയുള്ള തോട്ടക്കാരൻ എപ്പോഴും യജമാനന് വിധേയനായിരിക്കണം.

പരജീവിയുടെ ഉച്‌ഛിഷ്ടം തേടി തളർന്നവശനായ അയാൾ വിശന്നു വലഞ്ഞ് ഒരു അത്തിമരച്ചുവട്ടിൽ നിവർന്നു കിടന്നു. ഒഴിഞ്ഞവയറിൽ കൈകൾ ചേർത്തുവച്ചു നാസിക വിടർത്തി ശ്വാസംവലിച്ചു കേറ്റി.  അത്തിമരം കൈകൾ വീശി അയാളെ ആശ്വസിപ്പിക്കാനെന്നോണം ദീർഘമായി നിശ്വസിച്ചു.

ആ മരത്തിന്റെ വിസർജ്യവായു ശുദ്ധമായ ആശ്വാസമായി അയാൾ അനുഭവിച്ചു.

വിശന്നവയറിന്റെ കരച്ചിൽ കേൾക്കാതെ പകലദ്ധ്വാനത്തിന്റെ ക്ഷീണം അവനെ വേഗമുറക്കി. ഉറങ്ങിയുണരുമ്പോൾ പുനരാരംഭിക്കേണ്ട കഠിനാദ്ധ്വാനത്തിൻറെ ദുഖഃസത്യം ഓർമിക്കാതെ അവൻ ശയിച്ചു.

ഇരുട്ടിന്റെ മറവിൽ നിറമുള്ള സ്വപ്നങ്ങൾ അവന്റെ നാവിനു മധുരമായി വയറിനാശ്വാസമായി.

അറിവിന്റെ മാദക കൂൺ - Part 2

അറിവിന്റെ മാദക കൂൺ - Part 2

0
551

ഉറക്കത്തിലവനൊരു സ്വപ്നം കണ്ടു. ആ സ്വപ്നത്തിൽ അവൻ മറ്റൊരു മനുഷ്യരൂപമായി മാറുന്നതും ആ രൂപം അവനരികിൽ വരുന്നതും പ്രഹേളികയായി അവനെ കുഴപ്പിച്ചു.വയറിന്റെ കൊതി മനസിന്റെ കൊതിയിൽ ആവേശിച്ചു സ്വപ്നമായി. കണ്ണുതുറന്നു ചുറ്റും നോക്കി, ഒരു മനുഷ്യസാമീപ്യം കൊതിച്ചു കൊണ്ട്.  അതാരാണ്? തന്നെ തന്നെയാണോ കണ്ടത്? എന്നാൽ തന്റെ രൂപമല്ലല്ലോ അതിനു. തന്നെക്കൂടാതെ വേറെ ആരെങ്കിലുമുണ്ടോ ഇവിടെ? താനിതുവരെ കണ്ടിട്ടില്ലാത്ത തന്റെ യജമാനനാണോ അത്?ആഹാരം കൊതിക്കുന്ന വയറിനൊപ്പം പ്രജ്ഞയും മറ്റെന്തെല്ലാമോ കൊതിക്കുന്നുവോ?ഇരുട്ടിൽ എല്ലാ മരങ്ങളും ഒറ്റകെട്ടായി ഇരുണ്ടുനിന്നു അവനെ ഭയപ്