Aksharathalukal

അറിവിന്റെ മാദക കൂൺ - Part 2

ഉറക്കത്തിലവനൊരു സ്വപ്നം കണ്ടു. ആ സ്വപ്നത്തിൽ അവൻ മറ്റൊരു മനുഷ്യരൂപമായി മാറുന്നതും ആ രൂപം അവനരികിൽ വരുന്നതും പ്രഹേളികയായി അവനെ കുഴപ്പിച്ചു.

വയറിന്റെ കൊതി മനസിന്റെ കൊതിയിൽ ആവേശിച്ചു സ്വപ്നമായി. 

കണ്ണുതുറന്നു ചുറ്റും നോക്കി, ഒരു മനുഷ്യസാമീപ്യം കൊതിച്ചു കൊണ്ട്.  അതാരാണ്? തന്നെ തന്നെയാണോ കണ്ടത്? എന്നാൽ തന്റെ രൂപമല്ലല്ലോ അതിനു. തന്നെക്കൂടാതെ വേറെ ആരെങ്കിലുമുണ്ടോ ഇവിടെ? താനിതുവരെ കണ്ടിട്ടില്ലാത്ത തന്റെ യജമാനനാണോ അത്?

ആഹാരം കൊതിക്കുന്ന വയറിനൊപ്പം പ്രജ്ഞയും മറ്റെന്തെല്ലാമോ കൊതിക്കുന്നുവോ?

ഇരുട്ടിൽ എല്ലാ മരങ്ങളും ഒറ്റകെട്ടായി ഇരുണ്ടുനിന്നു അവനെ ഭയപ്പെടുത്തി. പകൽ പലനിറങ്ങളിൽ കൊതിപ്പിച്ച ഫലങ്ങൾ രാത്രിയിൽ ഇരുണ്ട മുഖം കാട്ടി പേടിപ്പിക്കുന്നു. അവനെണീറ്റു നടന്നു. നദിയുടെ കരയിലൂടെ. നിലാവെളിച്ചത്തിൽ ഓളങ്ങൾ പാൽപല്ലിളിക്കുന്നു. മൃദു സ്വരത്തിൽ എന്തോ കുസൃതി ഒപ്പിക്കുന്നു. അവൻ നടന്നു കൊണ്ടേയിരുന്നു. നദീജലം പാലമൃതായി അവന്റെ ക്ഷീണമകറ്റികൊണ്ടിരിന്നു.

നിഴൽപോലെ നദിക്കരയിൽ അവനൊരു ഇരുട്ട് രൂപം കണ്ട് അരികത്ത് ചെന്നു. നിശ്ചലമായി ഉറങ്ങുന്ന ഒരു ജീവനുള്ള ശരീരം.

താൻ സ്വപ്നത്തിൽ കണ്ടപോലുള്ള രൂപമാണോ ഈ മുന്നിൽ കാണുന്നത്? രണ്ടുകാലുകളുണ്ട്‌, രണ്ട് കൈകളുമുണ്ട്. പക്ഷെ, പൂർണ്ണമായും തന്നെ പോലെയല്ലല്ലോ ഈ രൂപം. എല്ലാ ശരീരഭാഗവും തന്നെ പോലെയല്ല. ആ രൂപത്തിന് എന്തോ കുറവുണ്ട്, കൂടുതലുമുണ്ട്.

ആ ഇരുകാലിരൂപവും തന്റെ സാമിപ്യമറിഞ്ഞു ഞെട്ടി ഉണർന്നു തന്നെ സൂക്ഷിച്ചു നോക്കുന്നത് അവനറിഞ്ഞു.

"ആരാണ് നീ?"  അമ്പരപ്പോടെ അവൻ ചോദിച്ചു.

"എനിക്കറിയില്ല ഞാനാരാണെന്നു, നീയാരാണ്?" ആ രൂപവും അമ്പരപ്പോടെ മറുചോദ്യമിട്ടു

"എന്നെ യജമാനൻ ആയ് എന്നാണു വിളിക്കുന്നത്, നിന്നെയോ?" അഭിമാനപൂർവ്വം അവനറിയിച്ചു.

"ആയ്, വിളിക്കാൻ എന്തെളുപ്പം. എന്നെ ആരും ഒന്നും വിളിക്കുന്നില്ല, ആരെയും കണ്ടിട്ടില്ല ഞാനിതുവരെ." നിരാശ നിഴലിച്ച വാക്കുകളിൽ ആ രൂപം പറഞ്ഞു.

"ആരാണ് നിന്റെ യജമാനൻ?" അവൻ വീണ്ടും ചോദിച്ചു.

"എനിക്കൊന്നും ഓർമ്മയില്ല, ഇന്നുറങ്ങി എണീറ്റപോലെ തോന്നുന്നു."

"അതിശയമായിരിക്കുന്നു, ആരുമില്ലാത്ത നിന്നെ ഞാൻ ഹായ് എന്ന് വിളിക്കട്ടെ?"

"ഹായ്, നല്ല സുഖം കേൾക്കാൻ. ആയ്, ആരാണ് നിന്റെ യജമാനൻ?  എവിടെയാണ് നിന്റെ യജമാനൻ?"


"ഹായ്, തോട്ടത്തിന്റെ നടുക്ക്, കരുതൽ മരത്തിന്റെ ചുവട്ടിൽ വച്ചാണ് ഞാൻ കാണാറ്." 

"കരുതൽ മരമോ. അതെന്താണ്?"

"എല്ലാം കരുതി വക്കുന്നത് അവിടെയാണ് ഹായ്."

"ആയാണോ കരുതി വക്കുന്നത്?"

"അതെ, ഹായ്"

"ആർക്കു വേണ്ടി?"

"യജമാനന് വേണ്ടി"

"നിനക്ക് വേണ്ടി നീയൊന്നും കരുതുന്നില്ല?"

"അതെൻറെ ആവശ്യമറിഞ്ഞു യജമാനൻ തരുമെന്നു പറഞ്ഞു"

"ആര് പറഞ്ഞു"

"യജമാനൻ തന്നെ"

"നല്ല യജമാനൻ. നിനക്കായി നീ കരുതി വച്ചാൽ കുഴപ്പമുണ്ടോ?"

"ഒന്നും കരുതിവക്കരുതെന്നു യജമാനൻ പറഞ്ഞു. യജമാനനെ അനുസരിച്ചില്ലെങ്കിൽ ശിക്ഷിക്കുമെന്നും പറഞ്ഞിട്ടുണ്ട്"

"ആയ്, നിന്റെ യജമാനൻ നിന്നെപോലെയാണോ കാണുവാൻ?"

"അറിയില്ല, ശബ്ദമാണ് ഇപ്പോഴും കേൾക്കാറ്."

"ഒരിക്കലും കണ്ടിട്ടില്ലാത്ത യജമാനൻ എങ്ങനെയാണ് ശിക്ഷിക്കുന്നത്, ആയ്"  

"ദൂരെ നിന്ന് മാത്രമേ ഞാൻ കണ്ടിട്ടുള്ളു. വെള്ള നിറത്തിൽ തലയിൽ തൊപ്പി വച്ച്, കൈയിലൊരു കമ്പുമായി"

"കമ്പോ, അതെന്തിന്?"

"ശിക്ഷാവിധി നടപ്പിലാക്കാൻ."

"ആയ് കുറ്റം ചെയ്തിട്ടുണ്ടോ, തല്ലു കിട്ടിയിട്ടുണ്ടോ?"

"ഇല്ല, എല്ലാം യജമാനൻ പറയുന്നപോലെ മാത്രമേ ഞാൻ ചെയ്തിട്ടുള്ളു"

"നല്ല യജമാനൻ, പേടിപ്പിക്കാനായി മാത്രം ഒരു ആയുധം. ഹഹഹ"

"ഹായ്, നിനക്കൊരു യജമാനൻ ഇല്ലല്ലോ. ഉണ്ടെങ്കിലത്‌ നിനക്ക് മനസിലാകും"

"എന്നാൽ ഞാനും വരട്ടെ നിന്റെ കൂടെ, തോട്ടത്തിൽ? എനിക്കും ഒരു യജമാനൻ വേണം"

"യജമാനനോട് അനുവാദം ചോദിക്കണം, ഹായ്"

"നമുക്കൊരുമിച്ച് ചോദിച്ചാലോ?"

"അതിനു നമുക്ക് ചില രീതികളുണ്ട്"

"എന്താണത്? ഞാൻ ചെയ്യാം."

"ശരി, സൂര്യനുദിക്കുന്ന സമയത്തിനു മുമ്പ് തന്നെ കുളിച്ച് ശുദ്ധമായി തോട്ടത്തിന്റെ നടുവിലെ കരുതൽ മരത്തിന്റെ ദൂരെ മാറി നിന്ന് മണിയടിക്കണം. എന്നിട്ടു ഉച്ചത്തിൽ വിളിച്ചുകൂവണം, യജമാനനെ പ്രകീർത്തിച്ചുകൊണ്ട്."

"നീ വിളിക്കുമ്പോഴെല്ലാം യജമാനൻ പ്രത്യക്ഷപ്പെടുമോ?"

"ഇല്ല, ദൂതനെയാണ് അയക്കാറ്"

"ദൂതനോ, അയാൾ വ്യാജനാണെങ്കിലോ, എങ്ങനെ വിശ്വസിക്കും?"

"ദൂതൻ ദൂരെ വെളുത്ത പ്രകാശത്തിൽ വലയം ചെയ്തു നിൽക്കുന്ന യജമാനനെ കാണിച്ചു തരും."

"യജമാനനെ ആയ് അപ്പോൾ ഇതുവരെ കണ്ടിട്ടില്ല, അല്ലെ? അപ്പോൾ  എങ്ങനെ ആവശ്യപ്പെടും യജമാനനോട്?"

"ദൂതനോട് സംസാരിക്കും, ദൂതൻ യജമാനന്റെ മറുപടി എന്നെ അറിയിക്കും"

"എങ്ങനെ?"

"യജമാനൻ എപ്പോഴും ശബ്ദത്തിലൂടെ ദൂതൻ വഴി ആജ്ഞ തരും. ഞാൻ എന്റെ സംശയങ്ങൾ ദൂതൻ വഴി ആ സ്വരത്തിനോട് ചോദിക്കും."

"ആയ് എന്ത് ചോദിച്ചാലും യജമാനൻ മറുപടി തരുമോ?"

"യജമാനന് ചോദ്യം ഇഷ്ടപെട്ടാൽ ഉത്തരം കിട്ടും, ഇല്ലെങ്കിൽ എന്റെ തെറ്റായിക്കണ്ട് ഞാൻ നിശ്ശബ്ദനാകും. അങ്ങനെയാണ് ദൂതൻ വഴി യജമാനൻ പറഞ്ഞത്?"

"യജമാനൻ നിന്നോട് ഇതുവരെ ഒന്നും നേരിട്ട് പറഞ്ഞിട്ടില്ലല്ലേ?"

"ഇല്ല, എങ്കിലും എന്റെ ചോദ്യങ്ങൾക്കുത്തരം തരുന്നുണ്ടല്ലോ, ദൂതനിലൂടെങ്കിലും"

"നിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തന്നിട്ടില്ലല്ലോ?"

"എല്ലാത്തിനുമില്ല.”

"യജമാനന് അറിഞ്ഞുകൂടാത്ത കാര്യത്തിനായിരിക്കുമല്ലേ ഉത്തരം തരാത്തത്."

"യജമാനന് അറിയാത്തതായി ഒന്നുമില്ല." 

"പിന്നെന്താ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരാത്തത്?"

 "അതറിയില്ല. ചിലപ്പോൾ ഞാനറിയേണ്ടാത്തതായിരിക്കും."

"അപ്പോൾ നിന്റെ യജമാനന് അറിഞ്ഞുകൂടാത്ത കാര്യങ്ങൾ, നിനക്കുമറിയില്ലല്ലേ?"

"അങ്ങനെ ഉള്ള കാര്യങ്ങളും ഉണ്ടോ?"

"വേറേ തോട്ടങ്ങളും വേറേ യജമാനനും ഉണ്ടെങ്കിലോ, ആയ്? നിന്റെ യജമാനന് അറിയാത്ത ഉത്തരങ്ങൾ ആ യജമാനന് അറിയാമായിരിക്കുമെങ്കിലോ?"

"ഒരേയൊരു യജമാനനും ഒരേയൊരു തോട്ടവും മാത്രമേ ഉള്ളുവെന്നാണ് ദൂതൻ വഴി അറിയിപ്പ് കിട്ടിയിട്ടുള്ളത്, ദൂതൻ അസത്യം പറയില്ല."

"അതന്വേഷിക്കേണ്ടി ഇരിക്കുന്നു, വേറെയും തോട്ടങ്ങൾ ഉണ്ടോ എന്ന്"

"അതെ ഹായ്, അതറിയാവുന്ന ആരെയെങ്കിലും നിനക്കറിയാമോ?"

"അറിയാം, ആയ്"

"അതാരാണ്, ഹായ്"

"അത് നീയാണ് ആയ്.. ഹഹഹ"

"ഞാനോ, ചിരിക്കാതെ കാര്യം പറ ഹായ്."

"ഞാനാരാണെന്നു ആദ്യം കണ്ടുപിടിക്കട്ടെ, എന്നിട്ടു നിനക്കുത്തരം തരാം"

"അതാര് കണ്ടുപിടിക്കും?"

"നിന്റെ യജമാനനോട് ചോദിച്ചാലോ? അതെങ്കിലുമറിയാമോ എന്ന് നോക്കാമല്ലോ."

"അതെ ഹായ്, എന്റെ യജമാനന് അറിയാമായിരിക്കും"

"നമുക്ക് നോക്കാം."

"അതറിഞ്ഞിട്ടു?"

"അതിനുത്തരം കിട്ടിയാൽ, നിന്റെ യജമാനന്റെ തോട്ടത്തിൽ ഞാനും നിന്നെ പോലെ ജീവിക്കും"

"അതിരാവിലെ കുളിച്ച് ശുദ്ധിയായി നമുക്ക് തോട്ടത്തിന്റെ നടുക്ക് പോകാം, ഹായ്"

"നമുക്ക് പോകാം, ആയ്."

അറിവിന്റെ മാദക കൂൺ - Part 3

അറിവിന്റെ മാദക കൂൺ - Part 3

0
499

പുലരിയുടെ ജന്മമറിയിച്ചു പക്ഷികൾ പാറിപ്പറന്നു തുടങ്ങി. ആയും ഹായും  നദിക്കരയിലൂടെ നടന്നു. പുതിയ അതിഥിയെ കണ്ട തോട്ടം ഹർഷപുളകിതരായി കാറ്റിലാടി. ഫലവർഗ്ഗങ്ങൾ കുലുങ്ങിച്ചിരിച്ച് അവരെപ്പറ്റി പരദൂഷണം പറഞ്ഞു.പുലരിയുടെ തണുപ്പിൽ ആയും ഹായും നദിയിലാറാടി.  മരക്കൊമ്പിലിരുന്ന ഇണക്കിളികൾ ഉറക്കമുണർന്നു അത് കണികണ്ട് കൊക്കുരുമ്മി.  പൂക്കൾ അസൂയപ്പെട്ടു മൊട്ടാകാൻ വെമ്പി. മുഴുത്ത കായ്കൾ കണ്ണിമാങ്ങാ പ്രായമാകാൻ കൊതിച്ചു. പഴുത്ത ഇലകൾ തളിർകാലത്തിന്റെ യവ്വനത്തെ നിരാശയോടെ ഓർത്തു വിലപിച്ചു.ജലക്രീഡ നൽകിയ ഉന്മേഷം അവരുടെ മുഖത്തിനു പ്രസാദമായി. വലിയൊരുത്തരത്തിനായി വെമ