Aksharathalukal

അറിവിന്റെ മാദക കൂൺ - Part 4

പറങ്കിപഴം കാണിച്ചു മാങ്ങ യജമാനന് സമർപ്പിച്ചു വിത്ത് തങ്ങൾക്കു ഭക്ഷിക്കാമെന്നു ഹായ് വാശിപിടിച്ചതു ആചാര ലംഘനമാകുമോ എന്ന ചിന്ത ആയെ വിഷമിപ്പിച്ചു.

അരുളപ്പാടുകളിൽ കറുത്ത പാടാകുന്ന ഒന്നും തന്നെ സ്വീകരിക്കാൻ ആയ് ഒരുക്കമല്ലായിരുന്നു, പാടുകളേറെയുള്ള ഫലങ്ങൾ ഒരുപാട് ഭക്ഷിച്ചിരുന്നുവെങ്കിലും.

"കേടുപാടുകളില്ലാത്തതും മറ്റുജീവികൾ ഭക്ഷിക്കാത്തതുമായ എല്ലാം യജമാനനുള്ളതാണ്." ആയ് എതിർശബ്ദമുയർത്തി.

"വിളഞ്ഞ പറങ്കിപ്പഴം യജമാനന് നൽകി, കുരു നമുക്ക് കഴിക്കാമല്ലോ, നിലത്തുവീണ പക്ഷികൾ കൊത്തിപ്പറിച്ച കായ്‌ഫലങ്ങൾ നമ്മൾ ഭക്ഷിച്ച് കുരുവെല്ലാം ഉപേക്ഷിക്കുകയാണല്ലോ പതിവ്  അപ്പോൾ മാങ്ങാക്കുരുവും ഉപേക്ഷിക്കുന്നതിനു പകരം നമുക്ക് ചതച്ചെടുത്ത് കഴിചാൽ ഒരു കുഴപ്പവുമില്ല."

"പാടില്ല, അത് നിശിദ്ധമാണ്, നമുക്കുള്ളത് ഭൂമിയിൽ വീഴ്ത്തിത്തരുമെന്നു കല്പിച്ചിട്ടുണ്ട്."

"എങ്കിൽ നിലത്തുവീണ മാങ്ങയിലെ കുരു ഭക്ഷിക്കാമല്ലോ"

"കേടുപാടുകളില്ലാത്ത ഫലം യജമാനനുള്ളതാണ്, എന്ന് പറഞ്ഞിട്ടുണ്ടല്ലോ."

"എനിക്ക് വിശക്കുന്നു. നീയെനിക്കു എന്ത് ഭക്ഷിക്കാൻ തരും, പകരം?"

"നമുക്ക് ഭൂമിയിൽ തിരയാം, ഫലേച്ഛ കൂടാതെ നിന്റെ ജോലികൾ, ചെയ്യൂ, നിനക്കുള്ള ഫലം ഞാൻ കരുതിവച്ചിട്ടുണ്ടെന്നല്ലേ യജമാനൻ പറഞ്ഞിട്ടുള്ളത്."

"ഉള്ളകാലം മുഴുവനും എച്ചിൽ തിന്നാനാണ് വിധിയല്ലേ? പക്ഷികളും മൃഗങ്ങളും പോലും മരത്തിൽ നിന്നും ഭക്ഷിക്കുന്നു. പക്ഷെ വെള്ളമൊഴിച്ച് വളർത്തിയ നമുക്ക് അതെല്ലാം നിശിദ്ധം. കല്പനകൾ കടുകട്ടി തന്നെ. നമുക്ക് അടിമപ്പണി തുടരാം, വാ."

കൈയിലിരുന്ന പാത്രം നദിയിലേക്കു വലിച്ചെറിഞ്ഞു ഹായ് നടന്നു. വിശപ്പിന്റെ വേദന അലറിവിളിച്ച് അവളുടെ മുഖത്ത് നിന്നും തീ തുപ്പി. അതു ദേഹത്ത് വീണു കത്തിപടരുന്നത് ആയറിഞ്ഞു.

"ഭക്തി ഭക്ഷിച്ചാൽ വിശപ്പു മാറില്ല." 

കോപത്തിന്റെ ഇന്ധനം കണക്കെ ഹായുടെ ആ വാക്കുകൾ ദഹിച്ചു നിന്ന ആയുടെ ദേഹം ചാരമാക്കി.

ഹായ് വിശപ്പിന്റെ വിളിയിൽ വശംവദയായി പലതവണ ഫലങ്ങളിൽ കൈവച്ചെങ്കിലും ആയുടെ പറുദീസയെന്ന സ്വപ്നം അപ്പോഴെല്ലാം അവളെ തടഞ്ഞു. തളർന്നു കിടന്നു ആകാശത്ത് നോക്കുമ്പോൾ മേലെ കാഴ്ചയായി വിളഞ്ഞു പഴുത്ത പഴങ്ങൾ അവളെ കൊതിപ്പിച്ചു കൊണ്ടിരിന്നു. അതിലേറെ കൊതിയുള്ളിലൊതുക്കി കള്ളക്കണ്ണടച്ചു കിടക്കുന്ന ആയെ കാണുമ്പോൾ ഹായ് ആശ്വസിച്ചു അവന്റെയരികിൽ കിടക്കും, ഉത്തമപങ്കാളിയെ പോലെ.

അവസാനത്തെ പഴവും പൊഴിച്ചുകൊണ്ട് പറങ്കിമരങ്ങൾ വിശ്രമിക്കുന്നതുവരെ ഹായ് ഒരിക്കലും വിശപ്പിന്റെ ആന്തൽ ആയുടെ ആധിയാക്കിയില്ല. അവന്റെ അദ്ധ്വാനത്തിലും, ദാരിദ്ര്യത്തിലും, യജമാനപൂജയിലും വിശപ്പുമറന്നു അവൾ കൂടെ നിന്നു.

അവന്റെ ധർമ്മസങ്കടങ്ങളിൽ അവൾ ചോദ്യങ്ങളിട്ടു ഉത്തരം മുട്ടിച്ചില്ല.

കാലം അവരുടെ വിശപ്പിനെ ഗൗനിക്കാതെ കടന്നുപോയി. ഫലവൃക്ഷങ്ങൾ അവരുടെ ധാർമികതയെ ചോദ്യംചെയ്‌തുകൊണ്ട് കൂടുതൽ മധുരഫലങ്ങൾ പൊഴിച്ചുകൊണ്ടിരിന്നു.

പറുദീസയുടെ വാതിൽ ദൂരെത്തെങ്ങോ തുറന്നുകിടക്കുന്നത് ആയുടെ സ്വപ്നങ്ങളിൽ ആവർത്തിച്ചുകൊണ്ടിരിന്നു. അതേസമയംതന്നെ അവിശ്വാസങ്ങളിൽ കളങ്കംചാർത്തികൊണ്ട് ചിലപ്പോഴൊക്കെ ആ വാതിൽ തുറക്കുമെന്ന പ്രതീക്ഷയും ഹായിൽ മൊട്ടിട്ടു തുടങ്ങിയിരിന്നു. 

പതിവിലേറെ പതറിയനാളിലൊരിക്കൽ  ഒരാപ്പിൾ മരച്ചുവട്ടിൽ ഹായ് തളർന്നു ഒറ്റക്ക് കിടന്നു. ആയ് ആകട്ടെ ചെയ്തുതീർക്കാനുള്ള ജോലികളിൽ മുഴുകി യജമാനസേവ തുടർന്നു.

മയക്കത്തിനിടയിൽ ശബ്ദംകേട്ട് ഞെട്ടിയുണർന്ന ഹായ് അരികിലൊരു ആപ്പിൾ കിടക്കുന്നതുകണ്ടു. ആർത്തിയോടെ അതിൽ പാടുകൾ ഉണ്ടോയെന്ന് തപ്പി നോക്കി. നിരാശയോടെ അവൾ മരക്കൊമ്പിലേക്കു നോക്കി. മരക്കൊമ്പിൽ ചുറ്റിയിരിക്കുന്നു സർപ്പത്തെ കണ്ടവൾ വിശപ്പിന്റെ ക്ഷീണം മറന്നു ആയുടെ അരികിലേക്കോടി. ആയ്ക്കു ആപ്പിൾ കാണിച്ചു കൊടുത്തു. വിശപ്പിന്റെ അസഹനീയത സഹിച്ചുളള അന്നത്തെ അദ്ധ്വാനത്തിനു പകരം കിട്ടിയ ഫലമാണെന്ന് മുഖചേഷ്ടകളാൽ ഹായ് പറഞ്ഞു.

"പരിശുദ്ധം, യജമാനനുള്ളത്" 

ആയ് ആപ്പിൾ പരിശോധിച്ചുകൊണ്ട് പറഞ്ഞു. ഹായ് പ്രതീക്ഷിക്കാത്ത മറുപടിയായിരുന്നു അത്.

"അല്ല നമുക്കുള്ളത്." അത് സമ്മതിക്കാനാവാത്ത വിധം വിശപ്പു അവളെ കീഴടക്കിയിരുന്നു.

"നീ ഇത് പറിച്ചെടുത്തതാണോ?"

"അല്ല, താഴെ വീണു കിട്ടിയതാണ്."

"എങ്കിൽ സമാധാനമായി, നമുക്കിത് യജമാനന് സമർപ്പിക്കാം."

"ഇല്ല ഇത് നമുക്ക് കഴിക്കാം, പരിശുദ്ധമായതല്ല."

"ഹായ്, മണ്ടത്തരം പറയാതെ, ഒരു പാടുമില്ലാത്തവ യജമാനനുള്ളതാണ്, ഒരു ജീവിയും രുചിച്ചു അശുദ്ധമാക്കാത്തത്." 

"അല്ല ഇതൊരു പാമ്പ് നക്കിയതാണ്."

"പാമ്പോ, നിനക്ക് തോന്നിയതാണ്, പാമ്പ് ആപ്പിൾ ഭക്ഷിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല."

"ഞാൻ കണ്ടു പാമ്പിനെ, എനിക്കായി ഇതിട്ടു തന്നത് ആ പാമ്പാണ്. എന്റെ വിശപ്പു കണ്ട് അലിവ് തോന്നിയതാവും പാമ്പിന്."

"യജമാനദോഷം പറയാതെ. യജമാനന്റെ തോട്ടത്തിൽ പാമ്പോ, ഇവിടെ? ഞാനൊന്ന് കാണട്ടെ."

അവരോടി ആപ്പിൾ മരച്ചുവട്ടിലെത്തി. അവളാ മരക്കൊമ്പിൽ ചുറ്റികിടക്കുന്ന പാമ്പിനെ ചൂണ്ടി കാണിച്ചു.

"ഇത് പാമ്പല്ല, ഇവാൻ പിശാചാണ്, ഹായ്."  

"യജമാനന്റെ തോട്ടത്തിൽ പിശാചോ?"

"നമ്മളെ പരീക്ഷിക്കാൻ പല രൂപത്തിൽ അവതരിക്കുന്ന പിശാചാണ് നീചജന്തുവായ ഈ പാമ്പ്. ഇത് നമ്മുടെ ശത്രുവാണ്, ഹായ്."

"കൈയ്യൊ കാലോ ഇല്ലാത്ത വെറുമൊരു ഇഴജന്തുവായ ഈ പാമ്പ് നമ്മുടെ ശത്രുവോ, എനിക്ക് മനസിലാകുന്നില്ല ആയ്, ഇതിനെങ്ങനെ നമ്മളെക്കാൾ ശക്തിയുണ്ടെന്ന്, നമ്മളെ എങ്ങനെ പരീക്ഷിക്കുമെന്നു?"  

യജമാനപൂജയെ യുക്തിയുടെ വാളിനാൽ അവൾ വെട്ടിമുറിച്ചു. വിശപ്പിന്റെ ക്ഷീണം അത്രയ്ക്ക് കഠിനമായിരുന്നു അപ്പോൾ അവൾക്കു.

ധാർമിക ചിന്തക്ക് ക്ഷതമേറ്റ ആയ് അവളുടെ വാക്കുകളുടെ ആഴങ്ങളിൽ മുങ്ങിത്താണു. ഒരു കരക്കടുക്കാനായി യജമാനസ്നേഹത്തിന്റെ കല്പനകൾ മനസ്സിൽ തുഴഞ്ഞു, ആയ്.

"കേടുപാടുകൾ ഇല്ലാത്തവയെല്ലാം യജമാനനുള്ളതാണ്, നിന്റെ കൈയിലെ ഈ ഫലവും അങ്ങനെ തന്നെ, അത് നിനക്കായി ഇട്ടു തന്നത്,  പിശാചായ ഇവൻ നിന്നെ പരീക്ഷിക്കാനല്ലേ?" 

ഒരു വിധം കരക്കടുപ്പിച്ചപോലെ ആയ് വിലപിച്ചു.

"അല്ല, വിഴുങ്ങാൻ നേരം വായിൽ നിന്നും ഊർന്നു വീണതാവും. അല്ലാതെ നമ്മെ പരീക്ഷിച്ചിട്ടു ഈ മിണ്ടാപ്രാണിക്ക് എന്ത് കിട്ടാൻ?"

"പരീക്ഷണങ്ങൾ പലരീതിയിൽ പലമാർഗങ്ങളിലൂടെ നേരിടേണ്ടി വരുമെന്ന് യജമാനൻ കല്പിച്ചിട്ടുണ്ട്. നമ്മുടെ വിധേയത്വം യജമാനനോട് മാത്രമായിരിക്കണം.  ഇത് നമുക്കുള്ളതല്ല, യജമാനന് നൽകേണ്ടതാണ്."

"ഇത് മറ്റൊരു ജന്തു തിന്നതിന്റെ ബാക്കിയല്ലേ, അതും പിശാച്? എച്ചിലായതു യജമാനന് വേണ്ടല്ലോ, ശുദ്ധമായതു മാത്രമല്ലേ സ്വീകരിക്കു."

"ഒരു കേടുമില്ലാത്ത ഈ ഫലം ഇപ്പോഴും ശുദ്ധമാണ്. ചതഞ്ഞിട്ടില്ലാത്തതും, പുഴുവരിച്ചിട്ടില്ലാത്തതുമായ എല്ലാം ശുദ്ധമാണെന്നാണ് കൽപ്പന."

"പുഴു തിന്ന എച്ചിൽ അശുദ്ധമാണെങ്കിൽ, വലിയ പുഴു നക്കിയ ആപ്പിൾ അശുദ്ധം തന്നെ. പുഴു തിന്ന എച്ചിൽ നമുക്ക് കഴിക്കാമെങ്കിൽ, ഇതും ഞാൻ ഭക്ഷിക്കും."

"വിലക്കപ്പെട്ടതു കഴിക്കരുത്.  വാഗ്ദാനം കിട്ടിയ പറുദീസയിൽ നിന്നു നമ്മെ പുറത്താക്കാൻ അതിക്രമിച്ച് കടന്നവൻ നൽകിയ ഫലം തിന്നരുതു. അവന്റെ പ്രലോഭനങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാൻ യജമാനന്റെ നല്ല വാക്കുകൾ ഓർക്കു, ഹായ്. അത് യജമാനന് തന്നെ നൽകാം."

"വിശപ്പു സഹിച്ച് നല്ല വാക്കുകൾ ഭക്ഷിക്കാൻ എനിക്കാവുന്നില്ല. ഞാനും നീയും വിശുദ്ധമായി കണ്ടു യജമാനന് നൽകുന്നത് മറ്റു ജന്തുക്കൾ ആർത്തിയോടെ തിന്നുന്നു, ജീവിക്കുന്നു. ഞാനിതു കഴിക്കും."

"ഹായ് അരുതു. ഇത് പരീക്ഷണമാണ്. നമ്മൾ പരാജയപ്പെടരുത്."

ആയുടെ വാക്കുകൾ ആ തോട്ടത്തിൽ അലിഞ്ഞിറങ്ങും മുമ്പ് തന്നെ ഹായ് ആപ്പിളിന്റെ ഒരു കഷ്ണം കടിച്ചിറക്കിയിരിന്നു. ക്രോധം എന്ന വികാരം എങ്ങനെ നിയന്ത്രിക്കണം എന്നറിഞ്ഞു കൂടാത്ത ആയ് ആ മരത്തിൽ ഏന്തിവലിഞ്ഞു കയറി. യജമാന കൽപ്പന ധിക്കരിക്കാൻ തക്കവണ്ണം ഹായെ പ്രേരിപ്പിച്ച സാത്താനായ പാമ്പിനെ തുരത്തുകയായിരിന്നു ലക്‌ഷ്യം.

ഒരാളുടെ തെറ്റ് മറ്റൊരാളിൽ ആരോപിക്കുന്ന അടിസ്ഥാന വികാരം ആയുടെ ഞരമ്പുകളിൽ കത്തിനിന്നു.

അറിവിന്റെ മാദക കൂൺ - Part 5

അറിവിന്റെ മാദക കൂൺ - Part 5

0
726

ആയുടെ വരവറിഞ്ഞു പാമ്പ് മരക്കൊമ്പിലൂടെ മറ്റൊരു വശത്തേക്കിഴഞ്ഞു. മുകളിലെത്തിയ ആയ് പാമ്പിനായി നാലുപാടും പരാതി നോക്കി. പറുദീസയുടെ വാതിലിൽ ആണിയടിക്കുന്ന സാത്താനെ എന്നേക്കുമായി മണ്ണിൽ കുഴിച്ചുമൂടണമെന്നു മനസ്സിൽ ആണയിട്ടു ആയ് മരക്കൊമ്പുകൾതോറും ചാടിക്കയറി.പരക്കം പാച്ചിലിനിടയിൽ ആപ്പിൾ മരത്തിൽ പറ്റി നിന്ന മറ്റൊരു വസ്തുവിൽ കണ്ണുടക്കിയ ആയ് മിഴിച്ചു നിന്നു.താൻ നട്ടുനനക്കാത്ത ഒരു സസ്യവർഗ്ഗവും ഇവിടില്ല. നനച്ച് വളർത്തി പരിശുദ്ധമായി സൂക്ഷിക്കുന്ന ഈ മരത്തിൽ പറ്റി നിൽക്കുന്ന മറ്റൊരു ചെറു സസ്യമോ? ഹായുടെ നേത്രങ്ങളുടെ വലുപ്പമുള്ള ഉണങ്ങിയ ഇലകളുടെ നിറമുള്ള ഒരു