Aksharathalukal

അറിവിന്റെ മാദക കൂൺ - Part 3


പുലരിയുടെ ജന്മമറിയിച്ചു പക്ഷികൾ പാറിപ്പറന്നു തുടങ്ങി. ആയും ഹായും  നദിക്കരയിലൂടെ നടന്നു. പുതിയ അതിഥിയെ കണ്ട തോട്ടം ഹർഷപുളകിതരായി കാറ്റിലാടി. ഫലവർഗ്ഗങ്ങൾ കുലുങ്ങിച്ചിരിച്ച് അവരെപ്പറ്റി പരദൂഷണം പറഞ്ഞു.

പുലരിയുടെ തണുപ്പിൽ ആയും ഹായും നദിയിലാറാടി.  മരക്കൊമ്പിലിരുന്ന ഇണക്കിളികൾ ഉറക്കമുണർന്നു അത് കണികണ്ട് കൊക്കുരുമ്മി.  പൂക്കൾ അസൂയപ്പെട്ടു മൊട്ടാകാൻ വെമ്പി. മുഴുത്ത കായ്കൾ കണ്ണിമാങ്ങാ പ്രായമാകാൻ കൊതിച്ചു. പഴുത്ത ഇലകൾ തളിർകാലത്തിന്റെ യവ്വനത്തെ നിരാശയോടെ ഓർത്തു വിലപിച്ചു.

ജലക്രീഡ നൽകിയ ഉന്മേഷം അവരുടെ മുഖത്തിനു പ്രസാദമായി. വലിയൊരുത്തരത്തിനായി വെമ്പൽ പൂണ്ടു ആയും ഹായും കരുതൽമരത്തെ ലക്ഷ്യമാക്കി നടന്നു.

കരുതൽമരത്തിനരികിൽ നിന്ന് മണിയടിച്ച് ആയ് ഉറക്കെ അലറി. യജമാനനോട് ഉത്തരം തേടി.

"ഈ ഭൂലോകത്തെ ഒരേയൊരു ഉടമയായ യജമാനനെ, അങ്ങയുടെ ദൂതൻ വഴി എനിക്കുത്തരം തരണമേ. അടിയന്റെ അപേക്ഷ സ്വീകരിക്കേണമേ."

തോട്ടത്തിലെ മരങ്ങൾക്കിടയിലൂടെ അവന്റെ ചോദ്യം കുറെ നേരം അലഞ്ഞു തിരിഞ്ഞു. മരങ്ങൾ നിശബ്ദമായി യജമാനന്റെ വരവിനായി ഓച്ഛാനിച്ച് നിന്നു. പുതുജന്മമെടുത്ത പൂക്കളിൽ ചിലതു അനുസരണക്കേട്‌ കാണിച്ചു. അവ വണ്ടുകളുമായി തല്ലുകൂടി.

ആയും ഹായും ഉത്തരത്തിനായി ആദരവോടെ ആകാശത്തേക്കു നോക്കി നിന്നു.

"ആയ്, നിനക്കെന്താണ് അറിയേണ്ടത്?" 

ആകാശത്ത് സ്വരം വെട്ടിവന്നു. പതിവിൽ നിന്ന് വ്യത്യസ്തമാണ് ആ ശബ്ദമെന്നു ആയ്ക്കു തോന്നി.

"പ്രഭോ, ഇത്, ഹായ്, നദിക്കരയിൽ വച്ച് ഞാൻ കണ്ടു മുട്ടി. ഇതാരെന്നു അങ്ങ് പറഞ്ഞു തരുമോ?"

"നിന്റെ സ്വപ്നങ്ങളിൽ നിന്നും നിന്റെ യജമാനൻ സൃഷ്ടിച്ച നിന്റെ പകുതിയാണ് ഇവൾ."

'ഇവൾ' എന്ന വാക്കു ആയ് മനസ്സിൽ പലയാവർത്തി ഉരുവിട്ടുറപ്പിച്ചു. ആ വാക്കു ആദ്യമായാവാൻ കേൾക്കുകയായിരുന്നു.

"യജമാനൻ, ഇവൾ എന്നാലെന്താണെന്നു അടിയന് അറിയില്ലല്ലോ"

"നിനക്ക് കൂട്ടായി ലോകമുള്ള കാലത്തോളം കൂടെ നിൽക്കേണ്ട നിന്റെ പകുതി, അതാണ് ഇവൾ"

"എനിക്കറിയില്ലായിരുന്നു, പ്രഭോ. അടിയന് സന്തോഷമായി. അങ്ങയോടൊരു ചോദ്യംകൂടി ചോദിക്കട്ടെ, പ്രഭോ?"

"നിനക്ക് ഉത്തരങ്ങൾ നൽകുന്നവൻ നിന്നെ ശ്രവിക്കുന്നുണ്ട്. എന്താണ് നിന്നെ അലട്ടുന്നത്?"

"ഇവളെ സൃഷ്ടിച്ചതെന്തിനാണ് പ്രഭോ?"

"ആയ്, നിന്റെ സ്വപ്നങ്ങളിൽ നിന്നും സൃഷ്ടിക്കപ്പെട്ട ഇവൾ, നിന്റെ ഭാരങ്ങളുടെ പങ്കു പറ്റാൻ സ്വയം തീരുമാനിച്ചത് നീയറിയുക. ഹായ് എന്ന ഇവൾ, നിന്റെ ശരീരത്തിന്റെ പകുതിയായ ഇവൾ, ഇന്ന് മുതൽ നിന്റെ നട്ടെല്ലായി അറിയപ്പെടും. നീ ഇവളോടൊപ്പം നിൽക്കുമ്പോൾ ബലവാനാകും. നീ ഇവളെ ഉപേക്ഷിക്കുമ്പോൾ ബലഹീനനുമാകും.  നീ ഒറ്റക്കല്ല ഇവളുമായി ഒന്നിച്ച് നിൽക്കുമ്പോൾ മാത്രം നിനക്ക് ശക്തിയുണ്ടാവും. നിനക്ക് നൽകപ്പെട്ട കൽപ്പനകൾ പാലിച്ച് നീയും ഇവളും ഒരു മനസ്സായി തോട്ടത്തിൽ പണിയെടുത്ത് ജീവിക്കുക."

"നന്ദി പ്രഭോ" 

യജമാനവാക്കുകൾ പൂർത്തികരിക്കും മുമ്പ് തന്നെ ആയ് സന്തോഷത്താൽ ഉപകാരമറിയിച്ചു. നാളിതുവരെ അരുത്, പാടില്ല, നിഷിദ്ധം എന്ന് മാത്രം കല്പിച്ചിട്ടുള്ള യജമാനൻ തനിക്കാദ്യമായി നൽകിയ സമ്മാനമോർത്ത് ആയ് ആനന്ദിച്ചുപോയി.

പക്ഷെ സന്തോഷം നിറഞ്ഞ യജമാന വാക്കുകൾക്കു വിരാമമിട്ടു ആ ശബ്ദസാന്നിദ്ധ്യമാകലുമ്പോൾ ചോദ്യങ്ങൾ നിറഞ്ഞ മുഖവുമായി ഹായ് മ്ലാനവദനയായി നിന്നു. ഇതാണോ ഞാൻ? ഇന്നാണോ ഞാൻ സൃഷ്ടിക്കപ്പെട്ടത്? ഇന്നലെ വരെയുള്ളതെല്ലാം മറന്നു ഞാൻ ഉറങ്ങുകായായിരുന്നു എന്നാണല്ലോ കരുതിയത്. പകുതിയാണെങ്കിലും ആയും ഞാനും രൂപത്തിൽ പലതും വ്യത്യാസമുണ്ടല്ലോ. പകുതി അടർത്തിയിട്ടും ആയ് ഇതൊന്നും അറിയാത്തതെന്തേ? വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ. യജമാനൻ നുണ പറയുകയാണോ? അതോ ഞാൻ കേട്ടത് യജമാന ശബ്ദം അല്ലയോ?

"ഇതാണോ നിന്റെ യജമാനൻ?" ഈർഷ്യകലർത്തി ഹായ് ചോദിച്ചു.

"അല്ല, ദൂതനാണ് നമ്മോട് സംസാരിച്ചത്"

"യജമാനന്റെ ഇഷ്ടവും ആജ്ഞയുമല്ലേ നമുക്ക് വേണ്ടത്. ദൂതന്റെ ഇഷ്ടമല്ല ശരിയെങ്കിലോ?"

"ദൂതനെ സംശയിക്കരുത് ഹായ്, യജമാനന്റെ ഇഷ്ടമെന്തോ, അത് മാത്രമേ ദൂതൻ നമ്മെ അറിയിക്കു"

"അതെങ്ങനെ ഉറപ്പിച്ച് പറയാൻ പറ്റും."

"ചിലപ്പോഴൊക്കെ എന്റെ സംശയങ്ങൾക്കു ദൂതൻ മറ്റൊരു അവസരത്തിൽ മാത്രമേ മറുപടി തരാറുള്ളു. യജമാനനോട് ചോദിച്ചിട്ടായിരിക്കുമല്ലോ അപ്പോൾ ദൂതൻ ഉത്തരം നൽകുന്നത്."

"എനിക്കുറപ്പില്ല. ദൂതൻ എന്ന് പറഞ്ഞു വരുന്ന ആൾ തന്നെയായിരിക്കും യജമാനനും. ഉത്തരം മുട്ടുമ്പോൾ തടിതപ്പുന്നതായിരിക്കും."

"അയ്യോ ഹായ് അങ്ങനെ പറയരുത്. നിന്റെ യജമാനനെ സംശയിക്കരുതു എന്നും ആജ്ഞാപിച്ചിട്ടുണ്ട്" 

"ശരി, വിശ്വസിക്കാം. പക്ഷെ എന്റെ സംശയം, എല്ലാത്തിന്റേയും ഉടമയായ യജമാനൻ എന്തെ നേരിട്ട് വരാത്തത്?"

"അത് ഞാൻ ചോദിച്ചു, ദൂതനോട്. അദൃശ്യനെങ്കിലും എല്ലാം കണ്ടുകൊണ്ട് യജമാനൻ എപ്പോഴും കൂടെയുണ്ടെന്നുള്ള വിശ്വാസം ഉണ്ടാകണമെന്ന കൽപ്പന തന്നു, പകരം"

"എങ്കിൽ ഉറപ്പാണ്, യജമാനന് വേറെയും തോട്ടമുണ്ടാവും. പുള്ളിക്കാരൻ അവിടെയൊക്കെ ചുറ്റിവരാൻ സമയം തികയാഞ്ഞിട്ടു ഇടക്കിടെ ദൂതനെ അയക്കുന്നതാവും."

"എനിക്കറിയില്ല ഹായ്, പക്ഷെ യജമാനൻ എല്ലാമറിയുന്നുണ്ട്. നമ്മൾ സംസാരിക്കുന്നതും അറിയുന്നുണ്ടാവും. സൂക്ഷിക്കണം നമ്മൾ."

"എങ്കിൽ, എന്തേ ഇപ്പോൾ നമ്മളുടെ മുന്നിൽ വന്നു ചോദ്യം ചെയ്യാത്തത്?” വിട്ടുകൊടുക്കാൻ ഹായ് തയ്യാറല്ലായിരുന്നു.

ഉത്തരം മുട്ടിയ ആയ്, സർവ്വപാപങ്ങളും തോളിലേറ്റിയ അപരാധിയെ പോലെ നിസ്സഹായനായി നിന്നു. യജമാനകോപത്തിനു പാത്രീഭവിക്കുന്ന ദുരന്തനിമിഷം മനസിലൂടെ കടന്നുപോയപ്പോൾ ആയ് സംസാരം അവസാനിപ്പിക്കാനായി വാമൂടി നിന്നു.

നിശ്ചയിച്ചുറച്ച മനസോടെ ഹായുടെ കൈകളിൽ പിടിച്ച് അവൻ കൊഞ്ചി നിന്നു.

"വരൂ ഹായ് നമുക്ക് നദിക്കരയിലേക്കു പോകാം. വഴിയിൽ വീണുകിടക്കുന്ന പുഴുവരിച്ച ഫലങ്ങൾ തിരയാം. പക്ഷികൾ കൊത്തിയിട്ട പഴങ്ങൾ കഴിക്കാം. പരിശുദ്ധമായവ തേടിപിടിച്ച്  കരുതൽമരച്ചുവട്ടിലെ സഞ്ചിയിൽ നിക്ഷേപിക്കാം."

‘ഫലം ഇച്ഛിക്കാതെ പണിയുമെടുക്കാം’   ഒരു പിറുപിറുപ്പോടെ അവൾ അനുസരണയുള്ള വളർത്തു മൃഗത്തെപോലെ അയാളോടൊപ്പം നടന്നു, സംശയങ്ങൾ നിറഞ്ഞു തുളുമ്പി അവളറിയാതെ നാവു ചലിച്ചു പോയി.

"എന്താണ് ആയ്, കല്പനകൾ?" 

കേൾക്കാനിരിക്കുന്നതിലെങ്കിലും ആശ്വാസത്തിന് വകയുണ്ടാകുമെന്ന പ്രതീക്ഷയിൽ അവൾ നിരാശയോടെ ചോദിച്ചു.

"രാവിലെ എഴുന്നേറ്റു നദിക്കരയിൽ ചെല്ലുക. വെള്ളത്തൊട്ടിയിൽ വെള്ളംകോരി നിറച്ചു തോട്ടത്തിലെ മരങ്ങൾ നനക്കുക. നിനക്ക് വിശക്കുമ്പോൾ നീ എന്നെ ഓർക്കുക. എന്നിട്ടു നീ തോട്ടം മുഴുവനും നിന്റെ ഭക്ഷണത്തിനായി തിരയുക. ഏതെങ്കിലും വൃക്ഷച്ചുവട്ടിൽ നീ പക്ഷികൾ കൊത്തിയിട്ട ഫലങ്ങൾ കണ്ടെത്തും. അതാണ് നിനക്കായി ഞാൻ കരുതി വച്ച അന്നത്തെ നിന്റെ ആഹാരം. കേടുപാടുകൾ ഇല്ലാത്തവ നീ എനിക്കായി കരുതൽമരച്ചുവട്ടിലെ സഞ്ചിയിൽ നിക്ഷേപിക്കണം. നിന്നെപോലെയും അല്ലാതെയുമുള്ള മറ്റു ജീവികൾ ആഹരിക്കുന്നതു കണ്ടു നീ മോഹിക്കരുത്. നിനക്ക് വിധിച്ചത് നിന്റെ യജമാനൻ യഥാസമയം ഭൂമിയിൽ വീഴ്ത്തി തരുന്നതായിരിക്കും. ഇത് നീ അനുസരിച്ച് നിന്റെ സത്യസന്ധത കാത്ത് സൂക്ഷിച്ചാൽ ഒരു നാൾ ഈ തോട്ടം ഞാൻ നിനക്കായി നൽകും. അന്ന് മുതൽ നിനക്ക് ഈ തോട്ടത്തിലെ ഏതൊരു ഫലവും ഭക്ഷിക്കാം. അന്നിത് നിന്റെ പറുദീസയായി മാറും. ഓർക്കുക നിന്റെ പരീക്ഷകൾ നീ ജയിക്കേണ്ടത് എന്റേയും ആവശ്യമാണ്. അതിനായി ഞാൻ മറഞ്ഞുനിന്നു എല്ലാം വീക്ഷിക്കുന്നുണ്ടാകും. നീ നിന്റെ യജമാനനെ പ്രീതിപ്പെടുത്താൻ നിന്റെ സത്യസന്ധത എന്നെന്നും കാത്ത് സൂക്ഷിക്കുക. നിനക്കായി വാഗ്ദാനം കിട്ടിയ നിന്റെ പറുദീസക്കായി നീ കാത്തിരിക്കുക."

വിജയശ്രീലാളിതനെപോലെ ആയ് പറഞ്ഞു നിർത്തുമ്പോൾ ഹായ് സന്തോഷംകെട്ട മുഖത്തോടെ നിന്നു.

"നല്ല കാര്യം തന്നെ. അദൃശ്യനായ യജമാനനും, ശബ്ദമായ ദൂതനും അടിമയായ സൃഷ്ടിയും." ഹായ് കളിയാക്കി പറഞ്ഞു.

"എന്താ ഹായ് നിനക്കിഷ്ട്ടമായില്ലേ, കൽപ്പന?"

"വേറൊരാളെകൊണ്ട് പണിയെടുപ്പിക്കാൻ പറ്റിയ കൽപ്പന. പട്ടിണി കിടന്നു സ്വപ്നങ്ങൾ കണ്ടു അടിമപ്പണിയെടുക്കണം അല്ലെ, ആയ്."

"അങ്ങനെ പറയരുത്. നാളെ പറുദീസാ നമുക്ക് കിട്ടുമല്ലോ, അതിനായി പണിയെടുക്കുന്നു എന്ന് കരുതിയാൽ പോരെ.?"

"കിട്ടുമോ, പറുദീസാ."

"സംശയമൊന്നുമില്ലാതെ ജോലി ചെയ്‌താൽ കിട്ടും."

"എനിക്ക് തോന്നുന്നില്ല."

"നമ്മൾ ഒന്നിച്ച് നിൽക്കണമെന്നല്ലേ യജമാനൻ പറഞ്ഞത്? എന്റെ പകുതിയായ നീയുമായി നിൽക്കുമ്പോൾ നമ്മൾ ബലവാനാകും എന്നല്ലേ? അപ്പോഴിത്‌ കഷ്ടപ്പെട്ട പണിയായി തോന്നുമോ?"

"ഒന്നിച്ച് നിൽക്കാൻ പറഞ്ഞത് ബലവാനാകാനല്ല, യജമാനന്റെ തോട്ടത്തിലെ പണിയെടുക്കാൻ ഒരാളെക്കൂടി കിട്ടാനാണ്. അല്ലാതെ നമ്മളൊന്നാകാനാണെന്നു തോന്നുന്നില്ല."

"എന്റെ പകുതിയായ നീ സ്വയം തീരുമാനം എടുത്തു എന്നല്ലേ യജമാനന്റെ അരുളപ്പാട്."

"പകുതിയും മണ്ണാങ്കട്ടയുമൊന്നുമല്ല. ഇപ്പോഴും അത് പറഞ്ഞു പറഞ്ഞു അങ്ങനെ വരുത്തണ്ട."

അൽപ്പം പരിഹാസം ദേഷ്യത്തിൽ കലർത്തിയാണ് ഹായ് അത് പറഞ്ഞത്. 

"ഒന്നിച്ച് നിന്നില്ലെങ്കിൽ നമ്മൾ പറുദീസാനഷ്ടം സഹിക്കേണ്ടി വരില്ലേ, ഹായ്?"

സങ്കടമേറിയപ്പോൾ ഒരുവശത്തേക്കു ചരിഞ്ഞുപോയ ആയ് വല്ലായ്മയോടെ പറഞ്ഞു. രോഗാതുരനെപോലെയുള്ള ആയുടെ നിൽപ്പുകണ്ട്‌ ഹായുടെ മനസ്സിൽ അലിവിറങ്ങി. 

"യജമാനൻ പറഞ്ഞതൊന്നും ഞാൻ വിശ്വസിച്ചിട്ടില്ല. എന്നാലും നിന്റെ പറുദീസ കിട്ടുമെന്ന വിശ്വാസത്തിനു വേണ്ടി ഞാനും നിന്നോടൊപ്പം പണിയെടുക്കാം."

ഒരു വശത്തെ തളർച്ച മാറിയത് പോലെ ആയ് തന്റെ തോളൊന്നു കുലുക്കി നദിക്കരയിലേക്കു നടന്നു. പുറകെ ഹായും. വെള്ളത്തൊട്ടിയുമായി അവർ പലതവണ തോട്ടമാകെ വന്നു പോയി. 

ദിവസങ്ങൾ, മാസങ്ങൾ കടന്നു പോയി കൊണ്ടിരിന്നു.

ചോദ്യങ്ങളില്ലാതെ, പിണക്കങ്ങളില്ലാതെ ആയും ഹായും തോട്ടത്തിൽ യജമാനകല്പന അനുവർത്തിച്ചു  ജീവിച്ചു, പറങ്കിമാങ്ങാ കായ്ച്ചകാലം വരെ.

അറിവിന്റെ മാദക കൂൺ - Part 4

അറിവിന്റെ മാദക കൂൺ - Part 4

0
495

പറങ്കിപഴം കാണിച്ചു മാങ്ങ യജമാനന് സമർപ്പിച്ചു വിത്ത് തങ്ങൾക്കു ഭക്ഷിക്കാമെന്നു ഹായ് വാശിപിടിച്ചതു ആചാര ലംഘനമാകുമോ എന്ന ചിന്ത ആയെ വിഷമിപ്പിച്ചു.അരുളപ്പാടുകളിൽ കറുത്ത പാടാകുന്ന ഒന്നും തന്നെ സ്വീകരിക്കാൻ ആയ് ഒരുക്കമല്ലായിരുന്നു, പാടുകളേറെയുള്ള ഫലങ്ങൾ ഒരുപാട് ഭക്ഷിച്ചിരുന്നുവെങ്കിലും."കേടുപാടുകളില്ലാത്തതും മറ്റുജീവികൾ ഭക്ഷിക്കാത്തതുമായ എല്ലാം യജമാനനുള്ളതാണ്." ആയ് എതിർശബ്ദമുയർത്തി."വിളഞ്ഞ പറങ്കിപ്പഴം യജമാനന് നൽകി, കുരു നമുക്ക് കഴിക്കാമല്ലോ, നിലത്തുവീണ പക്ഷികൾ കൊത്തിപ്പറിച്ച കായ്‌ഫലങ്ങൾ നമ്മൾ ഭക്ഷിച്ച് കുരുവെല്ലാം ഉപേക്ഷിക്കുകയാണല്ലോ പതിവ്