അനുരാഗത്തിന്റെ രുചിയും സ്നേഹത്തിന്റെ മണവും (നിഷ്കാമകർമ്മത്തിന്റെ ആത്മാർത്ഥത)
പാർക്കിലിരുന്നത് ഏതാനും നിമിഷങ്ങൾ മാത്രമാണെങ്കിലും വീട്ടിലെത്തിയതിനു ശേഷം ഓർമ്മകളിൽ ആ നിമിഷങ്ങൾ അവസാനിക്കാത്ത യുഗങ്ങൾ പോലെ നീണ്ടു നിന്നു. മനസ്സിൽ നിന്നും ആ ചിരി മായുന്നില്ല. പുരികത്തിനു കീഴെ കണ്ണുകൾ പകുതിയടഞ്ഞ് മുൻനിരപല്ലുകൾ മുഴുവനും കാണത്തക്കവിധം ചുണ്ടുകൾ വിടർന്നു അവൾ ചിരിച്ചാൽ ഒരു നിമിഷത്തേക്കാണെങ്കിൽ പോലും അതുപിന്നെ മനസ്സിൽ ഒരിക്കലും അണയാത്ത പ്രഭാചിത്രമായി നിൽക്കും.
വശ്യമായ നവമണം ആസ്വദിക്കാൻ എൻ്റെ കൈത്തണ്ടകൾ എത്രനേരം മൂക്കിനരികിൽ വച്ചിരുന്നു...?
രാത്രിസ്‌നാനത്തിന്റെ അനിവാര്യതയിൽ ആ സുഗന്ധം അവസാനിക്കാൻ പോകുന്നത് സോപ്പിന്റെ തലോടലിൽ വേദനയോടെ അറിഞ്ഞു.
എങ്കിലും, രാത്രിയിൽ ഉറങ്ങുമ്പോൾ കൈത്തണ്ടയിൽ മുഖംഅമരുമ്പോൾ ആ മണം പൂത്തിരിന്നതു മനമറിഞ്ഞു. കൂടുതൽ ദാഹം മനസിനെ ഉറാക്കിയില്ല.
അവൾ ആരാണ്? അസാന്നിധ്യത്തിൽ പോലും സുഗന്ധം പകരുന്ന ഗൂഢകഥയിലെ നായികയെപ്പോൾ അവൾ നിറത്തിലും മണത്തിലും വസന്തമായി നിൽക്കുന്നു.
പിറ്റേന്ന്, ക്ലാസില്ലല്ലോ എന്നോർത്തപ്പോൾ ഒരു നിരാശയും തോന്നി. സ്‌കൂളിൽ പോകുന്നത് ഇപ്പോഴും ഒരു ഇഷ്ടക്കേടിനു കാരണമാണെങ്കിലും ഇന്ന് താല്പര്യമേറുന്നു. പക്ഷെ എങ്ങനെ പോകും, ഇന്ന് ഡൂട്ടി ഓഫീസിൽ തന്നെയാണല്ലോ? മടുത്ത മനസുമായി ഓഫീസിലേക്ക് പതിവ് ബസ് യാത്ര തുടർന്നു.
വഴികാഴ്ചകൾ മങ്ങിയ നിറത്തിൽ പിന്നിലേക്കോടി. മനസ് വേഗത്തിലോടി പാർക്കിലേക്ക് കുതിക്കാൻ വെമ്പി.
ഉച്ചനേരം വരെ സ്‌കൂളിനരികിലെത്താൻ ഒരു കാരണത്തിനായി പരക്കം പാഞ്ഞു. ഒരു അത്യാവശ്യകാര്യത്തിനായി വീട്ടിൽ പോകേണ്ടതുണ്ടെന്ന നുണ പറഞ്ഞു ഉച്ചയായപ്പോൾ തന്നെ ലീവെടുത്തു ഇന്നലത്തെ അതെ സമയം അവിടെയെത്താൻ തീരുമാനിച്ചു. പക്ഷെ, അവിടെ എത്തിയപ്പോൾ താമസിച്ചു പോയിരുന്നു.
അവിടെമാകെ പരതിയെങ്കിലും അവളെ കണ്ടില്ല. നിരാശ, സങ്കടം വേദന, വെറുപ്പ് എന്നിവയുടെ കൂട്ടപ്പൊരിച്ചിലിൽ മനസ്സാകെ തളർന്നു പോയി. ക്ലിപ്ത സമയത്ത് ഓടിയെത്താൻ കഴിയാത്ത ബസിനെ പ്രാകി ഉച്ചച്ചൂടിൽ ശരീരം വിയർത്തു നിന്നു.
എങ്ങനെ അവളെ കണ്ടു പിടിക്കും? എവിടെയാണവൾ താമസിക്കുന്നത്? പേരറിയാതെ എങ്ങനെ അന്വേഷിക്കും? പേര് ചോദിക്കാതിരുന്നത് മണ്ടത്തരമായി പോയി. ഇനി കാണുമ്പോൾ ചോദിക്കണം ഉറപ്പായും. പക്ഷെ. ഇനി തമ്മിൽ കാണുമോ?
മുഖം തുടക്കുമ്പൊൾ ആ മണം അപ്പോഴും കൈകളിലുണ്ടെന്നു തിരിച്ചറിഞ്ഞു. എന്താണെനിക്ക് സംഭവിക്കുന്നത്? ആരാണവൾ എന്നതിനേക്കാൾ എനിക്കാരാണവൾ എന്ന മട്ടായി ഉൾപ്രേരണയിൽ.
ആ മണം എന്നിൽ നിന്നും മറയാതിരിക്കാൻ അനശ്വരമായ എന്താണവൾ എന്നിൽ വാർഷിച്ചത്? ഏതു സൃഷ്ടിയുടെ അവതാരമാണവൾ? എനിക്ക് വേണ്ടി ഞാൻ കാണുന്ന എൻ്റെ സ്വപ്നങ്ങളിലാണോ അവൾ ജീവിക്കുന്നത്? താൽക്കാലമാണെങ്കിലും ആവർത്തിച്ച് ജീവൻ വയ്ക്കുന്ന എൻറെ തോന്നലുകളാണോ എല്ലാം?
തിരികെ ബസ്സിൽ മടങ്ങുമ്പോൾ വഴിയിലാകമാനം ആ തോന്നലുകൾ ജീവനായി കണ്ടുമുട്ടാൻ കണ്ണുകൾ തുറന്നു പിടിച്ചിരുന്നു, പൊടിക്കാറ്റിനെതിരെ പൊരുതി.
വീടെത്തിയിട്ടും, കുടുംബവുമായി സാംസാരിക്കുമ്പോഴും സത്യത്തിനും മിഥ്യയ്ക്കുമിടയിൽ മനസ് ഒരു ചോദ്യത്തിന്റെ തീർപ്പിനായി കാത്തു നിന്നു, ഉത്തരമില്ലാതെ.
വിരസമായ സന്ധ്യയായി, വിഷമമായ രാത്രിയായി, ഉഷാറുള്ള ഉഷസ്സായി, മൂന്നാം ദിവസം. ഇന്ന് സ്‌കൂളിൽ ക്ലാസ്സുണ്ട്.
രാവിലത്തെ വിരസമായ പതിവ് ക്ളാസുകൾ കഴിഞ്ഞു ഉച്ചക്ക് ഭക്ഷണം കഴിച്ചെന്നു വരുത്തി അവളെ ആദ്യമായി കണ്ട ബസ്‌സ്റ്റോപ്പിനരികിലെ ആല്മരച്ചുവട്ടിൽ കാത്തു നിന്നു.
സമയമേറെ ആയിട്ടും അവൾ വന്നില്ല. സംശയങ്ങൾ മനസിലൂറി വന്നു. എല്ലാമെന്റെ തോന്നലാണോ? എൻ്റെ സ്വപ്നമായിരിന്നോ?
കൈകളിലെ ആ മണം ഇപ്പോഴുമുണ്ട്. പാർക്കിൽ പോയി നോക്കിയാലോ എന്നൊരു ചിന്ത മനസ്സിൽ കത്തിക്കയറി.
ശരവേഗത്തിൽ ശരീരം പാർക്കിലെത്തും മുമ്പ് കണ്ണുകൾ മുന്നിൽ നിന്നു പാഞ്ഞു. ഇരുണ്ട അന്തരീക്ഷത്തിൽ കാഴ്ചകൾ പിടിച്ചെടുക്കാൻ കണ്ണുകൾ അല്പം ആയാസപ്പെടുന്നുണ്ടോ?
ഞാൻ വരുമെന്നുറപ്പിച്ചിരുന്നത് പോലെ അവൾ അതെ ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു. ആ സത്യം ഉൾക്കൊള്ളാൻ സന്തോഷത്തോടൊപ്പം അത്ഭുതം എന്ന വികാരവും പ്രയാസപ്പെട്ടു. രണ്ട് മൂന്നു തവണ കണ്ണുകൾ അടച്ചു തുറന്നു അതുറപ്പ് വരുത്തി.
ഇന്നലെയും അവൾ ഇവിടെ എനിക്കായ് കാത്തിരിന്നിരിക്കുമോ?
അവൾ ചിരിച്ചു, സ്വാഗതം ചെയ്തു, ആ വശ്യതയോടെ. ആ മയക്കുന്ന മണം അവിടെമാകെ പരക്കുന്നതായി തോന്നി.
അവളുടെ കൂടെ വേറൊരു പെൺകുട്ടിയുമുണ്ടല്ലോയെന്നു തിരിച്ചറിഞ്ഞത് അൽപ്പം കഴിഞ്ഞാണ്. അൽപ്പം പ്രായം കുറഞ്ഞവൾ.
അവൾ എന്നെ ഇരിക്കാൻ ക്ഷണിച്ചത് അവരുടെ നടുവിലായിരുന്നു! അവർ അന്യമായ ഒരു പുരുഷനെ നാടുവിലിരിക്കാൻ സ്വമനസ്സാലെ ആവശ്യപ്പെടുന്നു. കൺമുമ്പിൽ കാണുന്നത് സത്യമോ?
അന്താളിപ്പോടെ ആ കുട്ടി ആരാണെന്നു കണ്ണുകൊണ്ട് ചോദിച്ചു.
"ഇതെന്റെ ഒരു അയൽക്കാരിയാണ്, മായ" അവളെ പരിചയപ്പെടുത്തി.
ഇനി എന്നെ പരിചയപ്പെടുത്തുമ്പോൾ അവൾ എൻ്റെ പേര് പറയുമല്ലോ എന്നോർത്ത് ഞാൻ ആകാംക്ഷയോടെ ഇരിന്നു.
"ഇത് എൻ്റെ ഫ്രണ്ടാണ്, മാർത്ത സ്‌കൂളിലെ കമ്പ്യൂട്ടർ സാർ."
അപ്രതീക്ഷിതമായ രീതിയിൽ ഒരു പരിചയപ്പെടുത്തൽ. അവൾ എൻ്റെ പേര് ഒഴുവാക്കിയിരിക്കുന്നു, മനപ്പൂർവ്വമാണോ? എന്നെ അവൾക്കറിയില്ലേ? ഞാനെങ്ങനെ അവളുടെ പേര് ചോദിക്കും?
"മായ എന്ത് ചെയ്യുന്നു."
ആകെ കിട്ടിയ പേരിലൂടെ ചോദ്യമിട്ടു. അവൾ മറുപടിയിൽ തന്റെ കൂട്ടുകാരിയുടെ പേര് പരമാര്ശിച്ചാലോ?
"പണിയൊന്നുമില്ല സാറേ, പാവപെട്ട കുട്ടിയാണ്, അച്ഛനില്ല, വരുമാനമില്ല, സാറിനു ഒരു ജോലി വാങ്ങി കൊടുക്കാമോ?"
ഒരു ശുപാർശക്കുവേണ്ടി മാത്രമായിരുന്നോ എന്നെ പരിചയപ്പെട്ടത്?
"പഠിത്തം?"
"സ്‌കൂളിൽ മിടുക്കിയായിരുന്നു. പത്താം ക്ലാസ്സില് നല്ല മാർക്കുണ്ട്. ഇനി പഠിക്കാനൊന്നും പോകുന്നില്ല. എന്തെങ്കിലും അടുക്കള പണി ചെയ്തിട്ടായാലും വയ്യാത്ത അമ്മയെ സഹായിക്കണം എന്നാ കൊച്ചു പറയുന്നത്. അതിനു എൻ്റെ കൂടെ വന്നതാ. എന്ത് ജോലിയായാലും ചെയ്യും സാർ. സ്‌കൂളില്ലാത്ത ദിവസങ്ങളിൽ അവൾ അമ്മയുടെ കൂടെ വീട്ടു ജോലിക്കു പോകാറുണ്ടായിരുന്നു."
ആ വാക്കുകൾ ഉരുവിടുമ്പോൾ അവളുടെ വശ്യത അന്യമാകുകയും പ്രാരാബ്ദ്ധചിന്തയുടെ തീഷ്ണത മുഖത്ത് നിഴലിക്കുകയും ചെയ്തിരുന്നു. പ്രതീക്ഷയുടെ ഒരു വെട്ടം മായയുടെ മുഖത്തും കണ്ടു.
ഒരു രക്ഷകനെ കണ്ട അബലയായി അവൾ.
ഒരു നിമിഷം ഓഫീസിലെ അസിസ്റ്റന്റ് ജോലിക്കു ശുപാർശ ചെയ്താലോ എന്ന് തോന്നി. പക്ഷെ ചായ ഉണ്ടാക്കുക മാത്രമല്ല ബാത്രറൂം ക്ളീനിങ്ങ് ഉൾപ്പടെയുള്ള ജോലികൾ ചെയ്യാനുള്ള പ്രായമായിട്ടില്ലല്ലോ.
"നോക്കാം. നിങ്ങള് വിചാരിച്ചാൽ നടക്കില്ല?" നീ എന്ന് പറയാൻ തോന്നിയില്ല, പേരെന്താണെന്നു ചോദിച്ചു കാര്യം പറയാം എന്ന് വിചാരിച്ചാൽ മായ എന്ത് വിചാരിക്കും? പരിചയപെടുത്തിയ തന്റെ സുഹൃത്തുകൾക്ക് തമ്മിൽ അറിയില്ലെന്നു?
"ഓ, നമ്മുടെ ജോലിയൊന്നും അവൾക്കു വേണ്ട സാറേ." അത് പറഞ്ഞു കൊണ്ടവൾ എൻറെ കൈയ്യിൽ പിടിച്ചടുപ്പിച്ച് അവരുടെ നടുക്കിരുത്തി.
ഇടതു വശത്ത് അവളും വലതു വശത്ത് മായയും. സ്വാഗതം നേരത്തെ കിട്ടിയതാണെങ്കിലും ഞാനത്രയും നേരം അവിടെ തന്നെ നിൽക്കുകയായിരുന്നു. അവിടിരുന്നതിനു ശേഷം മായയുടെ മുഖത്തെക്കാണാദ്യം നോക്കിയത്.
അപ്പോഴേക്കും മായ എണീറ്റ് പോയി അവിടം ആദ്യമായിട്ട് ചുറ്റി കാണുന്നത് പോലെ നടന്നു. ഇനി പേര് ചോദിച്ചാലോ, എന്നെ എങ്ങനെ അറിയാം, നമ്മൾ ഇതിനു മുമ്പെവിടെ വച്ചാണ് കണ്ടത്? എൻറെ പേരെന്ത്? അത്രയും ചോദ്യങ്ങൾ മനസ്സിൽ ഒരു വാക്യമായി രൂപപ്പെട്ടു.
"ക്ലാസിനു സമയമായില്ലല്ലോ അല്ലെ?" നാണത്തിൽ ചാലിച്ച പരിഹാസം മുഖത്ത് വിടർത്തികൊണ്ട് അവൾ പറഞ്ഞു.
അവൾ അവന്റെ അടുത്തേക്കു ചേർന്നിരുന്നു. അവളുടെ വലതു കൈ അവന്റെ വലതു തോളിൽ വച്ചു അവനെയൊന്നു കുലുക്കി കണ്ണുകൾ വിടർത്തി നോക്കി. വശ്യമായ നോട്ടം. കാലങ്ങളായി കാത്തിരുന്നയാളെ കണ്ടുകിട്ടുമ്പോഴുള്ള ഭാവമോ?
ആ മണം ശരീരമാകെ പടരുന്ന പോലെ തോന്നി. അടിവയറിൽ പ്രകമ്പനം കൊണ്ട് കുലുങ്ങി. ലഹരിയിൽ കുതിർന്നു വിറയലും വിയർക്കലുമില്ലാതെ എന്തിനെയോ ആകർഷിക്കുന്ന കാന്തമായി എൻ്റെ ശരീരം മാറി. മനസ്സിൽ നിറഞ്ഞിരുന്ന ചോദ്യങ്ങൾ മുഴുവനും അതിൽ വികർഷിച്ച് അകന്നു പോയി.
അല്ലെങ്കിലും, ആ ലഹരിയെ നിർവീര്യമാക്കുന്ന ചോദ്യങ്ങളെ പടിക്കു പുറത്ത് നിർത്തുന്നതാണ് അപ്പോഴാവശ്യം.
അവളെന്നെ കൂടുതൽ ഇറുക്കി പിടിക്കുന്നതായി തോന്നി. അതോ അങ്ങനെ ഞാൻ ആഗ്രഹിക്കുന്നതാണോ? എന്താണ് എന്നിൽ ഉറങ്ങിയെണീറ്റ ഭാവങ്ങൾ?
"എന്താ സാറേ ഇവിടം ഇഷ്ടപെട്ടില്ലെന്നു തോന്നുന്നു, വേറെ എവിടെയെങ്കിലും പോകണോ?"
മറുപടി പറയാൻ നാവിൽ ഒന്നും വന്നില്ല. ഇവിടം സ്വർഗ്ഗമാണു, ഈ മണത്തിൽ, ഈ വശ്യതയിൽ, ഞാൻ തൃപ്തനാണ്.
"ഇവിടം ഇഷ്ടപ്പെട്ടു, ഞാൻ ഒക്കെയാണ്."
ഒരകൽച്ചപോലും രസംകൊല്ലിയാവാതിരിക്കാൻ അവൻ അവസാനം നാവു ചലിപ്പിച്ചു.
"ഞാൻ ഒക്കെയല്ലാ." ഒരു ചെറിയ കള്ളച്ചിരിയിൽ അവൾ പറഞ്ഞു.
എന്താണ് കാരണം എന്നറിയാമോ എന്ന ഭാവത്തോടെ അവളൊരു നോട്ടം നോക്കി. അതിനുത്തരമായി ഭാവങ്ങളുടെ അവിയൽ കൂട്ടം മുഖത്ത് നിറച്ചു അവനിരുന്നു. എനിക്കിപ്പോൾ അവളാരാണ്?
കാണാമറയത്ത് നിന്നു കാലങ്ങൾ കഴിഞ്ഞു മടങ്ങിവന്ന കാമുകിയോ?
അതെ, അവളെന്റെ കാമുകി തന്നെ, എന്നോ ആയിരുന്ന കാമുകി. ഓർമ്മകൾ മറന്ന അടച്ചിട്ട മനസിന്റെ മുറിയിൽ കാലങ്ങളോളം ഉറങ്ങിക്കിടന്ന എൻ്റെ സ്വപ്ന കാമുകി.
നിന്റെ പേരെന്താണ് എന്ന ചോദ്യങ്ങളൊക്കെ അന്നേരം വഴിമാറി നിന്നു. ഇതാണ് നല്ലയിടം നമുക്കിരിക്കാൻ എന്ന് മനസ് പറഞ്ഞത് മുഖം അവളെ അറിയിച്ചു.
"എന്നിട്ടെന്താ, സാറിനു ഇഷ്ടപ്പെടാത്തത് പോലെ, എന്താ എന്നോടെന്തെങ്കിലും...?"
"സ്നേഹത്തിന്റെ മണം എനിക്ക് കിട്ടുന്നു, ഇവിടെ."
പെട്ടന്ന് വന്ന അവന്റെ വാക്കുകൾ കരുതി വച്ചിരുന്ന വാക്കുകളിൽ നിന്നും പരിണാമത്തിലൂടെ രൂപം മാറിപോയിരിന്നു. നീയാര് എന്നല്ല ഇനിയെത്ര നേരം ബാക്കി എന്നാണിപ്പോൾ അവന്റെ മനസ് കുഴച്ചിരുന്ന ചോദ്യം.
"ഹാഹാഹാ... ആ മണം അനുഭവിക്കാനുള്ള കഴിവൊക്കെ പോയി. ഇപ്പോൾ അനുരാഗത്തിന്റെ രുചിയല്ലേ എല്ലാവര്ക്കും വേണ്ടത്. മാംസ നിബദ്ധമനുരാഗം."
അവളുടെ ഉത്തരം വന്നു കഴിഞ്ഞാണ് എൻ്റെ ചോദ്യം അനവസരത്തിലായി പോയോ എന്നാലോചിച്ചതു. പക്ഷെ ഉത്തരം തന്നെ ചോദ്യത്തെ റദ്ദു ചെയ്തല്ലോ. ഞാൻ ഉദ്ദേശിച്ചത് അവൾ മനസ്സിലാക്കിയോ? ഞാൻ എന്താണ് അവളോട് പറഞ്ഞത്? ഞാൻ നിന്റെ സ്നേഹത്തിനായി കൊതിക്കുന്നു എന്നാണോ?
അവൾ ഏറു കണ്ണിട്ടു നോക്കിയിരുന്നു. തന്നെ പരിഹസിക്കുകയാണോ അവൾ? ഇന്നലെ കണ്ട ഒരുത്തിയിൽ നിന്നും സ്നേഹം ഭിക്ഷ ചോദിക്കുന്ന നീ ഒരു വിഡ്ഢിയെന്നല്ലെ അവളുടെ വാക്കുകൾ അർത്‌ഥമാക്കുന്നതു? അല്ലെങ്കിൽ, ഞാൻ അവളുടെ ശരീരം കാംക്ഷിക്കുന്നു എന്ന് ആരോപിക്കുകയാണോ? ഒരു പുരുഷൻ ഒരു സ്ത്രീയിൽ നിന്നും ഏറ്റവുംആഗ്രഹിക്കുന്ന ആ കാര്യം നീയുമാഗ്രഹിക്കുന്നോ എന്നാണോ? അതോ, ഒരു നാട്ടുനടപ്പ് പറഞ്ഞതാണോ?
സ്വജീവിതം പോലെ പരജീവിതവും നൽകിയ അനുഭവങ്ങൾ ചിലപ്പോഴൊക്കെ മനുഷ്യരെ ഗുരുവാക്കുമല്ലോ.
അങ്ങനെ തന്നെ നിമിഷങ്ങളോളം മിണ്ടാതിരുന്നു. അവൾ ഏറുകണ്ണിനോടോപ്പം ഒരു വശ്യത കുതിർന്ന വന്യതയോടെ എന്നെ കെട്ടിപിടിച്ചിരിന്നു.
അനുരാഗത്തിന്റെ രുചിയും സ്നേഹത്തിന്റെ മണവും
ആ ഏറുകണ്ണിൽ, ആ ആശ്ലേഷണത്തിൽ അപരിചിതത്വം അടർന്നു പോകുന്നത് ഞാനറിഞ്ഞു. ആകർഷണത്തിന്റെ കാന്തികതയിൽ സ്നിഗ്ധഭാവങ്ങൾ ഉയിർകൊണ്ടു.
വിയർപ്പും വിറയലും അങ്കമൊഴിഞ്ഞ് തരളിതരാഗങ്ങൾ അരങ്ങു കൈയടക്കി അപ്പോൾ.
\"ഒരുമിച്ചിരിക്കുമ്പോഴുള്ള സുഖം ഒരുപാട് നേരം കിട്ടണമെന്ന് തോന്നാറില്ലേ?\"
അവൻറെ ഉള്ളുറയിൽ നിന്നുമൊരു ശരംപോലെ വാക്കുകൾ എയ്തുവീണു, അവനറിയാതെ.
\"അതൊക്കെ ഒരുമിക്കലല്ലല്ലോ, പെട്ടെന്നുള്ള ഒഴുവാക്കലല്ലേ?
അവളുടെ ആ വാക്കുകൾക്കു പതിവ് വശ്യതയോ വന്യതയോ ഇല്ലായിരുന്നു. അനുഭവപാഠത്തിന്റെ ജ്ഞാനം നിറഞ്ഞ തത്വചിന്ത. എനിക്കായി വച്ച വാക്കുകളല്ല അതെന്നു ആ മുഖഭാവത്തെവിടെയ