ഇന്നലെയുടെ സിനിമകൾ - രജനീഗന്ധി (1980)
ജിയോ മൂവീസിന്റെ ബാനറിൽ മാനി മുഹമ്മദ് കഥയും തിരക്കഥയും രചിച്ച്, എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത്
1980ൽ പുറത്തിറങ്ങിയ ചിത്രമാണ് രജനിഗന്ധി.
മധു,രവികുമാർ,ജോസ്, അടൂർ ഭാസി, പ്രതാപ് ചന്ദ്രൻ, പപ്പു, ലക്ഷ്മി, ശോഭന, സബിത തുടങ്ങിയ നീണ്ട താരനിരയുണ്ട് ഈ ചിത്രത്തിൽ.
മധു അവതരിപ്പിക്കുന്ന ഗോപിനാഥ് എന്ന കഥാപാത്രമാണ് ഈ ചിത്രത്തിലെ നായകസ്ഥാനത്ത് ഉള്ളത്.
ഒപ്പം തന്നെ ലക്ഷ്മിയുടെ സുമതി എന്ന കഥാപാത്രവും മികച്ചു നിൽക്കുന്നു.
ഈ രണ്ടു കഥാപാത്രങ്ങളിലൂടെയാണ് ഈ ചിത്രം മുന്നോട്ടുപോകുന്നത്.
റിട്ടയേഡ് സ്കൂൾ അധ്യാപകനായ കുമാരൻ മാസ്റ്ററുടെ( പി ആർ മേനോൻ) ഏക മകളാണ് സുമതി( ലക്ഷ്മി).
കോടീശ്വരനായ കൃഷ്ണമേനോന്റെ ( അടൂർ ഭാസി) കൊച്ചു മകനാണ് ഡോക്ടർ ഗോപിനാഥ് ( മധു).
സുമതിയുടെ കുടുംബത്തിന് കൃഷ്ണമേനോന്റെ വീട്ടിൽ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. കാരണം ഗോപിയുടെ അച്ഛനും അമ്മയും ഒരു അപകടത്തിൽപെട്ട് മരിക്കുമ്പോൾ സുമതിയുടെ അമ്മ സ്വന്തം മകനെ പോലെയാണ് ഗോപിയെ വളർത്തിയത്.
ഇതിനിടെ സുമതിയുടെ അമ്മ മരിക്കുമ്പോൾ ഗോപിനാഥിന്റെ എല്ലാ കാര്യവും നോക്കുന്നത് പിന്നീട് സുമതിയായിരുന്നു.
ഗോപിനാഥിന് സുഹൃത്തുക്കളായി അധികവും സ്ത്രീകളായിരുന്നു. ഇതിനെ ചൊല്ലി സുമതിയും ഗോപിനാഥും വഴക്കിടാറുണ്ടായിരുന്നു.
മുത്തച്ഛനും ഗോപിയുടെ ഈ പോക്കിൽ അത്ര സന്തോഷവാനായിരുന്നില്ല.
തന്റെ സ്വകാര്യ നിമിഷങ്ങളിൽ സുമതി ഇടപെടുന്നത് ഗോപിക്ക് ഇഷ്ടപ്പെടാതെ വരുന്നു. ഇതിന്റെ പേരിൽ സുമതി പിണങ്ങുന്നു . എന്നാൽ മേനോൻ ഇടപെട്ട് സുമതിയെ തിരികെ കൊണ്ടുവരുന്നു.
ഗോപി തുടർപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോകാൻ ഒരുങ്ങുന്നു.
യാത്രയ്ക്കു മുന്നേ സുമതിയോടുള്ള സ്നേഹം ഗോപിനാഥ് അവളോട് തുറന്നുപറയുന്നു.
ഗോപി ഇംഗ്ലണ്ടിലേക്ക് പോയി അധികം നാൾ കഴിയും മുന്നേ കൃഷ്ണമേനോൻ രോഗബാധിതനാകുന്നു.
താൻ ഇനി അധികകാലം ജീവിച്ചിരിക്കില്ല എന്നറിയുന്ന മേനോൻ, മരിക്കുന്നതിനു മുന്നേ തന്റെ സ്വത്തുക്കൾ മുഴുവൻ സുമതിയുടെ പേരിൽ എഴുതി വയ്ക്കുന്നു.
ഗോപി, സുമതിയെ വിവാഹം കഴിച്ച് ഒരു വർഷത്തിനുശേഷമേ സ്വത്തിന്റെ അവകാശം ഗോപിക്ക് വന്നുചേരുകയുള്ളൂ എന്നും വിൽപത്രത്തിൽ ഉണ്ടായിരുന്നു.
ഗോപി പഠനം പൂർത്തിയാക്കി മടങ്ങിവന്നതിനു ശേഷം ഇതെല്ലാം അറിയുന്നു.
മുത്തച്ഛനെ കൈക്കലാക്കി സുമതി എല്ലാം തട്ടിയെടുത്തതാണെന്ന് ഗോപി തെറ്റിദ്ധരിക്കുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാൻ സുമതി പരമാവധി ശ്രമിക്കുന്നു.
അവസാനം എല്ലാം തിരിച്ചറിയുന്ന ഗോപി സുമതിയെ വിവാഹം കഴിക്കുന്നു.
ഇതിനുശേഷം കഥ പോകുന്നത് അടുത്ത തലമുറയിലൂടെയാണ്. ഗോപിക്കും സുമതിക്കും ഒരു മകൻ ജനിക്കുന്നു.
ഈ മകന്റെ ജനനശേഷം ഗോപിയും സുമതിയും തമ്മിൽ സ്വരച്ചേർച്ചയില്ലാതെ വരുന്നു.
സുമതി വീടുവിട്ടിറങ്ങുന്നു.
മകനെയും കൊണ്ട് വീടുവിട്ടിറങ്ങാൻ തുനിയുന്ന സുമതിയെ, ഗോപിനാഥ് തടയുന്നു. അയാൾ മകനെ ബലമായി തന്നെ പിടിച്ചു വാങ്ങുന്നു.
എന്നാൽ തന്റെ ഉദരത്തിൽ വളരുന്ന ഗോപിനാഥന്റെ കുഞ്ഞിനെ സുമതി വളർത്തുന്നു.
ഗോപിനാഥിന്റെ സംരക്ഷണയിൽ വളരുന്ന മകൻ കൃഷ്ണകുമാറും( രവികുമാർ), സുമതി വളർത്തുന്ന മകൻ മുരളിയും ( ജോസ്) സഹോദരന്മാർ ആണെന്ന് അറിയാതെ ഉറ്റ സുഹൃത്തുക്കളേ പോലെ ഒരേ ഫാക്ടറിയിൽ ജോലി ചെയ്യുന്നു.
പിന്നീട് കഥ മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്...... ദുരഭിമാനത്തിന്റെയും തെറ്റിദ്ധാരണയുടെയും പേരിൽ ജീവിതം വഴിമുട്ടി പോകുന്നവരുടെ കഥയാണ് രജനിഗന്ധി.....
യൂസഫലി കേച്ചേരിയുടെ വരികൾക്ക് ദേവരാജൻ മാഷ് സംഗീതം നിർവഹിച്ച ഒരു പിടി ഗാനങ്ങൾ ഉണ്ട് ഈ ചിത്രത്തിൽ.....
അതിൽ ഹൃദയത്തെ സ്പർശിക്കുന്ന ഒരു മനോഹര ഗാനം ഉണ്ട്.....
" ഇതാണ് ജീവിത വിദ്യാലയം........ "
എന്നു തുടങ്ങുന്ന യേശുദാസ് പാടിയ ഗാനം.
കുടുംബ ബന്ധങ്ങളുടെ നൂലിഴകളിൽ കോർത്തെടുത്ത ഒരു കുടുംബ കഥയാണ് ഈ ചിത്രം......
പലപ്പോഴും കൈവിട്ടു പോകുമായിരുന്ന ഒരു കഥയെ അടുക്കും ചിട്ടയോടും കൂടി അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.....
തീർച്ചയായും ഒരാവർത്തി കാണാം ഈ രജനിഗന്ധിയെ.....
അത് തീർച്ചയായും നിങ്ങൾക്ക് ഒരു ജീവിത ഗന്ധിയായ കുടുംബ കഥ സമ്മാനിക്കുമെന്ന് ഉറപ്പാണ്.
............................... ശുഭം....................................
ഇന്നലെയുടെ സിനിമകൾ ( ഭാഗം-4)
ഓർമ്മയിൽ തങ്ങിനിൽക്കുന്ന കുറേ ചിത്രങ്ങൾ..... ജീവിത ഗന്ധിയായ കഥകൾ..... മനോഹരങ്ങളായ ഗാനങ്ങൾ.... കഴിവുറ്റ അഭിനേതാക്കളുടെ അഭിനയ മുഹൂർത്തങ്ങൾ..... മലയാള സാഹിത്യലോകത്തിലെ എഴുത്തുകാരുടെ മികവുറ്റ കഥകൾ..... പ്രതിഭാ സമ്പന്നരുടെ ഒരു നീണ്ടനിരയായിരുന്നു ഒരുകാലത്ത് മലയാള സിനിമ..... ആ കാലഘട്ടത്തിലൂടെ ഒരു യാത്ര....................................തുടരും..............................