Aksharathalukal

എന്ന് സംശയപൂർവ്വം മനസു ചോദിക്കുന്നത്

ഭാഗം 3

കവിതയുടെ സ്വപ്നത്തിലോ സ്വപ്നയുടെ ചിന്തയിലോ പിന്നൊരിക്കലും കിട്ടാമുന്തിരിയായി എന്റെ സ്നേഹമുണ്ടായിരുന്നില്ലെന്നു വിശ്വസിച്ച് എന്റെ വഴി ഞാനൊറ്റക്ക് യാത്ര തുടർന്നു.

പക്ഷെ ആ ചെറിയ സംഭവത്തിന്റെ  തീക്ഷ്ണത വേറൊരു കാലത്തേക്ക് എന്നെയും കാത്തിരിപ്പുണ്ടെന്നത് ജീവിതത്തിന്റെ പസ്സിൽ കളിയാണ്.

ഒരാളുടെ സ്വപ്നമളക്കാൻ ചിലപ്പോൾ അയാളോടൊപ്പമുള്ള ഒരു ദിവസത്തെ അല്ലെങ്കിൽ നിമിഷത്തെ ചെറിയൊരു സംഭവം മതിയാകും. അങ്ങനെയൊന്നായിരുന്നു അന്ന് നടന്നത് . പക്ഷെ നാടുചുറ്റി എല്ലാം കണ്ടും കേട്ടും കുറെയൊക്കെ എഴുതി ഒരു എഴുത്തുകാരൻ ആകണമെന്നായിരുന്ന എന്റെ ആഗ്രഹം പകുതിവഴിയിൽ നിന്നു. വല്ലപ്പോഴും മാത്രം വാരികകളിൽ എഴുതി, ആ പകുതി വഴിയിൽ തന്നെ ഇപ്പോഴും നിൽക്കുന്നു. 

ഒന്നുമാകാതെ മനസിലുറങ്ങുന്ന ഒരു എഴുത്തുകാരൻ.

ഇന്ന് ഞാനിവിടെ ഈ ആശുപത്രിയിൽ ഇങ്ങനെ കിടക്കുമ്പോൾ അവർ രണ്ടുപേരും എവിടെയെത്തി നിൽക്കുന്നു.

കവിത കളക്റ്ററായി അവിവാഹിതയായി തുടരുന്നു. സ്വപ്ന നാടറിയുന്നൊരു സാമൂഹ്യ പ്രവർത്തക. തന്റെ പ്രവർത്തനങ്ങൾക്കു വിവാഹമൊരു തടസ്സമാകുമെന്നു പ്രഖ്യാപിച്ചതിന്റെ പേരിൽ ഫെമിനിച്ചി എന്ന് പലരും അധിക്ഷേപിക്കുമെങ്കിലും സമൂഹത്തിനു ഒരുപാട് ഗുണകരമായ പ്രവർത്തനങ്ങൾ ചെയ്‌യുന്ന നല്ല വ്യക്തിത്വമായി മാറി രണ്ടുപേരും തനിച്ച് അവരുടെ വഴികളിൽ.

എന്തുകൊണ്ടാണ് അവർ രണ്ട് പേരും വിവാഹം ചെയ്യാതിരുന്നതെന്ന ചിന്ത ഈയടുത്തകാലത്തായി എന്നെ അസ്വസ്ഥനാക്കുന്നുണ്ട്.

കവിത എന്റെ മനസ്സ് മാറുന്നതും കാത്ത് കുറേക്കാലം കാത്തിരിന്നുവെന്നു പിന്നീടറിഞ്ഞു. ക്രമേണെ ആ സ്വപ്നം വഴിയിൽ ഉപേക്ഷിച്ച് അവളെപ്പോഴോ പഠിത്തത്തിൽ മുന്നേറി. ഞാൻ വിചാരിച്ചതിലും ഒരുപാട് മുകളിലേക്ക്. ആ ഉയർച്ചയിൽ അവളെന്നെ എന്നോ മറന്നു കഴിഞ്ഞിരിക്കുന്നുണ്ടാകും. കാലം കുറെയായി ഞാനിവിടെ ചികിൽസിയിലായിട്ടും അവൾ അന്വേഷിച്ചത് പോലുമില്ലെന്നുള്ളത് ഇപ്പോഴൊരു ദുഃഖസത്യമായി തോന്നുന്നുണ്ടോ എനിക്ക്?

എന്റെ യാത്രകളിൽ പലപ്പോഴും അവളുടെ ഫോൺ വിളികൾ ഒരു ശല്യമായി കണ്ടൊഴുവാക്കിയത് വച്ച് നോക്കുമ്പോൾ അവളിപ്പോൾ എന്നെ  കാണാൻ വരാത്തതിൽ തെറ്റൊന്നുമില്ല. ഞാൻ ദുഖിക്കാനും പാടില്ല. പക്ഷെ അവൾ വേറെ വിവാഹം ചെയ്യാതിരുന്നത്  എന്തെന്ന ചിന്ത എന്നെയിപ്പോൾ വല്ലാതെയലട്ടുന്നു.

അപ്പോൾ സ്വപ്നയോ, അവളോട്‌ ഞാനോ എന്നോടാവളോ ഒരിക്കലും സ്നേഹം പറഞ്ഞിട്ടില്ലെങ്കിലും അവൾ എന്തുകൊണ്ടാണ് വിവാഹം ചെയ്യാതിരുന്നത്? കളിയാക്കാനായി എന്നെയും അവളെയും ചേർത്ത് മറ്റുള്ളവർ പറഞ്ഞ വാക്കുകൾ അവളുടെ ഉള്ളിലുള്ളതായിത്തന്നെ സ്വപ്ന കണ്ടിരുന്നോ? ഒരു പൊട്ടി പെണ്ണിന്റെ മനസ്സ് അന്നങ്ങനെ ചിന്തിച്ചിരിക്കാമെങ്കിലും വലിയ ജനക്കൂട്ടത്തെ കൈയിലെടുത്ത് തന്റെ വാക്കുകൾകൊണ്ട് ആജ്ഞാനുവർത്തിയാക്കാൻ കഴിവുള്ള ഇന്നത്തെ സ്വപ്നക്കു എന്റെ സ്നേഹത്തിനു വിലയായി വിവാഹം വേണ്ടെന്നു വക്കാൻ കഴിയുമോ? സത്യമായും അവൾക്കെന്നോട് ഇഷ്ടമുണ്ടെങ്കിൽ തുറന്നു പറയാനുള്ള ധൈര്യം എന്നെ വന്നു കഴിഞ്ഞിട്ടുണ്ടാകണം. ഒരിക്കൽ ആശുപത്രിയിൽ അന്തേവാസികളെ കാണാൻ വന്നപ്പോൾ എന്നെ നോക്കി ചിരിച്ചതിൽ ആ പ്രണയമുണ്ടായിരുന്നോ?

ഞാനിപ്പോഴും കാത്തിരിക്കുന്നു, സുഖമായി വരൂ, നമുക്കൊന്നിക്കാം എന്ന് ശബ്ദമില്ലാത്ത വാക്കുകൾ ആ ചിരിയിൽ അലിഞ്ഞിരിന്നുവോ?

അതോ ഓടിത്തളർന്ന മനസ്സിന്റെ ക്ഷീണം തീർക്കാൻ എന്റെ പഴയകാലം ഞാനൊരു ദാഹനീരാക്കുകയാണോ?

നിറം മങ്ങിയ ചിത്രത്തിന്റെ നെടുകെയും കുറുകെയുമുള്ള വിരക്തിയുടെ കറുത്ത വരകൾ മായ്ക്കുകയാണോ എൻെറ മനസ്? ഈ വൈകിയ പ്രായം ഒരു കൂട്ടിനായാഗ്രഹിക്കുന്നുണ്ടാകുമോ? എന്റെ മനസ്സിലെ പോലെ കവിതയുടെ മനസ്സും അതാഗ്രഹിക്കുന്നുണ്ടാകുമോ? സ്വപ്നയും ആഗ്രഹിക്കുന്നുണ്ടാകുമോ? 

ആരതെന്നോട് പറയും? ആരോട് ചോദിക്കും? ആര് ചോദിക്കും?

മനസ്സിന്റെ ഇരുളിൽ ചോദ്യങ്ങളും ഇരുണ്ട നിറത്തിൽ അവ്യക്താമാകുമ്പോൾ ഒടുവിലങ്ങെയറ്റത്തുനിന്നും പ്രകാശത്തിന്റെ നേർത്ത പൊട്ടുപോലെ ഒരുത്തരം ഇടവിട്ടിടവിട്ടു മിന്നിത്തെളിയുന്നു. ആ തരിവെളിച്ചത്തെ കൂടുതൽ പ്രകാശമയമാകുന്നത് കവിതയുടെയും സ്വപ്നയുടെയും നാവിൻ തുമ്പിൽ നിന്നുതന്നെ ഒരുത്തരം കേൾക്കുമ്പോഴായിരിക്കും, മനസ്സ് പറയുന്നു.

രണ്ടുപേരും അനുകൂലമായാൽ...? ആദ്യം അനുകൂലമായി ഉത്തരം തരുന്നയാളെ ജീവിതത്തിൽ കൂട്ടണം എന്നതാണ് ന്യായം.

പക്ഷെ....ഇതിൽ ആരോട് ആദ്യം ചോദിക്കും?

ജനൽകമ്പികളിൽ പിടിച്ചയാൾ ദൂരേക്ക് നോക്കി നിന്നു സ്വയം ചോദിച്ചു.

അയാളുടെ ജീവിതത്തിൽ സംഭവിച്ചു കടന്നുപോയ ആ പഠനകാലത്തിന്റെ മധുരമുള്ള ഓർമ്മകൾ അകതളിരിൽ ചാർത്തിയ നിറം മങ്ങിയ ചിത്രത്തെ നെടുകെയും കുറുകെയുമുള്ള വിരക്തിയുടെ കറുത്ത വരകൾ പൂർണ്ണമായും മൂടുകയായിരുന്നു.

ആ ചെറിയ സംഭവത്തിന്റെ കഠിനമായ ദുരന്തമുഖം അയാളെ തുറിച്ചു നോക്കുന്നത് ഇന്നും ഒരു പേടിസ്വപനമായി സംഗീത് അനുഭവിക്കുന്നു.  

പ്രിയപ്പെട്ട പ്രസാധകൻ, 

ലളിതമായ ഏതാനും വാക്കുകളിൽ ഒതുക്കേണ്ട ഒരു സംഭവം അൽപ്പം കൂടുതൽ വിശദമായി പറയാൻ കാരണം ഉത്തരമില്ലാത്ത ചില ചോദ്യങ്ങളാണ്. പതിവ് പോലെ ഈ കഥ ഒരു മാറ്റങ്ങളുമില്ലാതെ അടുത്ത ആഴ്ചയിൽ തന്നെ പ്രസിദ്ധീകരിക്കാനുള്ള നല്ല മനസ്സ് എന്നോട് നിങ്ങൾക്കുണ്ടെന്നു വിശ്വസിക്കുന്നു. 

ഒപ്പം, ഇപ്രാവശ്യം മറ്റൊരു സഹായം കൂടി ഞാൻ താങ്കളിൽ നിന്നാവശ്യപ്പെടാനാഗ്രഹിക്കുന്നു. വായനക്കാരുടെ പ്രതികരണങ്ങളിൽ നിന്നും ആരുടെ സ്നേഹമാണ് നായകന് യഥാര്തഥത്തിൽ നഷ്ടമായതെന്ന് വിശദീകരിച്ചു മനസിലാക്കേണ്ടതിലേക്കായി എല്ലാ വായനക്കാരുടെയും കത്തുകൾ എനിക്കയച്ചുതരണമെന്നു അപേക്ഷിക്കുന്നു.

വിശ്വസ്തതയോടെ,


സംഗീത്

ഗെവണ്മെന്റ് മാനസികാരോഗ്യആശുപത്രി

തിരുവനന്തപുരം


(തുടരും)

എന്ന് സംശയപൂർവ്വം മനസു ചോദിക്കുന്നത്

എന്ന് സംശയപൂർവ്വം മനസു ചോദിക്കുന്നത്

4
743

ഭാഗം 4 പ്രിയ പ്രസാധകൻ, കഥയുടെ പ്രതികരണങ്ങൾ അയച്ചു തന്നതിലുള്ള സന്തോഷം ആദ്യമറിയിക്കട്ടെ. ഇതുവരെയുള്ള എന്റെ ഒരു കഥക്കും ഒരിക്കലും ഒരു പ്രതികരണവും നൽകാതിരുന്ന എന്റെ ഭാര്യ ഇത്തവണ പ്രതികരിച്ചിരിക്കുന്നുവെന്നത് വളരെ സന്തോഷത്തോടൊപ്പം വേദനയും നൽകുന്നു. ഇതിനു മുമ്പൊരിക്കലും അവൾ പ്രതികരണം നല്കാതിരുന്നപ്പോൾ ഞാൻ കരുതിയിരുന്നത് എന്റെ കഥകളൊന്നും തന്നെ അവളുടെ ശ്രദ്ധയിൽ പെടാതിരുന്നത് കൊണ്ടാവുമെന്നാണ്. ഈ ആശുപത്രിയിൽ വർഷങ്ങളായി ചികിത്സയിൽ കഴിയുന്ന എന്നെ കാണാനൊരിക്കലും വരാതിരുന്നവൾ ആദ്യമായി പ്രതികരിച്ചത് ഒരു സംശയാലുവിന്റെ മനോഭാവത്തോടെയാണെന്നതാണ് എന്നെ