Aksharathalukal

എന്ന് സംശയപൂർവ്വം മനസു ചോദിക്കുന്നത്

ഭാഗം 2

സംഗീതത്തിന്റെ അകമ്പടിയിലായതിനാലാവണം സംഗീതിന്റെ നെഞ്ചിടിപ്പിന്റെ വേഗമാരുമറിഞ്ഞില്ല.

അയാളെണീറ്റൊരു നിമിഷം അവളുടെ മുഖത്തുനോക്കി ഒന്നും മനസിലാകാത്ത പോലെ നിന്നു. ഞാൻ വിവാഹം ചെയ്യുമെന്ന പ്രതീക്ഷയിൽ ചെറുപ്പകാലം മുതൽ മോഹിച്ച് നടക്കുന്ന കവിത. തൊട്ടടുത്തുള്ള വനിതാ കോളേജിലായിട്ടും അവളെ പോയികാണാൻ സമയമില്ലെന്ന് പറഞ്ഞൊഴുവാക്കാറുള്ള ഞാനിന്നു മറ്റു പെണ്കുട്ടികളുമായിരിക്കുന്നതു സഹിക്കാനാവാതെ കരയുകയായിരുന്നു. ഞങ്ങൾ കൂട്ടുകാരുടെ സംസാരം കേട്ട് വിതുമ്പുകയായിരിന്നു.

കാര്യവും തമാശയും തിരിച്ചറിയാനാവാത്തവിധം കുഴഞ്ഞു മറിഞ്ഞ ആ സാഹചര്യത്തെ വേർതിരിച്ചുകാണാൻ അവൾക്കായെന്ന് വരില്ല. അവൾ ഉച്ചത്തിൽ കരയുമോയെന്നു തോന്നിയപ്പോൾ ഞാനവളുടെ കൈപിടിച്ചെണീപ്പിച്ചുകൊണ്ട് പുറത്തേക്കു പോയി.  

എന്റെ സുഹൃത്തുക്കളോടോപ്പം കവിതയുടെ കൂടെ വന്ന പെൺകുട്ടിയും ഞങ്ങളെ നോക്കി അടക്കത്തിൽ സംസാരിച്ചു നിൽക്കുന്നത് കണ്ടു. കവിതയെ ചൂണ്ടി സംഗീതിന്റെ മുറപ്പെണ്ണ് ആണതെന്നു സ്വപ്നയോട് ഡെയിസി പറയുന്നത് എന്റെ ചെവിയിൽ വന്നു വീണപ്പോൾ സംഗീത് പോകുന്ന വഴിക്കു സ്വപ്നയേയൊന്നു പാളി നോക്കി.

കരഞ്ഞുകലങ്ങിയ കണ്ണുകൾക്കിടയിലൂടെ തീഷ്ണമായൊരു നോട്ടം കവിത സ്വപ്നയിലെറിഞ്ഞു.

വായിച്ചെടുക്കാനാകാത്ത മുഖഭാവത്തിന്റെ പിന്നിൽ പൊട്ടിവീണ കണ്ണാടിച്ചില്ലുകൾപോലെ ചിന്തകൾ ഏകരൂപകമില്ലാതെ കുഴയുന്നുണ്ടാവും സ്വപ്നയുടെ മനസ്സിൽ. അതിഭാവുകത്വം നിറഞ്ഞ സ്വപ്നയുടെ വിടർന്ന കണ്ണുകൾ ഞങ്ങൾക്ക് പിറകെ വന്നു.

ഒന്നും മിണ്ടാനാവാതെ സ്വപ്ന നിൽക്കുന്നത് കണ്ടപ്പോൾ രക്ഷപെട്ടുവെന്നു കരുതി ആശ്വസിച്ചു. അവളെന്തെങ്കിലും പറഞ്ഞിരുന്നുവെങ്കിലതുമൊരു പൊട്ടത്തരമായിമാറുകയും അനവസരത്തിലെ ആ തമാശയുടെ പരിണിതഫലമായാതൊരു അപകടവുമായേനെ.

കവിത കുറേനേരം കരഞ്ഞുകൊണ്ടേയിരിന്നു. ആളൊഴിഞ്ഞ ആ മൈതാനത്ത് സംഗീതത്തിന്റെ ഒച്ചയിൽ അതാരും കേൾക്കുന്നുണ്ടായിരുന്നില്ല. അവളുടെ സങ്കടം മുഴുവൻ ബാഷ്പമായി അലയടിച്ചടങ്ങുന്നതുവരെ ഒന്നും മിണ്ടാതെ ഞാനൊരു വാഗമരത്തിൽ ചാരി നിന്നു.

കൊഴിഞ്ഞുവീണ ഇലകളും പൂക്കളും അലങ്കരിച്ച മൈതാനത്തിലെ ബഹുവർണ്ണതയേ വെറുതെ നോക്കി നിർവികാരനായി. 

ഇലകൊഴിഞ്ഞു നഗ്നമായ വാകമരക്കൊമ്പുകൾ നാണിച്ചു തലതാഴ്ത്തി നിന്നു. കാറ്റ് കളിയാക്കി.

നരച്ചുവീണ വാകയിലകൾ മനുഷ്യപാദസ്പർശനത്തിൽ കരഞ്ഞു. വീണപൂക്കൾ കളഞ്ഞുപോയ മാനമോർത്ത് അവയോട് ദാരിദ്ര്യം പറഞ്ഞു. വാകപ്പൂക്കളുടെ വർണ്ണപുതപ്പിനുള്ളിൽ വീണയിലകൾ ദുഃഖം കടിച്ചമർത്തി മരണം കാത്തുകിടന്നു.

"എന്നെക്കാൾ സുന്ദരിയെ കിട്ടിയാൽ കല്യാണം കഴിക്കുമായിരിക്കുമല്ലേ, എന്നോട് പറഞ്ഞതെല്ലാം നുണയായിരുന്നല്ലേ?" കരച്ചിലിനിടയിലും ദേഷ്യം സമം ചേർത്ത് കവിത പറഞ്ഞു.

"നിന്നെക്കാൾ സുന്ദരി ഈ ലോകത്താരുമില്ല. അതുകൊണ്ട് നിന്നെ വിവാഹം ചെയ്യില്ലെന്ന് വച്ചാൽ ആരെയും ചെയ്യില്ല എന്നാണു. നമ്മൾ പണ്ടേ ഇത് സംസാരിച്ചതാണ്. അത് നിനക്ക് മനസിലായി എന്നാണു ഞാൻ കരുതുന്നത്. എന്നിട്ടും ഇപ്പോൾ വെറുതെ എന്തിനൊരു ഷോ?" 

സംഗീതിന്റെ വാക്കുകളിലൽപ്പം മയമുണ്ടായിരുന്നു.

"അങ്ങനെയാണ് ഞാനും വിശ്വസിച്ചിരുന്നതും. അതുകൊണ്ടാ ചേട്ടനെ പിന്നൊരിക്കലും ഞാൻ ശല്യം ചെയ്യാതിരുന്നത്. പക്ഷെ ഇന്ന് നിങ്ങളിവിടെയിരുന്നു സംസാരിച്ചത് ഞാൻ കാണാൻ ഇടയായത് ദൈവം കാണിച്ച് തന്നതാണ്. കൂട്ടുകാരി നിര്ബന്ധിച്ചതുകൊണ്ടാണ് ഞാനിവിടെ വന്നത്. ഹോസ്റ്റൽ വിട്ടു കോളേജിലല്ലാതെ വേറൊരിടത്തും പോകാത്ത എന്നെ കൂട്ടുകാരിയുടെ രൂപത്തിൽ ഭഗവാനാണ് ഇവിടെ എത്തിച്ചത്, എല്ലാം കാണിച്ചു തന്നത്."

അവളുടെ വാക്കുകളിൽ കരച്ചിലിന്റെ അടിയൊഴുക്കിൽ നിന്നും പതിയെ ദേഷ്യത്തിന്റെ തിരയടി തുടങ്ങി. 

"ഭഗവാനാണെങ്കിൽ തെറ്റായ കാര്യം കാണിച്ച് നിന്നെ പറ്റിക്കില്ല. ഇത് ചെകുത്താനാണ്. മനസ്സിൽ ദേഷ്യം നിറക്കുന്ന മായകാഴ്ച്ചകൾ കാണിച്ച് തരുന്ന ചെകുത്താൻ." 

തന്നിലേക്കാഞ്ഞടുത്ത തിരമാലയിലും പതറാത്ത കാലുകളിൽ അയാൾ ഉറച്ച് നിന്നു.

അപ്പോഴേക്കും പ്രശാന്ത് സോഫ്റ്റ് ട്രിങ്ക്‌സും കൊറിക്കാനുമൊക്കെ വാങ്ങി അതുവഴി വരുന്നത് കണ്ടു.

"ആർക്കും ഷോ കാണാൻ മൂടില്ല. നമുക്ക് കുറച്ച് നേരം സൊറപറഞ്ഞിരിക്കാം."

 പ്രശാന്ത് സന്തോഷത്തോടെയാണത് പറഞ്ഞത്. തന്നെപോലെ തന്നെ അവനും ഈ പരിപാടിക്ക് വരണമെന്നില്ലായിരുന്നു. കൂടുള്ളവർക്  കൂട്ടുവരാൻ എന്നെ വിളിച്ചപ്പോൾ അവനെയും കൂടെ കൂട്ടിയെന്നേയുള്ള . ഷോ കാണണമെന്ന് നിർബന്ധം പിടിച്ചിരിന്നവർ പോലുമിപ്പോൾ മൂഡുമാറി  പുതിയൊരു കഥ കേട്ടതിന്റെ ത്രില്ലിലായിരിക്കുന്നു.

"നിങ്ങൾ ഇരിക്ക്, ഞങ്ങൾ താ വരുന്നു. കവിയുടെ കൂട്ടുകാരിയെ കൂടി വിളിച്ചോ."

"സോദരി എല്ലാമൊരു തമാശയാണ് കേട്ടാ." 

പ്രശാന്തിന്റെ വളിച്ച ചിരിയോടുള്ള ആ വാക്കുകൾ അവൾ ശ്രദ്ധിക്കാത്തതു ഭാഗ്യമായെന്നു തോന്നുന്നു. പ്രശാന്ത് അവരോടൊപ്പം ആളൊഴിഞ്ഞൊരു ഭാഗത്തേക്ക് നടന്നു പോകുന്നതും അവിടിരുന്നു ഞങ്ങളെ നോക്കുന്നതും  കവിതയ്ക്കു കാണീച്ചു  കൊടുത്തു.

"നോക്ക് ഇതാണെന്റെ സൗഹൃതങ്ങൾ. തമാശകൾ അവർക്കു മനസ്സിലായി, നിനിക്കിപ്പോഴും."

"അപ്പോൾ ഞാൻ കണ്ടതും, കേട്ടതുമൊക്കെ? അടുത്തിരിക്കുന്നു, മറ്റുള്ളവർ ഇരുത്തുന്നു, സ്വപ്ന, സ്വപ്ന ആരാണിവൾ, ജീന്സിട്ടതു കൊണ്ട് വലിയ സ്റ്റൈലുകാരിയായോ" 

ഓരോ വാക്കുകൾ പുറത്തേക്കു വരുമ്പോഴും അവളുടെ ശബ്ദമുയുരുന്നത് ആൾക്കൂട്ടം ശ്രദ്ദിക്കുന്നതും എന്നെ അസ്വസ്ഥനാക്കി.

"കവി, നീ സമാധാനത്തിൽ കേൾക്കു, ഒരു കാര്യം പറയാം, നീയാണവളേക്കാൾ സുന്ദരി. അതിപ്പോൾ നീയിട്ടിരിക്കുന്ന ഡ്രസ്സ് അവളിട്ടാലും അവളിട്ടിരിക്കുന്നതു നീയിട്ടാലും ആ കൂട്ടത്തിലെ ആരെക്കാളും സുന്ദരി നീ തന്നെ."

സംഗീതിന്റെ ആ സുഖിയൻ വാക്കുകൾക്കു അവളിലലയടിക്കുന്ന തിരമാലക്കു ആണയിട്ട് നിർത്താനായപോലെ അവളൊന്നു ശാന്തമായി.

"പിന്നെന്താ ഞാനീ കണ്ടത്, ചേട്ടൻ പറഞ്ഞതൊക്കെ സത്യമായിട്ടും ഉള്ളതാണോ?"

അവളുടെ വാക്കുകളിൽ ദേഷ്യമൊഴിഞ്ഞു ചെറുതിരകൾ സംഗീതിന്റെ പാദങ്ങളിൽ തലോടി.

"അതൊരു ബെല്ലും ബ്രെക്കുമില്ലാത്ത പെണ്ണാണ്. പെട്ടെന്നാർക്കും പറ്റിക്കാം. അതുകൊണ്ടവളുടെ കൂട്ടുകാർ എപ്പോഴും അവളയിങ്ങനെ എന്റെ പേര് പറഞ്ഞു കളിയാക്കും. പക്ഷെ ഞങ്ങൾക്കിടയിൽ അങ്ങനൊന്നുമില്ലെന്നു ഞങ്ങൾക്ക് രണ്ട് പേർക്കുമറിയാം. അതുമാത്രമല്ല ഞാൻ വിവാഹത്തിലൊന്നും താല്പര്യമില്ലാത്ത ആളാണെന്നും അവർക്കെല്ലാമറിയാം. എനിക്ക് തോന്നുന്നത് അവർ മറ്റേതെങ്കിലും ആണുങ്ങളുടെ കൂടെയാകുമ്പോഴും  അവളെയിങ്ങനെ കളിയാക്കുന്നുണ്ടാവും എന്നാണു."

വലിയൊരാശ്വാസം സംഗീതിൽ നിന്നും പുകഞ്ഞു പുറത്തേക്കൊഴുകി.

"വിശ്വസിക്കാവോ?" ആ ശങ്കയിലൽപ്പം മന്ദസ്മിതം ചാലിച്ചിരിന്നു.

"കവിതേ, നിന്റെ പ്രശ്നമെന്താണെന്നറിയാമോ? ചെറിയൊരസൂയ ആണ്. നിനക്ക് കിട്ടാത്തത് മറ്റാർക്കോ കിട്ടി പോയാലോ എന്നുള്ള അസൂയ. പണ്ട് നിന്നോട് പറഞ്ഞത് തന്നെ ഇപ്പോഴും പറയുന്നു. ഞാനൊരിക്കലും വിവാഹം ചെയ്യില്ല. എന്റെ ചിന്തകൾ മറ്റൊരു വഴിക്കാണ്. അതിനു ഒറ്റക്കുള്ള ജീവിതമാണ് ഏകവഴി. നമ്മുടെ വീട്ടുകാർ പണ്ട് മുറച്ചെറുക്കൻ നിനക്കുള്ളത് എന്ന് പറഞ്ഞിട്ടുണ്ടാകും. അത് നമ്മൾ തുടരണമെന്നുണ്ടോ. നീ നന്നായി പഠിക്കുന്നവളാണ്, എന്നെക്കാൾ മിടുക്കി. പഠിത്തമല്ലേ ഇപ്പോൾ വലുത്? എന്റെ ഭാര്യ ആകുന്നതാണ് നിനക്ക് വലിയ ജീവിതം എന്ന്  പണ്ട് നീ പറഞ്ഞപ്പോൾത്തന്നെ പഠിത്തം ആണ് വലതു എന്ന് ഞാൻ പറഞ്ഞതോർമ്മയില്ലേ?"

"ചേട്ടൻ ഒരിക്കലും കെട്ടില്ലേ? എപ്പോഴെങ്കിലും ചേട്ടന് വിവാഹം ചെയ്യണമെന്ന് തോന്നിയാൽ?"

"അന്ന് നിന്നെ തന്നെ കെട്ടും എന്ന് ഞാൻ പറയുന്നില്ല, കാരണം അതാവരുത് നിന്റെ പ്രതീക്ഷ. നീ വേറെ കല്യാണം കഴിക്കണം. ഉറപ്പില്ലാത്ത ഒന്നിനും കാത്തിരിക്കരുത്. കാലപ്പഴക്കം എല്ലാത്തിനും തേയ്മാനമുണ്ടാക്കുന്ന പോലെ കാത്തിരിപ്പിനുമുണ്ടാക്കും. തിരിച്ചു മിനുക്കിയെടുക്കാൻ പറ്റാത്തത്ര തേയ്മാനം സംഭവിക്കാവുന്നതാണ് പ്രായം എന്ന് പറയുന്നത്. പ്രത്യേകിച്ചും സ്ത്രീകൾക്ക്, പഠിക്കാൻ മിടുക്കിയായ നിന്നെപ്പോലൊരു സുന്ദരിപ്പെണ്ണിന്."

തിരകളൊഴിഞ്ഞ്‌ ശാന്തമായ അവളുടെ മുഖത്ത് ഒരു സന്തോഷം നിറയുന്നത് കണ്ടു. തനിക്കു നഷ്ടപ്പെടുന്നത് വേറെയാർക്കും കിട്ടാത്തതാണെന്നുള്ള ആശ്വാസമാണോ അതോ എന്റെ വാക്കുകളുടെ പൊരുൾ മനസിലായിട്ടാണോ എന്നറിയില്ല, ആ മുഖത്ത് ആത്മവിശ്വാസം നിറഞ്ഞത് അന്തരീക്ഷം തണുപ്പിച്ചു.

ഞങ്ങൾ കൂട്ടുകാരോടൊപ്പം കുറച്ചു നേരം ചിലവഴിച്ചാട്ടാണ് കവിത അന്ന് ഹോസ്റ്റലിലേക്ക് മടങ്ങിയത്. കരഞ്ഞും ഭയപ്പെട്ടും കൂട്ടംകൂടിയവർ അന്ന് ചിരിച്ചു കൊണ്ടാണ് യാത്ര പറഞ്ഞത്.

കലാലയ ജീവിതത്തിന്റ്രെ പതിവ് കോലാഹലങ്ങളുടെയും സൗഹൃദങ്ങളുടെയും സമ്മേളനങ്ങളുടെയും വർഷങ്ങൾ കടന്നു പോയി. പലരും പലവഴിയിൽ തനിച്ച് വല്ലപ്പോഴും മാത്രം കണ്ടുമുട്ടുന്ന ജീവിതത്തിന്റെ വിപരീത ദിശകളിൽ സഞ്ചരിച്ചു.

(തുടരും)

എന്ന് സംശയപൂർവ്വം മനസു ചോദിക്കുന്നത്

എന്ന് സംശയപൂർവ്വം മനസു ചോദിക്കുന്നത്

4.5
855

ഭാഗം 3 കവിതയുടെ സ്വപ്നത്തിലോ സ്വപ്നയുടെ ചിന്തയിലോ പിന്നൊരിക്കലും കിട്ടാമുന്തിരിയായി എന്റെ സ്നേഹമുണ്ടായിരുന്നില്ലെന്നു വിശ്വസിച്ച് എന്റെ വഴി ഞാനൊറ്റക്ക് യാത്ര തുടർന്നു. പക്ഷെ ആ ചെറിയ സംഭവത്തിന്റെ  തീക്ഷ്ണത വേറൊരു കാലത്തേക്ക് എന്നെയും കാത്തിരിപ്പുണ്ടെന്നത് ജീവിതത്തിന്റെ പസ്സിൽ കളിയാണ്. ഒരാളുടെ സ്വപ്നമളക്കാൻ ചിലപ്പോൾ അയാളോടൊപ്പമുള്ള ഒരു ദിവസത്തെ അല്ലെങ്കിൽ നിമിഷത്തെ ചെറിയൊരു സംഭവം മതിയാകും. അങ്ങനെയൊന്നായിരുന്നു അന്ന് നടന്നത് . പക്ഷെ നാടുചുറ്റി എല്ലാം കണ്ടും കേട്ടും കുറെയൊക്കെ എഴുതി ഒരു എഴുത്തുകാരൻ ആകണമെന്നായിരുന്ന എന്റെ ആഗ്രഹം പകുതിവഴിയ