Aksharathalukal

ആർദ്ര

പാർട്ട്‌ 16

ഞെട്ടലോടെ ധ്രുവൻ അമ്മയെ നോക്കി...

\"നിനക്കും അറിയാമായിരുന്നല്ലോ ദച്ചുവും അഭിഷേകും തമ്മിലുള്ള ബന്ധം.. എല്ലാവരോടും നന്നായി പെരുമാറുന്ന നല്ല പക്വതയുള്ള കുട്ടി..അതുകൊണ്ട്‌ തന്നെ എനിക്കും അച്ഛനും ആ ബന്ധത്തിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.. അതുകൊണ്ടാണ് അവനെ കുറിച്ച് അന്വേഷിക്കാൻ ഞാൻ അവന്റെ വീട്ടിലേക്ക് പോയത്..സമ്പന്ന കുടുംബം ആണെന്ന് ആ വീട് കണ്ടപ്പോഴേ മനസ്സിലായി..അവന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞിരുന്നു എന്നും അവൻ അമ്മയുടെ കൂടെയാണ് താമസം എന്നും ദച്ചു പറഞ്ഞ് ഞാൻ അറിഞ്ഞിരുന്നു..അതൊന്നും എനിക്കൊരു പ്രശ്നം ആയി തോന്നിയില്ല..

പക്ഷെ കാര്യങ്ങൾ അവതരിച്ചപ്പോൾ നല്ല പ്രതികരണം ആയിരുന്നില്ല അവന്റെ അമ്മയുടെയും അവരുടെ രണ്ടാം ഭർത്താവിന്റെയും ഭാഗത്ത് നിന്നുണ്ടായത്... സ്വത്ത് കൊണ്ടും പദവികൊണ്ടും ചേരുന്ന ബന്ധമായിട്ടും വിവാഹാലോചനയുമായി ചെന്ന എന്നെ അവിടെ നിന്ന് ആട്ടി ഇറക്കി... ഒരുപാട് ദേഷ്യത്തോടെയാണ് ഞാൻ അവിടെ നിന്നും മടങ്ങിയത്..ഇവിടെ വന്ന് ആ ദേഷ്യമൊക്കെ ദച്ചുവിനോട് തീർത്തു..ഇനി അവനുമായി യാതൊരു ബന്ധവും പാടില്ലെന്നും ഞാൻ അവളെ താക്കീത് ചെയ്തു..ജീവിതത്തിലാദ്യമായി ഞാൻ അവളെ തല്ലി..അവളുടെ ഫോണും വാങ്ങി വച്ചു..ഒരു തരത്തിലും അവനുമായി ബന്ധപ്പെടാൻ ഞാൻ അനുവദിച്ചില്ല..ആ വീട്ടിലേക്ക് ദച്ചുവിനെ വിവാഹം കഴിപ്പിച്ച് അയക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല.. ദച്ചുവിന്റെ കണ്ണീരൊന്നും ഞാൻ കണക്കിലെടുത്തില്ല.. അവൾക്ക് പറയാൻ ഉള്ളതൊന്നും കേൾക്കാനും കൂട്ടാക്കിയില്ല..

രണ്ട് മൂന്നാഴ്ച കഴിഞ്ഞപ്പോൾ പുറത്ത് വച്ച് ഞാൻ അഭിഷേകിനെ കണ്ടു..കാണാതെ മാറിപോവാൻ നിന്ന എന്നെ അവൻ പിടിച്ചു നിർത്തി എന്തൊക്കെയോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു..ആദ്യം സമ്മതിച്ചില്ലെങ്കിലും അവന്റെ കണ്ണ് നിറഞ്ഞത്‌ കണ്ടപ്പോൾ കേൾക്കാതിരിക്കാൻ തോന്നിയില്ല.. അവനെ കുറിച്ചും അവന്റെ കുടുംബത്തെ കുറിച്ചും എല്ലാം തുറന്നു പറഞ്ഞു..അച്ഛൻ രാമകൃഷ്ണൻ..അമ്മ സുചിത്ര..സ്നേഹിച്ചു വിവാഹം കഴിച്ചവർ ആണെങ്കിലും നല്ലൊരു കുടുംബജീവിതം ആയിരുന്നില്ല അവർക്കുണ്ടായിരുന്നത്..

പരിഷ്‌കാരം തേടി പോകുന്ന അമ്മയും സമ്പന്നതയുടെ നടുവിലാണെങ്കിലും തികച്ചും സാധാരണക്കാരൻ ആയി ജീവിക്കാൻ ഇഷ്ടപ്പെടുന്ന അച്ഛനും..2 കുട്ടികളുണ്ടായതിനു ശേഷവും അവർ തമ്മിലുള്ള പൊരുത്തകേടുകൾ തുടർന്നു..ഒട്ടും യോജിക്കാൻ കഴിയാതെ വന്നപ്പോൾ രണ്ടാളും വേർപിരിഞ്ഞു..മൂത്ത മകൻ അച്ഛന്റെ കൂടെയും ഇളയ മകൻ അമ്മയുടെ കൂടെയും പോവാൻ കോടതി ഉത്തരവിട്ടു..ഇട്ടുമൂടാനുള്ള സ്വത്ത് ഉണ്ടായിട്ടും അവന്റെ അമ്മയ്ക്ക് അതൊന്നും മതിയായിരുന്നില്ല..

എങ്ങെനെയെങ്കിലും രാമകൃഷ്ണന്റെ സ്വത്ത് കൂടി കൈക്കലാക്കണം എന്ന ചിന്ത മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ...അനിയത്തി എന്ത് ചെയ്താലും ശരിയെന്ന് കരുതുന്ന ഏട്ടന്റെയും വാലു പോലെ നടക്കുന്ന രണ്ടാം ഭർത്താവിന്റെയും സഹായത്തോടെ അവർ രാമകൃഷ്ണനെ സ്വന്തം മകന്റെ മുന്നിൽ വച്ച് വക വരുത്തി..എന്നിട്ട് ആ കുറ്റം മകന്റെ തലയിൽ കെട്ടി വയ്ക്കാൻ നോക്കി...ഇത് അറിഞ്ഞ മൂത്ത മകൻ എങ്ങോട്ടോ ഓടി പോയി..സുഖ ജീവിതത്തിന് ഇളയ മകൻ ഒരു തടസ്സമാണെന്ന് തോന്നിയ അവർ അഭിഷേകിനെയും പല തരത്തിൽ ഉപദ്രവിച്ചിരുന്നു..

അവൻ എല്ലാം തുറന്നു പറഞ്ഞപ്പോൾ ഒരു ഞെട്ടലോടെ അല്ലാതെ എനിക്ക് കേട്ടു നിൽക്കാൻ കഴിഞ്ഞില്ല.. ഒരു സ്ത്രീക്ക് ഇത്രയും അധഃപതിക്കാൻ കഴിയുമോ എന്നായിരുന്നു ഞാൻ ചിന്തിച്ചത്.. \"

\"അമ്മയുടെ മനസ്സിൽ ഇപ്പോൾ എന്താണെന്ന് എനിക്ക് ഊഹിക്കാൻ ആവും..ഇങ്ങനെയുള്ള ഒരു കുടുംബത്തിലേക്ക് ഒരു അമ്മയും സ്വന്തം മകളെ വിവാഹം കഴിച്ച് അയക്കാൻ താൽപര്യപ്പെടില്ല..അമ്മ വീട്ടിലേക്ക് വന്നതും എന്റെ വീട്ടിലുള്ളവർ മോശമായി പെരുമാറിയതുമൊക്കെ ഞാൻ അറിഞ്ഞിരുന്നു..ആരും പറഞ്ഞില്ലെങ്കിലും കുറച്ച് നാളായി എന്നോട് അവൾക്കുള്ള അകൽച്ചയുടെ കാരണം എനിക്ക് മനസ്സിലാവും..ഞാൻ ഒരിക്കലും അവളെ ബലമായി വിളിച്ചിറക്കി കൊണ്ടുപോവില്ല..അമ്മ പേടിക്കേണ്ട..അവളെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളം...ഈ ബന്ധം അവസാനിപ്പിക്കാൻ...\"

\"എന്റെ മറുപടിക്കായി കാത്തു നിൽക്കാതെ അവൻ പോയി...അവന്റെ ദച്ചുവിനോടുള്ള സ്നേഹം എത്ര ആഴത്തിൽ ഉള്ളതാണെന്ന് അവന്റെ വാക്കുകൾ വ്യക്തമാക്കുന്നുണ്ടായിരുന്നു..ദച്ചുവിനും അവനെ അത്രപെട്ടെന്ന് മറക്കാൻ കഴിയില്ലെന്ന് പിന്നീടുള്ള ദിവസങ്ങളിൽ എനിക്ക് ബോധ്യപ്പെട്ടു..

രണ്ടുപേരുടെയും നന്മയ്ക്ക് വിവാഹം കഴിഞ്ഞ് ഒരു വീടെടുത്ത് അവരെ മാറ്റി താമസിപ്പിക്കാം എന്ന് കരുതി..അവൻ വീട്ടിൽ ഉണ്ടെന്ന് ഉറപ്പാക്കി പിന്നീടൊരു ദിവസം ഞാൻ ആ വീട്ടിലേക്ക് പോയി..പക്ഷെ ഞാൻ അവിടെ കണ്ടത് അഭിഷേകിനെ കൊന്ന് കെട്ടിതൂക്കുന്ന അവന്റെ അമ്മാവനെയാണ്.. യാതൊരു മനസാക്ഷികുത്തോ വിഷമമോ ഇല്ലാതെ അത് നോക്കി നിൽക്കുന്ന അവന്റെ അമ്മയെയും.. ആ കാഴ്ച കണ്ട് ഞാൻ ആകെ തളർന്നു പോയി..എനിക്ക് ബോധം നഷ്ടപ്പെട്ടു..

പിന്നെ ബോധം വന്നപ്പോൾ മുന്നിൽ കാണുന്നത് ക്രൂരമായ മുഖത്തോടെ എന്നെ നോക്കി ചിരിക്കുന്ന അയാളെയാണ്...മഹാദേവൻ എന്ന മഹിയെ...

\"ഇവിടെ നടന്നതൊക്കെ നീയറിഞ്ഞു എന്ന് മനസ്സിലായി..പേടിക്കേണ്ട നിന്നെ ഞാൻ ഒന്നും ചെയ്യില്ല..നമ്മൾ 3 പേരല്ലാതെ ഈ വിവരം മറ്റൊരാൾ അറിഞ്ഞാൽ നിനക്ക് നഷ്ടമാവാൻ പോകുന്നത് നിന്റെ മകളുടെ ജീവിതമാണ്.. പറഞ്ഞത് മനസ്സിലായല്ലോ നിനക്ക്..\"

\"മകളുടെ ജീവന് വേണ്ടി അപേക്ഷിക്കാനെ എനിക്കപ്പോൾ കഴിഞ്ഞുള്ളൂ...അവിടെ നിന്നിറങ്ങിയപ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദച്ചുവിനോട് എന്ത് പറയണമെന്ന് എനിക്കൊരു രൂപവുമുണ്ടായിരുന്നില്ല..അവൾക്കിതൊന്നും സഹിക്കാൻ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു.. അതുകൊണ്ട് ഈ വിവാഹം നടത്താൻ ഞാൻ സമ്മതിക്കില്ലെന്ന് മാത്രം പറഞ്ഞു..അവനെ കുറിച്ച് അന്വേഷിക്കാതിരിക്കാൻ കുറെ നാൾ അവളെയും പുറത്തേക്കിറക്കിയില്ല..പിന്നെയും അവൾ ചോദിച്ചപ്പോൾ അവന് മറ്റൊരു പെണ്ണുമായി ഇഷ്ടത്തിലായെന്നും ഈ നാട്ടിൽ നിന്ന് പോയെന്നും ഞാൻ കള്ളം പറഞ്ഞു... അവളുടെ വിശ്വാസം ഇപ്പോഴും അതാണ്.. മഹി...അയാളെ പേടിച്ചാണ് മോനെ ഞാൻ നിന്നോട് പോലും പറയാതിരുന്നത്...\"

അമ്മ പോയതിനു ശേഷവും മനസ്സു നിറയെ ആ സ്ത്രീയോടും അവരുടെ സഹോദരനോടുമുള്ള വെറുപ്പ് ആയിരുന്നു..ഒരേ സമയം ദച്ചുവിന്റെ അവസ്‌ഥ ഓർത്തുള്ള സങ്കടവും അയാളോടും ആ സ്ത്രീയോടും ഉള്ള വെറുപ്പും മനസ്സിലൂടെ കടന്നു പോയി...

തുടരും..

ആർദ്ര

ആർദ്ര

4.8
1826

പാർട്ട്‌ 17ആദിയോട് ആ പഴയ ഇഷ്ടം ഇപ്പോഴും അതേപടി ഉണ്ടെന്ന് പറയണം എന്ന് കരുതിയാണ് വീട്ടിൽ നിന്നിറങ്ങിയത്.. പ്രതീക്ഷിച്ചപോലെ അവൻ സ്നേഹതീരത്തിൽ ഉണ്ടായിരുന്നു...എന്തൊക്കെയോ ആലോചനയിലാണെന്ന് തോന്നി...\"ആദി...\" ഞാൻ വിളിച്ചപ്പോൾ അവൻ ഒരു പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി..\"എന്തായി തീരുമാനം...ഇത്രയേയുള്ളൂ എല്ലാവരുടെയും ഇഷ്ടങ്ങളൊക്കെ...ഞാൻ അന്നേ പറഞ്ഞിട്ടില്ലേ എന്നെ കുറിച്ച് അറിയുന്നത് വരെയുള്ളൂ തന്റെ ഈ സ്നേഹമൊക്കെ എന്ന്....\"അവന്റെ സംസാരം കേട്ടപ്പോൾ ഒന്നും മിണ്ടാതെ ഞാൻ അവനെ തന്നെ നോക്കി നിന്നു..എന്റെ നോട്ടം കണ്ട് എന്തോ അപാകത തോന്നിയിട്ടാവാണം അവൻ എന്നെ സംശയത്തോടെ നോക്കി..