Aksharathalukal

സോനം ഷെറിംങ്ങ്

.സോണം ഷെറിംങ്ങ്
-----------------------
സോണം ഷെറിംങ്ങ് നാലാം ക്ലാസ്സിൽ പഠിക്കുന്നു. ഹോസ്റ്റൽവാസിയാണ്.
ഒന്നാന്തരം വികൃതിക്കുട്ടൻ. അനുസരണ തീരെ കുറവ്. എപ്പോഴും കൂട്ടുകാരുമായി വഴക്കുണ്ടാക്കും, അടികൂടും. എന്നും ഹോസ്റ്റൽ വാർഡനിൽ നിന്നും അധ്യാപകരിൽ നിന്നും അടി വാങ്ങിക്കാറുണ്ട്. അടി വാങ്ങുന്നത് ഒരു വീരകൃത്യമായാണ് സോണം ഷെറിംങ്ങ് കാണുന്നത്.

ഇന്ത്യക്കാരായ ഞങ്ങളെ പരസ്യമായി "ജഗ ജദ്ദ" ( തന്തയില്ലാത്ത പരദേശി) എന്നു വിളിക്കാറുണ്ട്. ശരി ഭൂട്ടാൻകാരനേയും 'ജദ്ദ' എന്നു വിളിക്കും. ഈ തെമ്മാടിത്തരത്തിന് ഭൂട്ടാൻകാരായ ജോംഖ (നാട്ടു ഭാഷ) പഠിപ്പിക്കുന്ന ലോപ്പൻ
(അധ്യാപകൻ), അരയിലെ ബൽറ്റൂരി അടിക്കും. അടികൊണ്ട് സോണം താഴെ വീഴും. വീണ്ടും എഴുന്നേറ്റു നിന്നിട്ട് \\\'ജദ്ദ\\\' വിളിക്കും. വീണ്ടും അടികൊണ്ട് തളർന്നു വീഴും. എത്ര അടി കൊണ്ടാലും തെമ്മാടിത്തരം കളയില്ല!
അടികൊണ്ടു വീണിട്ട് പൊങ്ങി വരുന്ന സോണം ഷെറിംങ്ങ് ഒരത്ഭുതമായി തോന്നിയിരുന്നു! 1980 കളിൽ കുട്ടികളെ ശാരീരികമായി ക്രൂര ദണ്ഡനങ്ങൾക്ക് വിധേയരാക്കിയിരുന്നു.

ആ കാലഘട്ടത്തിൽ തീവ്രമായ ശിക്ഷാരീതികൾ നാട്ടുകാരായ ലോപ്പന്മാർ അവലംബിച്ചിരുന്നു. തളർന്നു വീഴുന്നതുവരെ വടികൊണ്ടോ, ബെൽറ്റുകൊണ്ടോ, കൈകൊണ്ടൊ അടിച്ചിരുന്നു. അരമണിക്കൂറിലധികം കുനിച്ചു നിർത്തുക, ഒറ്റക്കാലിൽ നിർത്തുക, സ്കൂളിനുചുറ്റും പലവട്ടം ഓടിക്കുക, പന്നിക്കൂട് വൃത്തിയാക്കിക്കുക ( സ്കൂളുകളിൽ പന്നികളെ വളർത്തിയിരുന്നു.) തുടങ്ങിയവ.

എത്ര ശിക്ഷിച്ചാലും ആരും പരാതിയുമായി വരാറില്ല. സ്കൂൾ രാജാവിന്റേത്, അധ്യാപകർ രാജാവിന്റെ പ്രതിനിധി. രാജാവിനെയോ, രാജപ്രതിനിധിയെയോ ചോദ്യം ചെയ്യാൻ സാധാരണക്കാരന് അവകാശമില്ല. ഇന്ത്യക്കാരായ അധ്യാപകർ ഇത്തരത്തിൽ ക്രൂരത കാട്ടിയിരുന്നില്ല.

വർഷത്തിൽ ഒരിക്കലെങ്കിലും രാജാവ് സ്കൂൾ സന്ദർശിച്ചിരുന്നു. തലയിൽ കിരീടംവെച്ച് , രാജകീയ ചിഹ്നങ്ങളും പരിവാരങ്ങളുമായി വരുന്ന ചക്രവർത്തിയായിട്ടല്ല; സാധാരണക്കാരനെപ്പോലെ, സെക്യൂരിറ്റികളും എസ്കോർട്ടും സ്കൂൾ ഗെയിറ്റിനു വെളിയിൽ നിർത്തി സ്നേഹസമ്പന്നനായി വരുന്ന രാജാവ്. അദ്ദേഹം (His Majesty Jigmy Singay Wangchuk) ഇന്ത്യക്കാരെ കൈകൂപ്പി വണങ്ങുമായിരുന്നു. ഞങ്ങളോട് പറഞ്ഞിരുന്നു: "I want good citizens; not docters and engineers. I can bring docters or engineers from abroad, but not good citizens. So you produce good citizens for me."( എനിക്ക് നല്ല പൗരന്മാരെയാണാവശ്യം. ഡോക്ടർമാരെയും എൻജിനിയർമാരെയുമല്ല; അവരെ വിദേശത്തുനിന്ന് കൊണ്ടുവരാം എന്നാൽ നല്ല പൗരന്മാരെ നിങ്ങളിവിടെ സൃഷ്ടിക്കുക.)

സോണം ഷെറിംങ്ങിനെപ്പോലെ ശിക്ഷ അനുഭവിച്ചാണ് അന്നത്തെ വിദ്യാർഥികൾ പഠിച്ചത്. 1990 കളോടെ ക്രൂരശിക്ഷ ഒഴിവാക്കണം എന്നൊക്കെ പറഞ്ഞു തുടങ്ങി. അത്തരത്തിൽ പഠിച്ചു വളർന്ന കുട്ടികളാണ് ഇന്ന് ഉന്നത പദവികളിൽ നാടിനെ നയിക്കുന്നത്. ഞങ്ങളാരും പഠിപ്പിക്കുന്ന കാര്യത്തിൽ ഒരു വിമുഖതയും കാട്ടിയിരുന്നില്ല. കഴിവിന്റെ പരമാവധി അവർക്കു കൊടുത്തിരുന്നു. ആ നല്ല പ്രവർത്തനത്തിന്റെ സംതൃപ്തി ജീവിതത്തിലെ വലിയ മുതൽക്കൂട്ടുമാണ്.



ഗെലോംങ്ങ് ലോപ്പൻ

ഗെലോംങ്ങ് ലോപ്പൻ

0
326

ഭൂട്ടാനിലെ ഭാഷയായ ജോംഖയിൽ ഗെലോഗ് എന്നാൽ ബുദ്ധഭിക്ഷു. പഠനം പൂർത്തിയായ പുരോഹിതൻ 'ലാമ'. പഠനം പൂർത്തീകരിക്കാത്തവർ ഗെലോംഗ്.ലോപ്പന്റെ അർഥം അധ്യാപകൻ. ബുദ്ധഭിക്ഷുവായ അധ്യാപകനാണ് ഗെലോംഗ് ലോപ്പൻ. അദ്ദേഹം പഠിപ്പിച്ചിരുന്നത് നാട്ടു ഭാഷയായ 'ജോംഖ.'ജോംഖ ഒഴികെ ബാക്കി വിഷയങ്ങളെല്ലാം ഇംഗ്ലീഷ് മീഡിയത്തിലാണ്. ആധുനിക കാല വിദ്യാഭ്യാസം മുഴുവൻ ഇംഗ്ലീഷ് മീഡിയത്തിൽ ആയിട്ടും ഭൂട്ടാൻകാർ അവരുടെ സംസ്കാരം മറന്നില്ല. കുങ്കുമവർണത്തിലുള്ള ബക്കു( ആൺവേഷം) ധരിച്ച്,മുറുക്കിച്ചുവപ്പിച്ച്, കഷണ്ടിത്തലയുമായി വരുന്ന ഗെലോംഗ് ലോപ്പൻ ഓർമയിൽ മായാതെ നിൽക്കുന്നുണ്ട്. ലോപ്പന് പൊടി ഇംഗ്ലീഷു