Aksharathalukal

നർമ്മദ ഒഴുകുന്നു.. 🦋🌼

1•നർമ്മദ ഒഴുകുന്നു... 🦋🌼







        


നർമ്മദാ നദി ഒഴുകിക്കൊണ്ടേയിരിക്കുന്നു... ചിലപ്പോഴൊക്കെ ശാന്തമായി , മറ്റ് ചിലപ്പോൾ അശാന്തമായും...🌼



            ___________🌸_________




ദുർഗാ പൂജയുടെ അവസാനദിന ആഘോഷങ്ങൾക്കിടയിലാണ് ഏതൊരു വടക്കേ ഇന്ത്യൻ ദേശവും പോലെ മുർശിദാബാദ്.  മാ ദുർഗ മഹിഷാസുരന് മേൽ വിജയം നേടിയ ദിവസമാണ് ഇതെന്നാണ് പൊതുവെ കരുതപ്പെടുന്നത്.തിന്മയ്ക്ക് മേൽ നന്മ നിറയുന്ന ദിവസങ്ങളാണവ എന്നാണ് അവരുടെ വിശ്വാസം.


\"തളർന്നിരിക്കുന്ന ബംഗാളി ആത്മാവിന് പുനരുജ്ജീവനത്തിനും ഉയിർപ്പിനുമുള്ള സമയമാണ് ദുർഗാപൂജ...\"



അവളും അതിന്റെ ഒരുക്കങ്ങളിലാണ്.ഇട്ട് പഴകിയതാണെങ്കിലും അവൾക്കുള്ളതിൽ ഏറ്റവും പുതിയതായ കടുംമഞ്ഞ നിറമുള്ള സൽവാർ ആണ് അവൾ ധരിച്ചത്.ഏകദേശം രണ്ടര വർഷം മുൻപാണ് അവൾ അത് ആദ്യമായി ധരിച്ചത്. അന്ന് അവൾ വളരെയധികം സന്തോഷവതിയായി കാണപ്പെട്ടിരുന്നു.പിന്നീട് അങ്ങോട്ടുള്ള എല്ലാ വിശേഷദിവസങ്ങളിലും അവൾ ധരിച്ചത് ആ മഞ്ഞ സൽവാർ തന്നെ ആയിരുന്നു.


സൽവാറും അണിഞ്ഞു അവൾ വീട്ടിലെല്ലാവരും ഉപയോഗിക്കുന്ന  ആ പൊട്ടിയ കണ്ണാടിച്ചില്ലിനിടയിലൂടെ സ്വന്തം മുഖം ഒന്ന് വിലയിരുത്തി.മുഖത്താകമാനം എണ്ണ കുമിഞ്ഞു കൂടിയിരിക്കുന്നുണ്ട്. രണ്ടു കൈകൊണ്ടും മുഖം അമർത്തിത്തുടച്ചു ശേഷം അവൾ ചെറിയ കുപ്പിയിലെ റ്റാൽകം പൌഡർ കുടഞ്ഞു മുഖത്ത് പടർത്തി.

ആ സൽവാർ ഇഷ്ടമാകാത്തതുകൊണ്ടോ എന്നറിയില്ല എല്ലായ്പോഴും അത് ധരിക്കുമ്പോൾ അവൾക്ക് തന്റെ നിറം പതിവിലും ഇരുണ്ടു പോകുന്നതായി തോന്നിയിട്ടുണ്ട് .

ഇനിയും വൈകിയാൽ ശെരിയാവില്ല എന്ന തോന്നലിൽ അവൾ വേഗം ആ ചെറിയ വീട് പൂട്ടി ഇറങ്ങി.


ആളുകൾ കൂട്ടത്തോടെ താമസിക്കുന്ന ഒരു ചെറിയ തെരുവിലെ അംഗമാണ് അവളും. ആ തെരുവിന്റെ തുടക്കത്തിലായാണ് ദുർഗ്ഗ മന്ദിർ സ്ഥിതി ചെയ്യുന്നത്. അവളുടെ ഇഷ്ടദേവിയും മാ ദുർഗ്ഗ തന്നെയാണ്. അവളുടേതുപോലുള്ള രണ്ടു മൂന്ന് ഇടുങ്ങിയ വീടുകൾക്ക് ശേഷമാണ് അവളുടെ ഏക സുഹൃത്തായ ഗീതയുടെ വീട്. എത്തിയപ്പോഴേക്കും കണ്ടു അവളെയും പ്രതീക്ഷിച് വീടിനുമുന്നിൽ നിൽക്കുന്ന ഗീതയെ.

\'\'  শুভ দূর্গা পূজা  \'\'

\" শুভ দূর্গা পূজা \"

അവർ രണ്ടുപേരും ചിരിയോടെ പരസ്പരം ആശംസകൾ നേർന്നു.

\" നീ ഇന്നും ഇതേ സൽവാർ തന്നെയാണോ ധരിച്ചത്? \"


ഗീത ചോദിച്ചപ്പോൾ മുഖമൊന്നുമങ്ങിയെങ്കിലും അവൾ ചിരിച്ചു.തവണകളായി കേട്ട് പരിചിതമാണെങ്കിലും ആ ചോദ്യം എന്നത്തേയും പോലെ അവളെ വേദനിപ്പിച്ചു.അവൾക്ക് വേദനിക്കുമെന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഗീത അത് ചോദിച്ചത്.

\" മ്മ്...ഹാ \"

അതോടെ അവൾ നിശബ്ദയായി.

എന്നെങ്കിലും ഒരുനാൾ ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ അണിഞ്ഞു ദുർഗപൂജക്ക് പങ്കെടുക്കണമെന്നുള്ളത് അവളുടെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു.


പ്രത്യേകമായി അലങ്കരിച്ച പണ്ടാലിൽ ( pandals)ആണ് ആഘോഷങ്ങൾ നടക്കുന്നത്.മഹാലയയിൽ പിതൃതർപ്പണത്തോടെ ആരംഭമായ നവരാത്രി  ഇന്നതിന്റെ അവസാനത്തിൽ എത്തിയ ദിനമാണ്.
ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഗന്ധ, കുശ്മാണ്ട, സ്കന്തമാതാ, കാർത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിധാത്രി  എന്നിങ്ങനെ ഒൻപത് ദിവസങ്ങളിലായി ദുർഗ്ഗയുടെ ഓരോ അവതാരങ്ങളെയാണ് ആരാധിച്ചു പോരുന്നത്.



ആരതിക്ക് ശേഷം അവിടെ ചുറ്റി നടക്കുമ്പോൾ ഗീതക്ക് നേരെ പല ആൺകുട്ടികളുടെ നോട്ടം എത്തുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.

ഗീത അത് ശല്യമെന്നു പറഞ്ഞ് മുഖം ചുളിക്കുന്നുണ്ടെങ്കിലും ആ പ്രവൃത്തി അവൾ ആസ്വദിക്കുന്നുണ്ടെന്ന് അവളുടെ മുഖത്തെ നാണം കലർന്ന ചിരിയിൽ നിന്ന് മനസിലാക്കാം.


അവൾക്ക് അതുകണ്ട് അസൂയ തോന്നിയില്ല എന്ന് പറഞ്ഞാൽ അത് കളവാകും. സാധാരണ ഏതൊരു പെൺകുട്ടികൾക്കുമുള്ളതുപോലെ അവൾക്കും ഇതൊരു കൗതുകമാണ്. തന്നെയും സമപ്രായത്തിലുള്ളവർ ഇതുപോലെ നോക്കിയിരുന്നെങ്കിലെന്നു അവൾ ആഗ്രഹിക്കാറുണ്ട്.

അവളെ നോക്കുന്നവരുടെയെല്ലാം കണ്ണിൽ പക്ഷെ അവൾ ഗീതികയെപ്പോലെ ആയിരുന്നില്ല. ഗീതികയുടെ മുഖസൗന്ദര്യം അവർ ആസ്വദിക്കുമ്പോൾ അവളുടെ ശരീര സൗന്ദര്യമാകും കാഴ്ചക്കാർക്ക് മുന്നിൽ വെളിവാകുന്നത്.


മെലിഞ്ഞ ശരീര പ്രകൃതി ആണ് അവൾക്ക്. അവളുടെ ശരീരത്തിൽ എഴുന്നു നിൽക്കുന്ന എല്ലുകൾ  അവൾ കഴിക്കുന്ന ഭക്ഷണത്തിന്റെ പോഷകം വിളിച്ചറിയിക്കുന്നതാണ്.ഇരുനിറമാണ് അവൾക്ക് എങ്കിലും ഇരുണ്ടനിറമാണ് അതിൽ മുന്നിട്ട് നിൽക്കുന്നത്.
നിറം അവളുടെ ഒരു ദുർബലത ആണെന്ന് പറയാൻ സാധിക്കും. അവൾക്ക് ചുറ്റുമുള്ളവരിൽ അവളെക്കാൾ നിറം കുറവ് ഉള്ളവരുണ്ടെങ്കിൽ കൂടിയും തന്റെ സുഹൃത്തായ ഗീത തന്നേക്കാളും മുന്നിൽ നിൽക്കുന്നു എന്ന ചിന്ത അവളെ പലപ്പോഴും അസ്വസ്ഥതപെടുത്താറുണ്ട്.അങ്ങനെയൊരു ചിന്ത തെറ്റാണെന്ന് അവൾക്ക് അറിയാമെങ്കിലും മനുഷ്യസഹജമായ അസൂയയാണ് അന്നേരം അവളെ ഭരിക്കുന്നത്.


വഴിവക്കിൽ വിൽക്കാൻ വെച്ചിരിക്കുന്ന സാധനങ്ങളിൽ അവളുടെ കണ്ണുകൾ ഓടി നടന്നു.അനാഥമായി കിടക്കുന്ന അവളുടെ കയ്യും കഴുത്തും ആഭരണങ്ങളുടെ ആവശ്യം അവളെ അറിയിച്ചുകൊടുത്തു.ആഭരങ്ങളെ ഒരു നോട്ടം കൊണ്ടും പോലും അവൾ മോഹിച്ചില്ല.അതി മോഹം മാത്രമായി അവ അവശേഷിക്കുമെന്ന് അവൾ പൂർണ ബോധവതി ആയിരുന്നു.



                             🦋





\"  বেশ্যা....\"



എന്നത്തേയും പോലെ ആ വിളി അവളെ തേടിയെത്തിയിരുന്നു. അതിനുപുറമേയുള്ള അടക്കിപ്പിടിച്ചതും അല്ലാത്തതുമായ  ചിരിയൊലികളും.

കേട്ടുകേട്ട് ശീലമായിരിക്കുന്നു ഈ വിളികൾ.. ആദ്യമായി ഈ പേര് തന്നെ വിളിച്ചത് ആരാണെന്നും എപ്പോഴാണെന്നും അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു.

അതിന് ഫലമുണ്ടായില്ല. അവളുടെ ഓർമ്മയിൽ ഉള്ളത് ആ വിളി കേട്ട് ആരെയെന്നു മനസ്സിലാകാതെ താൻ ചുറ്റും നോക്കിയതാണ്.

വീണ്ടും ആ വിളി കേട്ടിട്ടുണ്ട് . അപ്പോഴേക്കും അവൾക്കത് തിരിച്ചറിയാനുള്ള പ്രായമായിരുന്നു. അവളോട് ആരും പറഞ്ഞു കൊടുത്തിട്ടില്ല അതിന്റെ അർത്ഥം. പക്ഷെ അവളത് സ്വയം മനസ്സിലാക്കിയതാണ്....



ആ വിളികൾക്ക് ചെവി കൊടുക്കാതെ അവൾ നടന്നുനീങ്ങി. അവളുടെ അമ്മയെ ആണ് അങ്ങനെ വിളിക്കുന്നതെന്ന് അവൾക്ക് ചെറുപ്പത്തിലേ തന്നെ മനസ്സിലായതാണ്. അർത്ഥമറിയാതിരുന്ന കാലത്ത് വേശ്യ എന്നത് അമ്മയുടെ ചെല്ലപ്പേരായിരിക്കുമെന്ന് അവൾ ഊഹിച്ചു.
ഇപ്പോൾ അവളെയും പലരും അങ്ങനെയാണ് സംബോധന ചെയ്യുന്നത്.എന്തുകൊണ്ടാണെന്നറിയില്ല ..
അവളും അമ്മയുടെ വഴിയേ നടക്കും എന്ന ചിന്ത കൊണ്ടാവാം.


വേശ്യയായ ഒരമ്മയുടെ മകളും എങ്ങനെയാണ് വേശ്യയാകുന്നത്  ?

വേശ്യ എന്നത് എല്ലാവർക്കും കളിയാക്കാനും അപമാനിക്കാനുമുള്ള വ്യക്തി ആണോ  ? 

അവർ എങ്ങനെയാണ് ഒരു തെറ്റാകുന്നത്  ?

സമൂഹത്തിൽ അവരനുഭവിക്കുന്ന കഷ്ടതകൾ ശരിക്കും അവർ അർഹിക്കുന്നുണ്ടോ  ? 


അവളുടെ മനസ്സിൽ എപ്പോഴും ഉണ്ടാകുന്ന ചിന്തകൾ ആണ് അവയെല്ലാം.



ഏഴുമണി ആയപ്പോഴാണ് അവർ വീട്ടിലേക്ക് മടങ്ങിയത്. ഗീതയ്ക്ക് കൂട്ടിന്  മായും ദാദിയും ഉണ്ടായിരുന്നു.

അവൾ ഒറ്റക്കാണ് തിരിച്ചുപോയത്. ഗീതയ്ക്ക് ആരും കൂട്ടിന് ഇല്ലാത്തപ്പോൾ മാത്രമേ അവളെ ആവശ്യമുണ്ടാവുകയുള്ളു. അല്ലാത്തപ്പോൾ അവളുടെ കൂടെ വേറെ  സുഹൃത്തുക്കൾ ഉണ്ടാവും.അവൾക്ക് അതിൽ തെല്ലും പരിഭവം തോന്നിയിട്ടില്ല.

തനിക്ക് ഇടയ്ക്കെങ്കിലും കൂട്ടിന് ഗീത ഉണ്ടാകാറുണ്ടെന്നത് അവളെ സന്തോഷിപ്പിക്കുന്ന കാര്യമാണ്.ആരെങ്കിലും സുഹൃത്തിനെപ്പറ്റി ചോദിച്ചാൽ അവൾ പറയുന്നത് ഗീതയുടെ പേരാണ്.പേരിനെങ്കിലും സുഹൃത്ത് എന്ന് പറയാൻ അവൾക്ക് ആളുണ്ടല്ലോ...


                 
                                     (( തുടരും..... ))




©വായു 


2•നർമ്മദ ഒഴുകുന്നു.. 🦋🌼

2•നർമ്മദ ഒഴുകുന്നു.. 🦋🌼

5
693

വീടിന് സമീപം എത്തിയപ്പോൾ അകത്തുനിന്ന് പാത്രങ്ങളുടെ ശബ്ദം കേട്ടു. ഇഷ്ടികകൊണ്ട് കെട്ടിയ ആസ്ബറ്റൊസ് ഷീറ്റ് മേഞ്ഞ വീടാണത്.സിമന്റ്‌ കൊണ്ട് മെഴുകിയ തറയുള്ള ആ വീട്ടിൽ രണ്ട് മുറി മാത്രമാണുള്ളത്.ഒരു മുറി അവളുടേതാണ്.ആ മുറിയും അടുക്കളയും തമ്മിൽ വേർതിരിച്ചിട്ടോ ഭിത്തി കെട്ടിയിട്ടോ ഇല്ല. അതുകൊണ്ടുതന്നെ അവളുടെ മുറിയിൽ തന്നെയാണ് ഭക്ഷണം ഉണ്ടാക്കുന്നതെന്നും പറയാം.ആ മുറിയിൽ അവൾക്ക് സ്വന്തമായുള്ളത് ഭിത്തിയോട് ചേർന്ന് തുണികൾ വെക്കാനുള്ള അലമാരയും കിടക്കാൻ ഉപയോഗിക്കുന്ന ഒരു കീറിയ പായയും തലയിണയുമാണ്.അടുപ്പിൽ നിന്നുള്ള പുകയും ആവിയും കൊണ്ട് നിറം മങ്ങി തുടങ്ങിയ ച