തുടരുന്നു ...........
ഇളം കുളിരുള്ളരാത്രിയിൽ അവൻ മൂടിപ്പുതച്ച് ആകാശം നോക്കി കിടന്നു. ചില്ല് ഓടിലൂടെ അവന് ആകാശം വ്യക്തമായി കാണാൻ കഴിഞ്ഞു.നക്ഷത്രങ്ങൾ ആകാശത്ത് ചിന്നിച്ചിതറി കിടക്കുന്നു. നക്ഷത്രങ്ങൾ തന്നെ നോക്കി കണ്ണുറുക്കി കാണിക്കുന്നതായി രാമുവിന് തോന്നി. ആകാശത്ത് കണ്ണും നട്ടു കിടക്കവേ ഒരു വവ്വാൽ ചില്ല് ഓടിൽ വന്ന് നിന്നു. രാമു പേടിച്ചു.മഞ്ഞ സുന്ദരിയെ നാളെ കണ്ടുപിടിക്കണം എന്ന് ചിന്തിച്ചു കിടക്കവേ അവന്റെ കണ്ണുകൾ മന്ദം മന്ദം അടയാൻ തുടങ്ങി. രാമു ഉറക്കത്തിലേക്ക് വഴുതിവീഴേ കൊതുകുകളുടെ മൂളിപ്പാട്ട് അവൻറെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
വളരെ ഊർജ്ജസ്വലനായിട്ടാണ് രാമു ഉറക്കം ഉണർന്നത്. അവൻറെ മനസ്സിൽ തലേദിവസം വിദ്യാലയത്തിൽ നടന്ന സംഭവങ്ങൾ ഒന്നൊന്നായി തെളിഞ്ഞു വന്നു. ആ ഓർമ്മകളെ ചങ്ങലക്കിട്ട് അവൻ വിദ്യാലയത്തിലേക്ക് പോകാൻ തയ്യാറെടുപ്പ് തുടങ്ങി. രാവിലത്തെ ഭക്ഷണം കഴിച്ചു പുസ്തക സഞ്ചിയും എടുത്ത് അമ്മയോട് സന്തോഷത്തോടെയാത്രപറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി. മൂളിപ്പാട്ട് പാടിയാണ് ഉടുവഴിയിലൂടെ നടത്തം." രാമു ഒന്നിവിടം വരെ വരു "വഴിയരികിലെ വീട്ടിൽ നിന്നും നാണിയമ്മ രാമുവിനെ നീട്ടി വിളിച്ചു. രാമു ആ വീട്ടിൽ കയറിച്ചെന്നു . രാമുവിന്റെ വരവ് കണ്ടു ആ വീട്ടിൽ ഉണ്ടായിരുന്ന നായക്കുട്ടി തുടല പൊട്ടിച്ച് തൊടിയിലേക്ക് ഓടി. ഓടുന്നതിനിടയ്ക്ക് ആ നായക്കുട്ടി രാമുവിനെ നോക്കി കുരക്കുന്നുണ്ടായിരുന്നു. രാമു ആ വീടിൻറെ മുറ്റത്ത് നിന്നും ചുറ്റും ഒന്ന് കണ്ണോടിച്ചു.ഓലകൊണ്ട് മേഞ്ഞ വീട്. വീടിൻറെ മുൻഭാഗം ചായ്‌പ് മുളകൊണ്ട് പണിതതാണ്. മുളയുടെ ഒരു തൂണിൽ ആടിനെ കെട്ടിയിരിക്കുന്നു.ആടിൻറെ കാഷ്ടവും മൂത്രവും അവിടെ പരന്നു കിടക്കുന്നുണ്ടായിരുന്നു. അതിൽനിന്നും വമിക്കുന്ന ദുർഗന്ധം അവൻറെ മൂക്കിൽ അടിച്ചു കയറി. നാണിഅമ്മയ്ക്ക് രണ്ട് ആൺമക്കളാണ് ഉള്ളത്. മക്കൾ വാർക്കപ്പണിക്ക് പോകുന്നവരാണ്. ഭർത്താവ് വർഷങ്ങൾക്കു മുൻപ് ഒരു അപകടത്തിൽ മരിച്ചു പോയതാണ്."നാണി അമ്മേ മക്കളൊക്കെ എവിടെ? രാമു ചോദിച്ചു." അവർ നേരത്തെ പണിക്ക് പോയി" നാണിയമ്മ പറഞ്ഞു. തൊടിയിലേക്ക് പോയ നായ കുട്ടി കുരച്ചുകൊണ്ട് തിരിച്ച് ഓടിവരുന്നു.പകുതി ദൂരം ഓടിയ നായക്കുട്ടി അവിടെ നിന്ന് തിരിഞ്ഞു നിന്ന് ചീറ്റ് ചീറ്റി കുരയ്ക്കാൻ തുടങ്ങി. രാമുവിന് മനസ്സിലായി നായക്കുട്ടി എന്തോ കണ്ടു ഭയമാണ് കുരയ്ക്കുന്നത്. അടുത്ത പുളി മരത്തിൽ നിന്നും " ചിൽ ചിൽ" ശബ്ദത്തിൽ ഒച്ചയിട്ട് മരത്തിൽ അങ്ങോട്ടുമിങ്ങോട്ടും ചാടിക്കൊണ്ടിരിക്കുന്നു.അണ്ണാറക്കണ്ണന്മാരുടെ ഒച്ചയിടൽ കേട്ടപ്പോൾ രാമുവിന് മനസ്സിലായി ആ മരത്തിൻറെ പരിസരത്ത് ഒരു പാമ്പ് ഉണ്ടെന്ന്. രാമു പതുക്കെ ആ ദിക്കിലേക്ക് നടന്നു സൂക്ഷിച്ചുനോക്കി. ഒന്നും കാണുന്നില്ല. ആ മരത്തിൻറെ ചുറ്റും നിറയെ ചപ്പ് ചവറുകൾ ഉണ്ടായിരുന്നു.രാമു മരത്തിൻറെ അടുത്തേക്ക് പോകുന്നത് അനുസരിച്ച് നായകുട്ടിയുടെയും അണ്ണാറക്കണ്ണന്മാരുടെയും ശബ്ദം കൂടിക്കൊണ്ടിരുന്നു. രാമു മുന്നോട്ട് നടക്കവേ രണ്ടുമീറ്റർ അകലെയായി ഒരു പാമ്പ് തല ഉയർത്തി നോക്കുന്നു.ചേര പാമ്പ് ആണെന്ന് ഒറ്റനോട്ടത്തിൽ രാമുവിന് മനസ്സിലായി. കാരണം പാമ്പ് ഉടനെ തലതാഴ്ത്തി പിന്നോട്ട് തിരിഞ്ഞ് ഓടാൻ തുടങ്ങി." രാമു, എന്താ അവിടെ ഉള്ളത്?" നാണിയമ്മ വീട്ടിനകത്ത് നിന്നും വിളിച്ചു ചോദിച്ചു." ഒരുചേര പാമ്പ് വന്നതാണ്" രാമു പറഞ്ഞു." എനിക്ക് തോന്നി ചേര പാമ്പ് ആയിരിക്കും അതെന്ന് കാരണം കുറെ ദിവസമായി ഒരു ചേര ഈ വീടിൻറെ മേൽക്കൂരയിൽ ഓലകൾക്കിടയിൽ കിടന്നു എലിയെ പിടിക്കാൻ ശ്രമിക്കുന്നു" .നാണിയമ്മ പറഞ്ഞു. "രാമു ഇന്നു സ്കൂളിൽ പോകുന്നില്ല? നീയെന്താ നാണിയമ്മയുടെ തൊടിയിൽ ചെയ്യുന്നത്?" വഴിയിലൂടെ പോവുകയായിരുന്നു രാഘവേട്ടൻ ചോദിച്ചു. അപ്പോഴാണ് രാമുവിന് സ്കൂളിൽ പോകുന്ന കാര്യം ഓർമ്മ വന്നത്. അവൻ ഓടി മുറ്റത്ത് വന്നു നാണി അമ്മയോട് പറഞ്ഞു". നാണി അമ്മേ ഞാൻ പോകുന്നു എനിക്ക് സ്കൂളിൽ പോകാൻ സമയമായി." "ഒന്ന് അകത്ത് കയറി വാടാ രാമു,ഒരു പണിയുണ്ട് നിനക്ക് പെട്ടെന്ന് പോകാം" നാണിയമ്മ പറഞ്ഞു. അവൻ പുസ്തക സഞ്ചി കോലായിൽ വച്ച് അകത്തു കയറി. ഒറ്റ മുറി വീടായിരുന്നു അത്. അവിടെ നാണിയമ്മ ഒരു ചാക്കിലേക്ക് കണ്ട് മുറം ഉപയോഗിച്ച് വല്ലോട്ടി(മുളകൊണ്ട് നിർമ്മിച്ച നെല്ലി ശേഖരിച്ച് വയ്ക്കുന്ന വലിയ പാത്രം)നിന്നും നെല്ല് എടുത്ത് ചാക്ക് നിറക്കുന്നു. പകുതി നിറഞ്ഞിട്ടുള്ളൂ. നെല്ല് നിറയ്ക്കാൻ വേണ്ടി രാമുവിനോട് ചാക്ക് പിടിക്കാൻ നാണി അമ്മ പറഞ്ഞു. ചാക്ക് പിടിക്കുന്നതിനിടയിൽ രാമു ആ മുറിയിൽ ഒന്ന് കണ്ണോടിച്ചു. ഒരു വശത്ത് മണ്ണെണ്ണ സ്റ്റൗ അതിന്റെ ചുറ്റും കുറെ മൺപാത്രങ്ങൾ വച്ചിരിക്കുന്നു. ചെറിയ മരത്തിൻറെ സ്റ്റാൻഡിൽ പയറും വർഗ്ഗങ്ങളും ചായപ്പൊടിയും പഞ്ചസാരയും കടുകും ഉലുവയും നിറച്ച ചെറിയ പ്ലാസ്റ്റിക് പാത്രങ്ങൾ അടുക്കി വച്ചിരിക്കുന്നു. അതിൽ പലതും കാലിയായിരുന്നു. അവയ്ക്ക് മുകളിൽ ഉറികൾ കെട്ടിത്തൂക്കി ഇട്ടിരിക്കുന്നു. ഉറികളിൽ മൺപാത്രങ്ങൾ വച്ചിട്ടുണ്ട്.മറ്റൊരു മൂലയിൽ അയ കെട്ടിയിരിക്കുന്നു. അതിൽ തുണികൾ നിറയെ തൂക്കിയിട്ടിരിക്കുന്നു. മുഷിഞ്ഞ തുണികളുടെ മണം അവൻറെ മൂക്കിൽ എത്തി. കുറെ തുണികൾ ഓലകൾക്കിടയിൽ തുരുകി തൂക്കിയിട്ടിരിക്കുന്നു. അതിൻറെ അടുത്ത് ഒരു കണ്ണാടി തൂക്കിയിട്ടിരിക്കുന്നു. കണ്ണാടിയുടെ മുകളിൽ ചീർപ്പുകൾ വച്ചിരിക്കുന്നു. മറ്റൊരു മൂലയിലാണ് വല്ലോട്ടി വച്ചിരിക്കുന്നത്. രാമു ചുറ്റും നിരീക്ഷിക്കുന്നതിന്ഇടയ്ക്ക് കയ്യിൽനിന്നും ചാക്ക് വിട്ടുപോയി നെല്ല് ചാക്കിന്റെ പുറത്തുകൂടി രാമുവിന്റെ കാലിലേക്ക് വീഴാൻ തുടങ്ങി അപ്പോഴാണ് രാമു അറിഞ്ഞത് തൻറെ ശ്രദ്ധ ചാക്ക് പിടിക്കുന്നതിൽ അല്ല എന്ന്." എന്താ രാമു നീ എവിടെയാ ശ്രദ്ധിക്കുന്നത്?" നാണി അമ്മ ചോദിച്ചു. ചാക്ക് നിറഞ്ഞപ്പോൾ ചാക്കിന്റെ വായ ." ഈ നെല്ല് അടുത്ത പാറയിൽ ഇട്ട് ഉണക്കിയ ശേഷം വേണം മില്ലിൽ കൊണ്ടുപോയി അരച്ച് കൊണ്ടുവരുവാൻ" നാണിയമ്മ പറഞ്ഞു."നാണി അമ്മേ അതെന്താ സാധനം, നിലത്ത് ഒരു കുഴി പോലെ അതിൻറെ അടുത്ത് നീളമുള്ള തടി കഷണം വെച്ചിട്ടുണ്ടല്ലോ?"രാമു നാണി അമ്മയോട് ചോദിച്ചു." അതാണ് മോനെ ഉരലും ഒലക്കയും. നെല്ല് അരയ്ക്കാൻ മില്ലിൽ പോകാൻ കഴിയാതെ വരുമ്പോൾ ഈ ഉരലിൽ ഇട്ടാണ് നെല്ലിന് അരിയാക്കുന്നത്".നാണിയമ്മ പറഞ്ഞു.ചാക്കിലെ നെല്ല് നാണി അമ്മയ്ക്ക് തലയിൽ വച്ചു കൊടുത്ത ശേഷം രാമു പുസ്തക സഞ്ചിയും എടുത്ത് നാണി അമ്മയുടെ വീട്ടിൽ നിന്നും ഇറങ്ങി സ്കൂളിലേക്ക് യാത്ര തുടർന്നു.