Aksharathalukal

ഇനി ആർക്ക് വേണ്ടി

ഇന്നലെ കണ്ണിലെ കടലിരമ്പം കണ്ട്,
കടലാസ്സ് വഞ്ചി ഇറക്കി നീ വെക്കം...
പെയ്തൊഴിയും മുൻപേ സങ്കട ധാരയിൽ,
ഛത്രം വിടർത്തി വിരിഞ്ഞു നിന്നു...

ഇറ്റിറ്റു വീഴുന്ന കണ്ണുനീർ മാരിയിൽ,
കൈകൾ കൊണ്ട് നീ തട്ടി കളിച്ചു...
തുള്ളി തെറിച്ചു തടം പോലൊഴുകുന്ന,
നോവിന്റെ ധാരയിൽ വഞ്ചി നീങ്ങി...

മഷി തണ്ട് തേടി ഞാൻ തൊടിയിൽ പരതവേ,
മിഴിക്കോണ് കൊണ്ട് നീ ഗോഷ്ടി കാട്ടി...
കാലിൽ തടഞ്ഞൊരാ തണ്ടെന്റെ കയ്യിലെ,
ഇന്നലെ കഥകളെ മായ്ച്ചു നോക്കി...

തണ്ടിലെ ചോരയെ കുടിച്ചു വറ്റിച്ചു,
എന്റെ കിതാബെന്നെ ഇളിച്ച് കാട്ടി...
തേച്ചിട്ടും മായാത്ത കറയെന്ന മട്ടിൽ,
തണ്ടെന്നെ തോണ്ടി തല കുനിച്ചു...

ഓർമ്മകൾ മിഴിതുമ്പിൽ അടരാൻ കൊതിക്കവേ,
ഓർത്തോർത്തു തേങ്ങി ഞാൻ എൻ നൊമ്പരം...
കരളിലെ നീരിന്റെ മണമുള്ള താളുകൾ,
മിഴി പെയ്‌ത്തിൽ ആകെ തണുത്തു നിന്നു...

ഉമ്മറ കോലായി തന്നിലെ പലകയിൽ,
ചുണ്ണാമ്പ് പറ്റിയ പാടുകൾ പോലെ,
കവിളിലെ ചുവരിലെ കണ്ണീര് ചാലുകൾ,
കഥകൾ സ്പുരിക്കുന്ന നോവുകൾ കാട്ടി,

മശിക്കുപ്പി തന്നിലെ ഇരുണ്ട പ്രതലങ്ങൾ,
നിരാശകൾ കൊണ്ട് തളങ്ങൾ പണിഞ്ഞിട്ടു...
ചിന്നി ചിതറി തെറിക്കുന്ന മുൻപേ,
ചുവരിൽ മഹാകാവ്യം കോറിയിട്ടു...

ഇനി ആർക്ക് വേണ്ടി ഞാൻ,
വാക്കുകൾ കോർക്കണം?
ഇനി ആർക്ക് വേണ്ടി ഞാൻ,
സത്തയെ കെട്ടണം?

ഇനി ആർക്ക് വേണ്ടി ഞാൻ,
താളുകൾ തേടണം?
ഇനി ആർക്ക് വേണ്ടി എൻ,
കവിതകൾ പാടണം?

ഇനി ആർക്ക് വേണ്ടി എൻ,
എഴുത്താണി നനക്കണം?
ഇനിയും ആർക്ക് വേണ്ടി ഞാൻ,
എന്നെ അടക്കണം...?

◆◆◆◆◆◆◆

-ദേവ്

20-06-2023

©thezcount.com