ഇന്നത്തെ പോലെ മൊബൈൽ ഫോണോ ഇന്റെർനെറ്റോ ഒന്നും ഇല്ലാത്ത കാലം. ആറാം ക്ലാസ്സ് കഴിഞ്ഞു സ്കൂൾ പൂട്ടിയ ശേഷം ഞങ്ങൾ കാണുന്നതും സംസാരിക്കുന്നതും ഏഴാം ക്ലാസ്സിൽ സ്കൂൾ തുറന്നപ്പോഴാണ്. രണ്ടു മാസത്തെ ലീവിന് ശേഷം സന്ദീപിനെ കാണുന്ന സന്തോഷത്തോടെ ആണ് ഞാൻ അന്ന് സ്കൂളിലേക്ക് പോയത്. ഞാൻ ക്ലാസ്സിലേക്ക് കയറുമ്പോൾ ആൺകുട്ടികൾ എല്ലാവരും ക്ലാസ്സിനു പിന്നിൽ കൂട്ടം കൂടി നിന്ന് കലപില ബഹളം വെക്കുകയായിരുന്നു. സന്ദീപും അവിടെയായിരുന്നു. എന്നെ കണ്ടതും ഓടി വന്നു കെട്ടി പിടിച്ചു. എന്നെ പോലെ തന്നെ അവന്റെ കണ്ണുകളിലും സന്തോഷം തിളങ്ങി നിന്നു. പുതിയ ക്ലാസ്സിൽ നേരത്തെ വന്ന അവൻ അവന്റെ അടുത്ത് തന്നെ എനിക്ക് സീറ്റ് കരുതി വച്ചിരുന്നു. അവിടെ ഇരുന്നു ഞങ്ങൾ ഇത്രയും നാളത്തെ വിശേഷങ്ങൾ പങ്കു വച്ചു. അവന്റെ സമ്മർ വക്കേഷൻ സമയത്തുള്ള ഓരോരോ ലീലാ വിലാസങ്ങൾ ഞാൻ ചോദിച്ചു മനസ്സിലാക്കി. അവൻ കഥകൾ ഒന്നൊന്നായി വിസ്തരിച്ചു പറയുകയാണ്. അതിൽ ഒരു കഥ എനിക്ക് ഇന്നും നല്ല ഓർമയുണ്ട്. സന്ദീപിന് പക്ഷികളെയും മൃഗങ്ങളെയും വളർത്താൻ വളരെ ഇഷ്ടമാണ്. അത് പോലെ തന്നെ അവന്റെ മറ്റൊരു വിനോദമാണ് പെയിന്റിംഗ്. പക്ഷെ ഇത് രണ്ടും ഒന്നിച്ചു ചേർന്നപ്പോൾ ഉണ്ടായ അബദ്ധമാണ്.
സന്ദീപിന്റെ വീട് ഒരു നാട്ടിൻ പുറത്താണ്. വയലും തോടും ഒക്കെയുള്ള ഒരു പക്കാ നാട്ടിൻപുറം. വീടിനടുത്തുള്ള വയലിൽ നാട്ടിലെ ചെറുപ്പക്കാർ ചേർന്ന് വല വിരിക്കാറുണ്ട്. അവിടെ വരുന്ന കൊക്കിന്റെയൊക്കെ ഇറച്ചിക്കു വേണ്ടിയാണ്. ഒരു ദിവസം വൈകിട്ട് സന്ദീപും അവന്റെ ചേട്ടനും പാടത്തൂടെ കറങ്ങി നടക്കുക ആയായിരുന്നു. അപ്പോഴാണ് വയലിന്റെ ഓരത്തു വലയിൽ കുടുങ്ങി പിടഞ്ഞു കൊണ്ടിരിക്കുന്ന ഒരു കൊക്കിനെ കണ്ടതു. കാലും ചിറകും കഴുത്തും വലയുടെ കണ്ണികളാൽ കെട്ടു പിണഞ്ഞു കിടക്കുമ്പോഴും അത് മുകളിലേക്കു നോക്കി കേഴുന്നു. മുകളിൽ നിന്ന് ആരെങ്കിലും വന്നു രക്ഷിക്കുമെന്ന പോലെ. പക്ഷെ വയലിന്റെ ഓരത്തു ആകാശം മുട്ടെയുള്ള ആ വലിയ ഒറ്റ മരവും, അതിനും മുകളിൽ പരന്നു കിടക്കുന്ന നീലാകാശവും അതിനിടയിലൂടെ തെന്നി നീങ്ങുന്ന പഞ്ഞി കെട്ടുകൾ പോലുള്ള വെള്ള മേഘങ്ങളും മാത്രം. പാരതന്ത്ര്യത്തിന്റെ കണ്ണികളാൽ ചിറകുകൾ വരിഞ്ഞു മുറുകുന്ന കണ്ണുകൾക്ക് എത്ര വിരോധാഭാസമായ കാഴ്ചയാണ് അനന്തമായ നീലാകാശം. ഓരോ തവണ രക്ഷപെടാൻ ചിറകിട്ട് അടിക്കുമ്പോഴും കൊക്ക് വലയുടെ കണ്ണികളിൽ കൂടുതൽ കൂടുതൽ കുടുങ്ങി കൊണ്ടിരിക്കുന്നു. വലയുടെ കണ്ണികളാലുള്ള കുടുക്ക് മുറുകി കൊക്കിന്റെ ജീവൻ ഒരു വിധം പോവാറായി.
അതിന്റെ കണ്ണുകളിലെയും നോട്ടത്തിന്റെയും ദയനീയത സന്ദീപിനെ വല്ലാതെ സ്പർശിച്ചു. സന്ദീപ് അതിനെ വലയിൽ നിന്ന് പതിയെ മോചിപ്പിച്ചു. പക്ഷെ നിലത്തു വച്ചപ്പോഴാണ് മനസ്സിലായത് അതിനു ഒന്ന് നടക്കാനോ പറക്കാനോ പറ്റുന്നില്ല. വലയുടെ കണ്ണികളിൽ കുരുങ്ങി കാലിനും ചിറകിനും ഒക്കെ പരിക്കുണ്ട്. കഷ്ടിച്ച് നില്ക്കാൻ തന്നെ അത് നന്നേ പാട് പെട്ടു. അവൻ വയലിൽ നിന്ന് ഒരു വെളിയിലയിൽ വെള്ളം കോരി എടുത്തു അതിനു കുടിക്കാൻ നൽകി. പലപ്പോഴും സ്വാതന്ത്ര്യനുള്ള ദാഹത്തെക്കാൾ ഉപരിയാണ് ജീവൻ നില നിർത്താനുള്ള ദാഹം. അത് കൊണ്ട് തന്നെ കൊക്ക് ആർത്തിയോടെ വെള്ളം കുടിക്കുന്നുണ്ട്. അവന്റെ ചേട്ടൻ ഒരുപാടു വിലക്കിയെങ്കിലും സന്ദീപ് അതിനെ വീട്ടിലേക്കു കൊണ്ട് വന്നു. വീടിന്റെ മുറ്റത്തു ഒരു കാർഡ്ബോർഡ് കൂട്ടിൽ കൊക്കിനെ ഇട്ടു. എന്നിട്ടു കുടിക്കാൻ വീണ്ടും കുറച്ചു വെള്ളം വച്ച് കൊടുത്തു. സന്ദീപ് കോലായിൽ ഇരുന്നു കുറെ സമയം അതിനെത്തന്നെ നോക്കി ഇരുന്നു. കാര്യമായ അനക്കങ്ങൾ ഒന്നുമില്ല. ഇപ്പോഴും ജീവനുണ്ട് എന്നു സൂചിപ്പിക്കുന്ന വല്ലപ്പോഴുമുള്ള ഒരു ചലനം, പിന്നെ തുടർന്നും ജീവൻ നിലനിർത്താൻ ഇടക്ക് വെള്ളം കുടിക്കുമ്പോഴുള്ള ചലനം. അതല്ലാതെ മറ്റു അനക്കങ്ങൾ ഒന്നും ഇല്ല. അപ്പോഴാണ് കൊക്കിനെ കാർഡ്ബോർഡ് പെട്ടിയിൽ ഇങ്ങനെ മുറ്റത്തു വച്ചാൽ പൂച്ചയോ മറ്റെന്തിങ്കിലുമോ പിടിക്കുമോ എന്ന ഭയം സന്ദീപിൽ ഉടലെടുത്തത്. അതുകൊണ്ടു എഴുന്നേറ്റു കാർഡ്ബോർഡ് പെട്ടി എടുത്തു ഉയരത്തിൽ ഒരു സ്റ്റാൻഡിൽ ഉറപ്പിച്ചു നല്ല വണ്ണം മൂടി ഉറപ്പു വരുത്തി. ഇത്തിരി ചോറ് ഇട്ടു കൊടുത്തെങ്കിലും കൊക്ക് അത് കഴിക്കുന്ന മട്ടില്ല.
കൂടു ഒക്കെ അടച്ചുറപ്പു വരുത്തിയ ശേഷം സന്ദീപ് ഒരു കാലി ഹോർലിക്സ് കുപ്പിയും ഒരു പഴയ തോർത്തും എടുത്തു വീട്ടിൽ നിന്ന് അമ്മയും ചേട്ടനും കാണാതെ പതുങ്ങി പുറത്തിറങ്ങി. പാടത്തിനു അപ്പറത്തുള്ള തോട്ടിൽ നിന്ന് മീനിനെ പിടിക്കുകയാണ് ലക്‌ഷ്യം. തോട്ടിന്റെ മുന്നിൽ നിന്ന് ഒന്ന് നോക്കിയ ശേഷം, നല്ല തണലുള്ള ആഴം കുറഞ്ഞ ഭാഗത്തേക്ക് നടന്നു. എന്നിട്ടു സന്ദീപ് പാന്റ് മുട്ടിനു മുകളിൽ കയറ്റി വച്ച് ശബ്ദമുണ്ടാക്കാതെ പതിയെ തോട്ടിൽ ഇറങ്ങി. കയ്യിൽ ഉള്ള തോർത്ത് തോട്ടിലെ വെള്ളത്തിൽ മുക്കി, താഴ്ത്തി വിരിച്ചു വച്ച ശേഷം ചെറിയ പരൽ മീനുകൾ അതിലേക്ക് കയറുന്നതും കാത്തിരുന്നു. കുറച്ചു സമയത്തെ കാത്തിരിപ്പിനുള്ളിൽ അഞ്ചാറു പരൽ മീനുകൾ തോർത്തിനു മുകളിലേക്ക് നീന്തി കയറാൻ തുടങ്ങി. തോർത്തിന്റെ നാലറ്റവും രണ്ടു കൈകളിൽ മുറുക്കി പിടിച്ചു ഉയർത്താൻ തയ്യാറായി നിന്നു. അപ്പോഴാണ് തോട്ടിലേക്കു തള്ളി നിന്ന മറുവശത്തെ മൺഭിത്തിയിലെ പുല്ലുകൾക്ക് ഇടയിൽ നിന്ന് ഒരു വലിയ തവള സന്ദീപിന്റെ തൊട്ടുമുന്നിൽ വെള്ളത്തിലേക്ക് പെട്ടന്നു എടുത്തു ചാടിയത്. തന്റെ മുന്നിലെ വെള്ളത്തിൽ വന്നു ചാടിയത് എന്തെന്നറിയാതെ പേടിച്ചു സന്ദീപ് രണ്ടു ചുവടു പിന്നോട്ടേക്കു ചാടി മറിഞ്ഞു വീണു. അത് ഒരു കണക്കിന് നന്നായി. കാരണം അപ്പോഴേക്കും മൺഭിത്തിയിലെ പൊത്തിൽ നിന്ന് ഒരു ചേര മണ്ഡൂകത്തിനു പിന്നാലെ വെള്ളത്തിലേക്ക് ചാടി അത് പോയ വഴിയേ ഇഴഞ്ഞു പോയി. സന്ദീപ് ഞെട്ടലിൽ നിന്ന് മോചിതനായി എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാവും മുന്നേ രണ്ടും തോട്ടിലൂടെ കാണാമറയത്ത് എവിടെയോ നീന്തി മറഞ്ഞു.
പേടി മാറും വരെ കുറെ സമയം തോടിന്റെ ഓരത്തു നിന്ന് സസൂഷ്മം വീക്ഷിച്ച ശേഷം സന്ദീപ് വീണ്ടും തോർത്തും എടുത്തു മീൻ പിടിക്കാൻ ഇറങ്ങി. അപ്പോഴാണ് ചെറിയ പരൽ മീനുകൾക്കിടയിൽ സുന്ദരനായ ഒരു നെറ്റിയാപൊട്ടൻ വേറിട്ട് നിൽക്കുന്നത് സന്ദീപ് കണ്ടത്. നെറ്റിയിൽ ഒരു വെള്ള ത്രികോണ പൊട്ടുള്ള ചെറിയ മീനാണ് അത്. നെറ്റിയിൽ പൊട്ടുള്ള അതിനെ ഞങ്ങൾ കുട്ടികൾ \'നെറ്റിയാപൊട്ടൻ\' എന്ന് വിളിച്ചു. സന്ദീപിന് അതിനെ എങ്ങനെ എങ്കിലും പിടിക്കണം എന്ന് തോന്നി. കുറെ സമയം വെള്ളത്തിന് മുകളിൽ നിശ്ചലമായി കിടക്കുന്നുണ്ടെങ്കിലും സന്ദീപിന്റെ കൈയ്യോ തോർത്തോ ഒന്ന് ചെറുതായി ഇളകുമ്പോഴേക്കും നെറ്റിയാപൊട്ടൻ ചുടുലമായി വെള്ളത്തിനു ഉള്ളിലേക്കു ഊളിയിടും. എന്നിട്ടു കുറച്ചു സമയത്തിനുള്ളിൽ മറ്റെവിടെയെങ്കിലും വെള്ളത്തിന് മുകളിലേക്ക് പൊങ്ങി വന്നു വീണ്ടും നിശ്ചലമായി കിടക്കും. ഓരോ തവണ സന്ദീപ് അതിനെ പിടിക്കാൻ ശ്രമിക്കുമ്പോഴും നെറ്റിയാപൊട്ടൻ വളരെ വിദഗ്ദമായി ഇത് തുടർന്ന് കൊണ്ടിരിന്നു. കുറച്ചു സമയത്തെ ശ്രമത്തിനു ശേഷം സന്ദീപ് നെറ്റിയാപൊട്ടനു മുന്നിൽ തന്റെ പരാജയം സമ്മതിച്ചു പിന്മാറി.
സന്ദീപ് നെറ്റിയാപൊട്ടനെ വിട്ടു വീണ്ടും പരൽ മീനുകളിലേക്കു തന്റെ ലക്‌ഷ്യം മാറ്റി, അപ്പോഴേക്കും തോർത്തിലേക്കു മൂന്ന് നാല് പരൽ മീനുകൾ കയറി. വലിയ ചീനവല വലിച്ചുയർത്തുന്ന ഭാവത്തോടെയും മെയ്‌വഴക്കൊടെയും കൈയൊതുക്കത്തോടെയും സന്ദീപ് തോർത്ത് രണ്ടു കൈ കൊണ്ടും പെട്ടന്ന് പൊക്കി ഊറ്റിയെടുത്തു. ഇത്തവണ നാല് പരലുകളും തോർത്തിൽ കുടുങ്ങി. ഹോര്ലിക്സ് കുപ്പിയിൽ വെള്ളം നിറച്ച ശേഷം തോർത്തിൽ കിട്ടിയ പരൽ മീനുകളെ ഒന്നൊന്നായി അതിലേക്കു പിടിച്ചു ഇട്ടു. രണ്ടു മൂന്നു വട്ടം ഇത് തുടർന്നപ്പോഴേക്കും കുറെ പരൽ മീനുകൾ ഹോര്ലിക്സ് കുപ്പിയിൽ നിറഞ്ഞു. ആത്മസംതൃപ്തിയോടെ സന്ദീപ് തന്റെ ഉദ്യമം മതിയാക്കി വീട്ടിലേക്കു നടന്നു. കൊക്കിനു കുടിക്കാൻ വെള്ളം കൊടുത്ത പാത്രത്തിൽ കുറച്ചു കൂടെ വെള്ളം നിറച്ചു തോട്ടിൽ നിന്ന് പിടിച്ച പരൽ മീനുകളിൽ കുറച്ചു എണ്ണത്തിനെ അതിലിട്ടു കൊടുത്തു. കുറച്ചു സമയം ഒന്ന് അമാന്തിച്ചു നോക്കിയെങ്കിലും പിന്നീട് ആർത്തിയോടെ ആ പരൽ മീനുകളെ ഒന്നൊന്നായി കൊത്തി കഴിച്ചു. ബാക്കിയുള്ള പരൽ മീനുകളെ സന്ദീപ് ഹോര്ലിക്സ് കുപ്പിയിലെ വെള്ളത്തിൽ തന്നെ വളർത്തി. അവയ്ക്കു ചോറിന്റെ വറ്റുമണികൾ വിതറി കൊടുത്തു. തങ്ങൾ നാളത്തേക്കുള്ള കൊക്കിന്റെ ഭക്ഷണമാണെന്ന് തിരിച്ചറിയാതെ പരൽ മീനുകൾ വറ്റുമണികൾ സന്തോഷത്തോടെ കൊത്തി കഴിച്ചു.
ഒന്ന് രണ്ടു ദിവസം ആയപ്പോഴേക്കും ചാവാറായി കിടന്ന കൊക്കിനു പതിയെ ഒരു ഉന്മേഷം വരാൻ തുടങ്ങി. എങ്കിലും പറക്കാനൊന്നും ആയില്ല. ഒരു ദിവസം ഉച്ച ഭക്ഷണം കഴിഞ്ഞു വീടിന്റെ കോലായിൽ ഒറ്റക്കൈയാൽ തലയും താങ്ങി ചെരിഞ്ഞു കിടന്നു കൊക്കിനെ വീക്ഷിക്കുന്ന സന്ദീപിന്റെ തലയിൽ എവിടെ നിന്നോ ഒരു ചിന്ത ഉദിച്ചു. കൊക്കിനു ചാര നിറവും വെള്ള നിറവും ചേർന്ന് ആകപ്പാടെ ഒരു മുഷിഞ്ഞ കളർ ആണ്. പകരം കുറച്ചു കളർഫുൾ ആയാൽ കാണാൻ നല്ല രസം ആയേനെ. ഉടനെ എഴുനേറ്റു പോയി കൊക്കിനെ കൈയിൽ എടുത്തു ഒന്ന് തലോടികൊണ്ട് തന്റെ ചിന്തകൾ പ്രാബല്യത്തിൽ വരുത്താൻ ഉള്ള ബുദ്ധി ആലോചിച്ചുറപ്പിച്ചു.തന്റെ പൊട്ട മനസ്സിൽ തോന്നിയ കൗതുകത്തിന് രണ്ടാമത് ഒന്ന് ആലോചിക്കാതെ അവൻ തന്റെ പെയിന്റ് ബോക്‌സും ബ്രുഷും എടുത്തു വന്നു. കൊക്കിനെ ഇടതു കൈയിൽ ഒതുക്കി പിടിച്ചു വലതു കൈ കൊണ്ട് പെയിന്റ് ബ്രഷ് നല്ല നീല ചായത്തിൽ മുക്കി കൊക്കിന്റെ തലയിലും കഴുത്തിലും അടിക്കാൻ തുടങ്ങി. പുറത്തും ചിറകിലും നീലയും ചുവപ്പും ഇടകലർത്തി അടിച്ചു. തന്റെ കലാവാസന മുഴുവൻ അതിന്റെ പുറത്തു തീർത്ത ശേഷം കൊക്കിനെ കാർഡ്ബോർഡ് പെട്ടിയിൽ തന്നെ വച്ച് ഒന്ന് നോക്കി. കൊക്ക് സുന്ദര കുട്ടപ്പൻ ആയി കളർഫുൾ ആയിരിക്കുന്നു. ഒരു ചെറിയ കണ്ണാടി കൊണ്ട് വന്നു കൊക്കിനു തന്റെ സൗന്ദര്യം സ്വയം ആസ്വദിക്കാനുള്ള അവസരവും നൽകി. തന്റെ കലാവാസനയിലും കഴിവിലും സന്ദീപിന് സ്വയം അഭിമാനം തോന്നി.
കുറച്ചു സമയം കഴിഞ്ഞു സന്ദീപിന്റെ ചേട്ടൻ വന്നു നോക്കുമ്പോൾ കാണുന്നത് നീലയും ചുവപ്പും ചായത്തിൽ വര്ണശലഭമായിരിക്കുന്ന കൊക്കിനെ ആയിരുന്നു കൊക്കിന്റെ കഴുത്തിലും ചിറകിലും ഒക്കെ നല്ല കളർഫുൾ ആയിരിക്കുന്നു. ചേട്ടൻ അതിശയത്തോടെ ചിരിച്ചു കൊണ്ട് അമ്മയെ വിളിച്ചു കാണിച്ചു കൊടുത്തു. ചായത്തിൽ ഒട്ടി അസ്വസ്ഥതയോടെ നിൽക്കുന്ന കൊക്കിനെ കണ്ട അമ്മക്കു ദേഷ്യം തിളച്ചു വന്നു. അന്ന് സന്ദീപിന് ഒരുപാട് വഴക്കു കിട്ടി. താൻ ചെയ്തതിൽ എന്താ ഇത്ര കുഴപ്പം എന്ന് സന്ദീപിന് അപ്പോൾ മനസ്സിലായില്ല. കൊക്കിനെ ഇത്തിരി കളര്ഫുള് ആക്കിയതിന് ഇത്ര വഴക്കു പറയാൻ എന്തിരിക്കുന്നു. അമ്മക്കും ചേട്ടനും തീരെ കലാസ്വാദനം ഇല്ല എന്ന് അവനു തോന്നി. പക്ഷെ ശരീരത്തിൽ പെയിന്റ് ഒക്കെ ഒട്ടി പിടിച്ചു കൊക്ക് ഉന്മേഷം പോയി വീണ്ടും പഴയ പോലെ വയ്യാതെ ആയി, രണ്ടു ദിവസത്തിനുള്ളിൽ അത് ചത്ത് പോയി. അപ്പോൾ അമ്മയും ചേട്ടനും അവനെ വീണ്ടും കുറ്റപ്പെടുത്തി വഴക്കു പറഞ്ഞു. സന്ദീപിന് അത് വല്ലാതെ വിഷമമായി. ആ വയസ്സിന്റെ അറിവില്ലായ്മയിൽ ഒരു രസത്തിനു ചെയ്തതായിരുന്നു. പക്ഷെ അത് കൊക്ക് മരിച്ചക്കാൻ കാരണമായി എന്ന് മനസ്സിലായപ്പോൾ സന്ദീപിന് തെറ്റു മനസിലായി. അന്ന് കുറെ സമയം ഇരുന്നു കരഞ്ഞു.
ആ കഥ കേട്ട് ചിരിച്ചു ചിരിച്ചു എന്റെ തൊണ്ട വേദനിച്ചു തുടങ്ങി. ഞാൻ അവനെ കളിയാക്കി.
"നീയല്ലാതെ വേറെ ആരെങ്കിലും കൊക്കിനെ കളർ അടിക്കോ പൊട്ടാ ?"
(തുടരും...)