ഞങ്ങളുടെ അടുത്തിരിക്കുന്ന ഒന്ന് രണ്ടു ഫ്രണ്ട്‌സും അവൻ പറയുന്ന കഥയുടെ ഇത്തിരി കഷ്ണങ്ങൾ കേട്ടിരുന്നു. ബാക്കി അവരുടെ ഭാവനയിൽ പൊടിപ്പും തൊങ്ങലും ചേർത്ത് അവർ കഥ അടിച്ചിറക്കി. പെട്ടന്ന് തന്നെ സന്ദീപ് \'കൊക്കിനെ കളർ അടിച്ച\' കഥ കാട്ടു തീ പോലെ ക്ലാസ്സിൽ മൊത്തം പടർന്നു. ക്ലാസ്സിലെ ഒരു വിധം എല്ലാവരും ഇതിനകം അറിഞ്ഞു കഴിഞ്ഞു. എല്ലാവരും സന്ദീപിനെ കളിയാക്കി തുടങ്ങി. ലഞ്ച് ബ്രേക്കിന് ശേഷം ക്ലാസ്സിലേക്ക് വന്ന വിമല ടീച്ചർ എല്ലാവരും കളിയാക്കുന്ന കേട്ട് എന്താ സംഭവം എന്നന്വേഷിച്ചു. ഞങ്ങൾ ആൺകുട്ടികൾ ആരും ഒന്നും പറഞ്ഞില്ലെങ്കിലും, ക്ലാസ്സിലെ പെൺകുട്ടികൾ സംഭവത്തിന്റെ രത്നച്ചുരുക്കം വിമല ടീച്ചർക്ക് മൊഴിഞ്ഞു കൊടുത്തു. അങ്ങനെ സന്ദീപ് \'കൊക്കിനെ കളർ അടിച്ച\' കഥ ടീക്‌ചേഴ്‌സ് റൂമിലും ഒരു സംസാര വിഷയം ആയി. ഞങ്ങളുടെ സ്കൂളിലെ സോഷ്യലിന്റെ ഗോവിന്ദൻ മാഷ് വളരെ പ്രകൃതി സ്നേഹി ആയിരുന്നു. സ്കൂളിൽ \'നേച്ചർ ക്ലബ്\' ഒക്കെ അദ്ദേഹം ആണ് നടത്തി കൊണ്ട് പോകുന്നത്. ഞങ്ങൾ കുട്ടികൾ അയാളെ \"പച്ചില\" എന്ന ഇരട്ട പേരാണ് വിളിക്കാറ്. സംഭവം അറിഞ്ഞു \'പച്ചില\' സന്ദീപിനെ ടീച്ചേർസ് റൂമിൽ വിളിച്ചു വരുത്തി കുറെ ശാസിക്കുകയും പ്രകൃതി സ്നേഹത്തെ പറ്റിയും പക്ഷി മൃഗങ്ങളെ സ്നേഹിക്കുന്നതിനെ പറ്റിയും ഒരു വലിയ ക്ലാസ്സെടുക്കുകയും ചെയ്തു. ഈ സംഭവം എല്ലാവരും അറിഞ്ഞു ആകെ കൂടെ നാറി, നല്ല വിഷമത്തിൽ സന്ദീപ് എന്നോട് വന്നു പറഞ്ഞു.
സന്ദീപ് : \"ദുഷ്ടാ... എല്ലാരും അറിഞ്ഞു കളിയാക്കിയപ്പോ സമാധാനം ആയല്ലോ ?\"
ഞാൻ : \"ഹഹ... അതിനു ഞാൻ ആണോ എല്ലാരോടും പറഞ്ഞെ ?\"
സന്ദീപ് : \"നീ പറഞ്ഞില്ല. ഞാൻ അപ്പോഴേ പറഞ്ഞില്ലേ നിനക്ക് ഈ കഥ ഇന്റെർവെലിന് പറഞ്ഞു തരാം എന്ന്.. നിനക്കല്ലേ അപ്പോൾ തന്നെ കേൾക്കാൻ വാശി.\"
ഞാൻ : \"സാരമില്ല ഡാ. പോട്ടെ.. ഇങ്ങനുള്ള പൊട്ടത്തരം കേട്ടാൽ ആരും കളിയാക്കി പോവും. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.. ഹഹ\".
അത് കേട്ടപ്പോൾ അവനും ചിരിച്ചു. ഞാൻ അവന്റെ തോളിൽ കൈ ഇട്ടു ഇരുന്നു അടുത്ത കഥ ചോദിയ്ക്കാൻ തുടങ്ങി. അങ്ങനെ എത്രയെത്ര കഥകൾ ഞങ്ങൾ വീണ്ടും പരസ്പരം പറഞ്ഞെന്നു എണ്ണവും കണക്കും ഇല്ല ! ഏഴാം ക്ലാസ്സിലെ ദിവസങ്ങൾ ഒന്നൊന്നായി പെട്ടന്ന് കടന്നു പോയി.
അപ്പോൾ നിറം ഒക്കെ ഹിറ്റ് ആയി കുഞ്ചാക്കോ ബോബൻ കേരളത്തിൽ ചോക്ലേറ്റ് ബോയ് ആയി തിളങ്ങി നിൽക്കുന്ന സമയം ആയിരുന്നു. കേരളത്തിലെ ആൺപിള്ളേരും പെണ്പിള്ളേരും മുഴുവൻ കുഞ്ചാക്കോ ബോബനെ ആരാധിക്കുന്ന സമയം. അപ്പോൾ വാങ്ങുന്ന നോട്ടുബുക്കിന്റെ കവറിൽ ഒക്കെ കുഞ്ചാക്കോ ബോബന്റെ പടം ആയിരുന്നു. അങ്ങനെ ഒരു ദിവസം ക്ലാസ്സിൽ എന്റെ അടുത്തിരുന്നു കൊണ്ട് സന്ദീപ് അവന്റെ നോട്ടുബുക്കിന്റെ കവറിലെ അനിയത്തിപ്രാവിലെയോ നിറത്തിലെയോ കുഞ്ചാക്കോ ബോബന്റെ ഒരു ഫോട്ടോ നോക്കിട്ടു പറഞ്ഞു.
സന്ദീപ് : \"ക്യൂട്ട് ആണല്ലേ..?\"
ഞാൻ : \"ആ. ക്യൂട്ട് ഒക്കെ തന്നെയാ. എന്തെ ?\"
ഉടനെ അവൻ നോട്ടുപുസ്തകം മുഖത്തോടു ചേർത്ത് കൊണ്ട് പറഞ്ഞു.
സന്ദീപ് : \"ഉമ്മ...\"
ഞാൻ : \"ഓ കുഞ്ചാക്കോ ബോബനു മാത്രേ ഉമ്മ ഉള്ളു?\"
സന്ദീപ് ഉടനെ എന്നെ ചേർത്ത് പിടിച്ചു എന്റെ രണ്ടു കവിളിലും ഉമ്മ തന്നു. എന്താണെന്നു അറിയില്ല, അപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി. ആദ്യമായാണ് അവൻ എന്നെ ഉമ്മ വക്കുന്നത്. ഞാൻ ചുമ്മാ പറഞ്ഞതാണെങ്കിലും ഉമ്മ കിട്ടിയപ്പോൾ മനസ്സിൽ ഒരു നാണവും കുളിരു തോന്നി. ഞങ്ങളുടെ പിന്ബെഞ്ചിലിരിക്കുന്ന രണ്ടു തെണ്ടികൾ അത് കണ്ടു. കുറച്ചു സമയം അത് പറഞ്ഞു കളിയാക്കിയെങ്കിലും അതൊക്കെ സൗഹ്രദത്തിൽ സാദാരണം ആയതിനാൽ പിന്നെ വിട്ടു.
ദിവസങ്ങൾ സന്തോഷകരമായി വളരെ പെട്ടന്ന് കഴിഞ്ഞു പോയി. ഏഴാം ക്ലാസിലെ കൊല്ല പരീക്ഷയും കഴിഞ്ഞു. ഞങ്ങൾ പഠിച്ചത് യു പി സ്കൂൾ ആയതിനാൽ ഏഴു വരെയേ ഉള്ളു. ഏഴാം ക്ലാസ്സ് കഴിഞ്ഞതോടെ ആ വിദ്യാലയത്തിലെ ഒരുമിച്ചുള്ള പഠനം കഴിഞ്ഞു. പക്ഷെ ആ പടിയിറങ്ങൽ കൊണ്ട് ഞങ്ങളുടെ സൗഹൃദം നിലക്കാതിരിക്കാൻ ഞങ്ങൾ രണ്ടു പേരും വാശി പിടിച്ചു എട്ടാം ക്ലാസ്സിൽ ഒരേ സ്കൂളിൽ തന്നെ ചേർന്നു. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേർക്കും കിട്ടിയത് വേറെ വേറെ ഡിവിഷൻ ആയിരുന്നു. അത് എന്റെ മനസ്സിൽ വലിയ ഒരു നൊമ്പരവും നീറ്റലും ആയിരുന്നു. ഞാൻ ക്ലാസ്സിൽ അവനെ വല്ലാതെ മിസ് ചെയ്തു.
എട്ടാം ക്ലാസ്സിൽ പുതുതായി പലരും എന്നോട് കൂട്ട് കൂടാൻ വന്നെങ്കിലും ഞാൻ അവരെയൊന്നും ഒരു പരിധിയിൽ കൂടുതൽ മൈൻഡ് ചെയ്യതില്ല.കാരണം ഞാൻ മിക്കവാറും ഇന്റെർവെൽ സമയത്തൊക്കെ സന്ദീപിനെ കാണാൻ അവന്റെ ക്ലാസ്സിലേക്ക് പോവും. അതിനിടക്ക് എന്റെ ക്ലാസ്സിലെ മിക്കവരും അവരവരുടെ ഫ്രണ്ട്സ് ഗ്രൂപ്പുകൾ ആയി രൂപപ്പെട്ടു തുടങ്ങി. ഞാൻ മാത്രം ഒരു ഗ്രൂപ്പിലും ഇല്ല. അങ്ങനെ ആയപ്പോൾ പിന്നെ എന്റെ ക്ലാസ്സിൽ എനിക്ക് കാര്യമായി ഫ്രണ്ട്സ് ഒന്നും ഇല്ലാതായി. പക്ഷെ അതൊന്നും എന്നെ അലട്ടിയിരുന്നില്ല. കാരണം വേറെ വേറെ ക്ലാസ്സിൽ ആയിട്ടും ഞാനും സന്ദീപും നല്ല കൂട്ട് ആയിരുന്നു. ദിവസവും ഇന്റെർവെലിനും ലഞ്ച് ബ്രേക്കിനും ഒക്കെ ഞങ്ങൾ ഒരുമിച്ചു ആയിരുന്നു. ക്ലാസ്സിൽ ഒരുമിച്ചില്ലെന്നുള്ള വിഷമം ഉണ്ടെങ്കിലും ആദ്യത്തെ കുറെ ആഴ്ചകൾ ഞങ്ങളുടെ സൗഹൃദം ഗാഢമായി തുടരുന്നു പോന്നിരുന്നു.
പക്ഷെ എന്നെ പോലെ ആയിരുന്നില്ല സന്ദീപ്. പതിയെ പതിയെ സന്ദീപ് അവന്റെ ക്ലാസ്സിലെ പുതിയ ഫ്രണ്ട്സ് ഒക്കെ ആയി അടുത്ത് തുടങ്ങി. ആദ്യമൊന്നും അതിൽ എനിക്ക് പ്രശ്നമില്ലായിരുന്നു. പക്ഷെ പിന്നീട് പലപ്പോഴും ഞാൻ അവനെ കാണാൻ ചെല്ലുമ്പോൾ അവൻ അവരുടെ കൂടെ എന്തെങ്കിലും ചെയ്യുക ആയിരിക്കും. എനിക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്ന് എനിക്ക് തോന്നി തുടങ്ങി. അവൻ അവന്റെ ഫ്രണ്ട്സിന്റെ കൂടെ കളിയും ചിരിയും ആയിരിക്കുമ്പോൾ ഞാൻ വെറുതെ അവന്റെ ക്ലാസ്സിലേക്ക് ചെല്ലേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നി തുടങ്ങി. അവൻ അവിടെ എല്ലാത്തിനോടും പെട്ടന്നു പൊരുത്തപ്പെട്ടു എന്നും, ഞങ്ങൾ വേറെ വേറെ ക്ലാസ്സിൽ ആയതൊന്നും അവനു വലിയ പ്രശ്നമല്ലാതായി മാറി എന്നും എനിക്ക് തോന്നി തുടങ്ങി. അതെന്നെ ഒരുപാട് വിഷമിപ്പിച്ചു. അവന്റെ മാറ്റം എന്നെ മാനസികമായി തളർത്തി കൊണ്ടിരുന്നു. എങ്കിലും ഞാൻ അവനോടു എന്തെങ്കിലും പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്തില്ല.
പിന്നീട് ഞാൻ ഇന്റെർവെലിന് അവനെ കാണാൻ പോകാതെയായി. ഒരു ദിവസം എന്നെ കാണാതാവുമ്പോൾ തന്നെ, അവൻ അന്വേഷിച്ചു എന്റെ ക്ലാസ്സിൽ വരും എന്നാണ് ഞാൻ കരുതിയത്. എന്നാൽ അതിൽ എനിക്ക് തെറ്റി. രണ്ടു ദിവസം അവന്റെ ക്ലാസ്സിൽ പോവാതിരുന്ന ശേഷം മൂന്നാം ദിവസം ആണ് അവൻ എന്റെ ക്ലാസ്സിലേക്ക് വന്നത്. മൂന്നാം ദിവസം അവനെ കണ്ടപ്പോൾ കെട്ടിപിടിച്ചു \"എനിക്ക് പറ്റുന്നില്ലെടാ\" എന്ന് പറഞ്ഞു കരയാൻ ആണ് എനിക്ക് തോന്നിയത്. എങ്കിലും എന്തോ എന്റെ മനസ്സ് അതിനു അനുവദിച്ചില്ല. അവൻ \"എന്തെ അങ്ങോട്ടു വരാറില്ലലോ?\" എന്ന് ചോദിച്ചപ്പോൾ, എനിക്ക് ക്ലാസ് ടെസ്റ്റ് ആയ കൊണ്ടാണ് വരാതിരുന്നത് എന്ന് ഞാൻ കള്ളം പറഞ്ഞു. അങ്ങനെ പതുക്കെ ഞങ്ങളുടെ ബന്ധം രണ്ടും മൂന്നു ദിവസം കൂടുമ്പോൾ സ്കൂളിൽ എവിടെ വച്ചെങ്കിലും കാണുമ്പൊൾ സംസാരിക്കും എന്ന രീതിയിൽ ആയി ചുരുങ്ങി തുടങ്ങി. മൂന്ന് വര്ഷം എപ്പോഴും കൂടെയുണ്ടായിരുന്ന സന്ദീപിന്റെ അവഗണന എന്റെ നെഞ്ചിൽ അഗാധമായി മുറിവേൽപ്പിച്ചു. അവൻ എന്നിൽ നിന്ന് പതിയെ അകലുന്ന പോലെ തോന്നി. ഞാൻ അതിനെ വല്ലാതെ ഭയന്നു.
ഒരിക്കൽ ബാസ്കറ്റ് ബോൾ കോർട്ടിനു അടുത്ത് വച്ച് കണ്ടപ്പോൾ സന്ദീപ് പറഞ്ഞു അവൻ NCC ക്കു ചേരാൻ പോകുന്നു എന്ന്. എന്തിനെന്നറിയില്ല, അത് കേട്ടപ്പോൾ ഞാനും NCC ക്കു പേര് കൊടുത്തു. പിന്നീട് ആലോചിച്ചപ്പോൾ മനസ്സിലായി. എനിക്ക് NCC ഒന്നും വലിയ താല്പര്യം ഉണ്ടായിട്ടല്ല. സത്യം പറഞ്ഞാൽ അവന്റെ കൂടെ കുറച്ചു സമയം ഒരുമിച്ചു പങ്കു വക്കാൻ, പഴയ പോലെ തോളിൽ കൈ ഇട്ടു നടക്കാൻ, കൈ കോർത്ത് ഇരിക്കാൻ ഒക്കെ ഉള്ള മോഹത്തിന്റെ പുറത്താണ് ഞാൻ NCC യിൽ ചേർന്നത്. ഞങ്ങൾക്കു രണ്ടു പേർക്കും NCC ക്കു സെലക്ഷൻ കിട്ടി. പക്ഷെ NCC ക്കു കാണുമ്പോൾ ഒക്കെ പരസ്പരം സംസാരിക്കുമെങ്കിലും ഞങ്ങൾ പഴയ പോലെ അല്ല എന്ന് ഞാൻ പതിയെ തിരിച്ചറിഞ്ഞു. പലപ്പോഴും NCC യിലും അവൻ അവന്റെ ക്ലാസ്സിലെ ഫ്രണ്ട്‌സിന്റ കൂട്ടത്തിൽ ആയിരുന്നു. വേറെ വഴിയില്ലാതെ ഞാൻ എന്റെ ക്ലാസ്സിലെ ഫ്രണ്ട്സിന്റെ കൂട്ടത്തിൽ അകപ്പെട്ട പോലെ അഭിനയിച്ചു ദിവസങ്ങൾ കഴിച്ചു കൂട്ടി. അവനെ അങ്ങനെ വേറെ സുഹൃത്തുക്കൾക്ക് ഇടയിൽ കാണുന്നത് എന്നെ കൂടുതൽ വേദനിപ്പിച്ചു. എന്തുകൊണ്ടെന്ന് അറിയില്ല എനിക്ക് എത്ര ശ്രമിച്ചിട്ടും അത് അംഗീകരിക്കാൻ പറ്റിയില്ല. ഞാൻ അതൊന്നും അവനോടു പറഞ്ഞോ പ്രകടിപ്പിച്ചോ ഇല്ല. ഒരു പക്ഷെ ഞാൻ
അങ്ങനെയിരിക്കെ ഒരിക്കൽ ഭക്ഷണം കഴിച്ചു ചോറ്റു പാത്രം കഴുകാൻ പോയപ്പോൾ സന്ദീപ് അവന്റെ ഫ്രണ്ട്സിന്റെ കൂടെ അവിടെ ചോറ്റുപാത്രം കഴുകുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ എനിക്ക് സങ്കടമായി. മൂന്നു വര്ഷം ചോറ്റു പാത്രം പങ്കിട്ടു ഒരുമിച്ചു കഴിച്ച ഓർമ്മകൾ എന്നിലേക്ക് ഓടിയെത്തി. തന്റെ സ്ഥാനം മറ്റുള്ളവർ ഏറ്റെടുത്തു എന്നറിയുമ്പോൾ ഉള്ള നൊമ്പരം എന്റെ മനസ്സിനെ കീറി മുറിച്ചു. എനിക്ക് പഠിക്കാൻ ഒന്നും തീരെ താല്പര്യം ഇല്ലാതായി. ക്ലാസ്സിൽ ഒക്കെ ഞാൻ എന്തൊക്കെയോ ഓർത്തു വ്യാകുലപ്പെട്ടു ഇരുന്നു. മറ്റുള്ളവർ മനസ്സിലാക്കാതിരിക്കാൻ ഞാൻ എന്തൊക്കെയോ കാട്ടി കൂട്ടുന്നു എന്നു മാത്രം. ക്രിസ്മസ് പരീക്ഷ കഴിഞ്ഞപ്പോഴേക്കും എന്റെ മാർക്ക് നന്നേ കുറവായിരുന്നു. ഏഴു വരെ നല്ലണം പഠിച്ചിരുന്ന എനിക്ക് എന്ത് പറ്റി എന്ന് ചിന്തിച്ചു അമ്മയും അച്ഛനും ആശങ്കാകുലരായി. ഞാൻ അവരോടും ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും അവരോടു എന്ത് പറയാനാണു. പരീക്ഷക്ക് മാർക്ക് കുറഞ്ഞ കാരണം പറഞ്ഞു ഞാൻ NCC യിൽ നിന്ന് ഒഴിവായി. ശരിക്കു NCC വിടാൻ ഉള്ള കാരണം സന്ദീപിൻറെ അവഗണന ആയിരുന്നു. എന്നെ അവഗണിച്ചു മറ്റുള്ളവരുടെ കൂടെ നടക്കുന്ന സന്ദീപിനെ കാണാനോ ഉൾക്കൊള്ളാനോ എന്റെ മനസ്സിന് അപ്പോൾ പക്വത ഇല്ലായിരുന്നു.
ഞങ്ങൾക്കിടയിൽ ഒരു അകലം തളം കെട്ടി നിന്നിരുന്നു. ഒരു പക്ഷെ എന്റെ തോന്നലാവാം. പക്ഷെ ആ തോന്നൽ മാറ്റാൻ ഞാനോ അവനോ മനഃപൂർവം ഒന്നും ചെയ്തില്ല. അത് കൊണ്ട് തന്നെ ആ അകലം കൂടി കൂടി ഭീമാകാരമായി വരുന്ന പോലെ തോന്നി. നമ്മുടെ മനസ്സും സമയവും വികാരങ്ങളും ഏതെങ്കിലും ഒരാളിൽ പൂർണമായി, ഒരു പക്ഷെ അന്ധമായി, അർപ്പിച്ചാണ് നാം ജീവിക്കുന്നതെങ്കിൽ ചിലപ്പോഴൊക്കെ അതിൽ നിന്ന് ഒന്ന് മാറി നിന്ന് നോക്കുന്നത് പല തിരിച്ചറിവുകൾക്കും നല്ലതാണു എന്നെനിക്കു തോന്നി. അതുകൊണ്ടു ഞാൻ സന്ദീപിനെ അവന്റെ ഇഷ്ടത്തിന് വിട്ടു, അങ്ങോട്ട് ചെന്ന് ബുദ്ധി മുട്ടിക്കാൻ പോയില്ല. എങ്കിലും എന്റെ മനസ്സിൽ അവൻ ഒരു നീറ്റലായി തുടർന്ന് കൊണ്ടിരുന്നു.
എല്ലാമായിരുന്ന ഒരാൾ പെട്ടന്ന് ഒന്നുമില്ലാതെ ആകുന്നതു എത്ര ഭീകരമായ അനുഭവം ആണ്. അതും നാല് ക്ലാസ് മുറികൾക്കപ്പുറം അവനുള്ളപ്പോൾ ഇങ്ങനെ എന്നുള്ളത് അതിലുപരി വിഷമിപ്പിച്ചു. അപ്പോഴേക്കും എന്റെ ക്ലാസ്സിൽ ഞാൻ അന്യനായിരുന്നു. എനിക്ക് ആരുമായും അത്രയങ്ങു അടുപ്പം ഇല്ല. തുടക്കത്തിൽ അടുപ്പം കൂടാൻ വന്നവരെ മൈൻഡ് ചെയ്യാതെ ഞാൻ സന്ദീപിനെ കാണാൻ പോയതിനിടക്ക് അവരെല്ലാവരും അവരവരുടെ ഫ്രണ്ട് ഗ്രൂപ്പുകൾ ആയി കഴിഞ്ഞതിനാൽ ഇപ്പോൾ എനിക്ക് ചങ്ങാത്തം കൂടാൻ ആരെയും കിട്ടിയില്ല. എട്ടാം ക്ലാസ് മുഴുവൻ എനിക്ക് ആകെ ഒറ്റപ്പെടലും മടുപ്പും ആയിരുന്നു. ഞാൻ ആ സ്കൂളിൽ തന്നെ ഏകനായി തോന്നി. എനിക്ക് സ്കൂളിൽ പോകാൻ പോലും താല്പര്യം ഇല്ലായിരുന്നു.
മിക്കവാറും ദിവസങ്ങളിൽ രാവിലെ എഴുനേറ്റു മടിച്ചു മടിച്ചു പ്രാകി കൊണ്ടാണ് ഞാൻ അപ്പോൾ സ്കൂളിൽ പോയിരുന്നത്. രാത്രി കിടക്കുമ്പോൾ ഉള്ളി സ്ലൈസ് മുറിച്ചു കക്ഷത്തിൽ വച്ച് ഉറങ്ങിയാൽ പിറ്റേ ദിവസം ആവുമ്പോഴേക്കും പനി വരുമെന്ന് പണ്ട് പിള്ളേര് പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെയിരിക്കെ ക്ലാസ്സിൽ പോകാൻ മടി കാരണം ഞാൻ അത് പരീക്ഷിക്കാൻ തീരുമാനിച്ചു. രാത്രി അമ്മ കാണാതെ അടുക്കളയിൽ നിന്ന് ഉള്ളി മുറിച്ചു രണ്ടു സ്ലൈസ് എടുത്തു റൂമിൽ വച്ചു. രാത്രി കിടക്കുമ്പോൾ അത് ഞാൻ രണ്ടു കക്ഷത്തിലും വച്ച് കിടന്നു. ആ പറഞ്ഞതിൽ വലിയ വിശ്വാസം ഒന്നും ഇല്ലായിരുന്നു. അഥവാ ഫലിച്ചാൽ നാളെ സ്കൂളിൽ പോകണ്ടല്ലോ എന്നോർത്ത് വെറുതെ പരീക്ഷിച്ചതാണ്. അങ്ങനെ ഉള്ളി കക്ഷത്തിൽ വച്ച് തന്നെ എന്നോട് ഉറങ്ങി പോയി.
(തുടരും...)