Aksharathalukal

ഭ്രാന്തന്റെ ചിരി

ഭ്രാന്തന്റെ ചിരി
--------------+

രായിരനെല്ലൂരെ കുന്നിന്റെ താഴത്തെ-
ക്കല്ലിനെ, മേലോട്ടുരുട്ടിയ ഭ്രാന്തന്റെ
ചിന്തയിൽ മൊട്ടിട്ട ലക്ഷ്യങ്ങളേതൊക്കെ
യെന്നൊന്നു ചിന്തിച്ചു നമ്മൾക്കു പോയിടാം!

എല്ലാം തകർത്തങ്ങുരുളുന്ന കല്ലിന്റെ
പോക്കിലെ കാഴ്ചതന്നാനന്ദമായിടാം!
താഴോട്ടു വീഴുന്ന വീഴ്ചയിലെപ്പോഴും
കൗതുകം തോന്നുവാനെന്താണു കാരണം?

അസ്ഥിരസ്ഥാനത്തുനിന്നുള്ള സുസ്ഥിര
മാറ്റത്തിൽ, ആനന്ദതാളങ്ങൾ കണ്ടുവോ?
പുഴതന്നൊഴുക്കും മഴതന്റെ പെയ്ത്തും
താഴോട്ടു വീഴലും ആനന്ദമാർഗമോ?

കണ്ടറിയുന്നു ഞാൻ, മുന്നേറ്റമെപ്പേഴും
ഉയരത്തിൽ നിന്നും പതിക്കുന്ന വീഴ്ചകൾ!
അഹങ്കാരപർവതശീർഷത്തിൽ നിന്നുള്ള
വീഴ്ചതാൻ സത്യത്തിൽ,
ഉൽക്കർഷമെന്നതും!

ജ്ഞാനിയാം ഭ്രാന്തനാ സത്യം നിരന്തരം
കാണുന്നു താഴേക്കുരുളുമാക്കല്ലതിൽ!
അതുതന്നെയാകാം വീഴ്ച കാണുന്ന നാം
അറിയാതെയൂറിച്ചിരിക്കുന്നതെപ്പൊഴും