Aksharathalukal

സ്വന്തം തറവാട് 56


വാതിൽക്കൽനിന്ന് സോജയുടെ മറുപടികേട്ട് അവർ അവിടേക്ക് നോക്കി...  ആ സമയം അവളുടെ മുഖത്ത് ഭയമാണോ എതിർപ്പാണോ എന്ന് മനസ്സിലാവാതെ അവളെ സൂക്ഷിച്ചുനോക്കിയവർ... 

\"നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ കേട്ടു...  ശ്യാമേട്ടനെപ്പോലെ ഒരാളെ കിട്ടുന്നത് ഏതൊരു പെണ്ണിന്റേയും ഭാഗ്യമാണ്... പക്ഷേ ആ ഭാഗ്യം എനിക്ക് ചേരില്ല... ഞാനും അമ്മയും  ഇവിടെ വന്നത് മറ്റൊരു ലക്ഷ്യവുമായാണെന്ന് അമ്മാവന് അറിയുന്നതല്ലേ... ആ ലക്ഷ്യം നിറവേറട്ടെ... തെറ്റാണ് എന്ന് അറിയാമായിരുന്നിട്ടും വലിയൊരു തെറ്റിന് കൂട്ടുനിന്നുപോയവളാണ് ഞാൻ... അതിനെനിക്ക് പ്രായശ്ചിത്തം  ചെയ്യണം..  അതുകഴിഞ്ഞേ എന്നെപ്പറ്റി ഞാൻ ചിന്തിക്കൂ... അതുവരെ എന്റെ ജീവൻതന്നെയുണ്ടാകുമോ എന്നും എനിക്ക് നിശ്ചയമില്ല...\"

\"മോളുടെ പ്രശ്നം ശ്യാം പറഞ്ഞ് എനിക്കറിയാം...  നിനക്കൊന്നും സംഭവിക്കില്ല...  അങ്ങനെ സംഭവിക്കാൻ ശ്യാം സമ്മതിക്കില്ല...  ശ്യാം മാത്രമല്ല നന്ദനും ആ എസ്ഐയും സമ്മതിക്കില്ല... എല്ലാം മോളുവിചാരിച്ചതുപോലെ ഭംഗിയായി നടക്കും...  അത് കഴിഞ്ഞുമതി എല്ലാം...  അതിന് നിന്റെ ഉറപ്പുകൂടി കിട്ടണം...  \"

\"ഞാനെന്തുപറയാനാണ്...  ആരുമില്ല എന്ന് കരുതിയിരുന്ന എനിക്കും അമ്മക്കും ഇപ്പോ ദൈവതുല്ല്യരെപ്പോലെ കിട്ടിയതാണ് നിങ്ങളെയൊക്കെ...  ഇപ്പോൾ ഞങ്ങൾക്ക് ചോദിക്കാനും പറയാനും ആളുകളുണ്ട്...  അവരുടെ മോഹം ഞാനായിട്ട് ഇല്ലാതാക്കുന്നില്ല...  നിങ്ങൾ തീരുമാനിക്കുന്നതാണ് എനിക്കെല്ലാം... \"

\"മതി ഈ വാക്ക് കേട്ടാൽമതി.. എനിക്ക് സന്തോഷമായി...  നിന്റെ ലക്ഷ്യം നിറവേറികഴിഞ്ഞാൽ അടുത്ത മുഹൂർത്തത്തിൽ ഈ വിവാഹം ഞാൻ നടത്തും... 
വിശ്വനാഥൻ അവിടെനിന്നും പുറത്തേക്ക് നടന്നു... 

▪️▪️▪️▪️▪️▪️▪️▪️▪️▪️

രാജശേഖരൻ പള്ളിത്താഴത്തെ ഭാസ്കരന്റെ വീടിന്റെ ഗെയ്റ്റിനുമുമ്പിൽ 
തന്റെ ജീപ്പ് നിർത്തി...  അയാൾ അതിൽനിന്നിറങ്ങി... ഗെയ്റ്റ് തുറന്ന് മുറ്റത്തേക്ക് കാലെടുത്തുവച്ചതും പോർച്ചിലെ ഫില്ലറിൽ കെട്ടിയിട്ട പട്ടി അയാളുടെ നേരെ കുതിച്ചുകൊണ്ട്  കുരച്ചു... രാജശേഖരൻ ഒന്ന് ഭയന്നു...  പിന്നെ ആ പട്ടിയെ സൂക്ഷിച്ചുനോക്കി...  ചങ്ങലയിലാണെന്ന് മനസ്സിലായപ്പോൾ അയാളൊന്ന് സ്വാസം വിട്ടു...  പട്ടിയുടെ കുര കേട്ടതിനാലാകാം ഉമ്മറത്തെ വാതിൽതുറന്ന് ഒരു നാൽപ്പത്തഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ  പുറത്തേക്ക് വന്നു... അവരെ കണ്ടതും പട്ടി കുര നിർത്തി.. 

\"ആരാണ്... \"
അവർ ചോദിച്ചു... 

\"ഇത് പള്ളിത്താഴത്തെ ഭാസ്കരൻസാറിന്റെ  വീടല്ലേ... \"
രാജശേഖരൻ ചോദിച്ചു... 

\"അതെ...  ആരാണെന്ന് പറഞ്ഞില്ല... \"

\"ഞാൻ കുറച്ച് ദൂരെനിന്നാണ്... എനിക്ക് ഭാസ്കരൻസാറിനെയൊന്ന് കാണണം...  പഴയൊരു കേസിനെപ്പറ്റി അറിയാനായിരുന്നു... \"

\"കയറിയിരിക്കൂ ട്ടോ...  അച്ഛനോട് പറയാം... \"
രാജശേഖരൻ ഉമ്മറത്തേക്ക് കയറി പിന്നെ ഹാളിലേക്ക് നടന്നു... ആ സ്ത്രീ ഭാസ്കരനെ വിളിക്കാൻ അകത്തേക്ക് നടന്നു...  രാജശേഖരൻ അവടെയൊക്കെയൊന്ന് നോക്കി...  പിന്നെ ഒരു സോഫയിലിരുന്നു... കുറച്ചുകഴിഞ്ഞപ്പോൾ വീൽച്ചെയറിൽ ഭാസ്കരൻ അവിടേക്ക് വന്നു...  രാജശേഖരൻ അയാളെ നോക്കി...  പെട്ടന്നയാളുടെ മനസ്സിൽ മുപ്പതുവർഷം മുമ്പ് കണ്ട ആ പഴയ പോലീസുകാരൻ ഭാസ്കരന്റെ രൂപം തെളിഞ്ഞുവന്നു...  

\"ആരാണ് മനസ്സിലായില്ല...  മോള് പറഞ്ഞു ഏതോ പഴയ കേസ്സിന്റെ കാര്യം അറിയാനാണെന്ന്... \"

\"അതെ... ഒരു പഴയകേസിന്റെ കാര്യം അറിയാൻതന്നെയാണ് വന്നത്...  എന്നെ നിങ്ങൾക്ക് ഓർമ്മകാണില്ല...  പക്ഷേ കുന്നത്തെ സുധാകരനെ അറിയാതിരിക്കില്ലല്ലോ... \"

\"കുന്നത്തെ സുധാകരൻ...  ഓ മനസ്സിലായി... പഴയ ചട്ടമ്പിയായി നടന്നവൻ...  ഇപ്പോൾ വലിയ കോൺട്രാക്ടറായി നടക്കുന്നവൻ... അയാളുടെ ആരാണ്... \"

\"അയാളുമായി ഒരു ചെറിയ ബന്ധമുണ്ട്... എനിക്ക് അറിയേണ്ടത് ഒരു മുപ്പത് വർഷംമുന്നേ ഒരു കൊലപാതകത്തിന്റെ കാര്യമാണ്... ഈ പറഞ്ഞ സുധാകരനുവേണ്ടി നിങ്ങൾ ആത്മഹത്യയാക്കിമാറ്റിയില്ലേ... ആ കേസ്... അതിന്റെ സത്യാവസ്ഥ അറിയണം... \"
അതുകേട്ട് ഭാസേകരനൊന്ന് ഞെട്ടി.. 

\"കൊലപാതകമോ.. ഏത് കൊലപാതകം... \"
ഭാസ്കരം ഞെട്ടൽ മറച്ചുപിടിച്ച് ചോദിച്ചു... അതുകേട്ട് രാജശേഖരൻ ചിരിച്ചു... 

\"സാറേ... അഭിനയം കൊള്ളാം... ഞാൻ ചോദിച്ചപ്പോൾ സാർ ഞെട്ടിയത് ഞാൻ കണ്ടു... എന്തിനാണ് സാറേ കളവ് പറയുന്നത്....  എന്നാലും വിശദമായി പറയാം... പണ്ട് അത്താണിപ്പറമ്പിൽ ശിവശങ്കരന്റെ മകൾ ഗിരിജ എന്ന പെണ്ണ് തൂങ്ങിമരിച്ച കേസ്സാണ് ചോദിച്ചത്...  അന്നത് അന്വേഷിച്ചത് സാറായിരുന്നല്ലോ... \"

\"മുപ്പത് വർഷം മുന്നേയുള്ള കേസ്സോ...  അതൊക്കെ ഇപ്പോ ഓർമ്മയുണ്ടാകുമോ... \"

\"സാറ് അത്രവേഗമത് മറക്കില്ല...  മറക്കാൻ കഴിയില്ല...  കാരണം സാറ് അവസാനമായി അന്വേഷിച്ച കേസ്സാണല്ലോ അത്...  അതുകഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞപ്പോഴല്ലേ സാറിന് പരിക്ക് പറ്റിയത്... \"

\"ഓ ഇപ്പോൾ പിടികിട്ടി... അത് ആത്മഹത്യതന്നെയായിരുന്നല്ലോ...  ഇപ്പോഴെന്തേ ഒരു സംശയം... \"

\"സംശയമുണ്ടെന്ന് കൂട്ടിക്കോ...അന്ന്  സാറ് ആദ്യം  പറഞ്ഞത് ആ മരണത്തിനു ദുരൂഹതയുണ്ടെന്നാണല്ലോ... രണ്ടുദിവസം കഴിഞ്ഞ് പെട്ടന്നത് ആത്മഹത്യയുമായി...  അവിടെ എന്തോ പന്തികേടില്ലേ... \"

\"അന്ന് അവരുടെ തലയിലൊരു മുറിവുണ്ടായിരുന്നു...  അത് കണ്ടപ്പോഴാണ് എനിക്ക് സംശയമുണ്ടായത്... എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയപ്പോൽ അത് വെറുമൊരു സംശയമാണെന്ന് മനസ്സിലായി...  റിപ്പോർട്ടിൽ മരണത്തിനുമുമ്പ്  ഒരു മൽപ്പിടുത്തമോ...  മറ്റെന്തെങ്കിലോ നടന്നതായിട്ട് കാണിക്കുന്നില്ല...  \"

\"കാണിച്ചില്ല എന്നല്ല നിങ്ങൾ അങ്ങനെയൊന്ന് കണ്ടതായി നടിച്ചില്ല എന്നുവേണം പറയാൻ...  അങ്ങനെ നടിക്കുവാൻ എത്ര പണം കിട്ടി നിങ്ങൾക്ക്... \"

\"അനാവശ്യം പറയരുത്...  എനിക്കതിന്റെ കാര്യമില്ല...  സത്യസന്ധമായാണ് ഞാൻ ആ കേസ് അന്വേഷിച്ചത്... \"

\"അപ്പോൾ മറ്റുള്ള കേസ്സുകൾ അങ്ങനെയല്ല എന്നർത്ഥം... \"

\"ദേ വീട്ടിൽ കയറിവന്ന് തോന്നിവാസം പറഞ്ഞാലുണ്ടല്ലോ ഞാൻ പോലീസിനെ വിളിക്കും... \"

\"വിളിക്ക് എനിക്കും അതാണ് വേണ്ടത്...  പഴയ കൈക്കൂലി വീരനെപ്പറ്റി എനിക്കും പറയാനുണ്ട്...  എല്ലാ സത്യവും അറിഞ്ഞിട്ടുതന്നെയാണ് ഞാൻ വന്നത്... ഇനി ഞാനാരാണെന്ന് പറയാം... അന്ന് ആത്മഹത്യ ചെയ്ത ഗിരിജ എന്നവരുടെ സഹോദരനാണ് ഞാൻ... അന്ന് എന്റെ സഹോദരിയുടെ മരണം  ആത്മഹത്യല്ല എന്ന് നിങ്ങൾക്കറിയാമായിരുന്നു... എന്നിട്ടത് നിങ്ങൾക്ക് അടുപ്പമുള്ള പുതുശ്ശേരി ശ്രീധരമേനോന്റെ തലയിൽ വച്ചുകെട്ടാൻ നിങ്ങളെ കുന്നത്തെ സുധാകരൻ നിർബന്ധിച്ചു...  ശ്രീധരമേനോനെ കള്ളക്കേസ്സിൽ കുടുക്കാൻ പറ്റില്ലെന്ന് നിങ്ങൾ തീർത്തുപറഞ്ഞു...  പണത്തോടുള്ള നിങ്ങളുടെ ആർത്തികാരണം മറ്റൊരുവിധത്തിൽ സുധാകരനെ സഹായിക്കാമെന്നേറ്റു...  ആ മരണം ഒരു ആത്മഹത്യയാക്കിതീർക്കാമെന്ന് നിങ്ങൾ പറഞ്ഞു...  ഇതല്ലേ സത്യം...  പക്ഷേ എന്റെ ചേച്ചിയുടെ ശാപമാവാം നിങ്ങൾക്ക് ആ പണം ഉപകാരപ്പെട്ടതോ സ്വന്തം  ചികിത്സക്ക്... \"
അതുകേട്ട് ഭാസ്കരൻ തലതാഴ്ത്തി... 

\"എനിക്കറിയണം എന്റെ ചേച്ചിയുടെ മരണത്തിന് ഉത്തരവാദിയായ ആളെ...  അതായത് കുന്നത്തെ സുധാകരൻ രക്ഷിക്കാൻ ശ്രമിച്ച ആൾ ആരാണെന്ന്... \"
കുറച്ചുനേരം ഭാസ്കരം ഒന്നും പറയാതെ തലതാഴ്ത്തിത്തന്നെ ഇരുന്നു... 

\"ശരിയാണ്...  ഒരുപാട് കൈക്കൂലി വാങ്ങി പല കേസുകളും ഞാൻ മാറ്റിയെഴുതിയിട്ടുണ്ട്...  അതിനൊക്കെയുള്ള ഓരോപാവങ്ങളുടേയും ശാപമാണ് ഞാനിന്നനുഭവിക്കുന്നത്...  നിങ്ങൾ പറഞ്ഞില്ലേ പുതുശ്ശേരി ശ്രീധരമേനോനെപ്പറ്റി...  ശരിയാണ് അന്നും ഇന്നും എനിക്ക് അദ്ദേഹം ദൈവപുത്രനാണ്...  എന്റെ എത്രയോ താഴെയാണ് അയാൾ... എന്നാലും ആ കുടുംബത്തോടുള്ള ബഹുമാനം എനിക്ക് കുറയില്ല... ഒരുകാലത്ത് ഒന്നും  ഇല്ലാത്തവനായിരുന്നു ഈ ഞാൻ.. കള്ളുകുടിച്ചും ചൂതുകളിച്ചും ഉണ്ടായിരുന്നത് മുഴുവൻ എന്റെ അച്ഛൻ നശിപ്പിച്ചു... ഞാനല്ലാതെ എനിക്ക് മൂത്തത് ഒരു പെണ്ണായിരുന്നു ഉള്ളത്...  അവരെ വിവാഹം ചെയ്തയക്കാൻ ഒരു മാർഗ്ഗവും ഇല്ലായിരുന്നു...  അവസാനം ഈ ശ്രീധരമേനോന്റെ അച്ഛനാണ് എന്റെ ചേച്ചിയുടെ വിവാഹം നടത്തിയത്... അതൊരിക്കലും എനിക്ക്  മറക്കാൻ പറ്റില്ല... അന്ന് പണത്തിന്റെ വില ഞാനറിഞ്ഞു...  പിന്നെ പണമുണ്ടാക്കാൻ ഞാൻ തുനിഞ്ഞിറങ്ങി...  എസ് ഐ ആയി ചാർജ്ജെടുത്തതുമുതൽ പണമുണ്ടാക്കുകയായിരുന്നു ഞാൻ... അവിടെ നിരപരാധികളുടെ കണ്ണുനീരിന് ഞാൻ വില കൊടുത്തില്ല... അങ്ങനെയിരിക്കുമ്പോഴാണ് ഈ മരണം നടന്നത്...  ഒറ്റനോട്ടത്തിൽത്തന്നെ അതൊരു കൊലപാതകമാണ് എന്നെനിക്കു മനസ്സിലായി...  കാരണം ചുമരിൽ കണ്ട രക്തപ്പാടുകൾ മാത്രം മതിയായിരുന്നു എനിക്ക് ഉറപ്പിക്കാൻ...  പക്ഷേ ഞാൻ ഒരു സംഭവമായിരുന്നു നിങ്ങൾക്ക് നല്കി...  ഇത് ചെയ്തവർ ആരായാലും എന്റെ അടുത്ത് വരും എന്ന് എനിക്കറിയാമായിരുന്നു...  വന്നു...  ബിനാമിയല്ല യഥാർത്ഥ പ്രതി... നിങ്ങൾ സംശയിച്ചതുപോലെ ഒരു ബിനാമിയല്ല സുധാകരൻ... അയാൾതന്നെയാണ് അവരുടെ മരണത്തിന് കാരണക്കാരൻ... അയാളാണ് നിങ്ങളന്വേഷിക്കുന്ന യഥാർത്ഥ പ്രതി... \"

അതുകേട്ട് രാജശേഖരൻ ഞെട്ടിത്തരിച്ചുനിന്നു... 


തുടരും.....

✍️ രാജേഷ് രാജു. വള്ളിക്കുന്ന്...
➖➖➖➖➖➖➖➖➖➖

സ്വന്തം തറവാട് 57

സ്വന്തം തറവാട് 57

4.8
7326

\"നിങ്ങൾ സംശയിച്ചതുപോലെ ഒരു ബിനാമിയല്ല സുധാകരൻ... അയാൾതന്നെയാണ് നിങ്ങളുടെ സഹോദരിയുടെ മരണത്തിന് കാരണക്കാരൻ... അയാളാണ് നിങ്ങളന്വേഷിക്കുന്ന യഥാർത്ഥ പ്രതി... \"അതുകേട്ട് രാജശേഖരൻ ഞെട്ടിത്തരിച്ചുനിന്നു... \"എന്താണ് നിങ്ങൾ പറഞ്ഞത്...\"രാജശേഖരനത് ചോദിക്കുമ്പോഴും ഞെട്ടലിൽനിന്ന് മുക്തനായിരുന്നില്ല... \"അതെ..ഞാൻ പറഞ്ഞത് സത്യമാണ്... ഞാൻ പറഞ്ഞല്ലോ നിങ്ങളുടെ സഹോദരിയുടെ ബോഡി കണ്ടപ്പോൾത്തന്നെ അത് വെറുമൊരു  ആത്മഹത്യയല്ലെന്ന് എനിക്കുറപ്പായിരുന്നു...  തലയിലേറ്റ ആഴത്തിലുള്ള മുറിവ്... പിന്നെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഒരു ബലപ്രയോഗം നടന്നതായി കാണപ്പെട്ടിരുന്നു... പി