Aksharathalukal

അസൂയ

           അസൂയക്ക് മരുന്നില്ലെന്ന് അമ്മ
അവൾ വന്നേ പിന്നെ നാഴികക്ക് നാല്പത് വട്ടം ദിവസം പറയാറുണ്ട്.
പക്ഷേ എനിക്ക് ആ കുരിപ്പിനെ കാണുമ്പോൾ എവിടുന്നാ അസൂയ പൊട്ടി മുളച്ചു വരുന്നതെന്ന്  ഇതു വരെ മനസിലായിട്ടില്ല.
നിങ്ങൾ വിചാരിക്കും ഇതിനു മാത്രം അസൂയയും കുശുമ്പും ആരോടാണെന്ന്..
വേറെ ആരും അല്ല...
 എവിടെന്നോ ഒരുത്തിയെ ഏട്ടൻ കൂട്ടി കൊണ്ടു വന്നിട്ടുണ്ട്.
രാവിലെ എഴുന്നേറ്റാൽ അടുക്കളയിലെ കസേരയിൽ പോയി ഇരിക്കും വിശക്കുമ്പോൾ അമ്മയെ മുട്ടി ഉരുമി സോപ്പിട്ടു വാങ്ങി കഴിക്കും.
.  എന്നിട്ട് വയറു നിറഞ്ഞു കഴിഞ്ഞാൽ സോഫയിൽ പോയി ഇരിക്കും.
അവൾക് ഇഷ്ടം ഉള്ളത് ആണ് അമ്മ അടുക്കളയിൽ ഉണ്ടാക്കുന്നത് എങ്കിൽ അതു തീരുന്നത് വരെ തിന്നു കൊണ്ടേയിരിക്കും.
ആദ്യമായി എന്റെ അമ്മ വിവേചനം കാണിച്ചത് അവൾ വന്നത് മുതലായിരുന്നു. പൊരിച്ച മീനിന്റെ വാൽ കഷ്ണം അവൾക്കും. നടു കഷ്ണം എനിക്കും.
ആരെങ്കിലും ടിവി ഓണക്കാൻ നോക്കി ഇരിക്കും. എന്നിട്ട് ടിവിയുടെ മുൻപിൽ പോയി കുത്തിയിരിക്കും.
രാത്രി ഏട്ടന്റെ വണ്ടിയുടെ ശബ്ദം കേട്ടാൽ ഓടി ചെന്ന് ഏട്ടനെ മുട്ടിയിരുമി നിൽക്കും.
പിന്നെ അവൾ ഏട്ടന്റെ ഒപ്പം കുണുങ്ങി കുണുങ്ങി പോകുന്നത് കാണാം.
എനിക്ക് കഴിക്കാൻ  ഞാൻ വാങ്ങി വെച്ച മിക്സ്ച്ചർ, നുറുക്ക്, ബിസ്ക്കറ്റൊക്കെ ഒരാഴ്ച്ച കൊണ്ടു തിന്നു തീർക്കുകയാണ് അവളുടെ ഹോബി.
വിട്ടുകാരിയായ ഞാൻ പുറത്തും. എവിടെന്നോ വിളിച്ചു ഇറക്കി ഏട്ടൻ കൊണ്ടു വന്ന അവൾ അകത്തും.
സമ്മതിക്കില്ല...
അവൾക്ക് വെറുതെ ഇരുന്നു ബോറടിക്കുമ്പോൾ വണ്ടിന്റെ സീറ്റ്‌ മാന്തി പറിക്കുക.
 അമ്മ കാണാതെ  റാക്കിൽ വെച്ച പാത്രങ്ങൾ എല്ലാം ഉരുട്ടി താഴെ ഇടുക.
ജീവനോടെ ഉളള പല്ലിയെ പിടിച്ചു തട്ടി കളിക്കുക.
ഉണങ്ങാൻ വിരിച്ച തുണി കടിച്ചു പിടിച്ചു ഊഞ്ഞാലാടുക.
ചെളിയിലൂടെ ചവിട്ടി വന്നിട്ട് സോഫയിൽ കിടന്നു ഉരുളുക
ഫ്രിഡ്ജിൽ ആള്ളി പിടിച്ചു പോറൽ ഉണ്ടാക്കുക...
 പറഞ്ഞാൽ തീരാത്ത ഓരോ കുരുത്തക്കേടുകളാണ് ഓരോ ദിവസവും ചെയ്തു വെക്കുന്നത്.
പൂച്ചയായി പോയി.... അല്ലെങ്കിൽ  ഞാൻ എന്റെ തനി നിറം കാണിച്ചു കൊടുത്തേനെ 😏😏😏.