Aksharathalukal

അരുതേ

                അരുതേ
                ----------

ഓടിവന്നെത്തി കടിക്കുന്ന പട്ടികൾ
ബലിച്ചോര വീഴ്ത്താൻ തിളങ്ങുന്ന കത്തികൾ,
മൂളിപ്പറന്നെത്തി വന്നുകടിച്ചിട്ടു
ഡങ്കിപ്പനി തരും ഈഡീസ്ക്കൊതുകുകൾ;

പുലിവന്നു വാതിലിൽ മുട്ടുന്ന നേരവും
ചിന്തിച്ചുറങ്ങാതിരിക്കുന്ന നാട്ടുകാർ!
എപ്പോളുരുൾപൊട്ടി മണ്ണിന്റടിത്തട്ടി-
ലാഴും ഭയത്താലുറങ്ങാത്തയമ്മമാർ!

പൊട്ടിയൊഴുകുന്ന മുല്ലപ്പെരിയാറിൻ
പേടിയിൽ ദു:ഖിച്ച പട്ടണവാസികൾ!
നാളെ പെരുവഴി വക്കത്തു തള്ളുന്ന
മക്കളെ സ്നേഹിച്ചു കണ്ണീരൊഴുക്കുവോർ,


ഒറ്റയാൻ വന്നെപ്പോൾ  നെഞ്ചത്തു കാൽ വെച്ചു
ഞെക്കി ഞെരുക്കീടുമെന്നുള്ള ഭീതിയിൽ,
മുറ്റത്തിറങ്ങാതെ  വിറകൊണ്ടിരിക്കുന്ന
കാടിന്റെ ഓരത്തെ ഗ്രാമീണ വാസികൾ!

ദൈവങ്ങളുല്ലാസ യാത്രയ്ക്കു വന്നെത്തും
ഭാർഗവക്ഷേത്ര മരതകവാടിയിൽ,
എന്തായിരിക്കുമീ ഭീതി പരത്തുന്ന
ദുർഗതിയെത്തിപ്പൊലിക്കുവാൻ കാരണം?

ഏതോയിണങ്ങാത്ത ഊർജപ്രവാഹത്തിൻ
ചുഴിവന്നു നാടിനെ ചുറ്റിച്ചുലയ്ക്കയോ?
എന്നിനി ശാന്തിതൻ മന്ത്രം മുഴങ്ങുമീ,
അദ്വൈതവേദം പിറന്ന പൂവാടിയിൽ!

അരുതേ, വീണ്ടും വിരുന്നിനായെത്തല്ലേ,
ദുർഗതി കുടിവെച്ചു പാർക്കാതിരിക്കണേ!
ഉള്ളിന്റെയുള്ളതിൽ നിന്നും പരക്കുന്ന
പ്രാർത്ഥന കേൾക്കാതിരിക്കുമോ കാലവും?