\"ജസ്റ്റിസ് ഫോര്‍ ബെല്ല\"
വാം ലൈറ്റിൽ ഇരുണ്ടതെന്നു തോന്നിക്കുന്ന ഒരു കുടുസ്സു മുറി. വണ്ണമുള്ള വിവസ്ത്രനായ ഒരാൾ. അയാൾ മെത്തയിൽ കിടക്കുന്നത് പോലെയാണ് തോന്നുന്നത്. എന്നാൽ അയാളുടെ മുഖം ഒട്ടും വ്യക്തമല്ല. കൈയിൽ എയര്‍ സ്റ്റാപ്ലറുമായി മറ്റൊരാൾ അയാളുടെ അടുത്തേക്ക് വരുന്നു. കിടക്കുന്നയാളുടെ ശരീരത്തിലേക്ക് അതു ചേർത്തു വച്ചു അയാൾ തുരു തുരെ ആണി അടിച്ചു കേറ്റുന്നു. വേദന കൊണ്ടു നിലവിളിക്കുന്നെങ്കിലും എഴുന്നേറ്റു പോവാൻ അയാൾ ശ്രമിക്കുന്നില്ല.
ഒറ്റ വാക്കിൽ പറഞ്ഞാൽ ബ്രൂട്ടല്‍. എന്നിട്ടും എന്തു കൊണ്ടു അയാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നില്ല?
ചിലപ്പോൾ ഒന്നിലധികം ആൾക്കാർ, അനങ്ങാനാവാത്ത അവസ്ഥ. കെട്ടിയിട്ടുണ്ടാവാം, അതുമല്ലെങ്കിൽ ഏതെങ്കിലും ഡ്രഗ്സ് ഉപയോഗിച്ചിട്ടുണ്ടാവാം. പക്ഷേ എനിക്ക് തോന്നിയത് മറ്റൊരു പോസ്സിബിലിറ്റി ആണു. അത്ര പരിചിതമല്ലാത്ത ആളൊഴിഞ്ഞ ഒരു സ്ഥലം. കാരണം ഇത്രയും വേദനയുളവാക്കുന്ന അനുഭവം നേരിടുന്ന ഒരാൾ ഒച്ചയുണ്ടാക്കും എന്നറിഞ്ഞിട്ടും അയാളുടെ വായ് മൂടിയിട്ടില്ല. അയാളെ കേൾക്കാൻ മറ്റാരും അടുത്തില്ല എന്ന കോൺഫിഡൻസ്. എന്നാലും ഇതിനു പിന്നിൽ ഒരു ഗ്രൂപ്പ് ആണെന്ന് വിശ്വസിക്കാൻ ആയിരുന്നു എനിക്ക് താല്പര്യം. കാരണം ഇങ്ങനെ ഒരു കൃത്യം ഒരാൾ ഒറ്റയ്ക്ക് ചെയ്തു എന്നുണ്ടെങ്കിൽ അവൻ ഒരിക്കലും ഒരു നിസ്സാരക്കാരൻ ആവില്ല എന്നത് തന്നെയാണ്.
വീഡിയോയുടെ സോഴ്സ് ഒരു പെൻഡ്രൈവ് ആയിരുന്നു. രാവിലെ ജോഗ്ഗിങ്ങിനു പോയ ഒരാൾക്ക് പേരാമ്പ്ര പോലീസ് സ്റ്റേഷന് സമീപത്തു നിന്നും ഒരു കവറിൽ നിന്നാണ് ഇതു കിട്ടിയത്. ആൾ അതു നേരെ വീട്ടിൽ കൊണ്ടു ചെന്ന് സിസ്റ്റത്തിൽ ഇട്ടു നോക്കി കഴിഞ്ഞപ്പോഴാണ് കാര്യം മനസ്സിലായത്. പിന്നെ ഒരു വക്കീലുമായി വന്ന് അതു പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
വീഡിയോയുടെ ഫയൽ നെയിം ജസ്റ്റിസ് ഫോർ ബെല്ല എന്നായിരുന്നു. സോണി ഹാന്‍ഡിക്യാം ആണു ഷൂട്ട് ചെയ്യാൻ ഉപയോഗിച്ചിരിക്കുന്നത്. തിയതി ജനുവരി 12 സമയം രാത്രി 2.05. മേശയിലോ സ്റ്റാന്റിലോ വച്ചതു പോലെ ക്യാമറ ഒരേ ആംഗിളിൽ ആയിരുന്നു. വീഡിയോ ട്രിം ചെയ്യപ്പെട്ടിട്ടില്ലെങ്കിലും സസ്‌പെക്റ്റിന്റെ മുഖം കാണുന്നിടങ്ങളിലെല്ലാം ബ്ലര്‍ ചെയ്തിട്ടുണ്ട്. കൂടാതെ പെൻഡ്രൈവ് ഉപേക്ഷിച്ചതല്ല കണ്ടു കിട്ടാനുള്ള എളുപ്പത്തിന് പോലീസ് സ്റ്റേഷന് സമീപം എത്തിക്കുവാനാണ് ശ്രമിച്ചിരിക്കുന്നത്. അതു കൊണ്ടു ഇതു ഇനിയും ആവർത്തിക്കപ്പെട്ടേക്കാം എന്നു എനിക്ക് തോന്നി.
തുടർന്നുണ്ടായ അന്വേഷണത്തിൽ എയര്‍ സ്റ്റാപ്ലര്‍ കൊണ്ടു മുറിവേറ്റതോ മരിച്ചതോ ആയ ആരെയും കണ്ടെത്താൻ ഞങ്ങൾക്കായില്ല. അതു കൊണ്ടു വിക്ടിം കൊല്ലപ്പെട്ടു എന്നു സ്ഥിരീകരിക്കാനും സാധിച്ചില്ല. ആ വീഡിയോ പല തവണ കണ്ടെങ്കിലും കൂടുതലായി ഒന്നും അതിൽ നിന്നും കണ്ടെത്താൻ സാധിച്ചില്ല. പേരാമ്പ്ര സ്റ്റേഷൻ ലിമിറ്റിൽ ആ രണ്ടു മാസങ്ങൾക്കിടയിൽ മാന്‍ മിസ്സിംഗ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടുമുണ്ടായില്ല. ബെല്ല എന്ന പേരിൽ സ്റ്റേഷനിൽ നിന്നും ഒരു റെക്കോർഡും കണ്ടെത്താനും സാധിച്ചില്ല. ഇത്രയും ആയപ്പോഴേക്കും സ്വാഭാവികമായും കേസ് വിസ്മരിക്കപ്പെടുമെന്നു തോന്നിയപ്പോഴാണ് അതു സംഭവിച്ചത്.
☆★☆★☆★☆★☆★☆★☆★☆★
\"ജസ്റ്റിസ് ഫോര്‍ മാക്സ്.\"
രാത്രി സമയം ചുറ്റുമതിൽ ഉള്ള ഒരു വലിയ കോമ്പൗണ്ട്. നടുക്ക് കസേരയിൽ ചങ്ങല കൊണ്ട് കെട്ടിയിട്ട രീതിയിൽ വെല്‍ ഡ്രെസ്സ്ഡ് ആയ ഒരാൾ. അയാളുടെ മുഖം ചാക്ക് കൊണ്ടു മറച്ചിട്ടുണ്ട്. കറുത്ത ഡ്രസ്സ് ധരിച്ച ഒരാൾ അയാളുടെ അടുത്തേക്ക് ക്യാന്‍ നിറയെ എണ്ണയും ആയി ചെന്ന് തല വഴി എണ്ണയൊഴിച്ചു തീ കൊളുത്തുന്നു. തീ കത്തിയെരിഞ്ഞു തുടങ്ങും തോറും അയാളുടെ നിലവിളി ഉയർന്നു ഒടുവിൽ തീ പോലെ എരിഞ്ഞടങ്ങുന്നിടത്തു ആണു വീഡിയോ അവസാനിച്ചത്.
ക്രൈം പാറ്റേൺ വ്യത്യാസം ഉണ്ടെങ്കിലും ചില കാര്യങ്ങൾ കോമൺ ആയിരുന്നു. ഒന്നു ക്രൈം വീഡിയോ ആയി റെക്കോർഡ് ചെയ്തത് ആയിരുന്നു അതിനു ഉപയോഗിച്ച ക്യാമറയും സെയിം ആയിരുന്നു. രണ്ടാമത്തേത് എടത്തല പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിനു അടുത്തു നിന്നും കിട്ടിയ പെൻഡ്രൈവ് ആയിരുന്നു. വീഡിയോയുടെ ഫയൽ നെയിം ജസ്റ്റിസ് ഫോർ മാക്സ് എന്നായിരുന്നു. മുമ്പത്തെ വീഡിയോയിലെ പോലെ ആരുടേയും മുഖം വ്യക്തമായിരുന്നില്ല. പക്ഷേ ഈ വീഡിയോയുടെ അവസാനം സൂചിപ്പിച്ചത് ഇരയുടെ മരണം തന്നെയായിരുന്നു. അതു കൊണ്ടു തന്നെ ഒരു സ്റ്റേഷൻ പരിധിയിൽ ഒതുക്കാതെ കേരളമൊട്ടാകെ ഉള്ള പോലീസ് സ്റ്റേഷനുകളിലേക്ക് ഇൻഫർമേഷൻ പാസ് ചെയ്തു. കൊലയാളിക്ക് എവിടെ നിന്നു വേണമെങ്കിലും ഏതു വിദേശ ഐപിയിൽ നിന്നും സമൂഹ മാധ്യമങ്ങളിൽ വീഡിയോ അപ്‌ലോഡ് ചെയ്യാമായിരുന്നിട്ടും അത് ചെയ്യാതെ വീഡിയോ പോലീസ് സ്റ്റേഷനുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത് പോലീസിനെ വെല്ലുവിളിക്കാനോ അല്ലെങ്കിൽ എന്തോ ഒരു കാര്യം പോലീസിനെ മാത്രം ബോധിപ്പിക്കാനോ ആവണം എന്നു എനിക്ക് തോന്നി.
സമീപ കാലത്തു ഉണ്ടായ മാന്‍ മിസ്സിംഗ് കേസുകൾ അനലൈസ് ചെയ്തതിൽ നിന്നും 16 കേസുകൾ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തു. എന്നാൽ മേൽപ്പറഞ്ഞ 16 പേർക്കും എടത്തല, പേരാമ്പ്ര സ്റ്റേഷനുമായി ഒരു ബന്ധവും കണ്ടെത്താൻ സാധിച്ചില്ല. ബെല്ല, മാക്സ് എന്നീ പേരുകളിലെ വിദേശ സാന്നിദ്ധ്യം കാരണം അവരുടെ വിദേശ ബന്ധങ്ങളിലേക്കും അന്വേഷണം നീണ്ടു. പക്ഷേ അതിലും കേസിനു അനുകൂലമായ ഒന്നും കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. കൊലപാതകങ്ങളുടെ രീതിയും അതിനുപയോഗിച്ച സാധനങ്ങളും എളുപ്പത്തിൽ വാങ്ങാനാവുന്നതും ആയതു കൊണ്ടു തന്നെ ആ രീതിയിലുള്ള അന്വേഷണവും വിലപ്പോയില്ല. അതു കൊണ്ടു അന്വേഷണത്തിന്റെ രീതി മാറ്റുവാൻ ഞങ്ങൾ തീരുമാനിച്ചു.
☆★☆★☆★☆★☆★☆★☆★☆★☆
രണ്ടു സ്ഥലം, രണ്ടു ഇര, ഒരു കൊലയാളി
പേരാമ്പ്രയിലും എടത്തലയിലും പെൻഡ്രൈവ് കണ്ടെടുത്ത ദിവസങ്ങളിൽ രാത്രി 3 മണിയോടടുപ്പിച്ചു ഒരു യുവാവ് ബൈക്കിൽ സ്റ്റേഷൻ പരിസരത്തു കറങ്ങിയതായി സമീപത്തെ cctv ഫുറ്റേജിൽ നിന്നു കണ്ടെടുത്തു. മെലിഞ്ഞു 6 അടിയോളം ഉയരം തോന്നിച്ച അയാൾ ജാക്കറ്റ് ധരിച്ചിരുന്നു. ഒരു സമയത്തും ഹെൽമെറ്റ് മാറ്റാത്തതു കൊണ്ടു മുഖവും വ്യക്തമല്ലായിരുന്നു. രാത്രി സമയം ആയതിനാൽ ബൈക്കിലെ നമ്പർ പ്ലേറ്റും വ്യക്തമല്ലായിരുന്നു. എന്നാലും രണ്ടു ക്രൈമിലും ആ ഒരാൾക്ക് പങ്കുണ്ടെന്നു ഞങ്ങൾ അനുമാനിച്ചു.
ഞങ്ങളുടെ തുടരന്വേഷണം ഇരകളെ ബേസ് ചെയ്തായിരുന്നു. അതിനായി മിസ്സിംഗ് ആയ 16 പേരുടെയും അടുത്ത സുഹൃത്തുക്കളെ വിളിച്ചു വരുത്തി വീഡിയോ കാണിക്കുകയാണ് ഞങ്ങൾ ചെയ്തത്. ജെയിംസ് എന്നൊരാൾക്ക് കത്തിയെരിയുന്ന വീഡിയോയിൽ തന്റെ സുഹൃത്തിൻ്റെ ശബ്ദം തിരിച്ചറിയാൻ സാധിച്ചു.
\"ഇത് അലക്സാണ് സാറേ. ഇൻഫോപാർക്കിൽ ഞങ്ങൾ ഒരുമിച്ചാണ് വർക്ക് ചെയ്യുന്നത്. അവനും വൈഫും കാക്കനാട് ഒരു ഫ്ലാറ്റിൽ ആണു താമസിച്ചിരുന്നത്. പിന്നെ എന്തൊക്കെയോ പ്രശ്നങ്ങൾ ഒക്കെ ആയിട്ടു അവർ സെപ്പറേറ്റായി. എന്താ പ്രശ്നമെന്ന് ഞാൻ ചോദിച്ചിട്ടില്ല. പക്ഷെ അലക്സ് കുറച്ചു കാലമായിട്ടു ആകെ ഡെസ്പാണു. വർക്ക് പ്ലേയ്‌സിൽ അവനങ്ങനെ ശത്രുക്കൾ ഒന്നുമില്ല. പിന്നെ വൈഫ് ആയിട്ടു പ്രശ്നം ആയ സ്ഥിതിക്ക് അവരുടെ വീട്ടുകാർക്ക് എന്തേലും ശത്രുത ഉണ്ടെങ്കിൽ ഉണ്ട്.\"
\"ആരാ ഈ മാക്സ്?\"
\"മാക്സോ? അങ്ങനെ ആരേം അറിയില്ല സർ.\"
അലക്സിന്റെ ഭാര്യയുടെ മൊഴി കൂടെ എടുക്കുന്നത് കേസിൽ വഴിത്തിരിവാവുമെന്നു എനിക്ക് തോന്നി തുടങ്ങി. അതിനുള്ള ഒരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോഴാണ് പെരുമ്പാവൂർ സ്റ്റേഷനിൽ നിന്നും ഒരു പുതിയ മിസ്സിംഗ് കേസ് കൂടെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഞങ്ങൾ ഉടനെ പെരുമ്പാവൂർക്ക് തിരിച്ചു.
പെരുമ്പാവൂരിൽ ഒരു പ്ലൈവുഡ് കമ്പനിയുടെ മാനേജറായ സഞ്ജീവ് ഉറപ്പിച്ചു പറഞ്ഞു.
\"ഇതു ജീവൻ തന്നെയാ സാറേ. അവന്റെ കഴുത്തിലെ ആ ലോക്കറ്റ് കണ്ടോ പ്ലാറ്റിനമാ സാറേ അതു കണ്ടാലറിയാം ഇതവൻ തന്നെയാ. സംഗതി ഞാൻ അവിടെ മാനേജറാണേലും ഞാനും ജീവനുമായിട്ട് ഒരു എടാ പോടാ ബന്ധമാ. പിന്നെ സ്വഭാവം പറയാണേൽ അവനൊരു ഒറ്റയാനാ സാറേ. വീട്ടുകാരാരുമില്ല, അങ്ങനെ ഒരിടത്തും തങ്ങൂല്ല, അലഞ്ഞു നടക്കും. എന്നിട്ട് മാസാവസാനം എങ്ങനേലും പെരുമ്പാവൂരെത്തും. ഒരു മാസത്തേക്കുള്ള എല്ലാം എന്നേ പറഞ്ഞേൽപ്പിച്ചു പിന്നേം മുങ്ങും. ഇതിപ്പോ ഇന്നു ഫെബ്രുവരി 4 ആയി. ആളിതുവരെ വരാതായപ്പോ ഒരു പേടി തോന്നി. അതാ ഒരു കംപ്ലൈൻ്റ് തരാന്നു വച്ചത്. പിന്നെ ശത്രുക്കൾ അതു ഉണ്ടാവോല്ലോ സാറേ ബിസിനസ് അല്ലെ.\"
\"ആരാ ഈ ബെല്ല?\"
\"ബെല്ല... ഞാൻ അതു കേട്ടിട്ടുണ്ട് പക്ഷേ എനിക്കങ്ങു ഓർമ കിട്ടുന്നില്ല. സാരമില്ല കിട്ടിയാൽ ഞാൻ വിളിച്ചു പറയാം.\"
☆★☆★☆★☆★☆★☆★☆★☆★☆
വെളിപാടുമായി ഒരു ഉദയം.
\"ദിയ നിങ്ങളും അലക്സും തമ്മിൽ എന്താ പ്രശ്നം?\"
\"ഞങ്ങളുടേത് ഒരു അറേഞ്ചഡ് മാര്യേജ് ആയിരുന്നു. സോ ഞങ്ങൾ തമ്മിൽ സിങ്ക് ആവാൻ തന്നെ നല്ല സമയമെടുത്തു. പക്ഷേ അലക്സിനു എന്നെ സംശയമായിരുന്നു.\"
\"അങ്ങനെ സംശയിക്കാൻ കാരണം?\"
\"എനിക്ക് വിവാഹത്തിന് മുമ്പ് ഒരാളോട് ഇഷ്ടം ഉണ്ടായിരുന്നു. ഒരു നല്ല സമയത്തു ഞാൻ അതു അലക്സിനോടു പറയേം ചെയ്തു. ആൾ അതു ആ ഒരു സെൻസിൽ എടുക്കുമെന്ന് കരുതി പക്ഷേ അലക്സിനു അതിൽ നിന്നു മൂവ് ആവാൻ പറ്റിയില്ല.\"
\"ഫ്ലാറ്റ് വിട്ടു പോരാൻ കാരണം?\"
\"ഒരു 6 മാസം മുമ്പാണ്, അന്നു നൈറ്റ് അലക്സ് നന്നായി കുടിച്ചിട്ടുണ്ടായിരുന്നു. ഇതേ കാര്യം പറഞ്ഞു എന്നെ കുറേ ചീത്ത വിളിച്ചു. ഫോൺ എറിഞ്ഞു പൊട്ടിച്ചു. അവിടെ പിന്നെയും നിൽക്കാൻ ധൈര്യം തോന്നിയില്ല. സോ അന്നു നൈറ്റ് തന്നെ ഞാൻ അവിടെ നിന്നിറങ്ങി\"
\"ok. പിന്നെ ആരാ ഈ മാക്സ്?\"
\"മാക്സ് എന്റെ പെറ്റ് ആണു. ഇറ്റ്സ് എ പോമറേനിയന്‍ ഡോഗ്.\"
\"അതിപ്പോ എവിടെയുണ്ട്?\"
\"ഫ്ലാറ്റിൽ നിന്നും പെട്ടെന്നു ഇറങ്ങിയ കൊണ്ടു ഞാൻ ഒന്നും എടുത്തിട്ടുണ്ടായില്ല. രണ്ടു ദിവസം കഴിഞ്ഞു എന്റെ ബ്രദർ ഫ്ലാറ്റിൽ ചെന്നിരുന്നു, മാക്സിനെയും കൊണ്ടു പോരാൻ പ്ലാൻ ഉണ്ടായിരുന്നു. പക്ഷേ അലക്സ് അവനെ അകത്തേക്ക് പോലും കയറ്റിയില്ല. അവൻ പറഞ്ഞത് അലക്സ് മാക്സിനെ കളഞ്ഞിട്ടുണ്ടാവും എന്നാണ്.\"
\"ok. എനിക്ക് അര്‍ജന്റ് ആയി ഒരാളെ മീറ്റ് ചെയ്യാനുണ്ട്. എന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ വിളിക്കാം.\"
അവിടെ നിന്നു പുറത്തിറങ്ങിയ ഉടൻ ഞാൻ സഞ്ജീവിനെ വിളിച്ചു
\"സഞ്ജീവ് ജീവനു പെറ്റ്സ് വല്ലതും ഉണ്ടോ?\"
\"ഇപ്പോ ഇല്ല സാറേ. ഒരു 2 വർഷം മുന്നേ ഒരു പൂച്ചയുണ്ടായിരുന്നു.\"
\"അതിന്റെ പേരാണോ ബെല്ല?\"
\"സാറിനെങ്ങിനെ?\"
ഫോൺ കട്ട് ചെയ്തു ഞാൻ പെരുമ്പാവൂർക്ക് തിരിച്ചു.
☆★☆★☆★☆★☆★☆★☆★☆★
തിരിച്ചറിവോടെ അസ്തമയം.
\"ഇനി പറ സഞ്ജീവ് എന്താണ് ബെല്ലയ്ക്ക് സംഭവിച്ചത്?\"
\"അത് ഒരു 2 വർഷം മുമ്പാണ് സാറെ. ബിസിനസ് കുറച്ചു ഡള്‍ ആയിരുന്നു. ജീവൻ ആണേൽ ഫുൾ ടൈം വെള്ളത്തേലും. ഒരു ദിവസം രാത്രി 2 മണി ഒക്കെ ആയപ്പോ ജീവൻ്റെ ഫേസ്ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ആയി. വീഡിയോയിൽ ജീവൻ്റെ മുഖം കണ്ടില്ലേലും അതു ചെയ്തത് ജീവനാണെന്ന് എനിക്കുറപ്പാണ്. അതിൽ അവൻ ആ പൂച്ചയെ എയര്‍ സ്റ്റാപ്ലര്‍ കൊണ്ടു തെരു തെരെ അടിച്ചു കൊല്ലുവായിരുന്നു.\"
\"പിന്നെന്തുണ്ടായി?\"
\"ഞാൻ ഉടൻ തന്നെ അവനെ വിളിച്ചു വീഡിയോ ഡിലീറ്റ് ചെയ്യിച്ചു. നല്ല വെള്ളമായിരുന്നു. ആ സമയത്തായത് കൊണ്ടു രക്ഷപ്പെട്ടതാ. അല്ലെങ്കിൽ അന്നേ നല്ല പണി കിട്ടിയേനേ. പിന്നെ പൂച്ചയെ വീടിൻ്റെ പറമ്പിൽ തന്നെ കുഴിച്ചിട്ടു.\"
\"ഈ 2 മണി സമയത്തു സഞ്ജീവ് ഫേസ്ബുക്കിൽ എന്തു ചെയ്യുവാരുന്നു?\"
\"ഓ. ഞാൻ ഉറക്കമായിരുന്നു സാറേ. ഇവിടെ മെഷീൻ ഒക്കെ സർവീസ് ചെയ്യാൻ ഒരു ചെക്കൻ ഉണ്ടായിരുന്നു. സാധുവാ സാറേ. അവൻ ഇതു കണ്ടു പേടിച്ചു കരഞ്ഞോണ്ടാ എന്നെ വിളിച്ചത്. ഞാൻ അതപ്പോഴാ കണ്ടത് പിന്നെ അവനേം സമാധാനിപ്പിച്ചു ജീവനെ വിളിച്ചു വിഡിയോയും ഡിലീറ്റ് ചെയ്യിച്ചിട്ടാ ഞാൻ അന്നു ഉറങ്ങിയത്.\"
\"എന്താ അവന്റെ പേര്?\"
\"അത് ഞാൻ ഓർക്കണില്ല പക്ഷേ 3 വർഷം മുന്നത്തെ അറ്റന്റൻസ് രെജിസ്റ്ററിൽ ഉണ്ടാവും അതു ഞാൻ ഇപ്പോ തന്നെ പറയാം.\"
\"അവനെ കുറിച്ച് കൂടുതലെന്താ അറിയാവുന്നത്?\"
\"അങ്ങനെ ചോദിച്ചാൽ കൂടുതലൊന്നും അറിയില്ല സാറേ. കോട്ടയം സൈഡ് എവിടെയോ ആണു വീടെന്നാ പറഞ്ഞിട്ടുള്ളത്. പിന്നെ ഇവിടേണേലും ഹിന്ദിക്കാരൊക്കെ തന്നെ ധാരാളം ഉണ്ടല്ലോ അവരുടെ ഒക്കെ തന്നെ ഡീറ്റൈൽ എല്ലാം വാങ്ങാൻ പാടാ. അപ്പോ പിന്നെ നമ്മുടെ നാട്ടുകാരുടെ പ്രൂഫ് ഒക്കെ വാങ്ങേണ്ട കാര്യമില്ലല്ലോ.\"
\"കാര്യമുണ്ട്. ഇവനൊക്കെ വല്ല കൊല്ലും കൊലയുമൊക്കെ കഴിഞ്ഞാവും ഇങ്ങോട്ടു കെട്ടിയെടുക്കുന്നതു. നിങ്ങളെ പോലെയുള്ളവർ അവരുടെ പേരു പോലും ചോദിക്കാതെ ജോലി കൊടുക്കും, അവസാനം അവന്മാര് ഓരോന്ന് കാട്ടിവക്കുമ്പോ പോലീസ് തൂങ്ങിക്കോട്ടെ. തനിക്കറിയോ പോലീസ് വെരിഫിക്കേഷൻ കഴിയാതെ ഇവന്മാരെയൊന്നും ജോലിക്ക് കേറ്റരുത്. അതെങ്ങനാ കാശുണ്ടാക്കാനുള്ള ആക്രാന്തം അല്ലെ. ശരിക്കും നിന്നെയൊക്കെ പൊക്കി അകത്തിടാൻ ഇതു തന്നെ മതി\"
\"അയ്യോ സാറേ അതിനു അവൻ ഒരു പാവോരുന്നു സാറേ. അല്ലെങ്കിൽ അവൻ അതെന്നോട് വിളിച്ചു പറയോ. വിളിച്ചു പറഞ്ഞില്ലായിരുന്നേൽ എന്തായേനെ ജീവൻ്റെ അവസ്ഥ.\"
\"അതെന്തായാലും കുറഞ്ഞ പക്ഷം ജീവൻ്റെ ജീവനെങ്കിലും ഉണ്ടായേനെ. അവന്റെ പേരു കിട്ടിയോ?\"
\"റോഷൻ, റോഷൻ മാത്യൂ.\"
\"അവൻ അന്നേരം ഇവിടെ വർക്ക് ചെയ്യുവാരുന്നോ?\"
\"ഇല്ല. അതിനു ഒരു 6 മാസം മുന്നേ അവന്റെ ഒരു കൂട്ടുകാരനുമായി ചേർന്ന് പേരാമ്പ്രയിൽ എന്തോ ബിസിനസ് തുടങ്ങുന്ന കാര്യം പറഞ്ഞാ അവൻ ഇവിടുന്നു പോയത്.\"
സഞ്ജീവിന്റെ കൈയിൽ നിന്നും അവൻ വിളിച്ച നമ്പർ വാങ്ങുമ്പോൾ എനിക്കറിയാം ആ നമ്പർ നിലവിൽ ഉണ്ടാവില്ലെന്ന്. ജീവൻ്റെ ഫേസ്ബുക് പ്രൊഫൈൽ അരിച്ചു പെറുക്കിയിട്ടും റോഷൻ മാത്യു എന്നൊരാളെ കണ്ടെത്താനും പറ്റിയില്ല. വാലിഡ് ആയ പ്രൂഫ് ഒന്നും കണ്ടെത്താത്ത കൊണ്ടു തന്നെ റോഷൻ മാത്യു എന്ന പേരു പോലും റിയൽ ആണോ എന്നുറപ്പിക്കാൻ പറ്റാത്ത അവസ്ഥ. പക്ഷേ ഈ കേസിൽ എന്തു കൊണ്ടു പേരാമ്പ്ര സ്റ്റേഷൻ എന്നതിന് ഒരു ക്ലാരിറ്റി അതോടെ ഉണ്ടായി.
☆★☆★☆★☆★☆★☆★☆★☆★☆
രണ്ടു സ്റ്റേഷൻ ഒരേ മറുപടി.
2 വർഷം മുമ്പ് പേരാമ്പ്ര സ്റ്റേഷനിലും 6 മാസം മുമ്പ് എടത്തല സ്റ്റേഷനിലും വെളുത്തു മെലിഞ്ഞ 6 അടിയോളം ഉയരമുള്ള ഒരു ചെറുപ്പക്കാരൻ തന്റെ മൊബൈലിൽ ഉള്ള ഒരു വീഡിയോയുമായി കംപ്ലയിന്റ് ചെയ്യാൻ എത്തുന്നു. പക്ഷേ കേസിൽ താല്പര്യമില്ലാത്ത പോലീസുകാർ അവനെ ഉപദേശിച്ചു തിരിച്ചയക്കുന്നു. ഇതിനിടയിൽ ആ കംപ്ലയിന്റ് രജിസ്റ്റർ ചെയ്യാൻ പോലും അവർ മടിക്കുന്നു. കാരണം ഇവിടെ നീതി നിഷേധിക്കപ്പെടുന്നത് മൃഗങ്ങൾക്ക് ആണു. അവരുടെ പ്രവർത്തിയിൽ അത്ഭുതമില്ല അവരുടെ മറുപടികളിൽ വ്യത്യാസവും ഇല്ല. പക്ഷേ പേരാമ്പ്ര സ്റ്റേഷനിൽ നിന്നും എടത്തല സ്റ്റേഷനിൽ എത്തിയപ്പോൾ അവന്റെ ജോലി ബിസിനെസ്സിൽ നിന്നും മൊബൈൽ സർവീസ് സെന്ററിലേക്ക് മാറി. അതിൽ സംശയം തോന്നിയ ഞാൻ പേരാമ്പ്രയിലേക്കു തിരിച്ചു.
സ്റ്റേഷനിലെ cctv ഫുറ്റേജുകളിൽ നിന്നും ഞാൻ അവനെ ആദ്യമായി കണ്ടു. മൃഗങ്ങളെ സ്നേഹിക്കുന്ന മൃഗങ്ങൾക്ക് നീതി വാങ്ങിക്കൊടുക്കാൻ ശ്രമിക്കുന്ന റോഷൻ എന്നു പറയപ്പെടുന്ന ആൾ കൂട്ടുകാരനുമായി ചേർന്ന് നടത്താൻ സാധ്യത ഉള്ള ബിസിനസ് എന്ത് എന്ന രീതിയിലാണ് എന്റെ ചിന്ത പൊയ്‌ക്കൊണ്ടിരുന്നത്. എനിക്ക് തെറ്റിയില്ല.
1 വർഷത്തിന് മുമ്പ് ഷോർട് സിർക്യൂട് മൂലം കത്തി നശിച്ച കെന്നലിനു മുന്നിൽ സർവ്വം നഷ്ടപ്പെട്ട പടനായകനെ പോലെ അലമുറയിട്ടു കരഞ്ഞ ആ ചെറുപ്പക്കാരനു സ്റ്റേഷനിൽ വന്ന ചെറുപ്പക്കാരനുമായി സാമ്യം ഉള്ളതായി പേരാമ്പ്ര SI അജയകുമാർ തിരിച്ചറിഞ്ഞു. കേരളമൊട്ടാകെ എല്ലാ സ്റ്റേഷനിലേക്കും അവന്റെ ഫോട്ടോ മെയിൽ ചെയ്തു കൊടുത്തു. കെന്നലിന്റെ ഡീറ്റെയിൽസ് കളക്റ്റ് ചെയ്യാൻ പറഞ്ഞു ഞാൻ വീട്ടിലേക്ക് തിരിച്ചു. മനസ്സ് എടത്തലയിൽ മൊബൈൽ ഷോപ്പും കാക്കനാട് ഉള്ള അലക്സും തമ്മിലുള്ള കണക്ഷൻ ആയിരുന്നു. ഞാൻ ഫോൺ എടുത്ത് ദിയയെ വിളിച്ചു.
\"ദിയയുടെ ഫോൺ അലക്സ് എറിഞ്ഞു പൊട്ടിച്ചു എന്നല്ലേ പറഞ്ഞത്. എന്നിട്ടു ആ ഫോൺ മാറ്റിയോ അതോ അത് നന്നാക്കിയെടുത്തോ?\"
\"അത് ഞാൻ നന്നാക്കുവാണ് ചെയ്തത്.\"
\"എവിടെ കൊടുത്താണ് ശരിയാക്കിയത്?\"
\"അത് അനിയന്റെ ഫ്രണ്ടിന്റെ കടയിലാണ്.\"
\"ഒരു കാര്യം കൂടെ ചോദിച്ചോട്ടെ ഈ ഫ്രണ്ടിന്റെ കട എടത്തലയിൽ ആണോ?\"
\"അതെ\"
ഫോൺ വെക്കുമ്പോൾ എനിക്കറിയാം നാളെ എനിക്ക് എടത്തല വരെ പോവേണ്ടി വരുമെന്ന്. ഒപ്പം കെന്നലിന്റെ തകർച്ച മറ്റൊരു ക്രൈമിലേക്കുള്ള ചൂണ്ടുപലക ആണെന്നു അപ്പോഴേക്കും എനിക്ക് തോന്നി തുടങ്ങിയിരുന്നു.
☆★☆★☆★☆★☆★☆★☆★☆★☆
അനുഭവങ്ങൾ പാളിച്ചകൾ.
\"സർ ചേച്ചിയുടെ ഫോൺ ആണു ഡാറ്റ ഒക്കെ സേഫ് ആവണം എന്നുള്ള കൊണ്ടാണ് അടുത്തൊന്നും ഫോൺ കൊടുക്കാതെ ഫ്രണ്ടിന്റെ ഷോപ്പിൽ കൊടുത്തത്.\"
\"നമുക്കൊന്ന് അവിടെ വരെ പോവാം.\"
അവിടേക്കു പോവുമ്പോൾ എനിക്കറിയാം റോഷൻ എന്നൊരാൾ അവിടെ ഉണ്ടാവില്ലെന്ന്. കാരണം ഇത്രയും കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാൻ കഴിവുള്ള ഒരാൾ ഞാൻ ഇവിടെയെത്തുമെന്നു എത്രയോ മുന്നേ ചിന്തിച്ചു കാണും.
\"ഒരു 2 ആഴ്ച മുമ്പാണ് അവന്റെ ഒരു കൂട്ടുകാരനെ കാണണമെന്ന് പറഞ്ഞു റോഷനിവിടന്നു പോയത്. ബാഗ് ഒക്കെ ആയിട്ടാ പോയത്. ചോദിച്ചപ്പോ ബാംഗ്ലൂരേക്കാണെന്നാ പറഞ്ഞത്.\"
പിന്നാലെ പേരാമ്പ്ര സ്റ്റേഷനിൽ നിന്നും ഒരു കാൾ വന്നു. കെന്നലിന്റെ റെജിസ്റ്ററേഷന്‍ ഒരു സൈമൺ ഡാനിയേലിന്റെ പേരിലാണ്. മറ്റു ഡീറ്റൈലുകൾ അറിയാൻ നിൽക്കാതെ ഞാൻ സൈമണിന്റെ നമ്പർ വാങ്ങി ഡയൽ ചെയ്തു.
\"Mr.സൈമൺ ഞാൻ സുജിത്, CI ആണു ഞാൻ ഇപ്പോ അന്വേഷിക്കുന്ന ഒരു കേസുമായി ബന്ധപ്പെട്ടാണ് വിളിക്കുന്നത്. നിങ്ങൾ ഇപ്പോ എവിടെയാണ്?\"
\"ഞാൻ ഇപ്പോ ബാംഗ്ലൂർ ആണു, ഓഫീസിൽ.\"
\"നൗ ലിസണ്‍ കെയര്‍ഫുള്ളി. ഞാൻ ബാംഗ്ലൂർ നിങ്ങളുടെ ഏരിയയിൽ ഉള്ള സ്റ്റേഷനിൽ വിളിച്ചു പറയാം, അവർ വരുന്നത് വരെ ഓഫീസിൽ നിന്നു ഇറങ്ങരുത്. പുറത്തേക്ക് ഒരാവശ്യത്തിനും പോവരുത്.\"
\"ബട്ട് വൈ?\"
\"നിങ്ങൾക്ക് റോഷനെ അറിയില്ലേ?\"
\"ആരാ ഈ റോഷൻ?\"
\"ഐം നോട്ട് ഷുവര്‍ എബൗട്ട് ഹിസ് നെയിം. പക്ഷേ നിങ്ങൾ ഒരുമിച്ചാണ് ആ കെന്നൽ നടത്തിയിരുന്നത്\"
\"ഞാൻ കെന്നൽ നടത്തിയത് റോഷന്റെ കൂടെയല്ല കൽക്കിയുടെ കൂടെയാണ്.\"
\"അതെന്തായാലും അവന്‍ ഇപ്പോള്‍ ബാംഗ്ലൂരുള്ളതായാണ് സൂചന. ആക്ച്വലി ഞങ്ങൾ അവനായുള്ള തിരച്ചിലിൽ ആണു. അവൻ ഇതു വരെ രണ്ടു കൊല ചെയ്തു കഴിഞ്ഞു. അങ്ങനെ അവൻ ബാംഗ്ളൂർ വന്നിട്ടുണ്ടെങ്കിൽ അതു ഒരു പക്ഷെ നിന്നെ കൊല്ലാനാവാം.\"
\"എന്തിനു. ഞാനും അവനും തമ്മിൽ അതിനു പ്രശ്നമൊന്നുമില്ലല്ലോ?\"
\"ആയിരിക്കാം പക്ഷെ അവന്റെ രണ്ടു കൊലപാതകത്തിനും പിന്നിൽ സിമിലിയർ ആയ റീസൺസ് ഉണ്ട്. അതിനോട് സിമിലിയർ ആയ ഒരു കാര്യം നിങ്ങളുടെ ഇടയിൽ ഉണ്ടായിട്ടും ഉണ്ട്.\"
\"നിങ്ങൾ ഉദ്ദേശിക്കുന്നത് കെന്നലിന്റെ കാര്യമാണോ? എങ്കിൽ കേട്ടോ. അതു ഒരു ആക്സിഡന്റ് തന്നെ ആയിരുന്നു. അതു അവനു പ്രയാസം ഉണ്ടാക്കി എന്നുള്ളത് ശരിയാണ് പക്ഷെ അതിനു അവനെന്നോട് ദേഷ്യം തോന്നേണ്ട കാര്യമൊന്നുമില്ല. പിന്നെ കൽക്കിയും ഞാനും തമ്മിൽ സ്കൂൾ കാലം തുടങ്ങിയുള്ള ബന്ധമുണ്ട്. അവന്റെ അച്ഛനും അമ്മയും ആക്‌സിഡന്റിൽ മരിച്ചപ്പോൾ കുറേ നാൾ അവൻ എന്റെ വീട്ടിലാ നിന്നിരുന്നത് അപ്പോ സാറിന് ഊഹിക്കാല്ലോ ഞങ്ങളുടെ ഫ്രണ്ട്ഷിപ്. അങ്ങനെ ഉള്ള അവൻ എന്നെ എന്തു ചെയ്യുമെന്നാ സാർ പറയുന്നേ?\"
\"ശരിയായിരിക്കാം. പക്ഷേ സൂക്ഷിക്കുക. പിന്നെ നിങ്ങൾ പറഞ്ഞ ഈ കെന്നലിന്റെ കാര്യത്തിൽ ഫൗള്‍ പ്ലേ ഒന്നും നടന്നിട്ടില്ലെന്ന് ഞാൻ വിശ്വസിച്ചോട്ടെ?\"
പറഞ്ഞു തീരും മുമ്പ് ഫോൺ കട്ട് ചെയ്യപ്പെട്ടു. എന്റെ അനുമാനങ്ങളിൽ എവിടെയോ പാളിച്ചകൾ സംഭവിച്ചു എന്നു എനിക്ക് തോന്നിത്തുടങ്ങി. സൈമൺ പറയുന്ന പോലെ അവർ തമ്മിൽ പ്രശ്നം ഇല്ലെങ്കിൽ കൽക്കി എന്തിനാ ബാംഗ്ലൂർ പോവുന്നത്? പക്ഷേ ആ സംശയം അധികമൊന്നും എന്നെ വലച്ചില്ല കാരണം അവനെ അന്വേഷിച്ചു ഞാൻ വരും എന്നറിഞ്ഞിട്ടും മൊബൈൽ ഷോപ്പിൽ അവന്റെ ലക്‌ഷ്യം ബാംഗ്ലൂർ ആണെന്നു പറഞ്ഞു പോവാൻ മാത്രം വിഡ്ഢി അല്ല അവൻ എന്നു എനിക്ക് തോന്നി. അതു വിരൽ ചൂണ്ടുന്നത് മറ്റാരിലേക്കോ ആണു. അതിനുത്തരം തന്നത് ആ ഫോൺ കാൾ ആണു.
☆★☆★☆★☆★☆★☆★☆★☆★☆★
രഹസ്യത്തിന്റെ വില.
\"സർ ഞാൻ സൈമൺ ആണു. അന്നേരം എനിക്ക് ഇതിന്റെ സീരിയസ്നെസ്സ് മനസ്സിലായിരുന്നില്ല. ഇപ്പോ ഇവിടെ വന്ന പോലീസുകാർ പറഞ്ഞു കേട്ടപ്പോഴാണ് എനിക്ക് മനസ്സിലായത്. ആ കെന്നലിന്റെ കാര്യത്തിൽ ചെറിയൊരു പ്രശ്നമുണ്ട്.
പിജി കഴിഞ്ഞു വർക്ക് ഒന്നുമാവാതെ ഇരിക്കുന്ന സമയത്താണ് ഈ കെന്നലിന്റെ ഐഡിയ തോന്നുന്നത്. ഞാൻ ഇതേ കാര്യം കൽക്കിയോട് പറഞ്ഞപ്പോ അവനും താല്പര്യമുണ്ട്. പിന്നെ ഫണ്ട് ആയിരുന്നു വിഷയം. അപ്പന്റെ അടുത്തു ചോദിച്ചപ്പോ വലിയ താല്പര്യമില്ലാതെ ആണു ഫണ്ട് തന്നത്. അങ്ങനെ സംഭവം നല്ല ഗ്രാൻഡ് ആയിട്ടു തന്നെ തുടങ്ങി. പക്ഷേ വിചാരിച്ച പോലെ സംഭവം ക്ലിക്ക് ആയില്ല. വിൽക്കാമെന്നു വിചാരിച്ചപ്പോ ആ സ്ഥലത്തിന് വാങ്ങിയ വിലയും കിട്ടിയില്ല. കുറേ കാശിറക്കി ചെയ്ത പരിപാടിയായി പോയി. അതോടെ അപ്പന്റെ മുഖത്തു നോക്കാൻ പറ്റാതായി. അങ്ങനെ ഇരിക്കുമ്പോ ആണു കെന്നൽ കത്തുന്നത്. ഉള്ളതു പറഞ്ഞാൽ ഞാൻ ആകെ തകർന്നു. പക്ഷെ അന്നു രാത്രി അപ്പൻ അവിടെ വന്നു. അപ്പൻ തലേന്ന് തന്നെ പ്ലാൻ ചെയ്തു കോസ്റ്റ്ലി ആയ പട്ടികളെ ഒക്കെ മാറ്റി പകരം സാധാരണ പട്ടികളെ ഇട്ടു കെന്നൽ കത്തിച്ചതാണ് എന്നു പറഞ്ഞു. ഇന്‍ഷ്വര്‍ഡ് ആയ കൊണ്ടു ഇറക്കിയ കാശു തിരിച്ചു കിട്ടും അതു കൊണ്ടു വിഷമിക്കേണ്ടെന്നും. ബിസിനസ് നിർത്തി പണി ചെയ്യാനും ഞങ്ങളോട് പറഞ്ഞു. ഇതു രഹസ്യമായിട്ട് ഇരിക്കാൻ കൽക്കിക്ക് കുറച്ചു കാശു കൊടുക്കാമെന്നും പറഞ്ഞു. പക്ഷേ അവൻ കാശൊന്നും വാങ്ങിയില്ല. എന്റെ കൂടെ ബാംഗ്ലൂർക്ക് വരാൻ ഞാൻ നിർബന്ധിച്ചിട്ടും അവൻ വന്നുമില്ല. സർ പറയുന്നത് വച്ചു നോക്കുമ്പോൾ അവനു അങ്ങനെ ദേഷ്യം ഉണ്ടെങ്കിൽ അതു അപ്പനോടായിരിക്കും. അപ്പൻ പാലായിൽ തറവാട്ടിൽ ഒറ്റക്കാണ്. അപ്പനെ ഇപ്പോ വിളിച്ചിട്ടു കിട്ടുന്നുമില്ല. സർ അപ്പനു പ്രൊട്ടക്ഷൻ കൊടുക്കണം.\"
\"ഇത് നീ അപ്പോഴേ പറഞ്ഞിരിക്കണം. ഇനി ഞാനോ ഫോഴ്സോ അവിടെ ചെന്നിട്ട് എന്ത് കാര്യം. ഇതിനു മുമ്പുള്ള ഒരു കേസിലും അവൻ ഇരയെ വീട്ടിൽ വച്ചല്ല കൊന്നിട്ടുള്ളത്. അതു കൊണ്ടു ചിലപ്പോ അവൻ നിന്റെ അപ്പനെ ഇപ്പോൾ കടത്തിയിട്ടുണ്ടാവും. എന്തായാലും ഞാൻ സ്റ്റേഷനിൽ അറിയിക്കാം, ഞാനും അവിടെ ചെല്ലാം പക്ഷേ അതു കൊണ്ടു ഇനി കാര്യമുണ്ടോ എന്നൊന്നും പറയാൻ പറ്റില്ല.\"
☆★☆★☆★☆★☆★☆★☆★☆★☆★
പേരറിയാത്ത അനേകർക്കായി.
പാലയിലേക്കുള്ള വഴിയിലൂടെ ഇരുട്ടിനെ ഭേദിച്ചു ജീപ്പ് ഇരച്ചു നീങ്ങി. പെട്ടെന്ന് ഒരാൾ ജീപ്പിനെ കൈ കാണിച്ചു നിർത്തി. ആറടിയോളം ഉയരമുണ്ടായ ആ യുവാവ് ഒരു തൊപ്പി ധരിച്ചിരുന്നു. വണ്ടി നിർത്തിയയുടൻ അയാൾ അടുത്തേക്ക് വന്നു ചോദിച്ചു.
\"പാലയിലേക്കാവും അല്ലെ? എന്നെ കൂടെ കൊണ്ടുപോവാമോ?\"
ഞാൻ തലയാട്ടി. അയാൾ അകത്തേക്ക് കയറി. എനിക്കെന്തോ ചോദിക്കാനുണ്ടായിരുന്നു അവനെന്തോ പറയാനും. പക്ഷേ തികഞ്ഞ നിശബ്ദത ജീപ്പിന്റെ ഉള്ളിൽ തളം കെട്ടി നിന്നു. സൈമൺ തന്ന അവന്റെ തറവാട്ടിലേക്കുള്ള ലൊക്കേഷന് 2 km മുമ്പ് ഒരു ഫയർ എഞ്ചിൻ എന്റെ ജീപ്പിനെ മറികടന്നു പോയി. നിശബ്ദത ഭേദിച്ചു അവൻ പറഞ്ഞു.
\"പാലായിൽ ഒരു വീട്ടിൽ തീപിടിച്ചിട്ടുണ്ട്. ഷോർട് സിർക്യൂട് ആണു. വീട്ടിൽ ഒരു കാർന്നോരു മാത്രേ ഉണ്ടായിരുന്നുള്ളു\"
അവൻ തൊപ്പി മാറ്റി. ആക്ച്വലി ഐം നോട്ട് സര്‍പ്രൈസ്ഡ്. അത് അവനായിരിക്കുമെന്നു തോന്നിയത് കൊണ്ടു മാത്രമായിരുന്നു ഞാൻ ജീപ്പ് നിർത്തിയത്. അവനെ പിടിക്കാൻ അവനായിത്തന്നെ തന്ന അവസരം.
\"സാറിനു എന്നെ ഇങ്ങനെ അടുത്തു കിട്ടിയിട്ടും വിലങ്ങണിയിക്കാൻ തോന്നുന്നില്ലേ?\"
\"ഞാൻ അതു ചെയ്തേനെ നീ ആ കാർന്നോരെ കൊല്ലുന്നതിനു മുന്നേ നിന്നെ എന്റെ കൈയിൽ കിട്ടിയിരുന്നേൽ. നിനക്ക് പറയാനുള്ളത് ഞാൻ കണ്ടെത്തി. നിനക്ക് ചെയ്യാനുള്ളത് നീ ചെയ്തും തീർത്തു. ഇനിയൊരു ക്യാറ്റ് ആന്‍ഡ് മൗസ് ഗെയിം കളിയ്ക്കാൻ നിനക്ക് താല്പര്യം ഉണ്ടായിരുന്നെങ്കിൽ നീ എന്റെ വണ്ടിക്ക് കൈ കാണിക്കില്ലായിരുന്നു.\"
\"ഗുഡ് ഒബ്സെർവഷൻ. ഇനിയെന്താണ് സാറിന് അറിയേണ്ടത്?\"
\"അലക്സ് അവന്റെ ഭാര്യയോടുള്ള ദേഷ്യം അവളുടെ നായയോട് തീർത്തതാണെന്നു എനിക്കറിയാം. പക്ഷേ അവർക്കു പോലും അറിയാത്ത ആ വീഡിയോ നിനക്കെങ്ങനെ കിട്ടി?\"
\"ആ ഫോൺ അര്‍ജന്‍റ് ആയി കൊടുക്കണമെന്ന് പറഞ്ഞു എന്റെ കൈയിലാ ശരിയാക്കാൻ തന്നത്. കുറേ വർക്ക് ഉണ്ടായിരുന്ന കൊണ്ടു അന്നു നൈറ്റ് വൈകിയാണ് ഞാൻ ആ ഫോൺ ശരിയാക്കിയത്. ശരിയാക്കി കഴിഞ്ഞു ഫോൺ ഓണ്‍ ചെയ്ത് wifi കൊണ്ടു നെറ്റ് കണക്ട് ചെയ്തു ചെക്ക് ചെയ്തു കൊണ്ടിരുന്നപ്പോഴാണ് ആ വീഡിയോ വാട്സാപ്പിൽ വരുന്നത്. കൂടെ കുറേ ചീത്ത വിളിയും. ആദ്യം മെസ്സേജ് നോക്കേണ്ട എന്നു തന്നെയാണ് കരുതിയത്. പക്ഷേ മനസ്സ് നോക്കാൻ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു. കണ്ടപ്പോൾ ദേഷ്യം ആണു തോന്നിയത്. അവർ തമ്മിലുള്ള പ്രശ്നത്തിൽ ആ നായ എന്തു തെറ്റാണു സർ ചെയ്തത്. ഈ ക്രൂരത വേറാരും കാണേണ്ട എന്നു കരുതിയാണ് എന്റെ ഫോണിലേക്ക് മാറ്റിയ ശേഷം ആ ഫോണിൽ നിന്നു ഡിലീറ്റ് ചെയ്തത്.\"
\"എന്തായിരുന്നു പോലീസ് സ്റ്റേഷനിൽ ഈ പെൻഡ്രൈവ് കൊണ്ടു വന്നിടാൻ കാര്യം?\"
\"ഞാൻ ഓരോ തവണയും ആ സാധു ജീവികൾക്ക് നീതി കിട്ടാൻ അവരെ സമീപിച്ചപ്പോഴും തണുത്ത പ്രതികരണം ആണു അവിടുന്നൊക്കെ കിട്ടിയത്. അല്ലെങ്കിലും പട്ടിക്കും പൂച്ചയ്ക്കും ഒക്കെ എന്തു നീതി കിട്ടാനാ അല്ലെ സാറെ. പക്ഷേ അതെ കാര്യം ഞാൻ മനുഷ്യനെതിരെ ചെയ്തപ്പോഴോ ഒരു ഡെഡിക്കേറ്റഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ. നാട് നീളെ അന്വേഷണം, ലുക്ക് ഔട്ട് നോട്ടീസ്, ക്രൈം എന്നത് മനുഷ്യനു എതിരെ ചെയ്യുമ്പോ മാത്രം അല്ല എന്നു അവരെ ബോധിപ്പിക്കണമായിരുന്നു. അതിനു വേണ്ടിയാണു അങ്ങനെ ചെയ്തത്.\"
\"മരിച്ചവരുടെ ബോഡി?\"
\"ഭൂമിക്കു ഭാരമായവർക്ക് ഭൂമി അഭയം കൊടുത്തിട്ടുണ്ട്. കാർന്നോരു കത്തി ബാക്കിയുണ്ടേൽ കിട്ടും. ജീവനു ആറടി കുത്തേണ്ടി വന്നു. പക്ഷേ അലക്സിനു മൂന്നടി പോലും വേണ്ടി വന്നില്ല.\"
\"എന്തു കൊണ്ടു റോഷൻ എന്ന പേര്?\"
അതിനു അവൻ മറുപടി പറഞ്ഞില്ല.
അവനോടു കൂടുതൽ ഒന്നും ചോദിക്കാൻ മനസ്സ് അനുവദിച്ചില്ല.
\"3 പേരെ കൊലപ്പെടുത്തിയ റോഷൻ എന്നു അറിയപ്പെട്ടിരുന്ന കൽക്കി എന്ന യുവാവിനെ പാലാ ഭാഗത്തു നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാത്രി ആയതിനാൽ അടുത്തുള്ള സ്റ്റേഷനിൽ തന്നെ ഹാന്‍ഡ് ഓവര്‍ ചെയ്യുന്നതാണ്. ഓവർ\"
അവന്റെ മുഖത്തു ഒരു ചിരി പടർന്നു.
\"സ്റ്റേഷൻ വരെ എത്താൻ ഒരു 10 മിനിറ്റ് എടുക്കില്ലേ. ആ സമയം കൊണ്ടു ഞാൻ ഒരു കഥ പറയട്ടെ\"
☆★☆★☆★☆★☆★☆★☆★☆★
ഒരു കഥ.
എനിക്ക് ചെറുപ്പം മുതലേ ഈ മൃഗങ്ങളോടൊക്കെ ഒരു ഇഷ്ടം ഉണ്ടായിരുന്നു. എനിക്ക് അപ്പോ ഒരു 13 വയസ്സ് കാണും. ഒരിക്കെ അച്ഛൻ എനിക്കൊരു ആടിനെ കൊണ്ടു തന്നു. എനിക്കാണേൽ ഒടുക്കത്തെ സന്തോഷം. ഞാൻ അതിനെ നല്ല പോലെ നോക്കുമായിരുന്നു. അങ്ങനെ ഇരിക്കെ കുറച്ചു സാമ്പത്തിക ഇടപാടുകളിൽ പ്രശ്നം ഒക്കെ ആയിട്ടു അച്ഛൻ ആകെ വിഷമത്തിലായി. അച്ഛനാണേൽ കുറച്ചു പൂജേം വഴിപാടുമൊക്കെ വിശ്വാസം ഉള്ള ആളാണ്. അങ്ങനെ ഒരു സ്വാമിയേ കണ്ടു കാര്യം പറഞ്ഞു. ആൾ പറഞ്ഞ പ്രതിവിധി ഒരു ആടിനെ ബലി കൊടുക്കാൻ ആണു. പിന്നെ തിരുപ്പതിക്കു ഒരു തീർത്ഥാടനവും. അച്ഛന്റെ അഭിവൃദ്ധിക്ക് വേണ്ടി ആ പാവം ആട് ബലിയായി.പനിച്ചു കിടന്ന എന്നെ സൈമണിന്റെ വീട്ടിലാക്കി തിരുപ്പതിക്കു പോയ അച്ഛനും അമ്മയും വഴിക്ക് വച്ചുണ്ടായ അപകടത്തിൽ മരിച്ചു. ചുരുക്കി പറഞ്ഞാൽ അഭിവൃദ്ധി തേടി പോയ അച്ഛനും അമ്മയും അവർക്കു വേണ്ടി ബലിയായ ആടും പോയി. പിന്നെ എങ്ങനെയാ സാറേ പ്രതിവിധി പറഞ്ഞു കൊടുത്ത സ്വാമിയെ അവരുടെ കൂടെ വിടാതിരിക്കുന്നത്?
☆★☆★☆★☆★☆★☆★☆★☆★☆★