ചായ എടുത്തു കുടിച്ചു കൊണ്ട് ചന്ദന അടുക്കളയിലേക്ക് കയറി.ചോറ് വാർത്ത് വെച്ച്,അമ്മ എടുത്തു വെച്ച പച്ചകറി എടുത്തു അടുക്കള പുറത്തെ വരാന്തയിലേക്ക് ഇറങ്ങി അവള്.അമ്മ തൊടിയിൽ അമ്മിണിയെ ഇറക്കി കെട്ടി തിരികെ വന്നു.പച്ചക്കറി അരിയുമ്പോഴും അവളുടെ മനസ്സിൽ ഇന്ന് നടക്കാൻ പോകുന്ന ഇൻറർവ്യൂ ആയിരുന്നു.ഇൗ ജോലി കിട്ടിയാൽ മതിയായിരുന്നു..ടൗണിൽ വർമ്മ ഗ്രൂപ്പിന്റെ എംഡി യുടെ പി എ ആയാണ് വേക്കൻസി. പ്രായമുള്ള ആൾ ആണെന്നാണ് ദിയ പറഞ്ഞത്.ദിയ അവിടെ സ്റ്റാഫ് ആണ്.കോളേജിൽ ഒരുമിച്ച് പഠിച്ചതാണ് അവളുടെ അച്ഛന്റെ സുഹൃത്താണ് ശശീന്ദ്രവർമ്മ.ചന്ദന യുടെ കാര്യം പറഞ്ഞപ്പോൾ,ദിയയുടെ അച്ഛനാണ് സംസാരിച്ചത്.അങനെ ചെല്ലാൻ പറഞ്ഞതാണ്.വിദേശത്ത് പല കമ്പനികളും ഉള്ള വലിയ ഒരു ബിസിനെസ്സ് ഗ്രൂപ്പ് ആണ് വർമ്മാ ഗ്രൂപ്പ്.
\"മോളേ..നീ പോകാൻ നോക്ക് ജോലി എല്ലാം അമ്മ ചെയ്യാം.നേരത്തെ ഇറങ്ങിയാൽ അവിടെ ചെന്ന് കുറച്ചു നേരം ഇരിക്കാം.ഓടി പിടച്ചു ചെല്ലണ്ട.\"
അമ്മ പറയുന്നത് കേട്ട് ചന്ദന തല ഉയർത്തി നോക്കി.തന്റെ ജോലി ഇപ്പോ ഇൗ വീട്ടിൽ ഉള്ളവരുടെ എല്ലാം ഒരാവശ്യം ആണ്.അപ്പോഴേക്കും നന്ദന എഴുന്നേറ്റ് വന്നു.
\"ചേച്ചി.. പോകാറായോ. ചേച്ചിക്ക് ജോലി കിട്ടിയിട്ട് വേണം എനിക്കൊന്ന് ചെത്താൻ.കുറച്ചു ഡ്രസ്സ് വാങ്ങണം കേട്ടോ ചേച്ചി.\"
നന്ദന അവളുടെ അടുത്ത് ഇരുന്നു കൊണ്ട് പറഞ്ഞു.
\"നീ ആദ്യം പ്ലസ് ടൂ പരീക്ഷ നന്നായി എഴുതാൻ നോക്ക് ആദ്യം. ചേച്ചിക്ക് ജോലി കിട്ടട്ടെ ആദ്യം.പോയി കുളിക്കാൻ നോക്ക് പെണ്ണേ.കാലത്ത് എഴുന്നേറ്റ് രണ്ടക്ഷരം പഠിക്കാൻ പറഞ്ഞാൽ കേൾക്കണ്ട കേട്ടോ.\"
അമ്മ പതിവ് പല്ലവി തുടങ്ങിയപ്പോൾ നന്ദന എഴുന്നേറ്റു പുറത്തേക്ക് പോയി.
അപ്പോഴേക്കും പാൽ കൊടുക്കാൻ പോയ സൂര്യൻ തിരിച്ചു വന്നു. സൈക്കിൾ സ്റ്റാൻഡിൽ നിർത്തിയിട്ട്,അവൻ വന്ന് ചന്ദന യുടെ അടുത്ത് ഇരുന്നു.
അവന്റെ മുഖം മ്ലാനമായിരിക്കുന്നത് കണ്ട് ചന്ദന ചോദിച്ചു.
\"എന്താ സൂര്യ..നിനക്ക് എന്തോ പറയാൻ ഉണ്ടല്ലോ.?\"
ചന്ദന അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
\"ചേച്ചി സെമസ്റ്റർ ഫീസ് അടയ്ക്കാൻ പറഞ്ഞിട്ടുണ്ട്.രണ്ടു ദിവസം കൂടിയേ ഉള്ളൂ.\"
അവൻ മുഖം താഴ്ത്തി കൊണ്ട് പറഞ്ഞു.
\"അതിനെന്താ..മോനെ നാളെ അടയ്ക്കാം.ചേച്ചിക്ക് പൈസ തന്നിട്ടില്ല മാഷ്. ഇന്ന് തരാം എന്നാണ് പറഞ്ഞത്.ചേച്ചി ഇന്ന് വൈകീട്ട് വരുമ്പോൾ കിട്ടും.നാളെ കൊടുക്കാം.\"
ചന്ദന എഴുന്നേറ്റ് അകത്തേക്ക് കയറുമ്പോൾ, അടുക്കളയുടെ കരിപുരണ്ട ചുമരിൽ ചാരി നിന്ന് കണ്ണുകൾ തുടച്ചു അമ്മ.അവളെ കണ്ടതും അടുപ്പത്ത് വെച്ച ദോശ ചട്ടിയിൽ എണ്ണ തേച്ച് മാവ് ഒഴിച്ചു അമ്മ.അവള് നിറഞ്ഞ കണ്ണുകൾ ഇരിക്കാൻ പാടുപെട്ടു അവർ.
ചന്ദന ഡ്രസ്സ് മാറി കൊണ്ടുപോകാൻ ഉള്ള ഫയൽ എടുത്തു വെച്ചു.അതിൽ എല്ലാം എടുത്തു വെച്ചിട്ടില്ലേ എന്ന് ഒന്നുകൂടി നോക്കി.സ്കൂൾ കലോത്സവത്തിൽ കലാതിലകം ആയിരുന്നു അവൾ. വെള്ള ചുരിദാർ ആയിരുന്നു അവള് ധരിച്ചത്.കാതിൽ ഒരു കുഞ്ഞു കമ്മലും,കഴുത്തിൽ ഒരു മിന്നായം പോലെ കാണുന്ന കുഞ്ഞ് മാലയും ആകെ അവളുടെ ദേഹത്തുള്ള ആഭരണം. ഇടതു കയ്യിൽ വാച്ച് കെട്ടാൻ നോക്കുമ്പോൾ ആണ് വാച്ച് പണിമുടക്കി എന്ന സത്യം അറിയുന്നത്.\"ഈശ്വരാ ഇതും ചത്തോ.?\"
അവള് വാച്ച് ഒന്ന് കുലുക്കി.. ചെവിയോട് ചേർത്ത് പിടിച്ചു.അതിന്റെ പിരി ഒന്ന് മുന്നോട്ട് വലിച്ച് അങ്ങോട്ടുമിങ്ങോട്ടും തിരിപ്പിച്ചു. അവളുടെ നിസ്സഹായ അവസ്ഥ മനസ്സിലാക്കിയെന്നോണം വാച്ചിന്റെ മിനിറ്റ് സൂചി ചലിക്കാൻ തുടങ്ങി.
\"നീ ചതിക്കില്ലെന്ന് എനിക്കറിയാം കുട്ടാ..\"
അവള് ചിരിയോടെ വാച്ച് കെട്ടി മറു കയ്യിൽ ഒരു വളയും ഇട്ടു.നെറ്റിയിൽ കാലത്ത് തൊട്ട ചന്ദനക്കുറി മായാതെ നിൽക്കുന്നുണ്ട്. ഒരുക്കം പൂർത്തിയാക്കി ചെറിയ ഹാൻഡ് ബാഗ് എടുത്ത് തോളിൽ ഇട്ടുകൊണ്ട്,ഫയലും എടുത്ത് ഇറങ്ങി.അപ്പോഴേക്കും അമ്മ ദോശയും ചമ്മന്തിയും മേശപ്പുറത്ത് എടുത്തു വെച്ചിരുന്നു.
\"അച്ഛാ..വാ കഴിക്കാം\"
ചന്ദന വിളിക്കുന്നത് കേട്ട് ഉമ്മറത്തെ ചാരുകസേരയിൽ ചിന്തകളിൽ നിന്നും ഉണ്ണർന്നു അയ്യാൾ.പതിയെ എഴുന്നേറ്റു അകത്തേക്ക് നടക്കുമ്പോൾ അരകെട്ടിൽ ആരോ പിടിച്ചു വലിക്കുന്നത് പോലെ തോന്നി..അത്ര വേദന ആയിരുന്നു.ഇരുന്നാൽ പെട്ടന്ന് എഴുന്നേറ്റ് നടക്കാൻ കഴിയാത്തത് കൊണ്ട് രണ്ടു കൈയും അരയിൽ കുത്തി അയ്യാൾ മുറ്റത്തേക്ക് നോക്കി..ചെമ്പക മരത്തിന്റെ കൊമ്പിൽ ഇരുന്ന അണ്ണാറക്കണ്ണൻ വാലു പൊക്കി ചിലച്ചു കൊണ്ട് താഴേക്ക് നോക്കി.പേടിപ്പിക്കാൻ എന്തെങ്കിലും വന്ന് കാണും. അയ്യാൾ മനസ്സിൽ ഓർത്തു കൊണ്ട് നോക്കി.ഒന്നും കാണാൻ ഇല്ല.ഇപ്പോ തന്റെ കാഴ്ച്ചകൾ പലതും ഇൗ വീടും അതിന് ചുറ്റുമുള്ളതാണ് മാസംതോറും മുടങ്ങാതെ ഉള്ള ചെക്കപ്പാണ് പുറത്തേക്കു ആകെയുള്ള യാത്ര. അയാൾ ചുമരിൽ പിടിച്ചു കൊണ്ട് അകത്തേക്ക് നടന്നു. നീളമുള്ള വരാന്തയും, നടുത്തളവും ചേർന്നുള്ള ഇടനാഴിയുടെ ഒരു വശത്ത് രണ്ടു മുറിയും, ഇടനാഴിയുടെ ഒരറ്റത്ത് ചേർന്നുള്ള കോണിമുറിയും. അടുക്കളയും അതിനു പിന്നിൽ ഒരു വരാന്തയും അറ്റത്ത് ഒരു ബാത്റൂമും ആണ് ആ വീട്ടിൽ ഉണ്ടായിരുന്നത്. അടുക്കളയുടെ ഒരു അറ്റത്താണ് മേശ ഇട്ടിരിക്കുന്നത്.മുകളിൽ വലിയ ഒരു ഹാളിൽ ആണ് സൂര്യൻ കിടക്കുന്നത്.ഒരു മുറിയിൽ ചന്ദനയും നന്ദനയും കിടക്കും.മറ്റേതിൽ അമ്മയും അച്ഛനും.വിദേശത്ത് നിൽക്കുമ്പോൾ വാങ്ങിയതാണ്.തട്ടി പൊളിച്ചു വാർക്കണം എന്നൊക്കെ ഉണ്ടായിരുന്നു മനസ്സിൽ അതൊന്നും നടന്നില്ല.
\"അച്ഛാ..ഞാൻ പോയിട്ട് വരാം.\"
ദോശ കഴിച്ചെന്നു വരുത്തി ചന്ദന എഴുന്നേറ്റു.
\"മോളേ സൂക്ഷിച്ചു പോയിട്ട് വാ..\"
അച്ഛൻ പറഞ്ഞു.
\"ശരി അച്ഛാ..അമ്മേ..ഞാൻ ഇറങ്ങുന്നു.\"
സാരി തലപ്പിൽ കൈ തുടച്ചു കൊണ്ട് സുധാമണി പുറത്തേക്കു വരുമ്പോഴേക്കും മുറ്റത്തേക്ക് ഇറങ്ങി കഴിഞ്ഞിരുന്നു ചന്ദന.മുറ്റം കടന്ന് കല്ല് പതിച്ച ഇടവഴിയിലൂടെ മകൾ പോകുന്നത് നോക്കി അവർ നിന്നു.കുറച്ചു നടന്നാൽ മൈൻ റോഡ് ആണ്. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ,ബ്രോക്കർ വാസു അവളെ നോക്കി മഞ്ഞപ്പല്ലും കാണിച്ച് ചിരിച്ചു.
\"എന്റെ ചന്തു മോളേ..എന്നാലും ഒരു ആലോചന പോലും മോളുടെ അച്ഛനും അമ്മയും നോക്കുന്നത് പോലുമില്ലല്ലോ കുട്ടിയെ.. വാസെട്ടൻ എത്ര ആലോചനകൾ കൊണ്ടുവന്നു.\"
അയാളുടെ വാക്കുകളിലെ നിരാശ മനസ്സിലാക്കി ചന്ദന.ബാഗിൽ നിന്നും ഒരു 50 രൂപ നോട്ട് എടുത്ത് അയാളുടെ കയ്യിൽ പിടിപ്പിച്ചു.
\"വാസെട്ടാ ഒരു ചായ കുടിച്ചോളൂ..ഇത് കല്യാണ ആലോചന എന്റെ വീട്ടിലേക്ക് കൊണ്ടുവരാതിരിക്കാനുള്ള കൈക്കൂലിയും ആണ് കേട്ടോ.\"
അവള് ചിരിയോടെ അത് പറയുമ്പോഴേക്കും, ജോണി മോൻ അവളുടെ മുന്നിൽ കിതച്ചു നിന്നു.സ്കൂളിൽ പഠിക്കുമ്പോൾ തൊട്ടുള്ള യാത്ര ഒക്കെ ജോണി മോനിൽആയിരുന്നു. ബസിൽ കയറി സൈഡ് സീറ്റിൽ ഇരുന്നു കൊണ്ട് പുറത്തേക്ക് നോക്കി അവള്..ഓടി മറയുന്ന കാഴ്ചകൾക്കൊന്നും പുതിയ പകിട്ട് വന്നിട്ടില്ല..ഇപ്പോഴും ഗ്രാമത്തിന്റെ ചാരുത നഷ്ടപ്പെടാത്ത തൻറെ കൊച്ചു ഗ്രാമം. ഇരുപത് മിനിറ്റ് യാത്ര കഴിഞ്ഞ് സ്റ്റാൻഡിൽ ബസ് ഇറങ്ങി ദിയ പറഞ്ഞു കൊടുത്ത അഡ്രസ് നോക്കി അവള് നടന്നു. കുറച്ചു മുന്നോട്ടു നടന്നപ്പോൾ, വർമ്മ ഗ്രൂപ്പ് ഓഫ് കമ്പനീസ്..എന്ന ബോർഡ് കണ്ടു. ചുറ്റും ഗ്ലാസ് ഇട്ട വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ എസി യുടെ തണുപ്പ് അനുഭവപ്പെട്ടു . റിസപ്ഷനിൽ ഇരുന്ന പെൺകുട്ടി അവളെ നോക്കി ചിരിച്ചു.
\"മാഡം ഇൻറർവ്യൂവിന് വന്നതാണ് അല്ലേ?\"
ആ പെൺകുട്ടി ചോദിച്ചു.
\"അതെ..\"
ചന്ദന മറുപടി പറഞ്ഞു.
\"ലിഫ്റ്റ് നേരെ പോയി ലെഫ്റ്റ്.ഫോർത്ത് ഫ്ളോർ ആണ്.\"
\"താങ്ക്യൂ\"
ചിരിച്ചു കൊണ്ട് ചന്ദന ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു. ലിഫ്റ്റ് കയറി ഫോർത്ത് ഫ്ലോറിൽ ചെന്നു.വലിയ ഒരു ഹോൾ ആയിരുന്നു.ഒരു ഈച്ച കുട്ടി പോലും അവിടെയുള്ളതായി തോന്നിയില്ല അവൾക്ക്. നേരിയ ഭയം അവളുടെ ഉള്ളിൽ തോന്നി. താൻ മാത്രമേയുള്ളൂ ഇൻറർവ്യൂ വിന്? സംശയം അവളുടെ ഉള്ളിൽ ഉടലെടുത്തു.
പെട്ടന്നാണ് സൈഡിൽ ഉള്ള ഒരു ഡോർ തുറന്ന് കുറച്ചു പ്രായമുള്ള ആൾ അവളുടെ അടുത്ത് വന്നത്.
\"ചന്ദന അല്ലേ\"?
അയ്യാൾ ചിരിച്ചു കൊണ്ട് ചോദിച്ചു.
\"അ...അതെ..\"
അവളുടെ സ്വരം കേട്ട് അയ്യാൾ അവളെ ഒന്ന് അർഥം വെച്ച് നോക്കി.
\"ദാ..അവിടേക്ക് ചെന്നോളൂ.\"
അയ്യാൾ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി അവള്. ഒരു വാതിൽ തുറന്നു കിടക്കുന്നു.അവള് പതിയെ നടന്നു.അകത്തേക്ക് കയറുന്നതിനു മുൻപ് തിരിഞ്ഞു നോക്കി അയാളെ കാണുന്നില്ല. എന്തും വരട്ടെ എന്ന് കരുതി അകത്തേക്ക് കയറി .അവള് കയറിയ ഉടൻ അവൾക്ക് പിന്നിൽ വലിയ ഡോർ അടഞ്ഞു.ഒരു നിമിഷം മുന്നിലേക്ക് നോക്കി പകച്ചു നിന്നു ചന്ദന.വലിയ ഒരു ഓഫീസ് റൂം ആയിരുന്നു അത്.വലിയ മേശയും,അതിന് മുകളിൽ അനേകം ഫയലുകളും .ഒരു വശത്ത് ഒരു ലാപ് ഓപ്പൺ ആക്കി വെച്ചിട്ടുണ്ട്.കുമാർ സാനു സാറിന്റെ പഴയ ഹിന്ദി മെലഡി സോങ്സ് ചെറിയ ശബ്ദത്തിൽ പ്ലേ ചെയ്തിട്ടുണ്ട്. തിരിയുന്ന കസേരയിൽ പുറം തിരിഞ്ഞ് ഒരാൾ ഇരിക്കുന്നു.
\"വരണം..ചന്ദന.വരണം.\"
അയാൾ പറഞ്ഞപ്പോൾ, അയാൾക്ക് പിന്നിലും കണ്ണുണ്ടോ എന്ന് കരുതി അവള്.
അയ്യാൾ അവൾക്ക് നേരെ തിരിഞ്ഞു..ഒരു നിമിഷം അവൾ ഞെട്ടിത്തരിച്ചുനിന്നുപോയി.
\"ജി..തേ..ന്ദ്രൻ..\"
അവളുടെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞു..
\"അപ്പോ എന്നെ ഓർമ്മയുണ്ട് നിനക്ക് അല്ലേ? \"കവിൾ കൈ കൊണ്ട് അമർത്തി തടവി കൊണ്ട് ജിതേന്ദ്ര വർമ്മ അവളുടെ അടുത്തേക്ക് നടന്നു വന്നു.. അവിടുന്ന് ഓടി രക്ഷപ്പെടാൻ തോന്നി അവൾക്ക്. ( തുടരും)