Aksharathalukal

സ്വന്തം തറവാട് : അവസാനഭാഗം



\"സുധാകരനെ തകർക്കാനും നാണംകെടുത്താനുമാണ് ഞാൻ ഇത്രയുംകാലം ഓരോന്ന് ചെയ്തുകൂട്ടിയത്...  അതുമൂലം ഒരുപാടുപേര് വേദനിച്ചു... അവരുടെയെല്ലാം ശാപം എന്നിൽനിന്ന് മാറണമെങ്കിൽ ഈ ശിക്ഷ ഞാൻ അനുഭവിച്ചേ മതിയാകൂ....ഇല്ലെങ്കിൽ ഇനിയുള്ളകാലം എനിക്ക് സ്വസ്ഥത കിട്ടില്ല...\"

\"എന്തൊക്കെയാണ് നീ കാണിച്ചുകൂട്ടുന്നത്... നീ പറഞ്ഞല്ലോ സ്വന്തം അച്ഛനമ്മമാരുടെ ജീവനില്ലാത്ത ശരീരത്തിനുമുന്നിൽ കരഞ്ഞുകൊണ്ടിരുന്ന നിന്നെ ഒരമ്മയുടെ സ്നേഹത്തോടെ നിന്നെ എടുത്തുവളർത്തിയ ആളാണ് നീ ഇപ്പോൾ അമ്മയായി കാണുന്ന സ്ത്രീയെന്ന്...  ഇതറിഞ്ഞാൽ ആ പാവം എങ്ങനെ സഹിക്കും... ഞാൻ വലിയൊരു ക്രിമിനലാണ്...  പക്ഷേ എന്റെ ചേച്ചി നല്ലവളാണ്... സ്നേഹിക്കാനൊരു നല്ല മനസ്സുള്ളവർ... അവർ ജീവിതത്തിൽ ഒരാളെ മാത്രമേ വെറുത്തിരുന്നുള്ളൂ... സുധാകരൻ പറഞ്ഞത് സത്യമാണെന്ന് കരുതി ആ പുതുശ്ശേരി ശ്രീധരമേനോനെ മാത്രമാണത്... ഇതൊക്കെയാണെങ്കിലും ഇന്നവൾ അതിന് പശ്ചാത്താപിക്കുന്നുണ്ട്...  ഹാ.. വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ... നമുക്ക് നോക്കാം...\"
രാജശേഖരൻ പ്രദീപിന്റെ മുറിയിൽനിന്ന് പുറത്തേക്ക് നടന്നു....

▪️▪️▪️▪️▪️▪️▪️▪️▪️▪️

ഓഫീസിൽനിന്നിറങ്ങിയ നന്ദൻ വിശാഖിനേയും പ്രതീക്ഷിച്ച് സ്റ്റേഷന്റെ പുറത്ത് കാത്തുനിന്നു... കുറച്ചുകഴിഞ്ഞപ്പോൾ വിശാഖ് പുറത്തേക്ക് വന്നു... 

\"കുറച്ച് കാര്യങ്ങൾ ശരിയാക്കാനുണ്ടായിരുന്നു... അതാണ് വൈകിയത്... വേറെയാരുടേതുമല്ല ആ സുധാകരന്റെ മരണം സംബന്ധിച്ച കാര്യംതന്നയാണ്... നീ കാത്തുനിന്നു മുഷിഞ്ഞോ... എന്താണ് അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്...\"

\"ഒരു സന്തോഷവാർത്തയുണ്ടെന്ന് കരുതിക്കോ.... നിന്റെ തിരക്ക് കഴിഞ്ഞെങ്കിൽ നമുക്ക് പോകാം...  ആൽത്തറയിലിരുന്ന് വിശദമായി പറയാം... \"

\"എന്നാലൊരഞ്ചുമിനിറ്റ് ഞാനിപ്പോൾ വരാം...\"
അതുംപറഞ്ഞ് വിശാഖ് സ്റ്റേഷനുള്ളിലേക്ക് നടന്നു...  കുറച്ചു കഴിഞ്ഞ് അവൻ തിരിച്ചുവന്നു...  അവർ രണ്ടുപേരുംകൂടി അവിടെനിന്ന് പോന്നു.... 

\"ഇനി പറയാലോ എന്താണ് കാര്യമെന്ന്... \"
ആൽത്തറയിലിരിക്കുമ്പോൾ വിശാഖ് ചോദിച്ചു... 

\"പറയാം...  പക്ഷേ ഇതുകേൾക്കുമ്പോൾ നല്ലരീതിയിൽ ചിലവ് പ്രതീക്ഷിക്കുന്നുണ്ട്..  \"

\"നീ ആളെ ടെൻഷനടിപ്പിക്കാതെ കാര്യം പറയടോ...\" 

\"വോറൊന്നുമല്ല...  ഇന്ന് രാവിലെ ഓഫീസിലേക്കു പോകുമ്പോൾ നാരായണേട്ടനെ കണ്ടിരുന്നു...  നീ നാരായണേട്ടനോട് കുറച്ചുദിവസംമുന്നേ ഒരുകാര്യം പറഞ്ഞിരുന്നല്ലോ...  അതിനൊരു മറുപടി വന്നു...  നാളെ നിന്നെകാണാൻ നാരായണേട്ടൻ സ്റ്റേഷനിലേക്ക് വരുന്നുണ്ട്... നിന്റെ ആഗ്രഹംപോലെ ശ്രീഷ്മക്ക് നിന്നെ വിവാഹം കഴിക്കാൻ താല്പര്യമാണെന്ന്... \"

\"സത്യം... \"

\"അതേടോ... പിന്നെ അവളൊരു പാവമാണ്... നിന്റെ പോലീസിലെ മുശേട്ടസ്വഭാവമൊന്നും അവളുടെയടുത്ത് എടുക്കല്ലേ... \"

\"നോക്കാം... ഏതായാലും സന്തോഷമായി... അടുത്താഴ്ചതന്നെ അച്ഛനേയും അമ്മയേയും അവളുടെ  വീട്ടിലേക്ക് പറഞ്ഞുവിടാമല്ലോ...  എല്ലാം അതിന്റേതായ രീതിയിൽ നടക്കട്ടെ... ഇത് കേൾക്കുമ്പോൾ വീട്ടുകാർക്കും സന്തോഷമാകും... അതുപോട്ടെ എല്ലാ തടസങ്ങളും മാറിയില്ലേ... മറ്റൊരു തടസമുണ്ടാക്കാൻ ഇനി സുധാകരനുമില്ല...  ഇനി നിന്റെ കാര്യം എന്തിനാണ് വച്ചുതാമസിപ്പിക്കുന്നത്... \"

\"ആരുപറഞ്ഞു താമസമുണ്ടെന്ന്...  അടുത്തമാസം മിക്കവാറും അതുണ്ടാകും...  രണ്ട് ദിവസത്തിനുള്ളിൽ അമ്മാവനും അച്ഛനുംകൂടി മേപ്പല്ലൂർ തിരുമേനിയെ കാണാം പോകുന്നുണ്ട്... നല്ലൊരു മുഹൂർത്തം കുറിക്കാൻ...\"

\"ആഹാ...  അത് നന്നായല്ലോ...  അപ്പോ ആ കാര്യത്തിലുമൊരു താരുമാനമായല്ലേ... \"

\"ആയി...  അതുമാത്രമല്ല അടുത്തമാസംതന്നെയാണ് ശ്യാമിന്റേയും സോജയുടേയും വിവാഹം... \"

\"കലക്കി... അപ്പോ അടുത്തമാസം ഉഷാറുതന്നെ..  എന്തായാലും എന്റെ കാര്യത്തിന് രണ്ടുമൂന്നുമാസം താമസമുണ്ടാകും ചെറിയച്ഛൻ ജർമ്മനിയിൽനിന്ന് വന്നിട്ടേ എന്റെ വിവാഹമുണ്ടാകൂ... 

\"അതേതായാലും നന്നായി...ഇല്ലെങ്കിൽ എല്ലാംകൂടി കുഴഞ്ഞുമറിഞ്ഞേനെ... പിന്നെ എന്തായി പ്രദീപിന്റെ കാര്യത്തിൽ നിന്റെ തീരുമാനം... ഞാൻ പറഞ്ഞത് നീ ആലോചിച്ചോ... \"

\"ഉം.. ആലോചിച്ചു... നീ പറഞ്ഞതാണ് ശരി... ആ സുധാകരൻ ജീവിച്ചിരുന്നപ്പോൾ ആർക്കും ഒരു ഉപകാരവും ഉണ്ടായിരുന്നില്ല... മറിച്ച് എല്ലാവർക്കും അയാൾ മൂലം ദുരിതം മാത്രമേ ഉണ്ടായിരുന്നുള്ളൂ... അയാൾ ഇല്ലാതായത് നാട്ടുകാർക്ക് സന്തോഷമേ ഉണ്ടാക്കിയിട്ടുള്ളൂ... പക്ഷേ പ്രദീപ്  ചെയ്തത് കുറ്റംതന്നെയാണ്... അവന്റെ ജീവിതത്തിൽ ഇങ്ങനെയൊരു പാസ്റ്റ് ഉണ്ടെന്ന് അറിഞ്ഞപ്പോഴാണ് അവൻ എങ്ങനെ ഇതുപോലെയായി എന്ന് മനസ്സിലായത്...  നമ്മളൊക്കെ അനുഭവിച്ചത് അവന്റെ കാര്യംവച്ചുനോക്കുമ്പോൾ ഒന്നുമല്ല... എന്തായാലും നീ പറഞ്ഞതുപോലെ പ്രദീപിനെ ഞാൻ അറസ്റ്റ് ചെയ്യുന്നില്ല... അതൊരു ആത്മഹത്യയല്ലെന്ന് എനിക്ക്മാത്രമേ അറിയൂ...  പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുമ്പോഴല്ലേ...  എനിക്കറിയാവുന്ന ഡോക്ടറാണ് പോസ്റ്റുമോർട്ടം നടത്തിയത്...  ഞാൻ ഡോക്ടറെ വിളിച്ചുപറഞ്ഞോളാം... \"

\"അതുതന്നെയാണ് വേണ്ടത്... പക്ഷേ നമ്മുടെ കാരുണ്യംകൊണ്ടാണ് അവൻ രക്ഷപ്പെടുന്നതെന്ന് അവനറിയരുത്...  അവനെതിരെ ഒരു തെളിവുമില്ലെന്നുവേണം അവൻ  കരുതാൻ... നിന്നോടവൻ പറഞ്ഞതെല്ലാം കളവായിരുന്നു എന്നു നീ മനസ്സിലാക്കി എന്നും കരുതണമവൻ... എന്നാൽ ശരിയെടാ നാളെ കാണാം... \"

▪️▪️▪️▪️▪️▪️▪️▪️▪️▪️

അങ്ങനെ എല്ലാവരും കാത്തുനിന്ന ആ ദിവസം വന്നെത്തി...  നന്ദന്റേയും വേദികയുടേയും വിവാഹമാണ് ഇന്ന്... ആ നാടുകണ്ട ഏറ്റവും വലിയ വിവാഹം... നാടെങ്ങും ഉത്സവമായിരുന്നു അന്നത്തെ ദിവസം...  പുതുശ്ശേരി തറവാട്ടിലെ  മുറ്റത്തെ മണ്ഡപത്തിൽ വച്ച് നന്ദൻ എന്ന ദേവാനന്ദൻ വേദികയുടെ കഴുത്തിൽ മിന്നുകെട്ടി...  ഈ സമയം അങ്ങുദൂരേ പതിറ്റാണ്ടുകളായി ഒന്നിക്കാൻവേണ്ടി കാത്തിരുന്ന രണ്ട് ആത്മാക്കൾ തങ്ങളുടെ സ്വപ്നം പൂവണിഞ്ഞതുകണ്ട് സന്തോഷിക്കുകയായിരുന്നു...  മറ്റാരുമല്ല അനന്തനും പാർവ്വതിയും... തങ്ങളുടെ ആത്മാവിന് മോക്ഷം കിട്ടിയതറിഞ്ഞ് അവർ സന്തോഷത്തോടെ ഭൂമിയിൽനിന്ന് വിടവാങ്ങി... ഇനിയുള്ള കാലം കൊച്ചുകൊച്ചു ഇണക്കവും പിണക്കവുമായി നന്ദനും വേദികയും കഴിഞ്ഞു...  

...........അവസാനിച്ചു

✍️ രാജേഷ് രാജു. വള്ളിക്കുന്ന്...
➖➖➖➖➖➖➖➖➖➖