ഇന്ദ്രൻ തന്റെ കേബിനിൽ ഇരുന്ന് ക്യാമറ ചെക്ക് ചെയ്തിരിക്കുകയായിരുന്നു. ചന്ദന വരുന്നുണ്ടോ എന്നായിരുന്നു വന്നപ്പോൾ മുതൽ അവൻ നോക്കിക്കൊണ്ടിരിക്കുന്നത്. അവൾ നടന്നു വരുന്നത് കണ്ടപ്പോൾ തന്നെ അവന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. അപ്പോൾ തന്നെ വിളിച്ചു പറഞ്ഞിരുന്നു റിസപ്ഷനിലേക്ക്, അവിടെ ഇപ്പോൾ ചന്ദന എന്ന പെൺകുട്ടി വരും അവരെ നേരെ എന്റെ കേബിനിലേക്ക് പറഞ്ഞുവിടുക എന്ന്.
ചന്ദന ഗ്ലാസ്സ് ഡോർ തുറന്ന് അകത്തേക്ക് കയറി. റിസപ്ഷനിൽ ഇരുന്ന് പെൺകുട്ടി അവളെ നോക്കി ചിരിച്ചു.
\"ചന്ദന മേം അല്ലേ..?\"
അവരുടെ ചോദ്യത്തിന് അതെ എന്ന ഉത്തരം നൽകി ചന്ദന.
\"മേം സർ തേർഡ് ഫ്ലോർ കാബിനിൽ ഉണ്ട്. കണ്ടിട്ട് സൈൻ ചെയ്തോളൂ. പഞ്ചിങ് മെഷീൻ കാണിച്ചുകൊടുത്തു.പഞ്ച്ചെയ്തു കയറിക്കോളൂ മാഡത്തിന്റെ ഡീറ്റെയിൽസ് അതിൽ ഫീഡ് ചെയ്തിട്ടുണ്ട്.\"
\"ഓകെ.\"
ചന്ദന പഞ്ചിന്റെ അടുത്തേക്ക് നടന്നു.അപ്പോൾ താൻ വരുമെന്ന് ഉറച്ച വിശ്വാസത്തിൽ തന്നെയായിരുന്നു അയാൾ. എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തിരിക്കുന്നു. ചന്ദനക്ക് പുച്ഛം തോന്നി അവളോട് തന്നെ.പഞ്ചിംഗ് ചെയ്തു.ലിഫ്റ്റിൽ കയറി തേർഡ് ഫോർ ബട്ടൺ അമർത്തി.വിശാലമായ ഒരു ഹോളിലേക്കാണ് ചെന്നത്. അതിനൊരു വശത്ത് ചെറിയ ചെറിയ കേബിനുകളും ഓരോ കമ്പ്യൂട്ടറുകളും ഉണ്ടായിരുന്നു. നേരെ നടുക്ക് കാണുന്ന റൂമാണ് എംഡി എന്ന ബോർഡ് വെച്ചിരിക്കുന്നത്. താൻ നേരത്തെ ആണെന്ന് തോന്നുന്നു. ആരും എത്തിയിട്ടില്ല. ചന്ദന വാച്ചിലേക്ക് നോക്കി. സമയം 8 .45. അവൾ എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെത്തന്നെ നിന്നു.
എല്ലാം കണ്ടുകൊണ്ട് ഇന്ദ്രൻ അവന്റെ ക്യാബിനിൽ ഇരിക്കുകയാണ്. അവളുടെ വേഷവും ഒതുക്കമുള്ള ശരീരവും.. വലിയ കണ്ണുകളും,നീണ്ടു വളഞ്ഞ തത്തമ്മ മൂക്കും, ചെത്തി പഴത്തിന്റെ കളറോട് കൂടിയ കുഞ്ഞ് ചുണ്ടുകളും.. വലതു കവിളിൽ ആടിയോട് ചേർന്ന് കറുത്ത പൊട്ടുപോലെയുള്ള കുഞ്ഞു മറുക് അവളുടെ ഭംഗിക്കൂട്ടി. കുറച്ചുമെലിഞ്ഞ ശരീരം ആണെങ്കിലും ഒറ്റ നോട്ടത്തിൽ ആരും മയങ്ങി നിന്നു പോകും.കവിളിൽ നിന്നും ചോര തുള്ളി കിനിയും പോലെയാണ്.കുഞ്ഞി മാലയും ,കാതിൽ പൊട്ടു പോലെയുള്ള കമ്മലും,കുഞ്ഞ് മൂക്കുത്തിയും അവളുടെ ഭംഗിക്കൂട്ടി. എല്ലാം നോക്കി കണ്ട് ഇരുന്നു ഇന്ദ്രൻ.ഫോൺ എടുത്ത് ആരെയോ വിളിച്ചു അവൻ.ഫോൺ വെച്ച് മുന്നിൽ ഇരുന്ന ലാപ് ഓൺ ആക്കി.അതിൽ എന്തോ ചെയ്തു.
ചിന്തിച്ചു നിൽക്കുന്ന ചന്ദനയുടെ അടുത്തേക്ക് ഓരാൾ വന്നു.
\"കുട്ടി അകത്തേക്ക് ചെല്ലൂ..സർ അകത്തുണ്ട്.\"
അയ്യാൾ ഡോർ തുറന്നു പിടിച്ചു കൊണ്ട് പറഞ്ഞു.
\"മേ ഐ കമ്മിൻ?\"
ചന്ദന ഔപചാരികതയോടെ ചോദിച്ചു.
\"എസ് കമിൻ.\"
ശബ്ദഗാംഭീര്യത്തോടെ ജിതേന്ദ്രൻ പറഞ്ഞു.
അവന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു.
ചന്ദന അകത്തേക്ക് കയറി.നേരെ കാണുന്ന മേശയുടെ അരികിൽ വെള്ള ഷർട്ട് ഇട്ട് ഇരിക്കുന്നു ജിതേന്ദ്രൻ.
അവളുടെ മുഖത്ത് വിരിയുന്ന ഭാവം എന്തെന്ന് അവന് മനസ്സിലായില്ല. വെറുപ്പ്..അതാണ് അവളുടെ മനസ്സിൽ തോന്നിയത്.വില പേശി വാങ്ങിയ അറവ് മാടിന്റെ അവസ്ഥയാണ് തനിക്ക് ഇപ്പോ ഉള്ളത്.
\"ടേക്ക് യുവർ സീറ്റ്.\"
ജിതേന്ദ്രൻ മുന്നിൽ കിടന്ന കസേര ചൂണ്ട് പറഞ്ഞു.
\"വേണ്ട സാർ ഞാൻ ഇവിടെ നിന്നോളാം.\"
ചന്ദന പറഞ്ഞു.
\"ഓക്കേ താൻ നിൽക്കുമ്പോൾ ഞാൻ ഇരുന്നു സംസാരിക്കുന്നത് ശരിയല്ലല്ലോ?\"
അയ്യാൾ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ചന്ദന പറഞ്ഞു.
\"സർ ഇരിക്കൂ ഞാൻ ഇവിടെ ഇരിക്കാം.\"
ചന്ദന വേഗം പറഞ്ഞു.
\"ഓകെ.\"
ഇന്ദ്രൻ ഇരുന്നു .നേരെ മുന്നിൽ അവളും.
\"സീ ചന്ദന..എന്റെ പേഴ്സണൽ അസിസ്റ്റൻറ് എന്ന സ്ഥാനത്തേക്കാണ് തന്റെ സെലക്ഷൻ. അതികൊണ്ട് ഞാൻ എന്ത് പറഞ്ഞാലും താൻ അനുസരിക്കണം.\"
ചന്ദന കത്തുന്ന ഒരു നോട്ടം നോക്കി ഇന്ദ്രനെ.
\"സോറി സർ.. സാറിൻറെ പേഴ്സണൽ അസിസ്റ്റൻറ് എന്ന നിലയിൽ ഈ കമ്പനിയുടെ എല്ലാ കാര്യങ്ങളും സാർ പറയുന്ന തരത്തിൽ ചെയ്തു തരാൻ ഞാൻ ബാധ്യസ്ഥയാണ്. അത് തികച്ചും ഓഫീസ് സംബന്ധമായ കാര്യങ്ങൾ മാത്രം. എന്റെ പേഴ്സണൽ കാര്യങ്ങളിൽ സർ തലയിടാൻ വരരുത്. സാറിന്റെ പേഴ്സണൽ കാര്യങ്ങൾ എനിക്കറിയുകയും വേണ്ട. ഈ കമ്പനിയിലെ സ്റ്റാഫ് എന്ന ഒരു പരിഗണന മാത്രമേ എനിക്ക് വേണ്ടൂ.. അതിൽ കൂടുതൽ ഒന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല.\"
അവളുടെ കണ്ണുകളിൽ പകയുടെ തീ ആളി കത്തും പോലെ തോന്നി അവന്.
ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ അവനിരുന്നു.
താൻ വിചാരിച്ചതിനേക്കാൾ ഒരുപാട് ഉയരത്തിലാണ് ചന്ദനയുടെ സ്ഥാനം. ഇവളാണ് ശരിക്കും പെണ്ണ്. കണ്ണുകളിൽ അഗ്നി എരിയുന്ന പെണ്ണ്.
\"ഓകെ..തന്റെ മാനസിക അവസ്ഥ എനിക്ക് മനസ്സിലായി. എന്നാലും ഒരു ദിവസം താൻ എന്നെ തിരിച്ചറിയും.. അന്ന് താൻ എന്നെ തേടി വരും.. ഞാൻ വിശ്വസിക്കുന്നു. ഈ കമ്പനിയിൽ കുറച്ച് റൂൾസ് ആൻഡ് റെഗുലേഷൻസ് ഉണ്ട്. അതിന്റെ കാര്യങ്ങളെല്ലാം സ്റ്റാഫ് തനിക്ക് വിശദമാക്കി തരും. ഇവിടെനിന്ന് നേരെ കാണുന്ന ഫസ്റ്റ് കാബിനാണ് തന്റെ. സൈൻ ചെയ്തോളൂ.\"
ഇന്ദ്രൻ നീട്ടിയ ഒരു ഫയൽ ഒന്ന് വായിച്ചു പോലും നോക്കാതെ ചന്ദന സൈൻ ചെയ്തു. എത്രയും വേഗം അവിടെ നിന്നും ഓടി രക്ഷപ്പെട്ടാൽ മതിയായിരുന്നു അവൾക്ക്.അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..
\"ഓകെ ചന്ദന.. ഓൾ ദ ബെസ്റ്റ്.\"
\"താങ്ക്യൂ സർ.\"
ചന്ദന തിരിഞ്ഞു നടന്നു.
ഡോർ തുറന്നു പുറത്തു കടന്നപ്പോൾ, അതുവരെ നിശ്ചലമായി കിടന്നിരുന്ന ടേബിളുകൾ എല്ലാം പ്രവർത്തനം ആയി. എല്ലാത്തിലും ഇരുന്ന് അവരുടെതായ ജോലികൾ ചെയ്യുന്നു.. ഒരു സംസാരം പോലുമില്ല വളരെ അച്ചടക്കത്തോടെ.. ചന്ദന സീറ്റ് മാത്രം ഒഴിഞ്ഞുകിടന്നു. അവൾ അവളുടെ ക്യാബിനിലേക്ക് നടന്നു.
കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ട് അവൾ അവളുടെ സീറ്റിൽ ഇരുന്നു. ലാപ്ടോപ്പ് ഓണാക്കി വെച്ചിരുന്നു ടേബിളിൽ. അതിൽ വർമ്മഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന പരസ്യമാണ് കിടക്കുന്നത്. തന്റെ പേര് വെച്ച് നെയിം ബോർഡ്, പേഴ്സണൽ അസിസ്റ്റൻറ് ചന്ദന. ആ ബോർഡ് കണ്ടപ്പോൾ അവളുടെ ഉള്ളിൽ നിരാശ തോന്നി.ഒരിക്കലും താൻ ആഗ്രഹിക്കാത്ത ഒരാളുടെ പേഴ്സണൽ അസിസ്റ്റൻറ് ആകാൻ വിധി .. ഈശ്വരാ വല്ലാത്തൊരു പരീക്ഷണമായി പോയി.
അവള് ലാപ് ഓൺ ആക്കി. ആ കമ്പനിയുടെ എല്ലാ ഡീറ്റെയിൽസും ഉണ്ടായിരുന്നു അതിൽ.താൻ എന്താണ് ചെയ്യേണ്ടത് എന്ന് മാത്രം അവൾക്ക് മനസ്സിലായില്ല.
തന്റെ കാബിനിൽ ഇരുന്ന് ഇന്ദ്രൻ അവളെ നോക്കി ഇരുന്നു.അവളിലേക്ക് തനിക്ക് എളുപ്പം കടന്നു കയറാൻ കഴിയില്ല എന്ന സത്യം അവൻ തിരിച്ചറിയുകയായിരുന്നു.
ദിയ യെ വിളിച്ച് ചന്ദനയ്ക്ക് അവിടുത്തെ കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ പറഞ്ഞു ഇന്ദ്രൻ.
\"ഹായ്.. ചന്ദന ആര്‍ യു ഹാപ്പി?\"
ചിരിച്ചുകൊണ്ട് ദിയ അവളുടെ അടുത്തേക്ക് വന്നു.
വിളറിയ ഒരു ചിരി ചിരിച്ചു ചന്ദന.
\"നിനക്ക് എല്ലാം അറിയാമായിരുന്നിട്ടും..നീ..\"
അവളുടെ വാക്കുകളിൽ വേദനയുണ്ടായിരുന്നു.
\"ചന്ദന നമ്മൾ കരുതും പോലെ ഒന്നുമല്ല കാര്യങ്ങൾ. അതെല്ലാം നിനക്ക് വഴിയേ മനസിലാകും. നീയൊന്ന് റസ്റ്റ് റൂമിലേക്ക് വാ.. ഇവിടെ യൂണിഫോം ഉണ്ട്. അളവ് എടുക്കാൻ ചേച്ചി വന്നിട്ടുണ്ട്.\"
ദിയ പറഞ്ഞു. ചന്ദന എഴുന്നേറ്റ് അവളുടെ
പിന്നാലെ നടന്നു.ലിഫ്റ്റിൽ താഴേക്ക് ഇറങ്ങി അവർ.റെസ്റ്റ് റൂമിൽ പോയി.അവിടെ ഒരു ചേച്ചി ഇരിക്കുന്നുണ്ടായിരുന്നു.അവളെ കണ്ട് ഹൃദ്യമായി അവർ ചിരിച്ചു. അളവ് എടുക്കാൻ തുടങ്ങി.മൂന്ന് ദിവസം സാരിയും,മൂന്ന് ദിവസം ചുരിദാറും. പിറന്നാൾ ദിവസം ഇഷ്ടമുള്ള ഡ്രസ്സ് ഇടാം. അതാണ് നിയമം. പല സ്ഥലങ്ങളായി വ്യാപിച്ചുകിടക്കുന്ന വർമ്മ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനത്തിൻറെ എല്ലാ കാര്യങ്ങളും നടക്കുന്നത് ഇവിടെവെച്ച് ആണെന്ന് ചന്ദനയ്ക്ക് മനസ്സിലായി. എക്സ്പോർട്ട് ഉൾപ്പെടെ എല്ലാ കാര്യങ്ങളും. ഇന്ദ്രന്റെ ടേബിളിൽ എത്തുന്ന ഫയലുകൾ അതിനു മുമ്പ് ക്രോസ് ചെക്ക് ചെയ്യുകയാണ് തന്റെ ജോലി എന്ന് ദിയ പറഞ്ഞു കൊടുത്തതിൽ നിന്ന് അവൾക്ക് മനസ്സിലായി..ഒരു ദിവസം ഒരുപാട് തവണ അയാളുമായി കൂടിക്കാഴ്ച നടത്തേണ്ടിവരും..ചന്ദന പ്രാർത്ഥിച്ചു കൊണ്ട് തന്റെ ജോലി തുടങ്ങി.ജോലിയിൽ മുഴുകി ഇരിക്കുന്ന അവളിലേക്ക് പലപ്പോഴും ഇന്ദ്രന്റെ നോട്ടം എത്തി..പലപ്പോഴും കണ്ണെടുക്കാതെ അവളെ നോക്കിയിരുന്നു പോയി അവൻ..തന്റെ മനസ്സിനെ ആദ്യത്തെ കാഴ്ചയിൽ തന്നെ കീഴടക്കിയവളെ...ജോലി തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ തന്നെ ഇന്ദ്രന്റെ ടേബിൾ സൈൻ ചെയ്യാനുള്ള ഫയലുകൾ നിറഞ്ഞു.അവള് വിശദമായി തന്നെ എല്ലാ ഫയലുകളും വിശദീകരിച്ചു കൊടുത്തുകൊണ്ട് അവന്റെ അടുത്ത് നിന്നു.ഉച്ചയ്ക്ക് മുമ്പ് പോകേണ്ട കളക്ഷൻ എല്ലാം 12 മണിക്ക് മുൻപ് തന്നെ ചന്ദന ക്ലിയർ ആക്കി. ജോലിയിലുള്ള അവളുടെ ആത്മാർത്ഥത ഇഷ്ടമായി ഇന്ദ്രന്.( തുടരും)