സുധി മനഃപൂർവം ഒഴിഞ്ഞു മാറിയതായിരുന്നു. അവളെ കാണുമ്പോൾ കുറ്റബോധം വേട്ടയാടി അവനെ.മറച്ചു പിടിച്ച സത്യങ്ങൾ മറനീക്കി പുറത്ത് വരാൻ ഇനി അധിക സമയമില്ല. തന്റെ മനസ്സിൽ അവളോട് പ്രണയമായിരുന്നു എന്നറിഞ്ഞാൽ,..ഓർക്കുമ്പോൾ തന്നെ അവന് ഭയം തോന്നി.അവളുടെ സൗഹൃദം എന്നെന്നേക്കുമായി നഷ്ടപ്പെടും.ജോലി വേണ്ടെന്നു അവള് വെച്ചാലും ഇന്ദ്രൻ അവളെ തേടി വരിക തന്നെ ചെയ്യും.അവന്റെ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങി കൊണ്ടിരിക്കുന്നു.
\"മോളേ..നീ വീട്ടിലേക്ക് ചെല്ല്.ചേച്ചി സുനിതേച്ചിയെ കണ്ടിട്ട് വന്നോളാം. ജോലി കിട്ടിയ കാര്യം പറയുകയും വേണം.ചേച്ചി വരാം.മോന് മിട്ടായി വാങ്ങി വേണം പോകാൻ.\"ചന്ദന ചിരിച്ചു കൊണ്ട് അവളെ നോക്കി.
\"ശരി ചേച്ചി .\"
നന്ദന പറഞ്ഞു കൊണ്ട് നടന്നു പോകുന്നത് നോക്കി ചന്ദന നിന്നു.അവള് വീട്ടിലേക്കുള്ള വഴി തിരിഞ്ഞപ്പോൾ,ചന്ദന കടയിലേക്ക് കയറി. മോന് ഇഷ്ട്ടമുള്ള മിട്ടായി വാങ്ങി.ബാഗിൽ വെച്ചു.സുധിയുടെ വീട്ടിലേക്ക് നടന്നു.നടക്കുമ്പോഴും അവളുടെ മനസ്സിൽ സുധി കാണാതെ പോയതാണോ? അതോ കണ്ടിട്ടും .....അതാകില്ല കണ്ട് കാണില്ല.
അവള് മുറ്റത്തേക്ക് കയറി..കളിച്ചു കൊണ്ടിരുന്ന കണ്ണൻ ഓടി വന്നു കയ്യിൽ പിടിച്ചു.
\"ഇന്ന് മിട്ടായി ഉണ്ടോ..?\"
അവന്റെ കണ്ണുകളിൽ ആകാംക്ഷ നിറഞ്ഞു.
\"ഇല്ലല്ലോ..കണ്ണാ..\"
ചന്ദന ചിരിച്ചു.
മോന്റെ മുഖം വാടിയത് കണ്ട് അവൾ അവനെ വാരിയെടുത്തു ഉമ്മ വെച്ച്,ഒരു കൈ കൊണ്ട് ബാഗിൽ നിന്നും മുട്ടായി പൊതി എടുത്തു കൊണ്ട് അവന് നേരെ നീട്ടി.
അവന്റെ കുഞ്ഞി മുഖം സന്തോഷം കൊണ്ട് വിടർന്നു.അവന്റെ കയ്യിൽ പൊതി കൊടുത്തിട്ട് അവള് താഴെ ഇറക്കി.
\"അമ്മേ..... ചന്തു ചേച്ചി മിട്ടായി തന്നു...\"
എന്നും പറഞ്ഞു കൊണ്ട് അകത്തേക്ക് ഓടി.
\"ചന്തു...എന്താ അവിടെ നിന്നത്? വാ..\"
സുനിത ചിരിച്ചു കൊണ്ട് ഉമ്മറത്തേക്ക് വന്നു.
\"സുധി ഇവിടെ ഉണ്ടോ?\"
\"ഇല്ല ചന്തു അവൻ ആരെയോ കാണാൻ വേണ്ടി പോയതാ..പാസ്പോർട്ട് എടുക്കണം. ഏതോ കൂട്ടുകാരൻ ഗൾഫിൽ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞു വിളിച്ചിരുന്നു. അതിന്റെ ആവശ്യത്തിനു പോയതാ.\"
സുനിത പറഞ്ഞു.
\"ഗൾഫിലേക്ക് അവനോ?എന്തുതന്നെയായാലും ഗൾഫിൽ പോകില്ല ജോലിക്ക് എന്ന് പറഞ്ഞിട്ട്? ഇപ്പോൾ എന്താ ഇങ്ങനെയൊരു മനം മാറ്റം.\"
ചന്ദന ആലോചനയോടെ ചോദിച്ചു.
\"പിഎസ്സി എഴുതി കിട്ടും എന്ന് പ്രതീക്ഷയായിരുന്നു ഇതുവരെ. അതൊന്നും ശരിയാകുന്നില്ല. ഒരു ജോലി ഇല്ലാതെ എങ്ങനെയാ.. അമ്മയ്ക്കും പണിക്ക് പോകാൻ വയ്യാതെ ആയില്ലേ..? ഇപ്പോൾ എൻറെ വരുമാനവും. ട്യൂഷൻ സെൻററിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് അന്നത്തെ കാര്യങ്ങളെല്ലാം നടന്നു പോകുന്നു. എൻറെ കാശ് മോന് ചികിത്സയ്ക്ക് തന്നെ വേണം. ഓരോ ദിവസം ചെല്ലുമ്പോൾ ചിലവ് കൂടുകയല്ലേ.. അവനും ഒരു ജീവിതം ഒക്കെ വേണ്ടേ..\"
സുനിത നെടുവീർപ്പോടെ പറഞ്ഞു.
\"അത് ശരിയാണ്... ഗവൺമെൻറ് ജോലി എല്ലാവരുടെയും സ്വപ്നമായി മാത്രം അവശേഷിക്കുകയാണ്. ഭാഗ്യമുണ്ടെങ്കിൽ മാത്രം കിട്ടും. ഒരുമാതിരി ലോട്ടറി എടുത്ത പോലെ.\"
ചന്ദന ചിരിയോടെ പറഞ്ഞു.
\"നീ അവനെ കാണാൻ വന്നതാണോ എന്തെങ്കിലും അത്യാവശ്യം ഉണ്ടോ.?\"
സുനിത ചോദിച്ചു.
\"ഇല്ല ഞാനൊരു കാര്യം പറയാൻ വന്നതാ.. ഇന്നലെ ഞാൻ ഇവിടെ നിന്ന് ചെല്ലുമ്പോഴേക്കും.. ഇന്ദ്രന്റെ മാനേജർ അപ്പോയിൻമെന്റ് ലെറ്ററുമായി വീട്ടിലെത്തിയിരുന്നു. മാസം 50,000 രൂപയാണ് സാലറി.. വീട്ടിൽ എല്ലാവരുടെയും മുഖം തെളിഞ്ഞിരിക്കുകയാണ്.. അയാൾ എനിക്ക് ഒരു കുടുക്കിട്ടതാണ്.. വീട്ടുകാരെ കയ്യിലെടുത്തു.. അവരുടെ നിർബന്ധം കാരണം ഞാൻ ജോലിക്ക് ചെല്ലുമല്ലോ? തന്നെയുമല്ല അവർക്ക് കാര്യങ്ങൾ ഒന്നും അറിയുകയുമില്ല.. നുണ പറയാൻ പറ്റാത്ത അവസ്ഥയാണ്.. എന്തായാലും ഞാൻ ജോലിക്ക് പോകാൻ തീരുമാനിച്ചു. ഇപ്പോൾ ഒരു ജോലി അത്യാവശ്യമാണ്.. കിച്ചുമോന്റെ പഠിപ്പ്, നന്ദനയുടെ പ്ലസ് ടു കഴിഞ്ഞാൽ വലിയൊരു തുക വേണ്ടിവരും. അവളെ ഒരു ഡോക്ടറാക്കണമെന്നാണ് എന്റെ ആഗ്രഹം. അവളുടെയും അത് തന്നെയാണ്. പഠിക്കാനും മിടുക്കിയാണ്.. എന്തും വരട്ടെ.. ഈ വെല്ലുവിളി ഏറ്റെടുക്കാൻ തന്നെയാണ് എന്റെ തീരുമാനം.\"
ചന്ദന പറഞ്ഞു നിർത്തി.
\"നന്നായി ചന്തു.അവൻ എങ്ങനെയുള്ളവനായിക്കോട്ടെ.. നമ്മൾ നമ്മളായി നിന്നാൽ മതി. ഇത്രയും ശമ്പളമുള്ള ജോലി വേറെ എവിടെ കിട്ടാനാണ്.നീ ധൈര്യമായി ഇരിക്ക്.\"
സുനിത പറഞ്ഞു.
\"ഞാൻ പോട്ടെ അമ്മമ്മയുടെ വീട് വരെ പോയതാ.. നന്ദനയും കൂടി ഉണ്ടായിരുന്നു അവളെ വീട്ടിലേക്ക് വിട്ടിട്ടാണ് ഞാൻ കയറിയത്. പറയൂ തിങ്കളാഴ്ച മുതൽ ജോലിക്ക് പോകും. ഇടയ്ക്ക് ഞാൻ അവനെ കണ്ടോളാം.\"
ചന്ദന യാത്ര പറഞ്ഞിറങ്ങി.
ചന്ദന വരുമ്പോൾ,പോയ വിശേഷം പറയുകയാണ് നന്ദന ഉമ്മറത്ത് ഇരിപ്പുണ്ട്.അമ്മയും അച്ഛനും.അവളുടെ സംസാരം കേട്ടിട്ട്. ചന്ദനയും അവരോടൊപ്പം കൂടി. വിശേഷമൊക്കെ പറഞ്ഞിരുന്നു നേരം സന്ധ്യയായി..അന്നത്തെ പകലും തിരി താഴ്ത്തി..ഓരോ ദിവസവും കടന്നു പോയി.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇന്ദ്രൻ കാലത്ത് നേരത്തെ എഴുന്നേറ്റു.ജോഗിങ് കഴിഞ്ഞ് തിരിച്ച് വരുമ്പോൾ, പൂർണിമ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഉണ്ടായിരുന്നു.
\"ഏട്ടൻ ഇന്ന് നേരത്തെ ആണല്ലോ?\"
പൂർണി അവനെ നോക്കി.
ഇന്ദ്രന്റെ താഴെയുള്ള പെങ്ങൾ ആണ്. എംബിബിഎസിന് പഠിക്കുന്നു. ഒരാഴ്ച ലീവ് ആണ്. കോളേജിൽ എന്തോ സമരം നടക്കുന്നു..
\"ഇന്ന് ഓഫീസിൽ കുറച്ച് നേരത്തെ പോകണം മോളെ.. ഏട്ടന്റെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള ദിവസമാണ് ഇന്ന്..\"
അവൻ പറയുന്നത് കേട്ട് അകത്തു നിന്നും അമ്മ ഇറങ്ങി വന്നു.
\"അതെന്താ ചേട്ടാ ഞങ്ങൾ അറിയാത്ത ഒരു പ്രാധാന്യം..?\"
പൂർണി സംശയത്തോടെ അമ്മയെനോക്കി.
\"അതൊന്നും ഇപ്പോൾ ചോദിക്കല്ലേ .. ഏട്ടൻ പോയി വന്നിട്ട് വിശദമായി പറയാം. ആദ്യം ഉദ്ദേശിച്ച പോലെ നടക്കുമോ എന്ന് അറിയട്ടെ.. അമ്മേ ഞാൻ ഫ്രഷായി വരാം ബ്രേക്ക്ഫാസ്റ്റ് എടുത്തു വെച്ചോ\"
പറഞ്ഞുകൊണ്ട് ഇന്ദ്രൻ സ്റ്റെപ്പ് കയറി മുകളിലേക്ക് പോയി. പതിവില്ലാത്ത വിധം സന്തോഷത്തിലായിരുന്നു അവൻ. ചന്ദന ജോലിക്ക് വരും എന്ന് അവൻ ഉറപ്പായിരുന്നു.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇതേ സമയം,
അമ്പലത്തിൽ തൊഴുതു നിൽക്കുകയായിരുന്നു ചന്ദന. തന്റെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യത്തിന് ഭഗവാൻറെ അനുഗ്രഹം തേടി കൊണ്ട്.
\"ഭഗവാനേ... എല്ലാം അറിയുന്നവനാണല്ലോ.. അവിടുന്ന് അറിയാതെ ഒന്നും സംഭവിക്കില്ലെന്ന് അറിയാം.അയാളുടെ ലക്ഷ്യം എന്തെന്ന് എനിക്കറിയില്ല ഭഗവാനെ.. എന്തായാലും നീ തന്നെ തുണ.\"
തൊഴുതു പ്രാർത്ഥിച്ചു ചന്ദന .പ്രസാദം വാങ്ങി,നെറ്റിയിൽ ചാർത്തി.പടി മേൽ കാണിക്ക വെച്ച് ഒന്നുകൂടി തൊഴുതു കൊണ്ട് പുറത്തേക്കു നടന്നു. അവളുടെ കണ്ണുകൾ സുധിയെ തിരഞ്ഞു പതിവായി കാണുന്ന ആൽത്തറയിലും അവനില്ലായിരുന്നു. ചന്ദന വീട്ടിലേക്ക് നടന്നു.
തിരികെ എത്തി അമ്മയെ സഹായിച്ചു. എട്ടുമണിക്ക് വീട്ടിൽ നിന്നും ഇറങ്ങണം. എന്നാലേ കൃത്യസമയത്ത് അവിടെ എത്തൂ..ചന്ദന ഡ്രസ്സ് മാറി.ചന്ദന കളർ ടോപ്പും,മെറൂൺ കളർ ബോട്ടവും അതേ കളർ ദുപട്ടയും.നെറ്റിയിൽ പുരികങ്ങൾക്കിടയിൽ ഒരു കുഞ്ഞു പൊട്ടും അമ്പലത്തിലെ ചന്ദനവും. കണ്ണിൽ കരിമഷിയും എഴുതി ഒരുക്കം പൂർത്തിയാക്കിയ അവൾ ഇറങ്ങി.
അച്ഛനോട് അമ്മയുടെ യാത്ര പറഞ്ഞു..അനുഗ്രഹം വാങ്ങുമ്പോൾ അച്ഛന്റെ മിഴികൾ നിറഞ്ഞിരുന്നു. അച്ഛൻറെ കവിളിൽ ഒരു ഉമ്മ കൊടുത്തു അവള്..ഇറങ്ങി. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴും അവളുടെ മനസ്സിൽ ഇന്ദ്രന്റെ മുഖമായിരുന്നു. ഒരിക്കലും താൻ കാണാൻ ആഗ്രഹിക്കുന്നില്ല എന്ന് കരുതിയ മുഖം എന്നും കാണേണ്ടി വരും എന്ന് ഓർത്തപ്പോൾ തന്നെ ദേഷ്യം വന്നു അവൾക്ക് .ബസ്സിൽ കയറി സ്റ്റാൻഡിൽ ഇറങ്ങി,വർമ്മ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന ബോർഡ് കണ്ടപ്പോൾ അവളുടെ ഉള്ളിൽ അമർഷം നിറഞ്ഞു .( തുടരും)