Aksharathalukal

സീതാലക്ഷ്മി തിരക്കിലാണ് - തുടർക്കഥ( ഭാഗം-5)



 മേനോൻ സാറിനോടൊപ്പം, വീടിനോട് ചേർന്നുള്ള അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലേക്ക് നടക്കുമ്പോൾ സീതയുടെ നെഞ്ചിടിപ്പ് വർദ്ധിക്കാൻ തുടങ്ങിയിരുന്നു.

 അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കുമ്പോൾ  ഗൗരവ ഭാവമാണ് .
 സംസാരത്തിനിടയിൽ തന്നെ പുഞ്ചിരിച്ചു കാണുന്നത് വല്ലപ്പോഴുമായിരുന്നു.

 ബംഗ്ലാവിനു മുന്നിൽ നിന്നുള്ള, അമ്മയുടെ സംസാരത്തിൽ തന്നെ തനിക്ക് അത് മനസ്സിലായി.

 വളരെ ശബ്ദം കുറച്ചും ബഹുമാനത്തോടും കൂടിയാണ് അമ്മ, അദ്ദേഹത്തോട് സംസാരിച്ചിരുന്നത്.

 ഓഫീസ് മുറിയുടെ വാതിൽ തുറന്ന് അദ്ദേഹത്തോടൊപ്പം, സീതയും അകത്തേക്ക് കയറി.

 അദ്ദേഹം തന്റെ ചെയറിൽ ഇരുന്നതിനു ശേഷം സീതയോട്, അവിടെ കിടന്നിരുന്ന കസേരയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു.

 സീത കസേരയിൽ ഇരുന്നതിന്  ശേഷം തന്റെ കയ്യിലിരുന്ന ഫയൽ അദ്ദേഹത്തിന് നേരെ നീട്ടി.

 മേനോൻ അത് വാങ്ങിച്ച്, ഫയലിൽ നിന്ന് സർട്ടിഫിക്കറ്റുകൾ എടുത്ത് അതിലൂടെ കണ്ണോടിച്ചു.

" ആദ്യമായിട്ടാണ് ഒരു ജോലിക്ക് ശ്രമിക്കുന്നത് അല്ലേ..... "

" അതേ സാർ.... "

 മേനോന്റെ  ഗൗരവം നിറഞ്ഞ വാക്കുകൾക്ക് മറുപടി പോലെ സീത തലയാട്ടിക്കൊണ്ട് പറഞ്ഞു.

 മേനോൻ സർട്ടിഫിക്കറ്റുകൾ എല്ലാം ഫയലിനുള്ളിൽ ആക്കിയതിനു ശേഷം അത് സീതയുടെ നേരെ നീട്ടി.

 അദ്ദേഹത്തിന്റെ മറുപടി എന്താണെന്നറിയാനുള്ള തിടുക്കം സീതയിൽ ഉണ്ടായിരുന്നു.

 വലിയ പ്രതീക്ഷയോടെയാണ് താൻ ഇവിടെ  വന്നിരിക്കുന്നത്..... അതിലേറെ ഒരു ജോലി എന്നുള്ളത് തന്റെ സ്വപ്നം തന്നെയാണ്....

 സീത ഓരോന്ന് ആലോചിക്കുന്നതിനിടെ മേനോന്റെ ചുണ്ടുകൾ ചലിക്കാൻ തുടങ്ങിയിരുന്നു.

" ഞാൻ ഉദ്ദേശിക്കുന്നത് സീതയ്ക്ക് ഈ ഓഫീസിൽ ഇവിടെ ഒരു ജോലിയാണ്.... ശരിക്കും പറഞ്ഞാൽ ഞാൻ ഇവിടെ വെച്ച് കക്ഷികളെ ഒന്നും കാണാറില്ല... അതിനുവേണ്ടി പട്ടണത്തിൽ തന്നെ ഒരു ഓഫീസ് ഉണ്ട്... പുതിയ കേസുകളുടെ ഫയലും, വാദം പൂർത്തിയായ കേസുകളുടെ ഫയലും സൂക്ഷിക്കുന്നത് ഇവിടെയാണ്... അതെല്ലാം ഒന്ന് ഓർഡർ ആക്കി, പിറ്റേദിവസം കോടതിയിലേക്ക് പോകുന്നതിനു മുന്നേ, രാവിലെ തന്നെ എന്നെ ഏൽപ്പിക്കുക എന്നുള്ളതാണ് സീതയുടെ ജോലി..... അത് ചെയ്യാൻ സീതയ്ക്ക് താല്പര്യമുണ്ടെങ്കിൽ പറയാം..... "

 സീതയ്ക്ക് മറ്റൊന്നും ആലോചിക്കേണ്ടിയിരുന്നില്ല.
 അവൾ സമ്മതമാണെന്ന ഭാവത്തിൽ തലയാട്ടി.

" ഞാൻ ആദ്യമേ തന്നെ മുഖവുര പോലെ ഇതെല്ലാം പറഞ്ഞത് എന്താണെന്ന് വെച്ചാൽ, ജോലി തേടി വരുന്ന  പുതിയ ആളുകൾക്ക് നേരെ പോകേണ്ടത് കോടതിയിലേക്ക് ആണ്... വക്കിൽ കുപ്പായം തോളത്ത് ഇട്ടാൽ വാദം തുടങ്ങാം എന്നാണ് ചിലരുടെ ഭാവം... എല്ലാറ്റിനും ഒരു സമയമുണ്ട്... അത് ചിന്തിക്കാൻ പുതിയ തലമുറയ്ക്ക് സമയമില്ല... "

 മേനോന്റെ വാക്കുകൾ ശ്രദ്ധയോടെയാണ് സീത കേട്ടിരുന്നത്.

" എനിക്ക് മനസ്സിലാവുന്നുണ്ട് സാർ.... "

" ഈ ഓഫീസ് ആകുമ്പോൾ തനിക്ക് എല്ലാം ഒന്ന് നോക്കി കണ്ടു പഠിക്കാൻ സമയം കിട്ടും... അതിനുശേഷം നമുക്ക് അങ്ങോട്ട് മാറാം.... "

" ശരി സാർ.... "

 മേനോൻ  ചെയറിൽ നിന്ന് എഴുന്നേറ്റു.

" താനിവിടെ ഇരിക്ക്... ഞാനിപ്പോൾ വരാം.. "

 ഇതു പറഞ്ഞിട്ട് മേനോൻ പുറത്തേക്ക് നടന്നു.

 സീത ഓഫീസിന്റെ ചുറ്റുപാടും ഒന്ന് ക ണ്ണോടിച്ചു..

 അലമാരയിൽ നിറയെ പുസ്തകങ്ങളാണ്.
 ഒരു വശത്തെ  അലമാരയിൽ മുഴുവൻ ഫയലുകൾ  കൊണ്ട് നിറഞ്ഞിരിക്കുന്നു.
 സീത കസേരയിൽ നിന്ന് എഴുന്നേറ്റ് അതിനു മുന്നിലൂടെ നടന്നു.
 അലമാരി തുറന്ന് അതിൽ നിന്ന് ഒരു  ഫയൽ എടുത്ത് കണ്ണോടിച്ചു.

 മേനോൻ ബംഗ്ലാവിനകത്തേക്ക് ചെല്ലുമ്പോൾ, മുൻവശത്ത് ആരെയും കണ്ടില്ല.

" സാവിത്രി..... "

 ചുറ്റുപാടും നോക്കിക്കൊണ്ട് മേനോൻ വിളിച്ചു.

 ഈ സമയം അകത്തുനിന്ന് അദ്ദേഹത്തിന്റെ ഭാര്യ കടന്നുവന്നു.

 അവർ മുന്നിലേക്ക് വന്നതും, അപ്പോഴാണ് നൈറ്റിയിലെ മുറിപ്പാട് മേനോൻ കണ്ടത്.

" ഇന്നും  കിട്ടി അല്ലേ..... "

 മേനോൻ ശബ്‌ദം കുറച്ചു കൊണ്ട് ചോദിച്ചു.

"സാരമില്ല.... എല്ലാം വിധിയാണെന്ന് വെച്ച് സമാധാനിക്കാം....."

 സാവിത്രി ഇത് പറയുമ്പോൾ ആ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു.

" മക്കളിൽ ഏറ്റവും സ്നേഹമുള്ളവൻ.... ആ കൈകൾ കൊണ്ട് തന്നെ നോവ് അറിയേണ്ടി വരുമ്പോൾ   മനസ്സിന് വല്ലാത്തൊരു ഭാരം തോന്നുന്നെടോ...... അത് വാക്കുകൊണ്ട് ആയാലും പ്രവർത്തികൊണ്ടായാലും..... "

 ആ നെറ്റിത്തടത്തിലൂടെ കയ്യോടിച്ചുകൊണ്ട് മേനോൻ പറഞ്ഞു.

" ഞാൻ അവനെ ഒന്ന് കണ്ടിട്ട് വരാം.... "

 ഇതു പറഞ്ഞിട്ട് മേനോൻ മുകളിലത്തെ മുറിയിലേക്കുള്ള നടകൾ കയറി.

 മുറിക്കകത്ത് എത്തുമ്പോൾ, അനന്തൻ ഒരുവശം ചരിഞ്ഞു കട്ടിലിൽ കിടക്കുകയായിരുന്നു.

" അനന്താ..... "

 ആ വിളി കേട്ടതും ഒരു ഞെരുക്കത്തോടെ, അയാൾ പുറം തിരിഞ്ഞു.

 താടിയും മുടിയും നീട്ടി വളർത്തി, വിഷാദം  നിറഞ്ഞ ആ മുഖത്തേക്ക്  മേനോൻ നോക്കി.

 അതിനുശേഷം അദ്ദേഹം കട്ടിലിൽ ഇരുന്നു.
 സാവധാനം ആ കൈകൾ എടുത്ത് തലോടി.

" നീ എന്താടാ ഇങ്ങനെ ആയിപ്പോയത്... നിന്നെ ഞങ്ങൾ ഏറെ സ്നേഹിച്ചിരുന്നതല്ലേ... പിന്നെ എന്തിനാണ് നീ ഞങ്ങളിൽ നിന്ന് ഓടി അകലുന്നത്...... "

 ആ വാക്കുകളുടെ തീവ്രത അനന്തന് മനസ്സിലാവുന്നുണ്ടായിരുന്നു.
 കാരണം അതുപോലെയാണ് താൻ ജീവിച്ചതും.

" ഒന്നിനും എന്നെക്കൊണ്ട് കഴിയുന്നില്ല അച്ഛാ.... ഇങ്ങനെ ഒരു ഒറ്റക്കാലനായി മറ്റുള്ളവരുടെ മുമ്പിൽ ചെന്ന് നിൽക്കാൻ.... "

 അനന്തന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു.

" ആരു പറഞ്ഞടാ നീ ഒറ്റ കാലൻ ആണെന്ന്.... നിന്നെ താങ്ങി നിർത്താൻ ഈ അച്ഛനും അമ്മയും ഇല്ലേടാ..... "

 അനന്തന്റെ കൈകൾ തന്റെ ചുണ്ടോട് അടുപ്പിച്ചുകൊണ്ട് മേനോൻ പറഞ്ഞു.

 ആ കൈകളിൽ, അടർന്നുവീണുകൊണ്ടിരുന്ന ചൂടു കണ്ണുനീർ അരിച്ചുറങ്ങുന്നത് അനന്തൻ അറിയുന്നുണ്ടായിരുന്നു.

 ഈ സമയം സാവിത്രിയും ആ മുറിയിലേക്ക് കടന്നു വന്നിരുന്നു.

 കട്ടിലിൽ കിടന്നുകൊണ്ട് തന്നെ അമ്മയുടെ നെറ്റിയിലെ മുറിപാടിലേക്ക് അനന്തൻ നോക്കി.

 അതിനുശേഷം കൈകൾ നീട്ടി അമ്മയെ വിളിച്ചു.

 സാവിത്രിയും, മേനോന് അരികിലായി കട്ടിലിരുന്നു.

" അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ ചെയ്തു പോയതാണ്... അമ്മ എന്നോട് ക്ഷമിക്കണം."

 അനന്തന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ മുത്തുകൾ അടർന്ന്  വീണു.

 സാവിത്രി അത് തുടച്ചിട്ട് മകനെ ആശ്വസിപ്പിച്ചു.

" നീ എന്തിനാണ് കരയുന്നത്..... നിന്നെ ആരൊക്കെ ഉപേക്ഷിച്ചാലും ഈ അച്ഛനും അമ്മയ്ക്കും ഉപേക്ഷിക്കാൻ പറ്റുമോ.... നിന്നെ ആ പഴയ മകനായിട്ട് ഞങ്ങൾക്ക് തിരിച്ചു കിട്ടണം.... "

 അനന്തന്റെ നെറ്റിത്തടത്തിലൂടെ കൈകൾ ഓടിച്ചു കൊണ്ട് സാവിത്രി പറഞ്ഞു.

  സാവിത്രിയും, മേനോനും കുറച്ചുനേരം സംസാരിച്ചുകൊണ്ട് മകനരികിൽ ഇരുന്നു.

 അവനോട് യാത്ര പറഞ്ഞ് താഴേക്ക് ഇറങ്ങുമ്പോൾ, മനസ്സിൽ നിന്ന് വല്ലാത്തൊരു ഭാരം ഇറക്കി വെച്ചതുപോലെയായിരുന്നു സാവിത്രിക്ക്.... അച്ഛന്റെ ആശ്വാസവാക്കുകൾ അവന്റെ മനസ്സിനെ തെല്ലൊന്ന് ശാന്തമാക്കിയിട്ടുണ്ടെന്ന് സാവിത്രിക്ക്  തോന്നി.

" ആ കുട്ടി എന്തിയേ.... "

 നടകളിറങ്ങുന്നതിനിടെ സാവിത്രി ചോദിച്ചു.

" അവൾ ഓഫീസിൽ ഇരിക്കുന്നുണ്ട്..... "-മേനോൻ പറഞ്ഞു.

" അവളുടെ ജോലിക്കാര്യം ശരിയായോ...? "

 സാവിത്രിയുടെ ചോദ്യം കേട്ടതും മേനോൻ ആ മുഖത്തേക്ക് നോക്കി.

" ഇതെന്താ അവളുടെ കാര്യത്തിൽ നിനക്ക് ഇത്ര ആകാംക്ഷ....? "

 മേനോൻ പുഞ്ചിരിയോടെ ചോദിച്ചു.

" സംസാരത്തിലും പ്രവർത്തിയിലും നല്ലൊരു കുട്ടിയായിട്ട് തോന്നി..... ഇവിടെ നടന്ന ബഹളത്തിൽ താങ്ങായി ഓടി വന്നത് അവളാണ്..... "

 സാവിത്രി പറഞ്ഞു.

 മേനോൻ നടന്ന ഊണ് മേശയ്ക്കരിയിലെത്തി.

 കൈ കഴുകി, കസേര വലിച്ചിട്ട് മേശയ്ക്ക് അരികിൽ  ഇരുന്നു.

" ജോലിക്ക് കയറിക്കോളാൻ പറഞ്ഞിട്ടുണ്ട്... വീടിനോട് ചേർന്നുള്ള ഈ ഓഫീസിലാണ് ജോലി.... "

 പാത്രമെടുത്തു മുന്നിൽ വയ്ക്കുന്നതിനിടെ മേനോൻ പറഞ്ഞു.

" ആ കുട്ടി എന്തെങ്കിലും കഴിച്ചിട്ട് ഉണ്ടാകുമോ.... "

 സാവിത്രിയുടെ വാക്കുകൾ കേട്ടതും മേനോൻ പുഞ്ചിരിയോടെ അവളെ നോക്കി.

" ഇതെന്താ അവളും ആയിട്ട് ഇത്രയും അടുത്തോ... എങ്കിൽ അവളെ കൂടി വിളിക്ക്... "

  മേനോന്റെ വാക്കുകൾ കേട്ടതും, സാവിത്രി അടുക്കളയിലേക്ക് തിരിഞ്ഞ് മാധവിയെ വിളിച്ചു.

 അടുക്കളയിൽ നിന്ന് എത്തിയ മാധവിയെ, സീതയെ വിളിക്കാനായി, ഓഫീസിലേക്ക് അയച്ചു.

 മേനോന്റെ  പാത്രത്തിലേക്ക് ഭക്ഷണം പകർത്തുന്നതിനിടെ, സീത അവർക്കരിയിലേക്ക് വന്നിരുന്നു.

" മോള് ഇരിക്ക് ഭക്ഷണം കഴിക്കാം..... "

 സാവിത്രിയുടെ വാക്കുകൾ കേട്ടതും സീത അത് സ്നേഹത്തോടെ നിരസിച്ചു.

" വേണ്ട അമ്മേ.....ഞാൻ ചോറ് കൊണ്ടുവന്നിട്ടുണ്ട്...... "

" എന്നാൽ അത് ഇങ്ങോട്ട് എടുത്തുകൊള്ളൂ ഇവിടെ ഇരുന്ന് കഴിക്കാം.... സാവിത്രിക്ക് ഒരു കൂട്ടുമാകും.... എന്നും ഇങ്ങനെ ചോറിലേക്ക് മുഖം താഴ്ത്തിയെ ഉണ്ണാറുള്ളൂ.... ഇന്നെങ്കിലും ഒരാളുടെ മുഖം കണ്ട്, കുശലം പറഞ്ഞ്  ഊണ് കഴിക്കാമല്ലോ..... "

 മേനോൻ സാറിന്റെ വാക്കുകൾ നിരസിക്കാൻ സീതയ്ക്കായില്ല.
 അവൾ മനസ്സില്ല മനസ്സോടെ ആണെങ്കിലും, ചോറു പാത്രം കയ്യിലെടുത്തു വന്നു.

 ആ ചോറു പാത്രം തുറക്കുന്ന കാര്യം ഓർത്തപ്പോൾ അവളുടെ മനസ്സൊന്ന് പതറി.

 മുന്നിൽ മേശപ്പുറത്ത് ഇരിക്കുന്ന സ്വാദിഷ്ടമായ ഭക്ഷണത്തിനു മുന്നിൽ, തന്റെ ചോറു പാത്രം തുറന്നാൽ ഉള്ള അവസ്ഥ.....

 രാവിലെ അമ്മ പറമ്പിൽ നിന്ന് പറിച്ചെടുത്ത എന്തൊക്കെയോ കൂട്ടി ഒരു കറിയും, ഒരു മാങ്ങ ചമ്മന്തിയും ആണ് ചോറിനൊപ്പം  പാത്രത്തിനകത്ത്.....

 അത് തുറന്നാൽ ഉള്ള അവസ്ഥ...... തുറക്കാതിരിക്കാനും പറ്റില്ല....

 സീത മേശയ്ക്ക് അരികിൽ കസേരയിൽ ഇരുന്ന് പാത്രം തുറന്നു.

 ഈ സമയം സാവിത്രി സീതയ്ക്ക് അരികിലേക്ക്, പാത്രം എടുത്തുവെച്ച് അതിലേക്ക് കറികൾ പകർന്നിരുന്നു.

 ചോറു പാത്രത്തിനകത്തെ കറികൾ,സീത പാത്രത്തിന്റെ മൂടിയിലേക്ക് മാറ്റിവെച്ചു.

 ഇതിനിടെ അമ്മ ആ കറിയിലേക്ക് നോക്കുന്നത് സീത കണ്ടു.

" ഇതെന്താണ് കറി.... " - സാവിത്രി ആകാംക്ഷയോടെ ചോദിച്ചു.

" വാഴയുടെ കുടപ്പൻ ഒലത്തിയതും, മാങ്ങാ ചമ്മന്തിയും ആണ്..... "

 സീത മനസ്സില്ല മനസ്സോടെ പറഞ്ഞു.

 അതുകേട്ടതും സാവിത്രി, അതിൽനിന്ന് ഒരു നുള്ള് എടുത്ത് വായിൽ വച്ചു.

" എന്താ സ്വാദ്.... പണ്ട് തറവാട്ടിൽ ആയിരുന്നപ്പോൾ അമ്മ ഇതെല്ലാം വെച്ച് തരുമായിരുന്നു.... ഇന്നത്തെ ആളുകൾക്ക് ഇതിന്റെ വല്ല ഗുണവും അറിയാമോ..... "

 ഭക്ഷണം കഴിക്കുന്നതിനിടെ മേനോൻ സർ ഇതെല്ലാം ചെറുപുഞ്ചിരിയോടെ നോക്കിയിരിക്കുന്നത് സീത ശ്രദ്ധിച്ചു.

" ഇതൊന്നു കഴിച്ചു നോക്കിയേ..... "

 സാവിത്രി നീട്ടിയ കറിയിൽ നിന്ന് ഒരു നുള്ള് എടുത്ത്  മേനോനും കഴിച്ചു. നന്നായിട്ടുണ്ട് എന്ന അർത്ഥത്തിൽ അദ്ദേഹം തലയാട്ടി.

 മേനോൻ ഭക്ഷണം കഴിച്ച് അകത്തേക്ക് മടങ്ങുമ്പോൾ, സാവിത്രി, സീതയ്ക്ക് അരികിലായി, പാത്രവുമായി ഭക്ഷണം കഴിക്കാൻ ഇരുന്നു.


 സീതയ്ക്ക് ഇതെല്ലാം വല്ലാത്തൊരു അനുഭവമായിരുന്നു......

 ജീവിതത്തിൽ താൻ ഇതുവരെ അനുഭവിച്ചറിയാത്ത ശീലങ്ങൾ.....

 കാലവും കഥാപാത്രങ്ങളും മാറിമറിയുന്നു...... ഇനി മാറാനുള്ളത് തന്റെ ജീവിതമാണ്......

 ആ  ജീവിതയാത്ര ഇവിടെ തുടങ്ങുകയാണ്.....



............................ തുടരും..................................

സീതാലക്ഷ്മി തിരക്കിലാണ്- തുടർക്കഥ( ഭാഗം-6)

സീതാലക്ഷ്മി തിരക്കിലാണ്- തുടർക്കഥ( ഭാഗം-6)

4.3
795

 സീതയുടെ ജീവിതത്തിന് പുതിയ അർത്ഥങ്ങൾ കൈവരുകയായിരുന്നു. അതിലേറെ അച്ഛന്റെയും,അമ്മയുടെയും കണ്ണുകളിലെ പ്രത്യാശയുടെ നിഴലാട്ടങ്ങൾ  അവളെ ഏറെ സന്തോഷിപ്പിച്ചു. രാവിലെ ഒമ്പതു മണിയോടെ ഓഫീസിൽ എത്തിയാൽ അന്നത്തെ ദിവസത്തേക്കുള്ള ഫയലുകൾ എല്ലാം റെഡിയാക്കി വയ്ക്കണം. പത്തുമണിയോടെ മേനോൻ സാർ വീട്ടിൽ നിന്ന് പട്ടണത്തിലേക്കുള്ള ഓഫീസിലേക്ക് പോകും. ആ സമയത്ത് ഈ ഫയലുകൾ എല്ലാം അദ്ദേഹത്തെ ഏൽപ്പിക്കണം. അതുകഴിഞ്ഞാൽ പിന്നെ തന്റെ ജോലിയുടെ പകുതിഭാരം കുറയും. മേനോൻ സാർ പോയിക്കഴിഞ്ഞാൽ അമ്മ ഇടയ്ക്കിടെ തന്നെ കാണാൻ വരും. ആ വരവ് തനിക്കും സന്തോഷമാണ്. ചിലപ്പോൾ കൂട്ടിന് വേലക്കാരി