Aksharathalukal

ചുവപ്പ്

       ചുവപ്പിനോട് എന്നും വല്ലാതൊരു ഇഷ്ടമാണ്... ഒരു പെണ്ണിന് മാത്രമേ ചുവപ്പിനെ ഇത്രയും ആഴത്തിൽ സ്നേഹിക്കാൻ കഴിയൂ.
ചോരയുടെ ചൂടേറ്റ് പിറന്നു വീഴുമ്പോൾ മുതൽ ഒരു പെണ്ണിന്റെ ജീവിതായാത്രയിൽ പതിഞ്ഞു കിടക്കുന്നു ചുവപ്പ് നിറം...
പിച്ച വെക്കുമ്പോൾ മുട്ടും കൈയും പൊട്ടി പുറത്തേക്ക് വന്ന ചോരക്കും നിറം ചുവപ്പ്.
 ആദ്യമായി കളിപ്പാട്ടമായി കിട്ടിയ പാവക്കുട്ടിക്കും ഇളം ചുവപ്പ് നിറത്തിൽ ഉള്ളൊരു കുപ്പയാമായിരുന്നു.
ബാല്യത്തിൽ വെള്ള കമ്മിസിനുള്ളിൽ പെറുക്കി കൂട്ടിയ മഞ്ചാടി മണിക്കൾക്കും നിറം ചുവപ്പ്.
 കൗമാരത്തിൽ തുടയിലൂടെ അരിച്ചു ഇറങ്ങി വന്ന രക്തത്തുളികൾക്കും നിറം ചുവപ്പ് തന്നെ.
മാസത്തിൽ ചുവന്നു പൂക്കുന്ന ദിനങ്ങളെയും ഇഷ്ടപ്പെടാൻ കാരണം ചുവപ്പ് തന്നെ..
വാലിട്ടു കണ്ണെഴുതി കഴിഞ്ഞു തൊടുന്ന പൊട്ട്പോലും ചുവപ്പ് നിറത്തിൽ.
ഉത്സവ പറമ്പിൽ നിന്നും വാങ്ങി കൂട്ടിയ കുപ്പി വളകൾക്ക് എന്നും ചുവപ്പ് നിറമായിരുന്നു.


    യൗവനത്തിൽ പ്രിയപ്പെട്ടവന്റെ നോട്ടം കൊണ്ടു  മുഖത്തു വിരിയുന്ന നാണത്തിനു പോലും നിറം ചുവപ്പായിരുന്നു.
പ്രണയം പങ്കിട്ടവൻ ആദ്യമായി സമ്മാനിച്ച പൂ പോലും ചുവപ്പ് നിറത്തിൽ വിരിഞ്ഞു നിന്ന വാകയായിരുന്നു.
പിന്നീട് ഒരിക്കൽ ഹൃദയം കിറി മുറിച്ചവൻ പോയപ്പോൾ കണ്ണുകളിൽ കണ്ണീരിനൊപ്പം നിറഞ്ഞു നിന്നു ചുവപ്പ് നിറം.

    അഗ്നി സാക്ഷിയാക്കി കൈ പിടിച്ചവൻ നെറ്റിയിൽ ചാർത്തി തന്ന സിന്ദൂരത്തിനും  മന്ത്രകോടിക്കും ചുവപ്പ് നിറം തന്നെ....
ആദ്യരാത്രിയിൽ  മെയും മനവും ഒന്നായി തീരുബോഴും കിടക്കയിൽ വാടി ഞെരിഞ്ഞമർന്നു കിടക്കുന്ന പനിനീർ പൂവുകൾക്കും നിറം ചുവപ്പ് തന്നെ.
ഉദരത്തിൽ പിറവി എടുത്ത കുഞ്ഞിനെ ആദ്യമായി കാണുന്നതും ചുവപ്പ് നിറത്തിൽ..
നടക്കാതെ പോയ മോഹങ്ങൾക്കും
ആഗ്രഹങ്ങൾക്കും സ്വപ്‌നങ്ങൾക്കും
നിറം ചുവപ്പ് തന്നെ..
അവസാനം ജീവനും ആത്മാവും വേർപ്പെട്ടു  ചുവന്ന പട്ടിൽ പൊതിഞ്ഞു ചുവന്ന അഗ്നിയിൽ കത്തിതീരുന്നത്തോടെ അവസാനിച്ചു ചുവപ്പിനൊപ്പം ഉള്ള ഓരോ പെണ്ണിന്റെയും പ്രയാണം..