ജീവിതത്തിലാദ്യമായി കണ്ടോരാൾ കഷ്ട്ടപെട്ടു സമ്പാദിച്ച പണം മുഴുവനും
തന്റെ അനുവാദത്തിനു നിൽക്കാതെ കൈക്കലാക്കുന്നതു നോക്കിയവൾ പകച്ചു നിന്നു. സഹായിക്കാൻ ആരെങ്കിലും ചുറ്റിലുമുണ്ടോയെന്നു നോക്കിയാലും ആ ശ്രെമം വിഫലമാകുകയുള്ളുവെന്നറിഞ്ഞിട്ടും അവളുടെ കണ്ണുകൾ ചുറ്റിലും പരതി ഒരാശ്രയത്തിനായി.
\' ഇന്നാ ഇതു നീ വച്ചോ.\'
അവൾ അയാളെയും അവളുടെ നേരെ നീട്ടിപിടിച്ച ചുക്കി ചുളിഞ്ഞ അൻപതു രൂപയുടെ മുഷിഞ്ഞ നോട്ടിലേക്കും ദയനീയമായി മാറി മാറി നോക്കി.
ഒരാഴ്ചത്തെ നെട്ടോട്ടത്തിന്റെ വിയർപ്പാണ് അയാളുടെ കൈയിൽ ഞെരിഞ്ഞമരുന്നതെന്നു ഓർത്ത സീതക്കയാളെ കലിതീരുവോളം തല്ലണമെന്നാഗ്രഹിച്ചു.
പക്ഷെ ഒന്നിനും മുതിർന്നില്ല.
തീർച്ചും അപരിചിതൻ.....
ആ അപരിചിതത്തം സീതയെ പിന്തിരിപ്പിച്ചു.
അവൾ അനങ്ങാതെ നില്കുന്നതുകണ്ടവന് തീരെ ക്ഷമയുണ്ടായില്ല.
\" നിനക്ക് വേണ്ടേ
വേണ്ടെങ്കിൽ വേണ്ട.. ഇതും കൂടി ഞാൻ എടുത്തു. \"
പേഴ്സ് അവളുടെ കൈകളിലേക്ക് ബലമായി തിരുകി കൊടുത്തിട്ടയാൾ ചെളി തെറിച്ച മുണ്ടു മടക്കികുത്തി നടത്തം ആരംഭിച്ചു.
സീതക്ക് ചെവിട്ടിലൂടെ ഈച്ച മൂളുന്ന ഒരു ശബ്ദം മാത്രം കേൾക്കാൻ സാധിച്ചുള്ളൂ.
കാറ്റിൽ ഇളകി മറിയുന്ന കാവുങ്ങുകൾ തൊട്ടുരുമുന്ന ശബ്‍ദമോ
അങ്ങാടി കുരുവികളുടെ കലപിലയോ ഒന്നും അവളുടെ ശ്രെദ്ധ ആകർഷിച്ചില്ല.
കൈയിലെ സഞ്ചി വഴുതി താഴെ വീണു.
നിന്നിടത്തു നിന്നും ചലിക്കാൻ തോന്നിയില്ല.
കരയാൻ തോന്നിയില്ല.
ശരീരമാകെ പടർന്നു കയറിയ മരവിപ്പിൽ അവൾ ആശ്വാസം പൂണ്ടു.
എത്രനേരം നിന്നെന്നു അറിയില്ല.
തല താഴ്ത്തി വല്ലായ്മയോടെ ഏറെനേരം നിന്ന ശേഷം താഴെ കിടന്ന സഞ്ചിഎടുത്തു നടന്നു.
പ്രതികരിക്കാൻ പഠിക്കാതിരുന്നതിൽ ആദ്യമായി സ്വയം പുച്ഛം തോന്നിപോയി. അവളുടെ ഓരോ ചുവടിലും പുഛങ്ങളുടെ ശക്തിയേറി വന്നു.
അങ്ങനെ ദീർഘനേരത്തെ ചുവടുകൾ താണ്ടി കൃഷ്ണൻ മാഷിന്റെ പടിക്കലെത്തി.
പഴമയുടെ മാധുര്യം നിറഞ്ഞ തറവാടിന്റെ പിന്നാമ്പുറതേക്കു ചെന്നപ്പോൾ ആരെയും കാണാത്തതു കൊണ്ട് തൊടിയിലേക്ക് ഇറങ്ങുന്നതിനു തൊട്ടുമുന്നെ അടുക്കളയിൽ നിന്നും മാഷിന്റെ ഭാര്യ സതി ഇറങ്ങി വന്നു.
\" അല്ല..വന്നോ നീയ്യ്.
ഇത്രേം നേരം കാണാതെയായപ്പോ ഞാൻ അങ്ങോട്ടേക്ക് വരാൻ ഇരിക്കുവായിരുന്നു.
എന്തേ കുട്ട്യേ ഇത്ര വൈകിയേ...? \"
നനഞ്ഞ കൈകൾ നേരിയതിന്റെ തലപ്പിൽ തുടച്ചുകൊണ്ടു ടീച്ചർ അവളോട് സ്നേഹത്തോടെ ചോദിക്കുന്നതിന്റ ഇടയിൽ അവളുടെ മുഖത്തെ വാട്ടം ശ്രെദ്ധിക്കാതിരുന്നില്ല.
അവളെ കോലായിലെ ബെഞ്ചിലേക്ക് ഇരുത്തി ഒരു കോപ്പയിൽ ചൂട് കാപ്പിയും ഓട്ടട ചുട്ടതും അവൾകൊടുത്തിട്ടു മുഴുവനും കഴിക്കാൻ ആവശ്യപ്പെട്ടു.
\" അപ്പൂന് എന്തെങ്കിലും വയ്യായ്കയുണ്ടോ..? \"
\" ഏയ് ഇല്ല്യ \"
\" പിന്നെ എന്താ ഇന്നു നിന്റെ മുഖത്തൊരു വാട്ടം. \"
അതിനവൾ മറുപടിക്കു മുന്നായി ഒരു വരണ്ട ചിരി അവർക്കു സമ്മാനിച്ചുകൊണ്ട് പറഞ്ഞു
\" ഇന്നു മാത്രമല്ലലോ ടീച്ചറെ എന്നും എന്റെ മുഖവും വാടിയത് തന്നെയല്ലേ.? \"
ആ മറുപടിക്ക് സതി ടീച്ചർക്ക് എന്തു പറയുമെന്ന് അറിയില്ലായിരുന്നു. ഒരു ആശ്വാസവാക്കിൽ ഒതുങ്ങുന്നതുമല്ല സീതയുടെ പ്രശ്നമെന്നു നന്നായി അറിയുന്ന ടീച്ചർ മനോവിഷമിച്ചു.
മാഷിനെ പോലെ തന്നെയാണ് ടീച്ചറും.
അതറിയാവുന്ന സീത അവരെയും വിഷമിപ്പിക്കാതെ ഇരിക്കാനായി ഒരു ചിരി എങ്ങനെയോ വരുത്തി.
\" സീതേ........ \"
അകത്തുനിന്ന് പ്രായമേറിയ ഒരു മുത്തശ്ശി പല്ലെല്ലാം കൊഴിഞ്ഞു പുഞ്ചിരിച്ചുകൊണ്ട് അവളുടെ അടുത്തെത്തി.
\" സീത കുട്ട്യേ കണ്ടില്ലല്ലോന്ന് വിചാരിച്ചിരിക്കുകയായിരുന്നു, അല്ല എന്താ ഇത്ര വൈകിയേ..? \"
\" വിശേഷം ഒക്കെ പിന്നെ ചോദിക്കം അമ്മേ, അവൾക്കു വന്നപ്പോ മുതൽ ഒരു വല്ലായ്മ, ചോദിച്ചിട്ടു വല്ലതും പറയുന്നുണ്ടോ..
അല്ലേലും നമ്മളൊക്കെ അവളുടെ ആരാ.?
ആരെങ്കിലും ആണെങ്കിൽ അവൾ ചോദിക്കാതെ തന്നെ പറയില്ലേ. \"
കാര്യം അറിയാൻ വേണ്ടി സതി ടീച്ചർ കൈയിൽ നിന്നും എടുത്തിട്ട വാക്കിൽ സീത ഞെട്ടി.
\" അയ്യോ ടീച്ചറെ അങ്ങനെയൊന്നും അറിയാതെപോലും പറയല്ലേ.?
നിങ്ങളൊക്കെ ഉള്ളതുകൊണ്ടല്ലേ ഞങ്ങൾ ഇപ്പോളും ജീവിച്ചിരിക്കണത്തു തന്നെ \"
\" എന്നാ സീത കുട്ടി കാര്യം തുറന്നു പറഞ്ഞാട്ടെ
\"
അവളുടെ കണ്ണിൽ നിന്നും അടർന്നു വീണ തുള്ളികൾ സ്നേഹത്തോടെ മുത്തശ്ശി തുടച്ചു കൊണ്ട് ചോദിച്ചപ്പോൾ വഴിയിൽ നടന്ന കാര്യങ്ങളെല്ലാം വിശദികരിച്ചു.
\" സതി നീ കൃഷ്ണനോട് വേഗം ഇക്കാര്യം പറഞ്ഞതാരാണെന്നു അന്വേഷിക്കു. \"
\" ആരാണെന്നു വച്ചിട്ടാ മുത്തശ്ശി.? ഇന്നാട്ടിൽ അയാളെ ആദ്യമായിട്ടാ കാണുന്നത് തന്നെ, അയാളുടെ പേരോഊരോ ഒന്നും അറിയില്യ.
അപ്പോ അയാളെ എവിടെപ്പോയി തിരിയാനാ. കണ്ടാൽ തന്നെ പോയ കാശ് തിരുച്ചു കിട്ടോ..? \"
അവർക്കും അവൾ പറഞ്ഞതിൽ കാര്യമുണ്ടെന്നു മനസിലായി. അവളെ അറിയുന്ന ഒരാളും അവളെ അറിഞ്ഞുകൊണ്ടു ഉപദ്രേവിളിക്കില്ലെന്നു അവർക്കറിയാം.
എങ്കിലും രണ്ടാളും അവളെ പരമാവധി ആശ്വസിപ്പിച്ചു.
ടീച്ചർ അകത്തേക്ക് പോയ തക്കത്തിൽ മുത്തശ്ശി അവളുടെ സങ്കടം മാറ്റാണെന്നവണ്ണം അവളുടെ അടുത്തേക്ക് നീങ്ങി സ്വകാര്യത്തിൽ ചോദിച്ചു.
\" അതെവിടെ.?\'
\"ഏത്..?\"
\" അത്. \"
\" ഏത്.? \"
\" ചുമ്മാ കളിക്കല്ലേ പെണ്ണെ..
നിനക്കറിയാലോ.. അത്.
അപ്പോ പിന്നെ ഞാൻ ചോദിക്കാൻ കാത്തിരിക്കണോ..? \"
അടക്കി പിടിച്ച സംസാരത്തിൽ സീതക്ക് ചിരി വന്നു. സഞ്ചിയിലെ പൊതിയിൽ നിന്നും ഒരു ചെറിയ പൊതി തുറന്നവൾ മുത്തശ്ശക്ക് നീട്ടി.
നെയ്യിൽ ഉണ്ടാക്കിയ ആ മൂന്നു ലഡ്ഡുവും മുത്തശ്ശി നിമിഷനേരം കൊണ്ട് അകത്താക്കി
അവളെ നോക്കി പുഞ്ചിരിച്ചു
\" ഈ മാസം ഷുഗർ നോക്കുമ്പോ മാഷിന്റെ കൈയിന്നു കണക്കിന് കിട്ടിക്കോളും..
ആ വഴി ഈ പാവത്തിന്റെ കഞ്ഞിയിൽ പാട്ട ഇടരുത്ട്ടോ \".
\" ഇല്ലടി പെണ്ണെ.. നീ അല്ലാതെ എനിക്ക് ആരാ ഇതൊക്കെ കൊണ്ടതരാൻ.
വെറുതെ പറയല്ലടി, നിനക്ക് അസാമാന്യ കൈപുണ്ണ്യ കൊച്ചേ. \"
വിരലും ചപ്പി സ്വാദ് ആസ്വദിക്കുന്ന മുത്തശ്ശിയെ കാണാത്ത വിധമായിരുന്നു ടീച്ചർ അകത്തുനിന്നും വന്നത്.
\"അമ്മേ ഞാനൊന്നു മുകളിൽ അടിച്ചു വാരി വൃത്തിയാക്കിട്ടും വരാം.
സീതേ... ഞാൻ വന്നിട്ടു നീ പോയാമതിയിട്ടോ.\"
\" ഈ മുട്ടുവേദനയും വച്ചുകൊണ്ടാണോ പടിമൊത്തം ചവിട്ടി കയറി അടിച്ചു വരാൻ പോകുന്നത്.
ഇന്നെന്തേയ് ജാനു ചേച്ചി വന്നില്ല..?\"
സീത നിര്ബദ്ധത്തിൽ ടീച്ചറുടെ കൈയിൽ നിന്നും ചൂലു പിടിച്ചു വാങ്ങലും അകത്തേക്ക് ചെല്ലലും കഴിഞ്ഞിരുന്നു.
അവളുടെ പോക്ക് കണ്ട ടീച്ചറും അമ്മയും പരസ്പരം നിസ്സഗതയോടെ ഒരു നിമിഷം നോക്കി.
അകത്തളത്തിന്റെ കോണിചുവട്ടിൽ അവൾ നിന്നു. ഈയൊരു പ്രവർത്തിക്ക് തെല്ലും ആലോചിക്കാതെ ഇറങ്ങി പുറപ്പെട്ട അവളുടെ തീരുമാനത്തെ ഓർത്തു ദേഷ്യം വന്നു.
പിന്നെ രണ്ടാമത് ആലോചിക്കാതെ നേരെ പടികൾ കയറി.
നേരെ കാണുന്ന മുറി അടിച്ചു വരാൻ തുടങ്ങുന്നത് വരെയുണ്ടായിരുന്ന ഉത്കണ്ട ജോലിയിലേക്ക് മുഴുകിയപ്പോൾ മാറിപോയത് സീത അറിഞ്ഞില്ല. എത്രയും വേഗം ജോലി തീർത്തു ഇറങ്ങാൻ മനസ്സ് തിടുക്കം കാണിച്ചു.
മനസ്സു അപ്പുവിനെ ചുറ്റി പറ്റി അലയുന്നപോലെ അവൾക്കു തോന്നി.
കഴിയുന്നത്ര വേഗം പണികൾകഴിഞ്ഞു പടികൾ ഇറങ്ങാൻ നിൽകുമ്പോളായിരുന്നു ഒരു പിൻവിളി.
പ്രതീക്ഷിച്ചിരുന്ന ആ വിളി അവളിൽ നടുക്കം സൃഷ്ടിച്ചില്ല.
സീതേ...........
തിരിഞ്ഞു നോക്കാതെ പടികൾ ഇറങ്ങിയോടൻ അവൾ മനസിനോട് പറഞ്ഞു ഉറപ്പിച്ചെങ്കിലും അടുത്ത വിളിയിൽ അവൾക്കു തിരിയാതിരിക്കാൻ സാധിച്ചില്ല.
സീതേ..
തന്റെ പുറകിൽ ചുവടുകൾ വ്യത്യാസത്തിൽ നിൽക്കുന്ന ആ പുരുഷനെ അവൾ ചെറുപുഞ്ചിരിയോടെ നോക്കികൊണ്ട് ചോദിച്ചു.
\" ഗിരിയേട്ടൻ വന്നുന്നു ജാനുവേച്ചി ഒരീസം പറഞ്ഞു.
സാധാരണ ലീവിന് വന്നാൽ സാധാ സമയം വായനശാലയിൽ ആയിരിക്കുമല്ലോ പതിവ്..?
ഇവിടെ ഉണ്ടായിരിക്കുംമെന്നു വിചാരിച്ചില്ല. \"
കേൾക്കുന്നയാൾക്ക് അവളുടെ വാക്കുകൾ പൂർണമായ സന്തോഷം നിറഞ്ഞതായി തോന്നുമെമ്പകിലും ആ ഓരോ വാക്കിലും അവൾ നിറച്ച ഒരു പൊരുത്തക്കേട് ഗിരിക് നന്നായി മനസിലായി.
അവൻ മുണ്ടിന്റെ തലപ്പു കൈയിൽ നിന്നും വിട്ടു ചുമരിനോട് ചാരി നിന്നുകൊണ്ട് അവളെ നോക്കി.
\" നോക്ക് സീതേ..
എനിക്ക് കൂടുതൽ ഒന്നും പറയാനില്ല.
പലവട്ടം പറഞ്ഞതും ആണ്...
എനിക്ക് നിന്നേ ഇഷ്........ \"
ഗിരിക്ക് വാക്കുകൾ പൂർത്തിയാക്കാൻ അവൾ അനുവാദം നൽകിയില്ല.
\" വേണ്ട ഗിരിയേട്ടാ. ഇതൊന്നും ശരിയല്ല.
എന്റെ കാര്യം അറിയാത്തതൊന്നുമല്ലലോ എനിക്കും അപ്പുനും വീണ്ടും ഒരു ജീവിതം തന്നത് കൃഷ്ണൻ മാഷിന്റെ കുടുംബമാ.
ആ നന്ദി ഞാൻ ഒരിക്കലും മറക്കില്ല. അതുപോലെ ആ കുടുബമത്തോട് ഞാനൊരു നന്ദികേട് കാണിക്കുകയുമില്ല.
പിന്നെ ഗിരിട്ടേട്ടന് എന്നോട് മാത്രമല്ലേ ഇഷ്ട്ടമുള്ള, എനിക്ക് ആ ഇഷ്ട്ടം തിരുച്ചു തോന്നിയിട്ടില്ല ഇതുവരെ.
എനിക്ക് നിങ്ങൾ എല്ലാവരും ദൈവത്തിന്റെ സ്ഥാനത്താ. അങ്ങനെ മതി.
അങ്ങനെ കാണാനാ എനിക്ക് ഇഷ്ട്ടം.
പോട്ടെ..
പിന്നെ.............
ടീച്ചർ പറഞ്ഞായിരുന്നു എല്ലാം.
അനിയത്തിനെ ഓർത്തെൻകിലും ഈ മാറ്റകല്യാണത്തിന് സമ്മതിക്കണം.
അവൾക്കും ഉണ്ടാകില്ലേ സ്വപ്നങ്ങൾ \"
\" അപ്പോ എന്റെ സ്വപനങ്ങളോ സീതേ.. \"
സീത മൗനം പാലിച്ചു.
കൂടുതൽ ഒന്നും പറയാനോ കേൾക്കാനോ നിന്നില്ല. പടികൾ ഇറങ്ങി. ഓരോ പടികളിലും മുള്ളു തറക്കുന്ന വേദന അറിഞ്ഞു.
എന്തിനായിരിക്കാം അത്..??
ഞാൻ സ്നേഹിച്ചിട്ടില്ല ഗിരിയേട്ടനെ.
അതിനു ഈ സീത ചാവണം.
നന്ദികേടിനു സീതയുടെ ജീവിതത്തിൽ ഒരു അർത്ഥമുള്ളു.
മരണം.
പിന്നിലേക്ക് നോക്കാൻ ആഗ്രഹിച്ച കണ്ണുകൾ ദിശ മാറ്റി നോക്കിയത് പരിചിതനായ ഒരു അപരിചിതന്റെ മുഖത്തേക്ക്.
അവളുടെ കണ്ണുകൾ വിടർന്നു.
തന്റെ പണം തട്ടിപറിച്ചു കൊണ്ടുപോയാൾ തോട്ടു മുന്നിൽ നില്കുന്നത് കണ്ട സീത വിശ്വാസം വരാതെ നോക്കി നിന്നു.
(തുടരും )