കർക്കിടകത്തിലെ തോരാതെ കോരി ചൊരിയുന്ന മഴ പോലെ ചില ഓർമ്മകൾ മുറിയാതെ പെയ്യുന്നുണ്ട് മനസിൽ... കോരി ചൊരിയുന്ന മഴയത്തു നനഞ്ഞു കുളിച്ചു സ്കൂളിലേക്ക് പോയതും തിരിച്ചു വന്നതുമെല്ലാം ഓർക്കുമ്പോൾ മനസിലൊരു ചെറു തണുപ്പാണ്.. ഓടിട്ട വീടിന്റെ കോലായിൽ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ കഥ പറഞ്ഞു ഇരുന്നതും ഇടി വെട്ടുമ്പോൾ ഓടി ചെന്നു അച്ഛന്റെ ചൂടിൽ അണഞ്ഞതുമെല്ലാം ഇന്നും ഓർമ്മയിൽ ഉണ്ട്. രാത്രിയിൽ ഇടി വെട്ടിട്ടുണ്ടെങ്കിൽ പുലർച്ചെ പറമ്പിലൊക്കെ ഒന്ന് പോയി നോക്കും.. എവിടെയെങ്കിലും കൂൺ മുളച്ചു പൊന്തിയിരിക്കും..... അതെല്ലാം പറിച്ചെടുത്തു മസാല ഇട്ടു വെക്കുന്നതിന്റെ രുചി ഇന്നു പല രുചികരമായ ഭക്ഷണം കഴിക്കുമ്പോഴും എനിക്ക് കിട്ടാറില്ല. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പഠിക്കാൻ ഇരിക്കുമ്പോൾ കോലായിലേക്ക് മിന്നി മിന്നി വരുന്ന മിന്നാമിന്നികളെ പിടിച്ചു കൈ കുമ്പിളിൽ ഒളിപ്പിച്ചു വെച്ചതും. എന്നിട്ട് മുറിയിൽ ഇട്ടു പൂട്ടി വെച്ചതുമൊക്കെ ഓർക്കുമ്പോൾ ചിരി വരുന്നു.ഓടിന്റെ കൈകോലിന്റെ മുകളിലും മോന്തായത്തിലും പറ്റി പിടിച്ചു നിന്നു മിന്നുന്നത് കിടക്കയിൽ കിടന്നു കൊണ്ടു കാണാൻ എനിക്ക് എന്തോ വല്ലാത്തൊരു ഇഷ്ട്ടമായിരുന്നു.
സ്കൂൾ വിട്ടു മഴയത്തു നനഞ്ഞു വരുമ്പോൾ നല്ല ചൂട് കട്ടൻ ചായയോ അവിലു നനച്ചതോ അരി ഉണ്ടയോ ആയിരിക്കും മിക്കവാറും വീട്ടിൽ പലഹാരമായി ഉണ്ടാവുക. കറന്റ് പോകുമെന്ന് പറഞ്ഞു ഭിഷണി പെടുത്തി അമ്മ പഠിക്കാൻ ഇരുത്തും. പിന്നെ ആറുമണി വരെ ഉള്ളു ട്ടൊ എഴുതും വായനയും.... ക്ലോക്കിൽ ആറുമണി ആയാൽ കാലും കയ്യും കഴുകി. പൂജമുറിയിൽ നിന്നും ഭസ്മം വിരൽ തുമ്പിൽ എടുത്തു നെറ്റിയിൽ നീട്ടി വരച്ചു.കോലയിലെക്ക് ഒരു വരവ് ഉണ്ട്. അപ്പോഴേക്കും അച്ഛമ്മ ആവണ പലക ഇട്ടു നിലവിളക്ക് കത്തിച്ചു വെച്ചു ചന്ദനത്തിരിയും കത്തിച്ചു.ഒരു സൈഡിൽ പുൽപായയും ഇട്ടു. രാമായണം വായിക്കാൻ ഇരിക്കും. സൈഡിൽ ഇട്ടു വെച്ച പുൽപയയിൽ ഞാൻ ആദ്യം സ്ഥാനം പിടിക്കും. ആർത്തു പെയ്യുന്ന മഴയത്തു പലപ്പോഴും അച്ഛമ്മയുടെ ശബ്ദം കേൾക്കാൻ കഴിയാതെ മഴയിൽ അലിഞ്ഞു ചേരുന്നതായി പലപ്പോഴും തോന്നിട്ടുണ്ട്. അച്ഛമ്മയുടെ കാലശേഷം എനിക്കായിരുന്നു രാമായണ പാരായണം ചെയ്യാൻ ഉള്ള ഭാഗ്യം കിട്ടിയത്. പതിനാലാം വയസിൽ കൈയിൽ കിട്ടിയ രാമായണത്തിലെ കൂട്ടക്ഷരം മാത്രം ഉള്ള പദങ്ങൾ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു വായിക്കാൻ.വരികൾ വായിക്കുമ്പോൾ തെറ്റിയെങ്കിൽ ഒരു വട്ടം കൂടി വായിക്കണമെന്ന അച്ഛമ്മയുടെ വാക്കുകൾ ഓർമയിൽ ഉള്ളത് കൊണ്ടു തെറ്റാതെ ഓരോ വരികളും പാരായണം ചെയ്തു.
എന്ത് പഠിക്കുമ്പോഴും വായിക്കുമ്പോഴും ഗുരുവിനെയും സരസ്വതി ദേവിയെയും പ്രാർഥിച്ചേ തുടങ്ങാവു എന്നാ നിർബന്ധം ചെറുപ്പം മുതലേ വീട്ടുകാർ ശീലിപ്പിച്ചിരുന്നു.. രാമായണ പാരായണം ചെയുമ്പോൾ നാവിൽ തുമ്പത്തു നിന്നും തെറ്റുകൾ വരരുതെന്ന് പ്രാർത്ഥികുമായിരുന്നു. പഠിത്തമൊക്കെ കഴിഞ്ഞു ജോലി കിട്ടുന്നത് വരെ എല്ലാ കർക്കിടകമാസവും രാമായണം പാരായണം ചെയ്യാൻ ഉള്ളൊരു ഭാഗ്യം എനിക്ക് കിട്ടിയുള്ളൂ. ജോലിയൊക്കെ കിട്ടിയപ്പോൾ തിരക്കും മറ്റുമായി അമ്മ പാരായണം ചെയ്യുന്നത് കോലായിൽ ഇരുന്നു കേൾക്കാൻ മാത്രമേ കഴിഞ്ഞുള്ളു. രാമായണ പാരായണം കഴിഞ്ഞാൽ സന്ധ്യാ നാമവും ചൊല്ലി തൊട്ട് തൊഴുതു പൂജമുറിയിൽ കൊണ്ടുപോയി എല്ലാം ഭദ്രമായി വെക്കും. അപ്പോഴും പുറത്തു മഴ തകർത്തു ആരോടോ വാശിക്ക് എന്നാ പോലെ പെയ്യുന്നുണ്ടാവും... അപ്പോഴേക്കും അമ്മ നല്ല ചക്ക പുഴുക്കോ വയലിൽ വെള്ളം കയറിയപ്പോൾ പറിച്ചെടുത്ത കപ്പയോ ഉണ്ടാവും.. നല്ല ചുട് കട്ടൻ കാപ്പിയോ ചായയോ നല്ല എരിവ് ഉള്ള മുളക് ചമന്തി കൂട്ടി ഒരു പിടി പിടിക്കും. മിക്കവാറും എല്ലാ ദിവസവും ഇത് തന്നെയായിരിക്കും ഉണ്ടാവുക.കർക്കിടകം പഞ്ഞ മാസമാണല്ലോ... ആർക്കും പണിയൊന്നും ഉണ്ടാവില്ല.. അപ്പൊ കഞ്ഞിയും ചക്കയും കപ്പയുമൊക്കെ ആയിരിക്കും ഒട്ടുമിക്ക വീട്ടുകളിലും ഉണ്ടാവുക. എന്റെ വീട്ടിലും മഴക്കാലത്തു എടുക്കാൻ ഉണക്കിയ കപ്പയും അച്ചാറും ഉപ്പിലിട്ട മാങ്ങായുമൊക്കെ സൂക്ഷിച്ചു തട്ടിൻ പുറത്തു വെക്കുമായിരുന്നു. രാത്രിയിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ ഇരുന്നതുമെല്ലാം ഓർക്കുമ്പോൾ ഉള്ളിലൊരു തണുപ്പ് പടർന്നു കയറുന്നു.