Aksharathalukal

വാത്മീകം 1




\"ഒന്നും പറഞ്ഞില്ലിതുവരെ
നീ ഇതാ നമ്മെ കടന്നു പോകുന്നു
മഴകളും മഞ്ഞും വെയിലും വിഷാദവർഷങ്ങളും...\"
                    (കടപ്പാട് )


    പ്രതീക്ഷിക്കാതെ അവളെ കണ്ടപ്പോൾ മനസ്സിൽ ഓടിയെത്തിയത് എന്നോ വായിച്ചു മറവിയിലാഴ്ത്തിയ വരികളാണ്...ഞാനുമായി ഏറെ ബന്ധമുള്ള വരികൾ...വർഷങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു വസന്തവും വേനലും മാറി മറിഞ്ഞിരിക്കുന്നു... ഇന്നും മായാതെ എപ്പോഴും മിഴിവോടെ നിൽക്കുന്നത് ഒന്ന് മാത്രം അവളോട്‌ എനിക്കുള്ള പ്രണയം. പക്ഷെ
  ഇന്ന് എനിക്കറിയാം അവൾ എന്നിൽ നിന്നും ഒരുപാട് അകലെയാണ് ഇന്ന് മാത്രമല്ല അന്നും ഒരുപാട് അകലെയായിരുന്നു ഒരുപാട് അകലെ...

    പലർക്കും പ്രണയം പലതാണു... എനിക്കോ? ഒരിക്കൽ എന്റെ ഹൃദയം മുഴുവൻ വർണ്ണങ്ങൾ വാരി വിതറി എന്നിൽ തന്നെ കത്തിയമർന്ന ഒന്ന്. ഇന്നും അതിന്റെ ചാരവും പുകയും എന്നിലിരുന്നു നീറുന്നുണ്ട്. രാത്രികളിൽ അവയെന്നിൽ തന്നെ വിങ്ങി പുകഞ്ഞു പെരുകാറുണ്ട്....

   ഇന്ന് അവളെ ഇത്ര അടുത്ത് വീണ്ടും കണ്ടപ്പോൾ.അവളുടെ കല്യാണം കഴിഞ്ഞു നാട്ടിൽ നിന്നും പോയിട്ട് പത്തു വർഷം ആകുന്നു. ഇടയ്ക്ക് വന്നു പോകുന്ന വിരുന്നുകാരി മാത്രമായി അവൾ മാറി. ഇടയ്ക്കൊക്കെ നാട്ടിൽ വരുമ്പോൾ അവളെ കാണാറുണ്ടങ്കിലും വീണ്ടും ഒരുമിച്ചൊരു യാത്ര ആദ്യമായിട്ടാണ്...

   അവളുടെ അമ്മയ്ക്ക് ബ്ലഡ്‌ വേണം എന്ന് പറഞ്ഞു കൊണ്ടാണ് ഞങ്ങൾ ഹോസ്പിറ്റലിൽലേക്ക് പോകാൻ തുടങ്ങിയത് അവളും മോനും ഞങ്ങളുടെ കൂടെ ഹോസ്പിറ്റിലേക്ക് വരാൻ  കാറിൽ ഒപ്പം കേറിയിരുന്നു.... ഒര് മാറ്റവും ഇല്ല അന്നും ഇന്നും വായാടി...

    അവളെ കണ്ടപ്പോൾ ആദ്യം നെഞ്ചിൽ ഒര് കൊളുത്തി വലി ആയിരുന്നു. ഹൃദയം മുറിവേല്പിച്ചു കൊണ്ടു ഒരു മുള്ള് ആഴത്തിൽ ഇറങ്ങിയത് പോലെ.അല്ല മുറിഞ്ഞിരുന്ന എന്റെ ഹൃദയം വീണ്ടും ആഴത്തിൽ മുറിവേറ്റു എന്ന് പറയുന്നതാവും ശരി.

   അവൾക്ക് വിഷമം ഉണ്ടാകുമോ?


   അറിയില്ല. ഉണ്ടാകില്ല... അന്നും അവളെന്നെ പ്രണയിച്ചിരുന്നില്ലല്ലോ ഞാനല്ലേ....


    അന്നും ഇന്നും നോവാണെങ്കിലും ആ ഓർമ്മകൾക്കു എന്റെ പ്രാണന്റെ വിലയുണ്ട്.


     അച്ഛന്റെയും അമ്മയുടെയും വേർപിരിയലിനു ശേഷം പ്ലസ് ടു കഴിഞ്ഞപ്പോഴാണ് അമ്മയുടെ നാട്ടിലേക്കു ഞങ്ങൾ വന്നത്. അമ്മയുംരണ്ട് അനിയന്മാരും ഒപ്പം നാട്ടിലേക്കു വരുമ്പോൾ അവിടെ എന്ത് എങ്ങനെ എന്നൊന്നും അറിയില്ലായിരുന്നു. വല്ലപ്പോഴും വിരുന്നു വന്നു പോകുന്നത് പോലെ അല്ലായിരുന്നല്ലോ...


   ഞങ്ങളെ തന്നെ അതിശയിപ്പിച്ചുകൊണ്ട് അവിടുള്ളവർ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. അമ്പലവും ആൽത്തറയും കുളവുമൊക്കെ ഉള്ള തനി നാട്ടിൻപുറമായിരുന്നു അത്.

   അവിടെ പലരിൽ നിന്നും കേട്ടറിഞ്ഞ  പേരായിരുന്നു ആമി. ആദ്യം അവളുടെ പേര് കേട്ടപ്പോൾ പ്രത്യേകത ഒന്നും തോന്നിയിരുന്നില്ല ...പക്ഷെ പലപ്പോഴും പലയിടത്തു നിന്നും ആ പേര് കേട്ടപ്പോൾ അതാരാന്നറിയാനുള്ള ആകാംഷ ഉണ്ടായിരുന്നു...


  നാളുകൾ കടന്നു പോയി അമ്പലവും ആൽത്തറയും അവിടെ ഉള്ള കൂട്ടും ഒക്കെ ആയി ഞാനും വളരെ സന്തോഷത്തിൽ ആയിരുന്നു. ക്ലാസ്സ്‌ കഴിഞ്ഞു ഓടി എത്തുന്നത് അമ്പലത്തിൽ പോകാൻ വേണ്ടി ആയിരുന്നു... അവിടെ ഉള്ളവരും അവരിൽ ഒരാളായി എന്നെ ചേർത്ത് നിർത്തിയപ്പോൾ സന്തോഷമായിരുന്നു.


    ഒര് ശനിയാഴ്ച ആയിരുന്നു അമ്പലത്തിൽ ചുറ്റു വിളക്ക് തെളിയിച്ചു കൊണ്ടിരുന്നപ്പോൾ ആണ് ആരോ ആമിയെ വിളിക്കുന്നത് കേട്ടത്...

   ആമി... നിന്നെ ഇപ്പൊ അമ്പലത്തിൽ കാണാറില്ലലോ...

    പരീക്ഷ തിരക്കിൽ അല്ലെ ചേട്ടാ... അതാണ്‌....

  അയ്യോ അപ്പോ ഉത്സവത്തിന് എന്താ ചെയ്യാ. പ്രാക്ടീസ് ഒന്നും തുടങ്ങീല്ലല്ലോ.ഇ വർഷവും പതിവുപോലെ നിങ്ങളുടെ ഭജനയിലാണ് തുടങ്ങുന്നത്...


      ശനിയും ഞായറും വയ്ക്കോ ദേവേട്ടാ പ്രാക്ടീസ്. അപ്പൊ കുഴപ്പം ഇല്ലല്ലോ...


   അത് നമുക്ക് നോക്കാം. എവിടെ വച്ചാണെന്ന് അഭിയോടോ അരുണിനോടോ പറയാംട്ടോ ആമി..

  ആം...എന്നാൽ ഞാൻ പോവാട്ടോ ഒറ്റയ്ക്കാ വന്നേ ഇരുട്ടിയാൽ പറ്റില്ല....


   ദേവേട്ടനോട് യാത്ര പറഞ്ഞു പോകുന്നവളെ നോക്കി കൊണ്ടു തന്നെ ദേവേട്ടനോട് ചോദിച്ചു. അഭിയുടെയും അരുണേട്ടന്റെയും പെങ്ങൾ ആണോ ആമി....

ആ അഭിയുടെയും അരുണിന്റെയും പെങ്ങളൊക്കെ തന്നെ പക്ഷെ അങ്ങോട്ട് നോക്കിയേ അവിടെ ഇരിക്കുന്നവൻമാരുമായി ഇപ്പൊ തല്ലു തുടങ്ങും. അവൾ ഞങ്ങളുടെ എല്ലാരുടെയും പെങ്ങളാണ് ചന്ദ്രു. അവൾക്കും ഞങ്ങൾ അങ്ങനെ ആണ്...


   ഇപ്പൊ ഇവിടെ അമ്പലത്തിന്റെ പണിയുടെ കുറച്ചു തിരക്കായത് കൊണ്ടല്ലേ,അല്ലെങ്കിൽ ഞങ്ങളുടെ വൈകുന്നേരങ്ങൾ അവിടെ ആണ് അരുണിന്റെയും അഭിയുടെയും പിന്നെ ഞങ്ങളുടെ കാന്താരി ആമിയുടെയും കൂടെ...

  ആമി.... ചുണ്ടുകൾ അവളുടെ പേര് മൊഴിഞ്ഞു....


  ദിവസങ്ങൾ കൊഴിഞ്ഞു പോയ്കൊണ്ടിരുന്നു. ആദ്യത്തെ പ്രാക്ടീസ് വച്ചതു ആമിയുടെ വീട്ടിൽ ആയിരുന്നു...

   ഞങ്ങൾ വൈകുന്നേരം നാലു മണിക്ക് തന്നെ അവിടെ എത്തി പ്രാക്ടീസ് തുടങ്ങിയെങ്കിലും ആമി വന്നിരുന്നില്ല... അവരെ പാട്ട് പഠിപ്പിക്കാനുള്ള അവസരം എനിക്ക് ആയിരുന്നു കിട്ടിയത്...

   പ്രാക്ടീസ് തുടങ്ങി ഒര് മണിക്കൂർ കഴിഞ്ഞപ്പോ ആമിയും, അമ്മുവും കൂടി വന്നു....

  വന്നപ്പോൾ തന്നെ എല്ലാവരോടും അടിയും വച്ചു കലപില കൂട്ടികൊണ്ടായിരുന്നു ആളുടെ വരവ്...
  എന്നാലും എന്റെ ആമി നിന്റെ വീട്ടിൽ പ്രാക്ടീസ് വച്ചപ്പോൾ നീ തന്നെ ലേറ്റാകുന്നോ...

  അതെനിക്ക് വേറെ അത്യാവശ്യം ഉണ്ടായിട്ടല്ലേ.... നിങ്ങളോട് ഞാൻ പറഞ്ഞോ എന്റെ എക്സാം ടൈമിൽ പ്രാക്ടീസ് വയ്ക്കാൻ...

    അതും പറഞ്ഞു അവൾ അകത്തു കയറി പോകുമ്പോൾ എനിക്ക് എന്തുകൊണ്ടോ ദേഷ്യമായിരുന്നു തോന്നിയത്...

  എന്താ ദേവേട്ടാ അവൾ ഇങ്ങനെ, ഇത്രയ്ക്കും അഹങ്കാരത്തോടെ സംസാരിച്ചിട്ട് ദേവേട്ടൻ നിന്നു ചിരിക്കുന്നോ. അവൾക്കു എളുപ്പമാകാൻ വേണ്ടി അല്ലെ അവളുടെ വീട്ടിൽ വച്ചതു...

    അവളു തെറ്റായി ഒന്നും പറഞ്ഞില്ലല്ലോ ചന്ദ്രു. എന്തേലും അത്യാവശ്യം ഉണ്ടായതു കൊണ്ടാവും താമസിച്ചേ. പിന്നെ ഇപ്പോ ഇതിനൊന്നും അവൾക്കു കൂടാൻ പറ്റുന്നില്ലല്ലോ അതിന്റെ ദേഷ്യാണ് കാണിക്കുന്നത്...

  അവൾ എന്ത് പറഞ്ഞാലും ഞങ്ങൾക്ക് ദേഷ്യം വരില്ല ചന്ദ്രു അത് അങ്ങനെയാണ്. നീ ഇവിടെ പുതിയത് അല്ലെ അതാണ് . ഞങ്ങൾ എന്തോരം ഓരോന്ന് പറഞ്ഞു കളിയാക്കി കരയിക്കും എന്നറിയോ അതിനെ എന്നാലും കുറച്ചു കഴിഞ്ഞു ഏട്ടാ എന്ന് വിളിച്ചു ഓടി വരും അരികിൽ. അത് എന്റെ അടുത്ത് മാത്രം അല്ലാട്ടോ എല്ലാരോടും അങ്ങനെയാണ്...


   നിനക്ക് അറിയില്ലേ നന്ദേട്ടനെ. ഞങ്ങൾക്ക് ഒക്കെ എന്ത് ബഹുമാനം ആണന്നറിയാല്ലോ. നന്ദേട്ടൻ ഞങ്ങളെ കളിയാക്കിയ പോലും ആരും തിരിച്ചു ഒന്നും പറയാറില്ല. ആ നന്ദേട്ടനെ പോലും തല്ലു കൂടി തോൽപ്പിക്കും അവള്.അവൾക്കു മാത്രമേ നന്ദേട്ടൻ അതിനുള്ള അവകാശം കൊടുത്തിട്ടുള്ളു...


    ആമി വന്നപ്പോളേക്കും എന്നെ ദേവേട്ടൻ അവൾക്കു പരിചയപ്പെടുത്തി കൊടുത്തു...

എന്നെ നോക്കി ചിരിക്കുന്ന അവളോട് മനസു നിറഞ്ഞു ചിരിക്കാൻ എനിക്ക് തോന്നിയില്ല എന്നതായിരുന്നു സത്യം. ഞാൻ നേരെ ചിരിക്കാത്തത് കൊണ്ടാകും അവളുടെ മുഖം ഒന്ന് വാടിയിരുന്നു...


   പാട്ട് പഠിപ്പിച്ചു തുടങ്ങുന്നതിനു മുന്നേ എല്ലാവർക്കും പാട്ട് സെലക്ട്‌ ചെയ്തു കൊടുക്കാൻ തുടങ്ങിയപ്പോളാണ് നന്ദേട്ടൻ വന്നത്...

  ആമി എല്ലാ വർഷത്തെ പോലെയും ഗണേശസ്തുതി നീ പാടിയാൽ മതിട്ടോ...

      ആമിക്കു ഗണേശ സ്തുതിയുടെ പ്രാക്ടീസ് കൊടുക്കുന്നതിനിടയിൽ മനഃപൂർവമായി തന്നെ അവളെ വരി തെറ്റിച്ചു എന്ന് പറഞ്ഞും രാഗം ശെരിയായില്ല എന്നൊക്കെ പറഞ്ഞും വഴക്ക് പറയുന്നുണ്ടായിരുന്നു...

  പ്രാക്ടീസ് കഴിഞ്ഞപ്പോൾ ആമിയെ വിളിച്ചു പറഞ്ഞു...

  അഭിരാമി ഇവിടെ എല്ലാവർക്കും തന്നെ വല്യ ഇഷ്ടം ആണെന്നു കരുതി പാട്ട് പാടാനുള്ള കഴിവ് ഉണ്ടന്ന് അഹങ്കരിക്കരുത് കേട്ടോ. പ്രാക്ടീസ് ചെയ്തു നേരെ ആക്കാൻ ശ്രമിക്കു...

   അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോളാണ് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് തോന്നിയത്. എനിക്ക് എന്താ പറ്റിയത്. ആ കൊച്ചിനോട് ഞാൻ എന്തിനാ വെറുതെ ഇങ്ങനെയൊക്കെ... ആവോ അപ്പൊ അങ്ങനെ ചെയ്യാനാണ് തോന്നിയത്...


        പുറത്തിറങ്ങിയപ്പോൾ ആരൊക്കെയോ ആമിയോട് ചോദിക്കുന്നത് കണ്ടു എന്താ ആമി എന്താ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നതെന്നൊക്കെ.

അത് കേട്ടു അവൾക്കു ചുറ്റും കൂടുന്നവരെ കണ്ടപ്പോൾ മനസിലായി അവൾ അവർക്ക് എത്ര പ്രിയപ്പെട്ടവൾ ആണെന്ന്...


   അയ്യേ എനിക്കെന്താ ഒന്നുമില്ലല്ലോന്ന് പറഞ്ഞു അകത്തേക്ക് പോകുന്നവളെ കണ്ടപ്പോൾ ഹൃദയം ഒന്ന് തുടിച്ചു പൊങ്ങി.


    പ്രാക്ടീസ് ദിവസങ്ങളിലൊക്കെ ഇത് തന്നെ ആവർത്തിച്ചു... വെറുതെ ആമിയെ കുറ്റപ്പെടുത്തിയും കൂടെ ഉള്ള അമ്മുനെ ഭയങ്കരമായി പുകഴ്ത്തി പറഞ്ഞുമൊക്കെ ദിവസങ്ങൾ കഴിഞ്ഞു പോയി.

ഇതിനോടകം ഞാനും അമ്മുവും നല്ല കൂട്ടായിരുന്നു. അതിലൊക്കെ ഉപരി എന്നെ അതിശയിപ്പിച്ചത് ഞാൻ ഇത്രയൊക്കെ അപമാനിച്ചിട്ടും  എന്നെ കാണുമ്പോൾ അവളുടെ ചുണ്ടിൽ ഒര് ചിരിയുണ്ടാകും....


   അമ്പലത്തിലെ ഉത്സവമൊക്കെ നന്നായി നടന്നു. ആമിക്കു മൂന്ന് പാട്ടോളം ഉണ്ടായിരുന്നു. അമ്മുവും ആമിയും ഉണ്ണിയും ചന്ദുവും ഒക്കെ ആ പരുപാടി അങ്ങ് കൊഴുപ്പിച്ചു എന്ന് പറയുന്നതാകും ശരി.

    ഉത്സവത്തിൽ ഉടനീളം കുരുത്തക്കേട് കാട്ടിയും. ഉത്സവത്തിന് കൂവി വിളിച്ചും നടക്കുന്ന അവളെ കാണുമ്പോൾ എനിക്ക് അത്ഭുതമായിരുന്നു ഇത് എന്തോന്ന് ജന്മം എന്നപോലെ. അതിലൊക്കെ ഉപരി ആമിയുടെ അമ്മയോട് എനിക്ക് ബഹുമാനം തോന്നി. നാട്ടിൻപുറം ആയിരുന്നിട്ടും ഒര് ചട്ടക്കൂടിലും പെടുത്താതെ ഇത്ര സ്വതന്ത്രമായി അവളെ വളർത്തുന്നതിനു. ആ അമ്മയ്ക്ക് ഞങ്ങളോട് ഒക്കെ ഉള്ള സ്നേഹം കാണുമ്പോൾ മനസിലായിരുന്നു ആമിയുടെ  സ്വഭാവം അവളുടെ അമ്മയുടെതാണെന്ന്...

    എല്ലാവരും പറയുന്നതുപോലെ ആമിയെ ഞാൻ മനസിലാക്കുകയായിരുന്നു. മനസിൽ നിറയെ സ്നേഹവും നന്മയും മാത്രം ഉള്ള ആമിയെ...

   ഓരോ നിമിഷവും അവളെന്നിൽ ആഴ്ന്നിറങ്ങുകയാണെന്ന സത്യം അപ്പോഴൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. ആ നാടും നാട്ടുകാരും അവിടെയുള്ള ഏട്ടന്മാരും പിന്നെ എന്റെ ആമിയും ഞാൻ എന്റെ നെഞ്ചോട് ചേർത്തുകഴിഞ്ഞിരുന്നു.

    തുടരും....