Aksharathalukal

അഗ്നിസാക്ഷി ;ലളിതാബിക അന്തർജനം


സ്വാതന്ത്ര്യപൂര്‍വ കാലഘട്ടത്തില്‍ സാമൂഹികമാറ്റത്തിനുവേണ്ടി ശക്തമായി തൂലിക ചലിപ്പിച്ച മലയാള ചെറുകഥാകൃത്തുക്കളില്‍ പ്രമുഖയാണ് ലളിതാംബിക അന്തര്‍ജനം. ലളിതാംബിക അന്തർജ്ജനം രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് അഗ്നിസാക്ഷി. ബ്രാഹ്മണ സമുദായത്തിലെ ഒരു സ്ത്രീയുടെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളിലൂടെയാണു കഥ പുരോഗമിക്കുന്നത്. ഭാര്യയിൽ നിന്ന് സ്വാതന്ത്ര്യ സമര സേനാനിയും പിന്നീട് സന്യാസിനിയായും മാറുന്ന നായികയുടെ കഥയാണിത്. കഥാകാരിയുടെ തന്നെ അഭിപ്രായത്തിൽ ഏതാണ്ട് നാൽപ്പതു വർഷക്കാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ പരിവർത്തനങ്ങളുടെ ഓർമ്മക്കുറിപ്പുകൂടിയാണ് ഈ നോവൽ.                
                  അഗ്നിസാക്ഷി എന്ന പദത്തിന് ഭാര്യ എന്ന് അര്‍ഥം. അഗ്നിയെ സാക്ഷിനിര്‍ത്തി പരിണയിച്ചവള്‍ എന്ന് താല്‍പര്യം. നമ്പൂതിരി സമുദായത്തില്‍ വിപ്ളവം സൃഷ്ടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പി.കെ.പി. നമ്പൂതിരി എന്ന പുരോഗമനാശയക്കാരന്‍െറ സഹോദരിയായി സ്വാതന്ത്ര്യത്തിന്‍െറ കാറ്റേറ്റ്, വായനയുടെയും സ്വതന്ത്രചിന്തയുടെയും ലോകത്ത് വളര്‍ന്ന ദേവകിക്ക്, മാനമ്പിള്ളി ഇല്ലത്തെ ഉണ്ണിനമ്പൂതിരിയുമായുള്ള വിവാഹത്തിലൂടെ ആ ഭൂതകാലജീവിതത്തോട് വിടപറയേണ്ടിവരുന്നു.
              ദുഷ്ടനോ സ്നേഹശൂന്യനോ ഭീരുവോ ആയ ഭര്‍ത്താവായിരുന്നില്ല ഉണ്ണിനമ്പൂതിരി. അച്ഛന്റെ മകളായ തങ്കത്തിന്റെയും അനുജന്‍ നമ്പൂതിരിയുടെയും വിദ്യാഭ്യാസത്തിന്‍െറ കാര്യത്തിലും മറ്റും സ്വതന്ത്രനിലപാട് എടുക്കുന്നതിനുള്ള ധീരത അദ്ദേഹം കാണിക്കുന്നുമുണ്ട്. എന്നാല്‍, സ്വന്തം വ്യക്തിജീവിതത്തില്‍ ആചാരങ്ങളില്‍നിന്ന് അണുവിടമാറാന്‍ അദ്ദേഹം തയാറായില്ല. പൂജയും മന്ത്രവും സ്വന്തം ജീവിതചര്യയായി സ്വീകരിച്ച് സ്വയംപീഡനം നടത്താന്‍ തയാറായപ്പോള്‍, പത്നിയും ആ പീഡനത്തിനിരയാകുന്നത് കര്‍മഫലം എന്ന് ന്യായീകരിക്കാനാണ് അദ്ദേഹം തുനിഞ്ഞത്. 
               നീണ്ട നിബിഡമായ കണ്‍പീലികളുള്ള, മാന്തളിര്‍ നിറമുള്ള, ചുരുണ്ട മുടിയുള്ള യുവതിയായി ഇല്ലത്തേക്ക് കയറിവന്ന ദേവകിയുടെ ജീവിതവും സ്വപ്നങ്ങളും തകര്‍ക്കപ്പെടുന്നതുകണ്ട് അസ്വസ്ഥയായി മാറിയ തങ്കത്തിന് ഏട്ടത്തിയോട് തോന്നിയ സ്നേഹവും അനുകമ്പയും ആരാധനയായി മാറുന്നു. ഏട്ടത്തിക്ക് ഒരിറ്റ് പരിഗണനയും സ്നേഹവും നല്‍കാന്‍ അവള്‍ ഉണ്ണിയേട്ടനോട് യാചിച്ചു. സഹികെട്ടപ്പോള്‍ ദേവകി ദാമ്പത്യമുദ്രയായ ചെറുതാലിയും മണിയും മടക്കിക്കൊടുത്ത് ഇല്ലം വിട്ടിറങ്ങി. ചേട്ടന്‍െറ മാതൃക സ്വീകരിച്ച് സാമുദായിക പരിഷ്കരണശ്രമങ്ങളില്‍ ഏര്‍പ്പെട്ട അവര്‍ ഗാന്ധിശിഷ്യയായി ദേശീയപ്രസ്ഥാനത്തില്‍ എത്തിപ്പെട്ടു. ദേവിബഹന്‍ എന്ന പേരില്‍ ഉത്തരേന്ത്യയിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകയായി മാറി. എന്നാല്‍, ഒരിടത്തും അനീതിയോട് രാജിയാകാനോ പൊരുത്തപ്പെടാനോ അവര്‍ തയാറായില്ല. ഗാന്ധിയുടെ മരണാനന്തരം ആശ്രമത്തിന്‍െറ നടത്തിപ്പിലുണ്ടായ മാറ്റം അവിടംവിടാന്‍ അവര്‍ക്ക് പ്രേരണയായി. തുടര്‍ന്ന് ആത്മീയമാര്‍ഗത്തിലേക്കുതിരിഞ്ഞ അവര്‍ സ്വാമി ശുദ്ധാനന്ദജിയുടെ ശിഷ്യത്വം സ്വീകരിച്ച് സുമിത്രാനന്ദ എന്ന പേരില്‍ സന്യാസിനിയായി മാറി. 
              വര്‍ഷങ്ങള്‍ക്കുശേഷം തങ്കം ഗംഗാതീരത്ത് വെച്ച അവരെ കാണുന്നിടത്താണ് നോവല്‍ ആരംഭിക്കുന്നത്. അതിനകം ഉണ്ണിയേട്ടന്‍ മരിച്ചിരുന്നു. പൗത്രി ദേവുവിനെക്കൊണ്ട് ഉദകക്രിയ ചെയ്യിക്കുന്നതോടൊപ്പം, ഏട്ടത്തിയെ കാണുകയാണെങ്കില്‍ ചേട്ടന്‍ തന്നിരുന്ന താലിയും ചരടും അവരെ ഏല്‍പിക്കണമെന്ന മോഹവും തങ്കത്തിനുണ്ടായിരുന്നു. ചേട്ടത്തിയെ കാണാനും അത് ഏല്‍പിക്കാനുമുള്ള ഭാഗ്യം തങ്കത്തിനുണ്ടായി. ചേട്ടത്തിയാകട്ടെ ആ സ്വര്‍ണത്താലി മുന്നില്‍ എരിഞ്ഞുകൊണ്ടിരുന്ന അഗ്നികുണ്ഡത്തിലേക്ക് ഇടുകയാണ് ചെയ്തത്. മാലിന്യം പോയി ശുദ്ധീകരിച്ച ആ സ്വര്‍ണത്തരി ഉരുക്കിയിടിച്ച് പുതിയതെന്തെങ്കിലും പണിയൂ എന്ന നിര്‍ദേശത്തോടെ അവര്‍ ദേവുവിന്‍െറ കൈയില്‍ വെക്കുന്നിടത്താണ് നോവല്‍ അവസാനിക്കുന്നത്. പൊതുജീവിതത്തില്‍ സാക്ഷ്യംവഹിക്കേണ്ടിവന്ന യഥാര്‍ഥ സംഭവങ്ങള്‍ ഭാവനയുടെ നിറക്കൂട്ടില്‍ ചിത്രീകരിച്ചാണ് അന്തര്‍ജനം ഈ നോവലിന് ജന്മംനല്‍കിയത്.
             ഒരേ സമയം ഒരു വ്യക്തിയുടെ കുടുംബ ചരിത്രം പറയുമ്പോൾ തന്നെ ഒരു കാലഘട്ടത്തെ കുറിച്ച് വളരെ വ്യക്തമായി അഗ്നിസാക്ഷിയിൽ പറയുന്നുണ്ട്. അന്നത്തെ സാമൂഹിക അന്തരീക്ഷം വ്യക്തമാക്കുമ്പോൾ തന്നെ ഒതുങ്ങി നിൽക്കുന്നവളെന്ന് കരുതപ്പെടുന്ന ഒരു സ്ത്രീയുടെ ചിന്തകളെ വളരെ തുറന്നു പറയാനും ശ്രമിക്കുന്നു. ഒരു പ്രത്യേക സമുദായത്തിന്റെ കഥയാണെങ്കിൽ കൂടിയും കാലം വളരെ വ്യക്തമാണീ നോവലിൽ, അതുകൊണ്ട് തന്നെ സ്വകാര്യ ചിന്തകളുള്ള ഒരു നോവൽ എന്ന് കരുതി ഒഴിച്ച് നിർത്താവുന്ന ഒന്നല്ല ഇത്, മറിച്ചു സാമൂഹിക പ്രസക്തിയും കാലിക പ്രസക്തിയുള്ള ഒരു നോവൽ തന്നെയാണ്. ഇന്നത്തെ കാലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ നോവലിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഊർജ്ജം വളരെ വലുതാണ്‌. അന്നത്തെ ജീവിതമോ സാങ്കേതികതയോ ഒന്നുമല്ല ഇന്ന്, പക്ഷേ ചില ജീവിതങ്ങൾ ഇപ്പോഴും നക്ഷത്രങ്ങളായിരിക്കും, കാലത്തിന്റെ മാറ്റത്തിനു വഴിയൊരുക്കാൻ ചിലർക്ക് കഴിയും. അത്തരം ഒരു നക്ഷത്രമായി ഈ നോവലിനേയും ലളിതാംബിക അന്തർജ്ജനത്തെയും കണക്കാക്കാം.