കുങ്കുമച്ചോപ്പണി-
ഞ്ഞാനന്ദധാരയിൽ പുളകിതരാവുന്നു
മാമലകൾ!
മായാമയൂരങ്ങൾ
പീലി വിരിച്ചപോൽ,
കാനനച്ചോലകൾ
കണ്ടു നീളേ...
നാണം കുണുങ്ങുന്ന
ഹേമന്തസുന്ദരി
മാരിവിൽ വർണങ്ങൾ
ചൂടി നിന്നൂ.
ഉല്ലാസതുന്ദില
മന്ദഹാസങ്ങളാൽ
പരിലസിച്ചീടും
മനോഹരിയാൾ!
പൂക്കാതെ പൂക്കുന്ന, മാമരച്ചില്ലക-
ളാരാമശ്രീ തൂവും
നിറമാലയായ്!
കുഞ്ഞിളം തെന്നലി-
ലുലയുന്ന ചില്ലകൾ,
മർമര സംഗീതം
മീട്ടി നിൽപ്പൂ...
ശിശിരത്തെ ഹൃദ്യമായ്
വരവേൽക്കാനിത്രമേ-
ലഴകിൻ നിറക്കൂട്ട-
ണിഞ്ഞൊരുങ്ങി!
സീമന്തരേഖയിൽ
സിന്ദൂരമണിയവേ,
ഹേമന്ത സന്ധ്യ
തരളിതമായ്.
നിറകുട സൗന്ദര്യ
മുഗ്ധലാവണ്യമോ,
കല്പാന്തകാലത്തിൻ
ദൂതികയോ?
ഹേമന്ത കാലമേ
നിൻ മോഹവല്ലിയിൽ
മാദകരാജികളാര്
നൽകി?
നയനമനോഹര
ദൃശ്യങ്ങളിമ്മട്ടിൽ
ചെമ്മേ വിരാജിച്ചു
നിൽപ്പു നീളേ...
കൺകോണിലൂറിയ
താവക സൗന്ദര്യ-
മാവോളം മൊത്തി-
ക്കുടിച്ചു ഞാനും...
സൗന്ദര്യപ്പട്ടിൻ
പുതപ്പിൽ ദലങ്ങളും കൊഴിയുവാനായി-
ട്ടൊരുങ്ങുകയോ?
ഞെട്ടറ്റു വീഴുന്നിലകൾ
തൻ തേങ്ങലിൽ
കരൾ നൊന്ത്
മാഴ്കിയോ, ശാഖികളും?
ചാരം വിതറിയ
നീരദപ്പൊയ്കയി-
ലഭിരാമിയായി നീ
നോക്കി നിൽക്കേ..
ആസ്യഭാവങ്ങളിൽ
ശോകം നിറച്ചു നീ
ആയുസ്സിന്നന്ത്യം
കുറിക്കയായോ?
നാണത്തിൽ മൂടുന്ന
നഗ്നശിഖരങ്ങൾ
നീഹാരമാലകൾ
കാത്തിരിപ്പൂ...
✍️ഷൈലാ ബാബു©