Aksharathalukal

Bus Conductor 4 ( Final part)

എന്റെ സ്റ്റോപ്പ് എത്തിയപ്പോൾ ഞാൻ ഇറങ്ങി. ഹോസ്റ്റലിൽ കേറി ബാഗ് വെച്ചപ്പോൾ ആയിരുന്നു ഫോൺ ശ്രദ്ധിച്ചത്. കീരി വാസുവിന്റെ മെസ്സേജ്. എത്തിയോ എന്ന്. ദൈവമേ മിണ്ടാൻ അവസരം ഉണ്ടാക്കുവാണോ കാട്ടുകോഴി.

\"തെറ്റുദ്ധരിക്കണ്ട. 12.30 ക്ക് ഇറങ്ങിയതല്ലേ. അപ്പോൾ എത്തിയോ എന്ന് അറിയാൻ മെസ്സേജ് അയച്ചതാ.\" ഞാൻ മെസ്സേജ് കണ്ടെന്നു മനസ്സിലായപ്പോൾ പിന്നാലെ അടുത്ത മെസ്സേജും വന്നു. ഞാൻ പറഞ്ഞില്ലേ. മനസ്സ് വായിക്കുന്ന യന്ത്രം എന്തോ കയ്യിലുണ്ട്.

\"ഉം. എത്തി. \" എന്റെ ഉത്തരം ഞാൻ അവിടെ ഒതുക്കി.

\"ഓക്കേ \" തിരിച്ചും മെസ്സേജ് വന്നു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

പിന്നെ അങ്ങോട്ട്‌ ടൗണിൽ പോകുമ്പോഴൊക്കെ ശില്പ ബസ്സിൽ തന്നെ പോകാൻ ഞാൻ ശ്രമിച്ചു. അതേപോലെ തിരിച്ചു വരാനും. എപ്പോൾ കണ്ടാലും ചിരിക്കും എന്തേലും ചെറിയ കുശലം പറച്ചിൽ.

അങ്ങനെ ഇരിക്കുമ്പോഴാണ് ഒരിക്കൽ ശില്പ ബസ്സ്‌ കോളേജിന്റെ മുന്നിൽ നിന്നും ആക്‌സിഡന്റ് ആയെന്ന് ഒരുത്തി വന്നു പറയണത്. അവൾ അത് സാധരണ പോലെ പറഞ്ഞതാണെങ്കിലും എന്റെ നെഞ്ചോന്ന് ആളി. വസുവിനെ വിളിക്കണോ വേണ്ടയോ എന്ന് ആലോചിച്ചു നിന്നു. വാട്സ്ആപ്പ് എടുത്തു നോക്കിയപ്പോൾ ഓൺലൈൻ കണ്ടപ്പോൾ കുറച്ചു സമാധാനം തോന്നി.

\"ബസ്സ്‌ ആക്‌സിഡന്റ് ആയെന്ന് കേട്ടു. ചേട്ടൻ ഓക്കേ ആണോ?\" ഞാൻ മെസ്സേജ് അയച്ചു.

\"അയ്യോ അത് ഒരു ചെറിയ ആക്‌സിഡന്റ് ആയിരുന്നു. ഒരു ബൈക്ക് റോങ് സൈഡ് വന്നു. ഹെൽമെറ്റ്‌ വെച്ചത് കൊണ്ട് കയ്യിൽ കുറച്ചു പരിക്ക് അല്ലാതെ കാര്യമായി അയാൾക്ക് ഒന്നും പറ്റിയില്ല. അല്ല താൻ എങ്ങനെ അറിഞ്ഞു?\" അങ്ങേര് അപ്പോൾ തന്നെ റിപ്ലൈ തന്നു.

പിന്നെ ഞാൻ അതിനു മറുപടി കൊടുത്തു. വേറെ കുറെ ചോദ്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വന്നു. ചുരുക്കി പറഞ്ഞാൽ ഞങ്ങൾ ചാറ്റിങ് തുടങ്ങി. ആദ്യം കുറവായിരുന്നുവെങ്കിലും പിന്നെ അത് കൂടി കൂടി വന്നു. അവസാനം സമയം കിട്ടുമ്പോഴൊക്കെ മെസ്സേജ് അയക്കുമെന്ന അവസ്ഥയായി.

ഇനി അങ്ങേർക്കും എന്നോട് വല്ലതുമൊക്കെ കാണുമോ? ആൾ നല്ല താല്പര്യത്തോടെയാണ് മെസ്സേജ് ഒക്കെ അയക്കുന്നത്. വിശേഷങ്ങളൊക്കെ പറയുന്നത്. ഒരു പുഞ്ചിരിയോടെ ഇതൊക്കെ ആലോചിച്ചു ഫോൺ ബെഡിൽ വെച്ചതും കണ്ടത് എന്നെ ചുഴിഞ്ഞു നോക്കുന്ന മിത്രയെയാണ്.

\"എന്താണ് മോളെ ഒരു ചിരിയൊക്കെ? ഇതിപ്പോ കുറച്ചായി ഞാൻ ശ്രദ്ധിക്കുന്നു. ആരോടാ ഈ ചാറ്റിങ്?\" അവൾ ചോദിച്ചു. 

വസുവിനോടാണെന്ന് ഞാൻ അതിന് മറുപടി പറഞ്ഞു.

\"എടി, നിന്റെ പോക്ക് ഇതെങ്ങോട്ടാ?\" അത് കേട്ടപ്പോൾ അവൾ പേടിയോടെ ചോദിച്ചു.

\"എന്ത് പോക്ക്?\" ഞാൻ നിഷ്കളങ്കത വാരി തൂവി ചോദിച്ചു.

\"ദേ പെണ്ണെ. ചുമ്മാ നാടകം കളിക്കാതെ. കാര്യം പറ നിനക്ക് അയാളെ ഇഷ്ടമല്ലേ?\"

അവൾ അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് എന്ത് പറയണമെന്ന് അറിയാതെയായി. കാര്യം ഒരു ഇഷ്ടമൊക്കെ ഉണ്ട്. പക്ഷെ അയാളെ പറ്റി എനിക്ക് ഒന്നും തന്നെയറിയില്ല. വിശ്വാസമാണ്. പക്ഷെ അതെ സമയം എന്താകുമെന്ന് പേടിയുമുണ്ട്. കോഴി ആയിരിക്കുമോ? ചതിയൻ ആയിരിക്കുമോ? വസുവിന്റെ മുഖം ഓർത്തപ്പോൾ ഏയ്‌ അങ്ങനെ ഒന്നും ആയിരിക്കില്ലെന്ന് തോന്നി. എന്നാലും ഇപ്പോഴത്തെ കാലമല്ലേ. അറിയാവുന്നവരെ പോലും വിശ്വസിക്കാൻ പറ്റില്ല. ഞാൻ ഒന്നും മിണ്ടാതെ അവളെ പകച്ചു നോക്കി നിന്നുപോയി.

\"എടി, ഞാൻ ഒരു കാര്യം പറയട്ടെ. ഒരു ബസ്സിൽ ഒരു ദിവസം കുറഞ്ഞത് 100 പെൺപിള്ളേർ എങ്കിലും കേറുന്നുണ്ടാകും. പോട്ടെ നമ്മൾക്ക് ഒരു 50 കൂട്ടാം. ഈ കണ്ടക്ടർമാർ ഇതിൽ 25 എന്നതിനെ എങ്കിലും ട്രൈ ചെയ്യും. അതിൽ 10 എണ്ണം തിരിച്ചു റെസ്പോണ്ട് ചെയ്യും. അതിൽ അയാൾക്ക് മിനിമം 5 കാമുകിമാർ കാണും. അതിൽ അവസാനം ഒരുത്തതിയുമായി ഒളിച്ചോടും. ബാക്കി നാല് പേരും അയാളെ ആലോചിച്ചു ഇരുന്നത് മാത്രം മിച്ചം.\" അവൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് എന്തോ വിഷമമായി.

\"അങ്ങനെ ജനറലൈസ് ചെയ്യണോ? എടി ഇത്രേം തവണ ബസ്സിൽ കയറിയിട്ടും വസു അങ്ങനെ വേറെ ഒരു പെണ്ണിനോടും സംസാരിച്ചു ഞാൻ കണ്ടിട്ടില്ല. ഇത് ഞാൻ ആയിട്ട് അങ്ങോട്ട്‌ മെസ്സേജ് അയച്ചു ചാറ്റിങ് തുടങ്ങിയതാ. കോഴിയാണെന്ന് എനിക്ക് തോന്നുന്നില്ല. \"

\"എടി, ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. നീ അധികം പ്രതീക്ഷ വെച്ചിട്ട് അവസാനം വിഷമിക്കാൻ ഇടവരുതെന്ന് ഓർത്തിട്ടാ. സ്ഥിരം കാണുന്നവരോട് എങ്ങനെയാ എന്ന് അറിയണമെങ്കിൽ സ്കൂൾ കോളേജ് പിള്ളേരുള്ള സമയത്ത് കേറി നോക്കണം. അപ്പോൾ കുറച്ചെങ്കിലും കോഴിയാണോ എന്ന് മനസ്സിലാക്കാൻ പറ്റും.\" അവൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്കും അതിൽ കാര്യമുണ്ടെന്ന് തോന്നി. അന്ധമായി ഒരാളെ സ്നേഹിക്കുന്നതിൽ അർത്ഥമില്ലല്ലോ.

എന്തയാലും ടൗണിലെ ഒരു കോളേജിൽ പ്രോജെക്ടിന്റെ കാര്യത്തിന് എക്യുപ്പ്മെന്റസ് ഉപയോഗിക്കാൻ മൂന്നു ദിവസത്തേക്ക് പോകണം. അപ്പോൾ പിന്നെ പോകുന്നതും വരുന്നതും ശില്പ ബസ്സിൽ തന്നെ ആയിക്കോട്ടെ എന്ന് വിചാരിച്ചു.

മൂന്നു ദിവസം പോയി. പക്ഷെ കീരി വാസു കോഴി വാസുവാണെന്ന് തോന്നാനും മാത്രമുള്ള ഒന്നും തന്നെ ഉണ്ടായില്ല. പെൺപിള്ളേരോട് സൊള്ളുന്നതോ നേരെ ചൊവ്വേ മിണ്ടുന്നതു പോലും കണ്ടില്ല. മാത്രമല്ല ഇങ്ങോട്ട് കൊഞ്ചാൻ വരുന്ന പെൺപിള്ളേരെ തെല്ലു പോലും ആള് ശ്രദ്ധിക്കുന്നത് പോലുമില്ല.

നാലാം ദിവസം കുറച്ചു കഴിഞ്ഞുള്ള ഓട്ടത്തിലാണ് ഞാൻ കേറിയത്. 10.30 സമയം. പെട്ടി സീറ്റ് കിട്ടി അവിടെ ഇരുന്നു. 

\"ഇന്ന് രാവിലെ കണ്ടില്ലലോ?\" എന്നെ കണ്ട ഉടൻ വസു വന്നു ചോദിച്ചു.

\"ഞാൻ പറഞ്ഞില്ലായിരുന്നോ പ്രോജെക്ടിനു വേണ്ടിയാണെന്ന്. ആ പണി തീർന്നു. ഇന്ന് ടൗണിലേക്ക് തന്നെ പോകുന്നതാ.\"

അവൻ ഓക്കേ എന്നും പറഞ്ഞു പോയി. ടൗണിലെ ബസ്സ്‌ സ്റ്റാൻഡിൽ എത്തിയപ്പോൾ എല്ലാരും ഇറങ്ങിയിട്ടായിരുന്നു ഞാൻ ഇറങ്ങിയത്. 

\"അതെ... നമ്മൾക്ക് ഒരു ചായ കുടിച്ചാലോ?\" ഞാൻ ഇറങ്ങിയതും ബസ്സിന്റെ മുന്നിൽ നിൽപ്പുണ്ടായ അവനോട് ചോദിച്ചു. ഇനി കുറച്ചു കഴിഞ്ഞേ ഓട്ടമുള്ളുവെന്ന് എനിക്ക് അറിയാമല്ലോ. അവൻ സംശയിച്ചു നിന്നു.

ഡ്രൈവർ ചേട്ടനാണേൽ അവനെ നോക്കി പോ പോ എന്ന് ആക്ഷൻ കാണിച്ചു.

\"ജാട ഇടാതെ വാ ചേട്ടാ.\" ഞാൻ അത് പറഞ്ഞപ്പോൾ ഒരു ചിരിയോടെ ആള് കൂടെ പോന്നു.വീണ്ടും എന്റെ അധികാര ഭാവം. ഞാൻ എന്താണാവോ ഇങ്ങനെ.

ഞങ്ങൾ അടുത്തുള്ള കടയിൽ കേറി രണ്ടു ചായയും പറഞ്ഞു സംസാരിച്ചിരുന്നു.

\"അല്ല ഇന്നെന്താ ടൗണിലേക്ക്?\" വസു ചോദിച്ചു.

\" തിങ്കളാഴ്ച എന്റെ പിറന്നാളാ. അപ്പോൾ ഡ്രെസ് എടുക്കാൻ വന്നതാ.\"

\"ഒറ്റക്കേ ഉള്ളുവോ? മിത്രയില്ലേ?\" ഇതിനോടകം തന്നെ എന്റെ വിശേഷം പറച്ചിലിൽ നിന്നും അവളെ വസുവിനു നന്നായി അറിയാം.

\"അവൾ ഇന്ന് ലീവെടുത്തു വീട്ടിൽ പോയി. നാളെ ശനി അല്ലേ.\"

\"അല്ല താൻ പോണില്ലേ വീട്ടിൽ?\"

\"മം. പോണം പിറന്നാൾ ഉള്ളതല്ലേ. പോയില്ലേൽ അത് മതി. നാളെ രാവിലെ പോകും ഞാൻ. പിന്നെ ചൊവ്വാഴ്ചയേ വരുള്ളൂ.\"

അപ്പോഴേക്കും ഞങ്ങൾ ചായ കുടിച്ചു കഴിഞ്ഞിരുന്നു. ഞാൻ എത്ര പറഞ്ഞിട്ടും സമ്മതിക്കാതെ വസു ചായയുടെ കാശു കൊടുത്തു.

\"അതെ ബുദ്ധിമുട്ടില്ലെങ്കിൽ എന്റെ കൂടെ ഡ്രസ്സ്‌ എടുക്കാൻ വരുമോ? എനിക്ക് ഇവിടെ കടകൾ ഒന്നും അധികം അറിയില്ല. അനിയത്തിക്ക് ഡ്രസ്സ് എടുത്തു പരിചയമുണ്ടോ?\" വിട്ടു പോകാൻ മനസ്സ് വരാത്തത് കൊണ്ട് ഞാൻ ചോദിച്ചു.

\"എനിക്ക് ഇനി 12.30ക്കെ ഓട്ടമുള്ളു. ഞാൻ വരാം. ഇവിടെ നല്ല കട ഒരെണ്ണമുണ്ട്. അവിടെ പോകാം.\"

ഞങ്ങൾ അങ്ങനെ കടയിൽ പോയി. ഞാൻ പെട്ടന്ന് എടുക്കാൻ നോക്കി. അങ്ങേരുടെ പോകാനുള്ള സമയം കൂടെ നോക്കണമല്ലോ. അങ്ങേര് തിരക്ക് കൂട്ടേണ്ട എന്നൊക്കെ പറയുന്നുണ്ട്. എന്നാലും ഞാൻ കേട്ടില്ല.

ഞാൻ ഒരു ഡ്രെസ്സുമെടുത്ത് ട്രയൽ റൂമിൽ കേറി ഇട്ടുനോക്കി ഇറങ്ങി.

\"കൊള്ളാമോ?\" ഞാൻ ചോദിച്ചു.

അവനു അത്ര ഇഷ്ടമായില്ലെന്ന് തോന്നുന്നു. ആ ഭാവം കണ്ടാൽ അറിയാം.

\"തനിക്ക് ഇഷ്ടമായോ?\" അവൻ ചോദിച്ചു. സത്യം പറഞ്ഞാൽ എനിക്ക് അത്രക്ക് അങ്ങ് ഇഷ്ടമായില്ല. പിന്നെ നോക്കി എടുക്കാൻ സമയം കളയണ്ട എന്നും കരുതി കണ്ടതിൽ ഭേദം തോന്നിയത് എടുത്തതാ.

\"താൻ സമയം ഇല്ലെന്ന് കരുതി പെട്ടന്ന് എടുക്കാൻ നിക്കണ്ട. ഞാൻ അവരോട് വിളിച്ചു പറയാൻ നിക്കുമ്പോഴേക്കും ഇങ്ങോട്ട് സുധി(ഡ്രൈവർ ചേട്ടൻ ) വിളിച്ചു. വൈകുന്നേരം മാത്രമേ അങ്ങോട്ട് ചെല്ലാവൂ എന്നാ ഓർഡർ.\" അവൻ ചിരിയോടെ പറഞ്ഞപ്പോൾ ഞാനും ചിരിച്ചു. വീണ്ടും എന്റെ മനസ്സറിഞ്ഞു അവൻ.

പിന്നെ നമ്മൾ സമാധാനത്തിൽ ഡ്രെസ് എടുത്തു. ഉച്ചക്ക് ഒരുമിച്ചു ഫുഡ്‌ കഴിച്ചു. എന്റെ പിറന്നാൾ ട്രീറ്റ് എന്നും പറഞ്ഞു അവനെ ബില്ല് കൊടുക്കാൻ സമ്മതിച്ചില്ല.

അതും കഴിഞ്ഞ് വൈകുന്നേരം ബീച്ചിലും പോയി. അന്നത്തെ ദിവസം നമ്മൾ നന്നായി ആസ്വദിച്ചു. അവസാനം അവനോട് ബൈ പറഞ്ഞു ബസ്സ്‌ ഇറങ്ങി പോകുമ്പോൾ വല്ലാത്തൊരു സന്തോഷവും പിരിഞ്ഞു പോകുന്നതിന്റെ വിഷമവും എന്നിൽ നിറഞ്ഞു. ഞാൻ കൈവിട്ടു പോയെന്ന് എനിക്ക് തന്നെ മനസ്സിലായി. മിത്ര അറിഞ്ഞാൽ എന്താണാവോ പറയാൻ പോകുന്നത്. ഞാൻ അവളെ വിളിച്ചു എല്ലാം പറഞ്ഞു. അവൾ കാര്യമായി എന്തോ ഒന്നും പറഞ്ഞില്ല. ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് ഓർത്താണോ എന്തോ. അവന്റെ നാട്ടിൽ കൂടെ ഒന്നു അന്വേഷിക്കാൻ പറഞ്ഞു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഞാൻ തിങ്കളാഴ്ച വൈകുന്നേരം തന്നെ എത്തി. ശിൽപ്പയിൽ കേറാതെ ഇരിക്കാൻ ശ്രദ്ധിച്ചു. വസുവിന്റെ നാട്ടിൽ ചെന്നു. നാട്ടുകാരോട് കസിനു കല്യാണലോചന എന്നും പറഞ്ഞു അന്വേഷിച്ചു. അവിടെയും അവനു നല്ല പേര് മാത്രം. കണ്ടോ എന്റെ വൃത്തികെട്ട മനസ്സിന് മാത്രമാ അവനെ സംശയം. എന്തായാലും വന്നതല്ലേ. വീടും കൂടെ കാണാമെന്ന് വിചാരിച്ചു. അവൻ എന്തായാലും ബസ്സിൽ ആയിരിക്കുമല്ലോ. വീട് കുറച്ചു ദൂരത്തു നിന്നും കണ്ടു. തരക്കേടില്ലാത്തൊരു ചെറിയ രണ്ട് നില വീട്. വീട് കണ്ടു തിരിഞ്ഞതും നേരെ മുൻപിൽ അതാ കീരി വാസു.

\"നീ എന്താ ഇവിടെ?\"

\"അത്... ഞാൻ..\" ഞാൻ നിന്ന് പരുങ്ങി.

\"നീ എന്താ ഇവിടെ വിഥു?\" ആദ്യമായാണ് എന്നെ അങ്ങനെ വിളിക്കുന്നത്. വേറെ വല്ല സമയത്തും ആയിരുന്നെങ്കിൽ ഞാൻ സന്തോഷിച്ചേനെ ഇതിപ്പോ എന്താണാവോ ഭാവം.

\"അത് പിന്നെ ചേട്ടാ... ചേട്ടന് എന്റെ മട്ടും ഭാവത്തിലും നിന്ന് മനസ്സിലായെന്ന് കരുതിയതാ. എന്നാലും പറയാം. എനിക്ക് ചേട്ടനെ നല്ല ഇഷ്ടമാണ്. എങ്ങനെയാ എന്താ എന്നൊന്നും ചോദിച്ചാൽ എനിക്ക് അറിയില്ല. പിന്നെ അറിയാത്ത നാട്. അറിയാത്ത ആള്. വിശ്വാസമില്ലാഞ്ഞിട്ടല്ല എന്നാലും ഞാൻ പറ്റിക്കപ്പെടരുതല്ലോ. അതുകൊണ്ടാ ചേട്ടനെ പറ്റി അന്വേഷിക്കാമെന്ന് വിചാരിച്ചത്. ചുരുങ്ങിയ പക്ഷം കല്യാണം കഴിഞ്ഞില്ലെന്ന് എന്നോട് പറഞ്ഞതെങ്കിലും സത്യമാണോ എന്ന് അറിയണമല്ലോ. സോറി.\" ഞാൻ അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ വസു ദേഷ്യപ്പെടും പിണങ്ങും എന്നൊക്കെയാ കരുതിയെ. പക്ഷെ അങ്ങേരുടെ മുഖത്തു ഒരു പുഞ്ചിരിയായിരുന്നു.

\"ഇതിപ്പോ താൻ കുറ്റസമ്മതം നടത്തിയതാണോ അതോ എന്നെ പ്രൊപ്പോസ് ചെയ്തതാണോ?\" അങ്ങേർ കുസൃതിയോടെ ചോദിച്ചു.

\"അതിപ്പോ എങ്ങെനെ വേണെങ്കിലും എടുക്കാം. ഇഷ്ടമാണെങ്കിൽ പ്രൊപ്പോസ് ചെയ്തതായി കൂട്ടിക്കോ. അല്ലെങ്കിൽ കുറ്റസമ്മതമായി കണ്ടു ക്ഷമിക്കുക. \" ഞാനും കുസൃതയോടെ പറഞ്ഞു.

അതിന് മറുപടി എന്നോണം വസു എന്റെ ഇടത് കയ്യിൽ വലതുകയ്യാൽ പിടിച്ചു.

\"എനിക്ക് ഇഷ്ടമാണ് വിഥു. താൻ പറഞ്ഞത് പോലെ എപ്പോഴാ എന്താ എന്നൊന്നും അറിയില്ല. എന്നോട് ഇത്രേം അധികാരത്തോടെ വീട്ടുകാരല്ലാതെ ഇതുവരെ പെരുമാറിയിട്ടില്ല. എപ്പോഴോ താൻ എന്റെ മനസ്സിൽ കേറി. തന്റെ സൗഹൃദത്തെ പ്രണയമായി കാണുന്നതാകാമെന്ന് ഞാൻ കുറെ പറയാൻ നോക്കിയിട്ടും എന്റെ മനസ്സ് എന്നെ കേട്ടില്ല.\" അതും പറഞ്ഞു അവൻ എന്റെ കയ്യിൽ മുത്തി. ഞാൻ അതിന് മറുപടിയെന്നോണം വസുവിനെ ഇറുക്കെ കെട്ടിപിടിച്ചു. ഒന്നു പകച്ചെങ്കിലും അവൻ തിരിച്ചും എന്നെ പുണർന്നു.

ഇനി ഇതിന്റെ പരിയവസാനം എന്താകുമെന്നൊന്നും അറിയില്ല. എന്തായാലും വരുന്നിടത്തു വെച്ച് കാണാം. അത്ര തന്നെ.



(അവസാനിച്ചു )