വീരഭദ്രൻ ഭദ്രയുടെ കയ്യിൽ മുറുകെ പിടിച്ചു...അവന്റെ കയ്യുടെ ശക്തി കൊണ്ട് അവളുടെ കയ്യിൽ വേദനിച്ചു തുടങ്ങി...
ബഹളം കേട്ട് നാട്ടുകാർ തടിച്ചു കൂടി..പൊടുന്നനെ വീരഭദ്രൻ നോക്കുമ്പോൾ അവന്റെ കയ്യിൽ ആരോ ആഞ്ഞു പിടിച്ചിട്ടുണ്ടായിരുന്നു... അവൻ തലയുർത്തി നോക്കിയപ്പോൾ ഇടത്തോട്ട് മുണ്ടുടുത്ത് വെള്ള ഷർട്ട് കയ്യ്മുട്ട് വരെ മടക്കി വച്ച്..കഴുത്തിൽ ഏലസ്സും കയ്യിൽ പച്ച കുത്തിയ അടയാളവുമായി സജ്ജാദ് നിൽക്കുന്നു...അവന്റെ കണ്ണിലെ ദേഷ്യം ഇരട്ടിച്ചിരുന്നു...
\" ഇപ്പോ നീ അവളുടെ ദേഹത്ത് നിന്ന് കയ്യെടുത്തില്ലെങ്കിൽ പിന്നെ ശേഷക്രിയ ചെയ്യാൻ പോലും നിന്റെ ശരീരം ഞാൻ ബാക്കിവച്ചേക്കില്ല \" സജ്ജാദ് പരുക്കൻ ശബ്ദത്തിൽ പറഞ്ഞു
\" ഇവളെ ഞാൻ നിനക്ക് വിട്ട് തരണമായിരിക്കും ഇനി അതു കൂടിയെ ബാക്കിയുള്ളൂ...നിന്നെയും ഇവളേയും ചേർത്തു കേൾക്കുന്ന കഥകൾ കൊണ്ട് തന്നെ ഞങ്ങളുടെ കുടുംബം നാണം കെട്ട് നിൽക്കുകയാണ്...പിന്നെ ഞങ്ങൾ ആങ്ങളയും പെങ്ങളും തമ്മിൽ നൂറുകൂട്ടം പ്രശ്നങ്ങൾ ഉണ്ടാകും അതിൽ അഭിപ്രായം പറയാൻ നിനക്ക് എന്ത് അർഹതയാടാ ഉള്ളത് ..\"
\" എന്റെ അർഹത നീ അല്ല തീരുമാനിക്കുന്നത്...പെങ്ങളുടെ മനസ്സറിയുന്ന ഒരു ആങ്ങളയാണ് നീയെങ്കിൽ കൂടെ നിന്ന് ചതിച്ചവനെ തിരിച്ചറിയണമായിരുന്നു...
ഭദ്രയെ ഞാൻ കൊണ്ട് പോകുന്നു വാശിക്ക് വേണ്ടി പറഞ്ഞതല്ല..ഞാൻ താലികെട്ടിയ ഭാര്യയായിട്ട് തന്നെയാ..അവൾക്ക് സമ്മതമാണെങ്കിൽ പിന്നെ ആരുടേയും സമ്മതം എനിക്ക് ആവശ്യമില്ല..\" സജ്ജാദ് വീരഭദ്രന്റെ കയ്യ് തട്ടി മാറ്റി ഭദ്രയുടെ കയ്യിൽ പിടിച്ചു..
ഭദ്ര സജ്ജാദിന്റ കൂടെ പോവാൻ തുടങ്ങിയതും..
\" അവന്റെ കൂടെ പൊയ്ക്കോ പക്ഷേ ഇനി അങ്ങു സുഖിച്ചു ജീവക്കാമെന്ന് നീ കരുതേണ്ട \"
അവൾ ഒന്നവിടെ നിന്നു..എന്നിട്ട് വീരഭദ്രന്റെ മുഖത്തേക്ക് നോക്കി...
\" ഇത്രയൊക്കെ ഏട്ടൻ പറഞ്ഞ സ്ഥിതിക്ക് ഞാൻ ഒന്നും മിണ്ടാതെ നിൽക്കുന്നതിൽ അർത്ഥമില്ലാതായി പോകും.. സജ്ജാദ് പറഞ്ഞതൊക്കെ സത്യമാണ്...ഞങ്ങൾ തമ്മിൽ സ്നേഹത്തിലാണ്..ഞങ്ങൾ ഒരുമിച്ച് ജീവിക്കുക തന്നെ ചെയ്യും..ഞങ്ങളെ ഇല്ലാതാക്കാൻ ഏട്ടന് പറ്റുന്നതൊക്കെ ഏട്ടൻ ചെയ്തോ \"
അതും പറഞ്ഞു ഭദ്ര സജ്ജാദിന്റ കൂടെ അവിടെ നിന്ന് ഇറങ്ങി..
________________________
വഴിവക്കിലെ ശിവക്ഷേത്രമെത്തിയപ്പോൾ ആയിരുന്നു താൻ ഭദ്രയുടെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടെന്ന് സജ്ജാദ് ഓർത്തത്..അവൻ പെട്ടെന്ന് അവളുടെ കയ്യിൽ നിന്ന് പിടിവിട്ടു..അവൾ പതുക്കെ നടത്തത്തിന്റെ വേഗത കുറച്ചു..ശ്രീകോവിലിന്റെ വശത്തുകൂടിയുള്ള പടിവാതിലിന്റെ അടുത്തെത്തിയപ്പോൾ അവൾ അവിടെ നിന്നു..
\" എല്ലാം എന്റെ ഏട്ടന്റെ മുൻപിൽ വാദിച്ചു ജയിക്കാൻ വേണ്ടി പറഞ്ഞതാണെന്ന് എനിക്കറിയാം.....\" അവളുടെ മുഖം കരയാൻ വേണ്ടി വിങ്ങിപൊട്ടി നിൽക്കുന്ന കാർമേഘം മൂടിയ ആകാശം പോലെയായ് മാറി..
അവൻ അവളുടെ അടുത്ത് ചെന്നു.. അവളുടെ കവിളിൽ കയ്യ് കൊണ്ട് സ്പർശിച്ചു തന്റെ വിരലുകൾ ചേർത്തു വച്ച് അവളുടെ കണ്ണിൽ നിന്ന് ഒഴുകി വന്ന കണ്ണുനീരിനെ തുടച്ചു നീക്കി....എന്നിട്ട് ഈറൻ അണിഞ്ഞു നിൽക്കുന്ന അവളുടെ കണ്ണുകളിലേക്ക് നോക്കി..
\" വെറുതെ വാദിച്ചു ജയിക്കാൻ പറഞ്ഞ കള്ളമല്ല നീ അവിടെ കേട്ടത്...
നിന്നെ ഇതിന് മുമ്പ് ആരെങ്കിലും ഇത്രമേൽ പ്രണയിച്ചിട്ടുണ്ടോ എന്നറിയില്ല... പക്ഷേ ഒന്നുറപ്പാണ് നിന്നെയല്ലാതെ മറ്റാരെയും ഞാനിത്ര ഭ്രാന്തമായി സ്നേഹിച്ചിട്ടില്ല…ഈ ലോകത്തുള്ള ഒന്നിന് വേണ്ടിയും നിന്നെ ഞാൻ ഉപേക്ഷിക്കില്ല....\"
അവൻ പോക്കറ്റിൽ താലി കോർത്തു വച്ച കരിമണിമാല കയ്യിലെടുത്തു...
\" തന്റെ ജീവന്റെ പാതി ഇല്ലെങ്കിൽ താൻ ഇല്ലെന്ന് പറഞ്ഞ മഹാദേവനെ സാക്ഷിയാക്കി ഈ തമ്പുരാട്ടി കുട്ടിയെ ഞാൻ സ്വന്തമാക്കുന്നു.... \" അവൻ അവളുടെ കാതുകളിൽ മന്ത്രിച്ചു കൊണ്ട് താലി കെട്ടി..
സജ്ജാദിന്റ വാക്കുകൾ കേട്ട് ഭദ്രയുടെ മനസ്സ് നിറഞ്ഞു...അവൻ അവളുടെ കഴുത്തിലേക്ക് അണിയിച്ച ആ താലി അവൾ കയ്യിലെടുത്തു പ്രാർത്ഥിച്ചു..
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...
ക്ഷേത്രത്തിന്റെ മുന്നിൽ കത്തിച്ചു വച്ച കൽവിളക്കിന്റെ അടുത്ത് തളികയിൽ പാർവതി ദേവിക്ക് നേദിച്ചു വച്ച കുംകുമം അവൻ അവളുടെ നെറ്റിയിൽ തൊട്ട് കൊടുത്തു...അപ്പോൾ പുഷവൃഷ്ടി പോലെ അടുത്തുള്ള മരത്തിൽ നിന്ന് പൂക്കൾ അവർക്ക് മേൽ പൊഴിഞ്ഞു വീണു..അവൻ അവളെ നെഞ്ചോട് ചേർത്തു നിർത്തി..അവന്റെ നെഞ്ചിടിപ്പിന്റെ താളം അവളുടെ കാതുകളിൽ അലയടിച്ചു...
അപ്പോഴേക്കും വിനയനും സുലൈമാനും അവിടെയെത്തി.. അമ്പലത്തിലെ തിരുമേനി കൊണ്ടു വന്ന തുളസിമാല വിനയൻ അവർക്ക് കൊടുത്തു രണ്ട് പേരും അത് പരസ്പരം കയ്യ് മാറി..
________________________
സജ്ജാദിന്റ ഉമ്മയേയും ഉപ്പയേയും കണ്ട് അനുഗ്രഹം വാങ്ങണമെന്ന് ഭദ്ര വാശി പിടിച്ചു..തുളസിമാല കഴുത്തിലിട്ട സജ്ജാദിനേയും ഭദ്രയേയും കണ്ടപ്പോൾ നബീസു പെട്ടെന്ന് വീട്ടിൽ നിന്ന് പുറത്തേക്ക് വന്നു...
നബീസുവിന്റെ അനിയത്തിയുടെ മക്കളായ ഫാത്തിമയും അനുജൻ ഉമ്മറും അവിടെ ഉണ്ടായിരുന്നു...
നടന്നതെല്ലാം നേരത്തെ അറിഞ്ഞ ഉമ്മർ സജ്ജാദിന്റ അടുത്തേക്ക് നടന്നു നീങ്ങിയ നബീസുവിനെ പിടിച്ചു മാറ്റി..
\" ഇക്കാക്ക ഇങ്ങട്ട് കേറണ്ട..ഷാഹിറെനെ പോലും മറന്നിറ്റ് ഇങ്ങനെ ഒരു നിക്കാഹ് അത് വേണ്ടെനു..ഈടത്തെ ആരും ഇങ്ങളെ ആരും അല്ലല്ലോ...\" അവൻ സജ്ജാദിന്റെ നേർക്ക് വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു
\" ഉമ്മ ഞങ്ങളോട് ക്ഷമിക്കണം ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റാണെന്നറിയാം..എല്ലാം അറിഞ്ഞപ്പോൾ ഞാൻ ഒഴിഞ്ഞുമാറാൻ നോക്കിയിട്ടേ ഉള്ളു.. എന്നാൽ ഇദ്ദേഹത്തിന്റെ സ്നേഹത്തിന് മുൻപിൽ എനിക്ക് തോറ്റ് കൊടുക്കേണ്ടി വന്നു.. ഉമ്മാന്റെ ഈ മോൻ ഉള്ളത് കൊണ്ടാണ് ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത് അത് വെറും നന്ദി വാക്കിൽ ഒതുക്കി തീർക്കാൻ ആവില്ല...\" ഭദ്ര നബീസുവിന്റെ കയ്യ്കൾ കൂട്ടി പിടിച്ചു കൊണ്ട് ചോദിച്ചു
\" ആരുടെ മുന്നിലും വരാതെ ഞങ്ങൾ എവിടെ എങ്കിലും ജീവിച്ചോളാം പക്ഷേ ഉമ്മാന്റെയും വാപ്പാന്റെയും അനുഗ്രഹം ഉണ്ടാകണം എനിക്കും ഇവൾക്കും \" സജ്ജാദ് ഇടറിയ ശബ്ദത്തിൽ ചോദിച്ചു
\" ഉമ്മറെ..ഇവൻ ഇന്റെ മോനാ..അങ്ങനെ ആരും ഇല്ലാണ്ട് ജീവിക്കേണ്ട ആൾ അല്ല എന്റെ കുട്ടി...രണ്ടാളും കേറി ബാ \" നബീസു ഉമ്മറിനെ നോക്കി പറഞ്ഞു എന്നിട്ട് അവരെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയി..
_________________________
ഈ സമയം അബ്ദുള്ളയുടെ വീട്ടിൽ.. എല്ലാം അറിഞ്ഞ അബ്ദുള്ള ആളെ അയച്ചു അബൂബക്കർ സാഹിബിനെ വിളിപ്പിച്ചിരുന്നു..അവിടെ അബ്ദുള്ളയും.. അയാളുടെ ഭാര്യയുടെ അനുജൻ ഇസ്മൈലും..പള്ളിയിലെ ഉസ്താദ് അസൈൻകുട്ടി ഹാജിയാരും ഉണ്ടായിരുന്നു..
\" എന്ത് ഇമാറാന്ന് സാഹിബെ ഇങ്ങളെ ചെക്കനുള്ളത്.... പെണ്കുട്ട്യോളെ കാണുമ്പോ കണ്ണ് മഞ്ഞളിക്കുന്ന പ്രായത്തിൽ തോന്നുന്ന തോന്ന്യാസത്തിന് ഇങ്ങളും കൂടി കൂട്ട് നിക്കെന്ന് \" ഇസ്മൈൽ ചോദിച്ചു
\" ഈ കണ്ട കാലം ബെരെ ഞമ്മളെ മതത്തിൽ ആരും മറ്റൊരു മതത്തിലിന്ന് പെണ്ണിനെ നിക്കാഹ് കയിച്ചിട്ടില്ല .....ഓന്റെ പെണ്ണന്നയല്ലേ ഈ നിക്കുന്ന ഷാഹിറയും ഓൾക്ക് ഇല്ലാത്ത എന്ത് മൊഞ്ചാണ് അന്റെ മോൻ ആ ശേഖരന്റെ മോളെ മൊത് കണ്ടത്..ഇയ്യ് പഴയതൊന്നും അങ്ങനെ മറക്കാൻ പാടില്ലെന്നു \" അബ്ദുള്ള പറഞ്ഞു
\" ഇക്ക ഓൻ എന്റെ സമ്മതം ഇല്ലാണ്ട് ആണ് ഇതൊക്കെ ചെയ്തേ ഓനെ ഞാൻ വീട്ടിക്ക് കേറ്റും എന്ന് ഇങ്ങൾക്ക് തോന്നുന്നുണ്ടാ...\"
\" ഓനെ നീ വീട്ടിക്ക് കേറ്റുഓ എറക്കി ബിഡുഓ എന്തോന്ന് ബെച്ചാ ചെയ്യ്തോ പക്കെങ്കിൽ ഞമ്മള് ഒന്ന് പറയാ ഓളെയും ഓനെയും ഒന്നിപ്പിച്ചാ അന്റെ ഷംസീറിന് ഖബറിൽ പോലും സ്വസ്ഥത കിട്ടൂല.. \" അബ്ദുള്ള പറഞ്ഞു
\" ഇക്കാ അതുങ്ങൾ തിരിച്ചു വന്നത് ഞമ്മക്ക് അനുകൂലായിറ്റെ വരൂ..ഇപ്പോ ഇങ്ങളെ മോന്റെ വീടരല്ലേ ഓള് അതോണ്ട് ഓൻ പറഞ്ഞാൽ ഓൾക്ക് കേക്കാണ്ട് നിക്കാൻ പറ്റൂല അത് ബയ് ആ ശേഖരന്റെ മോനോട് ഞമ്മക്ക് കൊറേ കണക്കും തീർക്കാലോ \" ഇസ്മൈൽ പറഞ്ഞു
\" അതെന്നെന്ന് അല്ലാണ്ട് ഇങ്ങൾ ആലോയിച്ചു നോക്ക് സാഹിബേ ഓരുക്ക് ഉണ്ടാകുന്ന കുട്ടിനെ ഓര് ഏത് മതത്തിൽ ബളർത്തും എന്ന് പറ..ഇങ്ങൾ ഇപ്പൊ ഒടക്ക് ഇണ്ടാക്കാൻ പോണ്ട ഓര് വീട്ടി വന്നിട്ടുണ്ടാകും ബാക്കി എല്ലാം ഇങ്ങള് ഓനെ പറഞ്ഞു മനസ്സിലാക്കാൻ നോക്ക് \"
അസൈൻകുട്ടി ഹാജിയുടെ വാക്കുകൾ കൂടി കേട്ടപ്പോൾ സാഹിബ് പിന്നെ മറ്റൊന്നും ചിന്തിച്ചില്ല..
______________________
സജ്ജാദിന്റ വീട്ടിൽ..സന്ധ്യാ സമയം
അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കി കൊണ്ട് ഭദ്രയോട് കുശാലന്വേഷണങ്ങൾ നടത്തുകയായിരുന്നു നബീസു..
\" ആടത്തെ കാര്യങ്ങൾ എങ്ങനെയെന്ന് ഉമ്മാക്ക് അറിയില്ല പക്ഷേ ഇവിടെ മോൾക്ക് ഒരു കുറവും ഉണ്ടാവില്ല..
ഇയ്യ് ചെക്കൻ എബടെ പോയേ..എടാ സജ്ജാദേ..\"
ശബ്ദം കേട്ട് സജ്ജാദ് മുകളിലുള്ള മുറിയിൽ നിന്ന് താഴേക്ക് വന്നു..
\" എന്താ ഉമ്മ \"
\" നീ ഈ കുട്ടിനെ കൊണ്ടന്നിട്ട് ഇടത്തെ വീട് എങ്കിലും കാണിച്ചു കൊടുത്താ \"
\" അതിനെല്ലാം ഇനി സമയം ഇല്ലേ ഉമ്മ \"
അപ്പോൾ ഉമ്മറത്ത് സാഹിബ് കയറി വന്ന് ചാരു കസേരയിൽ ഇരുന്നു...
സജ്ജാദിനേയും ഭദ്രയേയും താൻ വീട്ടിൽ കയറ്റിയത് അറിഞ്ഞിട്ടും സാഹിബ് ഒന്നും പറയുന്ന കേൾക്കാത്തത് കണ്ട് നബീസുവിനും സംശയമായി ..
\" ഇയ്യും ഇന്റെ പെണ്ണും ഇനി എത്ര ദിവസം ഇബടെ ഇണ്ടാകും \"
\" ഞങ്ങൾ ഇനി ഇവിടെത്തന്നെയല്ലേ വാപ്പ \"
\" എനക്ക് അന്നോട് കുറച്ച് കാര്യം പറയാനിണ്ട് അന്നോട് മാത്രല്ല അന്റെ ഭാര്യേനോടും \"
\" എന്താ വാപ്പ \" ഭദ്ര ചോദിച്ചു
\" പള്ളിയും പട്ടക്കാരും ആയിട്ട് സംസാരിച്ചപ്പോ ഓര് ഒരു കാര്യം പറഞ്ഞ് രണ്ടാളും രണ്ട് മതത്തിൽ നിൽക്കുന്നെനേക്കാൾ നല്ലേ....\"
\" മനസ്സിലായി വാപ്പ ഇനി കേൾക്കണമെന്നില്ല മതം മാറ്റി ഇവളെ കൂടി സമുദായത്തിൽ ചേർക്കാൻ ആയിരുന്നേൽ വാപ്പ ഇത് ആദ്യമേ പറയണമായിരുന്നു \"
\" ഐനിപ്പോ എന്താ മതം മാറിയ നല്ലേ ഇന്റെ കുടുംബത്തിനല്ലേ ഇവള് ഹിന്ദുവും ഇയ്യ് മുസ്ലിമും ആയാ..ഇന്റെ കുട്ടിനെ ഇയ്യ് ഏത് മതത്തിൽ ബളർത്തും.. ഐനെ നീ പള്ളിയിൽ നിസ്കരിപ്പിക്കോ അതോ ക്ഷേത്രത്തിൽ തൊഴാൻ കൊണ്ടോവുഓ ...
എന്താ ഞാൻ ചോയ്ക്കുന്നെന് അനക്ക് മറുപടി ഇല്ലേ...\"
\" വാപ്പ...ഇതുവരെ ഞാൻ വിശ്വസിച്ചതും..എന്റെ മരണം വരെ ഞാൻ വിശ്വസിക്കാൻ പോവുന്നതും എന്റെ മതത്തിലാണ് അത് ഉപേക്ഷിക്കുന്നത് എന്നെ സംബന്ധിച്ച് നട്ടെല്ലില്ലായിയ്മയാണ് അതിന് ഞാൻ തയ്യാറല്ല അങ്ങനെ ഒരു തീരുമാനത്തിന്റെ പുറത്ത് മാത്രമേ ഇദ്ദേഹം എന്നെ ഭാര്യയായ് കാണുമെന്നാണെങ്കിൽ ആ പദവി എനിക്കാവിശ്യമില്ല \"
ഭദ്രയുടെ സംസാരം കേട്ട സജ്ജാദ് പോലും ഒരു നിമിഷം നിശ്ചലമായ് പോയി അവൻ ഭദ്രയെ നോക്കുമ്പോൾ അപമാനം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
\" വാപ്പയുടെ സംസാരം കേട്ടപ്പോ പണ്ട് ഇവിടത്തെ ഉത്സവവും..പെരുന്നാളും ഒരുമിച്ചു നടത്തിയ ശേഖരന്റെ ചങ്ങാതിയായ സാഹിബ് തിരിച്ചു വന്നെന്ന് കരുതി പോയി..പക്ഷേ ഇപ്പോ അബൂബക്കർ സാഹിബ് മതഭ്രാന്തുള്ള വെറുമൊരു മൃഗമായ് മാറികഴിഞ്ഞിരിക്കുന്നു.....
മതം മാറിയാലെ ഇവളെ നിങ്ങൾ ഈ വീട്ടിലേക്ക് സ്വീകരിക്കൂ എന്നാണെങ്കിൽ അങ്ങനെ ഒരു വീട് ഈ സജ്ജാദിന് ആവശ്യമില്ല \"
++++++++++++++++++++
സജ്ജാദും ഭദ്രയും ഇരുട്ട് വീഴുന്നതിന് മുൻപേ വിനയന്റേയും സുലൈമാന്റേയും സഹായത്തോടെ ചെറുവരശ്ശേരിയുടെ കടവത്ത് നിന്ന് തോണിയിൽ കയറി..
\" എടാ..ഇത് വേണോ വാപ്പ എന്തെങ്കിലും പറഞ്ഞെന്ന് കരുതി \"
\" അങ്ങനെ എന്തെങ്കിലുമല്ല സുലൈമാനെ...മതം മാറിയിട്ട് കുടുംബ മഹിമ നിലനിർത്താനുള്ള വാപ്പയുടെ തീരുമാനം എനിക്കൊരിക്കലും അംഗീകരിക്കാനാവില്ല.. ഇവൾ ഭദ്ര ആയിട്ടും ഞാൻ സജ്ജാദായിട്ടും തന്നെ ജീവിക്കും അങ്ങനെ അല്ലാതെ ഞങ്ങൾക്കൊരു ജീവിതമില്ല \" സജ്ജാദ് ഭദ്രയെ ചേർത്തു നിർത്തി കൊണ്ട് പറഞ്ഞു
\" വേഗം ഇറങ്ങിക്കോ അക്കരെയെത്തിയിട്ട്
വിളിക്കണം നിന്റെ ഫോൺ വന്നാൽ അറിയിക്കാൻ പരമു ചേട്ടനെ പറഞ്ഞ് ഏല്പിച്ചിട്ടുണ്ട് \" വിനയൻ തോണിയിലേക്ക് സജ്ജാദിന്റയും ഭദ്രയുടേയും ബാഗും മറ്റും എടുത്തു വച്ചു കൊണ്ട് പറഞ്ഞു
അപ്പോൾ ദൂരെ കാടുകൾക്ക് പിറകിൽ ദിഗംബരനും അവന്റെ സംഘവും ഉണ്ടായിരുന്നു...
\" അണ്ണാ അവരെ വെറുതെ വിടരുത് ഇപ്പൊ തന്നെ തട്ടിക്കളയാം \"
\" അവറ്റകൾ പോകട്ടെ ഭരതാ..
ഭദ്രയെ ആജീവനാന്തകാലം നോവിക്കാനുള്ള
കളമൊരുങ്ങാൻ പോവുകയാണ്...
അവളുടെ സജ്ജാദിന്റെ കണ്ണീര് കണ്ട് സ്വയം ജീവനൊടുക്കാൻ അവൾക്ക് തോന്നും...എനിക്ക് കിട്ടാത്തതൊന്നും ഈ ഭൂമിയിൽ ആരും സ്വന്തമാക്കില്ല..
അതിന് ഈ ദിഗംബരൻ അനുവദിക്കില്ല.. \"
( തുടരും..)