Aksharathalukal

യാത്ര...

അരുണകിരണങ്ങൾ ഭൂമിയിലെത്തും മുമ്പേ യാത്രയാരംഭിച്ചു.അനന്തതയിലേക്കുള്ള ഏകാന്തമായ യാത്ര. വിലാപത്തിന്റെ ആർത്തധ്വനികൾ കാതിൽ വന്നടിച്ചപ്പോൾ തിരിഞ്ഞു നോക്കിയില്ല. സഹിച്ചല്ലേ പറ്റു.ഒന്നുരണ്ട് പേരെ എങ്കിലും വഴിയിൽ പ്രതീക്ഷിച്ചെങ്കിലും ആരെയും കണ്ടില്ല.
  ഞാൻ അറിയാതെ വിദൂരതയിലേക്ക് ദൃഷ്ടി പായിച്ചു. ഇരുവശവും കൂരിരുൾ വന്നു നിറഞ്ഞു താണ്ടവം ചവിട്ടുന്നു. ഇവരെനിക്ക് പരിചിതരാണെങ്കിലും അവരിന്നു എന്നെ അറിയുന്നില്ല. ഒരപരിചിതനെ പോലെ പുച്ഛഭാവം കലർന്നു അവർ എന്നേ നോക്കി പുഞ്ചിരിക്കുന്നു.
    ഞാൻമുമ്പോട്ടുള്ള പ്രയാണത്തിന് തിടുക്കം കൂട്ടി. നാഴികകൾ പലതും പിന്നിട്ടെന്നറിഞ്ഞു.
ഒരടിപോലും നടക്കാൻ കഴിയാത്ത വിധം തളർന്നു തുടങ്ങിയപ്പോൾ എവിടെയോ അല്പം വിശ്രമിച്ചു.ഞാൻഇവിടെഎങ്ങിനെ എത്തപെട്ടുഎന്ന്ചിന്തിക്കുവാൻശ്രമിക്കുകയായിരുന്നു....
     പട്ടണത്തിലെ അറിയപ്പെടുന്ന ഒരു സംഗീതജ്ഞന്റെ മകനായിട്ടായിരുന്നു ജനനം. പക്ഷെ അച്ഛനെപോലെ താൻ സംഗീതത്തെ സ്നേഹിച്ചിരുന്നില്ലല്ലോ. വെറുപ്പും വിദ്വേഷവും ഇടകലർന്ന കുടുംബന്തരീക്ഷം തന്നെ തെറ്റുകളിൽ നിന്നും തെറ്റുകളിലേക്കു തള്ളി വിടുകയായിരുന്നു. മദ്യവും മയക്കുമരുന്നും ഒരാവേശവും ആശ്വാസവും ആയിമാറിയപ്പോൾ സ്വയം രോഗത്തെ വരിച്ചു, സ്വന്തം വിധിയിൽ വെന്തുരുകി......!
    കാലചക്രത്തിന്റെ തിരിച്ചിലിൽ തന്നിലേക്കെത്തിയവർ തെറ്റുകൾ മായ്ക്കാൻ ശ്രമിച്ചു. ഭാര്യ... മക്കൾ.. എല്ലാവരും തനിക്കെത്രപ്രിയപ്പെട്ടവരായിരുന്നു. അവരെ വല്ലാതെ സ്നേഹിച്ചു തുടങ്ങിയപ്പോഴേക്കും വൈകിയിരുന്നു.
പാപഭാരങ്ങൾ പ്രതിഫലം നൽകാൻ എത്തിയപ്പോൾ നിശ്ചലനാകാതെ മറ്റു മാർഗമില്ലെന്നായി. അങ്ങനെ ഇന്നലെ സൂര്യോദയത്തിന് മുൻപ് വപുസിൽ നിന്നു
അന്തമില്ലാത്ത ദുഖത്തോടെ യാത്രയാരംഭിച്ചു.....
      അന്ധകാരത്തിൽ പറന്നെത്തിയ വല്ലാത്ത മുഴക്കം എന്നെ ചിന്തയിൽ നിന്നുണർത്തി
ലക്ഷ്യസ്ഥാനത്തേക്ക് ഇനി അധികം ദൂരമില്ലെന്നു തോന്നി.നാഴികകൾ പിന്നിട്ടപ്പോൾ കൂറ്റൻ പെരുമ്പറ ശബ്ദങ്ങൾ ഞാൻ കേട്ടു. അവിടെക്കടുക്കും തോറും ഏതൊക്കെയോ അവ്യക്ത രൂപങ്ങൾ എന്നെ തുറിച്ചു നോക്കി. പൈശാശികമായ നോട്ടം. എന്റെ സാമിപ്യത്തിൽ അവർ വികൃതമായ എന്തൊക്കെയോ ശബ്ദം പുറപ്പെടുവിച്ചു കൊണ്ടിരുന്നു. പുതിയ അതിഥിയെ ഇഷ്ടപ്പെട്ടു കാണില്ല. ആരായിരിക്കും അവർ? ഒരുപക്ഷെ എനിക്കുമുൻപേ യാത്ര പുറപ്പെട്ടു ലക്ഷ്യസ്ഥാനത്തിൽ എത്തപെടാത്തവരായിരിക്കാം... എന്റെ പ്രയാണത്തിന് തടസം നിൽക്കാൻ അവർ മുതിർന്നില്ല. ഞാൻ യാത്ര തുടർന്നു.....
        കുറച്ചു സമയത്തിന് ശേഷം എനിക്ക്‌ മുൻപേ നടക്കുന്ന രണ്ടുപേരെ കണ്ടു. അവർ എന്നെ എങ്ങോട്ടോ ആനയിക്കുകയാണെന്നു തോന്നി.ഒരുകൂട്ടം ആളുകൾ കൂടിയിരിക്കുന്ന ഒരു സദസിലേക്ക് ആ യാത്ര തുടർന്നു.
         പഴമക്കാരാണെന്നുതോന്നുന്നു.നേതാവായി കൽപ്പിക്കുന്നവൻ ഒരു പീഠത്തിൽ ഗ്രന്ഥപാരായണം നടത്തുന്നു. വിധികല്പനയാണെന്നു മനസിലായി. തന്റെ ഊഴം എപ്പോഴെന്നു ചിന്തിച്ചു ഞാൻ നിന്നു...
      അവസാനം വിധിയെത്തി. എന്നെ തുറിച്ചു നോക്കികൊണ്ട്‌ നേതാവ് പറഞ്ഞു : - "വഴിതെറ്റി വരാനുള്ള സ്ഥലമല്ലിത്. ജീവിതപൂർണനത്തിന് ഇനിയും വർഷങ്ങൾ ബാക്കി ഉണ്ടല്ലോ? എന്തിനു ഇങ്ങോട്ട് വന്നു?
ഉടൻ തിരുച്ചു പോവുക....."!
     എല്ലാം തിരിച്ചു കിട്ടിയ സന്തോഷം നന്ദിവാക്കിൽ അവസാനിപ്പിക്കാൻ നിക്കാതെ തിരിച്ചു നടന്നു.ഭൂമിയിൽ എനിക്ക്‌ ഇനിയും ധാരാളം ദിനങ്ങൾ ബാക്കി വക്കപ്പെട്ടിരിക്കുന്നു. ജീവിത സരണിയെ എത്രയും വേഗം പുൽകാൻ, മൃത്യു ശയനത്തിൽനിന്നുമുണരാൻ ഞാൻ വെമ്പൽ കൊണ്ടു. അപ്പോഴേക്കും കത്തിക്കരിഞ്ഞ എന്റെ ശരീരത്തിന്റെ ഗന്ധം മോക്ഷം തേടി എന്റെ അരികിലെത്തിയിരുന്നു.അശ്രു പൊഴിക്കാൻ കഴിയാതെ വ്യഥയുടെ ഭീമമായ ഭാരവും പേറി ഞാൻ നിന്നു........!