ഭാഗം 5
വിഷ്ണു
വിഷ്ണുവിന്റെ മനസ്സ് വർഷങ്ങൾക്കു മുന്നേ തങ്ങളുടെ ഒക്കെ ജീവിതം മാറ്റി മറിച്ച ആ ദിനത്തിലേക്കു പോയി. അന്ന് തൃക്കുന്നപുഴ തേവരുടെ ഉത്സവം ആയിരുന്നു. ശിവനും താനും പിന്നെ തങ്ങളുടെ കൂട്ടുകാരും ഒക്കെ കൂടി ഉത്സവപറമ്പിലൂടെ അർമാദിച്ചു നടക്കുന്ന സമയം.. പെട്ടെന്നാണ് അവിടുത്തെ അന്തരീക്ഷം ആകെ മാറി മറിഞ്ഞത്.. അമ്പലത്തിലെ കൊട്ടും പാട്ടും ഒക്കെ നിന്നു. ആളുകൾ അങ്ങുമിങ്ങും ഓടുന്നുണ്ട്.. ചിലരൊക്കെ തങ്ങൾ നിൽക്കുന്ന ഭാഗത്തേക്ക് നോക്കുനുണ്ട് എന്തൊക്കെയോ അടക്കം പറയുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ കല്ലുവിന്റെ കയ്യും പിടിച്ചു തങ്ങളുടെ അടുത്തേക്ക് വന്നു.. ശിവനോടും തന്നോടും കൂടെ വരാൻ മാത്രം പറഞ്ഞു. അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒന്നും ചോദിക്കാൻ പോലും ആകാതെ പിടയ്ക്കുന്ന നെഞ്ചുമായി അച്ഛനോടൊപ്പം ചെന്നു.
മാമംഗലത്തെ ജീപ്പിൽ കയറി ഇരിക്കുമ്പോൾ സിറ്റി ഹോസ്പിറ്റലിലേക്ക് ആണെന്ന് മാത്രം മനസിലായി. വിശ്വച്ഛൻ മുന്നിലത്തെ സീറ്റിൽ ഇരിപ്പുണ്ടായിരുന്നു. അപകടം പറ്റിയത് ആർക്കു ആയിരിക്കുമെന്ന് പ്ലസ് ടു വിൽ പഠിക്കുന്ന വിഷ്ണുവിന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.. എട്ടിൽ പഠിക്കുന്ന കല്ലുവിനും അത് മനസിലായി എന്ന് തോനുന്നു.. അവൾ ആ യാത്രയിൽ ഉടനീളം വിഷ്ണുവിന്റെ കൈകളിൽ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു.. ശിവൻ മുറുകിയ മുഖത്തോടെ പുറത്തേക്കു നോക്കിയിരുന്നു. ഓരോ നിമിഷവും തേവരെ വിളിച്ചു ആർക്കും അധികം ആപത്തൊന്നും പറ്റിയിട്ടുണ്ടാവരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ടേ ഇരുന്ന ആ നശിച്ച ജീപ്പ് യാത്ര ഇന്നും വിഷ്ണുവിന്റെ മനസ്സിൽ ഉണ്ട്.
പക്ഷെ പ്രാർത്ഥനകൾ ഒക്കെ വിഫലം ആയിരുന്നു എന്ന് ഹോസ്പിറ്റലിൽ എത്തിയപ്പോഴേ മനസിലായി. ആദ്യം അറിഞ്ഞത് കുഞ്ഞൻ അങ്ങോട്ടേക്ക് കൊണ്ട് വരുന്ന വഴിക്കെ തങ്ങളെ വിട്ടു പോയി എന്ന വാർത്ത ആണ്.. അതറിഞ്ഞു കുഴഞ്ഞു വീണ വിശ്വച്ഛനെ ആരൊക്കെയോ ചേർന്ന് താങ്ങി എടുത്തത് കസേരയിൽ ഇരുത്തി.. കല്യാണി കരയാൻ തുടങ്ങിയിരുന്നു.. ശിവൻ തളർന്നു അവന്റെ അച്ഛന്റെ അടുത്ത് തന്നെ ഒരു കസേരയിലേക്ക് ഇരുന്നു. എപ്പോഴും തല്ലു കൂടിക്കൊണ്ടിരുന്ന തന്റെ കുഞ്ഞനിയൻ ഇനിയില്ല എന്ന് എങ്ങനെ വിശ്വസിക്കും അവൻ? അപ്പോഴും അരുന്ധതിയമ്മയും സീതാമ്മയും എവിടെയെന്നു അന്വേഷിക്കുയായിരുന്നു വിഷ്ണു. അച്ഛൻ തന്നെയും കല്യാണിയെയും കൂട്ടി ICU വിനു മുന്നിലേക്ക് ചെന്നു.. അവിടെ വച്ചാണ് അറിഞ്ഞത്.. അമ്മയും പോയി എന്ന്. കല്ലു തന്നെ കെട്ടിപിടിക്കുന്നതും ഉറക്കെ പൊട്ടിക്കരയുന്നതും വിഷ്ണു അറിയുന്നുണ്ടായിരുന്നു.. അവന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു.. പക്ഷെ തൊണ്ടയിൽ നിന്നും ഒന്നും പുറത്തേക്കു വന്നില്ല.. ശരീരം മൊത്തത്തിൽ ഒരു മരവിപ്പ്.. കുഞ്ഞനും അമ്മയും ഇനിയില്ല എന്നതിനപ്പുറം ഒന്നും അവൻ അറിയുന്നുണ്ടായിരുന്നില്ല.. പക്ഷെ ആ മരവിപ്പിനിടയിലും അവൻ ഒന്ന് മാത്രം കേട്ടു.. ഡോക്ടർ അച്ഛനോട് പറഞ്ഞത്..
\" വീ ആർ റിയലി സോറി.. സീതയേ രക്ഷിക്കാൻ സാധിച്ചില്ല.. ഇവിടെ എത്തിയപ്പോൾ തന്നെ ഒരുപാട് രക്തം നഷ്ടപ്പെട്ടിരുന്നു. കുറച്ചു നേരം മുന്നേ ഇവിടെ എത്തിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് സീതയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചേനെ.. \"
അതിനു ശേഷം ഉള്ള ദിവസങ്ങൾ ഒരു പുക മറ പോലെ മനസ്സിൽ ഉണ്ട്. അരുന്ധതിയമ്മ രക്ഷപെട്ടു എന്നത് മാത്രം ഒരു ആശ്വാസം ആയിരുന്നു. പക്ഷെ അപ്പോഴും അവരുടെ കാലുകളിലെ ചലനശേഷി നഷ്ടപെട്ടത് വീണ്ടും നോവായി അവശേഷിച്ചു.
ആ അപകടത്തോടെ അവർ എല്ലാവരും മാറി പോയി. എപ്പോഴും കളി ചിരികൾ നിറഞ്ഞിരുന്ന ആ രണ്ടു വീടുകളിലും മൂകത തളം കെട്ടി നിൽക്കാൻ തുടങ്ങി. അടുക്കളയിൽ കയറാത്ത, എപ്പോഴും കലപില സംസാരിച്ചു കൊണ്ടിരുന്ന കല്ലുവിന്റെ മാറ്റം ആണ് അവനെ ഏറെ അത്ഭുദപെടുത്തിയത്. എത്ര പെട്ടെന്നാണ് അവൾ ആ വീടിന്റെ ഭരണം ഏറ്റെടുത്തു പക്വത എത്തിയ ഒരു പെണ്ണായി മാറിയത്.. അമ്മ ചെയ്തു കൊടുത്തു കൊണ്ടിരുന്ന അച്ഛന്റെയും ഏട്ടന്റെയും കാര്യങ്ങൾ ചെയ്തു കൊടുക്കാൻ പഠിച്ചത്.. അടുക്കള ഭരണം ഏറ്റെടുത്തത്... അരുന്ധതിയമ്മയെ സ്വന്തം അമ്മയെ പോലെ നോക്കി അവരുടെ മകളായി മാറിയത്. അതിനിടയിൽ അവളുടെ കലപിലയും, കുട്ടിത്തവും എല്ലാം എവിടെയോ പോയി മറഞ്ഞു .
സ്വതവേ കലിപ്പൻ ആയിരുന്നെങ്കിലും ആ അപകടത്തിനു ശേഷം ശിവന്റെ കണ്ണുകളിലെ തിളക്കവും, അവന്റെ പ്രസരിപ്പും എല്ലാം തീർത്തും അപ്രത്യക്ഷം ആയി .. ആകെ എന്തെങ്കിലും സംസാരിക്കുന്നതു പോലും വിഷ്ണുവിനോട് മാത്രം ആയി. ആ അപകടം ആരോ മനഃപൂർവം ഉണ്ടാക്കിയതാണ് എന്ന ചിന്ത അവന്റെ മനസ്സിൽ ഉറച്ചു പോയിരുന്നു. അത് ആരാണെന്നു കണ്ടെത്തുക എന്നത് മാത്രമായി ഊണിലും ഉറക്കത്തിലും അവന്റെ ചിന്ത. അതിനു വേണ്ടി തന്റെ എല്ലാ സ്വപ്നങ്ങളും ഉപേക്ഷിച്ചു പോലീസിന്റെ വേഷം അണിഞ്ഞു.. ഇപ്പോഴും ആ അന്വേഷണം തുടർന്നു കൊണ്ടിരിക്കുന്നു..
ശിവൻ അതിന്റെ ഉത്തരവാദികളെ അന്വേഷിച്ചു നടക്കുമ്പോഴൊക്കെ വിഷ്ണുവിന്റെ മനസ്സ് ആ ഡോക്ടർ പറഞ്ഞ വാക്കുകളിൽ ആയിരുന്നു. കുറച്ചു നേരത്തെ എത്തിയിരുന്നെങ്കിൽ തന്റെ അമ്മ ഇപ്പോഴും ജീവനോടെ ഉണ്ടാവുമായിരുന്നു.. ഒരുപക്ഷെ കുഞ്ഞനും. ഈ നാട്ടിൽ ഒരു നല്ല ഹോസ്പിറ്റൽ ഉണ്ടായിരുന്നെങ്കിൽ ചികിത്സയ്ക്കായി ഇത്ര ദൂരം പോകേണ്ടി വരില്ലായിരുന്നു. തങ്ങൾക്കു സംഭവിച്ച ദുരന്തം ഇനി മറ്റൊരു കുടുംബത്തിനും വരരുത് എന്നവൻ ആഗ്രഹിച്ചു. അതിൽ നിന്നാണ് ഒരു ഡോക്ടർ ആവണം എന്ന തീരുമാനം ഉണ്ടാവുന്നത്. ശിവനോട് മാത്രം ആണ് അത് പറഞ്ഞത്. പക്ഷെ അടുത്ത ദിവസം തന്നെ എൻട്രൻസ് പരീക്ഷക്ക് തയ്യാറെടുക്കാൻ വേണ്ട പുസ്തകങ്ങളുമായി വിശ്വച്ഛൻ വീട്ടിൽ എത്തിയപ്പോൾ ഞെട്ടിപ്പോയി.. കഷ്ടപ്പെട്ട് പഠിച്ചു govt മെഡിക്കൽ കോളേജിൽ തന്നെ സീറ്റ് നേടിയെടുത്തു. ഹോസ്റ്റൽ ഫീസ് അടക്കം എല്ലാം വിശ്വച്ഛൻ ആണ് കൊടുത്തത്. നല്ല മാർക്കോടെ തന്നെ മെഡിസിൻ പഠനം അവസാനിപ്പിച്ചു.
പഠനം കഴിഞ്ഞു തന്റെ നാട്ടിൽ തന്നെ തിരികെയെത്തി ഒരു ക്ലിനിക് ഇടണം എന്നായിരുന്നു വിഷ്ണുവിന്റെ തീരുമാനം. അതിനു വേണ്ട പണം കണ്ടെത്തണം. ഇനിയും വിശ്വച്ഛനെ ബുദ്ധിമുട്ടിക്കാൻ വയ്യ. അച്ഛനോട് ചോദിച്ചു തത്കാലം വീടിന്റെ ആധാരം പണയം വയ്ക്കാം എന്നായിരുന്നു വിഷ്ണു വിചാരിച്ചിരുന്നതു. എന്നാൽ അവിടെയും വിശ്വച്ഛൻ തന്നെ തോൽപിച്ചു കളഞ്ഞു. പഠനം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തി ഒരാഴ്ച കഴിഞ്ഞപ്പോഴേക്ക് വിശ്വച്ഛൻ തന്നെയും വിളിച്ചു പുറത്തു പോയി. റോഡ് സൈഡിൽ മാമംഗലത്തെ ഒഴിഞ്ഞു കിടക്കുന്ന ഒരു കെട്ടിടം ചൂണ്ടി നിന്റെ ക്ലിനിക്കിന് ഈ കെട്ടിടം നന്നാക്കിയെടുത്താൽ പറ്റില്ലെന്ന് ചോദിച്ചപ്പോൾ എത്ര തടയാൻ ശ്രമിച്ചിട്ടും കണ്ണ് നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു.
മാമംഗലം മെഡിക്കൽ ക്ലിനിക് വളരുന്നതിനൊപ്പം വിഷ്ണു ദത്തൻ എന്ന ഡോക്ടറും വളർന്നു. അത്യാവശ്യം എല്ലാ രോഗങ്ങൾക്കും മരുന്ന് കൊടുക്കാൻ പറ്റുന്നുണ്ടെങ്കിലും ഒരു ഹോസ്പിറ്റലിന്റെ അഭാവം നന്നായി അറിയുന്നുണ്ടായിരുന്നു.. ക്ലിനിക്കിന് അതിന്റേതായ പരിമിതികൾ ഉണ്ടല്ലോ? എന്തെങ്കിലും ഒരു test വേണ്ടി വന്നാൽ ടൗണിലെ ലാബിൽ പോകണം, ഒരു സർജറി വേണ്ടി വന്നാൽ ഇപ്പോഴും സിറ്റി ഹോസ്പിറ്റൽ തന്നെ ശരണം. അങ്ങനെയാണ് മാമംഗലം മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ എന്ന ആശയം മുന്നോട്ടു വരുന്നത്. ഹോസ്പിറ്റൽ കെട്ടാനുള്ള സ്ഥലം വിശ്വച്ഛൻ തന്നെ കൊടുത്തു. 50 ശതമാനം ഷെയറും അവരുടെ ആണ്. ബാക്കി 50 ഇൽ 20 ശതമാനം അരുന്ധതിയുടെ അങ്ങള മഹേന്ദ്രന്റെ ആണ്. അത് അയാൾ നിർബന്ധം പിടിച്ചു വാങ്ങിയതാണ്. അയാൾക്ക് ഷെയർ ഉള്ള ഹോസ്പിറ്റൽ ആവുമ്പോൾ അവിടെ വിഷ്ണുവിനെക്കാൾ അധികാരം സഞ്ജുവിന് ഉണ്ടാവുമല്ലോ? ഇതിപ്പോൾ ക്ലിനികിൽ സഞ്ജു വിഷ്ണുവിന്റെ കീഴിൽ ആണ് എന്നൊരു പരാതി മഹേന്ദ്രന് ഇല്ലാതില്ല. പക്ഷെ വിഷ്ണു അതൊന്നും കാര്യമാക്കിയതേ ഇല്ല.. എങ്ങനെ എങ്കിലും അവിടെ ഒരു ഹോസ്പിറ്റൽ വരണം.. തന്റെ നാട്ടിൽ ഉള്ളവർക്ക് നല്ല ചികിത്സ കുറഞ്ഞ ചിലവിൽ കുറഞ്ഞ സമയത്തിനുള്ളിൽ കിട്ടണം.. ചികിത്സ കിട്ടാൻ താമസിച്ചതിന്റെ പേരിൽ ഇനി ഒരു ജീവനും ആ നാട്ടിൽ നഷ്ടപ്പെടാൻ പാടില്ല.. അത് മാത്രമേ വിഷ്ണുവിന് വേണ്ടിയിരുന്നുള്ളു.. പതിയെ ഓർമകൾക്ക് വിരാമം ഇട്ടു കൊണ്ട് അവൻ അടുത്ത പേഷ്യന്റിനെ വിളിച്ചു.
അവസാനത്തെ പേഷ്യന്റ്റിനെയും പറഞ്ഞു വിട്ടു വിഷ്ണു വീട്ടിലെത്തുമ്പോൾ പത്തു മണി.. കല്ലു അവനെയും നോക്കി ഇരിപ്പുണ്ടായിരുന്നു. കഴിക്കാൻ ഇരുന്നപ്പോൾ അവൾ ഇന്ന് ശിവൻ സൈറ്റിൽ പോയി അടി ഉണ്ടാക്കിയതിനെ പറ്റി എന്തോ ചോദിച്ചു. താൻ പറഞ്ഞ മറുപടി കേട്ടു മുഖം വീർപ്പിക്കുന്ന കല്ലുവിനെ കണ്ടപ്പോൾ വിഷ്ണുവിന് ചിരി വരുന്നുണ്ടായിരുന്നു. കിടക്കാൻ ചെന്നപ്പോഴാണ് ഇടയ്ക്കു ശിവൻ വിളിച്ചപ്പോൾ തിരക്കാണെന്നു പറഞ്ഞു കട്ട് ചെയ്തത് ഓർമ വന്നത്. മണി പതിനൊന്നു കഴിഞ്ഞു. അവനും കിടന്നു കാണും.. ഇനി നാളെ വിളിക്കാം.. രാവിലെ മുതൽ ഉള്ള ജോലിയുടെ ക്ഷീണം കാരണം കിടന്നതേ അവൻ ഉറങ്ങി..
******************************************************
ദിവസങ്ങൾ പെട്ടെന്ന് തന്നെ കൊഴിഞ്ഞു പോയ്കൊണ്ടിരുന്നു. അന്ന തൃക്കുന്നപുഴയിൽ എത്തിയിട്ട് ഇപ്പോൾ ഏകദേശം ഒരു മാസം ആവാറായിരിക്കുന്നു. ഗ്രാമവും അവിടുത്തെ രീതികളും ഒന്നും അത്രക്കങ്ങു പിടിച്ചില്ലെങ്കിലും അവൾ അതെല്ലാം ആയിട്ട് അഡ്ജസ്റ്റ് ആവാൻ തുടങ്ങിയിരുന്നു. എല്ലാ ദിവസവും അവൾക്കു ബ്രേക്ക്‌ഫാസ്റ്റ് കൊണ്ട് തരാൻ വരുന്നത് കാരണം അന്ന കല്യാണിയുമായി പതിയെ അടുക്കാൻ തുടങ്ങിയിരുന്നു. കാപ്പി തരാൻ വരുമ്പോഴൊക്കെ പത്തു മിനിട്ടോളാം അന്നയോടു സംസാരിച്ചിട്ടാണ് അവൾ കോളേജിലേക്ക് പോവുക. ഞായറാഴ്ച ദിവസങ്ങളിൽ കോളേജ് ഇല്ലാത്തതു കൊണ്ട് ചിലപ്പോ കുറച്ചധികം നേരം അവർ സംസാരിച്ചു ഇരിക്കും. അന്നയ്ക്ക് അവിടെ ഒരു കൂട്ട് കിട്ടിയത് അവളുടെ പപ്പക്കും മമ്മിക്കും ഒരു ആശ്വാസമായി തോന്നി. കല്യാണിയുമായി അന്നയോടൊപ്പം ഒന്ന് രണ്ടു തവണ അവർ വീഡിയോ കാളിൽ സംസാരിച്ചിരുന്നു.. അവളിലൂടെ ആണ് അന്ന മാമംഗലത്തു കാർക്കും അവളുടെ വീട്ടുകാർക്കും സംഭവിച്ച അപകടത്തെ കുറിച്ചൊക്കെ അറിയുന്നത്. പെട്ടെന്നൊരു ദിവസം പ്രതീക്ഷിക്കാതെ തങ്ങളുടെ പ്രിയപെട്ടവരെ നഷ്ടപെട്ട അവരോടു അന്നയ്ക്ക് സഹതാപം തോന്നി. ഇതിനിടയിൽ കിഷോറിന്റെ മെസ്സേജുകൾ പല തവണ വന്നു, അനു ഒന്നുരണ്ടു തവണ വിളിക്കുകയും ചെയ്തു. പക്ഷെ അന്ന കിഷോറിനു തിരിച്ചു മെസ്സേജ് അയക്കാനോ, അനുവിന്റെ കാൾ അറ്റൻഡ് ചെയ്യുകയോ ചെയ്തില്ല.. മുംബൈയിൽ വച്ചു താൻ അടച്ചു പോന്ന അധ്യായങ്ങൾ ഒക്കെ അടഞ്ഞു തന്നെ ഇരിക്കട്ടെ എന്നവൾ തീരുമാനിച്ചു.
ഹോസ്പിറ്റലിന്റെ പണിയും ഇതിനിടക്ക് കാര്യമായി നടന്നു പൊയ്ക്കൊണ്ടിരുന്നു. അന്ന തന്റെ ജോലിയിൽ മിടുക്കി ആയിരുന്നത് കൊണ്ട് പെട്ടെന്ന് തന്നെ അവൾക്കു കാര്യങ്ങൾ തന്റെ രീതിയിലേക്ക് കൊണ്ട് വരാൻ സാധിച്ചു. അതിനാൽ സാമൂവൽ അടക്കം ഉള്ള സൈറ്റിലെ ജോലിക്കാരുടെ അംഗീകാരവും അവരുടെ സപ്പോർട്ടും പെട്ടെന്ന് പിടിച്ചു പറ്റാൻ അന്നയെ കൊണ്ട് സാധിച്ചു. സൈറ്റിൽ ഇടയ്ക്കിടയ്ക്ക് പണിയുടെ കാര്യങ്ങൾ അന്വേഷിക്കാൻ മാമംഗലത്തു നിന്നും പലരും വന്നു പോവാറുള്ളത് കൊണ്ട് അവരെയും അവൾ പരിചയപെട്ടിരുന്നു. കലിപ്പന്റെ അച്ഛനും ശങ്കരേട്ടനും മിക്ക ദിവസങ്ങളിലും അവിടെ വരും. അവർ രണ്ടു പേരും നല്ല സ്നേഹമുള്ള മനുഷ്യർ ആണെന്ന് ഇതിനോടകം അന്നയ്ക്ക് ബോധ്യം വന്നിരുന്നു. കലിപ്പനും സൗമ്യനും ഈ പറഞ്ഞ പോലെ ഇടയ്ക്കു വരാറുണ്ട്. കലിപ്പൻ വന്നാൽ അവളെ മൈൻഡ് ഒന്നുമില്ല.. നേരെ സാമൂവൽ അച്ചായന്റെ അടുത്ത് പോയി കാര്യങ്ങൾ അന്വേഷിക്കും. സൗമ്യൻ അവളോട് ചിരിക്കും, ഹോസ്പിറ്റലിന്റെ കാര്യങ്ങളും ഒപ്പം അവളോടും കുശലന്വേഷണം നടത്തും.
\" ഇത് കടിക്കുമോ? \"
ഒരു ദിവസം അവളെ കലിപ്പിച്ചു നോക്കി സാമൂവൽ അച്ചായന്റെ അടുത്തേക്ക് പോകുന്ന ശിവനെ നോക്കി കൊണ്ട് അന്ന രണ്ടും കല്പിച്ചു വിഷ്ണുവിനോട് ചോദിച്ചു..
\" ഓ..അവൻ അങ്ങനാ.. ആരുമായി അങ്ങനെ പെട്ടെന്ന് അടുക്കില്ല.. അടുത്ത് കഴിഞ്ഞാൽ പിന്നെ അവരെ ഒരിക്കലും വിടുകയുമില്ല.. \"
വിഷ്ണു ചിരിച്ചു കൊണ്ട് പറഞ്ഞു. കലിപ്പന്റെ ഈ സ്വഭാവത്തെ കുറിച്ച് കല്യാണിയിൽ നിന്നും അന്ന നേരത്തെ തന്നെ കേട്ടിട്ടുണ്ടായിരുന്നു. കല്യാണിയുടെ സംസാരത്തിൽ നിന്നും അവൾക്കു കലിപ്പനോട് എന്തോ ഉള്ളത് പോലെ അന്നയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതൊരു വൺ സൈഡ് ഇഷ്ടം മാത്രം ആണെന്ന് മനസിലായത് കൊണ്ട് ഇനി താനായിട്ട് ചോദിച്ചു അവൾക്കു വിഷമം ആവണ്ട എന്ന് കരുതി അന്ന ചോദിക്കാൻ നിന്നിട്ടില്ല എന്ന് മാത്രം. അവരെ കൂടാതെ ഇടയ്ക്കു മഹേന്ദ്രനും സൈറ്റിൽ വരുമായിരുന്നു. കല്യാണിയിൽ നിന്നും ഈ മഹേന്ദ്രൻ കലിപ്പന്റെ അമ്മാവൻ ആണെന്ന് അന്ന മനസിലാക്കി. അയാളുടെ മകൻ സഞ്ജു ഡോക്ടർ ആണെന്നും സൗമ്യന്റെ കൂടെ ക്ലിനിക്കിലാണ് ജോലി ചെയ്യുന്നതെന്നും കല്യാണി അവളോട് പറഞ്ഞു. അത് പോലെ അയാളുടെ മകൾ സ്വാതി യേ ആയിരിക്കും കലിപ്പൻ ഒരുപക്ഷെ കല്യാണം കഴിക്കുക എന്ന് കൂടി കല്യാണി അവളോട് പറഞ്ഞു. അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ നിറഞ്ഞ വിഷാദവും അന്നയ്ക്ക് കാണാമായിരുന്നു. പക്ഷെ ആ സങ്കടത്തിനപ്പുറം ദേഷ്യം എന്നൊരു വികാരം അവളുടെ സംസാരത്തിൽ എവിടെയും കാണാൻ കഴിഞ്ഞില്ല എന്നത് അന്നയെ അതിശയിപ്പിച്ചു.
അങ്ങനെ ഒരു ദിവസം പതിവ് പോലെ സൈറ്റിൽ നിന്നും തിരിച്ചെത്തി കുളിയും വീട്ടിലേക്കുള്ള വീഡിയോ കാളും അത്താഴവും കഴിഞ്ഞു കിടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അന്ന. അപ്പോഴാണ് അവളുടെ ഫോൺ ബെൽ അടിച്ചത്. ഈ സമയത്തു ആരായിരിക്കും എന്ന് വിചാരിച്ചു നോക്കുമ്പോൾ അണ്നോൺ നമ്പർ ആണ്. ഒന്ന് ആലോചിച്ചിട്ട് അവൾ കാൾ അറ്റൻഡ് ചെയ്തു..
\" ഹലോ.. \"
\" ഹലോ അന്ന അല്ലേ? അന്ന മരിയ ജോൺ.. മാമംഗലം ഹോസ്പിറ്റൽ പണിയാൻ വന്ന എഞ്ചിനീയർ.. \"
ഇതാരാ ഇങ്ങനെയൊക്കെ ചോദിക്കുന്നെ?
\" ഞാൻ അന്നയാണ്.. നിങ്ങൾ ആരാ? \"
\" ഞാൻ നിങ്ങളുടെ ഒരു വെൽ വിഷർ ആണ്.. \"
അന്നയ്ക്ക് അപ്പോഴേ എന്തോ സംശയം തോന്നി.. അവൾ കാൾ റെക്കോർഡിങ്ങിലേക്ക് മാറ്റി..
\" വെൽ വിഷർക്കു പേരില്ലേ? \"
അന്ന തിരിച്ചു ചോദിച്ചു..
\" അത് അന്ന അറിയണ്ട കാര്യമില്ല.. പക്ഷെ അന്ന അറിഞ്ഞിരിക്കേണ്ട വേറെ ഒരു കാര്യം ഉണ്ട്\"
\" എന്താണാവോ അത്? \"
\" ഈ നാട്ടിൽ നിൽക്കുന്ന ഓരോ നിമിഷവും അന്ന അപകടത്തിൽ ആണെന്ന സത്യം..എത്രയും വേഗം ഈ ഹോസ്പിറ്റലിന്റെ പണി ഉപേക്ഷിച്ചു നിങ്ങൾ ഈ നാട്ടിൽ നിന്നു പോകണം. മാമംഗലം ഹോസ്പിറ്റലിന്റെ പണി നടക്കാൻ പാടില്ല.. അത് നടക്കാൻ ഞാൻ സമ്മതിക്കില്ല. മാമംഗലത്തു കാരോട് എനിക്ക് അടങ്ങാത്ത പകയാണ്. ഞാൻ പറയുന്നത് ധിക്കരിച്ചു ഇവിടെ തന്നെ നിൽക്കാൻ ആണ് നിങ്ങളുടെ തീരുമാനം എങ്കിൽ എന്താണ് സംഭവിക്കുക എന്നറിയാൻ ആ വാട്സ്ആപ്പ് ഒന്ന് തുറന്നു നോക്കിയാൽ മതി. ഇവിടെ ഹോസ്പിറ്റൽ കെട്ടിയേ പറ്റൂ എന്ന് പറഞ്ഞു നിർബന്ധം പിടിച്ചു നിന്ന ആദ്യം വന്ന എഞ്ചിനീറുടെ അവസ്ഥ ആണ്.. അന്ന ഒരു പെണ്ണല്ലേ? നിങ്ങളുടെ അവസ്ഥ ഇതിലും മോശം ആയിരിക്കും.. രണ്ടാമത് വന്ന എഞ്ചിനീർക്കു ഞാൻ ഈ വിഡിയോ കാണിച്ചപ്പോഴേ കാര്യം മനസിലായി.. നിങ്ങൾക്കും മനസിലാകും എന്ന് വിചാരിക്കുന്നു.. ഇനി ഒരു വാണിംഗ് ഉണ്ടാവില്ല.. \"
അപ്പുറത്ത് നിന്നു കാൾ കട്ട് ആയി. അന്ന വാട്സ്ആപ്പ് തുറന്നു.. ഇങ്ങോട്ട് കാൾ വന്ന നമ്പറിൽ നിന്നും ഒരു മെസ്സേജ്. ഒരു വീഡിയോ. അവൾ അത് ഓപ്പൺ ചെയ്തു..
അത് കണ്ട അന്ന ഞെട്ടിപ്പോയി.. കുറെ മുഖം മൂടി അണിഞ്ഞ ആൾക്കാർ ചേർന്ന് ഇരുട്ടത്തു വഴിയിലിട്ട് ഒരാളെ മർദിക്കുകയാണ്. വടി കൊണ്ട് അടിക്കുകയും, താഴെ ഇട്ടു ചവിട്ടുകയും ഒക്കെ ചെയ്യുന്നുണ്ട്.. കുറെ അധികം നേരം ഉപദ്രവിച്ച ശേഷം അവർ അയാളെ ഒരു ജീപ്പിൽ കയറ്റി എങ്ങോട്ടേക്കോ കൊണ്ട് പോകുന്നു. ഇതായിരിക്കുമോ ഹോസ്പിറ്റൽ പണിയാൻ വന്ന ആദ്യത്തെ എഞ്ചിനീയർ? അയാൾക്ക് പിന്നെ എന്ത് സംഭവിച്ചു? ഈ വീഡിയോ കണ്ടിട്ടാണോ രണ്ടാമത് വന്ന എഞ്ചിനീയർ ഈ ഹോസ്പിറ്റലിന്റെ പണി ഉപേക്ഷിച്ചു പോയത്? ഇഅങ്ങനെയൊക്കെ ചെയ്യാനും മാത്രം ആർക്കായിരിക്കും മാമംഗലം കുടുംബക്കാരോട് ഇത്രയധികം പക? അന്ന ഫോണും കയ്യിൽ പിടിച്ചു കുറെ നേരം ആ നിൽപ്പ് തുടർന്നു..
തുടരും..
( character introduction കഴിഞ്ഞു കഥയിലേക്ക് കയറുകയാണ്. വായിച്ചു അഭിപ്രായം അറിയിക്കുന്ന എല്ലാവർക്കും നന്ദി.. ഇനിയും കൂടെ തന്നെ വേണം.)