ഭാഗം 6
രാവിലെ നല്ല ഉറക്കത്തിൽ ആയിരുന്നു ശിവൻ. അപ്പോഴാണ് വാതിലിൽ തുരു തുരു ഉള്ള മുട്ട് കേട്ടത്. അവിടെ ഉള്ളവർക്കെല്ലാം അവന്റെ ദേഷ്യം അറിയാവുന്നത് കൊണ്ട് അത്യാവശ്യം ഇല്ലയെങ്കിൽ ഉറക്കത്തിൽ ആരും അവനെ അങ്ങനെ ശല്യപെടുത്താറില്ല. അത് കൊണ്ട് അവൻ പെട്ടെന്ന് വന്നു വാതിൽ തുറന്നു. കല്യാണി ആണ്.. അവൾ എന്നും രാവിലെ അരുന്ധതിയെ കുളിപ്പിക്കാൻ വരാറുണ്ടെങ്കിലും ഒരിക്കലും ശിവനെ ശല്യപെടുത്താറില്ല.. ഇനി അമ്മക്ക് എന്തെങ്കിലും..
\" എന്താ? \"
അവൻ ആശങ്കയോടെ ചോദിച്ചു
\" ശിവേട്ട..വിശ്വച്ഛൻ പറഞ്ഞു വേഗം ഹാളിലേക്ക് ചെല്ലാൻ..എന്തോ അത്യാവശ്യം ആണെന്ന് പറഞ്ഞു.. അന്ന വന്നിട്ടുണ്ട്..\"
\" എഞ്ചിനീയറോ? \"
ശിവൻ ചോദിച്ചു.. കല്യാണി അതേയെന് തലയാട്ടി.. അവൾക്കെന്താ ഇത്ര രാവിലെ തന്നെ കാണേണ്ട അത്യാവശ്യം.. ഹോസ്പിറ്റലിന്റെ വല്ല കാര്യവും ആണെങ്കിൽ അച്ഛനോടോ ശങ്കരേട്ടനോടോ മറ്റോ സംസാരിച്ചാൽ പോരെ?
\" ഫ്രഷ് ആയി വരാമെന്നു പറ.. ഒരു പതിനഞ്ചു മിനിറ്റ് \"
അതു പറഞ്ഞു അവൻ മുറിയിൽ കയറി വാതിൽ അടച്ചു. സംസാരത്തിനിടയിൽ കല്ലു എന്ന് ഒരു വിളി പോലും ഉണ്ടായില്ല. കല്യാണി ഒരു ദീർഘനിശ്വാസത്തോടെ ഹാളിലേക്ക് നടന്നു.
ശിവൻ ഫ്രഷ് ആയി വരുമ്പോഴേക്കും ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു. അരുന്ധതി കുളി ഒക്കെ കഴിഞ്ഞു വീൽ ചെയറിൽ ഇരിക്കുന്നുണ്ട്. കല്ലു പിറകിൽ നിന്നു കൊണ്ട് അവരുടെ മുടി ഉണക്കി കൊടുക്കുകയാണ്. അന്ന ഒരു ഫോണും പിടിച്ചു ഹാളിലെ സോഫയിൽ ഇരിക്കുന്നു.. നേരെ എതിർവശത്തെ സോഫയിൽ അച്ഛനും ഉണ്ട്. അച്ഛന്റെ മുഖത്ത് നിന്നു എന്തോ കാര്യമായ കാര്യം ഉണ്ടെന്നു അവൻ ഊഹിച്ചെടുത്തു.
\" എന്താ അച്ഛാ കാര്യം? \"
അന്ന രാവിലെ ഇവിടെ വന്നു തങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം വിശ്വനാഥൻ അവനോടു പറഞ്ഞു. അന്ന ഇന്നലെ റെക്കോർഡ് ചെയ്ത കാളിന്റെ റെക്കോർഡിങ്ങും പിന്നെ വാട്സാപ്പിൽ വന്ന വിഡിയോയും അവനു കാണിച്ചു കൊടുത്തു. ആ വിഡിയോയിൽ കാണുന്ന ആൾ ആദ്യം ഇവിടെ വന്ന എഞ്ചിനീയർ ആണെന്നുള്ള കാര്യം ഒറ്റ നോട്ടത്തിൽ തന്നെ ശിവന് പിടികിട്ടി. തന്റെ അമ്മയ്ക്കും അനിയനും സംഭവിച്ച അപകടം ആസൂത്രിതം ആയിരുന്നു എന്ന സംശയം പണ്ട് മുതലേ ഉണ്ടായിരുന്നു എങ്കിലും തന്റെ കുടുംബത്തോടു ഇത്രയധികം പകയുള്ള ആരോ ഒരു പക്ഷെ ആ നാട്ടിൽ തന്നെ ഉണ്ട് എന്നുള്ളത് അവനു ഞെട്ടിക്കുന്ന ഒരു വാർത്ത ആയിരുന്നു. ശിവൻ ഹാളിൽ മാലയിട്ടു വച്ചിരിക്കുന്ന കുഞ്ഞന്റെ ഫോട്ടോയിലേക്ക് നോക്കി. ഈ പകയുടെ ഫലമായി ആയിരിക്കുമോ ഒന്നുമറിയാത്ത കുഞ്ഞൻ മരണപെട്ടത്? ശിവൻ ഒരു ദീർഘമായ നിശ്വാസം എടുത്തു കൊണ്ട് അന്നയെ നോക്കി. സാധാരണ ഇങ്ങനെ ഒരു ഭീഷണി ഒക്കെ വന്നാൽ ആരും പേടിച്ചു പോകും.. പ്രത്യേകിച്ച് ഇവൾ ഒരു പെൺകുട്ടി ആയതു കൊണ്ട്. രണ്ടാമത് വന്ന എഞ്ചിനീയർ ഈ ഭീഷണിയുടെ പുറത്തു ആരോടും ഒരു വാക്ക് പോലും പറയാതെ ഇവിടെ നിന്നു പോവുകയായിരുന്നു എന്ന് വേണം ഊഹിക്കാൻ..പക്ഷെ അവൾ പേടിച്ച ലക്ഷണം ഒന്നുമില്ല.. നല്ല കൂൾ ആയിരുന്നു അച്ഛനോട് ഓരോ കാര്യങ്ങൾ സംസാരിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞു അവൾ പോകാനായി ഇറങ്ങി..
\" ഇനിപ്പോ എന്താ കുട്ടീടെ തീരുമാനം? പേടിയാണെങ്കിൽ ഇവിടെ നിൽക്കണംന്ന് നിർബന്ധമില്ല.. ഹെഡ് ഓഫീസിൽ കാര്യങ്ങൾ ഒക്കെ പറഞ്ഞാൽ തിരിച്ചു അങ്ങോട്ടേക്ക് തന്നെ വിളിക്കില്ലേ അവര്? \"
അരുന്ധതി അന്നയോടു ചോദിച്ചു..
\" ഹേയ്.. ഞാൻ അങ്ങനെ ഇവിടുന്നു പോവാനൊന്നും ഉദ്ദേശിച്ചിട്ടില്ല.. അയാൾ എന്താ ചെയ്യാന്നു നോക്കാലോ. എന്തായാലും ഇതൊരു ഫോർമൽ പോലീസ് കംപ്ലയിന്റ് ആയി കൊടുക്കാൻ തന്നെയാണ് എന്റെ തീരുമാനം. പിന്നെ ഇത് നിങ്ങളുടെ ഫാമിലിയെ കൂടി ബാധിക്കുന്ന കാര്യം ആയതു കൊണ്ടാണ് രാവിലെ തന്നെ ഇവിടെ വന്നു പറഞ്ഞത്..\"
ശിവനെ ഒന്ന് നോക്കി കൊണ്ട് അവൾ പറഞ്ഞു. ശിവൻ അതിനു മറുപടിയായി ഒന്ന് തലയാട്ടി..
\" നല്ല ധൈര്യമുള്ള പെണ്ണ്.. \"
അവൻ അപ്പോൾ മനസ്സിൽ വിചാരിച്ചതു അതായിരുന്നു. മറ്റാരും അത് ശ്രദ്ധിച്ചില്ലെങ്കിലും കല്യാണി മാത്രം ശ്രദ്ധിച്ചു. എല്ലാവരോടും യാത്ര പറഞ്ഞു അന്ന പോയി.
രാവിലെ മാമംഗലത്തു വച്ചു പറഞ്ഞ പോലെ തന്നെ അന്ന അന്ന് പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റ് കൊടുക്കാൻ ചെന്നു. വിശ്വനാഥൻ പറഞ്ഞത് അനുസരിച്ചു ശങ്കരനും അവളോടൊപ്പം ചെന്നിട്ടുണ്ടായിരുന്നു. പോലീസ് സ്റ്റേഷനിൽ അവൾക്കു ബുദ്ധിമുട്ടൊന്നും ഉണ്ടാവരുത് എന്ന് കരുതിയാണ് ശങ്കരൻ കൂടെ ചെന്നത്. അവിടെ വച്ചു അവളുടെ ഫോണിലെ റെക്കോർഡിങ്ങും വിഡിയോയും അവൾ തെളിവായി വാങ്ങിച്ചു. പിന്നെയും ഇന്നലെ വന്ന കാളിനെ പറ്റി പല പല ചോദ്യങ്ങളും അവളോട് ചോദിച്ചു കൊണ്ടിരുന്നു. സ്റ്റേഷനിൽ എത്തുമ്പോൾ അവൻ തനി പോലീസുകാരൻ തന്നെ എന്ന് അന്നയ്ക്ക് തോന്നി. പോലീസ് വേഷത്തിൽ അവനെ കാണാൻ തന്നെ ഒരു എടുപ്പാണ്.. വളരെ സീരിയസ് ആയാണ് അവളോട് ഓരോ ചോദ്യങ്ങളും ചോദിക്കുന്നത്.. അതിന്റെ ഉത്തരം തന്റെ ഓർമയിലേക്ക് കൂട്ടുന്നത് പോലെ അവൾ ഉത്തരം പറയുമ്പോൾ അവൻ കണ്ണടച്ച് കേട്ടിരിക്കും. ചിലപ്പോൾ നെറ്റി ചുളിക്കുന്നത് കാണാം.. ഏകദേശം ഒരു മണിക്കൂറോളം ആ ചോദ്യപരിപാടി തുടർന്നു.
\"കോളേജിന്റെ വൈവക്ക് പോലും ഇത്ര ആലോചിച്ചും സൂക്ഷിച്ചു ഉത്തരം പറഞ്ഞിട്ടില്ല.. \"
അന്ന ഓർത്തു. അവസാനം അവളോട് പോയ്കൊള്ളാൻ പറഞ്ഞു. അപ്പോഴാണ് ഒരു കോൺസ്റ്റബിൾ വന്നു സ്‌റ്റേറ്റ്മെന്റിൽ ഒന്ന് ഒപ്പിട്ടു കൊടുക്കാൻ അവളോട് പറഞ്ഞത്. ഒപ്പിട്ടു തിരിച്ചു വരുമ്പോൾ ശിവൻ ശങ്കരേട്ടനോട് സംസാരിക്കുകയാണ്..
\" അന്നയുടെ കാര്യത്തിൽ ഒരു ശ്രദ്ധ വേണം ശങ്കരേട്ടാ.. സൈറ്റിലേക്ക് കൊണ്ട് പോകാനും തിരിച്ചു കൊണ്ട് വിടാനും നമുക്ക് വിശ്വാസമുള്ള ഡ്രൈവറെ തന്നെ വിട്ടാൽ മതി. സൈറ്റിൽ വച്ചും ഒരു കണ്ണ് വേണമെന്ന് സാമൂവൽ അച്ചായനോട് ഒന്ന് പറഞ്ഞേക്കണം.. നമ്മുടെ ഹോസ്പിറ്റലിന്റെ കാര്യത്തിന് വന്നിട്ട് ആ കുട്ടിക്ക് ആപത്തു വരരുത്.. \"
ശങ്കരേട്ടൻ അതെല്ലാം തല കുലുക്കി സമ്മതിക്കുന്നതും കാണാം.. ഓഹോ.. അപ്പോൾ കലിപ്പന് അത്യാവശ്യം മനുഷ്യത്വം ഒക്കെയുണ്ട്. അവൾ അവരുടെ സംസാരം കേൾക്കാത്ത മട്ടിൽ അങ്ങോട്ട് ഇറങ്ങി ചെന്നു. ശങ്കരേട്ടൻ തന്നെ അവളെ സൈറ്റിൽ കൊണ്ട് ആക്കുകയും ചെയ്തു.
അന്നയും ശങ്കരേട്ടനും പോയിക്കഴിഞ്ഞപ്പോൾ ശിവൻ ആ പഴയ കേസ് ഫയൽ എടുത്തു. താൻ കരുതുന്ന പോലെ പണ്ടത്തെ അപകടത്തിനും ഇപ്പോൾ നടക്കുന്ന ഈ ഭീഷണികളും തമ്മിൽ ബന്ധം ഉണ്ടെങ്കിൽ ഈ പക പണ്ടെങ്ങോ മുതൽ ഉള്ളതാണെന്ന് വേണം കരുതാൻ. ആ സമയത്തു താൻ ചെറുതാണ്. ഇനി ഒരുപക്ഷെ തന്റെ അച്ഛനോട് പക ഉള്ള ആരെങ്കിലും? എന്നാലും തന്റെ കുടുംബത്തിൽ ഉള്ളവരെ ഇല്ലാതാക്കാൻ വരെ മടിയില്ലാത്ത അത്ര പക തന്റെ അച്ഛനോട് ആർക്കായിരിക്കും? അങ്ങനെ ആരുടേയും മുഖം ശിവന് മുന്നിൽ തെളിഞ്ഞു വന്നില്ല. എന്തായാലും അയാൾ ഈ നാട്ടുകാരൻ ആയിരിക്കാൻ ആണ് സാധ്യത. ഈ ഹോസ്പിറ്റലിന്റെ പണി നടക്കുന്ന കാര്യവും, ഇവിടെ എഞ്ചിനീർമാർ വരുന്ന കാര്യവുമൊക്കെ അറിയാവുന്ന ആളാണ്.. തങ്ങളുടെ ഇടയിൽ എവിടെയോ ഒരു കൊലയാളി ഒളിഞ്ഞിരിപ്പുണ്ട് എന്ന വസ്തുത അവനെ കുറച്ചൊന്നു ഭയപ്പെടുത്തി. മാമംഗലത്തു കാരോടുള്ള പകയുടെ പേരിലാണോ പാവം വിഷ്ണുവിനും കല്യാണിക്കും അവരുടെ അമ്മയെ നഷ്ടപെട്ടത്? ഇനി തനിക്കു പ്രിയപെട്ടവരിൽ ആരെയായിരിക്കും അയാൾ? ആ കാർ ഓടിച്ചിരുന്ന ആളെ കണ്ടെത്താനുള്ള വെമ്പൽ ശിവനെ വല്ലാതെ പിടിമുറുക്കുന്നുണ്ടായിരുന്നു. പക്ഷെ ധൃതി വച്ചിട്ട് കാര്യമൊന്നുമില്ലല്ലോ. അവൻ കുറെ നേരം ആ വീഡിയോ വീണ്ടും വീണ്ടും കണ്ടു നോക്കി.. ഇരുട്ടായിരുന്നത് കൊണ്ട് എല്ലാം ഒരു മറ പോലെയാണ്. എല്ലാവരും മുഖം മറച്ചിരിക്കുന്നത് കൊണ്ട് ആരെയും തിരിച്ചറിയാൻ പറ്റുന്നില്ല. ജീപ്പിന് ആണെങ്കിൽ നമ്പർ പ്ലേറ്റും ഇല്ല.. അന്നത്തെ പോലെ തന്നെ. രണ്ടും ഒരേ ആളുടെ പ്രവർത്തി ആണെന്നുള്ള തന്റെ സംശയം ബലപെടുകയാണ്. എന്തായാലും അന്നയുടെ ഫോൺ നമ്പറും അവൾക്കു വന്ന കാൾ ഡീറ്റൈൽസും ആ വിഡിയോയും എല്ലാം അവൻ സൈബർ സെല്ലിലേക്ക് അയച്ചു. അവർക്കു അതിൽ നിന്നു എന്തെങ്കിലും കണ്ടെത്താൻ ആവുമോ എന്ന് നോക്കാമല്ലോ? ഫോൺ ബെൽ അടിച്ചപ്പോൾ വിഷ്ണു ആയിരുന്നു.. ശങ്കരേട്ടൻ പറഞ്ഞു കാര്യങ്ങൾ അറിഞ്ഞിട്ടു വിളിക്കുന്നതായിരിക്കും.
\" പറയെടാ \"
\" എന്തായെടാ? വല്ല ക്ലൂവും ഉണ്ടോ? \"
ശിവൻ തല ചൊറിഞ്ഞു..
\" എന്ത് ക്ലൂ? ഒന്നുല്ല.. തല്കാലം ഞാൻ എല്ലാം സൈബർ സെല്ലിലേക്ക് അയച്ചിട്ടുണ്ട്.. നോക്കട്ടെ.. \"
\" എന്നാലും ആരാ ഇത്? ആർക്കാ നമ്മളോട് ഇത്രയ്ക്കു ദേഷ്യം? എന്തിനു വേണ്ടിയാ? \"
താൻ ചിന്തിക്കുന്നത് പോലെയാണ് വിഷ്ണുവും ചിന്തിക്കുന്നതു എന്ന് ശിവന് മനസിലായി.
\" അറിയില്ല.. കണ്ടു പിടിക്കണം \"
ശിവൻ പറഞ്ഞു.
\" ഹ്മ്മ്.. നീ സൂക്ഷിക്കണം.. ഇതാരാണെന്നു കണ്ടെത്തുന്നത് വരെ എല്ലാ കാര്യത്തിലും ഒരു കരുതൽ വേണം.. ചുമ്മാ കണ്ടിടത്തു എല്ലാം പോയി തല്ലുണ്ടാക്കുന്ന നിന്റെ സ്വഭാവം വേണ്ട.. എവിടെ പോയാലും എന്നോട് പറഞ്ഞിട്ടേ പോകാവൂ \"
ശിവൻ എല്ലാത്തിനും മൂളി..
\" ആ അന്നയോ? \"
വിഷ്ണു ചോദിച്ചു.
\" അവൾക്കെന്താ? \"
\" അല്ല.. അവൾപോവാണോന്നു? പേടിയുണ്ടാവില്ലേ? \"
\" പോണില്ലെന്ന പറഞ്ഞെ.. അത് അങ്ങനെ പേടിയുള്ള കൂട്ടത്തിൽ അല്ലെന്നു തോനുന്നു.. \"
ശിവൻ പറഞ്ഞു..
\" ഓ.. \"
\" എന്നാൽ ശരിയെടാ.. \"
ഫോൺ വച്ചു കഴിഞ്ഞപ്പോഴും വിഷ്ണു പറഞ്ഞതായിരുന്നു അവന്റെ മനസ്സിൽ. മാമംഗലത്തെ ഒരേ ഒരു അവകാശി എന്ന നിലയിൽ ഇനി താനായിരിക്കുമോ അവന്റെ ലക്ഷ്യം? അതോ തന്റെ അച്ഛനും അമ്മയുമോ? പക്ഷെ ഇത്രയ്ക്കു പക തങ്ങളോട് ഉണ്ടായിരുന്നെങ്കിൽ അയാൾ എന്തിനാണ് ആ അപകടം കഴിഞ്ഞു ഇത്രയും വർഷം വെറുതെ ഇരുന്നത്? ഈ ഹോസ്പിറ്റലിന്റെ പണി നടക്കുമ്പോൾ തന്നെ വീണ്ടും അവൻ പ്രശനം ഉണ്ടാക്കുന്നത് എന്തിനാണ്? ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ ശിവന്റെ മനസ്സിൽ ഉയർന്നു വന്നു കൊണ്ടിരുന്നു.
**********************************************
അതേ സമയം വേറൊരിടത്തു എല്ലാവരുടെയും ശ്രദ്ധ തിരിച്ചു വിട്ട സന്തോഷത്തിൽ ആയിരുന്നു അയാൾ.. തന്റെ യഥാർത്ഥ ലക്ഷ്യം ആരാണെന്നു ആരും അറിയരുത്. മറ്റവനെ പോലെ ആ വീഡിയോ കണ്ടു കഴിയുമ്പോൾ ഈ പെണ്ണും പേടിച്ചു ഓടി പൊയ്ക്കോളും എന്നാണ് താൻ വിചാരിച്ചത്. പക്ഷെ അവൾ ഉണ്ണിയാർച്ച കളിക്കാൻ നിൽക്കുകയാണ്. അത് ശരിയാക്കി കൊടുക്കാം.. ഈ അടുത്ത് തന്നെ മാമംഗലത്തുകാർക്കു മറക്കാൻ പറ്റാത്ത ഒരു ദിവസം വരുന്നുണ്ട്.. അന്നേ ദിവസത്തേക്ക് കൂട്ടി വയ്ക്കാൻ മറ്റൊരു ഓർമ കൂടി ആവട്ടെ..
***********************************************
ദിവസങ്ങൾ വീണ്ടും പോയ്കൊണ്ടിരുന്നു. തൃക്കുന്നപുഴതേവരുടെ അമ്പലത്തിലെ ഉത്സവത്തിന് കൊടിയേറി. 10 ദിവസമാണ് അവിടുത്തെ ഉത്സവം. അതോടെ നാട്ടിലെങ്ങും ഉത്സവത്തിന്റെ ആരവങ്ങളും, ആഘോഷങ്ങളും ഒക്കെ പരന്നു. നഗരത്തിൽ ജനിച്ചു വളർന്ന അന്നയ്ക്ക് അതൊക്കെ പുതിയ കാഴ്ചകൾ ആയിരുന്നു. എല്ലാ വർഷവും ഉത്സവത്തിന്റെ എട്ടാം ദിവസം രണ്ടു നേരത്തെ പ്രസാദമൂട്ട് ഉൾപ്പടെ എല്ലാം മാമംഗലത്തു കാരുടെ വകയാണ്. കാരണം അന്നാണ് കുഞ്ഞന്റെയും സീതയുടെയും ആണ്ടു വരുന്നത്. രാവിലെ ബലിയിട്ട് വന്നു കഴിഞ്ഞാൽ പിന്നെ രണ്ടു കുടുംബക്കാരും അമ്പലത്തിൽ ഉണ്ടാവും. കല്യാണിയോടൊപ്പം അന്നേ ദിവസം വൈകിട്ട് അവൾ ഉത്സവം കാണാനും വൈകിട്ടത്തെ പ്രസാദമൂട്ടിൽ പങ്കെടുക്കാനും അമ്പലത്തിൽ പോയി. കല്യാണി അവൾക്കു അമ്പലത്തിന്റെ ഐതീഹ്യവും, അവിടെ നടക്കുന്ന ചടങ്ങുകളും ഒക്കെ വിശദമായി പറഞ്ഞു കൊടുത്തു. സത്യം പറഞ്ഞാൽ അവൾ പതുക്കെ അതൊക്കെ ആസ്വദിച്ചു തുടങ്ങിയിരുന്നു. ദീപാരാധന സമയം ആയപ്പോൾ അവളെ പുറത്തു നിർത്തി ഒന്ന് ഓടി അകത്തു കയറി തൊഴുതിട്ട് വരാമെന്നു പറഞ്ഞു കല്യാണി അകത്തേക്ക് പോയി.
\" നീ എന്താ ഇവിടെ? \"
എന്ന ചോദ്യം കേട്ടാണ് അന്ന തിരിഞ്ഞു നോക്കിയത്. കലിപ്പനാണ്.. കൂടെ സൗമ്യനും ഉണ്ട്. ശിവനും വിഷ്ണുവും ഒക്കെ ഉത്സവം തുടങ്ങിയാൽ ജോലി കഴിയുന്ന സമയത്തു അമ്പലത്തിൽ തന്നെയാണെന്ന് കല്യാണി പറഞ്ഞിരുന്നു. മുണ്ടും ഷർട്ടും ഒക്കെ ഇട്ടു രണ്ടാളും സുന്ദരന്മാരായി നിൽക്കുന്നു. കലിപ്പന് ഇച്ചിരി ഭംഗി കൂടുതൽ തോന്നുണ്ടോ? ഏയ്.. തോന്നൽ ആവാനേ വഴിയുള്ളു..
\" ഞാൻ കല്ലുന്റെ കൂടെ ഉത്സവം കാണാൻ വന്നതാ.. പിന്നെ ഇന്ന് ഇവിടെ ഫുഡ് ഉണ്ടെന്നും പറഞ്ഞു. \"
\" എന്നിട്ട് അവൾ എന്തിയെ? \"
വീണ്ടും കലിപ്പ്.. കലിപ്പ് കട്ട കലിപ്പ് എന്ന പാട്ടു ഇങ്ങേർക്ക് വേണ്ടി എഴുതിയതാണെന്ന് തോന്നുന്നു..
\" അവൾ തൊഴാൻ അകത്തേക്ക് കയറി.. ഇപ്പൊ വരും.. \"
അന്ന പരമാവധി വിനയത്തോടെ പറഞ്ഞു. സൗമ്യൻ അവളോട് ചിരിച്ചു എങ്കിലും കലിപ്പൻ കലിപ്പ് മോഡ് ഓൺ ആക്കി അവിടെ നിന്നതേ ഉള്ളു. 5 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കല്ലു വന്നു.
\" ഊരും പേരും അറിയാത്ത ഇവളെ ഒറ്റയ്ക്ക് നിർത്തിയിട്ടു നീ എങ്ങോട്ട് പോയതാ?\"
അവളെ കണ്ട ഉടനെ കലിപ്പൻ പിന്നെയും തുടങ്ങി..
\" ഞാൻ നട തുറന്നപ്പോൾ ഒന്ന് തൊഴാൻ കയറിയതാ.. \"
കല്ലു പതുക്കെ പറഞ്ഞു.
\" തൊഴാൻ പോയി.. ഇവൾക്ക് നേരെ ഭീഷണി ഉള്ള കാര്യം നിനക്ക് അറിയില്ലേ? എന്തെങ്കിലും സംഭവിച്ചു പോയാൽ പിന്നെ ബാക്കിയുള്ളോർക്കാണ് പണി.. ഉത്തരവാദിത്തതോടെ നോക്കാൻ പറ്റില്ലെങ്കിൽ പിന്നെ വിളിച്ചോണ്ട് വരാൻ നിൽക്കരുത്.. \"
ശിവൻ പറഞ്ഞു. കല്ലു തല താഴ്ത്തി നിന്നതേ ഉള്ളു. തൊട്ടടുത്തു നിന്നിരുന്ന കുറച്ചു ആളുകൾ അവന്റെ ഒച്ച കേട്ടിട്ട് നോക്കുനുണ്ട്. അവൾ ഇത് എങ്ങനെ സഹിക്കുന്നു എന്ന് അന്നയ്ക്ക് മനസിലായില്ല. സ്നേഹിക്കുന്ന പുരുഷൻ ഇങ്ങനെ മറ്റുള്ളവരുടെ മുന്നിലിട്ട് നമ്മളെ ചീത്ത പറയുന്നത് ആർക്കാണ് സഹിക്കുക? പണ്ട് കിഷോറിന്റെ മുഖം ഒന്നു മാറിയാൽ തന്നെ തനിക്കു സങ്കടം ആയിരുന്നു.
\" മതിയെടാ.. നിർത്തു നീ \"
തന്റെ അനിയത്തിയുടെ അവസ്ഥയിൽ സങ്കടം തോന്നിയിട്ടോ എന്തോ സൗമ്യൻ പറഞ്ഞു. അതോടെ കലിപ്പൻ നിർത്തി. സൗമ്യൻ പറഞ്ഞാൽ കലിപ്പന് അപ്പീൽ ഇല്ലെന്നു തോനുന്നു. ഇവരെ രണ്ടു പേരെയും കൂടി പിടിച്ചു കെട്ടിക്കുന്നതായിരിക്കും നല്ലത്. വേറെ ആർക്കും ഈ കലിപ്പ് സഹിക്കാൻ പറ്റുമെന്നു തോന്നുന്നില്ല.. അന്ന മനസ്സിൽ വിചാരിച്ചു.
\" വാ.. നമുക്കങ്ങോട്ട് മാറി നിൽക്കാം.. \"
വിഷ്ണു പറഞ്ഞു..
\" സോറി.. ഞാൻ അത്രക്കങ്ങു ഓർത്തില്ല\"
അവർ നാല് പേരും കൂടി നടക്കാൻ തുടങ്ങിയപ്പോൾ കല്ലു പതുക്കെ അന്നയോടു പറഞ്ഞു. അന്ന അതൊന്നും സാരമില്ല എന്ന മട്ടിൽ കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു. ശിവന്റെ വഴക്ക് സ്ഥിരം കേൾക്കാറുള്ളത് കൊണ്ടോ എന്തോ കല്ലുവിന് അതൊന്നും വലിയ പ്രശ്നമുള്ളതായി അന്നയ്ക്ക് തോന്നിയില്ല.. കുറച്ചു കഴിഞ്ഞപ്പോൾ മുളക് ബജി വേണം എന്ന് പറഞ്ഞു അവൾ വിഷ്ണുവിന്റെ അടുത്ത് വഴക്ക് തുടങ്ങി. കല്ലു വിഷ്ണുവിന്റെ അടുത്ത് വഴക്കുണ്ടാക്കുന്നത് കാണാൻ നല്ല രസമാണെന്ന് അന്നയ്ക്ക് തോന്നി. അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊച്ചു കുട്ടികളെ പോലെ വാ തോരാതെ പറഞ്ഞു കൊണ്ട്... ഇടക്കെപ്പോഴോ ശിവന്റെ മുഖത്തെക്ക് നോക്കിയപ്പോൾ അവരുടെ വഴക്ക് നോക്കി നിൽക്കുന്ന കലിപ്പന്റെ ചുണ്ടിലും ചെറിയൊരു ചിരി ഉണ്ടെന്നു അവൾക്കു തോന്നി.. വഴക്ക് മൂത്തപ്പോൾ ഇവിടെ തന്നെ നിന്നോ ബജി വാങ്ങി വരാമെന്നു പറഞ്ഞു ശിവനും വിഷ്ണുവും അടുത്തുള്ള ബജി കടയിലേക്ക് പോയി.
പെട്ടെന്നാണ് എന്തൊക്കെയോ അവിടെ സംഭവിച്ചത്.. കയ്യിൽ വടി പോലെ എന്തോ കൊണ്ട് ആരൊക്കെയോ തങ്ങളുടെ അടുത്തേക്ക് വരുന്നു.. കല്ലുവിന്റെ തലയ്ക്കു മുകളിലൂടെ ഒരു വടി വരുന്നത് അന്ന കണ്ടു..
\" കല്ലു.. മാറ്.. \"
കല്ലുവിനെ ശക്തമായി അവൾ തള്ളി മാറ്റി.. അതിന്റെ ശക്തിയിൽ കല്ലു നിലത്തേക്ക് വീണു.പക്ഷെ അപ്പോഴേക്കും അത് അന്നയ്ക്ക് നേരെ നീണ്ടിരുന്നു..മാറാൻ സമയം ഇല്ലയെന്നു മനസിലായപ്പോൾ അന്ന കണ്ണുകൾ ഇറുക്കി അടച്ചു. പെട്ടെന്നാണ് ബലമേറിയ ഒരു ശരീരം എവിടുന്നോ അവളെ വന്നു പൊതിഞ്ഞു പിടിച്ചത്.
തുടരും..
(നന്നാവുന്നുണ്ടോ? അഭിപ്രായങ്ങൾ പറയണം കേട്ടോ )