Aksharathalukal

ചിപ്പുകൾ

ചിപ്പുകൾ 


അമ്മൂട്ടിയും ശംഭുവും മുത്തശ്ശന്റെ  പാർക്കിലേക്ക് നടന്നു. 

ശംഭു.." മുത്തശ്ശ ഇന്ന് അമ്മൂട്ടിനേ ഊഞ്ഞാലിൽ ആട്ടേണ്ട  "

അമ്മൂട്ടി .. "  ഇന്ന് ശംഭൂനെ ജിറഫിന്റെ  പുറത്ത് ഇരുത്തണ്ടട്ടോ  "

മുത്തശ്ശൻ .. " വികൃതി കുട്ട്യോളെ ഇന്ന് പാർക്കിലെ ഗുഹയിൽ ഇരിക്കുന്ന മഞ്ഞ തവളേടെ പുറത്ത് രണ്ടാളേം കയറ്റാം   ന്താ? "

"  ശരി  ശരി " 

രണ്ടാളും മുന്നോട്ട് ഓടി പാർക്കിന്റെ ഗയ്റ്റ് കടന്നു.

മുത്തശ്ശനും കുട്ടികളും പാർക്കിലെ ഗുഹയിൽ കയറി. ഗുഹ നീണ്ടു  നിവർന്ന്  ഒരു പെരുമ്പാമ്പിനെ പോലെ കിടക്കുന്നു. അതിന്റെ  മറ്റേ അറ്റം നീന്തൽ കുളത്തിൽ ചെന്ന് ചേരും . ചെറിയൊരു വെട്ടം മാത്രമെ അതിനുള്ളിലുള്ളു. 

കുട്ടികളുടെ കൈ പിടിച്ച് മുത്തശ്ശൻ പതുക്കെ ഗുഹക്കുള്ളിൽ നടന്നു.  പെട്ടെന്ന് ശംഭു 

" മുത്തശ്ശാ .. ദേ  നോക്കിയെ ഒരു തിളങ്ങണ സാധനം " 

മുത്തശ്ശനും കുട്ടികളും അവിടെ നിന്ന് തിളങ്ങണ സാധനത്തെ സൂക്ഷിച്ചു നോക്കി.  അതൊരു നീല മാണിക്യം പോലെ തിളങ്ങി കൊണ്ടിരിക്കുന്ന കല്ലിനെ പോലെ തോന്നി.  മുത്തശ്ശൻ പതുക്കെ പോക്കറ്റിൽ നിന്നും പേനയെടുത്ത് ആ തിളക്കമുള്ള വസ്തുവെ പതുക്കെ ഒന്ന് തൊട്ടു നോക്കി.  ആ വസ്തു വട്ടത്തിൽ കറങ്ങാൻ തുടങ്ങി.  അതിന് മുന്നോട്ടോ പുറകോട്ടോ നീങ്ങാൻ പറ്റുമായിരുന്നില്ല. മുത്തശ്ശൻ ആ വസ്തുവിനെ പതുക്കെ ഒരു ഇല കൊണ്ട് തോണ്ടിയെടുത്തു. കൈയിൽ വച്ചു. 

" ഹായ് ഹായ്  ..  മുത്തശ്ശാ  മുത്തശ്ശാ  അത് എനിക്ക് അത് എനിക്ക് " എന്ന് പറഞ്ഞ് കുട്ടികൾ കലപില ശാഠ്യം   കൂട്ടാൻ തൂടങ്ങി.  പെട്ടന്ന്.......

"രക്ഷിക്കു  രക്ഷിക്കു "  എന്നൊരു കുഞ്ഞു ചീവിടിൻ ശബ്ദം. 

മുത്തശ്ശൻ ശ്രദ്ധിച്ചു ചെവി കൂർപ്പിച്ചപ്പോൾ മനസ്സിലായി ഈ ശബ്ദം തന്റെ  കയ്യിൽ നിന്നാണ് എന്ന്.  മുത്തശ്ശൻ ആ വസ്തുവിനോട് ചോദിച്ചു..

" ഹേ   കല്ലേ .. താങ്കൾ എങ്ങിനെ ഈ വസ്തുവായി തീർന്നു " 

" ഹോ .. മുത്തശ്ശാ ഞാൻ   കല്ലല്ല അന്യ ഗ്രഹത്തിൽ നിന്നും വന്ന ജീവിയാണ്. ഞാനീ   ചിപ്പിൽ കയറി യാത്ര ചെയ്യുന്ന അവസരത്തിൽ  ഇതിനെ ഒരു വാൽ നക്ഷത്രം വന്നിടിച്ച്    കേടുവന്ന്  താങ്കളുടെ ഈ ഭൂമിയിൽ വീണതാണ്.  ഇനി  വേഗം ഈ ചിപ്പിനെ  വെള്ളത്തിൽ കുറച്ചു നേരം  മുക്കിപ്പിടിച്ചാൽ  ഞാൻ സ്വതന്ത്രനാകും . പിന്നീട് ഞാൻ നിങ്ങളുടെ നല്ലൊരു കൂട്ടുകാരനാകാം. " ആ വസ്തു പറഞ്ഞു നിർത്തി. 

മുത്തശ്ശനും കുട്ടികളും  ആ ചിപ്പിനെ എടുത്ത്   വേഗം ഗുഹക്കപ്പുറം എത്തി ചേർന്നു.  ആ മൂന്ന് പേരും നീന്തൽ കുളത്തിന്റെ അടുത്ത് ചെന്ന് ആ വസ്തുവിനെ    വെള്ളത്തിൽ മുക്കി പിടിച്ചു.  പെട്ടെന്ന് ഒരു ഭംഗിയുള്ള പൂമ്പാറ്റയായി  ആ വസ്തു പറന്ന് മുത്തശ്ശന്റെ  തോളിൽ ഇരുന്നു. 

" ഹായ് നല്ല ഭംഗിയുള്ള പൂമ്പാറ്റ "  ശംഭുവും അമ്മൂട്ടിയും ഒറ്റ സ്വരത്തിൽ ചാടി മുത്തശ്ശന്റെ  ചുറ്റും ഓടി കളിച്ചു.  

പൂമ്പാറ്റയും കുട്ടികളുടെ കൂടെ  കളിക്കാൻ ആരംഭിച്ചു. നീന്തൽ കുളത്തിനരുകിൽ മറ്റ് കുട്ടികൾ നീന്താൻ റഡിയായി നിൽക്കുന്നുണ്ടായിരുന്നു. 

മുത്തശ്ശന്റെ  ആത്മഗതം  'ഈ കുട്ടികൾക്ക് വേഗം ചാടി കുളിച്ചു കൂടെ' എന്നത് ഈ പൂമ്പാറ്റ ശ്രവിച്ച മാത്രയിൽ  നീന്താൻ നിന്നിരുന്ന  കുട്ടികളെല്ലാം തന്നെ കുളത്തിലേക്ക് എടുത്ത് ചാടി കളിക്കാൻ തുടങ്ങി.  

ശംഭുവും അമ്മൂട്ടിയും മുത്തശ്ശനോട് ..

" മുത്തശ്ശാ മുത്തശ്ശാ ഞങ്ങൾക്ക് ഒരു ഐസ് ക്രീം വാങ്ങിതാ ...    വാങ്ങിതാ... മുത്തശ്ശാ
  " എന്ന് പറഞ്ഞ് ചിണുങ്ങാൻ തുടങ്ങി.  

"രണ്ടു ഐസ് ക്രീം വേണല്ലോ " എന്ന് മനസ്സിൽ പറഞ്ഞു 

ഉടനെ രണ്ടു ഐസ് ക്രീം മുത്തശ്ശന്റെ  മുന്നിൽ പറന്ന് വന്നു നിന്നു. മുത്തശ്ശൻ അത്ഭുതത്തോടെ പൂമ്പാറ്റയെ നോക്കി. പൂമ്പാറ്റ കുട്ടികളുടെ കൂടെ തിമിർത്ത് കളിക്കുക ആയിരുന്നു.  

മുത്തശ്ശൻ  " ശംഭൂട്ടാ   , അമ്മൂട്ടീ " എന്ന് വിളിച്ച് ഈ രണ്ടു ഐസ് ക്രീം അവർക്ക് കൊടുത്തു.  

" മുത്തശ്ശാ ഇത് ആരു തന്നു  " ശംഭൂട്ടന്റെ  സംശയം 

" ഇതാ മോന്റെ  കൂട്ടുകാരൻ " പൂമ്പാറ്റയെ ചൂണ്ടി മുത്തശ്ശൻ പറഞ്ഞു. 

ശംഭൂട്ടൻ പൂമ്പാറ്റയോട് " പൂമ്പാറ്റെ പൂമ്പാറ്റെ രണ്ടു കോൽമുട്ടായി തരോ? " 

ഉടനെ രണ്ടു കോൽമുട്ടായി ശംഭൂട്ടന്റെ  അടുത്ത് വന്ന് പറന്ന് കളിച്ചു. ശംഭുട്ടൻ ഒരു കയ്യിൽ ഐസ് ക്രീമും മറു കയ്യിൽ കേൽ മുട്ടായിയും എടുത്ത് അമ്മൂട്ടിയോട്  " അമ്മൂട്ടിയെ ന്നാ ഇത് പിടിച്ചോ" 
ഒരു കോൽ മുട്ടായി അമ്മൂട്ടിക്ക് കൊടുത്തു. 
മുത്തശ്ശൻ ഈ അത്ഭുതം കണ്ട് അന്ധംവിട്ട് നിന്നു. 

മുത്തശ്ശന് കുട്ടി ചാത്തന്റെയും, മായവി, ലുട്ടാപ്പി യുടെയും കഥകൾ ഓർമ്മ വന്നു.  ഇനി ഈ പൂമ്പാറ്റയും അങ്ങിനെ ഒരു ശക്തിയാണോ മുത്തശ്ശൻ ആലോചിച്ചു. 

പെട്ടെന്ന് പൂമ്പാറ്റ " മുത്തശ്ശാ .. ഞാൻ അങ്ങ് ദൂരെ ദൂരെ ഒരു നക്ഷത്ര സമൂഹത്തിൽ നിന്നും വരുന്നു. എനിക്ക് ഈ ഭൂമിയിലെ  ഏതു രൂപത്തിന്റെയും ശരീരത്തിൽ കയറാൻ കഴിയും. അന്തരീക്ഷത്തിൽ രൂപപ്പെട്ട കഠിനമായ ഒരു സ്ഫോടനത്തിൽ ഞാൻ ഇവിടെ എത്തി.  ഞങ്ങളുടെ ഗ്രഹത്തിൽ രൂപമില്ലാത്ത ശരീരമുള്ളവരാണ് ഉള്ളത്. ഇവിടെ വന്നപ്പോൾ ഒരു മിന്നാമിന്നിയുടെ ശരീരം കിട്ടി. രാത്രി പറന്ന് നടക്കുന്നതിനിടയിൽ  കഠിനമായ മഴയും ഇടിയും വന്നു.  ഞാൻ ഉടനെ  ഈ ഉരുണ്ട  കല്ലു ചിപ്പിന്റെ ഉള്ളിൽ കയറി രക്ഷ പ്രാപിച്ചു. പിന്നീട് മനസ്സിലായി ഇതൊരു മാന്ത്രിക ചിപ്പ് ആണ് എന്ന്.  ഞങ്ങളുടെ മസ്തിഷ്കത്തിന് ഒരു ശക്തിയുണ്ട് അതായത് ആരുടെയും പൂർവ്വ സ്ഥിതികൾ അറിയാനുള്ള കഴിവ്.  

ഈ ചിപ്പിന്റെ പൂർവ്വ കാലത്തിൽ നിന്നാണ് ഇതൊരു മാന്ത്രിക ചിപ്പാണ് എന്ന് മനസ്സിലായതും പുറത്ത് കടക്കാൻ ഇതിനെ വെള്ളത്തിൽ മുക്കി പിടിക്കണം എന്നും. വെള്ളം നനഞ്ഞാൽ മതിയാവില്ല. ഈ സ്ഥലത്ത് വെള്ളം കെട്ടി നിൽക്കുകയുമില്ല. പക്ഷെ തൊട്ടടുത്ത ഈ കുളത്തിൽ ആരെങ്കിലും പിടിച്ചു മുക്കി നിന്നാൽ രക്ഷ കിട്ടുമെന്ന് അറിയാമായിരുന്നു. ഇവിടെ ഈ നീന്തൽ കുളവും പാർക്കുമെല്ലാം വരുന്നത് വരെ കാത്തിരുന്നു. പിന്നെ എന്നെ രക്ഷിക്കാനായി ഒരു മുത്തശ്ശനും രണ്ടു കുട്ടികളും ഇവിടെ വരുമെന്ന് അറിയാമായിരുന്നു. മാന്ത്രിക ചെപ്പിന് പുറത്ത്  വന്നാൽ മാത്രമെ എന്റെ  ശക്തികൾ പ്രവർത്തിക്കുകയുള്ളു. ഇപ്പോൾ ഞാൻ പൂർവ്വ സ്ഥിതിയിൽ ആയി. എന്റെ  അപാര ബുദ്ധി ശക്തിക്ക് മരണപ്പെട്ട ശരീരത്തിൽ മറ്റു ജീവികളുടെ ആത്മാവിനെ കയറ്റി ആ ശരിരത്തിന് ചലന ശക്തി നൽകാൻ കഴിയും . ഈ ഭൂമിയിലെ ഏതൊരു  ജീവികളുടെയും ഭുതകാലവും വർത്തമാന കാലവും ഭാവി കാലവും  എനിക്ക് മനസ്സിലാക്കാൻ കഴിയും. ഇന്ന് മുതൽ ഞാനും മുത്തശ്ശന്റെ  കൂടെ ഈ കുട്ടികളുടെ കൂട്ടു കാരനായി കഴിയാം." എന്ന്  പറഞ്ഞു നിർത്തി. 

ശംഭവും അമ്മൂട്ടിയും ഈ പൂമ്പാറ്റ പറഞ്ഞ കഥ കേട്ട് സന്തോഷത്തോടെ തുള്ളി ചാടി നൃത്തം വെച്ചു.  

ശംഭൂന് പെട്ടെന്ന് ഒരു സംശയം അവൻ പൂമ്പാറ്റ യോട് ചോദിച്ചു " പൂമ്പാറ്റ കൂട്ടുകാര ഞങ്ങൾ എന്ത് വിളിക്കും " 


" കൂട്ടുകാർ ഒരു പേരു തരു? " പുമ്പാറ്റ പറഞ്ഞു. 

ശംഭുവും അമ്മൂട്ടിയും ആലോചിച്ചു പറഞ്ഞു ഞങ്ങൾ " കുഞ്ഞുട്ടാ " എന്ന് വിളിക്കാം.  പിന്നെ പറഞ്ഞു  "  രൂപം മാറി  ഒരു തത്തയായി    വരണം " 

അങ്ങിനെ ആ പൂമ്പാറ്റ ഒരു തത്തയായി മാറി അവരുടെ കൂടെ കൂടി. മുത്തശ്ശൻ കുട്ടികളേയും ഈ മാന്ത്രിക തത്തയേയും കൂട്ടി വീട്ടിലേക്ക് നടന്നു.  

അവർ റോഡിലൂടെ ഓരം ചേർന്നു നടക്കുന്ന സമയത്ത് ഒരു ന്യുജെൻ പയ്യൻ വലിയൊരു ബൈക്കിൽ വളരെ സ്പീഡിൽ ഇവരെ തൊട്ടു തൊട്ടില്ല എന്ന നിലയിൽ അവന്റെ വണ്ടി ഓടിച്ചു മുന്നോട്ടു  പോയി.  മുത്തശ്ശൻ പെട്ടെന്ന് രണ്ടു കുട്ടികളയും അരികിലേക്ക് മാറ്റി   പറഞ്ഞു  " കുരുത്തം കെട്ടവൻ  ഇക്കണക്കിന് പോയാൽ    ആ പുരപ്പുറത്ത് എത്തും " 

പെട്ടെന്ന് തന്നെ ആ പയ്യൻ മുന്നിലുള്ള അഞ്ചു നില ഹോട്ടലിന്റെ  ടെറസ്സിൽ പറന്ന് എത്തി.  മുത്തശ്ശൻ ആ തത്തയെ നോക്കി.  അത് ശംഭുവിന്റെ തോളത്ത് ഒന്നും അറിയാത്ത മാതിരി അമ്മൂട്ടിയോടും ശംഭുവിനോടും എന്തൊക്കെയോ പറഞ്ഞു ഇരിക്കുകയായിരുന്നു. 

മുത്തശ്ശന് ഒന്ന് മനസ്സിലായി  ഈ അത്ഭുത ജീവിക്ക് അപാര ശക്തിയുണ്ട് എന്ന്.  മുത്തശ്ശൻ ആലോചിച്ചു ഈ ജീവിയുടെ ഈ കഴിവ് നല്ല കാര്യത്തിനായി ഉപയോഗിച്ച് നോക്കാമെന്ന്. അങ്ങിനെ  അവർ വീട്ടിൽ എത്തി.  തത്ത പെട്ടെന്ന് അദൃശ്യമായി ആർക്കും അതിനെ കാണാൻ പറ്റുമായിരുന്നില്ല.  പക്ഷെ തത്തക്ക് എല്ലാവരെയും എല്ലാറ്റിനേയും ദർശ്ശിക്കാൻ കഴിയുമായിരുന്നു. 

തത്ത ശംഭുവിന്റെ  അടുത്ത് നിന്നും മുത്തശ്ശന്റെ  തോളത്തേക്ക് സീറ്റു മാറി. ഇന്നത്തെ ശാസ്ത്ര ലോകത്തിന്  ചിന്തിക്കാൻ കൂടി കഴിയാത്ത പല അതിശയ ശക്തികൾ ഈ ചെറിയ വലിയ ബുദ്ധി രാക്ഷസന് ഉണ്ട് എന്ന് മുത്തശ്ശന് മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടായില്ല.

മുത്തശ്ശൻ     ശംഭുവിനേയും  അമ്മൂട്ടിയേയും  അവരവരുടെ അമ്മമാരുടെ അടുത്തേക്ക് എത്തിച്ചു.  കുട്ടികൾക്ക് ഈ പരലോക ജീവിയെ കുറിച്ച് ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.  നാലു വയസ്സ് അമ്മൂട്ടിക്കും അഞ്ചു വയസ്സ് ശംഭുവിനും തികഞ്ഞിട്ടെ ഉണ്ടായിരുന്നുള്ളൂ.  അവർക്ക് അത് ഒരു വർത്തമാനം പറയുന്ന തത്ത മാത്രം.  

ഫ്ളാറ്റിലെ റൂമിൽ എത്തിയ മുത്തശ്ശൻ തത്തയോട്  അവരുടെ പ്ളാനറ്റിനെ കുറിച്ച് അന്വേഷിച്ചു. ഭൂമിയുടെ ജന്മത്തിന് കോടി വർഷങ്ങൾക്ക് മുമ്പേ ആ പ്ളാനറ്റ് ജനിച്ചിരുന്നു. 

  " ഞങ്ങളുടെ പ്ളാനറ്റും താങ്കളുടത്  പോലെ പരിണാമ പ്രക്രിയയിലൂടെ ഇന്നത്തെ ഈ രൂപമില്ലാ രൂപത്തിലിത്തി. ഞങ്ങളുടെ സൂര്യനും  താങ്കളുടെ സൂര്യനെ പോലെ തന്നെയാണ്. പ്രകൃതിയും അതേ ശക്തികൾ തന്നെ നിയന്ത്രിക്കുന്നു. പക്ഷെ ഞങ്ങളുടെ ഭക്ഷണം വായുവും വെള്ളവും മാത്രം ആകുന്നു.  ഈ ഭൂമിയിലെ വെള്ളവും വായുവും ഞങ്ങളുടേതിന് തത്തുല്യമാകയാൽ ഇവിടെ വന്നു പെട്ടപ്പോൾ ബുദ്ധിമുട്ട് ഉണ്ടായില്ല. 

ഞങ്ങളുടെ അജയ്യമായ ശക്തി മറ്റു പ്രപഞ്ച മണ്ഡലങ്ങളിൽ ഉള്ള ജീവികളെക്കാൾ അഞ്ചു മടങ്ങ് കൂടുതലാണ്.  ഞങ്ങൾ ഇടക്കിടെ മറ്റ് മണ്ഡലങ്ങളിൽ യാത്ര ചെയ്തു അവരുടെ പരിതസ്ഥിതികളെ സത്യ നീതിക്ക് ധർമ്മ പരിപാലനത്തിന് സഹായിക്കാറുണ്ട്. എനിക്ക് മുമ്പേ കോടാനുകോടി വർഷങ്ങൾക്ക് മുമ്പ് ഈഭൂമിയിൽ ഞങ്ങൾ എത്തി കർമ്മങ്ങൾ ചെയ്തിട്ടുണ്ട്. നിങ്ങളുടെ പുരാണേതിഹാസങ്ങൾ അതിന് ഉദാഹരണങ്ങൾ മാത്രമാണ്.  ഭൂമിയുടെ ജന്മത്തിന് ശേഷം ആദ്യത്തെ മാക്രോബും മൈക്രോബും പ്രപഞ്ചത്തിൽ നിന്നും ഒരു ഭയാനക സ്ഫോടനത്തിന്റെ കാരണത്താൽ ഭൂമോപരിതലത്തിൽ പ്രത്യക്ഷപ്പെട്ടു.  ഈ ആദ്യ ഷെല്ലുകളൾ കാലന്തരത്തിൽ വിഭജിച്ച് വിഭജിച്ച് താങ്കളുടെ ഈ ശരീര പ്രകൃതിയിൽ എത്തി ചേർന്നു.  താങ്കളുടെ ശാസ്ത്ര ലോകം ഇനിയും കൂറെ കാര്യങ്ങൾ റിസർച്ച് ചെയ്തു കണ്ട് പഠിക്കാനുണ്ട്.  താങ്കളുടെ നാല് യുഗങ്ങളും നാല് വേദങ്ങളും ആദ്യ യുഗത്തിലെ ശാസ്ത്രജ്ഞർ റിസർച്ച് ചെയ്ത് കൈമാറ്റം ചെയ്തു വന്നിരുന്ന ഉപനിഷത്തുകൾ എല്ലാം ഇനിയും നിരീക്ഷണ വിധേയമാക്കാനുണ്ട്. താങ്കൾ തന്നെ വീടുകളിൽ  വളരുന്ന സന്താനങ്ങൾക്ക്  ഇളയ പ്രായത്തിൽ   വിദ്യാഭ്യാസം  നൽകുമ്പോൾ   ഓരോ യുഗങ്ങളിലേയും ജീവിത കർമ്മങ്ങൾ പഠിപ്പിക്കാറില്ലെ. അവരവരുടെ കർമ്മങ്ങൾ ജന്മ ജന്മന്തരങ്ങളായി തലമുറകളിലേക്ക് പകർന്ന് ഈ ജനന മരണ പ്രക്രിയ തൂടർന്ന് കൊണ്ടേയിരിക്കും . ഈ ഭൂമിയിൽ ഞങ്ങളുടെ ആദ്യത്തെ    പ്രവേശനം നിങ്ങളുടെ ത്രേതായുഗ കാലത്ത് ആയിരുന്നു.  എവിടെ ദുഷ്കർമ്മങ്ങൾ ഉച്ചിയിലെത്തുന്നുവോ  അപ്പോൾ ഞങ്ങൾ അവിടേക്ക് പ്രയാണം ആരംഭിച്ച് ആ തമസ്യയെ പൂർത്തീകരിച്ച് ദുഷ്ട മനസ്സുകളെ നിഗ്രഹിച്ച് സത്യ നീതി ധർമ്മത്തെ നില നിർത്തി തിരിച്ചു പോകുന്നു. അങ്ങിനെ രണ്ടു യുഗങ്ങളിൽ ഞങ്ങളുടെ ആൾക്കാർ ഇവിടെ എത്തിയിരുന്നു. ത്രേതാ, ദ്വാപര യുഗങ്ങാളായിരുന്നു അവ. ഭൂമിയിൽ സിന്ധു നദീ തട  നിവാസികളായിരുന്ന അന്നത്തെ ജനങ്ങൾ ഞങ്ങളുടെ വരവിനെ ദൈവാംശാവതാരങ്ങൾ എന്ന് പറഞ്ഞിരുന്നു.  അന്നത്തെ ഞങ്ങളുടെ പ്രതിനിധികൾ വളരെ കഴിവുകൾ ഉള്ളവർ ആയിരുന്നു. ഇപ്പോൾ ഞാൻ വന്നതും ഭൂമിയിൽ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന സത്യം നീതി ധർമ്മം എന്നിവയെ പുനരുദ്ധാരണം ചെയ്യുവാൻ കൂടിയാണ്.  ഇതൊരു അവതാരമല്ല മറിച്ച് ഭൂമിയിലെ മനുഷ്യർക്ക് പ്രപഞ്ചത്തിന്റെശക്തി അറിയിക്കുവാൻ കൂടിയാണ്. "  ആ തത്ത പറഞ്ഞുനിർത്തി. 

മുത്തശ്ശൻ " താങ്കളുടെ ശാസ്ത്ര ലോകം ഞങ്ങളുടെ കണ്ണിലൂടെ. കാണാൻ വല്ല വഴിയുമുണ്ടോ?  " 

കുഞ്ഞുട്ടൻ തത്ത " മനഷ്യ ചക്ഷുസ്സുകൾക്ക് അതീധമാണ് ഞങ്ങളുടെ ശാസ്ത്രലോകം. ഇനി ഞാൻ താങ്കളുടെ ഈ ഭൂമണ്ഡലം ഒന്ന് ചുറ്റി കറങ്ങി വരാം. ഞങ്ങൾക്ക് ഒരു സ്ഥലത്ത് നിന്ന് കൊണ്ട് തന്നെ മറ്റു സ്ഥലങ്ങളിലെ വിവരങ്ങൾ  നിമിഷത്തിനകം മനസ്സിലാക്കാൻ സാധിക്കും.  എങ്കിലും ഒന്ന് ചുറ്റി വരുമ്പോൾ ഭൂമിയെ കുറിച്ച് നല്ലൊരു ധാരണ കിട്ടുമല്ലോ? എന്തെങ്കിലും ആവശ്യമുള്ളപ്പോൾ " കുഞ്ഞുട്ടാ മാന്ത്രിക കല്ലെ " എന്ന് മനസ്സിൽ ധ്യാനിച്ചാൽ മതി. തങ്കളുടെ അടുത്ത് ഞാൻ എത്തിയിരിക്കും. "

ആ അന്യഗ്രഹ ജീവി മുത്തശ്ശനെ  വിട്ട് പറന്ന് പോയി. ശംഭുവും അമ്മൂട്ടിയും കൈകാലുകൾ കഴുകി നാമ ജപവും കഴിഞ്ഞ് പഠിക്കാൻ ഇരുന്നു.  മുത്തശ്ശൻ മേൽ കഴുകാനായി പോയി. 

കുളി കഴിഞ്ഞ് മുത്തശ്ശൻ ഉമ്മറത്ത് ചാരു കസേരയിൽ ഇരുന്ന് ഈ അന്യ ഗ്രഹ ജീവിയുടെ ശക്തി എങ്ങനെ ഉപയോഗിക്കാം എന്ന ചിന്തയിലിരുന്നു. 

ഇന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ വളരെയേറെ വ്യതിയാനങ്ങൾ വന്നു ചേർന്ന് ആ മാനസ്സിക  അന്തരീക്ഷം വളരെ മലീനസമായിരിക്കുന്നു. ഇതിനെ എങ്ങനെ നേരിടും.  സത്യ നീതി ധർമ്മാദികൾ പലരിലും അന്യം നിന്ന് പോയിരിക്കുന്നു. ഈ ജീവിയുടെ സഹായത്താൽ ഭാരതത്തിലെ ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താൻ സാധിക്കുമോ ? ശ്രമിച്ച് നോക്കാം. 

പെട്ടെന്ന് ശംഭു " മുത്തശ്ശാ ഭക്ഷണം കഴിക്കാൻ വരു " എന്ന വിളി കേട്ട് മുത്തശ്ശൻ ചിന്തയിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു എത്തി. ഉടനെ എണീറ്റ് ഡൈനിംഗ് മുറിയിലേക്ക് നടന്നു.  ശംഭു അമ്മൂട്ടി ഇവർ ഭക്ഷണം കഴിക്കാൻ തുടങ്ങിയിരുന്നു.  കുട്ടികൾ കുഞ്ഞുട്ടനെന്ന കൂട്ടുകാരനെ കുറിച്ച്  മുത്തശ്ശനോട് അന്വേഷിച്ചു.

മുത്തശ്ശൻ " കുട്ടികളെ ആ തത്ത നാളെ രാവിലെ വരും " 

ശംഭു   " നാളെ വരുമ്പോൾ  ഓരോ കളിപ്പാട്ടം ഞങ്ങൾക്ക്   രണ്ടു പേർക്കും കൊണ്ടരാൻ പറയണം " 

മുത്തശ്ശൻ ചിരിച്ചു കൊണ്ട് പറഞ്ഞു "ശരി  ശരി " 

എല്ലാവരും ഭക്ഷണം കഴിച്ചു എണീറ്റു.    അച്ഛനമ്മമാർ ടീ വി ക്ക് മുന്നിൽ ഇരുന്നു.  മുത്തശ്ശൻ മുറ്റത്ത് ഉല്ലാത്താനായി കുട്ടികളെയും കൂട്ടികളെയും കൂട്ടി നടന്നു.  രാത്രി മാനത്തെ അമ്പിളിമാമനേയും നക്ഷത്രങ്ങളെയും കാണിച്ചു കൊടുത്ത് കുഞ്ഞുട്ടൻ കൂട്ടുകാരന്റെ  നക്ഷത്രസമൂഹം എന്ന് പറഞ്ഞ് കുട്ടികൾക്ക് ആകാശത്തുള്ള നക്ഷത്രങ്ങളെ കാണിച്ചു. പത്ത് മണി അടിക്കുന്നത് തൊട്ടടുത്ത അമ്പലത്തിൽ നിന്നും മുഴങ്ങിയപ്പോൾ കുട്ടികളേയും കൂട്ടി മുത്തശ്ശൻ കിടപ്പ് മുറിയിലേക്ക് നടന്നു.  കുഞ്ഞുങ്ങൾക്ക് ഉറക്കം വരുന്നുണ്ടായിരുന്നു. മകളെ വിളിച്ച് ശംഭുവിനേയും അമ്മൂട്ടിയേയും ഉറക്കാൻ പറഞ്ഞു മുത്തശ്ശൻ തന്റെ  മുറിയിലേക്ക് പോയി. 

രാവിലെ ഉണർന്നപ്പോൾ അയൽപക്കത്തെ വീട്ടിൽ  നിന്നും എന്തൊ ഒരു ബഹളം കേട്ടിട്ടാണ് മുത്തശ്ശൻ ഉണർന്നത്. കുട്ടികൾ സ്കൂളിൽ പോകാൻ തയ്യാറെടുക്കുന്ന തിരക്കിലാണ്. മുത്തശ്ശൻ എണീറ്റ് ബാത്ത് റുമിൽ കയറി പ്രഭാതകൃത്യങ്ങൾ കഴിച്ചു ഉമ്മറത്തേക്ക് ചെന്ന് പത്രം വായനയിൽ മുഴുകി. മകൾ അതിനിടയിൽ ഒരു കപ്പ് കാപ്പി മുത്തശ്ശന് കൊണ്ട് കൊടുത്തു.  മിറ്റത്ത് കുട്ടികളെ  സ്കൂളിലേക്ക്  കൊണ്ട്  പോകാനുള്ള വണ്ടി വന്നപ്പോൾ ശംഭുവിനേയും അമ്മൂട്ടിയേയും കൂട്ടി അച്ഛൻ പുറത്തേക്ക് വന്നു.  മുത്തശ്ശനോട് യാത്ര പറഞ്ഞു കുട്ടികൾ വണ്ടിയിൽ കയറി യാത്രയായി.

അയൽപക്കത്തെ ബഹളം കുറെ കൂടി ഒച്ചയോടെ കേൾക്കാൻ തുടങ്ങി.  മുത്തശ്ശൻ പതുക്കെ എണീറ്റ് മതിലിനടുത്തേക്ക് ചെന്നു. തൊട്ടടുത്ത വീട് ഒരു കോളേജ് അദ്ധ്യാപകന്റെതും അതിന്റെ  തൊട്ടടുത്തത് ഒരു പാവം ഓട്ടോ ഡ്രൈവറുടെതുമാണ്.  രണ്ടു പേരും സഭ്യതകളുടെ സീമ ലംഘിച്ചു കൊണ്ടുള്ള വാക്ക് പയറ്റാണ്. അവരുടെ സംഭാഷണത്തിൽ നിന്നും മുത്തശ്ശൻ മനസ്സിലാക്കിയത് ' അദ്ധ്യാപകന്റെ  വീട്ടിലെ അഴുക്ക് വെള്ളം ഡ്രൈവറുടെ മിറ്റത്തേക്ക് തുറന്നു വിട്ടിരിക്കുന്നു. ' തെറ്റ് അദ്ധ്യാപക വീടിന്റെതാണ്. സ്വന്തം വീട്ടിലെ അഴുക്കുകളടങ്ങിയ വെള്ളം മറ്റൊരു വീട്ടിലേക്ക് വിടുന്നത് ശിക്ഷർഹമാണ്. പക്ഷെ താൻ ചെയ്തത് ശരിയെന്ന് ശഠിച്ച് അദ്ധ്യാപകൻ ഡ്രൈവറുടെ മേക്കട്ട് കയറുകയാണ്. മുത്തശ്ശൻ തീർച്ചയാക്കി ഇതിന് പരിഹാരം കുഞ്ഞുട്ടനെന്ന അന്യഗ്രഹ ജീവിയെ വിളിച്ചു പരിഹരിക്കാം.  മനസ്സിൽ കുഞ്ഞുട്ടൻ തത്തയെ വിളിച്ച മാത്രയിൽ തത്ത പറന്ന് വന്ന മുത്തശ്ശ തന്റെ  തോളിലിരുന്നു. മുത്തശ്ശൻ വിവരിക്കുന്നതിന് മുന്നെ തന്നെ തത്ത പറന്ന് ചെന്ന് അദ്ധ്യാപകന്റെ   തലക്ക് ചുറ്റും വട്ടം കറങ്ങി.  അദ്ധ്യാപകൻ നിന്ന നിലക്ക് ദാ തഴെ കിടക്കുന്നു.  

അദ്ധ്യാപകന്റെ  ഭാര്യ ഓടി വന്ന് ഭർത്താവിനെ  ഉയർത്താൻ ശ്രമിച്ചു. പെട്ടെന്ന് ഡ്രൈവർ മതില് ചാടി  വന്ന്     അദ്ധ്യാപകനെ എടുത്ത് ഓട്ടോയിൽ കയറ്റി  തൊട്ടടുത്തുള്ള ആശുപത്രിയിൽ കൊണ്ട് ചെന്നാക്കി. തത്ത തിരിച്ചു വന്ന് മുത്തശ്ശന്റെ തോളിലിരുന്നു.

തത്ത  " ഇനിയെല്ലാം ശരിയാകും " എന്ന് പറഞ്ഞ് പറന്ന് പോയി. 

ഒരാഴ്ച്ച കഴിഞ്ഞ് അദ്ധ്യാപകൻ തിരിച്ചെത്തി. അസുഖമെല്ലാം ഭേദമായി. ഡ്രൈവറെ വിളിച്ചു ക്ഷമാപണം നടത്തി.  

തത്തയുടെ ശക്തി മുത്തശ്ശന് മനസ്സിലായി. 
മുത്തശ്ശന്റെ   നാട്ടിലെ   വില്ലേജ് ഓഫീസർ കൈകൂലി  വാങ്ങിയെ    എന്തെങ്കിലും ആവശ്യങ്ങൾക്കായി ജനങ്ങൾ സമീപിച്ചാൽ അവർക്ക് വേണ്ടത് ശരിയാക്കി കൊടുക്കാറുള്ളു. അതൊന്ന് നേർ വഴിക്ക് കൊണ്ട് വരേണ്ടത് അത്യാവശ്യമാണെന്ന് മുത്തശ്ശന് തോന്നി.  

മുത്തശ്ശന്റെ  മകൻ  പുതുതായി പണി കഴിപ്പിച്ച  വീടിന്റെ പോക്കുവരവ് സർട്ടിഫിക്കറ്റ്  മാസം ഒന്ന് കഴിഞ്ഞിട്ടും  ഇതുവരെ ശരിയാക്കി കൊടുത്തിട്ടില്ല. മുത്തശ്ശൻ മകനിൽ നിന്നും ആധാരം വാങ്ങി വില്ലേജ് ഓഫീസിലേക്ക് നടന്നു.  ഓഫീസ് പരിസരത്ത് നല്ലൊരു ജനകൂട്ടം തന്നെ എത്തി  ചേർന്നിരുന്നു. 

ഒരോരുത്തരും പല ആവശ്യങ്ങൾക്കായി വന്നു ചേർന്നതാണ്. പലരും ശാപ വാക്കുകൾ കൊടുത്തു തിരിച്ചു പോകുന്നുണ്ടായിരുന്നു.  ചിലർ കൈകൂലി നൽകി ആവശ്യങ്ങൾ നേടിയെടുത്തിരുന്നു. മുത്തശ്ശന്റെ  ഊഴം വന്നപ്പോൾ അക്ഷയ കേന്ദ്രത്തിൽ നിന്നും നൽകിയ രസീതുമായി ഓഫീസറെ സമീപിച്ചു.  

മുത്തശ്ശൻ ആ  രസീത് ഓഫീസറെ ഏല്പിച്ചു. അതിലേക്ക് ശ്രദ്ധ കൊടുക്കാതെ മുത്തശ്ശനോട്

ഓഫീസർ " അന്വേഷണം വേണം , പിന്നെ വരു" എന്ന് പറഞ്ഞു രസീത് തിരികെ നൽകി.

മുത്തശ്ശൻ : " എല്ലാ പേപ്പറുകളും ശരിയാക്കി ഒരു മാസം മുന്നെ അക്ഷയിലൂടെ ആവശ്യപ്പെട്ടതല്ലെ , ഇനി എന്ത് അന്വേഷണമാണ് വേണ്ടത്?  "

" താങ്കൾക്കു പോകാം" ഓഫീസർ. 

"ശരി .  ഇന്ന് ഈ സർട്ടിഫിക്കറ്റ് വാങ്ങിയെ ഇവിടെ നിന്ന് പോകു " മുത്തശ്ശൻ ഗൗരവത്തോടെ പറഞ്ഞു. 

" എങ്കിൽ കാണാം " ഓഫീസർ

മുത്തശ്ശൻ തത്തയെ മനസ്സിൽ ധ്യാനിച്ചു.   ഉടനെ തത്ത മുത്തശ്ശന്റെ  തോളത്ത് വന്നിരുന്നു.  തത്തക്ക് കാര്യം പിടികിട്ടി.  ഓഫീസർ മറ്റൊരു കേസ് പരിശോധനക്ക് എടുത്ത് നോക്കുകയാണ്.  ആ അപേക്ഷകന്റെ  കേസ് ക്ളാർക്ക്  കൈകൂലി വാങ്ങി ശരിയാക്കി കൊടുക്കാൻ വച്ചിരുന്നതാണെന്ന് തത്ത മനസ്സിലാക്കി.  വില്ലേജ് ഓഫീസർ ആ സർട്ടിഫിക്കറ്റിൽ ഒപ്പിടാൻ പേനയെടുത്തു. പെട്ടെന്ന് സർട്ടിഫിക്കറ്റ് രുപം മാറി  മുത്തശ്ശൻ ആവശ്യപ്പെട്ട പോക്ക് വരവ് സർട്ടിഫിക്കറ്റ് ആയിമാറി. ഓഫീസർ അതിൽ ഒപ്പ്  വെച്ച് സീൽ വെക്കാനായി ക്ളാർക്കിനെ വിളിച്ചു.  മുത്തശ്ശൻ പെട്ടെന്ന് ആ സർട്ടിഫിക്കറ്റ് എടുത്ത് ക്ളാർക്കിന്റെ  കയ്യിൽ നിന്നും സീൽ വാങ്ങി സീൽ വെപ്പിച്ചു. 

ഓഫീസർ " ഹേ മിസ്റ്റർ,  അത് ഈ വ്യക്തിക്കുള്ളതാണ് . അതങ്ങ് കൊടുക്കു" 

മുത്തശ്ശൻ ആ സർട്ടിഫിക്കറ്റ് മറ്റേ വ്യക്തിക്ക് കൊടുത്ത് പറഞ്ഞു 

" താങ്കളുടെതാണെങ്കിൽ എടുത്ത്    കൊള്ളു " 

മറ്റെ ആൾ " ശ്ശോ , ഇത്  പോക്ക് വരവ് ആണല്ലോ,  എനിക്ക് വരുമാന സർട്ടിഫിക്കറ്റ് ആണ് വേണ്ടത് "

മുത്തശ്ശൻ അത് തിരിച്ചു വാങ്ങി അവിടെ നിന്നും എണീറ്റു.

ഓഫീസിർ ചാടിയെണീക്കാൻ ശ്രമിച്ചു . പക്ഷേ പറ്റിയില്ല.  

മുത്തശ്ശന്റെ  ശബ്ദത്തിൽ തത്ത പറഞ്ഞു

  " ഹേ മനുഷ്യ താങ്കൾ എത്രയോ പാവങ്ങളെ കൈകൂലി വാങ്ങി ഉപദ്രവിച്ചു ? ഇനി താങ്കൾക്കു ഈ കസേരയിൽ നിന്നും എണിക്കണമെങ്കിൽ ഈ കൂടിയിരിക്കന്ന   എല്ലാ  ജനങ്ങളുടെയും ആവശ്യങ്ങൾ അക്ഷയിലൂടെ പെട്ടെന്ന് തീർത്ത് കൊടുക്കുക. പിന്നെ ഇനി വീണ്ടും  കൈകൂലി വാങ്ങിയാൽ തന്റെ രണ്ടു കൈകളും നിർജ്ജീവം ആയിതീരും . അത് കൊണ്ട് ഇന്ന് മുതൽ സത്യ നീതി ധർമ്മത്തോടെ നല്ല കർമ്മങ്ങൾ ചെയ്തു ജീവിക്കുക. പിന്നെ ഒരു കാര്യം   തന്റെ ഈ അനുഭവം   ഇന്ത്യയിലെ    എല്ലാ ഭാഷയിലുമുള്ള   നാളത്തെ  പത്രങ്ങളിലും  വരുന്നതാണ്. ആരെങ്കിലും ഇനി കൈകൂലി വാങ്ങിയാൽ അവർക്ക് ഈ ശിക്ഷ അനുഭവിക്കേണ്ടി വരും." 

മുത്തശ്ശൻ അവിടെ കൂടിയ ജനങ്ങളോട് പറഞ്ഞു 

" നിങ്ങൾ എല്ലാം വീട്ടിൽ പോകുക. ഈ ഓഫീസർ നിങ്ങളുടെ ഫോണിലേക്ക് വിവരം തരുന്നതിന് അനുസരിച്ച് അക്ഷയയിൽ നിന്നും സർട്ടിഫിക്കറ്റ്കൾ വാങ്ങുക , ഇനി ഈ ഓഫീസിൽ വന്ന് കഷ്ടപ്പെടേണ്ടി വരില്ല " 

ആ വില്ലേജ് ഓഫീസർ സ്തഭിച്ചു പോയിരന്നു. മുത്തശ്ശൻ തത്തക്ക് നന്ദി പറഞ്ഞ് വീട്ടിലേക്ക് നടന്നു. 

തത്ത മുത്തശ്ശനോട് " പിന്നെ വരാം " എന്ന് പറഞ്ഞ് പറന്ന് പോയി.

വൈകീട്ട് ശംഭുവും അമ്മൂട്ടിയും സ്കൂളിൽ നിന്നും വന്നു.  പാലും ദോശയും കഴിച്ചു മുത്തശ്ശന്റെ  അടുത്തെത്തി.  

ശംഭു  " മുത്തശ്ശ , തത്ത എവിടെ പോയി " 

മുത്തശ്ശൻ  " ശംഭുകുട്ടാ കുഞ്ഞുട്ടനെ വിളിച്ചു നോക്ക് . നിങ്ങളുടെ  കൂട്ടുകാരനല്ലെ "

ശംഭു ഉറക്കെ വിളിച്ചു " കുഞ്ഞുട്ടാ " 

പെട്ടെന്ന് തത്ത പറന്ന് വന്നു " ന്താ വിളിച്ചെ കൂട്ടുകാരാ " 

ശംഭു അമ്മൂട്ടി " ഹായ്  .. തത്ത കുഞ്ഞുട്ടാ .. കളിക്കാൻ പാർക്കിൽ പോകാം "

മുത്തശ്ശനും കുട്ടികളും കുഞ്ഞുട്ടൻ തത്തയും പാർക്കിലേക്ക് നടന്നു.  അതിനിടയിൽ ശംഭു കുഞ്ഞുട്ടനോട് രണ്ടു ഐസ് ക്രീം പറഞ്ഞു.  ഉടനെ തന്നെ ഐസ് ക്രീം എത്തി.  ശംഭുവും അമ്മൂട്ടിയും ഐസ് ക്രീം നുണഞ്ഞ് നടന്നു. 

മുത്തശ്ശൻ പാർക്കിൽ ഒരിടത്ത് ബഞ്ചിൽ ഇരുന്ന് കുഞ്ഞുട്ടൻ തത്തയോട് പറഞ്ഞു 

" കുട്ടികളെ നോക്കണം ട്ടോ .. വളരെ വികൃതികളാണ് "

കുഞ്ഞുട്ടൻ തത്ത കുട്ടികളുടെ കൂടെ പോയി. കുട്ടികൾ രണ്ടും മറ്റു കുട്ടികളുമായി കളി തുടങ്ങി.  ഊഞ്ഞാലിൽ ഇരുന്ന് ആടിയിരുന്ന കുട്ടി ആർക്കും അവസരം കൊടുക്കാതെ ആടി കൊണ്ടിരുന്നു.  ശംഭു അവനോട് കുറച്ചു നേരം ഊഞ്ഞാൽ ആടാൻ ചോദിച്ചപ്പോൾ അവൻ കളിയാക്കി . ശംഭുവിന് സങ്കടം വന്നു.  ഇത്  കണ്ട് തത്ത ഊഞ്ഞാലിനെ ഒന്ന് നോക്കി . ഊഞ്ഞാൽ ഉയരെ പോയി അവിടെ ആകാശത്ത് നിന്നു. താഴോട്ടു വന്നില്ല.  ആ കുട്ടി പേടിച്ച് കരയാൻ തുടങ്ങി.  തത്ത ആ ഊഞ്ഞാലിനെ താഴോട്ട് കൊണ്ട് വന്നു നിർത്തിയതും ആ വികൃതി  പേടിച്ച്  അവന്റെ അമ്മയുടെ അടുത്തേക്ക് ഓടിപ്പോയി. ശംഭുവും അമ്മൂട്ടിയും മാറി മാറി ഊഞ്ഞൽ ആടി. 

ഈ അന്യ ഗ്രഹ ജീവികളുടെ ശാസ്ത്ര പുരോഗതി ഈ ഭൂമിയിലെ ശാസ്ത്രജ്ഞരെ ലജ്ജിപ്പിക്കുന്ന വിധത്തിലെത്തിയിരിക്കുന്നു. ഇനി എത്രയോ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും ഈ പുരോഗതി കൈവരിക്കാൻ.   മാന്ത്രിക വിദ്യ ആസ്വദിക്കുന്നതു പോലെ അവർ സത്യ ധർമ്മ നീതി ധ്വംസകരെ നേരിടുന്നത് കണ്ട് മുത്തശ്ശൻ അത്ഭുതപ്പെട്ടു. 

ഈ കുഞ്ഞുട്ടനെന്ന തത്തയെ കൊണ്ട് കുറച്ചു കാര്യങ്ങൾ കൂടി ശരിയാക്കി എടുക്കണമെന്ന് മുത്തശ്ശൻ തീർച്ചയാക്കി. മുത്തശ്ശനും കുട്ടികളും  തത്തയു വീട്ടിലേക്ക് യാത്ര തിരിച്ചു.  ശംഭു വീണ്ടും രണ്ട് കോൽ മിഠായി കൊണ്ട് വരാൻ കുഞ്ഞുട്ടനോട് പറഞ്ഞു ഉടൻ തന്നെ മിഠായി റഡി. രണ്ടു കുട്ടികളും അത് നുണഞ്ഞ് മുത്തശ്ശന്റെ കയ്യും പിടിച്ച് നടന്നു.  

വീട്ടിൽ എത്തിയ ശേഷം മാന്ത്രിക കല്ല് തത്ത  മുത്തശ്ശനോട് യാത്ര പറഞ്ഞു തന്റെ  ദൗത്യത്തിൽ മുഴുകാൻ യാത്രയായി.  അടുത്ത ദിവസത്തെ പത്രം മുഴുവൻ രാജ്യത്ത് പുതുതായി  വന്ന രോഗത്തെ കുറിച്ച് ആയിരുന്നു വാർത്തകൾ.  പല ഉദ്യോഗസ്ഥരും പക്ഷവാതം വന്നു കിടപ്പിൽ ആയിരിക്കുന്നു. മുത്തശ്ശന് കാര്യം മനസ്സിലായി.  കൈകൂലി വാങ്ങുന്ന ആൾക്കാരാണ് ഈ രോഗത്തിന് അടിമപ്പെട്ടത്. കേരളത്തിലെ ആ വില്ലേജ് ഓഫീസർ  പത്ര ടീവി ചാനലുകളെ വിളിച്ച് തനിക്ക് വന്ന  അനുഭവം വിശദമായി തുറന്നു പറഞ്ഞു. ആ ന്യൂസ് ഇന്ത്യയാകെ  വ്യാപിച്ചു. എല്ലാവരിലും ഭയം നാമ്പിട്ടു. മുത്തശ്ശൻ കരുതി ഇങ്ങനെയെങ്കിലും  രാജ്യം  കൈകൂലി ഭൂതത്തിൽ നിന്നും രക്ഷ നേടട്ടെ. ഒരു കാരണവശാലും ഈ മാന്ത്രികകല്ല് പ്രതിഭാസം പുറം ലോകം അറിയനിട വരാതിരിക്കട്ടെ.  ഭാരതത്തിലെ സത്യം നീതി ധർമ്മം ഇവ നില നില നിർത്താൻ ഈ കല്ല് ഭൂതത്തിന്റെ  സഹായം ഇടക്കിടെ ഉണ്ടാകേണ്ടുന്നത് അത്യാവശ്യമാണ് എന്ന്  മുത്തശ്ശൻ വിചാരിച്ചു. 

പക്ഷെ കല്ലുഭൂതത്തിന്റെ സമയ പരിധി കഴിഞ്ഞതിനാൽ അതിന് തിരിച്ചു പോകാൻ സമയമായിരുന്നു. ആ അന്യഗ്രഹ ജീവി മുത്തശ്ശന്റെ  അടുത്ത് വന്ന് യാത്ര പറഞ്ഞു പിരിഞ്ഞു.  മുത്തശ്ശൻ ആ സുഹൃത്തിനോട്  പറഞ്ഞു   " ഇടക്കിടെ ഭൂമിയിൽ വരുക.  താനില്ലെങ്കിലും  ഈ കുട്ടികളുടെ കൂടെ കുറച്ചു ദിവസം താമസിച്ച് അവർക്ക് നേർവഴി കാട്ടി കൊടുക്കുക. പിന്നെ ഈ രാജ്യത്തെ അരാജകത്വം തുടച്ച് നീക്കുക" . 

എല്ലാം സമ്മതിച്ചു ആ മാന്ത്രിക കല്ല് അന്തരീക്ഷത്തിലൂടെ പറന്ന് പോയി.  

ശുഭം.