ഭാഗം 12
\" ഇവിടെ ഇത് എന്തൊക്കെയാ നടക്കുന്നത് അന്ന? \"
വീട്ടിലേക്കു നടക്കുന്നതിനിടെ വിഷ്ണു അന്നയോടു ചോദിച്ചു
\" വിഷ്ണുവിന് മനസിലായതൊക്കെ തന്നെ. നമ്മുടെ ഹോസ്പിറ്റൽ സൈറ്റിലേക്ക് ഇറക്കുന്ന ക്വാളിറ്റി മെറ്റീരിയൽസ് ഒക്കെ ഇവിടുന്നു കടത്തുന്നു. കുറച്ചു മൊത്തമായും കടത്തുന്നു, എന്നാൽ കുറച്ചു മാറ്റിയിട്ടു പകരം ലോ ക്വാളിറ്റി മെറ്റീരിയൽസ് വയ്ക്കുന്നുഎന്നിട്ട് കള്ള കണക്കുകളും രജിസ്റ്ററും കൊണ്ട് എല്ലാവരെയും പറ്റിക്കുന്നു. അങ്ങനെ ഉള്ളവ വച്ചു പണിയുന്ന കെട്ടിടങ്ങൾ ആണ് ഈ തകർന്നു വീഴുന്നത്.. \"
അവൾ പറഞ്ഞു.
\" തനിക്കു ഇതൊക്കെ എന്ന് മുതൽ അറിയാം ? \"
\" ഒരു മാസം ആയി സംശയം തുടങ്ങിയിട്ട്. പക്ഷെ ആരാണെന്നോ, എങ്ങനെയെന്നോ അറിയില്ലായിരുന്നു. രജിസ്റ്റർ നോക്കിയപ്പോൾ എല്ലാ കണക്കുകളും കറക്റ്റ് ആണ്. അപ്പോഴാണ് രജിസ്റ്റർ തന്നെ ഫേക്ക് ആവാം എന്ന സംശയം തോന്നിയത്. അത് പ്രൂവ് ചെയ്യണമെങ്കിൽ അടുത്ത ലോഡ് വരുന്ന ദിവസം വരെ വെയിറ്റ് ചെയ്യണമായിരുന്നു. ലോഡ് വരുന്ന ദിവസം എന്തായാലും ഒറിജിനൽ രജിസ്റ്റർ കൊണ്ട് വന്നേ പറ്റൂ.. കാരണം അന്ന് സാമൂവൽ അച്ചായൻ രജിസ്റ്ററിൽ ലോഡിന്റെ കണക്കും കാര്യങ്ങളും നോട്ട് ചെയ്യും. അത് കൊണ്ടാണ് ഞാൻ ഇന്ന് രാത്രി വരെ അവിടിരുന്നു അതിന്റെ ഫോട്ടോ എല്ലാം എടുത്തത്. നാളെ ആവുമ്പോഴേക്കും രജിസ്റ്റർ മാറും എന്ന സംശയം ഉണ്ടായിരുന്നു. പക്ഷെ ഇന്ന് തന്നെ ലോഡ് കടത്തും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല.. \"
\" ഗിരി? \"
\" ആരോ ഇതിനു പിന്നിൽ ഉണ്ടെന്നു അറിയാമായിരുന്നു. സാമൂവൽ അച്ചായനോ അച്ചായന്റെ സഹായികൾക്കോ അറിവില്ലാതെ ഇങ്ങനെ ഒരു കാര്യം നടക്കാൻ സാധ്യതയില്ല എന്ന് തോന്നിയിരുന്നു. ഗിരിയാണെന്ന് ഇന്നാണ് അറിഞ്ഞത്. ആരായിരിക്കും ഇതിന്റെ പിന്നിൽ? \"
അന്ന ചോദിച്ചു.
\" അറിയില്ല.. ആരാണെങ്കിലും കണ്ടു പിടിച്ചു ഈ ഏർപ്പാട് നിർത്തണം.. ഏതായാലും ശിവനും കൂടി വരട്ടെ.. അവന്റെ യൂണിഫോമിന്റെ പവർ ഉണ്ടെങ്കിൽ ഗിരിയെ കൊണ്ട് സത്യം പറയിക്കാൻ എളുപ്പമായിരിക്കും \"
വിഷ്ണു പറഞ്ഞു.
\" അപ്പൊ ഇന്നത്തെ ലോഡ് അവർ കൊണ്ട് പൊയ്ക്കോട്ടേ എന്നാണോ? നമുക്ക് പോലീസ് സ്റ്റേഷനിൽ പോയാലോ വിഷ്ണു? ശിവൻ ഇല്ലെങ്കിലും ഡ്യൂട്ടിയിൽ ആരേലും കാണില്ലേ? \"
\" വേണമെങ്കിൽ ചെയ്യാം.. പക്ഷെ നമ്മുടെ പക്കൽ വലിയ തെളിവൊന്നും ഇല്ല. നമ്മൾ സ്റ്റേഷനിൽ പോയി ആളെ വിളിച്ചു വരുമ്പോഴേക്കും ചിലപ്പോ ലോഡ് പോയിട്ടുണ്ടാവും. വണ്ടി വരുന്നുണ്ടോ എന്ന് നോക്കാൻ അവർ എന്തായാലും ആളെ നിർത്തിയിട്ടുണ്ടാവും. ഒറിജിനൽ രജിസ്റ്റർ ആണെങ്കിൽ ഗിരിയുടെ കയ്യിലും ആണ്. ഇനി നമ്മൾ അവരെ പിടി കൂടിയാൽ തന്നെ ലോഡിന് എന്തേലും പ്രശ്നം ഉള്ളത് കൊണ്ട് അത് തിരികെ അയക്കുന്നത് ആണ് എന്ന് വല്ലോം പറഞ്ഞാലും പോരെ? അവർക്കും plan ബി ഉണ്ടാവില്ലേ? അതോടെ നമ്മൾക്ക് ഇതൊക്കെ അറിയാമെന്നു ഗിരിക്കും കൂട്ടർക്കും മനസ്സിലാവുകയും ചെയ്യും. അതോടെ അവരെ തെളിവുകളോടെ പിടിക്കാനുള്ള അവസരം നഷ്ടം ആവും. പോരാത്തതിന് എല്ലാം അറിയാവുന്ന നമ്മുടെ ജീവനും ഭീഷണി ഉണ്ടാവാൻ സാധ്യത ഉണ്ട് .. അത് കൊണ്ട് തത്കാലം ഒന്നും ചെയ്യാൻ സാധ്യമല്ല.. \"
വിഷ്ണു പറഞ്ഞു.
\" അപ്പോൾ ഒരു പക്ഷെ ആദ്യത്തെ എഞ്ചിനീയരെ അടിച്ചോടിച്ചത് ആയാളും ഇതെല്ലാം കണ്ടെത്തിയത് കൊണ്ടായിരിക്കുമോ? ഞാനും ഇതെല്ലാം അറിഞ്ഞാലോ എന്ന് വിചാരിച്ചാണോ എനിക്കെതിരെയും ഭീഷണി ഉണ്ടായത്? \"
\" ആയിരിക്കാം.. പക്ഷെ അന്ന് അമ്പലത്തിൽ വച്ചു അന്നക്കെതിരെ ആക്രമണം ഉണ്ടായപ്പോൾ അന്ന ഇതൊന്നും അറിഞ്ഞിട്ടുണ്ടായിരുന്നില്ലലോ? പിന്നെ എന്തിനായിരുന്നു അന്ന്? \"
വിഷ്ണു സംശയത്തോടെ ചോദിച്ചു..
\" അത് എനിക്കും മനസിലാവുന്നില്ല.. ഒരു പക്ഷെ അവർ വിളിച്ചിട്ടും പേടിക്കാത്തപ്പോൾ ഒന്ന് കൂടി ഒന്ന് പേടിപ്പിച്ചതായിരിക്കും. പേടിച്ചു ഇവിടുന്നു പൊയ്ക്കോട്ടേ എന്ന് കരുതി. \"
അപ്പോൾ ശിവന്റെ സംശയം ശരിയായിരുന്നു. ബൈജു വെറും കരുവായിരുന്നു. അവൻ ആരെയും ആക്രമിക്കാൻ ആരോടും പറഞ്ഞിട്ടില്ല. വിഷ്ണു മനസ്സിൽ ഓർത്തു.
\" അന്ന.. ദൈവത്തെ ഓർത്തു ഒറ്റയ്ക്ക് ഇനി ഇത് പോലത്തെ കാര്യങ്ങൾക്കൊന്നും ഇറങ്ങി തിരിക്കരുത്. എന്നോട് പറയാം.. ഞാൻ കൂടെ നിൽക്കാം തന്റെ.. ഇനി എന്നോട് പറയാൻ മടി ആണെങ്കിൽ ശിവനോട് പറയാം. അവൻ പോലീസും ആണല്ലോ? \"
വിഷ്ണു പറഞ്ഞു..
\" ഞാൻ ഓർത്തതാണ് വിഷ്ണു നിങ്ങളോട് പറഞ്ഞാലോ എന്ന്. പക്ഷെ നിങ്ങള്ക്ക് ആവശ്യത്തിന് പ്രശ്‌നങ്ങൾ ആൾറെഡി ഉണ്ട്.. പിന്നെ എന്തെങ്കിലും എവിഡൻസ് കിട്ടിട്ടു പറയാം എന്ന് കരുതിയാണ്.. \"
അന്ന പറഞ്ഞു.
\" ടോ.. തന്റെ സേഫ്റ്റിയും ഞങ്ങൾക്ക് പ്രധാനം ആണ്..അത് കൊണ്ട് ഒറ്റക്കുള്ള പരിപാടിയൊന്നും ഇനി വേണ്ട. ശിവൻ എറണാകുളത്തു നിന്നു വന്നാലുടൻ നമുക്ക് ഇതിനെ പറ്റി സംസാരിക്കാം.. അവനോടും കൂടി ആലോചിച്ചിട്ട് ഇനി എന്താ വേണ്ടതെന്നു തീരുമാനിക്കാം.. താൻ എടുത്ത ഫോട്ടോസിനെ പറ്റി ആരും അറിയണ്ട.. അത് സൂക്ഷിച്ചു വച്ചോളു.. \"
\" ഓക്കേ \"
അപ്പോഴേക്കും അവർ മാമംഗലത്തു എത്തിയിരുന്നു. സൈറ്റിൽ കുറച്ചു കണക്കു നോക്കാൻ ഉള്ളത് കൊണ്ട് ലേറ്റ് ആയെ വരൂ എന്ന് നേരത്തെ അവൾ പറഞ്ഞിരുന്നത് കൊണ്ട് ബാക്കി എല്ലാവരും കിടന്നിരുന്നു. ഒരു ജോലിക്കാരി മാത്രം അന്നയെ കാത്തു എണീറ്റു ഇരിപ്പുണ്ടായിരുന്നു. അന്നയെയും വിഷ്ണുവിനെയും ഒരുമിച്ചു കണ്ടപ്പോൾ അവരുടെ മുഖം ചുളിഞ്ഞു. അന്ന അത് ശ്രദ്ധിക്കാത്ത ഭാവത്തിൽ വിഷ്ണുവിന്റെ നേരെ തിരിഞ്ഞു..
\" ഗുഡ് നൈറ്റ് വിഷ്ണു.. \"
\" ഗുഡ് നൈറ്റ്.. \"
അവൾ അകത്തേക്ക് കയറി ജോലിക്കാരി വാതിൽ അടച്ചപ്പോൾ അവൻ തന്റെ വീട്ടിലേക്കു നടന്നു. വീട്ടിൽ കല്യാണി അവനെയും കാത്തു ഉറങ്ങാതെ ഇരിപ്പുണ്ടായിരുന്നു.
\" നീ ഉറങ്ങില്ലേ? \"
\" ഇല്ല.. ഏട്ടനെന്താ ഇത്രയും ലേറ്റ് ആയതു?\"
\"അത്.. കുറച്ചു പണി വന്നു.. അതാ.. \"
വിഷ്ണു അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
\" ഏട്ടൻ കഴിക്കുന്നില്ലേ? ചോറെടുക്കട്ടെ? \"
\" എനിക്കിനി ഫുഡ് ഒന്നും വേണ്ട.. നല്ല ക്ഷീണം.. നീയും കിടന്നോ.. സമയം ഒരുപാടയില്ലേ?\"
മുറിയിലേക്ക് നടക്കുമ്പോൾ വിഷ്ണു പറഞ്ഞു..
\" ഏട്ടാ.. \"
കല്യാണി വിളിച്ചപ്പോൾ വിഷ്ണു തിരിഞ്ഞു നോക്കി..
\" ശിവേട്ടൻ എന്തിനാ എറണാകുളത്തു പോയേക്കുന്നെ? കുറച്ചു ദിവസം മുന്നേയും പോയല്ലോ? \"
അപ്പോൾ അതറിയാനാണ് ഉറങ്ങാതെ ഇരുന്നത്..
\" അവന്റെ എന്തോ ജോലിക്കാര്യത്തിനാ.. \"
\" ഇത് വരെ ഇങ്ങനൊരു ജോലിക്കാര്യം വന്നിട്ടില്ലലോ? ഇപ്പോൾ എന്താ പെട്ടെന്ന്? അതും ഇടയ്ക്കിടയ്ക്ക്? \"
കല്യാണി സംശയത്തോടെ ചോദിച്ചു..
\" എന്നാൽ പിന്നെ നീ അവനെ തന്നെ വിളിച്ചു ചോദിക്ക് എന്തിനാ പോയതെന്ന് \"
അതിനു കല്യാണി ഒന്നും പറഞ്ഞില്ല.
\" നീയെന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ? അവന്റെ ജോലി കഴിഞ്ഞു രണ്ടു ദിവസം കഴിയുമ്പോൾ അവൻ ഇങ്ങു വന്നോളും.. ഇപ്പോൾ നീ പോയി കിടന്നു ഉറങ്ങാൻ നോക്ക്.. \"
അതും പറഞ്ഞു വിഷ്ണു തന്റെ മുറിയിലേക്ക് കയറി. പക്ഷെ അപ്പോൾ ശിവൻ അവിടെ ഉണ്ടായിരുന്നെങ്കിൽ എന്നാണ് വിഷ്ണുവും ഓർത്തു കൊണ്ടിരുന്നത്.
****************************************************
രാവിലെ തന്നെ ശിവനും വിക്ടറും കൂടി ജോണിയുടെ വീട് തപ്പി ഇറങ്ങി. പത്തു വർഷം മുന്നത്തെ അഡ്രെസ്സ് വച്ചു ചെന്നപ്പോൾ കോളനി പോലെ ഒരു സ്ഥലം ആയിരുന്നു അത്. പഴയ പോലീസ് ഫയൽസിൽ നിന്നു ജോണിയുടെയും ഷണ്മുഖന്റെയും ഫോട്ടോസ് അവർ ഫോണിൽ പകർത്തിയിരുന്നു. അഡ്രസ്സിൽ ഉള്ള വീട്ടിൽ ചെന്നു അവർ മുട്ടി.. ഒരു ഇരുപതു വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി വന്നു വാതിൽ തുറന്നു.
\" ആരാ? \"
ഇനി പോലീസ് ആണെന്ന് അറിഞ്ഞാൽ രക്ഷപെടണ്ട എന്ന് കരുതി രണ്ടാളും സാദാ വേഷത്തിൽ ആയിരുന്നു.
\" ജോണിയുടെ വീടല്ലേ? \"
\" അതേ.. \"
ഭാഗ്യം.. ഈ അഡ്രസ്സിൽ ആളുണ്ട്..
\" ജോണിയെ കാണാൻ ആണ്.. ഒന്ന് വിളിക്കാമോ? \"
വിക്ടർ ചോദിച്ചു..
\" പപ്പാ.. പപ്പാ.. ദേ പപ്പയെ കാണാൻ ആരോ വന്നിരിക്കുന്നു.. \"
ആ പെൺകുട്ടി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. അകത്തു നിന്നു അന്പത്തിന് മുകളിൽ പ്രായമുള്ള കഷണ്ടി കയറി തുടങ്ങിയ ഒരാൾ ഇറങ്ങി വന്നു. ഒറ്റ നോട്ടത്തിൽ തന്നെ തങ്ങളുടെ ഫോട്ടോയിൽ ഉള്ള ആൾ തന്നെയെന്ന് അവർക്കു മനസിലായി. പത്തു വർഷത്തെ വ്യത്യാസം ഉണ്ട്, പക്ഷെ എന്നാലും സ്കോർപ്യൻസിന്റെ ഡ്രൈവർ ജോണി ഇത് തന്നെ.ശിവന്റെ നോട്ടം അയാളുടെ വലതു കയ്യിലേക്ക് പോയി. പച്ച കുത്തിയ തേളും അതിലെ ജോണിയുടെ പേരിന്റെ ഇനിഷ്യൽസും.. Jk..
\" ആരാ? എന്ത് വേണം?\"
ഇച്ചിരി കടുപ്പിച്ചു തന്നെ ജോണി ചോദിച്ചു. വിക്ടർ തന്റെ പോലീസ് ഐഡി അവനു കാണിച്ചു കൊടുത്തു. ജോണി ഒന്ന് ഭയപ്പെട്ടോ?
\" ഞങ്ങൾക്ക് ജോണിയോട് കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ടായിരുന്നു.. \"
\" സാറമ്മാര് കയറി ഇരിക്ക്. \"
വിക്ടറും ശിവനും അവിടെയുള്ള കസേരയിൽ ഇരുന്നു. ജോണി അവിടെ നിന്നതേ ഉള്ളു.. മകളോട് അയാൾ അകത്തു കയറി പോയ്കൊള്ളാൻ പറഞ്ഞു.
\" എന്താ സാറേ കാര്യം? \"
\" ജോണി ഇപ്പോൾ എന്താ ചെയ്യുന്നേ? ജയിലിൽ നിന്നു ഇറങ്ങി കഴിഞ്ഞു..\"
വിക്ടർ ചോദിച്ചു..
\" ഞാൻ വണ്ടി ഓടിക്കുവാ സാറേ.. ഇവിടെ അടുത്ത് ഒരു ഹോൾസെയിൽ മാർക്കറ്റ് ഇല്ലേ? പഴയ ഒരു പരിചയക്കാരന് അവിടെ ഒരു പച്ചക്കറി സ്റ്റാൾ ഉണ്ട്.. അത്യാവശ്യം വലുതാ..അവിടുത്തേക്ക് വേണ്ടി ചരക്കു ലോറി ഓടിക്കും.. ചരക്കു എടുക്കാനും, കൊടുക്കാനും ഒക്കെ പോകും.. \"
\" ആ കടയുടെ പേരും, അതിന്റെ ഓണറിന്റെ പേരും ഫോൺ നമ്പറും ഒന്ന് തന്നെ ജോണി.. \"
ജോണി അതെല്ലാം അവർക്കു കൊടുത്തു. അത് കിട്ടി കഴിഞ്ഞപ്പോൾ അമ്പലത്തിലും, പിന്നെ കല്യാണിയുടെ നേർക്കും ആക്രമണം ഉണ്ടായ തീയതികളിൽ ജോണി എവിടെയായിരുന്നു എന്ന് ചോദിച്ചറിഞ്ഞു.
\" സത്യം പറ ജോണി.. ഈയിടെ താൻ എന്തേലും പ്രശ്നം ഉള്ള പരിപാടിക്ക് പോയിരുന്നോ? പഴയ പോലെ വല്ല കൊട്ടേഷനോ മറ്റോ? തൃക്കുന്നപുഴ ഇൽ വന്നിരുന്നോ ജോണി? \"
ശിവൻ ചോദിച്ചു..
\" അയ്യോ സാറേ.. അങ്ങനെ ഒരു സ്ഥലം കേട്ടിട്ടേ ഉള്ളു.. പോയിട്ടേ ഇല്ല.. ഞാൻ ആ പഴയ പരിപാടി ഒക്കെ നിർത്തി സാറേ.. നല്ല കാലത്ത് കുടുംബം നോക്കിയില്ല.. അടിയും പിടിയും ഒക്കെയായി നടന്നു. പക്ഷെ ജയിലിൽ ആയപ്പോൾ ഇവർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ കുടുംബം നോക്കി ജീവിക്കുകയാണ്. ഭാര്യയുണ്ട്.. ഒരു മോളുണ്ട്.. അവളെ പഠിപ്പിക്കണം.. നന്നായി കെട്ടിച്ചു വിടണം.. അതിനാ ഈ ജോലിക്കൊക്കെ പോകുന്നത്. വേറെ ഒരു ലക്ഷ്യവും ഇപ്പോൾ ഇല്ല സാറേ.. കൊട്ടേഷൻ ഒക്കെ നിർത്തി ഞാൻ. ഇനിയും ജയിലിൽ ഒന്നും പോകാൻ വയ്യ.. രണ്ടു വർഷമായി സമാധാനം ഉണ്ടായിരുന്നു.. ഇപ്പോഴെന്താ സാറേ പെട്ടെന്ന്? \"
അയാൾ ചോദിച്ചു. അയാൾ പറയുന്നതൊക്കെ ആത്മാർത്ഥമാണെന്ന് തോന്നിച്ചു.
\" തൃക്കുന്നപുഴയിൽ ഒരു കൊലപാതകശ്രമം നടന്നു . ഒന്നല്ല രണ്ടെണ്ണം.. ഞാൻ അത് അന്വേഷിച്ചു വന്നതാണ്..ജോണിക്ക് അതുമായി ബന്ധം ഉണ്ടാവാൻ സാധ്യത ഉണ്ട് എന്ന് തോന്നി അത് ചോദിച്ചറിയാൻ വന്നതാ.\"
ശിവൻ പറഞ്ഞു.
\" അയ്യോ സാറേ.. ഇല്ല.. ഞാൻ സത്യമായിട്ടും അങ്ങനെ ഉള്ള എല്ലാ ഏർപ്പാടും നിർത്തി\"
അയാൾ ആണയിട്ട് പറഞ്ഞു.
\" അതിരിക്കട്ടെ.. ജോണി.. തന്റെ ഒപ്പം ജയിലിൽ നിന്നിറങ്ങിയ ഷണ്മുഖം ഇല്ലേ? അയാൾ ഇപ്പോൾ എവിടെ ഉണ്ടെന്നു അറിയാമോ? \"
വിക്ടർ നിസാര ഭാവത്തിൽ ചോദിച്ചു..
ഷണ്മുഖത്തിന്റെ പേര് കേട്ടതും ജോണിയുടെ മുഖം പെട്ടെന്ന് മാറി.. എന്തോ ഒരു വല്ലാത്ത ഭാവം..വിക്ടറും അത് ശ്രദ്ധിച്ചിരുന്നു. അയാൾക്ക് ഇതിൽ പങ്കു ഇല്ലെങ്കിലും എന്തോ അറിയാം എന്ന് തോന്നുന്നു..
\" അത്.. അത്.. എനിക്ക് അറിയില്ല സാർ.. \"
\" ഓ.. \"
\" ജയിലിൽ നിന്നിറങ്ങിയതിനു ശേഷം ജോണി അയാളെ കണ്ടിട്ടല്ലേ? അയാളുമായിട്ട് ഒരു കോൺടാക്ട്ടും ഉണ്ടായിട്ടില്ലേ? \"
ശിവൻ ചോദിച്ചു.. ജോണി എന്ത് പറയണം എന്ന് കുറച്ചു നേരം ആലോചിച്ച പോലെ തോന്നി.
\" ഇ.. ഇല്ല.. സാർ..\"
ഇപ്പോൾ ജോണി കള്ളം പറയുകയാണെന്ന് അവർക്കു തോന്നി..
\" ജോണി സത്യം പറയണം.. ഇല്ലെങ്കിൽ അവസാനം താൻ സത്യം മറച്ചു വച്ചതിനു വീണ്ടും പ്രശ്നത്തിൽ ആവും.. ഇപ്പോൾ സത്യം പറഞ്ഞു തനിക്കു ഇതിൽ പങ്കില്ലെന്നു ബോധ്യപ്പെട്ടാൽ ഞങ്ങൾ അങ്ങ് പോയ്കോളാം. അല്ലെങ്കിൽ പിന്നെയും ഞങ്ങൾക്ക് ഇങ്ങോട്ട് വരേണ്ടി വരും..ചിലപ്പോ തനിക്കു സ്റ്റേഷനിലേക്കും വരേണ്ടി വരും.. \"
വിക്ടർ ഭീഷണി സ്വരത്തിൽ പറഞ്ഞു..
\" സാർ.. അതു പിന്നെ കുറച്ചു ദിവസം മുന്നേ ഷണ്മുഖം എന്നെ കാണാൻ വന്നിരുന്നു... \"
\" എന്തിനു? \"
\" അത് പിന്നെ.. \"
\" പറ ജോണി.. \"
\" അത് അവനു ഒരു കൊട്ടേഷൻ വർക്ക് കിട്ടിയിട്ടുണ്ട് എന്ന് പറയാൻ. അതിനു കൂടെ ആൾ വേണം.. എന്നോട് കൂടുന്നോ എന്ന് ചോദിച്ചു. സ്ഥലം ദൂരെയാണ് അത് കൊണ്ട് കുറച്ചു ദിവസം ഇവിടുന്നു മാറി നിൽക്കേണ്ടി വരും നല്ല പൈസ കിട്ടുന്ന കൊട്ടേഷൻ ആണെന്ന് പറഞ്ഞു. കിട്ടുന്നതിന്റെ പകുതി തരാമെന്നു. എന്റെ മകളുടെ വിദ്യാഭ്യാസത്തിന്റെ കാര്യം അവനു അറിയാം. അതിന്റെ പൈസ കിട്ടിയാൽ അവളുടെ വിദ്യാഭ്യാസം നന്നായി നടത്താം, ഈ വീട് നന്നാക്കാം എന്നൊക്കെ പറഞ്ഞു. \"
\" എന്നിട്ട് താൻ എന്ത് പറഞ്ഞു? \"
\" എത്ര പൈസ കിട്ടുന്നകാര്യം ആണെങ്കിലും ഇനി ആ പണിക്കു ഇല്ലെന്നു ഞാൻ തീർത്തു പറഞ്ഞു. അവൻ കുറെ നിർബന്ധിച്ചു. അവന്റെ കൂടെ ഒന്ന് രണ്ടു പേര് ഉണ്ടായിരുന്നു പോലും. പക്ഷ അവർ എന്തോ അബദ്ധം കാണിച്ചു പിടിയിൽ ആയി എന്ന്. അതു കൊണ്ട് ബാക്കി പണിക്കു വിശ്വസിച്ചു കൂടെ നിർത്താൻ പറ്റുന്ന ആരെങ്കിലും വേണം എന്നൊക്കെ പറഞ്ഞു. \"
അപ്പോൾ ആദ്യം പിടിക്കപ്പെട്ടവർ ഷണ്മുഖത്തിന്റെ ആൾക്കാർ ആയിരുന്നു.
\" എന്നിട്ട്? \"
\" എന്തൊക്കെ പറഞ്ഞിട്ടും എന്റെ മനസ്സ് മാറുന്നില്ലെന്നു കണ്ടപ്പോൾ പിന്നെ അവൻ തിരികെ പോയി. \"
\" കൊട്ടേഷൻ എന്താണെന്ന് വല്ലോം പറഞ്ഞോ? \"
\" ആരെയോ ഒരാളെ തീർക്കണം എന്നാണ് പറഞ്ഞത്. ചിലപ്പോ ആ ഒന്ന് എന്നുള്ളത് രണ്ടോ മൂന്നോ ഒക്കെ ആവാനുള്ള സാധ്യത ഉണ്ടെന്നു പറഞ്ഞു. ആരെയാണെന്ന് ഒന്നും പറഞ്ഞില്ല. \"
\" കൊട്ടേഷൻ കൊടുത്തത് ആരാണെന്നു പറഞ്ഞോ? \"
\"അവനു പരിചയമുള്ള ഏതോ പാർട്ടി ആണെന്ന് പറഞ്ഞു. അതേ അറിയൂ.. സത്യമായിട്ടും ഇതല്ലാതെ മറ്റൊന്നും എനിക്കറിയില്ല.\"
ജോണി പറഞ്ഞു.. ജോണിയോട് കുറച്ചു കാര്യങ്ങൾ കൂടി ചോദിച്ചറിഞ്ഞു അവർ അവിടെ നിന്നിറങ്ങി . തനിക്കു കിട്ടേണ്ടത് കിട്ടി.. മിക്കവാറും താൻ അന്വേഷിച്ചു നടക്കുന്ന ആൾ ഷണ്മുഖൻ തന്നെയാവാനാണ് സാധ്യത. ഇനി അവൻ ഇവിടെയുണ്ടെന്നു കണ്ടെത്തണം.. ശിവൻ മനസ്സിൽ ഓർത്തു.
തുടരും..
(നന്നാവുന്നുണ്ടോ? ഇന്നത്തെ പാർട്ട് തിരുത്തിയിട്ടില്ല.. ചിലപ്പോ അക്ഷര തെറ്റ് കാണും..ക്ഷമിക്കണം )