ഭാഗം 13
ജോണിയുടെ വീട്ടിൽ നിന്നു പോന്നതിനു ശേഷം ശിവനും വിക്ടറും ഷണ്മുഖത്തിന്റെ പത്തു വർഷം മുന്നത്തെ അഡ്രസ്സിൽ പോയി നോക്കി. പ്രതീക്ഷിച്ചിരുന്നത് പോലെ അവിടെ ആരും ഉണ്ടായിരുന്നില്ല. അടുത്തൊക്കെ അന്വേഷിച്ചപ്പോൾ ശിക്ഷ കഴിഞ്ഞു ഷണ്മുഖം അങ്ങോട്ടേക്ക് വന്നതേ ഇല്ലയെന്നു അറിയാൻ കഴിഞ്ഞു. ഷണ്മുഖത്തിന് കുടുംബവും ഉണ്ടായിരുന്നില്ല. അറിവ് വച്ച സമയം മുതൽ avan സ്കോർപ്യൻസിന്റെ തലവൻമമാരുടെ കൂടെ ആയിരുന്നു. അവർ പോയപ്പോൾ അവന്റെ കുടുംബവും ഇല്ലാതായി. പിറ്റേ ദിവസം അവർ ജോണിയെ പറ്റി ഒന്നുകൂടി വിശദമായി അന്വേഷിച്ചു. അവൻ ജോലി ചെയ്യുന്ന മാർക്കറ്റിലും, പച്ചക്കറി കടയുടെ മുതലാളിയെയും ഒക്കെ പോയി കണ്ടു. തൃക്കുന്നപുഴയിൽ ആക്രമണം നടന്ന രണ്ടു ദിവസങ്ങളിലും അവൻ അവൻ പറഞ്ഞിരുന്ന സ്ഥലത്തു തന്നെയാണോ ഉണ്ടായിരുന്നതെന്നു ഉറപ്പു വരുത്തി. ജോണിയെ ഈ അന്വേഷണത്തിൽ നിന്നു മുഴുവനായും ഒഴിവാക്കുക എന്നതായിരുന്നു ലക്ഷ്യം. ജോണി പറഞ്ഞതൊക്കെ സത്യമാണെന്നു അവരുടെ അന്വേഷണങ്ങളിൽ നിന്നു അവർക്കു ബോധ്യമായി. അതിനു ശേഷം വിക്ടറിനോട് അവൻ ചെയ്ത ഉപകാരങ്ങൾക്കെല്ലാം നന്ദി പറഞ്ഞു ശിവൻ തൃക്കുനപുഴയിലേക്ക് തന്നെ തിരികെ പോന്നു. ഷണ്മുഖത്തെ പറ്റിയുള്ള വിവരങ്ങൾ അറിയാൻ അവൻ മനസ്സിൽ ഒരു plan ഇട്ടിരുന്നു.
എറണാകുളത്തു നിന്ന് ശിവൻ വീട്ടിൽ എത്തുമ്പോൾ രാത്രി ലേറ്റ് ആയിരുന്നു. അത് കൊണ്ട് തന്നെ പിറ്റേന്ന് എണീക്കാനും വൈകി. ചായ കുടിച്ചു ഫോണിൽ നോക്കിയപ്പോൾ വിഷ്ണുവിന്റെ ഒരു മെസ്സേജ് ഉണ്ട്. വൈകിട്ട് അഞ്ചു മണിക്ക് അവരുടെ സ്ഥിരം സ്ഥലത്തു വരണം.. അത്യാവശ്യമായി എന്തോ സംസാരിക്കാൻ ഉണ്ട് എന്ന് അതിൽ ഉണ്ടായിരുന്നു. എല്ലാം നേരിൽ കാണുമ്പോൾ വിശദമായി പറയാം എന്നും. കാര്യമായ എന്തേലും വിഷയം ഇല്ലാതെ ഇങ്ങനെ ഒരു മെസ്സേജ് വിഷ്ണു അയക്കില്ല എന്ന് ശിവന് അറിയാം. എന്താണെന്നു മനസിലായില്ലെങ്കിലും അവൻ ഒരു ഓക്കേ അയച്ചിട്ടു. വിഷ്ണുവിനെ കാണുന്നതിന് മുന്നേ ചില അത്യാവശ്യ കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട് . പിന്നെ വേഗം വേഷം മാറി സ്റ്റേഷനിലേക്ക് പോയി.
****************************************************
സ്റ്റേഷനിൽ എത്തിയിട്ട് അവൻ അവിടെ നിന്നു ജയിലിൽ റിമാൻഡിൽ കഴിയുന്ന അന്ന് അമ്പലത്തിൽ വച്ചു അന്നയെയും കല്യാണിയെയും ഉപദ്രവിച്ചവരെ കാണാൻ പോയി. ജോണി പറഞ്ഞത് വച്ചു ഈ പ്രശാന്തും രഘുവും ഷണ്മുഖത്തിന്റെ തന്റെ ആൾക്കാരാണ്.. അവർ പ്രതീക്ഷിക്കാതെ ജയിലിൽ ആയപ്പോഴാണ് ഷണ്മുഖത്തിന് സ്വയം ഇറങ്ങേണ്ടി വന്നത്. അവരിൽ നിന്നു എങ്ങനെയും ഷണ്മുഖത്തെ പറ്റിയുള്ള വിവരങ്ങൾ മനസിലാക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം..തന്റെ plan ഫലം കാണണെ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ശിവൻ അവരെ കാത്തു നിന്നത്. ശിവനെ കണ്ടപ്പോൾ തന്നെ അവന്മാരുടെ മുഖം മാറി. ശിവൻ അവരോടു ഇരിക്കാൻ പറഞ്ഞു. പിന്നെ അവർ കാണാൻ പാകത്തിൽ ഒരു ഫയൽ എടുത്തു പിടിച്ചു. അവന്മാർ അതിനിട്ടു കൗതുകത്തോടെ നോക്കുന്നതു അവൻ കണ്ടു. അത് വരെ ഓക്കേ..
\" ഞാൻ വന്നത് ഇത്ര നാളും നിങ്ങളോട് ചോദിച്ച കാര്യം തന്നെ വീണ്ടും ചോദിക്കാൻ ആണ്.. നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത് ആരാണെന്നു? ആരാണ് നിങ്ങളുടെ പിന്നിൽ ഉള്ളതെന്ന്? \"
ഫയലിനെ പറ്റി ഒന്നും പറയാതെ ശിവൻ ചോദിച്ചു
\" സാറേ.. ഞങ്ങൾ എത്ര തവണ സാറിനോട് പറഞ്ഞു ബൈജു പറഞ്ഞിട്ടാണ് ഞങ്ങൾ അങ്ങനെ ചെയ്തതെന്ന്. സാറിനി എത്ര തവണ ചോദിച്ചാലും അത് അങ്ങനെ തന്നെ ആയിരിക്കും \"
പ്രശ്‌ന്താണ് ഉത്തരം പറഞ്ഞത്.
\" അപ്പൊ അങ്ങനെയാണല്ലേ? അപ്പോൾ ഈ ഷണ്മുഖൻ എന്ന് പറയുന്നത് ആരാ? അയാളുടെ വേറെ പേരാണോ ബൈജു എന്ന് നിങ്ങൾ പറയുന്നത്? കാരണം നിന്നെയൊക്കെ ഇങ്ങോട്ട് പറഞ്ഞയച്ചത് പണ്ട് സ്കോർപ്യൻസ് ഗാങ്ങിൽ ഉണ്ടായിരുന്ന ഷണ്മുഖൻ ആണെന്ന് ഇപ്പോൾ എനിക്കറിയാം \"
ഷണ്മുഖന്റെ പേര് കേട്ടതും അവരുടെ രണ്ടു പേരുടെയും മുഖം മാറി. പ്രശാന്തിന്റെ മുഖത്ത് സംശയം ആയിരുന്നെങ്കിൽ രഘുവിന്റെ കണ്ണുകളിൽ ഭയം കാണാമായിരുന്നു. അത് തന്നെയായിരുന്നു ശിവനും വേണ്ടിയിരുന്നത്.
\" ഏതു ഷണ്മുഖൻ? ഞങ്ങൾക്ക് ഒരു ഷണ്മുഖനെയും അറിയില്ല.. ബൈജുവിനെ മാത്രമേ അറിയൂ.. \"
പ്രശാന്ത് വീണ്ടും പറഞ്ഞു. ശിവൻ ഒന്ന് ചിരിച്ചു.
\" ഡാ.. എറണാകുളത്തു പോയി ഷണ്മുഖന്റെയും നിങ്ങളുടെയും മുഴുവൻ ചരിത്രവും അറിഞ്ഞിട്ടാണ് ഞാൻ വന്നിരിക്കുന്നത്. അവനു കിട്ടിയ കൊട്ടേഷന്റെ ഭാഗമായിട്ടാണ് നിന്നെയൊക്കെ അന്ന് ഉത്സവത്തിന് അമ്പലത്തിലേക്ക് അവൻ പറഞ്ഞു വിട്ടതെന്നു എനിക്ക് അറിയാം. എന്നിട്ട് അന്നത്തെ ആക്രമണത്തിൽ ആരുടെയെങ്കിലും പേര് പറയേണ്ടത് കൊണ്ട് ബൈജുവിന്റെ പേര് പറഞ്ഞു. അവനും ഞാനും തമ്മിൽ അതിനു കുറച്ചു ദിവസം മുന്നേ ഒരു വഴക്ക് നടന്നത് നിങ്ങൾ മുതലെടുത്തു. ബൈജുവിനെ പോലീസിന് കിട്ടാതിരിക്കാൻ അവനെ ഇല്ലാതാക്കുകയും ചെയ്തു.. ഇതല്ലേ സംഭവിച്ചത്? \"
ശിവൻ ചോദിച്ചു. രഘുവിന്റെ ഭയം പിന്നെയും വർധിച്ചു. ഇപ്പോൾ പ്രശാന്തിനും ചെറിയ ഭയം വന്നിട്ടുണ്ട്. എങ്കിലും അത്ര പെട്ടെന്ന് തോൽവി സമ്മതിക്കാൻ അവൻ തയ്യാറായിരുന്നില്ല.
\" സാറിതെന്തൊക്കെയാ പറയുന്നേ? ഷണ്മുഖത്തെ ഒന്നും ഞങ്ങൾക്കറിയില്ല.. ബൈജു ആണ് ഞങ്ങൾക്ക് കൊട്ടേഷൻ തന്നത്. ഞങ്ങൾ പോലീസ് പിടിയിൽ ആയി കഴിഞ്ഞപ്പോൾ അവൻ പേടിച്ചു ആത്മഹത്യ ചെയ്യുകയും ചെയ്തു. അതാണ് ഉണ്ടായതു. അവൻ ആത്മഹത്യ കുറിപ്പ് എഴുതി വച്ചിട്ടുണ്ടായിരുന്നല്ലോ? ഇതിൽ കൂടുതൽ ഞങ്ങൾക്ക് ഒന്നും അറിയുകയും ഇല്ല പറയാനും ഇല്ല..\"
പ്രശാന്ത് ഉറപ്പിച്ചു പറഞ്ഞു.
\" ശരി.. ഞാൻ ഒരു വട്ടം കൂടി ചോദിക്കാൻ വന്നന്നെ ഉള്ളു.. രഘുവിനും ഇത് തന്നെയാണല്ലോ അല്ലേ പറയാൻ ഉള്ളത്? അല്ല..തനിക്കു ഒരു കുടുംബം ഒക്കെ ഉള്ളതല്ലേ? എന്നാൽ പിന്നെ രണ്ടാളും ഇനി കൊലപാതകകുറ്റത്തിന് ഉണ്ടയും തിന്നു അകത്തു കിടന്നോ.. \"
ശിവൻ അതും പറഞ്ഞു പോകാൻ എണീറ്റു..
\" സാറേ.. കൊലപാതക കുറ്റമോ? \"
രഘു പെട്ടെന്ന് ചോദിച്ചു..
\" അതേ.. ബൈജുവിനെ കായലിൽ മുക്കി കൊലപെടുത്തിയ കുറ്റം.. \"
രഘുവും പ്രശാന്തും സംശയത്തോടെ അന്യോന്യം നോക്കി..
\" സാർ എന്തൊക്കെയാ ഈ പറയുന്നത്? ഞങ്ങൾ ആരെയും കൊന്നിട്ടില്ല. തന്നെയുമല്ല ഞങ്ങൾ പോലീസ് പിടിയിൽ ആയതിനു ശേഷം അല്ലേ ബൈജു മരിക്കുന്നതു.? പിന്നെങ്ങനാ ഞങ്ങൾ അവനെ കായലിൽ മുക്കി കൊല്ലുന്നതു? \"
രഘു ചോദിച്ചു..
\" അത് കൊള്ളാം.. അങ്ങനെ അല്ലലോ രഘു.. ബൈജുവിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നു. അതിന് പ്രകാരം അവന്റെ മരണസമയം വൈകിട്ട് 4 നും 5 നും ഇടയിൽ ആണ്. അതൊക്കെ കഴിഞ്ഞിട്ടാണ് അമ്പലത്തിലെ ആക്രമണം നടക്കുന്നതും നിങ്ങൾ പോലീസ് പിടിയിൽ ആവുന്നതും. അപ്പോൾ പിന്നെ അവനെ കൊന്നിട്ട് നിങ്ങൾ വന്നതാണെന്ന് സംസാരിക്കാമല്ലോ? \"
ശിവൻ ഫയൽ പൊക്കികാണിച്ചു. അതിൽ നിന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട് എടുത്തു കൊടുത്തു. അതിലെ മരണസമയം കണ്ടു അവർ രണ്ടാളും ഞെട്ടി. ശിവൻ അത് തിരിച്ചു വാങ്ങി തന്റെ കയ്യിൽ തന്നെ വച്ചു. കുറച്ചു നേരം രഘുവും പ്രശാന്തും ഒന്നും മിണ്ടിയില്ല.. അത് കൊണ്ട് ശിവൻ തന്നെ തുടർന്നു..
\" ബൈജുവിന്റെ ശരീരത്തിൽ അവൻ മരിക്കുന്നതിന് മുന്നേ ചില ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ആത്മഹത്യ ചെയ്തത് ആണെങ്കിൽ അങ്ങനെ വരുമോ? പിന്നെ ആ ആത്മഹത്യ കുറിപ്പ്.. അത് ബൈജു തന്നെ എഴുതിയതാണോന്നു അറിയാൻ ഒരു കയ്യക്ഷര വിദഗ്ധന്റെ അടുത്തേക്ക് അയച്ചിട്ടുണ്ട്. അതും ഉടനെ വരും.. അപ്പൊ അറിയാം അത് ആരു എഴുതിയതാണെന്ന്. \"
ശിവൻ അവരെ നോക്കി.. അവരുടെ രണ്ടു പേരുടെയും മുഖത്ത് നിന്നു രക്തമയം മാഞ്ഞു പോയിരുന്നു.
\" ബൈജുവിന്റെ മരണം ആത്മഹത്യ അല്ല കൊലപാതകം ആണെന്ന് പോലീസ് ഒരു വിധം വിധി എഴുതി കഴിഞ്ഞു. അപ്പോൾ പിന്നെ ഇനി പ്രതി ആരെണെന്നു അറിഞ്ഞാൽ മതി. നിങ്ങൾ ബൈജുവാണ് ഇതിന്റെ പിന്നിൽ എന്ന് പറഞ്ഞിട്ട് അത് അവൻ മറിച്ചു പറയാതിരിക്കാൻ അവനെ കൊന്നതാണെന്ന് വരും.. കാരണം കൊല്ലാനും മാത്രം വൈരാഗ്യമൊന്നും ഇവിടെ മറ്റാർക്കും ബൈജുവിനോട് ഉണ്ടായിരുന്നില്ല. ഇതിനൊക്കെ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞു വിട്ട ഷണ്മുഖം ഇപ്പോഴും പുറത്തു തന്നെ ആണ്. അവനു യാതൊരു കുഴപ്പവും വരില്ല. പക്ഷെ പെട്ടു പോയ നിങ്ങളുടെ അവസ്ഥ.. നിങ്ങൾ അവനെ രക്ഷിക്കാൻ ശ്രമിക്കുന്ന ഓരോ നിമിഷവും നിങ്ങൾ കൂടുതൽ കുരുക്കിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. \"
ശിവൻ അവരെ നോക്കി... രഘു ഞെട്ടി താഴെ നോക്കി ഇരിക്കുകയാണ്. പ്രശാന്ത് പേടിച്ചിട്ടുണ്ടെന്നു വ്യക്തം. എന്നാലും..
\" ഞങ്ങൾക്ക് ഒന്നും അറിയില്ല സാറേ.. ഞങ്ങൾ ആരെയും കൊന്നിട്ടുമില്ല.. \"
അവൻ വീണ്ടും പറഞ്ഞു.
\" ശെരി.. അപ്പൊ പിന്നെ എല്ലാം പറഞ്ഞ പോലെ.. ഇനി ഞാൻ നിങ്ങളെ വാൺ ചെയ്തില്ല എന്ന് പറയരുത്.. \"
ശിവൻ വീണ്ടും പോകാൻ ഇറങ്ങി..
\" സാർ.. \"
അവൻ രണ്ടു ചുവടു മുന്നോട്ടു വച്ചപ്പോഴേക്കും ഒരു വിളി കേട്ടു.. അവൻ തിരിഞ്ഞു നോക്കിയപ്പോൾ രഘു ആണ്..
\" ഞാൻ എല്ലാം പറയാം സാറേ.. പക്ഷെ ഞങ്ങൾ ആരെയും കൊന്നിട്ടില്ല.. അതിൽ നിന്നും സാർ ഞങ്ങളെ രക്ഷിക്കണം.. \"
പ്രശാന്ത് അവനെ നോക്കി..
\" നീ എന്തൊക്കെയാ രഘു ഈ പറയുന്നേ? വെറുതെ ആവശ്യമില്ലാത്ത പ്രശ്‌നങ്ങൾ ഉണ്ടാക്കരുത്.. \"
\" ആവശ്യമില്ലാത്ത പ്രശ്‌നങ്ങൾ എല്ലാം നീയാണ് ഉണ്ടാക്കിയത്. ഞാൻ അന്നേ പറഞ്ഞതാ അറിയാൻ പാടില്ലാത്ത ഒരുത്തന്റെ കൂടെ ഇങ്ങനെ ഒരു പരിചയവും ഇല്ലാത്ത നാട്ടിലേക്കു വരരുത് എന്ന്. അപ്പോൾ നല്ല പൈസ കിട്ടും, ഒരു കുഴപ്പവും ഉണ്ടാവില്ല എന്ന് പറഞ്ഞു നീയല്ലേ എന്നെ നിർബന്ധിച്ചു കൂട്ടി കൊണ്ട് വന്നത്. എന്നിട്ടിപ്പോ എന്തായി? എത്ര ദിവസമായി ഞാനെന്റെ പിള്ളേരെ കണ്ടിട്ട്.. ഇനി കൊലപാതക കുറ്റം കൂടി വന്നാൽ പിന്നെ ജീവിതകാലം ഇതിന്റെ ഉള്ളിൽ തന്നെ കഴിച്ചു കൂട്ടാം.. ഞാൻ അകത്തു പോയാൽ പിന്നെ എന്റെ ഭാര്യയും പിള്ളേരും എന്ത് ചെയ്യും? നീ ജയിലിൽ പോയി കിടന്നാൽ നിന്റെ വയ്യാത്ത അമ്മയെ ആരേലും നോക്കുമോ? കൊലപാതകുറ്റത്തിന് ജയിലിൽ കിടക്കുന്നവരുടെ വീട്ടുകാരെ ബാക്കിയുള്ളവർ എങ്ങനെയാ കാണുന്നത് എന്ന് നിനക്കറിയില്ലേ? \"
രഘു ചോദിച്ചതിന് ഒന്നും ഉത്തരം ഇല്ലാതെ പ്രശാന്ത് അവിടെ ഇരുന്നു.
\" എന്തും വരട്ടെ.. ഞാൻ ഈ സാറിനോട് സത്യം എല്ലാം പറയാൻ പോവാ.. നമ്മളെ ഇതിനു പറഞ്ഞു വിട്ടവൻ ഇത് വരെ നമ്മളെ ഒന്ന് കാണാൻ വന്നോ? ഇനി എന്താവും എന്ന് പോലും അറിയാതെ അതിനകത്തു കിടക്കാൻ വയ്യ.. അയാൾ ചോദിച്ചാൽ നീയല്ല ഞാനാണ് എല്ലാം പറഞ്ഞതെന്ന് പറഞ്ഞാൽ മതി.. \"
രഘു പറഞ്ഞു.. പിന്നെ ശിവനോട് പറഞ്ഞു
\" സാറിനെന്താ അറിയേണ്ടത്? ഞാൻ പറയാം.. \"
ശിവനും ഇത് തന്നെയായിരുന്നു വേണ്ടിയിരുന്നത്..
\" ഷണ്മുഖം ആണോ നിങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നത്? \"
\" അതേ.. \"
\" എങ്ങനെയാ നിങ്ങള്ക്ക് ഷണ്മുഖത്തിനെ പരിചയം? \"
\" എനിക്ക് അയാളെ പരിചയം ഇല്ല.. ഇവന് അറിയാം.. ഇവന്റെ ചേട്ടൻ പണ്ട് ഈ ഷണ്മുഖം ഉണ്ടായിരുന്ന സ്കോർപ്യൻസിൽ ഉണ്ടായിരുന്നതാണ്. ഇവനാണ് എനിക്ക് അയാളെ പരിചയപെടുത്തിയത്.. \"
രഘു പറഞ്ഞു.
\" പ്രശാന്തിന്റെ ചേട്ടനെ ആണ് ഷണ്മുഖത്തിന് പരിചയം എങ്കിൽ അയാൾ എന്തിനാ ഇവനെ അന്വേഷിച്ചു വന്നത്? ഇവന്റെ ചേട്ടനെ കൂട്ട് വിളിച്ചാൽ പോരായിരുന്നോ? \"
ശിവൻ ചോദിച്ചു..
\" എന്റെ ചേട്ടൻ രണ്ടു വർഷം മുന്നേ മരിച്ചു പോയി.. ചേട്ടനെ അന്വേഷിച്ചാണ് ഷണ്മുഖ അണ്ണൻ വീട്ടിൽ വന്നത്. ചേട്ടൻ മരിച്ചെന്നു അറിഞ്ഞിട്ടാണ് എന്നോട് കൂടെ വരാൻ പറഞ്ഞത്. ഒരാളും കൂടെ വേണമെന്ന് പറഞ്ഞു.. കുറെ പൈസ കിട്ടും എന്ന് പറഞ്ഞത് കൊണ്ട് ഞാൻ രഘുവിനെയും കൂട്ടി ..\"
പ്രശാന്ത് മറുപടി പറഞ്ഞു. അവനും ഇനി കാര്യങ്ങൾ പറഞ്ഞോളും എന്ന് ശിവന് മനസിലായി.
\" സാറേ.. ഞങ്ങൾ നാട്ടിൽ കുറച്ചു അടിപിടി ഒക്കെയായി നടക്കുന്നവർ ആയിരുന്നു. എന്നാലും ഇത് വരെ ആരെയും കൊന്നിട്ട് ഒന്നുമില്ല.. വലിയ പ്രശ്നം പിടിച്ച ഒരു കാര്യത്തിനും ഞങ്ങൾ പോകാറില്ല. പിന്നെ ഇവൻ വിളിച്ചത് കൊണ്ടും, നല്ല പൈസ കിട്ടുമെന്ന് പറഞ്ഞത് കൊണ്ടുമാണ് ഞാൻ ഇറങ്ങിയത്. അയാളെ കണ്ടപ്പോ തന്നെ എനിക്ക് എന്തോ പന്തികേട് തോന്നിയിരുന്നു. ഞാൻ അയാളോട് ചോദിക്കുകയും ചെയ്തതാണ് പ്രശ്നമൊന്നും ഉണ്ടാവില്ലലോ അല്ലേ എന്ന്? \"
\" അപ്പോൾ അയാൾ എന്ത് പറഞ്ഞു? \"
\" ഒരു കുഴപ്പവും ഉണ്ടാവില്ല എന്ന് പറഞ്ഞു. \"
\" എന്തായിരുന്നു നിങ്ങളെ ഏല്പിച്ചിരുന്ന ജോലി? ആ പെൺപിള്ളേരെ കൊല്ലാനോ? \"
ശിവൻ ചോദിച്ചു..
\" അയ്യോ സാറേ കൊല്ലാനൊന്നും അല്ല.. ജസ്റ്റ് ഒന്ന് പേടിപ്പിക്കണം എന്ന് പറഞ്ഞു. ഉത്സവം ആയതു കൊണ്ട് തിരക്കുണ്ടാവുമല്ലോ? ആക്രമണം ഉണ്ടാവുമ്പോൾ ആളുകൾ പലവഴിക്കു ചിതറി ഓടി മാറും. ആ തിരക്കിൽ ഞങ്ങളോടും ഓടി പോയ്കൊള്ളനാണ് പറഞ്ഞിരുന്നത്. ബാക്കി ഷണ്മുഖ അണ്ണൻ നോക്കികൊള്ളാമെന്നു പറഞ്ഞിരുന്നു. \"
അപ്പോൾ ഷണ്മുഖൻ അന്ന് അവിടെ അമ്പല പറമ്പിൽ ഉണ്ടായിരുന്നു.
\" ഷണ്മുഖൻ അവിടെ ഉണ്ടായിരുന്നോ? \"
\" അണ്ണൻ അവിടെ മാറി നിൽപ്പുണ്ടായിരുന്നു. \"
ഇവരെ കൊണ്ട് ഒരു ഡൈവേഴ്‌ഷൻ ഉണ്ടാക്കി ആ സമയത്തു കൃത്യം നടത്താൻ ആയിരുന്നു അവന്റെ plan. പക്ഷെ അന്ന് താനും വിഷ്ണുവും അവരുടെ അടുത്ത് തന്നെ ഉണ്ടായിരുന്നത് അവർ ശ്രദ്ധിച്ചു കാണില്ല. ഒരു പക്ഷെ തങ്ങൾ ബജി വാങ്ങാൻ കടയിലേക്ക് പോയ സമയത്തു ആയിരിക്കും ഷണ്മുഖനും ഇവന്മാരും വന്നിട്ടുണ്ടാവുക.
\" നിങ്ങളോട് ആക്രമിക്കാൻ പറഞ്ഞ പെൺകുട്ടിയോട് ഷണ്മുഖനു എന്താ ഇത്ര വിരോധം.. അവളെ കൊല്ലാനും മാത്രം? \"
ശിവൻ ചോദിച്ചു..
\" അതറിയില്ല സാർ.. ആ ചുവന്ന ചുരിദാർ ഇട്ടിരുന്ന പെൺകുട്ടിയെ കൊണ്ട് അണ്ണന് വേണ്ടപ്പെട്ട ഏതോ ആൾക്ക് വലിയ പ്രശ്നം ആണ് എന്ന് പറഞ്ഞു. അവർക്കു ഒത്തിരി പൈസ ഉണ്ട്.. ഇവളുടെ ശല്യം ഒഴിവാക്കിയാൽ അവർ എത്ര പൈസ വേണമെങ്കിലും തരും.. എന്നൊക്കെയാ അന്ന് പറഞ്ഞത്.. \"
ചുവന്ന ചുരിദാർ ഇട്ടിരുന്ന പെൺകുട്ടി.. അന്ന് ചുവന്ന ചുരിദാർ ഇട്ടിരുന്നത് അന്നയല്ല, കല്ലു ആണ്. അപ്പോൾ അന്ന് അന്ന അല്ലായിരുന്നു ടാർഗറ്റ്.. കല്ലു ആയിരുന്നു. കല്ലുവിനെ കൊണ്ട് ആർക്കാണ് ഇത്ര ശല്യം? ശിവന് മനസിലായില്ല. അത് കൊണ്ടാണ് ഷണ്മുഖൻ പിന്നെയും കല്ലുവിനെ കൊല്ലാൻ നോക്കിയത്.
\" ബൈജുവിന്റെ പേര് പറയാൻ നിങ്ങളോട് ആരാ പറഞ്ഞത്? ഷണ്മുഖൻ ആണോ? \"
\" അതേ സാർ.. ബൈജുവിന് ആ പെൺകുട്ടിയുടെ കുടുംബത്തോട് എന്തോ വൈരാഗ്യം ഉണ്ടെന്നും എങ്ങാനും പിടിക്കപ്പെട്ടാൽ അവന്റെ പേര് പറഞ്ഞാൽ മതിയെന്നും ബാക്കി അണ്ണൻ നോക്കികൊള്ളാമെന്നും പറഞ്ഞിരുന്നു \"
\" ഈ ബൈജുവിനെ കൊലപ്പെടുത്താൻ പോകുന്ന വിവരം നിങ്ങള്ക്ക് അറിയാമായിരുന്നോ? \"
\" ഇല്ല സാർ.. സത്യമായും ഇല്ല.. അതൊക്കെ അറിഞ്ഞിരുന്നേൽ ഞങ്ങൾ ഈ പരിപാടിക്ക് വരില്ലായിരുന്നു. ഒരു പെണ്ണിനെ ഒന്ന് പേടിപ്പിക്കണം.. അത്രയും മാത്രമേ ഞങ്ങൾ വിചാരിച്ചുള്ളൂ.. \"
പ്രശാന്ത് പറഞ്ഞു.. അവർ പറഞ്ഞത് സത്യമാവമെന്നു ശിവന് തോന്നി.
\" ഈ ഷണ്മുഖം ഇപ്പോൾ എവിടെ ഉണ്ട് എന്ന് അറിയാമോ? \"
\" അത് അറിയില്ല സാർ. പക്ഷെ.. \"
\" പക്ഷെ? \"
\"ഒരു സ്ഥലമുണ്ട്. അമ്പലത്തിലെ പണി കഴിഞ്ഞു അണ്ണനെ കാക്കണ്ട.. നേരിട്ട് വീട്ടിലോട്ടു പോയ്കൊള്ളാൻ ആണ് ഞങ്ങളോട് പറഞ്ഞിരുന്നത് . എന്നിട്ട് രണ്ടു ദിവസം കഴിഞ്ഞു ഞങ്ങളോട് ഒരു സ്ഥലത്തേക്ക് ചെല്ലാൻ പറഞ്ഞിരുന്നു. പൈസ വാങ്ങിക്കാൻ..സംശയം ഒഴിവാക്കാൻ ആണെന്ന പറഞ്ഞെ.. \"
\" ഏതു സ്ഥലത്തു? \"
അവന്മാർ സ്ഥലം പറഞ്ഞു കൊടുത്തു. കുറച്ചു ദൂരെ ഒഴിഞ്ഞ സ്ഥലം ആണ്. ഷണ്മുഖം അവിടെ കാണാൻ സാധ്യത ഉണ്ടെന്നു ശിവന് തോന്നി. എന്തായാലും ഇവന്മാരെ കാണാൻ വന്നത് വെറുതെ ആയില്ല. എല്ലാം വിചാരിച്ച പോലെ നടന്നു.
\" സാറേ.. ബൈജുവിന്റെ മരണത്തിൽ ഞങ്ങൾക്കു സത്യമായും പങ്കില്ല.. അതിൽ നിന്നു രക്ഷപ്പെടുത്തി തരണം.. \"
ശിവൻ ഇറങ്ങാൻ നേരം രഘു പറഞ്ഞു.
\" പേടിക്കേണ്ട.. ബൈജുവിന്റെ കൊലപാതകത്തിന്റെ പേരിൽ നിങ്ങള്ക്ക് പ്രശ്നം ഒന്നും വരില്ല. \".
ശിവൻ പറഞ്ഞു. അവിടെ നിന്നിറങ്ങി തന്റെ കയ്യിലെ ഫയൽ ശിവൻ ചവറ്റു കൊട്ടയിലേക്ക് ഇട്ടു. ഇനി ഈ ഫേക്ക് പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ ആവശ്യമില്ല. ചുമ്മാ ചോദിച്ചാൽ അവന്മാർ സത്യം പറയില്ല എന്ന് ശിവന് അറിയാമായിരുന്നു. ഒന്ന് പേടിപ്പിക്കണം ആയിരുന്നു. അതിനാണ് ബൈജുവിന്റെ മരണസമയം തെറ്റിച്ചു പറഞ്ഞത്. ശരിക്കും ബൈജു മരിച്ചത് ആ അക്രമണത്തിന് ശേഷം തന്നെയാണ്. തങ്ങൾ കൊലക്കുറ്റത്തിന് അകത്താവും എന്നും, ഷണ്മുഖൻ ഒരു കുഴപ്പവുമില്ലാതെ പുറത്തും നിൽക്കും എന്നു തോന്നിയാൽ അവന്മാർ സത്യം പറയും എന്ന് ശിവന് തോന്നിയിരുന്നു. അതാണ് അവൻ അങ്ങനെ ചെയ്തത്. എന്തായാലും ഷണ്മുഖൻ എവിടെ ഉണ്ടെന്നു ഒരു ഊഹം കിട്ടിയിട്ടുണ്ട് . അവൻ സമയം നോക്കി.. നാല് മണി കഴിഞ്ഞു. വിഷ്ണു അഞ്ചു മണി ആവുമ്പോൾ അവനെ കാത്തിരിക്കും. ഇനി അവനു എന്താണാവോ പറയാൻ ഉള്ളത്? അവൻ വിഷ്ണുവിനെ കാണാൻ പുറപ്പെട്ടു.
തുടരും..
( കുഞ്ഞിന് സുഖമില്ല.. അപ്പോൾ കഥ പോയിട്ട് ഒന്നും മനസ്സിൽ വരില്ല.. കാത്തിരിക്കുമല്ലോ എന്നോർത്ത് എഴുതിയതാണ്.. തെറ്റുണ്ടാവും.. പൊറുക്കണം )