Aksharathalukal

ഒരു നിയോഗം പോലെ - ഭാഗം 21

ഭാഗം 21

തിരികെ വീട്ടിൽ എത്തിയിട്ടും കല്യാണിയുടെ വിറയൽ മൊത്തമായും വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല. പോരുന്ന വഴിയിൽ ഒക്കെയും ആ ലോറി ഇനിയും തന്നെ കൊല്ലാനായി വരുമോ എന്ന ഭയത്തിൽ ആയിരുന്നു അവൾ. പക്ഷെ ഭാഗ്യത്തിന് പിന്നെ അത് വന്നില്ല. അപ്പോഴത്തെ ടെൻഷനിൽ ആ ലോറിയുടെ നമ്പർ നോക്കാനും സാധിച്ചില്ല.. പക്ഷെ ഡ്രൈവറെ താൻ കണ്ടതാണ്.. ഇതിനു മുന്നേ കണ്ടിട്ടുള്ള ആരുമല്ല. അന്ന് തന്നെ കുത്താനായി വന്ന ആളും ആണെന്ന് തോന്നുന്നില്ല.. ആരായിരിക്കും അത്? ആർക്കായിരിക്കും തന്നോട് ഇത്ര വിരോധം? എത്ര ആലോചിച്ചിട്ടും കല്യാണിക്ക് മനസിലാവാത്ത ഒരു കാര്യം ആയിരുന്നു അത്. നിന്നെ ശിവേട്ടനോടൊപ്പം സുഖിച്ചു വാഴിക്കില്ല എന്ന സ്വാതിയുടെ ഭീഷണി അവളുടെ ഉള്ളിൽ മുഴങ്ങി.  ഇനി അവർ ആയിരിക്കുമോ? പക്ഷെ അങ്ങനെയെങ്കിൽ അന്ന് തന്നെ കൊല്ലാൻ വന്നത് എന്തിനായിരിക്കും? അന്ന് താനും ശിവേട്ടനും തമ്മിൽ ബന്ധമൊന്നും ഉള്ളതായി അവർക്കു അറിയില്ലലോ? ഒന്നും മനസിലാവാതെ അവൾ അങ്ങനെ ഇരുന്നു. ഇതൊക്കെ ആരോടെങ്കിലും ഒന്ന് പറയുന്നതാണ് നല്ലത് എന്നവൾക്ക് തോന്നി. സാധാരണ ഏട്ടനോട് ആണ് എല്ലാം പറയാറ്.  പക്ഷെ ഏട്ടൻ ഇപ്പോൾ മര്യാദക്ക് മുഖം പോലും തരുന്നില്ല. എപ്പോഴും എന്തോ വലിയ ആലോചനയിൽ ആണ്. ശിവേട്ടനോട് പറഞ്ഞാലോ? വിചാരിച്ചിരിക്കെ തന്നെ അവന്റെ ഫോൺ വന്നു..

\" ഹലോ ശിവേട്ടാ.. \"

\" വീട്ടിലെത്തിയോ കല്ലു? \"

\" എത്തി.. ശിവേട്ടന്റെ ഡ്യൂട്ടി കഴിഞ്ഞോ? \"

\" കഴിയുന്നു.  കഴിഞ്ഞിട്ട് നിന്നെ കാണാൻ വരണമെന്ന് വിചാരിച്ചു ഇരുന്നതാ.. പക്ഷെ എനിക്ക് അത്യാവശ്യമായിട്ടു ഒന്ന് എറണാകുളം വരെ പോകണം.. \"

വീണ്ടും എറണാകുളം.. എന്തിനാണ് എപ്പോഴും എപ്പോഴും എറണാകുളം പോകുന്നത് എന്ന് ചോദിക്കണം എന്ന് വിചാരിച്ചെങ്കിലും പിന്നെ അവൾ വേണ്ടാന്നു വച്ചു. താൻ പറയാൻ ഇരുന്ന കാര്യവും ഇനി അവൻ വന്നിട്ട് പറയാം.. വെറുതെ ടെൻഷൻ അടിപ്പിച്ചു മറ്റൊരു സ്ഥലത്തേക്ക് പറഞ്ഞു വിടേണ്ട.  കല്ലു ഓർത്തു.

\" ശിവേട്ടൻ എപ്പോളാ തിരിച്ചു വരുന്നേ? \"

\" നാളെ തന്നെ വരുമെടാ.  വന്നിട്ടു കാണാം കേട്ടോ.. \"

\" ശെരി.. \"

താത്ക്കാലം ഇനി നാളെ വരെ കാക്കാം.. അല്ലാതെ എന്ത് ചെയ്യാൻ? എല്ലാം ശിവേട്ടനെങ്കിലും അറിയുന്നത് വരെ ആ ലോറി വീണ്ടും വരരുതേ എന്നവൾ പ്രാർത്ഥിച്ചു...

*********************************************
*******

വിഷ്ണു പിറ്റേ ദിവസം ഉച്ചക്ക് സിറ്റി ഹോസ്പ്പിറ്റലിലേക്ക് നേരിട്ട് ചെന്നു. അഞ്ജുവിനോട് ചെല്ലുന്ന കാര്യം വിളിച്ചു പറഞ്ഞിരുന്നത് കൊണ്ട് അവൾ അവനെയും കാത്തു നിൽപ്പുണ്ടായിരുന്നു. 

\" വിഷ്ണു.. \"

\" അഞ്ജു.. ഞാൻ ഇന്നലെ മെസ്സേജ് അയച്ചില്ലേ? എനിക്ക് ഒരു ഹെല്പ് കൂടി വേണം.. \"

\" നീ പറ.. \"

\" ഡീ.. ഞാൻ പറഞ്ഞ 1998 ജൂൺ 19 നു ഈ ഹോസ്പിറ്റലിൽ നടന്ന എല്ലാ പ്രസവങ്ങളുടെയും റെക്കോർഡ്സ് എനിക്ക് നീ എടുത്തു തരണം.. മിനക്കേടാണ് എനിക്ക് അറിയാം.. പക്ഷെ അത്രയ്ക്ക് അത്യാവശ്യം ആയത് കൊണ്ടാണ്. ഇല്ലെങ്കിൽ ഞാൻ ചോദിക്കില്ലായിരുന്നു. \"

അവൾ അവനെ സംശയത്തോടെ ഒന്ന് നോക്കി എങ്കിലും പിന്നെ എന്തിനാണ് ഈ റെക്കോർഡ്സ് എന്നൊന്നും ചോദിച്ചില്ല.

\" ഞാൻ എടുത്തു തരാം.. പക്ഷെ സമയം എടുക്കും.. ഒരുമിച്ചു അത്ര സമയം എനിക്ക് ഡ്യൂട്ടിയിൽ നിന്നു മാറി നിൽക്കാൻ പറ്റില്ല.. ഞാൻ ഇന്ന് ഡ്യൂട്ടി കഴിഞ്ഞു പോകുന്നതിനു മുൻപേ നിനക്ക് എടുത്തു അയച്ചു തന്നേക്കാം.. \"

\" മതി.. താങ്ക് യൂ സോ മച്ച് അഞ്ജു.. \"

അവളെ കാര്യങ്ങൾ പറഞ്ഞെല്പിച്ചതിന്റെ ആശ്വാസത്തിൽ അവൻ ക്ലിനിക്കിലേക്ക് തിരിച്ചു പോയി. 

***************************************************
 ശിവനും വിക്ടറും വിമല പറഞ്ഞു കൊടുത്ത അഡ്രസ്സിൽ എത്തി. ഒരു ചെറിയ ഒരു നില വീടായിരുന്നു അത്. വിക്ടർ ബെൽ അടിച്ചു അവർ വാതിൽ തുറക്കാനായി കാത്തിരുന്നു. ഇനി ഈ പറഞ്ഞ വീണയായിരിക്കുമോ തന്റെ കല്ലുവിന്റെ അമ്മ? അങ്ങനെയാണെങ്കിൽ ഇവിടെ ഉള്ള വീണയുടെ മകൾ എങ്ങനെ ശങ്കരേട്ടന്റെയും സീതമ്മയുടെയും അടുത്തെത്തി? അവന്റെ മനസ്സിൽ പല ചോദ്യങ്ങൾ ആയിരുന്നു. ഇവിടുന്നെങ്കിലും എന്തെങ്കിലും വിവരം കിട്ടിയാൽ മതിയായിരുന്നു. കുറച്ചു സമയത്തിന് ശേഷം വാതിൽ തുറന്നു. ഒരു നാൽപതു വയസ്സ് പ്രായമുള്ള സ്ത്രീ ആയിരുന്നു വാതിൽ തുറന്നത്.ശിവനും വിക്ടറും യൂണിഫോമിൽ ആയിരുന്നു.. പെട്ടെന്ന് വാതിൽക്കൽ പോലീസുകാരെ കണ്ടപ്പോൾ അവർ ഒന്ന് ഭയന്നു.

\" എന്താ സാറേ? \"

\" ദാക്ഷായണി അമ്മ ഇല്ലേ? അവരെ ഒന്ന് കാണണം.. കുറച്ചു കാര്യങ്ങൾ അറിയാനാണ്.. \"

വിക്ടർ പറഞ്ഞു..

\" അമ്മയോ? അമ്മയുടെ അടുത്തുന്നു എന്ത് അറിയാനാണ് സാറേ? \"

അമ്മ എന്ന് പറയുന്നു.  അപ്പോൾ ഇത് വിമല പറഞ്ഞ വീണയുടെ അനിയത്തി ആയിരിക്കും..

\" ഞങ്ങൾക്ക് വീണയെ പറ്റി കുറച്ചു കാര്യങ്ങൾ അറിയാനുണ്ട്.. \"

വീണയുടെ പേര് കേട്ടതും അവരുടെ മുഖത്ത് അത്ഭുദം കണ്ടു..

\"വീണേച്ചിയെ പറ്റിയോ? വീണേച്ചി ഇവിടുന്നു പോയിട്ട് വർഷങ്ങൾ ആയല്ലോ സാറേ.  ഞങ്ങൾക്ക് ചേച്ചിയെ പറ്റി യാതൊരു അറിവും ഇല്ല.. \"

അവർ പറഞ്ഞു..

\" ഞങ്ങൾക്ക് പഴയ കാര്യങ്ങൾ ആണ് അറിയേണ്ടത്. അമ്മയെ ഒന്ന് വിളിക്കു.. \"

അവർ ഒന്ന് മടിച്ചു.. എങ്കിലും അകത്തേക്ക് പോയി. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ എഴുപത് കഴിഞ്ഞ ഒരു സ്ത്രീയുമായി മടങ്ങി വന്നു..

\" ഇതാണ് സാറേ അമ്മ.. \"

\" എന്റെ മോൾ എവിടെയുണ്ട് സാറേ? അവളെ പറ്റി വല്ല വിവരവും ഉണ്ടോ? \"

അവരെ കണ്ടപ്പോൾ തന്നെ അവർ പ്രതീക്ഷയോടെ ചോദിച്ചു..

\" വീണ എവിടെയുണ്ട് എന്നൊന്നും ഞങ്ങൾക്ക് അറിയില്ല.. ഒരു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി വീണയെ പറ്റി പഴയ ചില കാര്യങ്ങൾ അറിയണം ആയിരുന്നു. അതിന്റെ ഭാഗമായി ചില കാര്യങ്ങൾ നിങ്ങളോട് ചോദിച്ചറിയണമായിരുന്നു. അതാ വന്നത് \"

വിക്ടർ പറഞ്ഞു. അവരുടെ മുഖത്ത് നിരാശ നിറഞ്ഞു. പോലീസുകാർ പെട്ടെന്ന് വീണയെ അന്വേഷിച്ചു വന്നപ്പോൾ ഇവർ വഴിയെങ്കിലും തന്റെ മകളെ പറ്റി എന്തെങ്കിലും വിവരം അറിയാമെന്നു അവർ പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നുന്നു.

\" അകത്തേക്ക് കയറി ഇരിക്ക് സാറമ്മാരെ\"

അവർ അകത്തേക്ക് കയറി. വീണയുടെ അനിയത്തി അവർക്കു വെള്ളം കൊണ്ട് കൊടുത്തു. അവരുടെ പേര് വർഷ എന്നാണെന്നും കുറച്ചു ദിവസത്തേക്ക് ഭർത്താവും കുട്ടികളും ഒപ്പം അമ്മയോടൊപ്പം നിൽക്കാൻ വന്നിരിക്കുന്നതാണെന്നും പറഞ്ഞു. 

\" എന്താ സാറേ അറിയേണ്ടത്? ചോദിച്ചോളൂ.. \"

\" ശരിക്കും വീണയ്ക്ക് എന്താ സംഭവിച്ചത്? \"

ശിവൻ ചോദിച്ചു..

\" ജോലിക്ക് പോയതാ സാറേ എന്റെ മോളു. അവളുടെ അച്ഛന് സുഖമില്ലാതെ വരുന്നത് വരെ കുഴപ്പം ഒന്നുമില്ലായിരുന്നു. അങ്ങേർക്കു വയ്യാതായി ജോലിക്ക് പോകാൻ പറ്റാതെ വന്നതോടെ എല്ലാത്തിനും ബുദ്ധിമുട്ടായി. ഇവൾ അന്ന് പഠിക്കുന്നു.. വീണ ഡിഗ്രി പാസായാതെ ഉണ്ടായിരുന്നുള്ളു.. അങ്ങേരുടെ മരുന്നും വീട്ടു ചിലവും ഇവളുടെ പഠിത്തവും എല്ലാം കൂടി ഒരു നിവർത്തിയും ഇല്ലാതിരിക്കുന്ന സമയം ആയിരുന്നു. പല ദിവസവും പട്ടിണി ആയിരുന്നു. ബാബുവും രവിയും കൂടെ അവർക്കു പരിചയമുള്ള ഒരാൾ പുതുതായി തുടങ്ങുന്ന ഒരു കമ്പനിയിൽ റിസപ്‌ഷനിൽ ഇരിക്കാൻ ഒരു പെൺകുട്ടിയെ ആവശ്യമുണ്ടെന്നു പറഞ്ഞു വന്നത് അന്നേരമാണ്. ഇവരുടെ അച്ഛന് രവിയെ പണ്ടേ വലിയ താല്പര്യം ഇല്ലായിരുന്നു. അവൻ ചെയ്യുന്ന പണിയൊക്കെ അങ്ങേർക്കു വലിയ ദേഷ്യം ആയിരുന്നുബ്. അത് കൊണ്ട് പോകേണ്ട എന്ന് പറഞ്ഞു. പക്ഷെ വീണ പോകണമെന്ന് പറഞ്ഞു. ഇവിടുത്തെ അവസ്ഥ ഓർത്തപ്പോൾ ഞാനും പോയ്കൊള്ളാൻ പറഞ്ഞു. അങ്ങനെയാണ് അവൾ ആ കമ്പനിയിൽ പോകാൻ തുടങ്ങിയത്.. അച്ഛനെ ധിക്കരിച്ചു പോയത് കൊണ്ട് ആദ്യ ദിവസം കൊണ്ടാക്കാൻ പോലും വീണയുടെ അച്ഛൻ പോയില്ല.  ബാബുവും രവിയും കൂടിയാണ് അവളെ കൊണ്ടാക്കിയത്.. \"

\" എന്നിട്ട്? എപ്പോഴാണ് വീണ ഗർഭിണി ആണെന്ന് അറിയുന്നത്? \"

\" ആദ്യമൊന്നും വലിയ കുഴപ്പം ഇല്ലായിരുന്നു. പക്ഷെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവൾ ആകെ മൂഡ് ഔട്ട്‌ ആകാൻ തുടങ്ങി. എപ്പോഴും ഒരു വിഷമവും ടെൻഷനും ഒക്കെ പോലെ.. ഞാൻ ഒന്ന് രണ്ടു തവണ ചോദിച്ചു.. പക്ഷെ അവൾ ഒന്നുമില്ല അമ്മക്ക് തോന്നുന്നതാണെന്ന് പറഞ്ഞു. പിന്നെയും ഒന്ന് രണ്ടു മാസം കഴിഞ്ഞപ്പോഴാണ് അവൾ ഒരു ദിവസം തല കറങ്ങി വീണത്. ആശുപത്രിയിൽ കൊണ്ട് പോയപ്പോഴാണ് അറിയുന്നത് അവൾ.. \"

അവർ ഒന്ന് വിങ്ങി..

\" എന്നിട്ട്? \"

\" അത് അറിഞ്ഞ ദിവസം ഇവിടെ വലിയ ബഹളം ഉണ്ടായി  . വീണയുടെ അച്ഛൻ അവളെ കുറെ തല്ലി.. അദ്ദേഹം പറഞ്ഞത് കേൾക്കാതെ സ്വന്തം ഇഷ്ടപ്രകാരം ജോലിക്ക് പോയതിന്റെ ദേഷ്യവും അദ്ദേഹം അതിൽ തീർത്തു. അവൾ തെറ്റൊന്നും ചെയ്തിട്ടില്ല അവളെ ചതിച്ചതാണ് എന്ന് വീണ അങ്ങേരുടെ കാലു പിടിച്ചു പറഞ്ഞിട്ടും അങ്ങേരു കേട്ടില്ല. പക്ഷെ ആരാണ് ഇതിനു ഉത്തരവാദി എന്ന് എത്രയൊക്കെ ചോദിച്ചിട്ടും അവൾ ഒട്ടു പറഞ്ഞതും ഇല്ല. അതോടെ അങ്ങേരുടെ ദേഷ്യം ഇരട്ടി ആയി.. രവിയോടു ആ രാത്രി തന്നെ ഇവിടെ എത്താൻ പറഞ്ഞു.  രവി വന്നു.. അവളെ ഈ ജോലിക്ക് കൊണ്ട് പോയത് അവൻ ആയതു കൊണ്ട് അവനോടു വീണയെയും വിളിച്ചോണ്ട് എങ്ങോട്ടെങ്കിലും പൊയ്ക്കോ. ഇനി മേലിൽ അവളെ ഇവിടെ കണ്ടു പോകരുത് എന്ന് പറഞ്ഞു അവരെ രണ്ടാളെയും പുറത്താക്കി അവരുടെ അച്ഛൻ കതകടച്ചു.. .പിന്നീട് മരിക്കുന്നതു വരെ അവളുടെ ഒരു കാര്യവും അന്വേഷിക്കുകയോ അവളെ തിരികെ വിളിക്കുകയോ അദ്ദേഹം ചെയ്തില്ല. പിഴച്ചു പോയ മകൾ തിരികെ എത്തിയാൽ അത് ഇളയ മകളുടെ ജീവിതം കൂടി നശിപ്പിക്കും എന്നായിരുന്നു അങ്ങേരുടെ വിശ്വാസം.. \"

അവർ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.

\" നിങ്ങൾ പിന്നെ രവിയോട് വീണയെ ക്കുറിച്ചു അന്വേഷിച്ചില്ലേ? എവിടെയാണെന്നും മറ്റും? \"

\" ഞാൻ പല പ്രാവശ്യം രവിയോട് ചോദിച്ചു.. അവൾ എവിടെയുണ്ടെന്നു.. ഇങ്ങേരു അറിയാതെ ഞാൻ പോയി കണ്ടോളാം എന്ന് പറഞ്ഞു.. എന്തായാലും എന്റെ മോളല്ലേ സാറേ? പക്ഷെ അവൻ പറഞ്ഞില്ല.. അവൾ സുരക്ഷിതമായി എവിടെയോ ഉണ്ടെന്നു മാത്രം പറഞ്ഞു. അവൾ പറയുന്നത് ഒന്ന് കേൾക്കുക പോലും ചെയ്യാതെ അവളെ വീട്ടിൽ നിന്നു പുറത്താക്കിയ ഞങ്ങളോട് അവൾക്കു വെറുപ്പാണെന്നു.. അവൾക്കു ഞങ്ങളെ ഇനി കാണുകയെ വേണ്ടെന്നു പറഞ്ഞുന്നാണ് അവൻ പറഞ്ഞിരുന്നത്. പക്ഷെ എന്തോ എന്റെ മോൾ എന്നെ പറ്റി അങ്ങനെ പറയുമെന്ന് എനിക്ക് തോന്നുന്നില്ല.. പക്ഷെ ഞാൻ എന്ത് ചെയ്യാൻ ആയിരുന്നു സാറേ?  പിന്നെ രവി ഇങ്ങോട്ടൊന്നും വരാതെ ആയി.. കുറച്ചു വർഷങ്ങൾക്കു ശേഷം അവൻ ചത്തു പോവുകയും ചെയ്തു. പിന്നെ ഞാൻ ആരോട് ചോദിക്കാൻ ആണ് സാറേ? അവൻ അല്ലാതെ ബാബുവിന് പോലും അവൾ എവിടെയുണ്ടെന്നു അറിയില്ലായിരുന്നു.. \"

അവർ പറഞ്ഞു...

\" ശെരി.. രവിയും ബാബുവും വീണയ്ക്ക് ജോലി ആക്കി കൊടുത്ത കമ്പനിയുടെ പേര് ഓർമ്മയുണ്ടോ ? അത് പോലെ അത് എവിടെയാണെന്ന്? \" 

\" MR എന്നോ RM എന്നോ അങ്ങനെ എന്തോ ആയിരുന്നു.. അഡ്വർടൈസിങ് കമ്പനി എന്നാ പറഞ്ഞത്. \"

അവർ ആ കമ്പനിയുടെ സ്ഥലവും പറഞ്ഞു കൊടുത്തു.

\" ഈ കമ്പനിയിലെ ആൾക്കാരുമായി രവിക്കും ബാബുവിനും എങ്ങനെയാണ് പരിചയം എന്നറിയാമോ? \"

\" ബാബുവിന്റെ സുഹൃത്താണ് അതിന്റെ ഉടമസ്ഥൻ എന്നാണ് അന്ന് പറഞ്ഞത്.. അതിൽ കൂടുതൽ ഒന്നും അറിയില്ല സാറേ.. പക്ഷെ അവൾ ഇവിടുന്നു പോയി കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഒരാൾ ഇവിടെ വന്നിരുന്നു.. \"

\" ആര്? \"

\" അതൊന്നും അറിയില്ല.. പ്രായമുള്ള ഒരാൾ ആയിരുന്നു. വില കൂടിയ കാറിലാണ് വന്നത്. ഇവിടെ വന്നു അയാൾ വീണയുടെ മുതലാളി ആണെന്നും കാര്യങ്ങൾ അറിഞ്ഞു ഒരുപാട് വിഷമം ആയെന്നും പറഞ്ഞു. പിന്നെ ഇവിടുത്തെ ആളുടെ ചികിത്സക്കും ഇവളുടെ പഠിപ്പിനും ആണെന്ന് പറഞ്ഞു എന്റെ കയ്യിൽ അഞ്ചു ലക്ഷം രൂപ തന്നു.. എന്നിട്ട് തിരികെ പോയി. പിന്നെ ഞാൻ അയാളെ കണ്ടിട്ടില്ല.. \"

അവർ പറഞ്ഞു. വിക്ടറും ശിവനും അന്യോന്യം നോക്കി. ഇനി ഇതാരാ ഇങ്ങനൊരാൾ?

\" ആ കമ്പനിയിലെ ആരുടെയെങ്കിലും പേരോ മറ്റോ ഒരിക്കൽ എങ്കിലും വീണ പറയുന്നത് നിങ്ങൾ കേട്ടിട്ടില്ലേ? \"

\" സാർ.. സാർ..എന്ന് പറയുന്നതാണ് കേട്ടിട്ടുള്ളത്.. പേര് ഇനി എന്തെങ്കിലും കേട്ടിട്ടുണ്ടെങ്കിലും അത് ഇത്ര നാളായില്ലേ സാറേ.. ഓർമയില്ല.. \"

അവർ പറഞ്ഞു. ശരിയാണ് ഇരുപത്തി മൂന്നു വർഷങ്ങൾക്ക് മുൻപത്തെ കാര്യമാണ് ചോദിക്കുന്നത്.. ശിവനും ഓർത്തു. 

\" ഒരു കാര്യം കൂടി.. ഈ ബാബു ഇപ്പോൾ വിളിക്കാറോ മറ്റോ ഉണ്ടോ?അയാൾ എവിടെയാണെന്ന് ആർക്കെങ്കിലും അറിയാമോ? \"

വിക്ടർ ചുറ്റും എല്ലാവരെയും നോക്കി കൊണ്ട് ചോദിച്ചു.

\" അവൻ വിളിക്കാറും പറയാറും ഒന്നുമില്ല സാറേ.. എവിടെയാണെന്നും ഞങ്ങൾക്ക് അറിവില്ല.. \"

\" അത് ശെരി.. \"

അവർ അവിടുന്ന് യാത്ര പറഞ്ഞു ഇറങ്ങി..

അവർ ഇറങ്ങിയതും വർഷ മാറി നിന്നു തന്റെ ഫോൺ എടുത്തു ആരെയോ വിളിച്ചു.

\" ഹലോ.. \"

\" ഹലോ ബാബുവേട്ടാ.. ഞാൻ വർഷയാണ്.. ദാക്ഷായണി അമ്മയുടെ മകൾ.... വീണയുടെ അനിയത്തി.. പണ്ട് എന്നോട് പറഞ്ഞിരുന്നില്ലേ വീണയുടെ കാര്യം തിരക്കി ഇവിടെ ആരെങ്കിലും വന്നാൽ ബാബുവേട്ടനെ വിളിച്ചു അറിയിക്കണം എന്ന്.. ഇന്ന് രണ്ടു പോലീസുകാർ ഇവിടെ വന്നിരുന്നു വീണയെ പറ്റി തിരക്കി അമ്മയെ കാണാൻ .. \"

അയാൾ ഞെട്ടിയോ? കുറച്ചു നേരത്തേക്ക് അവിടുന്ന് ഒന്നും മിണ്ടിയില്ല.. പിന്നെ.. 

\" പോലീസുകാരോ? അവർ എന്താ ചോദിച്ചത്? അമ്മ എന്ത് പറഞ്ഞു? \"

അവർ ചോദിച്ചതും ദാക്ഷായണി അമ്മ പറഞ്ഞതുമെല്ലാം  വർഷ അയാളോട് പറഞ്ഞു..

\" എന്നെ പറ്റി വല്ലതും അവർ ചോദിച്ചോ? \"

അയാളുടെ ശബ്ദത്തിൽ പേടിയോ ടെൻഷനോ ഓക്കെ ഉണ്ടായിരുന്നു. 

\" ബാബുവേട്ടൻ ഇപ്പോൾ എവിടെയുണ്ടെന്നു അറിയാമോ എന്ന് ചോദിച്ചു.. അമ്മ ഇല്ല എന്ന് പറഞ്ഞു. ഞാനും ഒന്നും പറഞ്ഞില്ല. \"

\"ഈ പോലീസുകാർ.. അവർ ആരാണെന്നു അറിയുമോ? \"

\" അത് അറിയില്ല.. പക്ഷെ ഞാൻ അവരുടെ നെയിം പ്ലേറ്റ് നോക്കി.. ഒരാളുടെ പേര് വിക്ടർ എന്നാണ്.. CI ആണ്..മറ്റേ സാറിന്റെ പേര് ശിവജിത്ത് എന്ന് കണ്ടു.. \"

അപ്പുറത്ത് നിന്നു കുറച്ചു നേരം കൂടി നിശബ്ദത.. 

\" ഓഹോ..  എന്തായാലും നീ എന്നെ വിളിച്ചു പറഞ്ഞത് നന്നായി.. ഇനിയും അവർ വന്നാൽ എന്നെ വിളിച്ചു അറിയിക്കണം.. \"

\" ശെരി.. പിന്നെ.. എനിക്ക് കുറച്ചു പൈസക്ക് ആവശ്യം ഉണ്ടായിരുന്നു.. \"

\" പൈസ ഞാൻ എത്തിച്ചേക്കാം.  \"

ഫോൺ കട്ട്‌ ആയി. 

******************************************************

അഞ്ജു വിഷ്ണുവിന് റിപ്പോർട്സ് ഒക്കെ അയച്ചു കൊടുത്തപ്പോഴേക്കും വൈകുന്നേരം ഏഴു മണി കഴിഞ്ഞിരുന്നു. അഞ്ജുവിന് ഒരു താങ്ക്സും സ്മൈലിയും അയച്ചു കൊടുത്തു അവൻ. ജോലി കഴിഞ്ഞു വീട്ടിലെത്തി കിടക്കാൻ നേരം  അതിൽ ഓരോന്നായി എടുത്തു നോക്കി തുടങ്ങി. അന്നത്തെ ദിവസം മൊത്തം സീതയുടേത് അടക്കം അഞ്ചു ഡെലിവറി അവിടെ നടന്നിട്ടുണ്ട്. അതിൽ മൂന്നെണ്ണം ഓപ്പറേഷൻ ആണ്. അതിൽ ഒന്നാണ് സീതയുടേത്.. ബാക്കി രണ്ടും നോർമൽ ഡെലിവറി ആണ്.  അത് രണ്ടും അവൻ വിചാരിക്കുന്ന കേസ് ആവാൻ സാധ്യത ഇല്ല. കാരണം അമ്മയും കുഞ്ഞും സുഖമായി മൂന്നു ദിവസത്തിന് ശേഷം ഡിസ്ചാർജ് ആയതായി കാണിക്കുന്നുണ്ട്. ഒരു ഓപ്പറേഷൻ കുഞ്ഞിന്റെ എന്തോ പൊസിഷൻ മാറി കിടന്നതു കൊണ്ടാണ് ചെയ്തിരിക്കുന്നത്. അതും അഞ്ചു ദിവസത്തിന് ശേഷം ഡിസ്ചാർജ് ആയിട്ടുണ്ട്‌. അടുത്ത റിപ്പോർട്ട്‌ എടുത്തു നോക്കിയ വിഷ്ണുവിന്റെ ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി.  22 വയസ്സുള്ള പെൺകുട്ടി.. പേര് വീണ.  പ്രസവസമയത്തു ഉണ്ടായ അമിത ബിപിയും രക്‌തസ്രവവും മൂലം അമ്മയും കുഞ്ഞും ഓപ്പറേഷന്റെ ഇടയിൽ മരിച്ചിരുന്നു. അറ്റന്റിങ് ഡോക്ടർ dr ജഗന്നാഥൻ. വീണയുടെ മരിച്ചു പോയ കുട്ടി ഒരു ആൺകുട്ടി ആയിരുന്നു.  ഇനി അതായിരിക്കുമോ തന്റെ അനിയൻ .. വിഷ്ണു ആ റിപ്പോർട്ട്‌ എല്ലാം വായിച്ചു നോക്കി.  വീണ എന്ന പെൺകുട്ടിക്ക് പ്രെഗ്നന്സിയിൽ മൊത്തം പ്രഷർ ഉള്ളതായി പറയുന്നുണ്ട്. അതല്ലാതെ കാര്യമായി മറ്റൊന്നും പറയുന്നില്ല. വേറെ എന്തെങ്കിലും വിവരം കിട്ടുമോന്നു അറിയാൻ ആ റിപ്പോർട്സ് എല്ലാം വീണ്ടും വീണ്ടും നോക്കി കൊണ്ടിരിക്കുമ്പോഴാണ് അതിൽ ഒരു പേജ് വിഷ്ണുവിന്റെ ശ്രദ്ധയിൽ പെട്ടത്.. വീണയുടെ ഓപ്പറേഷന്റെ കണ്സന്റ് ഫോം.. അതിലെ ഗാർഡിയൻറെ സ്ഥാനത്തെ ഒപ്പ്.. തനിക്കു നല്ല പരിചയമുള്ള ഒരു ഒപ്പ്..

\" വിശ്വച്ഛന്റെ ഒപ്പ്.. \"

തുടരും..

( മെഡിക്കൽ ഫീൽഡിലുള്ളവർ പൊങ്കാല ഇടരുത്. അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു.. )


ഒരു നിയോഗം പോലെ - ഭാഗം 22

ഒരു നിയോഗം പോലെ - ഭാഗം 22

4.3
1073

ഭാഗം 22സൈറ്റിലെ പണികളൊക്കെ അങ്ങനെ നോക്കി നടത്തി കൊണ്ടിരിക്കുമ്പോഴാണ് ഗിരി ആരോടോ മാറി നിന്നു ഫോണിൽ സംസാരിക്കുന്നതു അന്നയുടെ ശ്രദ്ധയിൽ പെട്ടത്. കുറച്ചു നാളുകളായി ഗിരിയെ അവൻ അറിയാതെ അന്ന എപ്പോഴും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൻ എപ്പോഴാണ് ഇനി പ്രശനം ഉണ്ടാക്കുക എന്നറിയില്ലല്ലോ? ഇവൻ ആരോടായിരിക്കും മാറി നിന്നു അടക്കി പിടിച്ചു സംസാരിക്കുന്നതു.. അവൾക്കു സംശയം ആയി. ചുറ്റും ആരും ഇല്ല എന്നുറപ്പു വരുത്തി അവൾ അവന്റെ പിറകിൽ ഒരു തൂണിനു പിന്നിലായി മറഞ്ഞു നിന്നു. ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നത് കൊണ്ട് അവൾ വരുന്നത് അവൻ അറിഞ്ഞില്ല. ഇപ്പോൾ അവൻ ഫോണിൽ പറയുന്നത് അവൾക്