അവൾ വാതിൽ തുറന്നു, പുറത്ത് ആരുമില്ല, അനു ഡോർ പതിയെ ലോക്ക് ചെയ്ത് കീയെടുത്ത് പുറത്തേക്കിറങ്ങി , തികഞ്ഞ നിശബ്ദത , പുറത്ത് റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ഒരു ശബ്ദവും അവിടേക്ക് എത്തുന്നില്ലെന്നത് അവളെ അത്ഭുതപ്പെടുത്തി. ഇടനാഴിയും സ്റ്റെയേഴ്‌സും, മഞ്ഞ വെളിച്ചത്തിൽ കുളിച്ച് നിൽക്കുന്നു.എവിടെ നിന്നോ തണുത്ത കാറ്റ് ശക്തിയായി വീശുന്നുണ്ട്. ഒരു ജിജ്ഞാസമേൽ അവൾ ടെറസ്സിലേക്ക് പോകുന്ന സ്റ്റെയറിനു നേരെ നടന്നു. ആരായിരുന്നിരിക്കും.. ഡോർ ബെൽ അടിച്ചത്?! തണുത്ത കാറ്റിലും അനു ചെറുതായി വിയർക്കുന്നുണ്ടായിരുന്നു.പകുതി സ്റ്റെപ്പുകൾ കയറി അവൾ മുകളിലേക്ക് നോക്കി, വിചാരിച്ചത് പോലെ കാറ്റ് വീശുന്നത് മുകളിൽ നിന്നാണ്.
666 ആം നമ്പർ ഫ്ലാറ്റിന്റെ സ്റ്റെയറിന് മുകളിൽ എത്തിയപ്പോഴേക്കും അനു കിതക്കാൻ തുടങ്ങി. കാറ്റ് വരുന്നത് ഇവിടെ നിന്നല്ല, അപ്പോൾ ടെറസ്സിൽ നിന്നായിരിക്കും , ടെറസ്സിലേക്കുള്ള പടികൾ കയറുമ്പോൾ അവൾ ഓർത്തു. അരണ്ട വെളിച്ചത്തിൽ പാതി തുറന്നു കിടക്കുന്ന ഡോർ അവൾക്ക് കാണാമായിരുന്നു.അതിന് അപ്പുറത്ത് മാസ്മരികമായ ഒരു കാഴ്ച്ച അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.പരന്നു വിശാലമായി കിടക്കുന്ന മനോഹരിയായ കൊച്ചി, അനു ഡോർ തുറന്ന് ടെറസ്സിലേക്ക് കയറി. ദീപാലംകൃതമായ മറൈൻ ഡ്രൈവും, കായലും, മെട്രോ റെയിലും നൽകിയ കാഴ്ച്ച ഒരു പുതിയ അനുഭൂതി അവളുടെ മനസ്സിൽ നിറച്ചു. ഒരു ടെന്നീസ് കോർട്ടിന്റെ അത്രയും വലുപ്പമുണ്ട് ടെറസ്സിന് , താഴേക്ക് നോക്കാൻ തന്നെ പേടിയാകുന്നു.ടെറസ്സിന്റെ കൈവരിക്ക് അടുത്ത് നിന്ന് താഴേക്ക് എത്തി നോക്കിയ അനുവിന് തല ചുറ്റുന്നത് പോലെ തോന്നി. ഒരു ദീർഘ ശ്വാസം എടുത്ത് അവൾ തിരിച്ച് ഡോറിന് അടുത്തേക്ക് നടന്നു. ഇതാണോ സുകുമാരൻ പറഞ്ഞ നൊ എൻട്രി സോൺ?! അവൾക്ക് ചിരി വന്നു. ഡോർ അടച്ച് കുറ്റിയിട്ട് സ്റ്റെയർ ഇറങ്ങാൻ തുടങ്ങിയ അനുവിനെ ഞെട്ടിച്ച് ഡോർ വീണ്ടും തുറന്നു വന്നു! അവൾ വീണ്ടും ഡോർ വലിച്ച് അടച്ച് കുറ്റിയിട്ടു. അനു താഴേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ എവിടെയോ ഒരു കുട്ടി ചിരിക്കുന്ന ശബ്ദം... മീനുവായിരിക്കുമോ അത് ?! അവൾ സ്റ്റെയർ ഇറങ്ങി വേഗം ഫ്ലാറ്റിലേക്ക് നടന്നു. കീയിട്ട് ഫ്ലാറ്റിന്റെ ഡോർ തുറക്കുന്നതിന് മുന്നെ ഡോർ തുറന്നു വന്നു . ഇവിടത്തെ ഡോറിന് ഒക്കെ എന്താണ് കുഴപ്പം? അനുവിന്റെ മനസ്സിൽ ഒരുപാട് ചിന്തകൾ ഓളം തട്ടി, അവളുടെ ആകാംഷ അതിർവരമ്പുകളെ എല്ലാം തകർത്ത് മുന്നോട്ടു കുതിക്കുകയായിരുന്നു, മീനു?!... ശര വേഗത്തിൽ അനു മീനുവിന്റെ ബെഡ് റൂം ലക്ഷ്യമാക്കി ഓടി, മിടിക്കുന്ന ഹൃദയവുമായി, ബെഡ് റൂമിന്റെ ഡോർ തുറന്ന്, ലൈറ്റ് ഇടുമ്പോൾ അവൾ ലോകത്തുള്ള എല്ലാ ദൈവങ്ങളെയും മനസ്സിൽ വിളിച്ചു.
മീനുകുട്ടി ഉറങ്ങുകയാണ്, ഒരു ചെറു പുഞ്ചിരിയോടെ. അനു കിടക്കയിൽ തളർന്ന് ഇരുന്നു. അവളുടെ മനസ്സിൽ അപ്പോഴും ആ ചോദ്യം ഉണ്ടായിരുന്നു, ഞാൻ ഡോർ ലോക്ക് ചെയ്തത് അല്ലെ?!.
< തുടരും >