Aksharathalukal

നീലനിലാവേ... 💙 - 5

രാവിലെ ദേവ് കുളി കഴിഞ്ഞ് അടുക്കളയിലേക്ക് ചെല്ലുമ്പോൾ അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്തെ വാതിൽപടിയിൽ ഇരുന്ന് ചായ കുടിക്കുന്ന നിളയെയാണ് കണ്ടത്...

\"\"\" ഇതെപ്പോ എഴുന്നേറ്റു ? \"\"\" ഗ്യാസിന്റെ അടുത്തായി അവൾ അടച്ച് വെച്ചിരിക്കുന്ന ചായഗ്ലാസിന് മുകളിലെ അടപ്പ് മാറ്റി ചായ കൈയ്യിലേക്ക് എടുത്ത് അവൻ അവൾക്ക് അടുത്തായി പടിയിൽ ചെന്ന് ഇരുന്നു...

\"\"\" കുറച്ച് നേരമായി... \"\"\" ചായ ഊതി ചുണ്ടോട് ചേർത്ത് മറുപടി പറഞ്ഞവൾ അകലേക്ക്‌ നോക്കി.. അവൻ അവളെയൊന്ന് നോക്കി.. വീർത്തിരിക്കുന്ന ആ കൺപോളകൾ കണ്ട് അവൻ ചായ പടിയിലേക്ക് വെച്ചിട്ട് വലം കൈ അവളുടെ തോളിലേക്ക് ഇട്ടു...

\"\"\" കുഞ്ഞുവേ... \"\"\" അവൻ അവളുടെ കൈതുടയിൽ തോണ്ടി.. അവൾ അവനെ നോക്കിയില്ല.. ഒന്നും മിണ്ടിയതുമില്ല...

\"\"\" കുഞ്ഞൂട്ടാ... \"\"\" അവൻ അവളുടെ മുഖം പിടിച്ച് തന്റെ നേർക്ക് തിരിച്ചു...

\"\"\" ഇനി വൈകി വരില്ലടി വാവാച്ചി.. സത്യം.. സോറി.. അവനിവിടെ ഉണ്ടാകുമെന്ന് അറിയുന്നത് കൊണ്ടല്ലേ ഞാൻ ഇങ്ങനെ വൈകി വരുന്നെ.. അല്ലാതെ നിന്നെ പറ്റി ഒരു വിചാരവും ഇല്ലാത്തത് കൊണ്ടൊന്നും അല്ലടി... \"\"\" കണ്ണൊക്കെ ചെറുതാക്കി അവൻ കൊഞ്ചി പറയുന്നത് കേട്ട് ഒരു നിമിഷം അവനെ നോക്കി ഇരുന്നെങ്കിലും അടുത്ത നിമിഷം തന്നെ അവൾ അവന്റെ കൈ തന്റെ മുഖത്ത് നിന്ന് തട്ടി മാറ്റി മുന്നിലേക്ക് നോക്കിയിരുന്നു...

\"\"\" ഹാ പിണങ്ങാതെടി.. ഇനി സത്യമായിട്ടും ഞാൻ വൈകി വരില്ല... \"\"\" അവളെ നെഞ്ചിലേക്ക് അടക്കി പിടിച്ച് അവൻ ആ നെറ്റിയിൽ അമർത്തിയൊരുമ്മ കൊടുത്തു.. അവളുടെ കണ്ണൊന്ന് നിറഞ്ഞു.. വാത്സല്യം.. അത് മാത്രമാണ് അന്നും ഇന്നും അവന്റെ വാക്കുകളിലും തന്നെ നോക്കുന്ന അവന്റെ മിഴികളിലും കാണുന്ന ഭാവം.. സ്നേഹമാണ് അവന്... ഇഷ്ടമാണ്... വാത്സല്യമാണ്... പക്ഷേ.... അവൾ കണ്ണൊന്ന് അടച്ച് തുറന്ന് അവന്റെ കൈ തന്റെ തോളിൽ നിന്ന് എടുത്ത് മാറ്റി...

\"\"\" എനിക്ക് ആരോടും പിണക്കമൊന്നുമില്ല.. അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ പിണങ്ങുന്നത്...? വലിഞ്ഞ് കയറി വന്നവർക്ക് ഒക്കെ ഇത്ര സ്ഥാനമേ കാണൂ എന്ന് ഓർക്കേണ്ടത് ഞാനല്ലേ... \"\"\" ബാക്കിയുള്ള ചായ മണ്ണിലേക്ക് എറിഞ്ഞവൾ പറഞ്ഞതും അവന്റെ മുഖം കടുത്തു...

\"\"\" അങ്ങനെയാണോടി നിന്നെ ഞാൻ നോക്കുന്നത്? ഏഹ് ? \"\"\" അവളുടെ ഇടം കൈയ്യിൽ പിടിച്ച് അവൻ അവളെ തന്റെ അടുത്തേക്ക് വലിച്ചു.. അവൾ അവന്റെ മുഖത്തേക്ക് നോക്കി.. തുറിച്ചുള്ള അവന്റെ ആ നോട്ടം... മുറുകിയ മുഖഭാവം.. ദേഷ്യം നിറഞ്ഞ ആ മിഴികൾ.. അവൾ ചിരിച്ചു...

\"\"\" നിനക്ക് എന്നോട് സ്നേഹം മാത്രമേ ഉള്ളൂ, ദേവാ... ഈ നാട്ടിൽ നമ്മൾ എത്ര കാലം കഴിയുമെന്ന് എനിക്കറിയില്ല.. പക്ഷേ, ഇവിടെ വന്ന അന്ന് തൊട്ട് പലരും എന്നെ നിന്റെ പെങ്ങളായിട്ടാണ് കാണുന്നത്.. അതിന് അവരെ തെറ്റ് പറയാനും പറ്റില്ല.. നീ അങ്ങനെയല്ലേ അവരോടൊക്കെ പറഞ്ഞത്... \"\"\" പുച്ഛത്തോടെ ചുണ്ടൊന്ന് കോട്ടി അവൾ അവന്റെ കൈയ്യിൽ നിന്ന് കൈ വലിച്ചെടുത്തു...

\"\"\" വേണ്ട, ദേവാ.. ഈ സംസാരം നമുക്ക് ഇവിടെ നിർത്താം.. ഇന്നലെ വരെ എങ്ങനെ ആയിരുന്നോ.. അങ്ങനെ മതി... ഇന്നലെ നീ കുടിച്ചിട്ടുമില്ല.. വൈകി വന്നിട്ടുമില്ല.. എന്നോട് അങ്ങനെയൊന്നും പറഞ്ഞിട്ടുമില്ല.. എന്ന് അങ്ങ് കരുതിയേക്കാം ഞാൻ... ഇനിയും ഇരുന്നാൽ നിനക്ക് കടയിൽ പോകാൻ വൈകും.. ചായ കുടിച്ചിട്ട് വാ... \"\"\" കൂടുതലൊന്നും പറയാതെ അവൾ വേഗം എഴുന്നേറ്റ് അകത്തേക്ക് കയറി പോയി.. നെഞ്ചിൽ വല്ലാത്തൊരു ഭാരം നിറഞ്ഞത് പോലെ തോന്നി അവന്.. ഹൃദയത്തിൻ മേൽ എന്തോ കഠിനമേറിയത് എടുത്ത് വെച്ചത് പോലെ.. ചായ കൈയ്യിലേക്ക് എടുത്ത് അവൻ കായലിന്റെ ഭാഗത്തേക്ക്‌ നോക്കി.. മനസ്സിലെ സമ്മർദ്ദവും വിഷമങ്ങളും ഓരോ നിമിഷവും വർദ്ധിക്കുന്നത് അവൻ അറിഞ്ഞു.. ഇനിയും ഇങ്ങനെ ഇരുന്നാൽ കടയിൽ പോകാൻ വൈകുമെന്ന് ഓർത്ത് അവൻ പെട്ടന്ന് തന്നെ ചായ കുടിച്ചിട്ട് എഴുന്നേറ്റ് അകത്തേക്ക് നടന്നു...

                              🔹🔹🔹🔹

വർക്ക്‌ഷോപ്പിൽ വന്നൊരു വണ്ടിയുടെ ബോണറ്റ് തുറന്ന് വെച്ച് അനി സൈഡിലായി ഇരുന്ന് ഫോണിൽ എന്തോ ചെയ്യുന്ന ഭദ്രനെ നോക്കി...

\"\"\" വിശ്വാ... \"\"\" വേണോ വേണ്ടയോ എന്ന പോലെയാണ് അനി വിളിച്ചത്.. ഭദ്രൻ ഫോണിൽ നിന്ന് തലയുയർത്തി അവനെ ചോദ്യഭാവത്തിൽ നോക്കി...

\"\"\" ഇന്നലെ ദേവ് ആ വിജയന് വാടക കൊടുക്കാൻ പോയിരുന്നു... \"\"\" വണ്ടിയിൽ നിന്ന് കൈയ്യെടുത്ത് അനി അവന്റെ അടുത്തേക്ക് ചെന്നു.. അവനെ ഉറ്റു നോക്കി ഇരുന്നതല്ലാതെ ഭദ്രൻ ഒന്നും മിണ്ടിയില്ല.. അനി അവിടെ സൈഡിൽ കിടക്കുന്ന ടയറുകൾക്ക് മുകളിൽ മുട്ടിൻ മേൽ കൈ താങ്ങി വെച്ച് ഇരുന്ന് അവനെ നോക്കി ഒന്ന് നിശ്വസിച്ചു...

\"\"\" അയാള് വാടക കൂട്ടി.. ഇപ്പൊ തന്നെ വീട്ടുചിലവിന് അവന് കാശ് തികയാറില്ല.. ആകെ വിഷമിച്ചാ അവനിന്നലെ പോയത്.. കടം വാങ്ങാൻ അവൻ തയ്യാറാവില്ലെന്ന് എന്നേക്കാൾ നന്നായി നിനക്ക് അറിയാമല്ലോ.. ചെറുപ്പം മുതൽ കാണുന്നതല്ലേ.. വാടക കൂട്ടി കൊടുത്തില്ലെങ്കിൽ വീട് ഒഴിയണമെന്നാ അയാള് പറഞ്ഞേക്കുന്നെ... \"\"\" വിഷമത്തോടെയാണ് അനി അത്രയും പറഞ്ഞത്.. ഭദ്രൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു...

\"\"\" നീ പോയി അത് ശരിയാക്ക്... \"\"\" അവൻ പറഞ്ഞതുമായി ബന്ധപ്പെട്ട് ഒന്നും മറുപടി പറയാതെ അത്ര മാത്രം പറഞ്ഞിട്ട് ഭദ്രൻ പുറത്തേക്ക് നടന്നു.. അതല്ലാതെ മറ്റൊന്നും അവനിൽ നിന്ന് പ്രതീക്ഷിക്കാതെയിരുന്നതിനാൽ അനി ഒരു ദീർഘശ്വാസത്തോടെ കാറിന് അരികിലേക്ക് ചെന്നു...

_________________________🦋

വർക്ക്‌ഷോപ്പിൽ നിന്ന് ഇറങ്ങി വണ്ടിയിലേക്ക് കയറിയ നേരം ഭദ്രന്റെ നോട്ടം ബൈക്ക് കടയുടെ സൈഡിൽ കൊണ്ട് നിർത്തി അതിൽ നിന്ന് ഇറങ്ങുന്നവനിലേക്ക് നീണ്ടു.. തിരികെ അവന്റെ നോട്ടവും തന്നിൽ എത്തിയതും കണ്ണൊന്ന് കുറുക്കി അവനെ ഇരുത്തി നോക്കിയിട്ട് ഭദ്രൻ വണ്ടിയെടുത്തു.. കാര്യം മനസ്സിലാകാതെ ദേവ് അവൻ പോയ വഴിയേ സംശയത്തോടെ നോക്കി...

\"\"\" എന്താടാ? \"\"\" അവന്റെ നിൽപ്പ് കണ്ട് കടയുടെ അകത്ത് നിന്ന് പുറത്തേക്ക് ഇറങ്ങി ചെന്ന് വിനു ദേവിന്റെ മുഖത്തിന്‌ നേർക്ക് കൈ വീശി.. ദേവ് അവനെയൊന്ന് നോക്കി ഒന്നുമില്ലെന്ന പോലെ തലയനക്കിയിട്ട് കടയുടെ അകത്തേക്ക് കയറി...

\"\"\" ആരെങ്കിലും വന്നോ ? \"\"\" അവൻ മേശയൊന്ന് തുറന്ന് നോക്കി...

\"\"\" ഒന്ന് പോ, മനുഷ്യാ.. ഇത് പലചരക്ക് കടയാണ്.. അല്ലാതെ ഹോട്ടൽ ഒന്നുമല്ല.. രാവിലെ നേരം വെളുക്കുമ്പോ തന്നെ ആളുകൾ കയറി ഇറങ്ങാൻ... \"\"\" അവനെ പുച്ഛിച്ച് പറഞ്ഞ ശേഷം വിനു അവിടുത്തെ കസേരയിൽ ചെന്നിരുന്ന് ഫോൺ കൈയ്യിലേക്ക് എടുത്തു...

ദേവ് ചെയറിലേക്ക് ഇരുന്ന് പോക്കറ്റിൽ ഇനി ബാക്കിയുള്ള കാശ് പുറത്തേക്ക് എടുത്തു.. വെറും ഇരുന്നൂറ്റി നാല്പത് രൂപ...! ഇന്ന് അധികം ആരും കടയിലേക്ക് വന്നില്ലെങ്കിൽ.. അവൻ കൈകൾ കൂട്ടി പിടിച്ച് ടേബിളിൽ താങ്ങി മുന്നോട്ട് ആഞ്ഞിരുന്നു.. വിദേശത്ത് ആഡംബര ജീവിതം ജീവിക്കുന്നൊരു അച്ഛന്റെയും അമ്മയുടെയും മകൻ.. അവിടെ ലോകമെമ്പാടും അറിയപ്പെടുന്ന കോളേജിൽ പഠിക്കുന്നൊരുവന്റെ സഹോദരൻ... ഇവിടെ ഈ നിലയിലാണ് കഴിയുന്നതെന്ന് അറിഞ്ഞാൽ പലർക്കും അത്ഭുതം ആയിരിക്കും... പരിഹസിക്കും പോലൊരു ചിരിയോടൊപ്പം അവനിൽ നിന്നൊരു നെടുവീർപ്പ് ഉയർന്നു.. പത്താമത്തെ വയസ്സുമുതൽ നീ വളർന്നത് തനിച്ചാണ്!!, ദേവാ.. അന്ന് തളരാത്ത നീ എന്തിനാണ് ഇന്ന് തളരുന്നത്...?! സ്വയമൊന്ന് ചോദിച്ചവൻ കണ്ണുകൾ അടച്ചു...

\"\"\" ദേവേട്ടാ... \"\"\" പെട്ടന്ന് കൈയ്യിൽ ആരോ തൊടുന്നതിനൊപ്പം ആ വിളി കൂടി കേട്ടതും അവൻ കണ്ണുകൾ തുറന്നു.. മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ കണ്ട് അവൻ വേഗം അവളുടെ കൈയ്ക്ക് കീഴിൽ നിന്ന് തന്റെ കൈ വലിച്ചെടുത്തു...

\"\"\" എന്താ?, പഞ്ചമീ... \"\"\" അവൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു...

\"\"\" ഒരു ബ്രെഡ്‌ ജാമും... \"\"\" അവൾ നേർത്ത ചിരിയോടെ പറഞ്ഞു.. അവനൊന്ന് മൂളിയിട്ട് അതെടുക്കാനായി പോയതും ഫോണിൽ നോക്കിയിരുന്ന വിനു അതിൽ നിന്ന് തലയുയർത്തി അവളെയൊന്ന് സൂക്ഷിച്ച് നോക്കി.. ഇവളല്ലേ ലവൾ...?! എന്നൊരു ഭാവം അവന്റെ മുഖത്ത് നിറഞ്ഞു...

\"\"\" എഴുപത്തിയഞ്ച്... \"\"\" ദേവ് ബ്രെഡും ജാമും ഒരു കവറിൽ ഇട്ട് അവൾക്ക് നേരെ നീട്ടി...

\"\"\" ഇതാ, ദേവേട്ടാ... \"\"\" അവൾ കാശ് അവന്റെ കൈയ്യിലേക്ക് കൊടുത്ത് അവനെ നോക്കി ചിരിയോടെ കവറും വാങ്ങി പുറത്തേക്ക് ഇറങ്ങി പോയി...

\"\"\" ഇത് നിങ്ങടെ വീട്ടിന്റെ എതിർവശത്തുള്ള മറ്റേ കൊച്ചല്ലേ? \"\"\" കാശ് മേശയിലേക്ക് വെച്ച് കണക്ക് എഴുതാൻ ഇരുന്ന ദേവിന്റെ അടുത്തേക്ക് വിനു എഴുന്നേറ്റ് ചെന്നു...

\"\"\" ആണ്... \"\"\" ബുക്കിൽ നിന്ന് മുഖം ഉയർത്താതെ തന്നെ ദേവ് അവന് മറുപടി നൽകി...

\"\"\" ഓ.. അപ്പൊ ഇതാണ് ആ കോഴി, അല്ലേ... \"\"\" വിനു കൈ കെട്ടി പിന്നിലെ ടേബിളിലേക്ക് ചാരി...

\"\"\" കോഴിയോ ? \"\"\" ദേവ് തലയുയർത്തി അവനെ ചുളിഞ്ഞ നെറ്റിയോടെ നോക്കി...

\"\"\" ആഹ്.. കോഴി തന്നെ... ഞാൻ പോയി ഒരു നാരങ്ങ വെള്ളം കുടിച്ചിട്ട് വരാം... \"\"\" കൂടുതൽ വിശദീകരിക്കാൻ ഒന്നും നിൽക്കാതെ വിനു വേഗം കടയിൽ നിന്ന് ഇറങ്ങി പുറത്തേക്ക് നടന്നു.. തലയൊന്ന് കുടഞ്ഞിട്ട് ദേവ് വീണ്ടും ബുക്കിലേക്ക് മുഖം താഴ്ത്തി...

                                🔹🔹🔹🔹

ഉച്ച കഴിഞ്ഞ സമയം ഉമ്മറത്ത് അകലേക്ക്‌ നോക്കി ഇരിക്കുകയായിരുന്നു നിള.. ക്ലാസ് ഇല്ലാത്ത ദിവസങ്ങളിൽ പതിവാണ് ഈ ഇരിപ്പ്.. വെറുതെ ബുക്കും മടിയിൽ വെച്ച് വായിനോക്കി ഇരിക്കുക എന്നും പറയാം അതിനെ.. പഠിക്കാൻ അത്ര വലിയ മിടുക്കിയൊന്നുമല്ല അവൾ.. കഷ്ടിച്ച് ഒരു എഴുപത് ശതമാനം.. അത് തന്നെ കിട്ടിയാൽ ഭാഗ്യം എന്ന പോലെയാണ്.. വഴിയിൽ കൂടി പോകുന്ന വണ്ടികളെയും ആകാശത്ത് പറന്ന് നടക്കുന്ന കിളികളെയും ഒക്കെ നോക്കി ഓരോന്ന് ഓർത്ത് ഇരിക്കെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ട് അവൾ തിണ്ണയിൽ നിന്ന് ഫോൺ കൈയ്യിലേക്ക് എടുത്ത് നോക്കി.. ദേവ് ആണെന്ന് കാൺകെ അവൾ കുഞ്ഞൊരു ചിരിയോടെ കാൾ അറ്റൻഡ് ചെയ്തു...

\"\"\" കഴിച്ചോ?, കുഞ്ഞൂട്ടാ... \"\"\" ഹലോ പോലും പറയും മുൻപ് അവൻ സ്നേഹത്തോടെ ചോദിച്ചു...

\"\"\" കഴിച്ചു.. നീ ഇന്ന് എത്ര തിരക്കുണ്ടെങ്കിലും കഴിക്കാൻ വീട്ടിലേക്ക് വരുമെന്ന് അല്ലേ പറഞ്ഞത്? എന്നിട്ട് വന്നില്ലല്ലോ.. വിളിച്ചിട്ടും എടുത്തില്ല.. വന്ന് വന്ന് നീ കഴിപ്പും നിർത്തിയോടാ?, വല്യൂട്ടാ... \"\"\" കെറുവോടെയുള്ള അവളുടെ ചോദ്യം കേൾക്കെ അവനൊന്ന് ചിരിച്ചു...

\"\"\" വിനു ഇവിടെയില്ലടാ.. ചെക്കൻ രാവിലെ ഒരു നാരങ്ങ വെള്ളമെന്ന് പറഞ്ഞ് ഇറങ്ങി പോയതാ.. ഇതുവരെ വന്നില്ല.. വിളിച്ച് നോക്കിയപ്പോ അഞ്ച് മിനിറ്റ് എന്ന് പറഞ്ഞതാ.. അത് തന്നെയാ ഇന്നേരം വരെ അവൻ പറയുന്നത്... അവൻ വന്നാൽ ഉടനേ ഞാൻ അങ്ങ് എത്താം... എന്റെ കൊച്ച് പോയി കുറച്ച് നേരം കിടന്ന് ഉറങ്ങിക്കോ... \"\"\"

അവളൊന്ന് മൂളി...

\"\"\" ചെല്ല്.. ഞാൻ പെട്ടന്ന് വരാം... \"\"\" പറഞ്ഞ് കൊണ്ട് അവൻ കാൾ കട്ട്‌ ചെയ്തതും ഇനിയിപ്പോ ഇവിടെ ആരെ കാത്തിരിക്കാനാ എന്ന് ആലോചിച്ച് അവൾ കാൽ നിലത്തേക്ക് ഇറക്കി വെക്കാൻ തുടങ്ങിയതും ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി ഗേറ്റ് കടന്ന് വരുന്ന ഭദ്രനെയാണ് കണ്ടത്...

\"\"\" ഭദ്രാ...!! \"\"\" സന്തോഷത്തോടെ അവൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് നിന്നു...

\"\"\" അവൻ വന്നില്ലേ? \"\"\" ഭദ്രൻ അവൾക്ക് അടുത്തേക്ക് ചെന്നു...

\"\"\" ഓ.. അപ്പൊ നീ പാത്തും പതുങ്ങിയും വന്നത് ആത്മസുഹൃത്തിനെ കാണാനാ? \"\"\" അവൾ കണ്ണ് കൂർപ്പിച്ചു.. ഇടുപ്പിൽ കൈ കുത്തി നിന്നുള്ള അവളുടെ ചോദ്യം അവനിൽ ചിരി വിരിയിച്ചു...

\"\"\" ഓ.. എന്താ ചിരി... അല്ലെങ്കിലും എനിക്ക് അറിയാം നിനക്ക് എന്നേക്കാൾ ഇഷ്ടം അവനെയാണെന്ന്.. വെറുതെയല്ല ഗൗരിയേടത്തി പറയുന്നത് വിശ്വഭദ്രന്റെ ജീവനും ആത്മാവും സ്വപ്നവും ഒക്കെ ദേവർകാവിൽ ദേവാദിദേവ് ആണെന്ന്... \"\"\" ആദ്യത്തേത് ഉച്ചത്തിൽ ആണെങ്കിൽ അവസാനത്തേത് നാട്ടുകാർ കേട്ടാലോ എന്നുകരുതി അവൾ പതിയെ പിറുപിറുക്കുകയാണ് ചെയ്തത്.. വീർത്തിരിക്കുന്ന ആ മുഖം കണ്ട് ചിരി വന്നെങ്കിലും അത് അടക്കി പിടിച്ച് അവൻ അവളുടെ തോളിൽ കൈയ്യിട്ട് അവളുമായി വീട്ടിലേക്ക് കയറി...

\"\"\" കഴിച്ചോ എന്തെങ്കിലും? \"\"\" ഡോർ അടച്ച് അവൻ അവളെയും കൂട്ടി ഊണുമേശയുടെ ഭാഗത്തേക്ക്‌ നടന്നു...

\"\"\" ഞാൻ കഴിച്ചതാ.. നീ കഴിച്ച് കാണില്ലല്ലോ.. വാ ഞാൻ എടുത്ത് തരാം... \"\"\" പറഞ്ഞ് കഴിഞ്ഞതും അടുക്കളയിലേക്ക് നടക്കാൻ തുടങ്ങിയവളെ അവൻ അവിടുത്തെ നീക്കിയിട്ടിരിക്കുന്ന ഒരു കസേരയിലേക്ക് പിടിച്ചിരുത്തി...

\"\"\" എന്താ?, ഭദ്രാ... \"\"\" മറ്റൊരു കസേര വലിച്ചിട്ട് തനിക്ക് അരികിലേക്ക് ഇരുന്നവനെ അവൾ അമ്പരന്ന് നോക്കി.. ഭദ്രൻ ഒന്നും മിണ്ടാതെ പോക്കറ്റിൽ നിന്ന് അയ്യായിരം രൂപയെടുത്ത് അവളുടെ കൈയ്യിലേക്ക് വെച്ച് കൊടുത്തു...

\"\"\" ഇത് അവന് കൊടുക്കണം... \"\"\" അത്ര മാത്രം അവൻ പറഞ്ഞു.. അവൾ കൈയ്യിലെ കാശിലേക്ക് ഒന്ന് നോക്കി.. ശേഷം അവന്റെ മുഖത്തേക്കും...

\"\"\" വാങ്ങില്ല... \"\"\" അവളുടെ ശബ്ദം നേർത്തു...

\"\"\" അതിന് ഇത് അവന്റെ ചെറിയച്ഛൻ എന്ന് പറയുന്ന എന്റെ ആ തന്തപ്പടിയുടെ കാശല്ല!! ഞാൻ അധ്വാനിച്ച് ഉണ്ടാക്കിയ എന്റെ സേവിംഗ്സാണ്!... അവന്റെ ഭദ്രന്റെ കാശ് വാങ്ങാനും അവന് അഭിമാനപ്രശ്നം ഉണ്ടെങ്കിൽ നേരിട്ട് വന്ന് പറയാൻ പറഞ്ഞാൽ മതി.. ഞാൻ തീർത്ത് കൊടുത്തോളം അത്!! \"\"\" അവളുടെ കൈയ്യിലെ കാശ് അവൻ അവളുടെ കൈ കൊണ്ട് തന്നെ ഒന്ന് പൊതിഞ്ഞ് പിടിപ്പിച്ചു.. അവന്റെ ദേഷ്യത്തോടെയുള്ള മുഖം കണ്ടത് കൊണ്ടോ.. എന്തോ.. പിന്നെ അവളൊന്നും പറഞ്ഞില്ല...

\"\"\" അവൻ കുറച്ച് കഴിയുമ്പോ വരും.. നീ ഇരിക്ക്.. ഞാൻ കഴിക്കാൻ എടുത്തിട്ട് വരാം... \"\"\" പറഞ്ഞ് കൊണ്ട് അവൾ എഴുന്നേൽക്കാൻ തുടങ്ങിയെങ്കിലും അവൻ തടഞ്ഞു...

\"\"\" വേണ്ട, കുഞ്ഞൂ.. വർക്ക്‌ഷോപ്പിൽ പോകണം... \"\"\" അവൻ എഴുന്നേറ്റു...

\"\"\" നീ എപ്പോഴാ ഭദ്രാ ആ രോഹന്റെ കാല് തല്ലിയൊടിച്ചത് ? \"\"\" വാതിൽക്കലേക്ക് നടക്കാൻ തുടങ്ങിയ അവന്റെ കൈയ്യിൽ പിടിച്ച് നിർത്തി അവൾ പുരികം ഉയർത്തി.. അവൻ അവളെയൊന്ന് നോക്കി.. നാട്ടുകാരിൽ ആരെങ്കിലും ഒക്കെ പറഞ്ഞ് അവൾ അത് അറിയുമെന്ന് ഉറപ്പായിരുന്നതിനാൽ പ്രത്യേകിച്ച് അത്ഭുതം ഒന്നും തോന്നിയില്ല അവന്.. എന്നാൽ പെട്ടന്ന് എന്തോ ഓർത്തത് പോലെ അവൻ നെറ്റിചുളിച്ചു...

\"\"\" അതാണോ അവന്റെ പേര് ? \"\"\" സംശയം നിറഞ്ഞ അവന്റെ ചോദ്യത്തിൽ അവൾക്ക് ചിരി വന്നു.. പേര് പോലും അറിയാതെയാണ് അപ്പൊ കക്ഷി കാല് തല്ലിയൊടിക്കാൻ പോയത്.. അന്നൊരിക്കൽ തന്നെ അങ്ങനെ വിളിച്ചതിന് പാതിരാത്രി അവന്റെ വീട്ടിൽ കയറി ചെന്ന് ഉറങ്ങി കിടന്നവന്റെ വായയിൽ തുണി കുത്തി കയറ്റി കരണത്ത് അഞ്ചാറ് അടി അടിച്ചാണ് ഈ മുന്നിൽ നിൽക്കുന്നവൻ മറുപടി കൊടുത്തത്.. ഇതിപ്പോ ദേ കാല് തല്ലിയൊടിച്ചിരിക്കുന്നു.. ഒരു തരത്തിൽ ഇത് ദേവ് അറിയാത്തത് നന്നായെന്ന് തോന്നി അവൾക്ക്.. തനിച്ച് ചെല്ലുന്നതിനേക്കാൾ ഭയക്കേണ്ടത് അവർ ഒരുമിച്ച് ചെന്നാലാണ്.. എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്.. ദേവനും ഭദ്രനും ചേർന്നാൽ പിന്നെ അവിടെയൊരു താണ്ടവം കാണാം എന്നാണ് അനിയേട്ടൻ പോലും പറയാറ്... ഓർക്കെ പൊട്ടി വന്ന ചിരി കടിച്ച് പിടിച്ച് അവൾ അവന്റെ മുഖത്തേക്ക് നോക്കി അതേയെന്ന പോലെ തലയനക്കി...









തുടരും..........................................









Tanvi 💕



നീലനിലാവേ... 💙 - 6

നീലനിലാവേ... 💙 - 6

4.3
1438

ഭദ്രൻ പോയി കഴിഞ്ഞ് വാതിൽ അടച്ച് മുറിയിൽ ചെന്ന് കിടന്ന നിളയുടെ മനസ്സിൽ കഴിഞ്ഞ ദിവസം ദേവ് പറഞ്ഞ വാക്കുകൾ ആയിരുന്നു.. എത്രയൊക്കെ മറക്കാൻ ശ്രമിച്ചിട്ടും.. \" നീ എന്റെ അടുത്തേക്ക് വരാൻ പാടില്ലായിരുന്നു, നിളാ... \" എന്ന് അവൻ പറഞ്ഞത് മാത്രം അവളുടെ ഉള്ളിൽ വീണ്ടും വീണ്ടും പ്രതിധ്വനിച്ചുകൊണ്ടിരുന്നു... എന്തിനാണ്... എന്തിനായിരുന്നു നിളാ.. നീ അവന്റെ അടുത്തേക്ക് ചെന്നത്....?! എന്നാരോ തന്നോട് സ്വയം ചോദിക്കുന്നത് പോലെ.. അവളുടെ കണ്ണുകൾ നിറഞ്ഞു.. പേരറിയാത്തൊരു നൊമ്പരം ഹൃദയത്തെ കീറി മുറിക്കുന്നത് പോലെ.. അവളുടെ ഉള്ളം പൊട്ടി കരഞ്ഞു...\"\"\" എന്തിനാ അച്ഛാ... കുഞ്ഞൂനെ ഇവിടെ തനിച്ച് വിട്ടി