സീതാലക്ഷ്മി തിരക്കിലാണ് - തുടർക്കഥ ( ഭാഗം - 7 )
അഡ്വക്കേറ്റ് ഭാസ്കരമേനോൻ അന്ന് പതിവിലേറെ സന്തോഷവാനായിരുന്നു. തന്റെയും ഭാര്യ സാവിത്രിയുടെയും ഇരു ചുമലിലും താങ്ങി, അനന്തൻ താഴത്തെ നിലയിലേക്കുള്ള ഗോവണിപ്പടികൾ ഇറങ്ങുമ്പോൾ ഒരു കാർമേഘം പെയ്തിറങ്ങുന്ന നിർവൃതിയിലായിരുന്നു ആ മനസ്സുകൾ അപ്പോൾ. പിറകെ വേലക്കാരി മാധവി, വീൽചെയറുമായി അവർക്കൊപ്പം താഴേക്ക് നടക്കുന്നുണ്ടായിരുന്നു. നിറഞ്ഞു തുളുമ്പിയ സാവിത്രിയുടെ കണ്ണുകൾ മേനോൻ കാണുന്നുണ്ടായിരുന്നു.
എല്ലാറ്റിനും നിമിത്തമായത് സീതയായിരുന്നു. തലമുടിയും മുഖത്തെ താടി രോമങ്ങളും വെട്ടിയൊതുക്കിയപ്പോൾ തങ്ങൾക്ക് പഴയ അനന്തനെ തിരിച്ചു കിട്ടിയതുപോലെ രണ്ടുപേർക്കും തോന്നി. അതിലുപരി വർഷങ്ങളായി പേനയും പേപ്പറും കയ്യിലെടുക്കാതിരുന്ന അനന്തൻ വീണ്ടും എഴുത്തിന്റെ ലോകത്തേക്ക് കടക്കുന്നത് അവർ കണ്ടു.
ഗോവണിപ്പടികൾ ഇറങ്ങി താഴെയെത്തിയ അനന്തനെ രണ്ടുപേരും വീൽചെയറിൽ ഇരുത്തി. മേനോൻ പതുക്കെ ആ വീൽചെയർ തള്ളി മുന്നോട്ട് നടന്നു.
" നമുക്ക് പുറത്തേക്ക് പോകാം അച്ഛാ..... "
അനന്തന്റെ ആ വാക്കുകൾ വെളിച്ചത്തിലേക്കുള്ള യാത്രാമൊഴി പോലെയാണ് മേനോനും സാവിത്രിയ്ക്കും തോന്നിയത്.
പുറത്തെ പൂന്തോട്ടത്തിൽ എത്തിയതും അനന്തൻ മുഖമുയർത്തി അച്ഛനെയും അമ്മയെയും നോക്കി.
" ഇനി നിങ്ങൾ പോയിക്കൊള്ളൂ കുറച്ചുനേരം ഞാൻ ഇവിടെ ഇരിക്കട്ടെ..... "
അനന്തന്റെ വാക്കുകൾ കേട്ടതും ആ തലമുടിയിഴകളിൽ സ്നേഹത്തോടെ തലോടിക്കൊണ്ട് പുഞ്ചിരി നിറഞ്ഞ മുഖവുമായി മേനോനും ഭാര്യയും തിരിഞ്ഞു നടന്നു.
ഈ സമയം മാധവി കയ്യിൽ ഒരു കപ്പ് ചായയും, ഒരു പുസ്തകവുമായി അനന്തൻ അരികിൽ എത്തിയിരുന്നു. അത് അവൾ അനന്തന് നൽകിയിട്ട് അകത്തേക്ക് പോയി.
പൂമുഖത്ത് ഇട്ടിരുന്ന കസേരയിൽ മേനോനും ഭാര്യയും ഇരുന്നു.
" കുറെ നാളെത്തി ഇപ്പോഴാണ് മനസ്സ് ഒന്നു ശാന്തമായത്... " - സാവിത്രി ദീർഘനിശ്വാസത്തോടെ പറഞ്ഞു. അതിനു മറുപടി പോലെ മേനോനും തലയാട്ടി.
" എല്ലാറ്റിനും നിമിത്തമായത് സീതയാണ്.... അവൾ ഇവിടെ ജോലി തേടി വരാനും, നമ്മളുമായി അടുക്കാനും എല്ലാം ഈശ്വരൻ തീരുമാനിച്ചുറപ്പിച്ചത് പോലെ തോന്നിപ്പോകുന്നു...... "
മേനോൻ ഇത് പറയുന്നതിനിടെ മുന്നിലെ ഗേറ്റ് തുറന്ന് ആരോ വരുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. സീതയായിരുന്നു അത്.
ഗേറ്റ് കടന്നുവന്ന സീത പൂന്തോട്ടത്തിൽ ഇരിക്കുന്ന അനന്തനെ കണ്ടതും പുഞ്ചിരി നിറഞ്ഞ മുഖവുമായി അയാൾക്ക് അരികിലേക്ക് നടന്നു. ഇത് കണ്ടതും മേനോന്റെയും സാവിത്രിയുടെയും ചുണ്ടിൽ പുഞ്ചിരി വിടർന്നു.
" എന്താണ് അനന്തേട്ടാ... രാവിലെ തന്നെ വായനയാണോ?... " - സീത ചിരിച്ചുകൊണ്ട് ചോദിച്ചു.
അതിനു മറുപടി പോലെ അനന്തന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു .
" പുതിയ കഥ എഴുതി തുടങ്ങിയിട്ട് എവിടെ വരെയായി.... പൂർത്തിയാകാറായോ?.... "
അവരുടെ ഈ സംസാരം എല്ലാം പൂമുഖത്തിരുന്ന് ശ്രദ്ധിക്കുകയായിരുന്നു മേനോനും ഭാര്യയും.
" ഇങ്ങനെയൊരു മോളെ അവനു ഭാര്യയായി കിട്ടിയിരുന്നെങ്കിൽ സ്വസ്ഥതയോടെ കണ്ണടയ്ക്കാമായിരുന്നു..... "
സാവിത്രി ആരോടെന്നില്ലാതെ പറഞ്ഞു. ഒപ്പം തന്നെ ആ കണ്ണുകളിൽ നനവ് പടരാനും തുടങ്ങിയിരുന്നു.
സാവിത്രിയുടെ വാക്കുകൾ കേട്ടപ്പോൾ മേനോൻ ആ മുഖത്തേക്ക് നോക്കി.
" സീതയെ കണ്ടത് മുതൽ എന്റെ മനസ്സിലും അങ്ങനെ ഒരു ആഗ്രഹം തോന്നിയതാണ്..... പക്ഷേ.... " - അത് പൂർത്തിയാക്കാതെ മേനോൻ, ഭാര്യയെ നോക്കി.
" നമ്മുടെ പരിമിതികളും നമ്മൾ നോക്കേണ്ടേ..... " - സാവിത്രി പറഞ്ഞു.
" ശരിയാണ്.... എത്ര പാവപ്പെട്ട കുടുംബത്തിലെ ആയാലും അവളുടെ മനസ്സ് നന്മ നിറഞ്ഞതാണ്.... പക്ഷേ എല്ലാം അറിഞ്ഞുകൊണ്ട് ഒരു പെൺകുട്ടിയോട് എങ്ങനെ ഇതിനെപ്പറ്റി സംസാരിക്കും. ഇനി സംസാരിച്ചാൽ തന്നെ അനന്തന്റെ മനസ്സിൽ ഇപ്പോൾ എന്താണെന്ന് നമുക്ക് അറിഞ്ഞുകൂടല്ലോ.... " - മേനോൻ നിരാശയോടെ പറഞ്ഞു.
അവർ ഇത് സംസാരിക്കുന്നതിനിടെ അനന്തന്റെ അടുക്കൽ നിന്ന് സീത അവർക്കരികിലേക്ക് എത്തിയിരുന്നു.
അവൾ ചെറുപുഞ്ചിരിയോടെ രണ്ടുപേരെയും നോക്കി.
സീതയെ കണ്ടതും മേനോൻ കസേരയിൽ നിന്ന് എഴുന്നേറ്റു.
" ഇന്ന് ഞാൻ വൈകിയെന്ന് തോന്നുന്നു.... സാധാരണ സീത എത്തുമ്പോഴേക്കും ഞാൻ റെഡിയാവാറുള്ളതാണ്.... " - മേനോൻ പറഞ്ഞു.
" മോള് ചായ കുടിച്ചിരുന്നോ?.... " - സാവിത്രിയുടെ ചോദ്യം കേട്ടതും ഉവ്വ് എന്ന അർത്ഥത്തിൽ സീത തലയാട്ടി.
ഓഫീസ് മുറിയിലേക്ക് നടക്കാൻ ഒരുങ്ങിയ സീത, മേനോൻ സാറിന്റെ വിളി കേട്ടതും തിരിഞ്ഞു നിന്നു. മേനോൻ പുഞ്ചിരിച്ചുകൊണ്ട് സീതയെ നോക്കി.
" തനിക്ക് എങ്ങനെയാണ് എപ്പോഴും ഇങ്ങനെ പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കാൻ കഴിയുന്നത്....ദാ...ഇവൾ എപ്പോഴും എന്നോട് പറയും.. ഒന്ന് ചിരിച്ച മുഖത്തോടെ സംസാരിക്കാൻ.... പക്ഷേ എത്ര ശ്രമിച്ചാലും എനിക്ക് അതിനാവില്ല..... "
മേനോന്റെ വാക്കുകൾ കേട്ടതും സീത പൊട്ടിച്ചിരിയോടെ അദ്ദേഹത്തെ നോക്കി. പെട്ടെന്നുതന്നെ ആ ചിരി മായുകയും ചെയ്തു.
" ചിരി എപ്പോഴും ചുണ്ടിൽ നിന്നാണ് സാർ വിരിയുന്നത്.... അതുകൊണ്ടുതന്നെ അത് പെട്ടെന്ന് തന്നെ പുറത്തു പ്രകടിപ്പിക്കാൻ സാധിക്കും. പക്ഷേ വേദനകൾ ഹൃദയത്തിൽ നിന്നാ..... അത് ഏറെക്കുറെ അടക്കി പിടിക്കാൻ പഠിച്ചിരിക്കുന്നു.... കാരണം നടന്നുനീങ്ങിയ വഴികളിൽ കൂടുതലും വേദനകളാണ്.... അതിപ്പോ ഒരു ശീലമായി പോയി.... ഒപ്പം തന്നെ എന്തും നേരിടാനുള്ള കരുത്തും മനസ്സിന് വന്നു കഴിഞ്ഞു...... "
അവൾ ഇതു പറഞ്ഞിട്ട് തിരിഞ്ഞു നടന്നു. മേനോനും, ഭാര്യയും വിടർന്ന മുഖത്തോടെ അവളെ നോക്കി നിന്നു.
................................ തുടരും....................................
സീതാലക്ഷ്മി തിരക്കിലാണ് - അവസാന ഭാഗം.
കാലം അതിന്റെ യാത്ര തുടർന്നുകൊണ്ടേയിരുന്നു. ദിനരാത്രങ്ങളുടെ കടന്നുപോക്ക് മനുഷ്യരിലും പ്രകൃതിയിലും പല മാറ്റങ്ങളും ഉണ്ടാക്കി. അനന്തനിൽ വന്ന മാറ്റം മേനോനും ഭാര്യക്കും വിശ്വസിക്കാവുന്നതിൽ അപ്പുറമായിരുന്നു. അടച്ചിട്ട മുറിയിലെ അജ്ഞാതവാസം ഇന്ന് പാടെ അനന്തൻ ഉപേക്ഷിച്ചിരിക്കുന്നു. ഇതിനിടെ രണ്ട് പുസ്തകം എഴുതി അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. പുഞ്ചിരി നിറഞ്ഞ മുഖത്തോടെയുള്ള അവന്റെ സംസാരം ഉറങ്ങിക്കിടന്ന ആ വീടിനെ ഉണർത്തി. സീതയെ കാണുമ്പോൾ പലപ്പോഴും മേനോന്റെയും, ഭാര്യയുടെയും മനസ്സിൽ പഴയ കാര്യങ്ങളൊക്കെ ഓർമ്മ വരും. അപ്പോഴൊക്കെ തങ്ങളുടെ മകന്റെ പരിമിത