Aksharathalukal

മഴയാണവൾ

 ഏട്ടാ.......

പിന്നിൽ പരിചിതമല്ലാത്ത ഒരു വിളി..

“ ഇത്തിരി ബ്ലഡ്‌ തരോ .....“

   അച്ഛന് കിമോ ചെയ്യാൻ അകത്തേക്ക് കയറ്റിയപ്പോൾ 
ഹോസ്പിറ്റലിന്റെ പുറത്ത് വരാന്തയിൽ ചാരി നിന്നു കൊണ്ടു 
 ഒരു സിഗെരെറ്റിനു തീ കൊളുത്തി
ആകാശത്തേക്ക് വട്ടത്തിൽ വിട്ടു കൊണ്ടിരിക്കുമ്പോൾ ആണ്‌ വിളി കേട്ടത്..

തിരിഞ്ഞു നോക്കിയപ്പോൾ 
 വെളുത്ത മെലിഞ്ഞ ഒരു പെൺകുട്ടി....സാധാരണ ഒരു ചുരിദാറാണ് വേഷം. അലങ്കാരം എന്ന് പറയാൻ.. കാതിൽ ഒരു മൊട്ടു കമ്മൽ.. കഴുത്തിൽ
നൂല് പോലൊരു സ്വർണ മാല 


" എത്ര ലിറ്റർ വേണം...... ചോര... 

അയ്യോ അതല്ല.. അച്ചന് ഒരു ആക്‌സിഡന്റ് പറ്റി. ഡോക്ടർ പറഞ്ഞു o + ബ്ലഡ്‌ വേണമെന്ന്... ഇവിടെ ഉള്ള ഒരു നഴ്‌സ്‌ ആണ് പറഞ്ഞത്. ഏട്ടന് ഇടക്കൊക്കെ ബ്ലഡ്‌ കൊടുക്കാൻ ഇവിടെ വരാറുണ്ടെന്ന്.... അതാ ചോദിച്ചേ......

അവളുടെ കണ്ണുകളിൽ  സങ്കടം  അലയടിക്കുന്നതായി തോന്നി…കണ്ണുകൾ നിറഞ്ഞു കവിളിൽ കൂടി ചാലുകളായി ഒഴുകി തുടങ്ങി... എന്തോ ആരുടെയും കണ്ണുനീർ കാണാൻ എനിക്ക് ഇഷ്ടം ഇല്ല..

" കരയണ്ട ഞാൻ തരാം... " ന്ന് പറഞ്ഞു കൊണ്ടു അവളുടെ കൂടെ ഞാൻ നഴ്സിംഗ്റൂമിലേക്കു നടന്നു..

" കൂടെ ആരും ഇല്ലേ... "

എന്താ…

 അവൾ എന്തോ ആലോചനയിൽ ആയിരുന്നുന്ന് തോന്നി 
അവൾക്കു  പെട്ടന്ന്  ഉള്ള  എന്റെ ചോദ്യം മനസ്സിലായില്ല എന്ന് തോന്നി.

" ഇവിടെ ഹോസ്പിറ്റലിൽ താൻ ഒറ്റക്ക് ആണോന്ന്.. "

" അല്ല അമ്മയും അനിയത്തിയും വന്നു കൊണ്ടിരിക്കുവാ... "

അച്ഛന് എന്താ പറ്റിയത്..

അച്ഛൻ ഓട്ടോ ഡ്രൈവർ ആണ്. ഏതോ വണ്ടിയുമായി ഇടിച്ചത് 
 ആണെന്ന അച്ചനെ കൊണ്ടു വന്നവർ പറഞ്ഞെ…"

ഓഹ് ഞാൻ അവളുടെ പുറകെ നഴ്സിംഗ്റൂമിലേക്കു വന്നു..

സൂചി കൈ തണ്ടയിലെ ഞരമ്പിലേക്ക് നഴ്‌സ്‌ കുത്തി കയറ്റിയപ്പോൾ ഞാൻ 
അവളുടെ മുഖത്തെ ക്കു നോക്കി.
ഇൻജെക്ഷൻ വെക്കുന്നത് പേടി ആയതു കൊണ്ടാണെന്നു തോന്നുന്നു അവൾ കണ്ണുകൾ പകുതി അടച്ചു മുഖം ചുളിച്ചു എന്റെ കൈ തണ്ടയിലേക്ക് നോക്കി നിക്കുന്നു.
 ആ നിഷ്കളങ്കത കണ്ടപ്പോൾ….എന്തോ  എനിക്ക് ചിരിയാണ് വന്നത്.
എല്ലാം കഴിഞ്ഞു നഴ്സിംഗ് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോ അവൾ അവളുടെ കൈയിൽ ചുരുട്ടി വെച്ച 500 രൂപ എനിക്കു നീട്ടി.
അത് കണ്ടപ്പോ എനിക് ദേഷ്യം വന്നു..

"അതെ മോളെ ഒരാൾക്ക് മറ്റൊരാൾക്ക്‌ കൊടുക്കാവുന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ് ചോര അല്ലെങ്കിൽ രക്തം എന്ന് പറയുന്നത്. ഒരു മനുഷ്യാ ജീവനെ മരണത്തിൽ നിന്നും പിടിച്ചു നിർത്താൻ ഉള്ള ഒരു ഭാഗ്യമായയാണ് ഞാൻ  ഇതിനെ കാണുന്നത്.
അതിനു ഞാൻ കണക്ക് പറയാറില്ല." അതും പറഞ്ഞു കൊണ്ട് ഞാൻ വേഗത്തിൽ നടന്നു.
 "ഏട്ടാ...... സോറി...." ന്ന് പറഞ്ഞു കൊണ്ടവൾ എനിക്കൊപ്പം ഓടി വന്നു.ഞാൻ അവളെ നോക്കിയൊന്നു ചിരിച്ചു.


“.. എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിക്കു കേട്ടോ.. ഞാൻ പുറത്തു തന്നെ
ഉണ്ടാകും...”

അതും പറഞ്ഞു ഞാൻ മെല്ലെ പുറത്തേക് നടന്നു.. സഹായത്തിനു വിളിച്ചിട്ട് അവിടെ ചുമ്മാ
കോഴിയാവാൻ തോന്നിയില്ല..

ഞാൻ പുറത്തെത്തിയപ്പോൾ അവളും പുറത്തേക് വന്നിരുന്നു..

“ഏട്ടന്റെ പേരെന്താ…”

“അർജുൻ ” ഇയാളുടെ പേരോ..

“ഗായത്രി ” മധുരമായിരുന്നു അവളുടെ ശബ്ദം..

കൂടുതൽ ഒന്നും പറയാതെ ഞാൻ അച്ചന്കിമോ ചെയ്യുന്ന റൂമിലേക്ക് നടന്നു..

അച്ഛൻ പുറത്തേക്ക് വന്നിട്ടില്ല..

പോക്കറ്റിൽ വെച്ചിരുന്ന മൊബൈൽ എടുത്തു നോക്കി.. അമ്മയുടെ  മിസ്സ്‌ കാൾ
കണ്ടു….ഹോസ്പിറ്റലിലെ വിവരം അറിയാൻ ആയിരിക്കും 
.അമ്മയെ  തിരിച്ചു വിളിച്ചു.

“മോനെ ഞാൻ അവിടേക്കു വരണോ...

അച്ഛന് ഇപ്പൊ എങ്ങനെ ഉണ്ട് …. “

“വേണ്ടമ്മേ ഞാൻ നിന്നോളം അച്ചന്റെ കൂടെ 
... വൈകുന്നേരം പോരാലോ വീട്ടിലേക്ക് ...“


ഫോൺ കട്ട്‌ ചെയ്തു.....
പരിചയത്തിൽ ഉള്ളൊരു നഴ്സിനെ കണ്ടപ്പോ അച്ഛൻ കിമോ ചെയ്ത് പുറത്തേക്ക് ഇറങ്ങാൻ വൈകുമെന്ന് പറഞ്ഞു 

     ഒരു ചായ കുടിക്കാമെന്ന് കരുതി  പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടു  വിയർത്തു കുളിച്ചു  ഫോണിൽ സംസാരിച്ചു കൊണ്ടു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ഗായത്രിയെ... ഞാൻ അടുത്തൂടെ കടന്നു പോയത് പോലും അവൾ അറിഞ്ഞില്ല..

ആർക്കോ ഫോൺ ചെയ്തു കൊണ്ടിരിക്കുവാന്..

ലൗവർ ആയിരിക്കുവോ.. അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാണ് അത് ചിന്തിക്കുന്നതു അവൾ
ആർക്കേലും ഫോൺ ചെയ്യട്ടെ…

ഞാൻ കോറിഡോറിലൂടെ നടന്നു കാന്റീൻ എത്തിയപ്പോൾ ഉണ്ട്‌ അവളും പുറകെ
വരുന്നു..

ഞാൻ തിരിഞ്ഞു നോക്കി അവൾ ഒന്ന് ചിരിച്ചു ഞാനും ചിരിച്ചു…

“ഏട്ടൻ എന്താ ഇവിടെ...”

" ഞാനൊന്ന് കുമ്പസരിക്കാൻ വന്നതാ.. എന്താ ഗായത്രിയും കൂടുന്നോ.... "ഞാൻ അവളെ കളിയാക്കി കൊണ്ടു പറഞ്ഞു.

"ഓഹ്.." അവൾ മുഖം  തിരിച്ചു കൊണ്ടു  മറുപടി പറഞ്ഞു.അവളുടെ മുഖ ഭാവം കണ്ടു എനിക്ക് ചിരി വന്നു..

"നിനക്ക് ചായ വേണോ  അതോ കാപ്പിയോ .." ഞാൻ അവളുടെ മുഖ ഭാവം ഒന്ന് മാറാൻ വേണ്ടി ചോദിച്ചു...

"ചായ മതി...." ചിരിച്ചു കൊണ്ടവൾ പറഞ്ഞു.

"ചേട്ടാ രണ്ടു ചായ.."

ചായ കുടിക്കുമ്പോൾ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.

നെറ്റിയിലേക് വീണു കിടന്ന മുടി സൈഡിലേക് ഒതുക്കി ചായ ഊതി കുടിക്കുന്ന അവളെ കാണാൻ
വല്ലാത്തൊരു ഭംഗി ആയിരുന്നു.. ലോകം അവളിലേക് ചുരുങ്ങുന്നതായി തോന്നി…

എന്താ..അവൾ മുഖം ഉയർത്തിയപ്പോൾ കണ്ടത് അവളെത്തന്നെ നോക്കിയിരിക്കുന്ന എന്നെയാണ്..

അവളുടെ ചോദ്യം..എനിക്ക് ചമ്മൽ ഉണ്ടാക്കി…

ഹേയ് ഒന്നുല്ല ഞാൻ ചുമൽ കൂച്ചി…

"കണ്ണേട്ടന് എന്നെ മനസ്സിലായോ...."?

അവളുടെ ചോദ്യം കേട്ട് ഊതി കുടിച്ചിരുന്ന ചൂട് ചായ തൊണ്ടക്കുഴിയിലൂടെ അരിച്ചു ഇറങ്ങി വയറിൽ ഒരു സ്ഫോടനം തന്നെ ഉണ്ടായി. ഇവൾക്ക് എന്റെ പേര് എങ്ങനെ അറിയാം. ഞാൻ അവളുടെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി.

" നോക്കണ്ട കണ്ണേട്ടനെ എനിക്കു കുഞ്ഞിലെ തൊട്ട് അറിയാം.....
പണ്ടു നിങ്ങളുടെ വീട്ടിനു അടുത്തത് താമസിച്ച ഗായുനെ ഓർമ്മയുണ്ടോ...
ആ ഗായു ആണ് കണ്ണേട്ടന്റെ മുൻപിൽ ഇരിക്കുന്ന  ഈ ഗായത്രി.. "ന്ന് 
എന്റെ മുഖത്തേക്ക് നോക്കി കുസൃതിയോടെ അവൾ പറഞ്ഞു.

     എന്റെ ഓർമ്മയിലേക്ക് ആ കാലം കടന്നു വന്നു. കുട്ടികാലത്തെ കളി കൂട്ടുകാരി. ഞാനും അവളും  ഒന്ന് രണ്ടു കൂട്ടുകാരും ചേർന്നായിരുന്നു  എപ്പോഴും കളിച്ചിരുന്നത്.
ഞങ്ങൾ ഓടി കളിച്ചു നടന്ന കാലം ഓർമയുടെ ചെപ്പിനുള്ളിൽ ഒട്ടും മാങ്ങാതെ കിടപ്പുണ്ട്. അന്നൊക്കെ വീടിന്റെ മുൻപിൽ നിറയെ പുഞ്ച പാടങ്ങൾ ആയിരുന്നു. നെൽ ചെടികൾ നിറഞ്ഞാ പാടത്തിലെ ചെളിയിൽ കാൽ വഴുതി വീണു ചെളിയിലേക്ക് ആണ്ടു പോയ പത്തു വയസുക്കാരി ഇപ്പൊ വളർന്നു... പിന്നീട് അവളും കുടുംബവും താമസം മാറി വേറെ എങ്ങോട്ടോ പോയി. ഇന്നു ഇതാ അവൾ  എനിക്ക്മുൻപിൽ വന്നു നിൽക്കുന്നു...വല്ലാതൊരു സന്തോഷം തോന്നി.
സംസാരിച്ചു കൊണ്ടു ഞങ്ങൾ മുകളിലേക്കു നടന്നു..
അവൾ മുന്നിലും ഞാൻ പിന്നിലും ആയാണ് പടികൾ കയറിയത്..


“നീ എവിടെ ആയിരുന്നു ..”

എന്റെ കൂടെ നടന്നു വരുന്ന കണ്ടിട്ടാവണം അവളുടെ റൂമിന്റെ വാതിൽക്കൽ നിന്ന ഒരു സ്ത്രീ
അവളോട്‌  ചോദിച്ചു..

“അയ്യോ അമ്മക്ക് മനസിലായില്ലേ കണ്ണേട്ടനെ..... വലിയ പുരക്കലിലെ..."അത് കേട്ട ഉടനെ  അവളുടെ അമ്മ വന്നു എന്നെ ചേർത്തു പിടിച്ചു...കുറച്ചു നേരം സംസാരിച്ചു. കുറച്ചു സമയം കഴിഞ്ഞു 
എന്നാൽ ശെരി എന്ന് അവളോട്‌ പറഞ്ഞു ഞാൻ മെല്ലെ അച്ഛൻ കിടക്കുന്ന റൂമിലേക്കു നടന്നു…അച്ഛൻ കിമോ കഴിഞ്ഞു ക്ഷീണം കൊണ്ടു കസേരയിൽ ഇരിക്കുന്നുണ്ട്.അച്ഛനെയും കൂട്ടി ഹോസ്പിറ്റലിലെ വരാന്തയിലൂടെ നടക്കുമ്പോഴാണ്...

“മോനെ വീട്ടിലേക്ക് പോകുവാണോ “

പിന്നിൽ നിന്നും വിളിച്ചത് അവളുടെ അമ്മയാണ്..

"അതെ അമ്മേ…. എന്തെങ്കിലും വാങ്ങണോ.."

"ഞാൻ മരുന്നു വാങ്ങാൻ ഫാർമസി വരെ പോകുവാ....."

"ഞാൻ മേടിച്ചിട്ട് വരാം.. അമ്മ വെറുതെ നടക്കണ്ട ഇവിടെ ഇരുന്നോളു…"

തിരിച്ചു മരുന്നു കൊണ്ടു കൊടുക്കുമ്പോൾ എങ്കിലും അവളെ ഒരു നോക്കു കാണാല്ലോ.. അതാണ് ചിന്തിച്ചത്…

വിചാരിച്ച പോലെ തന്നെ കാര്യങ്ങൾ നടന്നു.. തിരിച്ചു വന്നപ്പോൾ അച്ഛന്റെയും അവളുടെ അമ്മയുടെയും അടുത്ത് ഗായത്രി ഉണ്ട്.. അച്ഛനോട് എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്.
 

 വിടർത്തിയിട്ട മുടിയിഴകൾ മുഖത്തേക്ക് പാറി പറക്കുന്നുണ്ട്.. അത് കാണാൻ തന്നെ നല്ല ഭംഗിയുണ്ട്...
മരുന്നു അവളുടെ കയ്യിലേക് കൊടുത്തു…ആ വിരലുകളിലെ
സ്പർശം…കുളിരുന്നതായിരുന്നു…

   അവൾ ഒന്നും മിണ്ടിയില്ല  ഒരു പുഞ്ചിരി മാത്രം എനിക്കു സമ്മാനിച്ചു.അമ്മ ഉള്ളത് കൊണ്ടാവണം… എങ്കിലും അവളുടെ ചിരിക്ക്പോലും
ആയിരം വാക്കുകളുടെ സൗന്ദര്യം ആയിരുന്നു

വാക്കുകൾക്കു അദൃശ്യമായ ഒരാത്മാവുണ്ട്; അതിനെയാണ് നാം മൗനമെന്നു വിളിക്കുന്നത്..ഏതോ കവിതയുടെ വരികൾ ഓർത്തു പോയി..

ഞാൻ അച്ഛനെയും കൂട്ടി നടന്നു.. അവൾ പോയെന്നു അറിയാൻ ഞാൻ 
ഒന്നു തിരിഞ്ഞു നോക്കി.. അതെ അവൾ നോക്കി നിക്കുന്നുണ്ട് ഞാൻ
പെട്ടെന്ന് തിരിഞ്ഞു നോക്കിയത് കൊണ്ടാവണം അവൾ പെട്ടന്ന് മുഖം തിരിച്ചു.

  വീട്ടിലെത്തിയബോഴേക്കും അച്ഛൻ കാറിൽ ഇരുന്നു ഉറങ്ങിയിരിക്കുന്നു. അച്ഛനെ വിളിച്ചു ഉണർത്തി റൂമിൽ കൊണ്ടു പോയി കിടത്തുമ്പോഴാണ് ഗായത്രിയുടെ മൊബൈൽ നമ്പർ എനിക്ക്  അച്ഛൻ തന്നത് വിളിച്ചു നോക്കണമെന്നും എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ചെയ്‌തു കൊടുക്കണമെന്നും പറഞ്ഞു. ഞാൻ ഫാർമസിയിൽ പോയപ്പോ അച്ഛൻ അവളുടെ കയ്യിൽ നിന്നും വാങ്ങിയാതായിരുന്നു നമ്പർ..

       നമ്പർ കൈയിൽ കിട്ടിയത് മുതൽ 
ഇരുപ്പുറച്ചില്ല എന്നു പറയുന്നതാവും ശെരി…ഇടക്കിടക്ക് ഫോണിൽ അവളുടെ നമ്പരിലേക്ക് നോക്കി നിൽക്കും... ഗായത്രിയെ വിളിച്ചാലോ....
അല്ലെങ്കിൽ വിളിക്കണ്ടേ.. മനസ്സിൽ ഒരായിരം  ചിന്തകളുടെ പിടി വലികൾ നടന്നു കൊണ്ടിരുന്നു.

ഉള്ളിൽ എവിടെയോ അവൾ കടന്നു കൂടിയിരിക്കുന്നു.. അവളുടെ സാമിപ്യം ആഗ്രഹിക്കുന്നു… ലവ്
അറ്റ് ഫസ്റ്റ് സൈറ്റ് പണ്ട് കൂട്ടുകാരോടൊക്കെ എത്രയോ വട്ടം തർക്കിച്ചിരിക്കുന്നു
അങ്ങനെ ഒന്ന് സംഭവിക്കില്ല എന്നു..

കുട്ടി കാലത്തെ നേരമ്പോക്കുകൾ അല്ലാതെ തനിക് അവളോട്‌ ഒന്നും 
തോന്നിയിരുന്നില്ല.. 

ഇതിപ്പോ വല്ലാത്തൊരു വെപ്രാളം… അവളെ കാണൻ തോന്നുന്നു.... 

ഒരു പുക എടുത്താലോ…

പുറത്തേക് നടന്നു….

വെളിയിൽ എന്റെ നെഞ്ചിടിപ്പിന്റെ താളം എന്നോണം ഇടിയോടു കൂടിയ മഴ തിമിർത്തു പെയ്തു
കൊണ്ടിരിക്കുന്നു…

സിഗെരെറ്റിന്റെ പുകയ്ക്കു പോലും ഉള്ളിലൊരു ലഹരി തരാൻ കഴിയുന്നില്ല.. വലിച്ചു
പകുതിയാക്കിയ സിഗെരെറ് മഴയിലേക് വലിച്ചെറിഞ്ഞു…ആ ലഹരി മഴയെടുത്തു മറ്റൊരു ലഹരിയായി
എന്നിലേക്കു പെയ്തിറങ്ങട്ടെ… വെറുതെ മേളിൽ നിന്നും വീഴുന്ന മഴയിലേക് കൈ നീട്ടി…
തുള്ളിക്കൊരു കുടം കണക്കെ പെയ്യുന്ന മഴ..
പെട്ടെന്ന് ആയിരുന്നു ഫോൺ റിങ് ചെയ്തത്. നോക്കിയപ്പോൾ പരിചയം ഇല്ലാത്തൊരു നമ്പർ. കാൾ എടുത്തു....
"ഹലോ......

പെട്ടെന്നാണ് മുഖത്തേക്കു വെള്ളം തുള്ളി തുള്ളിയായി വീണത്…

അവളാണ് ഫോണിന്റെ മറു പുറത്തെന്നു ഞാൻ അറിഞ്ഞപ്പോൾ  വേറെ ഏതോ
ലോകത്തായിരുന്നു…

അവളോട്‌ എന്തെങ്കിലും സംസാരിക്കാൻ ശബ്ദം പുറത്തു വന്നില്ല…

ഏതൊരു കരുത്തനും നിശബ്ദ മാക്കപ്പെടുന്ന അവസ്ഥയാണ് പ്രണയം എന്നു ഞാൻ അറിയുക
ആയിരുന്നു…

അസ്ഥികൾ ഇഴയിട്ട നെഞ്ചിലെ തടവറയിൽ അവളെപ്പോഴോ തടവു കാരി ആയി കഴിഞ്ഞിരുന്നു….


“മഴ ആണോ അവിടെ ” നിശബ്ദദയെ ഭംഗിച്ചതു അവളാണ് സംസാരിച്ചു തുടങ്ങിയത്...

ഇന്നലെ വരെ “നശിച്ച മഴ” എന്നു പരിതപിച്ചിരുന്ന ഞാൻ…

ഒന്നും പറയാതെ ഒന്നു ചിരിച്ചു..

മഴയുള്ളതും സന്തോഷം ആണ്‌… പക്ഷെ ഇപ്പോൾ സന്തോഷത്തിനു വേറൊരു കാരണം കൂടെ ഉണ്ട്‌…

"  കണ്ണേട്ടാ...... കിടക്കുന്നില്ലേ.. മഴ കണ്ടു നിക്കുവാ...... " ന്ന് ഉള്ള ചോദ്യം കേട്ടപ്പോഴാണ് ഞാൻ ഓർമ്മയിൽ നിന്നും ഉണർന്നത്.  ആറു വർഷങ്ങൾ കടന്നു പോയത് അറിഞ്ഞില്ല. ഇന്നു ഗായത്രി എന്റെ ഭാര്യയാണ്. എന്റെ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ്...
അറിയാതെ അറിഞ്ഞും അറിഞ്ഞപ്പോള്‍ അറിയാതെയും പോയവരെപ്പോലെ..
എന്റേയും അവളുടെയും ഹൃദയത്തെ കൂട്ടിയിണക്കി ജീവിതം മുൻപോട്ടു പോകുന്നു.
" കണ്ണേട്ടാ..,....... ഈ മഴയാണോ എന്നോട് ആണോ കൂടുതൽ ഇഷ്ടം  .... "

എന്നോട് ചേർന്നു നിന്നു കൈ കുമ്പിളിൽ മഴ വെള്ളം നിറച്ചു കൊണ്ടവൾ എന്നോട് ചോദിച്ചു 

അതിനു ഞാൻ മറുപടി പറഞ്ഞില്ല..കൈ നീട്ടി അവളെ പിടിച്ചു.. മഴയെത്തേക്ക് ഇറക്കി തു ള്ളിയായി വീണ മഴ അവളിലൂടെ 
പെയ്തിറങ്ങി.

അവൾ അത്ഭുതത്തോടെ എന്നെ നോക്കി

അവളുടെ ചിരി മഴ പോലെ പെയ്തിറങ്ങി…

അവളെ ചേർത്തു പിടിച്ചു. കൈ കുമ്പിളിൽ അവളുടെ മുഖം കോരിയെടുത്തു.കണ്ണുകളിലേക്ക് ഞാൻ നോക്കി.. നാണം കൊണ്ടവൾ മുഖം തിരിച്ചെങ്കിലും മെല്ലെ നെഞ്ചോടു ചേർത്തു അമർത്തി നെറുകയിൽ ഒന്ന് ചുംബിച്ചു.ഞങ്ങളുടെ പ്രണയ ചൂടിനു കുളിരെക്കാൻ 
മഴ ഞങ്ങളിൽ ഓരോ തവണയും വന്നു പോയിക്കൊണ്ടിരുന്നു.! പ്രണയത്തിന്റെ ആദ്യ നാളുകൾ
തുടങ്ങി ഈ നിമിഷം വരെ അവളെയും മഴയെയും പ്രണയിച്ചു കൊണ്ടേയിരിക്കുകയാണെന്ന് അവൾ തിരിച്ചറിഞ്ഞു....



കാളിന്ദി ❤️.